ഒ.ഐ.സിക്ക് ഇനി ഉര്‍ദുഗാന്‍ നേതൃത്വം നല്‍കും
മുസ്‌ലിം ലോകം ഗുരുതരമായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് പതിമൂന്നാം ഒ.ഐ.സി ഉച്ചകോടി ഏപ്രില്‍ 14, 15 തീയതികളില്‍ തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ചേര്‍ന്നത്. 1969-ല്‍ സ്ഥാപിതമായ ഒ.ഐ.സി (Organisation of Islamic Co-operation), യു.എന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അംഗരാഷ്ട്രങ്ങളുള്ള ആഗോള കൂട്ടായ്മയാണ്. എന്നാല്‍ എടുത്തുപറയത്തക്ക മാറ്റങ്ങളോ മുന്നേറ്റങ്ങളോ മുസ്‌ലിം ലോകത്ത് കൊണ്ടുവരാന്‍ ഇതുവരെ ഒ.ഐ.സിക്കായിട്ടില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. അംഗ രാജ്യങ്ങള്‍ക്കിടയിലുള്ള അസ്വാരസ്യങ്ങളും ഭിന്നതകളും തന്നെ മുഖ്യ കാരണം. 'നീതിക്കും സമാധാനത്തിനും വേണ്ടി ഐക്യം' എന്നതായിരുന്നു പതിമൂന്നാം ഉച്ചകോടിയുടെ ശീര്‍ഷകമായി സ്വീകരിച്ചത്. മുസ്‌ലിം ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും എത്രത്തോളമെന്നും ഈ തലക്കെട്ടുതന്നെ വിളിച്ചുപറയുന്നുണ്ട്. മുസ്‌ലിംകള്‍ തീവ്രവാദികളായി മുദ്ര കുത്തപ്പെടുന്ന പ്രവണതയും, പാശ്ചാത്യ ലോകത്ത് വര്‍ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയും, ആഭ്യന്തര യുദ്ധങ്ങള്‍കൊണ്ട് താറുമാറായി കിടക്കുന്ന മുസ്‌ലിം രാജ്യങ്ങളും, ഇവിടങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ക്ക് യൂറോപ്പിനു മുന്നില്‍ യാചിച്ചുനില്‍ക്കേണ്ടിവരുന്നതും ഐ.എസ്, അല്‍ഖാഇദ പോലുള്ള മുസ്‌ലിം നാമധാരികളായ ഭീകരവാദി ഗ്രൂപ്പുകള്‍ മുസ്‌ലിം രാജ്യങ്ങളിലും പാശ്ചാത്യ നാടുകളിലും നിരന്തരം നടത്തുന്ന ആക്രമണങ്ങളുമെല്ലാം ആഗോളതലത്തില്‍ പ്രതിസന്ധികളുടെ ഒരു ചുഴി തന്നെ സൃഷ്ടിച്ചിരിക്കെ ഒ.ഐ.സി ഉച്ചകോടിയിലേക്ക് വലിയ തോതില്‍ നിരീക്ഷക-മാധ്യമ ശ്രദ്ധ പതിഞ്ഞത് സ്വാഭാവികം.
