ഇസ്‌ലാമിക് സയന്‍സ് ആശയവും ആവിഷ്‌കാരവും
പ്രഫ. പി.എ വാഹിദ് എഴുതിയ 'ഖുര്‍ആന്‍-ശാസ്ത്ര സംയോജനത്തിന്റെ അനിവാര്യത' എന്ന ലേഖനത്തിലെ (ലക്കം 2942) ചില ആശയങ്ങളോട് സംവദിക്കുകയാണ് ഉദ്ദേശ്യം. ലേഖനത്തില്‍ ഉന്നയിച്ച ഇസ്‌ലാമിക് സയന്‍സ് എന്ന സംജ്ഞ അംഗീകരിച്ചുകൊണ്ടുതന്നെ ആധുനിക ശാസ്ത്രത്തിന്റെയും (Modern Science) ഖുര്‍ആന്റെയും കേവല സംയോജനത്തിലൂടെ സാധ്യമാവുന്ന ഒരു സമ്പൂര്‍ണ വിജ്ഞാനീയം (Holistic Knowledge എന്നു ലേഖകന്‍) എന്ന മട്ടിലുള്ള അതിന്റെ ലഘൂകരണത്തോട് വിയോജിക്കാതെ വയ്യ. ഈ വിമര്‍ശനക്കുറിപ്പ് ഇസ്‌ലാമിക ശാസ്ത്രത്തിന്റെ പ്രശ്‌നാവലികളെ കുറച്ചുകൂടി വസ്തുതാപരമായി വിലയിരുത്തുക വഴി അതിന്റെ അടിസ്ഥാനങ്ങളെ പരിചയപ്പെടുത്താനാണ് ഉദ്യമിക്കുന്നത്.
ലേഖകന്‍ ഉന്നയിച്ച പ്രധാന പൊയിന്റുകള്‍ താഴെ സംഗ്രഹിക്കുന്നു:
1) ഖുര്‍ആനിലുള്ള സന്ദേശം ആധുനിക സമൂഹം വിശ്വസിക്കണമെങ്കില്‍ അതിനു ശാസ്ത്രത്തിന്റെ പിന്‍ബലം അനിവാര്യമാണ്. ശാസ്ത്രീയമായ അത്തരം തെളിവുകള്‍ ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നു.
2) ഖുര്‍ആന്‍ ശാസ്ത്രത്തിലേക്കും ശാസ്ത്രം ഖുര്‍ആനിലേക്കും പ്രയോഗിക്കണം.
3) ഖുര്‍ആനും ശാസ്ത്രവും ഒരേ സ്രോതസ്സില്‍നിന്ന് ഉത്ഭവിക്കുകയും, അങ്ങനെ പരസ്പരപൂരകമാവുകയും ചെയ്യുന്നു.
4) നാസ്തിക ശാസ്ത്രജ്ഞന്മാരുടെ കൈകളിലാണ് ശാസ്ത്രത്തിന്റെ നിയന്ത്രണം. ദൈവവിശ്വാസമുള്ളവരും മുസ്‌ലിംകളും ആ മേഖലയിലേക്ക് കടന്നുവരുന്നതോടുകൂടി ഇസ്‌ലാമിക ശാസ്ത്രം രൂപപ്പെടുന്നു.
ഈ വാദങ്ങളിലെല്ലാം സാമാന്യമായി മുഴച്ചുനില്‍ക്കുന്ന മിഥ്യാധാരണ ആധുനിക ശാസ്ത്രം എന്ന വിജ്ഞാനീയത്തിന്റെ അപ്രമാദിത്വത്തെ സംബന്ധിച്ച അമിതമായ ആത്മവിശ്വാസമാണ്. ആധുനിക ശാസ്ത്രം വളരെ നിഷ്പക്ഷവും മൂല്യരഹിതവുമായ ആശയമാണ് എന്ന് അത് ധരിക്കുന്നു. യഥാര്‍ഥത്തില്‍ ആ ധാരണയെ വെല്ലുവിളിക്കുകയും പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്യുകയാണ് ഇസ്‌ലാമിക ശാസ്ത്രത്തിന്റെ അന്വേഷണത്തിലേക്കുള്ള ആദ്യപടി. എന്തുകൊണ്ട് അത്തരത്തിലുള്ള പ്രശ്‌നവല്‍ക്കരണം അനിവാര്യമാണ് എന്ന ചോദ്യത്തിലേക്ക് നമ്മള്‍ വഴിയെ പ്രവേശിക്കുന്നതാണ്.
