Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 29

2949

1437 റജബ് 21

അസ്തിത്വ ഭീഷണി നേരിടുന്ന അനാഥശാലകള്‍

എ.ആര്‍

മ്മുടെ സമൂഹം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളിലൊന്നാണ് തെരുവുകളില്‍ അലയുന്നവരും സാമൂഹികവിരുദ്ധരായി വളരുന്നവരുമായ കുട്ടിക്കുറ്റവാളികളുടെ വര്‍ധിത എണ്ണം. രാജ്യത്തെ ഞെട്ടിച്ച 'നിര്‍ഭയ'യുടെ നിഷ്ഠുര കൊലപാതകത്തില്‍ പങ്കാളികളായവരില്‍ ഒരാള്‍ പതിനെട്ട് വയസ്സില്‍ താഴെ പ്രായമുള്ള ഒരു കൗമാരക്കാരനായിരുന്നു. മുഖ്യ പങ്കാളിത്തം അയാള്‍ക്കായിരുന്നു എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തുടര്‍ന്നും സമാന സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറി. അതോടൊപ്പം തന്നെ, തെരുവു സന്തതികള്‍ സാമൂഹികവിരുദ്ധരായിത്തീരാതിരിക്കാന്‍ അവരെ യഥാസമയം ഏറ്റെടുത്ത് അഭയകേന്ദ്രങ്ങളിലേക്കെത്തിക്കുകയും മാന്യമായി പുനരധിവസിപ്പിക്കുകയും മതിയായ വിദ്യാഭ്യാസം നല്‍കി നല്ല പൗരന്മാരായി മാറ്റിയെടുക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ പൊതുബാധ്യതയാണ്. സൂക്ഷ്മമായി പരിശോധിച്ചാല്‍ സമൂഹത്തിന്റെ ക്രിമിനലിസവും നിരുത്തരവാദിത്തവും കുറ്റകരമായ അനാസ്ഥയുമാണ് തെരുവു സന്തതികളെ ഉല്‍പാദിപ്പിക്കുന്നതെന്ന് കാണാന്‍ കഴിയും. അതിനാല്‍ കുട്ടിക്കുറ്റവാളികളെ സൃഷ്ടിക്കുന്ന സാഹചര്യം ഇല്ലാതാക്കുകയും നിലവിലുള്ളവരെ മാന്യമായി പുനരധിവസിപ്പിക്കുകയും ചെയ്യേണ്ട ബാധ്യത സര്‍ക്കാറും സന്നദ്ധ സംഘടനകളും ഏറ്റെടുത്തേ മതിയാവൂ. ദുര്‍ഗുണ നിവാരണ പാഠശാലകളെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാലനികേതനുകള്‍ (Children's Homes) ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. എന്നാല്‍, സ്വകാര്യ ഏജന്‍സികളാണ് ഇക്കാര്യത്തില്‍ എത്രയോ മുന്നില്‍.
മത സംഘടനകളും എന്‍.ജി.ഒകളും നടത്തുന്ന പുനരധിവാസ കേന്ദ്രങ്ങളിലെ ക്രമക്കേടുകളും ബാലപീഡനങ്ങളും സംരക്ഷണത്തിലെ വൈകല്യങ്ങളും അപര്യാപ്തതകളും തടയാന്‍ വേണ്ടിയാണ് 1986-ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതുപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ ജില്ലാതല ശിശുക്ഷേമ സമിതികള്‍ മുഖേന മാത്രമേ കുട്ടികളെ പ്രവേശിപ്പിക്കാനാവൂ. 100 കുട്ടികള്‍ക്ക് 25 എന്ന തോതില്‍ കെയര്‍ ടേക്കര്‍, കൗണ്‍സലര്‍, പ്രബേഷന്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കണം (സ്റ്റാഫിന്റെ എണ്ണം സംസ്ഥാന സര്‍ക്കാര്‍ 40 ആക്കി ഉയര്‍ത്തിയിട്ടുണ്ട്). സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്നയാള്‍ക്ക് ബിരുദാനന്തര ബിരുദമാണ് യോഗ്യത. 50 കുട്ടികള്‍ക്ക് 2000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള താമസ മുറി, 600 ച. അടി വിസ്തീര്‍ണമുള്ള ക്ലാസ് റൂം എന്നിവ സംസ്ഥാന സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്ത നിബന്ധനകളാണ്. നിബന്ധനകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നിയമപ്രകാരമുള്ള ഇന്‍സ്‌പെക്ഷനും യഥാസമയങ്ങളില്‍ നടക്കും.
