Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 29

2949

1437 റജബ് 21

മദ്രാസിലെ ഇന്റര്‍വ്യൂ, അല്‍ അസ്ഹറിലെ പഠനം

സി.സി നൂറുദ്ദീന്‍ മൗലവി

രീക്കോട് സുല്ലമുസ്സലാമില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് ദ ഹിന്ദു ദിനപത്രത്തില്‍ ഒരു പരസ്യം കാണുന്നത്. വിദേശത്ത് പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ അപേക്ഷിക്കുക എന്നായിരുന്നു കേന്ദ്ര മന്ത്രിയായിരുന്ന നൂറുല്‍ ഹസന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസ് നല്‍കിയ ആ പരസ്യത്തിന്റെ ഉള്ളടക്കം. കോളേജില്‍ ഒരു വിദ്യാര്‍ഥിയും അത് ഗൗരവമായി ഗൗനിച്ചില്ല. ഒരു പോസ്റ്റ് കാര്‍ഡിന്റെ ചെലവല്ലേയുള്ളൂവെന്ന് കരുതി ഞാനാ അഡ്രസ്സില്‍ അപേക്ഷ അയച്ചു. പിന്നീട് സുല്ലമുസ്സലാം വിട്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞു. പല കോളേജുകളിലും അധ്യാപകനായി. ഇങ്ങനെയൊരു അപേക്ഷയെ കുറിച്ചുതന്നെ മറന്നുതുടങ്ങിയ സന്ദര്‍ഭത്തിലാണ് എനിക്കൊരു രജിസ്റ്റേര്‍ഡ് ലെറ്റര്‍ വരുന്നത്. ഞാനന്ന് തിരൂര്‍ക്കാട്ട് അധ്യാപകനാണ്. കത്തിലെ രജിസ്‌ട്രേഷന്‍ നമ്പറുമായി കേന്ദ്രമന്ത്രി നൂറുല്‍ ഹസന്റെ ദല്‍ഹിയിലെ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകാനായിരുന്നു അതിലെ നിര്‍ദേശം.
ഈജിപ്തില്‍ ഉപരിപഠനം നടത്താമെന്ന് അപ്പോഴും എനിക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. ഈ അവസരം ഉപയോഗിച്ച് ബോംബെയും ദല്‍ഹിയുമൊക്കെ ചുറ്റിക്കാണുക എന്നതായി എന്റെ ലക്ഷ്യം. നിശ്ചിത തീയതിക്ക് ദല്‍ഹിയിലേക്ക് ടിക്കറ്റ് ബുക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഹോളി സീസണായതിനാല്‍ ടിക്കറ്റ് ലഭിച്ചില്ല. അങ്ങനെ മദ്രാസിലേക്ക് ടിക്കറ്റെടുത്തു. അവിടെനിന്ന് ദല്‍ഹിയിലേക്ക് എന്നായിരുന്നു പ്ലാന്‍. മദ്രാസിലെത്തി അവിടെയൊരു ഹോട്ടലില്‍ റൂമെടുത്ത് താമസിച്ചു. തൊട്ടടുത്ത റൂമിലുണ്ടായിരുന്ന വിദ്യാസമ്പന്നരായ രണ്ട് മലയാളികള്‍ എന്റെ യാത്രോദ്ദേശ്യം അന്വേഷിച്ചറിഞ്ഞു. അവരുടെ നിര്‍ദേശപ്രകാരം ഞാന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ പുറപ്പെടുന്ന വിവരം ദല്‍ഹിയിലെ ഓഫീസിലേക്ക് ഹോട്ടല്‍ അഡ്രസ്സില്‍നിന്ന് കമ്പിയടിച്ചു സന്ദേശം നല്‍കി. മദ്രാസൊക്കെ ചുറ്റിക്കണ്ട് ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ എന്റെ കമ്പിക്ക് മറുപടി വന്നിരിക്കുന്നുവെന്ന വിവരം കിട്ടി. അത് വായിച്ചപ്പോള്‍ ഒരേസമയം സങ്കടവും സന്തോഷവും വന്നു. പിറ്റേദിവസം നടക്കുന്ന ഇന്റര്‍വ്യൂ മദ്രാസിലേക്ക് മാറ്റിയ വിവരമായിരുന്നു അത്. ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍നിന്ന് അധികം ദൂരമില്ലാത്ത ഓഫീസില്‍ വെച്ചാണ് ഇന്റര്‍വ്യൂ നടക്കുന്നതെന്ന വിവരമാണ് എന്നെ സന്തോഷിപ്പിച്ചത്. ഒരുപാട് മോഹിച്ച ബോംബെ-ദല്‍ഹി യാത്ര അതോടെ നഷ്ടപ്പെട്ടതായിരുന്നു എന്റെ സങ്കടം. കമ്പി വിവരം മലയാളി സുഹൃത്തുക്കളെ അറിയിച്ചപ്പോള്‍ അത്ഭുതം കൂറിയ അവര്‍ പറഞ്ഞു: ''ദല്‍ഹിയിലേക്ക് അങ്ങോട്ട് പോകേണ്ട. ഇന്റര്‍വ്യൂ താങ്കളെ തേടി ഇങ്ങോട്ട് വന്നിരിക്കുകയാണ്. തീര്‍ച്ചയായും ഇത് ശുഭലക്ഷണമാണ്. താങ്കള്‍ക്ക് ഇത് ലഭിക്കുകതന്നെ ചെയ്യും.''