ആദ്യമായി ഖുര്‍ആനിലെ ഒരു ആയത്ത് 'ശാസ്ത്രീയ'മായി ശരിയാണ് എന്ന വാദഗതി ഉന്നയിക്കുമ്പോള്‍ നമ്മള്‍ എന്താണ് അര്‍ഥമാക്കുന്നത്? ശാസ്ത്രീയമായി കണ്ടുപിടിച്ച ഒരു തിയറിയുടെ സമ്പൂര്‍ണമോ ഭാഗികമോ ആയ ആശയങ്ങളെ ആ ആയത്ത് ഉള്‍ക്കൊള്ളുന്നു എന്നതാവാം. അപ്പോള്‍ ചോദ്യം ഇതാണ്: നമ്മുടെ അറിവിനും അനുഭവത്തിനും അത്രമേല്‍ ദൃഢത നല്‍കാന്‍ പര്യാപ്തമായ ഒന്നാണോ ആധുനിക ശാസ്ത്രം? ഏത് മാനദണ്ഡം ഉപയോഗിച്ചാണ് നമ്മള്‍ ഖുര്‍ആന് തെളിവായിത്തീരുന്ന ഒരു സ്രോതസ്സായി സ്വീകരിക്കപ്പെടാന്‍ അതിനു പ്രാപ്തി നല്‍കുന്നത്?
ഇതിനുള്ള ഉത്തരം തേടുന്നതിന് നമ്മള്‍ ആദ്യമായി എന്താണ് ആധുനിക ശാസ്ത്രം എന്ന് നിര്‍വചിക്കണം. സമീര്‍ ഒക്കാസ തന്റെ 'ഫിലോസഫി ഓഫ് സയന്‍സ്' എന്ന ലേഖനത്തില്‍ പറയുന്നു: 'ശാസ്ത്രം എന്നത് നാം ജീവിക്കുന്ന ലോകത്തെ അറിയാനും മനസ്സിലാക്കാനും അതിന്റെ സ്വഭാവത്തെ പ്രവചിക്കാനുമുള്ള മനുഷ്യന്റെ ശ്രമത്തിന്റെ പേരാണ്.' സിയാഉദ്ദീന്‍ സര്‍ദാറിന്റെ വാക്കുകള്‍ അതിന്റെ ഒരു തലം കൂടി വ്യക്തമാക്കുന്നു: 'ശാസ്ത്രം പരീക്ഷണങ്ങളെയും അളവുകളെയും അടിസ്ഥാനപ്പെടുത്തി ആവര്‍ത്തിക്കാന്‍ സാധിക്കുന്ന പരിണതികളിലൂടെ സഞ്ചരിക്കുന്ന വ്യവസ്ഥാപിതമായ അന്വേഷണമാണ്.'
അപ്പോള്‍ പ്രധാനമായി താഴെ പറയുന്ന കാര്യങ്ങളിലൂടെയാണ് ശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങള്‍ രൂപപ്പെടുന്നത്:
1) പ്രാപഞ്ചിക പ്രതിഭാസങ്ങളെ നിരീക്ഷിക്കുക.
2) അതിന്റെ അടിസ്ഥാനത്തില്‍ വസ്തുനിഷ്ഠമായ വിശദീകരണം മനസ്സില്‍ തയാറാക്കുക.
3) ആ വിശദീകരണം പരീക്ഷിച്ചു തെളിയിക്കാന്‍ സാധിക്കുന്നതാവുക.
4) പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അതിനെ തള്ളുകയോ സ്വീകരിക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യുക.
