Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 29

2949

1437 റജബ് 21

കശ്മീരിനെ പിറകോട്ട് നടത്തുന്ന ഹന്ദ്‌വാര വെടിവെപ്പ്‌

ഇഹ്‌സാന്‍

മ്മു-കശ്മീര്‍ മുഖ്യമന്ത്രി പദവി ഏറ്റെടുത്ത മഹ്ബൂബാ മുഫ്തി ദല്‍ഹിയില്‍ വന്ന അതേ ദിവസം കശ്മീരിലെ ഹന്ദ്‌വാരയില്‍ വെടിവെപ്പുണ്ടാവുകയും ഭാവി വാഗ്ദാനമായിരുന്ന ഒരു ക്രിക്കറ്റ് താരം ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. പ്രതീക്ഷ നല്‍കുന്ന ഓരോ ചുവടിനു ശേഷവും കശ്മീരിനെ രണ്ട് ചുവട് പുറകോട്ടു നടത്തുന്ന സൈന്യത്തിന്റെ ബുദ്ധിശൂന്യവും ദയാരഹിതവുമായ പതിവു നീക്കങ്ങളുടെ ആവര്‍ത്തനം. 1990-ല്‍ 100-ലേറെ പേര്‍ കൊല്ലപ്പെട്ട ഗാവക്കടല്‍ വെടിവെപ്പ് മുതല്‍ സക്കുറ, സോപോര്‍, ബിജ്ബിഹാര, ടാംഗ്‌പൊര എന്നു തുടങ്ങി ശ്രീനഗറിലെ റഗഡ സമരങ്ങളില്‍ കൊല്ലപ്പെട്ട 120 യുവാക്കളും കുനാന്‍ പൊഷ്‌പൊര, ദര്‍ദ്‌പൊര മുതലായ കൂട്ട ബലാത്സംഗങ്ങളും ഒടുവില്‍ ഹന്ദ്‌വാരയില്‍ എത്തിനില്‍ക്കുന്ന സംഭവങ്ങളും സൂക്ഷ്മ വായനയില്‍ കശ്മീരിന്റെ രാഷ്ട്രീയ ദശാസന്ധികള്‍ക്ക് സൈന്യം നല്‍കിയ സംഭാവനകളാണ്. കശ്മീര്‍ പ്രക്ഷോഭം കൊന്നുകൂട്ടിയവരുടെ പട്ടിക ഒരു ലക്ഷം തികയാന്‍ ഇനി 5710 തലകള്‍ കൂടിയേ ആവശ്യമുള്ളൂ എന്നാണ് സംസ്ഥാനത്തെ സന്നദ്ധ സംഘടനകള്‍ നിരത്തുന്ന കണക്ക്. ഇതെല്ലാമായിട്ടും സൈനികരെ കുറ്റക്കാരായി കാണാന്‍ കൂട്ടാക്കാത്ത അന്വേഷണ കമീഷനുകളും ഓരോ സംഭവവും ഉണ്ടാകുമ്പോള്‍ നടുക്കവും ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി പിരിയുന്ന രാഷ്ട്രീയ നേതൃത്വവുമാണ് നമുക്കുള്ളത്. ഹന്ദ്‌വാരയിലും അത്ഭുതങ്ങളൊന്നും സംഭവിക്കുന്നതിന്റെ ഒരു സാധ്യതയും ഇപ്പോഴില്ല. വെടിവെപ്പല്ല ബലാത്സംഗമാണ് മുഖ്യപ്രശ്‌നമെന്നും അതില്‍ തന്നെ സൈനികനല്ല സൈന്യം ചൂണ്ടിക്കാണിച്ചു കൊടുത്ത യുവാവിനെ അറസ്റ്റ് ചെയ്തതാണ് പ്രധാന കാര്യമെന്നും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നു.
കഴിഞ്ഞ ഒന്നര വര്‍ഷമായി കശ്മീരില്‍ സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങളില്‍ പലതും ദേശീയ മാധ്യമങ്ങള്‍ ശരിയായി വിലയിരുത്തുന്നുണ്ടായിരുന്നില്ല. മുഫ്തി മുഹമ്മദ് സഈദുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കിയപ്പോള്‍ ദേശതാല്‍പര്യങ്ങളുടെ അനിവാര്യതയായാണ് ബി.ജെ.