Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 29

2949

1437 റജബ് 21

ജമാഅത്തിന്റെ തെരഞ്ഞെടുപ്പ് നിലപാടുകള്‍

മുജീബ്‌

മാഅത്തെ ഇസ്‌ലാമിക്കെതിരെ എതിരാളികള്‍ എന്നും പല കുപ്രചാരണങ്ങളും നടത്താറുണ്ട്. പലതും കേള്‍ക്കുമ്പോള്‍ അതിന്റെ അഭ്യുദയകാംക്ഷികളില്‍ പോലും ചില സന്ദേഹങ്ങള്‍ ഉടലെടുക്കുന്നു. കേരളം ഒരു നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലെത്തിനില്‍ക്കുമ്പോള്‍ പഴയ കുപ്രചാരണങ്ങളുമായി വിമര്‍ശകര്‍ വീണ്ടും സജീവമാവുകയാണ്. ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യത്തെ തള്ളിപ്പറഞ്ഞു; തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പാടില്ല, മത്സരിക്കാന്‍ പാടില്ല, ത്വാഗൂത്തീ സര്‍ക്കാറിനെ താങ്ങിനിര്‍ത്താന്‍  പാടില്ല എന്നിങ്ങനെ നിലപാടെടുത്തു തുടങ്ങിയ പ്രചാരണങ്ങള്‍ ഇന്നും വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്നു. ഇതില്‍ അല്‍പം കാര്യമുണ്ടെന്നും ചിലര്‍ വാദിക്കുന്നു. ത്വാഗൂത്തീ ഭരണകൂടത്തിലെ പങ്കാളിത്തവും ജനാധിപത്യവും ശിര്‍ക്കാണെങ്കില്‍ ആ ശിര്‍ക്കിനെ അംഗീകരിക്കാന്‍ പറ്റുമോ?