വസ്തുനിഷ്ഠതയാണ് (അതുതന്നെ വളരെയധികം നിരൂപണവിധേയമാണിന്ന്) ഇവിടെ ശാസ്ത്രം അതിന്റെ സവിശേഷതയായി എടുത്തു പറയുന്നത്. രണ്ടാമതായി, അതിഭൗതികമായ ഒരു വിശദീകരണത്തെ അത് ആദ്യമേ ഒഴിവാക്കുന്നു. ഇവിടെ ശാസ്ത്രത്തെ നമുക്ക് സമ്പൂര്‍ണ അര്‍ഥത്തിലുള്ള മനുഷ്യധിഷണയുടെ ഉന്നതമായ പ്രവര്‍ത്തനഫലം എന്നുകൂടി മനസ്സിലാക്കാന്‍ കഴിയില്ല. മനുഷ്യധിഷണക്ക് കയറിപ്പോവാന്‍ കഴിയുന്ന ഉയരങ്ങളെക്കുറിച്ച് ഹയ്യുബ്‌നു യഖ്ദാനെ പോലുള്ള ഇസ്‌ലാമിന്റെ ക്ലാസിക്കല്‍ കാലഘട്ടത്തിലെ കൃതികള്‍ ശുഭാപ്തി പുലര്‍ത്തിയിട്ടുണ്ട് എന്ന് നമുക്കറിയാം. പക്ഷേ ഇവിടെ ശാസ്ത്രത്തിന്റെ (ഇന്ന് മനസ്സിലാക്കുന്ന Modern Science) സാംഗത്യം വളരെ പരിമിതമാണ് എന്നതാണ് പരമപ്രധാനമായ വസ്തുത. അത് അതിന്റേതായ പരിമിതമായ മണ്ഡലത്തിനപ്പുറം യാതൊന്നും പറയാന്‍ പ്രാപ്തമല്ല. അതോടൊപ്പം തന്നെ മനുഷ്യന്റെ ശ്രമഫലം മാത്രമായി നിര്‍മിക്കപ്പെടുന്ന സകലതിന്റെയും പരിമിതികള്‍ അതിനെയും വലയം ചെയ്യുന്നു. അന്തിമമായ ഒരു ശരിയിലേക്ക് എത്തുകയെന്നത് ശാസ്ത്രത്തെ സംബന്ധിച്ച് ഒരു അന്ധവിശ്വാസം മാത്രമാണ്. അവിടെ അനുമാനങ്ങള്‍ രൂപപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ശാസ്ത്രത്തിന് അതിന്റെ പരിധിക്കുള്ളിലുള്ള വലിയ പ്രസക്തിയെ ഞാന്‍ ചുരുക്കിക്കെട്ടാന്‍ ഉദ്ദേശിക്കുന്നില്ല. മറിച്ച് ഇത്തരത്തിലുള്ള ഒരു ശാസ്ത്രത്തെ ഖുര്‍ആന്റെ ശരികളെ ബോധ്യപ്പെടുത്തുന്ന അളവുകോലായി ഉപയോഗിക്കുന്നതിലെ അസാംഗത്യം ചൂണ്ടിക്കാട്ടുക മാത്രമാണ്.
അപ്പോള്‍ എങ്ങനെയാണ് നമ്മള്‍ ഇത്തരത്തിലുള്ള ശാസ്ത്രത്തെ ഖുര്‍ആനിലേക്ക് പ്രയോഗിക്കുക? ഖുര്‍ആനിനെ എങ്ങനെയാണ് ശാസ്ത്രത്തിലേക്ക് പ്രയോഗിക്കുക? ലേഖകന്‍ പറയുന്നു: 'ഖുര്‍ആനിലെ മതപരമായതും അല്ലാത്തതുമായ പല സന്ദേശങ്ങളും ശാസ്ത്രത്തിന്റെ സഹായമില്ലാതെ മനസ്സിലാക്കാന്‍ സാധ്യമല്ല എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. റൂഹ്, ശൈത്വാന്‍, ഖല്‍ബ്, സ്വദ്ര്‍ എന്നിവ എന്താണെന്ന് പണ്ഡിതന്മാര്‍ക്ക് വ്യക്തമല്ല...' ശാസ്ത്രത്തിന്റെ സഹായത്തോടെ ഇവയെല്ലാം മനസ്സിലാക്കാനും വിശദീകരിക്കാനും സാധിക്കുമെന്നും തുടര്‍ന്ന് അദ്ദേഹം ശുഭാപ്തി പുലര്‍ത്തുന്നു.