പി അതിനെ ചിത്രീകരിച്ചത്. തര്‍ക്ക വിഷയങ്ങള്‍ മാറ്റിവെച്ച് ഇരു പാര്‍ട്ടികളും അത്ഭുതകരമായ മെയ്‌വഴക്കത്തോടെ പൊതുമിനിമം പരിപാടി തയാറാക്കുകയും ചെയ്തു. പക്ഷേ പിന്നീട് ശ്രീനഗറിലും ദല്‍ഹിയിലും സംഭവിച്ച കാര്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഹന്ദ്‌വാര വെടിവെപ്പ് മുന്നണി ബന്ധത്തിന്റെ നെറ്റിയില്‍ എഴുതിവെച്ചിരുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ആര്‍ട്ടിക്ക്ള്‍-370, അഫ്‌സ്പ നിയമം തുടങ്ങിയ വിഷയങ്ങളില്‍ മുഫ്തി മുഖ്യമന്ത്രിയായതിനു ശേഷം ഇരു പാര്‍ട്ടികളും പഴയ നിലപാടുകളിലേക്ക് തിരിച്ചുപോവുകയാണുണ്ടായത്. അഫ്‌സ്പ പിന്‍വലിക്കുന്ന കാര്യത്തില്‍ ചര്‍ച്ചയാവാമെന്ന് മുഫ്തിക്ക് വാക്കു നല്‍കിയ ബി.ജെ.പി സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം അക്കാര്യത്തില്‍നിന്ന് പിന്നാക്കം പോയി. ഗോഹത്യാ വിവാദ കാലത്ത് അനാവശ്യമായി ബി.ജെ.പി നേതാക്കള്‍ ശ്രീനഗര്‍ കോടതിയുടെ വിധിയെ രാഷ്ട്രീയവല്‍ക്കരിച്ച് മുഫ്തിക്കെതിരെ സംസ്ഥാനത്തെ ജനങ്ങളെ തിരിച്ചുവിടുന്ന സാഹചര്യമുണ്ടാക്കി. എന്തിനായിരുന്നു ബി.ജെ.പി ഈ സഖ്യത്തിന് രൂപം കൊടുത്തതെന്ന് കണ്ടു നില്‍ക്കുന്ന ആര്‍ക്കും അമ്പരപ്പുണ്ടണ്ടാക്കുന്ന ഒരു പരമ്പര തന്നെയാണ് പിന്നീടുണ്ടായതെല്ലാം.
ബിഹാര്‍ തെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തു വരുന്നതിനു മുമ്പെ ശ്രീനഗറില്‍ നടന്ന ഒരു റാലിയില്‍ കശ്മീര്‍ വിഷയം തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന വെല്ലുവിളിയുമായി പ്രധാനമന്ത്രി  നരേന്ദ്ര മോദി മുഫ്തിക്കു നേരെ തിരിഞ്ഞു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സാധ്യതകള്‍ മികച്ചതാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തിലായിരുന്നു പ്രധാനമന്ത്രി ഈ സാഹസത്തിന് മുതിര്‍ന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു ശേഷമായിരുന്നുവെങ്കില്‍ ഇങ്ങനെ പറയാനുള്ള ധൈര്യം മോദിക്കുണ്ടാവുമായിരുന്നില്ല. പി.ഡി.പി ബന്ധം ബി.ജെ.പി പരസ്യമായി തള്ളിപ്പറയുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. ജമ്മു മേഖലയില്‍ പാര്‍ട്ടിക്കകത്ത് കടുത്ത അസംതൃപ്തി പ്രകടമാവാന്‍ തുടങ്ങിയിരുന്നു. മുഫ്തി മുഹമ്മദ് സഈദ് ദല്‍ഹിയില്‍ 14 ദിവസം രോഗബാധിതനായി കിടന്നിട്ടും അദ്ദേഹത്തെ ഒന്നു കാണാന്‍ പ്രധാനമന്ത്രിക്ക് സമയമുണ്ടായിരുന്നില്ല. എന്നാല്‍ അതേ ദിവസങ്ങളില്‍ തന്നെ മോദി ചണ്ഡിഗഢിലെത്തി ചികിത്സയില്‍ കഴിയുന്ന പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനെ സന്ദര്‍ശിക്കുകയും ചെയ്തു. ഇവിടം കൊണ്ടും കാര്യങ്ങള്‍ അവസാനിച്ചില്ല. മുഫ്തിയുടെ മൃതദേഹം കൊണ്ടുപോകുന്ന അവസരത്തില്‍ പ്രധാനമന്ത്രി റീത്ത് സമര്‍പ്പിച്ചെങ്കിലും സംസ്‌കാര ചടങ്ങുകളില്‍ രാജ്‌നാഥ് സിംഗാണ് പങ്കെടുത്തത്. ബി.ജെ.പിയെ വിശ്വസിക്കാനാവില്ലെന്ന നിലപാടില്‍ പി.ഡി.പി എത്തിയതുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിടുക്കം കാട്ടാതെ മഹ്ബൂബ മാസങ്ങളോളം കാത്തുനിന്നത്.
മൂന്നു മാസം കൂടി കഴിഞ്ഞാല്‍ ജമ്മു-കശ്മീര്‍ വീണ്ടണ്ടും നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകുമായിരുന്നു. കഴിഞ്ഞ തവണ തൂത്തുവാരിയ ജമ്മു മേഖലയില്‍ പോലും പുതിയ സാഹചര്യത്തില്‍ ബി.ജെ.പിക്ക് അര ഡസന്‍ സീറ്റിലധികം കിട്ടാന്‍ പോകുന്നില്ലെന്നായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. എങ്ങനെയെങ്കിലും ഭരണത്തില്‍ കടിച്ചുതൂങ്ങലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനേക്കാള്‍ നല്ലതെന്ന് ദല്‍ഹിയിലുള്ളവര്‍ക്ക് ബോധ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് കശ്മീരിലെ നാല് പ്രധാനപ്പെട്ട സര്‍ക്കാര്‍ ഭൂമികളില്‍നിന്നും സൈന്യത്തെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ എന്‍.എന്‍ വോറയും ഉത്തരമേഖലാ കമാണ്ടന്റ് ഡി.എസ് ഹൂഡയും കരാറൊപ്പിട്ടത്. മുഫ്തിയുടെ കാലത്ത് ഇക്കാര്യത്തില്‍ കേന്ദ്രം മടിച്ചുനില്‍ക്കുകയായിരുന്നു. ശ്രീനഗറിലെ ടാട്ടൂ ഗ്രൗണ്ടും യൂനിവേഴ്‌സിറ്റിയുടെ ഭൂമിയും അനന്ത്‌നാഗിലെ വിശാലമായ മൈതാനവും സൈന്യം നിര്‍ബന്ധിത സാഹചര്യത്തില്‍ കൈയൊഴിച്ചു. അഫ്‌സ്പ അടക്കമുള്ള വിഷയങ്ങളില്‍ തുടര്‍ചര്‍ച്ചക്കായി മഹ്ബൂബ ദല്‍ഹിയിലേക്കു പുറപ്പെട്ടതോടെ സൈന്യം ഇടപെടുക തന്നെ ചെയ്തു.  
പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരെ വെടിവെച്ച് സംസ്ഥാന സര്‍ക്കാറിനെ വീണ്ടും പിന്‍കാലില്‍ നിര്‍ത്തുകയാണ് സൈന്യം ചെയ്തത്.  അന്ന് മഹ്ബൂബ ദല്‍ഹിയില്‍ മനോഹര്‍ പരീക്കറെ കണ്ട ദിവസമായിരുന്നു. ജനാധിപത്യത്തിന്റെ വില എത്രയെന്ന് സൈന്യത്തിന് അറിയുന്നതുപോലെ ആര്‍ക്കറിയാന്‍?.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /16-20
എ.വൈ.ആര്‍