അവര്‍ അങ്ങനെ പറഞ്ഞെങ്കിലും എനിക്ക് തീരെ പ്രതീക്ഷയില്ലായിരുന്നു. ഇന്റര്‍വ്യു നടത്തുന്നവര്‍ വടക്കേ ഇന്ത്യക്കാരാണ്. പങ്കെടുക്കുന്ന വിദ്യാര്‍ഥികളിലധികവും അവര്‍ തന്നെ. പിറ്റേ ദിവസത്തെ ഇന്റര്‍വ്യൂവിന് തനി കേരളീയ വേഷമായ തുണിയും വെള്ള ഷര്‍ട്ടുമണിഞ്ഞാണ് ഞാന്‍ പോയത്. അലീഗഢില്‍നിന്നൊക്കെ പി.എച്ച്.ഡി പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികളടക്കം ഇന്‍ര്‍വ്യൂവിന് എത്തിയിരുന്നു. എല്ലാവരും കോട്ടും സ്യൂട്ടുമിട്ടവര്‍. ഒരു വിചിത്ര ജീവിയെപ്പോലെ എന്നെയവര്‍ നോക്കുന്നുണ്ടായിരുന്നു. എന്റെ ഊഴമെത്തിയപ്പോള്‍ വേഷത്തിലെ ഈ മാറ്റം ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ശ്രദ്ധയാകര്‍ഷിച്ചു. അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളിലെ ചോദ്യങ്ങള്‍ക്ക് ഞാന്‍ സാമാന്യമായി ഉത്തരം നല്‍കുകയും ചെയ്തു. ഇന്റര്‍വ്യൂ കഴിഞ്ഞ് എത്രയും പെട്ടെന്ന് വീട്ടിലേക്ക് മടങ്ങാനുള്ള തിടുക്കത്തിലായിരുന്നു ഞാന്‍. എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്റര്‍വ്യൂ ബോര്‍ഡിന്റെ അടുത്തായിരുന്നു. അത് തിരിച്ചുചോദിക്കാന്‍ ചെന്ന എന്നോട് വൈകുന്നേരം വരെ കാത്തുനില്‍ക്കാനാണ് നിര്‍ദേശിച്ചത്. വൈകുന്നേരമായപ്പോള്‍ സര്‍ട്ടിഫിക്കറ്റിനായി ഞാന്‍ വീണ്ടും ചെന്നു. അപ്പോള്‍ മൂന്ന് പേപ്പറുകളില്‍ എന്നോട് ഒപ്പിടാന്‍ ആവശ്യപ്പെട്ടു. ഞാനവര്‍ പറഞ്ഞിടത്ത് ഒപ്പിട്ടുകൊടുത്തു. അല്‍പം കഴിഞ്ഞ് വരാന്‍ പറഞ്ഞു. പിന്നീട് ചെന്നപ്പോള്‍ മുഖവുരയില്ലാതെ ഇന്റര്‍വ്യൂ തലവന്‍ എന്നോട് പറഞ്ഞു: ''ഒരാള്‍ക്ക് മാത്രമാണ് ഇപ്രാവശ്യം പഠനാവസരമുള്ളത്. താങ്കളെയാണ് ഞങ്ങള്‍ സെലക്ട് ചെയ്തിരിക്കുന്നത്. നാളെ ബോംബെയിലേക്ക് ട്രെയ്ന്‍ ടിക്കറ്റ് ഏര്‍പ്പാടാക്കിയിട്ടുണ്ട്. അവിടെനിന്ന് കയ്‌റോയിലേക്ക് വിമാന ടിക്കറ്റും താങ്കള്‍ക്ക് ഉടനെ ലഭിക്കും.''