എന്‍.പി രിയാദ്

ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിക്ക് ജീവിതത്തിന്റെ സര്‍വ തുറകളിലും വിശുദ്ധ ഖുര്‍ആനിനും തിരുസുന്നത്തിനും അനുസൃതമായ ഉറച്ച നിലപാടുകളാണ് എക്കാലത്തുമുള്ളത്. അല്ലാഹുവിന്റെ പരമാധികാരവും ജനങ്ങളുടെ പ്രാതിനിധ്യവും വിശ്വ സാഹോദര്യവും സാമൂഹിക നീതിയും പുലരണമെന്നാണ് ജമാഅത്തിന്റെ ആഗ്രഹവും ആവശ്യവും. അതിന്റെ സ്വാഭാവിക ഫലമാണ് മനുഷ്യന്റെ മേല്‍ മനുഷ്യന്റെ ആധിപത്യം സ്ഥാപിക്കാന്‍ നിലകൊള്ളുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും തിരസ്‌കാരം. മനുഷ്യവര്‍ഗത്തിന്റെ ഇഹപര വിജയം ലക്ഷ്യമാക്കി അല്ലാഹു പ്രവാചകന്മാരിലൂടെ അവതരിപ്പിച്ച സമഗ്ര സന്മാര്‍ഗത്തെ കേവലം സ്വകാര്യ ജീവിതത്തില്‍ സൗകര്യമുള്ളവര്‍ക്ക് കൊണ്ടുനടക്കാവുന്ന മതമായി ചുരുക്കിക്കെട്ടാന്‍ ഇസ്‌ലാമിക പ്രസ്ഥാനം തയാറല്ല. അതിനാല്‍ ജനാധിപത്യത്തിന്റെ പേരിലും മറവിലും ഇന്നു നടപ്പുള്ള വംശീയാധിപത്യത്തെയും പണാധിപത്യത്തെയും കുടുംബവാഴ്ചയെയും, മതേതരത്വത്തിന്റെ മേല്‍വിലാസത്തില്‍ നടമാടുന്ന മതതിരസ്‌കാരത്തെയും, സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള അധാര്‍മികാരാജകത്വത്തെയും താത്ത്വികമായും പ്രായോഗികമായും എതിര്‍ക്കാതിരിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്കാവില്ല. ഇതൊക്കെ ദൈവത്തെയും ദൈവികാധികാരാവകാശങ്ങളെയും താത്ത്വികമായിത്തന്നെ നിരാകരിച്ചുകൊണ്ടാണെങ്കില്‍ അത് ശിര്‍ക്കോ അതിനേക്കാള്‍ ഗുരുതരമോ ആയ തെറ്റാണെന്ന് പ്രസ്ഥാനം കരുതുന്നു, പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ നിലപാടില്‍നിന്ന് ഇന്നുവരെ അത് പിറകോട്ടു പോവുകയോ വ്യതിചലിക്കുകയോ ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ചര്‍ച്ചാവിഷയമാക്കേണ്ടതല്ല ആദര്‍ശപരമായ ഈ നിലപാടുകള്‍. ആര്‍ക്കെങ്കിലും ഇതൊന്നും അംഗീകരിക്കാനോ പറയാനോ ഭീരുത്വം അനുവദിക്കുന്നില്ലെങ്കില്‍, അഥവാ കാലവും ലോകാവസ്ഥയും ചൂണ്ടിക്കാട്ടി മൗനമാണുത്തമമെന്ന് തോന്നുന്നുവെങ്കില്‍ അതവരുടെ കാര്യം. അവരുടെ നിലപാട് ശരിയെന്ന് പക്ഷേ പ്രായോഗികതയുടെ പേരില്‍ സമ്മതിച്ചുകൊടുക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ബുദ്ധിമുട്ടുണ്ട്.
ഇത്രയും വസ്തുതകള്‍ മുമ്പിലിരുന്നാല്‍ തെരഞ്ഞെടുപ്പു സമയങ്ങളിലെ വിമര്‍ശനങ്ങളെയും ആക്ഷേപങ്ങളെയും സമചിത്തതയോടെ നേരിടാവുന്നതേയുള്ളൂ. ബഹുസ്വര രാഷ്ട്രമായ ഇന്ത്യയില്‍ മതനിരപേക്ഷ ജനാധിപത്യ ഭരണസംവിധാനം നിലനില്‍ക്കണമെന്നാണ് എക്കാലത്തും ജമാഅത്തെ ഇസ്‌ലാമി അംഗീകരിച്ചുവന്നിട്ടുള്ളത്. അതിന് ഗുരുതര ഭീഷണി ഉയര്‍ത്തിക്കൊണ്ട് ആദ്യമായി 1975-ല്‍ ഇന്ദിരാ ഗാന്ധി രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ രണ്ട് വര്‍ഷം കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പില്‍ ഏകാധിപത്യപരമായ ആ നടപടിക്കെതിരെ ജമാഅത്ത് അംഗങ്ങള്‍ വോട്ട് ചെയ്തു. അവര്‍ കൊണ്ടുവന്ന 42-ാം ഭരണഘടനാ ഭേദഗതി റദ്ദാക്കാന്‍ പിന്നീട് വന്ന സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിലും സംഘടന വോട്ടവകാശം വിനിയോഗിച്ചു. 1977-ല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂട്ടായി രൂപം നല്‍കിയ ജനതാ പാര്‍ട്ടിയാണ് അധികാരത്തില്‍ വന്നത്. പക്ഷേ, താമസിയാതെ ജനത പിളര്‍ന്നു, അധികാരഭ്രഷ്ടരായി. ഇതേ തുടര്‍ന്നുണ്ടായ രാഷ്ട്രീയാനിശ്ചിതത്വത്തില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് മുന്‍ ഭാരതീയ ജനസംഘമാണ്. അവര്‍ ബി.ജെ.പി രൂപവത്കരിച്ച് ശക്തമായി രംഗത്തുവന്നു. മതേതര പാര്‍ട്ടികളുടെ പിളര്‍പ്പില്‍നിന്നും ദൗര്‍ബല്യങ്ങളില്‍നിന്നും മുതലെടുത്ത് കരുത്തുറ്റ പ്രതിപക്ഷ പാര്‍ട്ടിയായി ഉയര്‍ന്ന ബി.ജെ.പിയുടെ ഫാഷിസ്റ്റ് അജണ്ട തിരിച്ചറിഞ്ഞ ജമാഅത്തെ ഇസ്‌ലാമി ഫാഷിസത്തിനെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചു. അതായത് ഇന്ത്യയില്‍ മതനിരപേക്ഷ ജനാധിപത്യം നിലനില്‍ക്കാനും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ജനാധിപത്യ പാര്‍ട്ടികളുടെ അഭിമതരായ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുക എന്നതായിരുന്നു അത്. ഈ നിലപാടിനാകട്ടെ സാധ്യമായ പ്രചാരണവും നല്‍കി. സമഗ്രാധിപത്യത്തിലേക്ക് രാജ്യം തെളിക്കപ്പെടാതിരിക്കാനും ജനങ്ങളുടെ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടാനും ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാനും സ്വീകരിച്ച ഈ തത്ത്വാധിഷ്ഠിത നിലപാടിനെ സദ്ബുദ്ധികളും നന്മേഛുക്കളുമായ സര്‍വരും സ്വാഗതം ചെയ്യുകയാണുണ്ടായത്. എന്തിനും ഏതിനും എതിര്‍ക്കുക എന്ന നിഷേധാത്മക നയം മാത്രം ശീലിച്ചവര്‍ ഒച്ചപ്പാടുണ്ടാക്കിയത് സ്വാഭാവികം. അവരാണിപ്പോഴും ദുഷ്പ്രചാരണങ്ങളുടെ തലപ്പത്ത്.

