Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 29

2949

1437 റജബ് 21

ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്ന ആഘോഷങ്ങള്‍

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ കമ്പപ്പുരക്ക് തീ പിടിച്ച് നൂറിലധികം പേര്‍ മരിക്കാനും നാനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ ദുരന്തം ഭരണാധികാരികളെയും കേരളീയ സമൂഹത്തെയും ഒരു പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുമെന്ന് ന്യായമായും പ്രതീക്ഷിച്ചതായിരുന്നു. ദുരന്തത്തിനു ശേഷമുള്ള ഒന്നു രണ്ടു ദിവസങ്ങളില്‍ ഭരണാധികാരികള്‍ നടത്തിയ പ്രസ്താവനകളും വിഷ്വല്‍-പ്രിന്റ് മീഡിയയിലെ ചര്‍ച്ചകളും ആ നിലക്കായിരുന്നു. പിന്നീടാണ് ചര്‍ച്ചകളില്‍ കടുത്ത വര്‍ണത്തില്‍ രാഷ്ട്രീയം കലര്‍ന്നത്. തുടര്‍ന്നങ്ങോട്ട് ആരോപണ പ്രത്യാരോപണങ്ങളായി. ദുരന്തദിവസം പ്രധാനമന്ത്രിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായെന്ന് ഒരു കൂട്ടര്‍. ജില്ലാ ഭരണകൂടമാകട്ടെ മുഴുവന്‍ പാപഭാരങ്ങളും പോലീസിന് ചാര്‍ത്തി നല്‍കി. ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടിലായി. തെരഞ്ഞെടുപ്പു കാലമായതുകൊണ്ട് മിണ്ടാതിരിക്കാനും വയ്യ. പ്രതിയോഗികള്‍ അത് മുതലെടുക്കും. ഒടുവില്‍ ചേരിതിരിഞ്ഞുള്ള വാഗ്വാദങ്ങളിലേക്ക് വിഷയം വഴിമാറി. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇത്തരമൊരു സാഹചര്യത്തില്‍ ക്രിയാത്മകമായ എന്തെങ്കിലും ചുവടുവെപ്പുകള്‍ക്ക് അത് സഹായകമാവുമോ എന്ന് കണ്ടുതന്നെ അറിയണം.
കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമാണ് പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ സംഭവിച്ചത്. ദുരന്തത്തിന്റെ വ്യാപ്തി കാരണം ദേശീയതലത്തില്‍ തന്നെ അത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. ചെറിയ വെടിക്കെട്ടപകടങ്ങള്‍ കേരളത്തില്‍ നിരന്തരം ഉണ്ടാവുന്നുണ്ട്. ഒരാള്‍ മരിക്കുകയോ കുറച്ചാളുകള്‍ക്ക് പരിക്കേല്‍ക്കുകയോ ചെയ്യുന്ന വെടിക്കെട്ടപകടങ്ങള്‍ പത്രങ്ങളുടെ ജില്ലാ പേജുകളില്‍ ഒതുങ്ങുന്നതുകൊണ്ട് പൊതുചര്‍ച്ചക്ക് വിഷയീഭവിക്കാറില്ല. ഈ ദുരന്തങ്ങളുടെയൊക്കെ മുഖ്യ കാരണമായി പറയപ്പെടുന്നത്, കാര്യമായ സുരക്ഷാ ക്രമീകരണങ്ങളൊന്നും ഒരുക്കാറില്ല എന്നതാണ്. വെടിക്കെട്ട് നടക്കുന്നതിന്റെ പരിസരത്ത് ധാരാളം വീടുകളുണ്ടാവും. അതു കാണാനായി ധാരാളമാളുകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ടാവും. ഇവരുടെയെല്ലാം സുരക്ഷ ഉറപ്പാക്കേണ്ടത് ജില്ലാ ഭരണാധികാരികളുടെയും പോലീസിന്റെയും ഉത്തരവാദിത്തമാണ്. വിഷയം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടതിനാല്‍ പോലീസിന് പലവിധ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടിവരുന്നു. പലതും കണ്ടില്ലെന്ന് നടിക്കേണ്ടിവരുന്നു. അതാണ് പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ദുരന്തത്തിന് വഴിവെച്ചതും. വെടിക്കെട്ട് മാത്രമല്ല ആനയെഴുന്നള്ളിപ്പും ഇന്ന് ജനങ്ങള്‍ക്ക് ഭീഷണിയായി തീര്‍ന്നിരിക്കുന്നു. ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും മാത്രമല്ല, ഉറൂസുകളിലും ചന്ദനക്കുട നേര്‍ച്ചകളിലും ഇന്ന് ആനയും അമ്പാരിയുമൊന്നുമില്ലാതെ ചടങ്ങുകള്‍ നടക്കില്ലെന്നായിരിക്കുന്നു. മൊത്തം ആഘോഷങ്ങളില്‍ വെടിക്കെട്ടിന് രണ്ടായിരം കോടിയും ആനയെ എഴുന്നള്ളിക്കാന്‍ ആയിരം കോടിയും ഒരു വര്‍ഷം കേരളം ചെലവിടുന്നുവെന്നാണ് ഏകദേശ കണക്ക്. രണ്ട് ലക്ഷത്തിനുള്ള വെടിക്കെട്ടിന് അനുമതി വാങ്ങി അമ്പത് ലക്ഷത്തിന്റെ അമിട്ടുകളും ഗുണ്ടുകളും കടത്തിക്കൊണ്ടുവരുന്നുണ്ട് എന്ന സ്ഥിതിയാലോചിച്ചാല്‍ പൊട്ടിച്ചു കളയുന്ന തുകയുടെ വലുപ്പം ഇനിയും കൂടും.