അല്‍പ നേരം ഞാന്‍ തരിച്ചിരുന്നു. എനിക്കൊന്ന് വീട്ടില്‍ പോയി മാതാപിതാക്കളോടൊക്കെ യാത്ര ചോദിക്കണമായിരുന്നു എന്നു ഞാന്‍ പറഞ്ഞു. ''അതിനൊന്നും ഇനി സമയമില്ല. അല്‍ അസ്ഹറില്‍ പഠിക്കണമെങ്കില്‍ നാളെ തന്നെ പുറപ്പെടണം. അതല്ല വീട്ടിലേക്ക് പോവണമെങ്കില്‍ ചാന്‍സ് ഞങ്ങള്‍ക്ക് അടുത്ത വിദ്യാര്‍ഥിക്ക് നല്‍കേണ്ടിവരും.''
അതോടെ എനിക്ക് ഉത്തരംമുട്ടി. അന്ന് രാത്രിതന്നെ ബോംബെയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങി. വിമാനം കയറുന്നതിനു മുമ്പായി ബോംബെ ചുറ്റിക്കാണാനും തീരുമാനിച്ചു. മദ്രാസില്‍നിന്ന് പുറപ്പെടും മുമ്പാണ് അബ്ദുല്‍ അഹദ് തങ്ങളെ അവിടെ വെച്ച് കാണുന്നത്. പ്രബോധനം വാരികക്കു വേണ്ടി പത്രകടലാസ്സുകള്‍ ഓര്‍ഡര്‍ ചെയ്യാന്‍ വന്നതായിരുന്നു അദ്ദേഹം. ബോംബെ ചുറ്റിക്കാണാനുള്ള എന്റെ ഉദ്ദേശ്യം മനസ്സിലാക്കിയപ്പോള്‍ തങ്ങളത് തടഞ്ഞു: ''ശിവസേനക്കാര്‍ മലയാളികള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോള്‍ ബോംബെയില്‍ കറങ്ങുന്നത് അപകടമാണ്.'' ഞാനെന്തായാലും ബോംബെയില്‍ കറങ്ങുമെന്ന് മനസ്സിലാക്കിയ അദ്ദേഹം അവിടെയെത്തിയാല്‍ ബോംബെ ചുറ്റിക്കാണിക്കാന്‍ പരിചയമുള്ള വ്യക്തിയുടെ അഡ്രസ് നല്‍കി. ബോംബെയിലെത്തിയ ഉടനെ തങ്ങള്‍ തന്ന അഡ്രസ്സിലെ വ്യക്തിയെ അന്വേഷിച്ചു കണ്ടെത്തി. ചാവക്കാട്ടുകാരനായ അബ്ദുല്‍ ഖാദര്‍ സാഹിബായിരുന്നു അത്. അദ്ദേഹത്തിന്റെ കൂടെ അവിടെ ജോലിചെയ്യുന്ന മലയാളി സംഘവുമുണ്ടായിരുന്നു. അവരുടെ കൂടെ താമസിച്ച് ബോംബെ ചുറ്റിക്കണ്ടു. ശേഷം ഖാദര്‍ സാഹിബ് എന്നെ എയര്‍പോര്‍ട്ടിലെത്തിച്ചു. ബോംബെയില്‍നിന്നും ഞാന്‍ കെയ്‌റോയിലേക്കുള്ള വിമാനം കയറി. ഞാന്‍ കയ്‌റോയിലെത്തി ദിവസങ്ങള്‍ക്കു ശേഷമാണ് എന്റെ ഈജിപ്ത് യാത്രയെക്കുറിച്ച് വീട്ടുകാര്‍ പോലും അറിയുന്നത്. 1975-ലായിരുന്നു ആ യാത്ര. 1985-ലാണ് പിന്നീട് ഞാന്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത്.