                        സ്വഹാബിമാരുടെ പദവി


''മൊത്തത്തില്‍ സ്വഹാബികള്‍ക്ക് വിരുദ്ധമായ, അവര്‍ സത്യത്തിന്റെ സ്വീകാര്യ മാനദണ്ഡങ്ങളല്ല എന്ന സമീപനം, സ്വഹാബികള്‍ ചില വിഷയങ്ങളില്‍ പ്രവാചകവിരുദ്ധരാണെന്ന ആരോപണം ഇതെല്ലാം ജമാഅത്ത്, സലഫി വൃത്തങ്ങളില്‍ വ്യാപകമായിരുന്നു. അതിനെ ചോദ്യം ചെയ്യുമ്പോള്‍ മൗദൂദിയുടെ ഭാഗം ന്യായീകരിക്കുക, ന്യായീകരിച്ച് പ്രവാചകനേക്കാള്‍ തെറ്റു പറ്റാത്തത് മൗദൂദിക്കാണന്ന് വരെ തോന്നിപ്പിക്കുന്ന നയം സ്വീകരിക്കുന്നവര്‍ വരെ അവരിലുണ്ടായിരുന്നു'' (മുഖാമുഖം, സി. ഹംസ, 2015 ഡിസംബര്‍ 1-15, സത്യധാര). യഥാര്‍ഥ വസ്തുത എന്താണ്?