വെടിക്കെട്ട്, ആനയെഴുന്നള്ളിപ്പ് പോലുള്ള ചെലവേറിയതും പലപ്പോഴും അപായകരവുമായ ചടങ്ങുകള്‍ക്ക് മതാനുഷ്ഠാനങ്ങളുമായി ബന്ധമുണ്ടോ എന്നതാണ് ആലോചിക്കേണ്ട ഒരു വിഷയം. കരിയും വേണ്ട, കരിമരുന്നും വേണ്ട എന്ന് ശ്രീനാരായണ ഗുരു പറഞ്ഞതിന്റെ വിശാലമായ അര്‍ഥതലങ്ങള്‍ ഇന്ന് നമുക്ക് ശരിക്കും മനസ്സിലാകുന്നുണ്ട്. ആരാധനകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിശുദ്ധി നഷ്ടമാകുന്നതിനക്കുറിച്ചും അവ കച്ചവടതാല്‍പര്യങ്ങള്‍ക്ക് വഴിമാറുന്നതിനെക്കുറിച്ചുമാവാം ആ പ്രസ്താവം. വെടിക്കെട്ടും ആനകളെ എഴുന്നള്ളിക്കലും ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം ആഘാഷങ്ങളുടെ ഭാഗമാണെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. പക്ഷേ ഇവയൊക്കെ പൊതുവെ എല്ലാ ആഘോഷങ്ങളുടെയും അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിന്റെ പിന്നില്‍ കരിമരുന്ന് ലോബി ഇറങ്ങിക്കളിക്കുന്നുണ്ടെന്ന് ന്യായമായും സംശയിക്കാം. പടക്കനിര്‍മാണവും പൊട്ടിക്കലുമൊക്കെ കോടികള്‍ മറിയുന്ന ബിസിനസ്സായി മാറിയിരിക്കുന്നു. സകല സുരക്ഷാ സംവിധാനങ്ങളും കാറ്റില്‍ പറത്തുന്നു എന്നതാണ് ഈ ബിസിനസ്സിന്റെ മുഖമുദ്ര. പടക്കനിര്‍മാണത്തിനിടെ എത്രയധികം പൊട്ടിത്തെറികളുണ്ടായിട്ടുണ്ട് കേരളത്തില്‍ തന്നെ! ഇവക്ക് മതാനുഷ്ഠാനങ്ങളുമായി ബന്ധമില്ലെന്ന് ബന്ധപ്പെട്ട മതാധ്യക്ഷന്മാരും ആചാര്യന്മാരും വ്യക്തമാക്കുന്ന സ്ഥിതിക്ക് ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്ക് അവയുടെ അകമ്പടി വേണ്ട എന്ന് അവര്‍ക്ക് തീരുമാനിക്കാവുന്നതേയുള്ളൂ. അതിനു പറ്റിയ ഏറ്റവും നല്ല അവസരമാണിത്.
പ്രവാചകന്‍ ആഗതനാവുന്ന കാലത്ത് മക്കയിലെ കഅ്ബയില്‍ നടന്നുവന്നിരുന്ന ചില ആചാരങ്ങളെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ സൂചനകളുണ്ട് (അല്‍ അന്‍ഫാല്‍ 35). തീര്‍ഥാടകര്‍ പലപ്പോഴും നഗ്‌നരായാണ് കഅ്ബയിലേക്ക് വരിക. ചൂളംവിളിയും കൈക്കൊട്ടുമൊക്കെയായി അന്തരീക്ഷം ബഹളമയമായിരിക്കും. ഏകദൈവത്തിന് മാത്രം വഴിപ്പെടാനായി ഇബ്‌റാഹീം നബിയും മകന്‍ ഇസ്മാഈല്‍ നബിയും സ്ഥാപിച്ച ആ മന്ദിരത്തിലാകട്ടെ സര്‍വത്ര വിഗ്രഹങ്ങളും പ്രതിഷ്ഠകളും. മതാനുഷ്ഠാനങ്ങള്‍ക്ക് കാലക്രമത്തില്‍ സംഭവിച്ചേക്കാവുന്ന വമ്പിച്ച കീഴ്‌മേല്‍ മറിച്ചിലുകളിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഏറ്റവും അര്‍ഥസമ്പുഷ്ടമായ അനുഷ്ഠാനങ്ങളെ തള്ളിമാറ്റി അവയുടെ വിപരീതാര്‍ഥത്തിലുള്ള അനുഷ്ഠാനങ്ങള്‍ ആ സ്ഥാനം കൈയേറുന്നു. ഈ വിധിവൈപരീത്യമാണ് ഇന്ന് ഇന്ത്യയില്‍ സര്‍വത്ര കാണുന്നത്. മതചിഹ്നങ്ങളെയും ഇതിഹാസ കഥാപാത്രങ്ങളെയുമൊക്കെ ഇതര മതസ്ഥരുടെ അസ്തിത്വത്തിന് ഭീഷണിയാകുന്ന വിധം ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുന്നു. മതചിഹ്നങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ദുര്‍വ്യാഖ്യാനം തന്നെയാണ് ഇത്തരം ദുരന്തങ്ങള്‍ക്കും നാം നേരിട്ടുകൊണ്ടിരിക്കുന്ന മത, രാഷ്ട്രീയ, സാമൂഹിക സംഘര്‍ഷങ്ങള്‍ക്കും വലിയൊരളവില്‍ കാരണമാകുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /16-20
എ.വൈ.ആര്‍