അതിഭൗതികമായ എല്ലാറ്റിനെയും അതിന്റെ പടിക്ക് പുറത്തേക്ക് പറഞ്ഞയക്കുന്ന ശാസ്ത്രം മേല്‍പറഞ്ഞ അതിഭൗതികമായ വസ്തുതകളെ എങ്ങനെ വിശദീകരിക്കും എന്നാണ് നാം പ്രതീക്ഷിക്കുന്നത്? പരീക്ഷണ നിരീക്ഷണങ്ങളുടെ ഭാഗമാക്കാന്‍ കഴിയാത്ത ഇത്തരം യാഥാര്‍ഥ്യങ്ങള്‍ എങ്ങനെയാണ് ശാസ്ത്രത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തുക? അതിനു സാധിക്കും എന്ന് ആധുനികതയുടെ പ്രാരംഭദശയില്‍ മുഹമ്മദ് അബ്ദുവിനെ പോലുള്ള മഹാരഥന്മാര്‍ വിശ്വസിച്ചിരുന്നു. അതവരെ സൂക്ഷ്മാണുക്കളെ ജിന്നുകളുമായി താരതമ്യപ്പെടുത്തുന്ന വിധം അബദ്ധ വീക്ഷണങ്ങളിലാണ് എത്തിച്ചതെന്ന് നമുക്കറിയാം.
ശാസ്ത്രപരിധിയില്‍ ഉള്‍പ്പെടുന്നില്ല എന്നത് ഒരിക്കലും ഏതെങ്കിലും യാഥാര്‍ഥ്യത്തിനു വെല്ലുവിളിയാവുകയില്ല എന്നതാണ് നാം മനസ്സിലാക്കേണ്ടത്. ശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന ലോകവീക്ഷണം ഒരു സവിശേഷമായ തത്ത്വചിന്തയുടെ ഉപോല്‍പന്നമാണ്. ആ തത്ത്വചിന്തയാവട്ടെ അതിന്റെ അടിത്തറ പണിതിരിക്കുന്നത് ഒരുപാട് അതിഭൗതിക കല്‍പനകളിലാണ് (Metaphysical Assumptions) എന്നതാണ് ഏറ്റവും വലിയ വൈരുധ്യം. ദെസ്‌കാട്‌സിന്റെ (Descartes) കാര്‍ട്ടീഷ്യന്‍ ദ്വൈതത്തില്‍ (Cartesian Dualism -യാഥാര്‍ഥ്യത്തെ ഭൗതികവും മാനസികവുമായി തരംതിരിക്കാം എന്ന ആശയം) തുടങ്ങിയ ആ പ്രവണതകളെയാണ് നാം വിശകലനം ചെയ്തുതുടങ്ങേണ്ടത്. അറിവിനെ സംബന്ധിച്ച അന്തിമമായ വാക്ക് എന്ന ശാസ്ത്രത്തിന്റെ ആധിപത്യ പ്രവണത (Hegemony) നാം ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു.
എന്താണ് ഇസ്‌ലാമിക് സയന്‍സ്?
മുമ്പ് പറഞ്ഞ രീതിയില്‍ വസ്തുനിഷ്ഠമായ ചില പരീക്ഷണ നിരീക്ഷണങ്ങളുടെ ആകത്തുകയാണ് ശാസ്ത്രമെങ്കില്‍ എന്തിനാണ് 'ഇസ്‌ലാമികമായ' ഒരു ശാസ്ത്രം? മുസ്‌ലിംകള്‍ ഇതേ കാര്യം ചെയ്യുമ്പോള്‍ അത് ഇസ്‌ലാമിക ശാസ്ത്രമായിത്തീരുമോ? എന്താണ് ഇവിടെ ഈ ആശയത്തിന്റെ പ്രസക്തി?