ഹാമിദ് കോയ തങ്ങള്‍, എടരിക്കോട്

അല്ലാഹുവും അവന്‍ പാപസുരക്ഷിതത്വം നല്‍കിയ പ്രവാചകരുമല്ലാതെ മറ്റൊരാളും സത്യത്തിന്റെ മാനദണ്ഡമല്ലെന്നത് ഇസ്‌ലാമിന്റെ മൗലിക സിദ്ധാന്തമാണ്. പ്രവാചക ശിഷ്യര്‍ എത്രതന്നെ മഹാന്മാരും ഉത്കൃഷ്ടരും മാതൃകാ പുരുഷന്മാരുമാണെങ്കിലും അവര്‍ പാപസുരക്ഷിതരല്ല. അവരുടെ വാക്കോ പ്രവൃത്തിയോ സ്വന്തം നിലയില്‍ ദീനില്‍ തെളിവുകളുമല്ല. ഉദാഹരണത്തിന് മുഅവ്വിദത്തൈനി (സൂറഃ അല്‍ ഫലഖും അന്നാസും) ഖുര്‍ആനിലെ അധ്യായങ്ങളല്ലെന്ന് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനായ സ്വഹാബിവര്യന്‍ ഇബ്‌നു മസ്ഊദി(റ)ന് അഭിപ്രായമുണ്ടായിരുന്നു (അഹ്മദ്, ബസ്സാര്‍, ത്വബറാനി, ഇബ്‌നു മര്‍ദവൈഹി, ഹുമൈദി, ഇബ്‌നു ഹിബ്ബാന്‍, തുടങ്ങിയവര്‍ ഉദ്ധരിച്ചത്). പക്ഷേ, മറ്റു സ്വഹാബിമാര്‍ ഉള്‍പ്പെടെ ആരും അത് അംഗീകരിക്കുകയുണ്ടായില്ല. ഒന്നാം നിരയിലെ സ്വഹാബിവര്യന്മാര്‍ക്കിടയില്‍ ഗുരുതരമായ അഭിപ്രായ ഭിന്നതകള്‍ രൂപപ്പെട്ടു, ഒടുവില്‍ യുദ്ധത്തില്‍ കലാശിച്ചു. ജമലും സ്വിഫ്ഫീനും ഉദാഹരണങ്ങളാണ്. അവരുടെ മഹത്തായ സേവനങ്ങളും ത്യാഗങ്ങളും പരിഗണിച്ച് കരുണാവാരിധിയായ അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കും എന്ന് ന്യായമായി പ്രതീക്ഷിക്കാമെങ്കിലും ഭിന്നിപ്പും പിളര്‍പ്പും യുദ്ധവും മാതൃകാപരമാവുന്നതെങ്ങനെ? അതുകൊണ്ടാണ് സ്വഹാബത്ത് സത്യത്തിന്റെ പരമ മാനദണ്ഡങ്ങളല്ലെന്ന് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി വ്യക്തമാക്കിയതും ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയില്‍ അല്ലാഹുവും തിരുദൂതരും ഒഴികെ മറ്റാരും സത്യത്തിന്റെ മാനദണ്ഡങ്ങളല്ലെന്ന് രേഖപ്പെടുത്തിയതും. ഇതിനെതിരെ തെളിവു സഹിതം ആധികാരിക പണ്ഡിതന്മാരിലാരെങ്കിലും അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ അതാണ് അറിയേണ്ടത്. പ്രവാചകനിന്ദ മൗദൂദിയോ ജമാഅത്തെ ഇസ്‌ലാമിയോ നടത്തിയതിന് ദുര്‍ബല തെളിവ് പോലും ഇല്ലെന്നിരിക്കെ, കെട്ടുകഥകളിലും അന്ധവിശ്വാസങ്ങളിലും അഭിരമിക്കുന്നവരുടെ ദുരാരോപണം മാത്രമാണത്.