ഇന്ന് ലോകത്ത് കരുത്തുറ്റ രാഷ്ട്രീയ-സാമ്പത്തിക ശക്തിയായി ഉദിച്ചുയരുകയും മിക്ക മുസ്‌ലിം രാഷ്ട്രങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന തുര്‍ക്കിയുടെ സാംസ്‌കാരിക തലസ്ഥാനമായ ഇസ്തംബൂളായിരുന്നു ഇപ്രാവശ്യത്തെ ഒ.ഐ.സി ഉച്ചകോടിക്ക് ആതിഥ്യമേകിയത്. ഒ.ഐ.സി നിലവില്‍ വന്നതിനു ശേഷം ആദ്യമായാണ് അതിന്റെ സമ്മേളനം തുര്‍ക്കിയില്‍ നടക്കുന്നത്. തീവ്രവാദി ആക്രമണങ്ങളും സുരക്ഷാ ഭീഷണികളും നേരിടുന്ന ഇസ്തംബൂളില്‍നിന്ന് സമ്മേളനം മറ്റേതെങ്കിലും സുരക്ഷിത നഗരത്തിലേക്ക് മാറ്റാതെ, പ്രമുഖ മുസ്‌ലിം രാഷ്ട്ര നേതാക്കളെ പങ്കെടുപ്പിച്ച് ഇവിടെത്തന്നെ നടത്തിയത് തീവ്രവാദത്തിനും ഭീകരതക്കുമെതിരായ ശക്തമായ താക്കീതായി ചൂണ്ടണ്ടിക്കാണിക്കപ്പെടുന്നു. സുഊദി ഭരണാധികാരി സല്‍മാന്‍ രാജാവടക്കം നാല്‍പതോളം രാജ്യങ്ങളില്‍നിന്നുള്ള ഉന്നത നേതാക്കളും പ്രതിനിധികളും മുസ്‌ലിം ലോകം ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ചചെയ്യാനും അവക്ക് പരിഹാരമാരായാനുമായി വളരെ താല്‍പര്യത്തോടെയാണ് ഒത്തുകൂടിയത്. തുര്‍ക്കി ഭരണകൂടവും മാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് സമ്മേളനത്തെ നോക്കിക്കണ്ടത്.
ഇസ്തംബൂള്‍ ഉച്ചകോടി മുതല്‍ അടുത്ത രണ്ടു വര്‍ഷം ഒ.ഐ.സി അധ്യക്ഷനായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നിയമിതനായിരിക്കുകയാണ്. മുസ്‌ലിം ലോകത്തെയും ലോക രാഷ്ട്രീയത്തിലെയും ആര്‍ജവമുള്ള നേതാവായി അറിയപ്പെടുന്ന ഉര്‍ദുഗാന്റെ നേതൃത്വം ഒ.ഐ.സിക്ക് പുതിയ ഉണര്‍വും ഊര്‍ജവും പകരുമെന്ന് പ്രതീക്ഷിക്കാം. വ്യക്തമായ ആസൂത്രണത്തോടെയാണ് തുര്‍ക്കി ഗവണ്‍മെന്റും ഉര്‍ദുഗാനും സമ്മേളനത്തെ സമീപിച്ചത്. ഒ.ഐ.സിയുടെ കീഴില്‍ ആവിഷ്‌കരിക്കാന്‍ പല പുതിയ പദ്ധതികളും ഉര്‍ദുഗാന്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുകയുണ്ടായി.
മുസ്‌ലിം ഉമ്മത്ത് അനുഭവിക്കുന്ന ഏറ്റവും വലിയ വിപത്തായ വംശീയ, മദ്ഹബ് വിഭാഗീയതകള്‍ക്കെതിരെ ശക്തമായ താക്കീത് നല്‍കിക്കൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. സിറിയ, ഇറാഖ്, യമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളിലുണ്ടായ ആഭ്യന്തര യുദ്ധങ്ങളുടെ ഉത്തരവാദിത്തം എല്ലാ മുസ്‌ലിം രാജ്യങ്ങളും ഏറ്റെടുക്കണമെന്നും ഈ രാജ്യങ്ങളില്‍നി
ന്നുള്ള അഭയാര്‍ഥി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ കൂട്ടായ ശ്രമം ആവശ്യമാണെന്നും അതിനുവേണ്ടി ഒരു പ്രായോഗിക പദ്ധതി ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒ.ഐ.സിക്കു കീഴില്‍ താഴെ പറയുന്ന സംരംഭങ്ങളും സ്ഥാപനങ്ങളും ആരംഭിക്കാന്‍ ഒരു പ്ലാന്‍ സമര്‍പ്പിക്കുകയുമുണ്ടായി:
1. അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ക്കെതിരെയും തീവ്രവാദത്തിനെതിരെയും പോരാടാന്‍ OIC Centre for Police Co-operation
2. യുദ്ധാനന്തര അടിയന്തര സഹായത്തിനും മറ്റു മാനുഷിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും OIC Red Crescent
3. മുസ്‌ലിം സ്ത്രീകളുടെ ഉന്നമനത്തിനായി OIC Women's Council
4. അംഗരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ ഊര്‍ജസ്വലമാക്കാനും തര്‍ക്കങ്ങള്‍ പരിഹരിക്കാനും OIC Centre for Arbitration
5. യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ മുസ്‌ലിം രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വത്തിനുള്ള ശക്തമായ നീക്കം.