എന്നാല്‍, ബാലനീതി നിയമം കേരളത്തിലെ വിവിധ സംഘടനകളും ഏജന്‍സികളും നടത്തുന്ന അനാഥാലയങ്ങള്‍ക്കും അനാഥ-അഗതി മന്ദിരങ്ങള്‍ക്കും ബാധകമാക്കിയത് ഇപ്പോള്‍ വലിയ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുന്നു. 1956-ലെ ഓര്‍ഫനേജ് ആന്റ് അദര്‍ ചാരിറ്റബ്ള്‍ ഹോം -സൂപ്പര്‍വിഷന്‍ ആന്റ് കണ്‍ട്രോള്‍ ആക്ട് പ്രകാരം സ്റ്റേറ്റ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതാണ് കേരളത്തിലെ 1107 ഹിന്ദു-ക്രിസ്ത്യന്‍-മുസ്‌ലിം അനാഥശാലകള്‍. 1960-ല്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന അനാഥശാല-ധര്‍മ സ്ഥാപന(മേല്‍നോട്ടവും നിയന്ത്രണവും) നിയമവും ഈ സ്ഥാപനങ്ങളുടെ ഭരണവും നടത്തിപ്പും അന്തേവാസികളുടെ സംരക്ഷണവും ഉറപ്പുവരുത്താന്‍ ഉദ്ദേശിച്ചുള്ളതാണ്; എന്നിരിക്കെ നിലവിലെ അനാഥാലയങ്ങളും തത്തുല്യ സ്ഥാപനങ്ങളും കര്‍ക്കശമായ ബാലനീതി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന സര്‍ക്കാര്‍ ഉത്തരവ് അന്യായമാണെന്നാണ് അനാഥശാലകള്‍ നടത്തുന്ന വിവിധ മത സംഘടനകളുടെ പരാതി. കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളെ ബാലനീതി നിയമപ്രകാരം കൂടി രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നാണ് അവരുടെ ആവശ്യം. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ താമസിച്ചു പഠിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന കേരള ഹൈക്കോടതി വിധി (WP(c)No. 14259 of 2014), യഥാസമയം സംസ്ഥാന സര്‍ക്കാറിന്റെ സാമൂഹിക നീതി വകുപ്പ് വസ്തുതകള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ കാണിച്ച കുറ്റകരമായ അനാസ്ഥയുടെ ഫലമാണെന്ന് അനാഥശാലകളുടെ നടത്തിപ്പുകാര്‍ ചൂണ്ടിക്കാട്ടുന്നു. 2016 മാര്‍ച്ച് 31-നു മുമ്പ് അനാഥശാലകള്‍ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഭാരവാഹികള്‍ക്ക് ഒരു കൊല്ലം വരെ തടവോ ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. വൈകുന്ന ഓരോ മാസവും ഓരോ കേസും രജിസ്റ്റര്‍ ചെയ്യാം. ഈ സാഹചര്യത്തില്‍ അനാഥാലയങ്ങളുടെ മുമ്പിലുള്ള മാര്‍ഗം രണ്ടിലൊന്നാണ്. ഒന്നുകില്‍ അടച്ചുപൂട്ടി 30000 വരുന്ന അന്തേവാസികളെ വഴിയാധാരമാക്കുക. അല്ലെങ്കില്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുക. സര്‍ക്കാര്‍ കാര്യം മനസ്സിലാക്കി അനാഥശാലാ മാനേജ്‌മെന്റുകളോടൊപ്പം നിന്നില്ലെങ്കില്‍ കോടതിയെ സമീപിച്ചതുകൊണ്ടും പ്രയോജനമുണ്ടാവണമെന്നില്ല.