             സഹോദര സമുദായങ്ങളുടെ മതാഘോഷങ്ങള്‍


കോളേജിലും മറ്റും ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഒരു സുഹൃത്ത് ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്നും അത് ഇസ്‌ലാമികമല്ലെന്നും പറഞ്ഞു. ഇതര മതങ്ങളില്‍നിന്നും വ്യത്യസ്തമായ ഇസ്‌ലാമിന്റെ ഈ സമീപനം അമുസ്‌ലിംകളില്‍ ഇസ്‌ലാമിനെക്കുറിച്ച് വേറിട്ട ചിന്ത ഉണര്‍ത്തുകയും ക്രമേണ അവര്‍ ഇസ്‌ലാമിനെ പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നാണ് സുഹൃത്തിന്റെ വാദം.
എന്നാല്‍, നമ്മുടെ അമുസ്‌ലിം സുഹൃത്തുക്കള്‍ക്ക് ഇസ്‌ലാമിനെ
പ്രാകൃതവും ഇടുങ്ങിയതുമായ മതമായി കാണാനേ ഇത്തരം സമീപനങ്ങള്‍ ഉപകരിക്കൂ എന്നത് എന്റെ തന്നെ അനുഭവമാണ്. മറ്റു മതാഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നുണ്ടോ? ഇവ്വിഷയകമായി നബി(സ)യില്‍ നമുക്ക് വല്ല മാതൃകകളുമുണ്ടോ? ഇത് അനിസ്‌ലാമികമാണെങ്കില്‍, സാധാരണക്കാരായ അമുസ്‌ലിംകള്‍ക്ക് നല്ല രീതിയില്‍ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ എങ്ങനെയാണ് ഈ വിഷയം അവതരിപ്പിക്കുക?

സുമയ്യ താനൂര്‍

മുഹമ്മദ് നബി(സ) ജീവിച്ചിരുന്ന മദീനയില്‍ മൂന്ന് ജൂത ഗോത്രങ്ങളായിരുന്നു പ്രധാന അമുസ്‌ലിം വിഭാഗം. അവരുമായി നബി തുടക്കത്തിലേ സമാധാനക്കരാറില്‍ ഒപ്പിടുകയും സഹവര്‍ത്തിത്വത്തിന്റെ വാതില്‍ തുറന്നിടുകയും ചെയ്തിരുന്നെങ്കിലും നബി(സ)യെ കഠിന ശത്രുവായി കണ്ട് കരാര്‍ ലംഘനം നടത്തുകയും നബിയെയും ഇസ്‌ലാമിനെയും ഉന്മൂലനം ചെയ്യാന്‍ കരുനീക്കം നടത്തുകയുമായിരുന്നു അവര്‍. സ്വാഭാവികമായും ഇത്തരമൊരു സമുദായത്തിന്റെ ആഘോഷങ്ങളില്‍ റസൂലോ സ്വഹാബിമാരോ പങ്കാളികളാവുന്ന പ്രശ്‌നം ഉദിക്കുന്നില്ല. എന്നിട്ടും ഒരു യഹൂദ സ്ത്രീയുടെ സല്‍ക്കാരം സ്വീകരിച്ച പ്രവാചകന് അവള്‍ വിഷം നല്‍കിയ സംഭവം ഹദീസുകളിലുണ്ട്. യഹൂദരോ ക്രൈസ്തവരോ തങ്ങളുടെ ഏതെങ്കിലും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നബിയെ ക്ഷണിച്ച സംഭവവുമില്ല. മക്കയിലെ ജനങ്ങളുടെ ഏറ്റവും വലിയ ഉത്സവമായിരുന്ന ഉക്കാള് ചന്തയില്‍ നബി(സ) പങ്കെടുക്കുകയും തൗഹീദിന്റെ പ്രബോധനം നിര്‍വഹിക്കുകയും ചെയ്തത് ചരിത്രമാണ്. അവിടെ നടന്ന തിന്മകളില്‍നിന്ന് വിട്ടുനിന്നതോടൊപ്പം തന്റെ ദൗത്യം നിര്‍വഹിക്കാനുള്ള അവസരമായി ഉക്കാളിനെ പ്രവാചകന്‍ കാണുകയായിരുന്നു.
ഇന്ത്യയിലേതു പോലുള്ള ബഹുസ്വര സമൂഹങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ സഹോദര സമുദായങ്ങളുമായി പരമാവധി സുഹൃദ് ബന്ധങ്ങള്‍ സ്ഥാപിക്കുന്നതാണ് സുരക്ഷിത നിലനില്‍പിന്റെയും സത്യപ്രബോധനത്തിന്റെയും താല്‍പര്യം. സ്വന്തം ആഘോഷങ്ങളില്‍ സംബന്ധിക്കാന്‍ അവരെ ക്ഷണിക്കുകയും അവര്‍ ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുകയും ചെയ്യേണ്ടത് സുഹൃദ് ബന്ധങ്ങളുടെ പ്രഥമ പടിയാണ്. ദേശീയാഘോഷമായി പ്രഖ്യാപിക്കപ്പെട്ട ഓണം പോലുള്ളവയെ സൗഹൃദം പങ്കിടാനും ഇസ്‌ലാമിന്റെ സമാധാന സന്ദേശം പകര്‍ന്നുകൊടുക്കാനുമുള്ള സന്ദര്‍ഭമാക്കുന്നതാണ് വിവേകം. അസഹിഷ്ണുത പടര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അതിന് വളം വെച്ചുകൊടുക്കുന്ന തീവ്ര നിലപാടുകള്‍ ഒരിക്കലും അഭികാമ്യമല്ല. എന്നാല്‍, ബഹുദൈവത്വപരമോ വിഗ്രഹാരാധനാപരമോ ആയ ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ മുസ്‌ലിംകള്‍ക്കുള്ള വിശ്വാസപരമായ തടസ്സങ്ങള്‍ അമുസ്‌ലിം സുഹൃത്തുക്കളെ ബോധ്യപ്പെടുത്താവുന്നതേയുള്ളൂ. 'നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നതുവരെ നീയവരില്‍നിന്ന് തിരിഞ്ഞുകളയുക' (5:68) എന്ന ഖുര്‍ആന്‍ സൂക്തത്തില്‍നിന്ന് വ്യക്തമാകുന്നതുപോലെ അല്ലാഹുവിനെയും പ്രവാചകരെയും ഇസ്‌ലാമിനെയും കളിയാക്കുന്നവരുടെ കൂടെ, ആ സമയത്ത് ഇരിക്കരുതെന്നല്ലാതെ മറ്റു വര്‍ത്തമാനങ്ങളില്‍ പങ്കുചേരുന്നതിന് വിലക്കില്ല. പരിഹസിക്കുന്നവരാകട്ടെ സാധാരണ അമുസ്‌ലിംകളേക്കാള്‍ മുസ്‌ലിംകളോട് അസഹിഷ്ണുതാപരമായി പെരുമാറുന്നവരായിരിക്കും എന്നും ഓര്‍ക്കേണ്ടതുണ്ട്. ആശയവിനിമയത്തിനും സംവാദത്തിനുമുള്ള സന്ദര്‍ഭങ്ങള്‍ പരമാവധി സൃഷ്ടിക്കുന്നതിനു പകരം പരിധിയില്‍ കവിഞ്ഞ