ഇത്തരം സംരംഭങ്ങളുടെ ഭാഗമായാണ് ഉച്ചകോടിയുടെ രണ്ടു ദിവസം മുമ്പ് ഒ.ഐ.സിയുടെ ആദ്യ Youth Leaders' Summit ഇസ്തംബൂളില്‍ തന്നെ നടന്നത്. യുവനേതാക്കന്മാരുടെയും പ്രഫഷനലുകളുടെയും മറ്റും പങ്കാളിത്തവും സജീവമായ ഇടപെടലും കൊണ്ടണ്ടും സംഘാടനം കൊണ്ടും ഈ സമ്മേളനം വന്‍ വിജയമായിരുന്നു.
ഉര്‍ദുഗാന്റെ രാഷ്ട്രീയ ഗുരുവായിരുന്ന നജ്മുദ്ദീന്‍ അര്‍ബകാന്‍ സ്ഥിരമായി മുന്നോട്ടുവെക്കാറുള്ള നിര്‍ദേശങ്ങളായിരുന്നു നാറ്റോ മാതൃകയിലുള്ള മുസ്‌ലിം രാഷ്ട്ര സഖ്യം, ഇസ്‌ലാമിക് കറന്‍സി പോലുള്ള ആശയങ്ങള്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അവരുടെ കീഴില്‍ അവര്‍ക്കു മാത്രമായി ഇത്തരം സംരംഭങ്ങളാകാമെങ്കില്‍ എന്തുകൊണ്ട് മുസ്‌ലിംകള്‍ക്കുമായിക്കൂടാ? ഇതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാവണം ഉര്‍ദുഗാന്‍ ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിച്ചത്.
വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍നിന്നുള്ള, വിഭിന്ന രാഷ്ട്രീയ നിലപാടുകളും ഘടനകളുമുള്ള, സങ്കീര്‍ണ സാഹചര്യങ്ങള്‍ നേരിടുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയെ നയിക്കുക ഉര്‍ദുഗാനെ സംബന്ധിച്ചേടത്തോളം വെല്ലുവിളി തന്നെയാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തുര്‍ക്കിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഉര്‍ദുഗാന്‍ മുസ്‌ലിം രാഷ്ട്ര കൂട്ടായ്മയുടെ നേതൃത്വത്തിലും തിളങ്ങുമെന്ന് പ്രതീക്ഷിക്കാം. സമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളുടെ പ്രായോഗികതയിലും അംഗരാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിലും മറ്റും അടുത്ത രണ്ട് വര്‍ഷം തലപ്പത്തുള്ള തുര്‍ക്കിക്കും ഉര്‍ദുഗാന്നും എത്രത്തോളം വിജയിക്കാന്‍ കഴിയും എന്ന് കാത്തിരുന്നു കാണാം. തുര്‍ക്കി-സുഊദി ബന്ധം ഇപ്പോള്‍ കൂടുതല്‍ ദൃഢമായിക്കൊണ്ടണ്ടിരിക്കുന്നു. മറുവശത്ത് ഇറാനുമായി നല്ല ബന്ധം നിലനിര്‍ത്തുന്ന തുര്‍ക്കിക്ക് ഇറാന്‍-സുഊദി ബന്ധത്തില്‍ മഞ്ഞുരുക്കം ഉണ്ടാക്കാനായാല്‍ അത് മേഖലയില്‍ വലിയ മാറ്റത്തിന് കാരണമായിത്തീരും. പൊതുവെ ഭൂരിപക്ഷം മുസ്‌ലിം രാഷ്ട്രങ്ങളുമായി അടുത്ത സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്ന തുര്‍ക്കിയുടെ കീഴില്‍ ഒ.ഐ.സിക്ക് പ്രതീക്ഷാനിര്‍ഭരമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കാം.
(ഇസ്തംബൂള്‍ സര്‍വകലാശാലയിലെ റിസര്‍ച്ച് സ്‌കോളറാണ് ലേഖകന്‍)
Comments