പ്രതിസന്ധിയുടെ മര്‍മം പോയ വര്‍ഷം മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ഏതാനും കുട്ടികളെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സംസ്ഥാന പോലീസ് പിടികൂടിയതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളാണ്. പ്രസ്തുത കുട്ടികളില്‍ കുറേ പേര്‍ അവധിക്കാലത്ത് സ്വദേശത്ത് പോയി മടങ്ങുന്ന മുക്കം മുസ്‌ലിം ഓര്‍ഫനേജ് വിദ്യാര്‍ഥികളായിരുന്നു. അവരോടൊപ്പം ഭക്ഷണമോ മറ്റു പ്രാഥമിക ജീവിത സൗകര്യങ്ങളോ വിദ്യാഭ്യാസമോ ലഭിക്കാത്ത കുറേ പുതിയ കുട്ടികളുമുണ്ടായിരുന്നു. ട്രെയിന്‍ ടിക്കറ്റോ മറ്റു രേഖകളോ ഇല്ലെന്നു പറഞ്ഞ് കുട്ടികളെയും അവരോടൊപ്പം വന്നവരെയും കസ്റ്റഡിയിലെടുത്ത പോലീസ് പ്രമാദമായ മനുഷ്യക്കടത്ത് കേസ്സാണ് ചുമത്തിയത്. സംഭവം മീഡിയ നിരന്തരം അലക്കിയപ്പോള്‍ പോലും സംസ്ഥാന സാമൂഹിക നീതി വകുപ്പ് മൗനത്തിന്റെ വാത്മീകത്തിലൊളിച്ചു. തന്റെ മതേതര പ്രതിഛായക്ക് കോട്ടം തട്ടരുതെന്ന ശാഠ്യമേ വകുപ്പ് മന്ത്രിക്ക് ഉണ്ടായിരുന്നുള്ളൂ എന്നു വേണം കരുതാന്‍. മനുഷ്യാവകാശ കമീഷനും കോടതിയുമെല്ലാം ഇടപെട്ട സംഭവത്തിന്, മനുഷ്യക്കടത്ത് ആരോപിക്കാവുന്ന വകുപ്പിനൊന്നും പ്രസക്തിയില്ലെന്ന് ബന്ധപ്പെട്ട സര്‍ക്കാറുകള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ സ്വല്‍പം അയവുണ്ടായത് ഒഴിച്ചുനിര്‍ത്തിയാല്‍ രണ്ട് പ്രത്യാഘാതങ്ങളുണ്ടായി. എല്ലാ ഭൗതിക സാഹചര്യങ്ങളും സുസജ്ജമായ കേരളത്തിലെ അനാഥശാലകളില്‍ പലതും മതിയായ വിദ്യാര്‍ഥികളില്ലാതെ പ്രയോജനരഹിതമായിത്തീര്‍ന്നു എന്നതാണൊന്ന്. മറ്റേത്, കോടതി ഇടപെട്ട് ബാലനീതി രജിസ്റ്റര്‍ നിര്‍ബന്ധമാക്കിയതോടെ എല്ലാ അനാഥ-അഗതി സംരക്ഷണ സ്ഥാപനങ്ങളും അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നു എന്നുള്ളതും.
എല്ലാ അനാഥശാലകളും മതിയായ സൗകര്യങ്ങളോടെയും സുരക്ഷിതമായും ചൂഷണമുക്തമായുമാണ് നടക്കുന്നത് എന്ന് അവകാശപ്പെടാനാവില്ല. ഭാരവാഹികള്‍ മുഴുവന്‍ നിസ്വാര്‍ഥരും ഉത്തരവാദിത്തബോധമുള്ളവരും സേവനസന്നദ്ധരുമാണെന്നും വാദിക്കാനാവില്ല. തീര്‍ച്ചയായും ക്രമക്കേടുകളും അനാസ്ഥയും കെടുകാര്യസ്ഥതയും നടമാടുന്നുണ്ട് ചിലതിലെങ്കിലും. സാമൂഹികനീതി വകുപ്പിന്റെ ജാഗ്രതക്കുറവും അനാസ്ഥയുമാണ് നിയമലംഘകര്‍ക്ക് പ്രോത്സാഹനമാവുന്നത്. അതേയവസരത്തില്‍ ഈ രാജ്യത്ത് എല്ലാ നിയമങ്ങള്‍ക്കും വിധേയമായി സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ടല്ലോ. ബാലനീതി പ്രകാരം പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോം തന്നെയുണ്ട് കുറേയെണ്ണം. എന്താണവയുടെയെല്ലാം അവസ്ഥ? അഴിമതിയും അവഗണനയും അന്തേവാസികളുടെ നാനാ വിധ ചൂഷണവും നടക്കുന്നതായ പരാതികള്‍ അവയില്‍നിന്ന് പലപ്പോഴും ഉയര്‍ന്നുവരുന്നുണ്ട്. സ്വകാര്യ ഏജന്‍സികളും സന്നദ്ധ സംഘങ്ങളും നടത്തുമ്പോള്‍ മാത്രം നൂറ് ശതമാനവും കുറ്റമറ്റതാവണമെന്ന നിര്‍ബന്ധബുദ്ധി നല്ലത് തന്നെയെങ്കിലും, മഹത്തായ സാമൂഹിക സേവനം നിസ്വാര്‍ഥമായി നിര്‍വഹിക്കുന്ന സ്ഥാപനങ്ങളെ പോലും താഴിട്ടു പൂട്ടാന്‍ നിര്‍ബന്ധിക്കുന്ന കാര്‍ക്കശ്യം സമൂഹത്തിന് ഗുണം ചെയ്യില്ല. മാറിയ സാഹചര്യത്തില്‍ ചിലരുടെ ഒളിയജണ്ട നടപ്പാക്കാന്‍ അത് വഴിയൊരുക്കും എന്ന് മാത്രമേയുള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /16-20
എ.വൈ.ആര്‍