ഞാന്‍ ഈജിപ്തില്‍ വിമാനമിറങ്ങുമ്പോള്‍ അവിടെ തണുപ്പു കാലമായിരുന്നു. എയര്‍പോര്‍ട്ടില്‍നിന്ന് ടാക്‌സി വിളിച്ച് അല്‍ അസ്ഹര്‍ കാമ്പസിലെത്തിയപ്പോഴേക്കും എന്റെ കൈയിലെ കാശ് തീര്‍ന്നു. അടിമുടി വിറക്കുന്ന തണുപ്പില്‍ ഞാന്‍ ധരിച്ച സാധാരണ കോട്ടും വസ്ത്രവും എന്റെ കോലവും കണ്ടപ്പോള്‍ ഹോസ്റ്റലിന്റെ ഉത്തരവാദിത്തമുള്ള വാര്‍ഡന് എന്നോട് ദയ തോന്നിയിരിക്കണം. അദ്ദേഹം 10 പൗണ്ട് കടമായി അനുവദിച്ചു. അതുകൊണ്ട് അത്യാവശ്യ സാധനങ്ങള്‍ വാങ്ങി. താല്‍ക്കാലികമായി അനുവദിച്ച ഹോസ്റ്റല്‍ റൂമില്‍ അന്തിയുറങ്ങി. സ്ഥിരമായ ഹോസ്റ്റല്‍ സൗകര്യവും ഭക്ഷണവും സ്‌റ്റൈപ്പന്റുമൊക്കെ അഡ്മിഷനു ശേഷമേ ലഭിക്കുകയുള്ളൂവെന്ന് പിറ്റേ ദിവസം വാര്‍ഡന്‍ അറിയിച്ചു. തദടിസ്ഥാനത്തില്‍ എന്റെ സര്‍ട്ടിഫിക്കറ്റുകളും മറ്റ് ഡോക്യുമെന്റുകളും ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിച്ചു. അവരത് പരിശോധിച്ചപ്പോഴാണ് എന്റെ സര്‍ട്ടിഫിക്കറ്റും അസ്ഹറിന്റെ കോഴ്‌സുമായുള്ള ഈക്വല്‍റ്റി ക്വാളിഫിക്കേഷന്‍ പ്രശ്‌നമായത്. എന്റെ അഫ്ദലുല്‍ ഉലമക്കോ മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ക്കോ അംഗീകാരമുള്ളതായ രേഖ അവിടെ കാണുന്നില്ല. അതിനാ
ല്‍ അഡ്മിഷന്‍ പ്രശ്‌നം പരിഹരിക്കാന്‍ മാസങ്ങളെടുക്കുമെന്ന് അവര്‍ അറിയിച്ചു. അഡ്മിഷന് മാത്രമല്ല ഹോസ്റ്റല്‍ താമസത്തിനും ഭക്ഷണത്തിനുമൊക്കെ അത് പ്രശ്‌നം സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞ ഞാന്‍ വിദേശ വിദ്യാര്‍ഥികളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഓഫീസിലെത്തി. എന്റെ ഇന്റര്‍വ്യൂ രേഖയും മറ്റും അവരെ കാണിച്ചു. അവിടത്തെ ഓഫീസര്‍ എനിക്ക് ഹോസ്റ്റലും മെസ് സൗകര്യങ്ങളും നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ലെറ്റര്‍ ചീഫ് വാര്‍ഡന് നല്‍കി. അതോടെ താമസ, ഭക്ഷണ പ്രശ്‌നങ്ങള്‍ താല്‍ക്കാലികമായി പരിഹരിക്കപ്പെട്ടു. സര്‍ട്ടിഫിക്കറ്റിന്റെ ഈക്വല്‍റ്റി പ്രശ്‌നം പരിഹരിക്കുന്നതു വരെ അസ്ഹറിലെത്തുന്ന അറബേതര ഭാഷക്കാര്‍ക്കുള്ള പ്രാഥമിക കോഴ്‌സില്‍ എനിക്ക് താല്‍ക്കാലികമായി അഡ്മിഷന്‍ കിട്ടി. ഭാഷാപഠനവും മറ്റ് അടിസ്ഥാന വിഷയങ്ങളുമായിരുന്നു അതിലെ പാഠ്യവിഷയങ്ങള്‍. എന്നെ സംബന്ധിച്ചേടത്തോളം അതില്‍ പ്രത്യേകിച്ചൊന്നും പഠിക്കാനുണ്ടായിരുന്നില്ല. അതിനാല്‍ ലോകത്തിലെ ഏറ്റവും മികച്ച ഗ്രന്ഥശാലകളിലൊന്നായ അസ്ഹറിലെ ലൈബ്രറിയില്‍ അധിക സമയവും ഞാന്‍ ചെലവഴിച്ചു. കനപ്പെട്ട ഗ്രന്ഥങ്ങള്‍ക്കൊപ്പം ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമിറങ്ങുന്ന ജേര്‍ണലുകളും ആനുകാലികങ്ങളും അവിടെ ലഭിക്കുമായിരുന്നു. കാമ്പസില്‍ നടക്കുന്ന വൈജ്ഞാനിക ഡിബേറ്റുകളും ചര്‍ച്ചകളും വലിയ മുതല്‍ക്കൂട്ടായിരുന്നു.