ഈ വിഷയത്തില്‍ നിരവധി അഭിപ്രായങ്ങള്‍ മുസ്‌ലിം ലോകത്ത് ഉരുത്തിരിഞ്ഞിട്ടുണ്ട്. അവയെ സംക്ഷിപ്തമായി പരിചയപ്പെടുത്താന്‍ മാത്രമേ സ്ഥലപരിമിതി മൂലം ഇവിടെ മുതിരുന്നുള്ളൂ.
ശാസ്ത്രത്തിലുള്ള ആളുകളുടെ വിശ്വാസം വര്‍ധിക്കുന്നതിന് ഒരു കാരണമായി ടെക്‌നോളജി നല്‍കുന്ന സംഭാവനകളെ പ്രഫ. വാഹിദ് അദ്ദേഹത്തിന്റെ ലേഖനത്തില്‍ എടുത്തുകാണിക്കുന്നുണ്ട്. ഇവിടെ ശാസ്ത്രം കൊണ്ടുവരുന്ന സാമൂഹിക സങ്കീര്‍ണതകളെയും യാഥാര്‍ഥ്യത്തിന്റെ പുനര്‍നിര്‍മാണത്തെയും നമ്മള്‍ കാണേണ്ടതുണ്ട്. ശാസ്ത്രത്തെ 'ആക്രമണത്തിന്റെ തിയോളജി' എന്ന് പല പോസ്റ്റ് മോഡേണ്‍ ചിന്തകരും വിളിച്ചുതുടങ്ങുന്നത് വെറുതെയല്ല (Ashis Nandy). സിയാഉദ്ദീന്‍ സര്‍ദാര്‍ എഴുതുന്നു: ''ശാസ്ത്രം നിലനില്‍ക്കുന്നത് പട്ടാളവും ബഹുരാഷ്ട്ര കുത്തകകളും ഗവേഷണ സ്ഥാപനങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന കൂട്ടുകക്ഷിസഖ്യത്തിന്റെ കടുത്ത നിയന്ത്രണത്തിലാകുന്നു. അമേരിക്കന്‍ പട്ടാളം അമേരിക്കന്‍ ശാസ്ത്രത്തെ വഴിതെളിക്കുമ്പോള്‍ ശാസ്ത്രം പട്ടാളത്തിന് ഇന്ധനമൊരുക്കുന്നു.''
ശാസ്ത്രം ഇവിടെ അധികാരത്തിന്റെ ഹിംസാത്മകമായ ഉദ്യമങ്ങളുടെ കുഴലൂത്തുകാരനും പങ്കാളിയുമാകുന്നു. ചിലപ്പോള്‍ അത് മൂന്നാംലോക സാംസ്‌കാരിക ബോധ്യത്തിന്റെ മേല്‍ പതിക്കുന്ന ചാട്ടവാറാകുന്നു. പരിസ്ഥിതി സന്തുലനാവസ്ഥയുടെ തകര്‍ച്ച, തെറ്റായ പരീക്ഷണങ്ങളുടെ ഭീകരമായ പര്യവസാനം, നക്ഷത്ര യുദ്ധങ്ങള്‍... ശാസ്ത്രത്തിന്റെ നടുക്കമുളവാക്കുന്ന പരിണതികള്‍ക്ക് അന്ത്യമില്ല!
ഇവിടെ ഇസ്‌ലാമിക് സയന്‍സ് ഉന്നയിക്കുന്ന ചോദ്യം ഒന്നാമതായി മൂല്യങ്ങളുടേതാണ് (Ethics). സിയാഉദ്ദീന്‍ സര്‍ദാര്‍, മെഹ്ദി ഗൊല്‍ഷാനി തുടങ്ങിയ ചിന്തകര്‍ ആശയതലത്തില്‍ ശാസ്ത്രത്തിന് അടിത്തറയാവേണ്ട മൂല്യങ്ങള്‍ പ്രദാനം ചെയ്യാനുള്ള ഖുര്‍ആന്റെ കെല്‍പ്പിനെയും അതിന്റെ പ്രസക്തിയെയും കുറിച്ചാണ് സംസാരിക്കുന്നത്. ഈ ഖുര്‍ആനിക മൂല്യങ്ങള്‍ ശാസ്ത്രത്തിന്റെ തെറ്റായ പ്രയോഗവത്കരണത്തെ തടയും എന്നവര്‍ വിശ്വസിക്കുന്നു.