                      ലോകത്തിന്റെ കാലാവധി!


'മഹ്ദിയുടെ വരവിന് മുന്നോടിയായി റമദാന്‍ ഒന്നിന് ചന്ദ്രഗ്രഹണവും പകുതിയോടു കൂടി സൂര്യഗ്രഹണവും സംഭവിക്കും' (ഹദീസ്). അത് 2027 ഫെബ്രുവരി ഏഴിനും ഫെബ്രുവരി 20-നും സംഭവിക്കും- നബി(സ) പറഞ്ഞത് തന്നെയാണോ ഇത്? അങ്ങനെയെങ്കില്‍ ഗോളശാസ്ത്ര പ്രകാരം 2027 ഫെബ്രുവരിയില്‍ ഇങ്ങനെ രണ്ട് ഗ്രഹണങ്ങള്‍ സംഭവിക്കുമെന്ന് പറഞ്ഞിട്ടുണ്ടോ? 'എന്റെ  സമുദായം 1500 വര്‍ഷം കടന്നുപോകില്ല' (ഹദീസ്), 'ആദം നബി മുതല്‍ ലോകാവസാനം വരെ ഭൂമിയുടെ ആയുസ്സ് 7000 വര്‍ഷമാണ്' (ഹദീസ്). മുഹമ്മദ് നബിയുടെ കാലം വരെ 5600 വര്‍ഷം കടന്നുപോയി, ശേഷം 1400 കൊല്ലവും- ഇതൊക്കെ ഹദീസുകളാണോ?