ഒന്നര വര്‍ഷത്തിനു ശേഷമാണ് എന്റെ സര്‍ട്ടിഫിക്കറ്റിന്റെ ഈക്വല്‍റ്റിയില്‍ തീരുമാനമായത്. അസ്ഹറിലെ ഇസ്‌ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഏത് പി.ജി കോഴ്‌സിനും ചേരാനുള്ള അംഗീകാരം എന്റെ സര്‍ട്ടിഫിക്കറ്റിന് ലഭിച്ചു. ഈ ഒന്നര വര്‍ഷത്തിനകം അസ്ഹറിലെ പാഠ്യരീതി ഞാന്‍ മനസ്സിലാക്കിയിരുന്നു. പി.ജി കോഴ്‌സുകളില്‍ അധ്യാപകര്‍ വല്ലപ്പോഴും ലക്ചര്‍ നടത്തുന്നതൊഴിച്ചാല്‍ ബാക്കി സമയമൊക്കെ സ്വയം പഠിക്കുകയും വായിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. അസ്ഹറിലെ അധ്യാപന രീതിയും അതിന്റെ സവിശേഷതയുമൊക്കെ അറിയണമെങ്കില്‍ ഡിഗ്രിക്ക് ചേരണമെന്ന് ഞാന്‍ മനസ്സിലാക്കി. അതിനാല്‍തന്നെ പി.ജിക്ക് ചേരാതെ ഡിഗ്രിക്ക് അപേക്ഷ സമര്‍പ്പിച്ചു. അഞ്ചു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിഗ്രി കോഴ്‌സിന്റെ മൂന്നാം വര്‍ഷം എനിക്ക് അഡ്മിഷന്‍ ലഭിച്ചു. ഇസ്‌ലാമിക ശരീഅത്തും നിയമങ്ങളും മുഖ്യ വിഷയങ്ങളായ കുല്ലിയത്തുശ്ശരീഅ വല്‍ ഖാനൂനില്‍ ആയിരുന്നു എനിക്ക് പ്രവേശനം ലഭിച്ചത്. ഇസ്‌ലാമിക കോടതികളില്‍ വക്കീലും ജഡ്ജിയുമൊക്കെയാവാന്‍ യോഗ്യത നല്‍കുന്ന  കോഴ്‌സായിരുന്നു ഇത്. അത് പൂര്‍ത്തീകരിച്ച ശേഷം ഞാന്‍ ഉസ്വൂലുല്‍ ഫിഖ്ഹ് മുഖ്യവിഷയമായെടുത്ത് പി.ജി കോഴ്‌സിന് ചേര്‍ന്നു. രണ്ടു വര്‍ഷത്തെ പഠനവും ശേഷം മൂന്ന് വര്‍ഷമെടുത്തുള്ള തിസീസ് സമര്‍പ്പണവും ഉള്‍ക്കൊള്ളുന്നതാണ് അസ്ഹറിലെ പി.ജി കോഴ്‌സുകള്‍. ഹനഫീ മദ്ഹബില്‍ ഊന്നിയുള്ള ഉസ്വൂലുല്‍ ഫിഖ്ഹിന്റെ സ്‌പെഷ്യലൈസേഷനായിരുന്നു ഞാന്‍ ആദ്യം തെരഞ്ഞെടുത്തത്. 'ശാഫിഈ മദ്ഹബിന് പ്രാബല്യമുള്ള നാട്ടില്‍ താങ്കള്‍ ഈ കോഴ്‌സ് പഠിക്കുന്നതുകൊണ്ടെന്തു പ്രയോജന'മെന്ന് പല സുഹൃത്തുക്കളും ചോദിക്കാന്‍ തുടങ്ങി. അതോടെ ഇടക്കു വെച്ച് വിഷയം മാറ്റി ശാഫിഈ മദ്ഹബില്‍ ഊന്നിയുള്ള ഉസ്വൂലുല്‍ ഫിഖ്ഹ് തെരഞ്ഞെടുത്തു. അഞ്ച് വര്‍ഷമെടുത്ത് ആ കോഴ്‌സും ആ വിഷയത്തിലെ പ്രബന്ധവും സമര്‍പ്പിച്ചാണ് 1985-ല്‍ അസ്ഹറിലെ ഉപരിപഠനം ഞാന്‍ പൂര്‍ത്തിയാക്കിയത്.
(തുടരും)
തയാറാക്കിയത്: ബഷീര്‍ തൃപ്പനച്ചി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /16-20
എ.വൈ.ആര്‍