ആധുനിക ശാസ്ത്രത്തിന്റെ പ്രശ്‌നങ്ങള്‍ മൂല്യങ്ങളുടെ തലത്തിനപ്പുറം അതിന്റെ ജ്ഞാനശാസ്ത്രപരമായ അടിസ്ഥാനങ്ങളില്‍ അധിഷ്ഠിതമാണ് എന്ന തിരിച്ചറിവും ഉരുത്തിരിഞ്ഞുവരുന്നുണ്ട്. ഇസ്മാഈല്‍ റാജീ ഫാറൂഖി മുതല്‍ സയ്യിദ് ഹുസൈന്‍ നസ്വ്ര്‍ വരെയുള്ള ചിന്തകര്‍ ഈ വിഷയത്തെ കൈകാര്യം ചെയ്തത് അങ്ങനെയാണ്. അവരെ സംബന്ധിച്ചേടത്തോളം ശാസ്ത്രം വെറും ഒരു ഉപകരണം മാത്രമല്ല. സാമൂഹിക പ്രയോഗവല്‍ക്കരണത്തിന്റെ പ്രശ്‌നങ്ങള്‍ക്കപ്പുറം, അതിന്റെ മാര്‍ഗത്തെ നിര്‍ണയിക്കുന്നത് തത്ത്വചിന്താപരവും മെറ്റാഫിസിക്കലുമായ അതിന്റെ നിരവധി മുന്‍ധാരണകളാണ്. മൂല്യബോധത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ശാസ്ത്രത്തെ അതിന്റെ ഇന്നത്തെ പോക്കില്‍ (Trajectory) നിന്ന് രക്ഷിച്ചെടുക്കാനാവില്ല. അതുകൊണ്ടുതന്നെ ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ഈ ശാസ്ത്ര തത്ത്വചിന്തയെ പുനര്‍വായിക്കേണ്ടത് അനിവാര്യമാണ് എന്നവര്‍ വാദിക്കുന്നു.
ആധുനിക ശാസ്ത്രത്തെ അതേപടി ഖുര്‍ആനുമായി സംയോജിപ്പിക്കുന്നതിലല്ല ഇസ്‌ലാമിക് സയന്‍സിന്റെ പിറവി എന്നതാണ് ഇവിടെ പ്രസക്തം. സംയോജനമല്ല, അറിവുകളുടെ പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കിയുള്ള ശ്രേണീബദ്ധമായ വര്‍ഗീകരണവും, അതിലെ ഖുര്‍ആന്റെയും ശാസ്ത്രത്തിന്റെയും വ്യവസ്ഥാപിതമായ (Inter disciplinary) സ്ഥാനനിര്‍ണയവുമാണ് മനുഷ്യന് ഉപയോഗപ്രദമായ ഒരു ശാസ്ത്രത്തെ ഭാവിയില്‍ രൂപപ്പെടുത്തുക. ശാസ്ത്രത്തെ ഹിംസാത്മകതയില്‍നിന്നും അധീശത്വ വ്യവഹാരങ്ങളില്‍നിന്നും മോചിപ്പിക്കുന്ന ഈ പ്രൊജക്ടിനെയാണ് ഇസ്‌ലാമിക് സയന്‍സ് പ്രതിനിധീകരിക്കുന്നത്. വമ്പിച്ച ബൗദ്ധിക ശേഷി ആവശ്യമായ ഒരു ബാധ്യതയായി അത് മുസ്‌ലിംകള്‍ക്കു മുന്നില്‍ നിലകൊള്ളുന്നു.
Comments