അബ്ദുര്‍റസാഖ് മുന്നിയൂര്‍

ഭൂമി എന്ന് ഉണ്ടായെന്നോ എന്നാണ് ലോകാവസാനമെന്നോ ഒരാള്‍ക്കും- പ്രവാചകന്മാര്‍ക്കു പോലും- അറിയില്ല. അന്ത്യനാളിനെക്കുറിച്ച അറിവ് അല്ലാഹുവിന് മാത്രമാണെന്നും സമയമായാല്‍ അതവന്‍ തന്നെയാണ് വെളിപ്പെടുത്തുകയെന്നും ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു. സ്വഹാബിമാരുടെ സാന്നിധ്യത്തില്‍, ജിബ്‌രീല്‍ ആള്‍രൂപം പൂണ്ട് വന്ന് പ്രവാചക സമക്ഷത്തിലിരുന്ന് ചോദിച്ച ചോദ്യങ്ങളിലൊന്ന് അന്ത്യനാള്‍ എപ്പോഴാണ് എന്നതായിരുന്നു. 'ചോദിക്കപ്പെടുന്നയാള്‍ക്ക് ചോദ്യകര്‍ത്താവിനേക്കാള്‍ അതേപ്പറ്റി വിവരമില്ല' എന്നായിരുന്നു നബി(സ)യുടെ മറുപടി. പിന്നെ ഹദീസുകളില്‍ അങ്ങനെയുണ്ട്, ഇങ്ങനെയുണ്ട് എന്ന പ്രസ്താവനകള്‍ക്കൊന്നും ഒരടിസ്ഥാനവുമില്ല.
മഹ്ദിയുടെ ആഗമനത്തെക്കുറിച്ച് ഹദീസുകളൊന്നും ബുഖാരിയോ മുസ്‌ലിമോ ഉദ്ധരിച്ചതല്ല. ഒരനിഷേധ്യ വിശ്വാസകാര്യമായി മഹ്ദിയുടെ ആഗമനത്തെ പല പണ്ഡിതന്മാരും പരിഗണിക്കുന്നുമില്ല. മഹ്ദിയെക്കുറിച്ച ഹദീസുകളില്‍ പരസ്പര വൈരുധ്യങ്ങള്‍ വേണ്ടത്രയുണ്ടു താനും. ആദമിന്റെ സൃഷ്ടിപ്പിനെക്കുറിച്ച പ്രസ്താവവും ഇക്കൂട്ടത്തില്‍പെട്ടതാണ്. ഒമ്പതിനായിരം സംവത്സരങ്ങള്‍ക്കു മുമ്പാണ് ആദ്യ മനുഷ്യനെ സൃഷ്ടിച്ചത് എന്നുണ്ട് ചില തഫ്‌സീറുകളില്‍. അത് ശരിയാണെന്നു സങ്കല്‍പിച്ചാല്‍ തന്നെ അല്ലാഹുവിന്റെ കണക്കില്‍ ഒരു വര്‍ഷം നിങ്ങള്‍ ഗണിക്കുന്ന ഒരായിരം വര്‍ഷങ്ങള്‍ക്കു തുല്യമാണെന്ന ഖുര്‍ആന്‍ വചനം ഓര്‍ക്കുക. വേറെ പണിയൊന്നുമില്ലെങ്കില്‍ ഇമ്മാതിരി 'ഹദീസുകളുടെ' ലോകത്ത് അഭിരമിക്കുന്നത് നേരമ്പോക്കിനുതകും. സാമൂഹിക മാധ്യമങ്ങള്‍ അതിന് പറ്റിയ ഒന്നാന്തരം ഇടങ്ങളാണു താനും. ഒരുപക്ഷേ ഇതാവും ഖിയാമത്തിന്റെ അടയാളങ്ങളില്‍ ഒന്ന്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /16-20
എ.വൈ.ആര്‍