Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 29

2949

1437 റജബ് 21

'നിങ്ങള്‍ നിങ്ങളെയും ജീവിതത്തെയും സ്‌നേഹിച്ചുതുടങ്ങുക'

ഡോ.ജാസിമുല്‍ മുത്വവ്വ

'ഛെ, ആകെ ഒരു മടുപ്പ്', 'എനിക്ക് ഒന്നിനും തോന്നുന്നില്ല', 'മനസ്സാകെ കലങ്ങിയിരിക്കുന്നു', 'ജീവിതം പതിവിന്‍ പടിയുള്ള ഒരേ ചിട്ടകള്‍', 'എന്ത് ചെയ്യണമെന്ന് എനിക്ക് മനസ്സിലാവുന്നില്ല', 'അശുഭ ചിന്തകളാണ് ആകെ', 'എന്തെന്നറിയില്ല ഒരു വിമ്മിട്ടം', 'എല്ലാറ്റിനോടും എല്ലാവരോടും ഒരു വെറുപ്പ്', 'ആരെയും വിശ്വസിക്കാന്‍ കൊള്ളില്ല' - നാമെല്ലാവരും ദിനേന പല സദസ്സുകളില്‍ കേള്‍ക്കുന്നതും ട്വിറ്ററിലും മറ്റും വായിക്കുന്നതുമായ പദാവലികളാണിവ. നാം വായിക്കുന്നതും കേള്‍ക്കുന്നതുമായ പല സന്ദേശങ്ങളും നിഷേധാത്മക സ്വഭാവത്തിലുള്ളതാണ്. ക്രിയാത്മക സ്വഭാവത്തിലുള്ളത് വളരെ കുറച്ചേയുള്ളൂ. ഒരു കുടുംബസദസ്സില്‍ എനിക്ക് കേള്‍ക്കേണ്ടിവന്നു ഇത്തരം കുറേ വാചകങ്ങള്‍. ഞാന്‍ അവരോട് പറഞ്ഞു: 'നിങ്ങള്‍ ചുറ്റിലേക്കും ഒന്ന് തിരിഞ്ഞുനോക്കൂ. നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത മഹത്തായ അനുഗ്രഹങ്ങളെക്കുറിച്ച് ഓര്‍ക്കൂ. ശുഭാപ്തിയോടും രചനാത്മക ചിന്തകളോടും കൂടി ജീവിക്കൂ.' ഉടനെ വന്നു ഒരാളുടെ മറുപടി: 'ക്രിയാത്മകമായി ചിന്തിക്കാനും ജീവിക്കാനും എങ്ങനെയാണ് കഴിയുക? നമ്മുടെ ചുറ്റിലുമുള്ള അവസ്ഥകള്‍ നിങ്ങള്‍ കണ്ടില്ലേ? രാഷ്ട്രീയം ദുഷിച്ചു, സാമ്പത്തിക രംഗം തകര്‍ന്നു, വിദ്യാഭ്യാസ നിലവാരം താണു, പത്രങ്ങളും പ്രക്ഷേപണ മാധ്യമങ്ങളും വഴിപിഴപ്പിക്കുകയാണ്...' ഞാന്‍ ഇടപെട്ടു ചോദിച്ചു: 'കാര്യങ്ങളൊക്കെ ഈവിധം തകര്‍ച്ചയിലാണെന്ന് സമ്മതിക്കാം. നിങ്ങളുടെ അവസ്ഥയെന്താണ്? നിങ്ങള്‍ നിങ്ങളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?' എന്റെ ഈ ചോദ്യം അയാള്‍ തീരെ നിനയ്ക്കാത്തതായിരുന്നു. അയാള്‍ അല്‍പം അന്ധാളിച്ചിട്ടുണ്ടെന്ന് ആ മുഖത്തുനിന്ന് ഞാന്‍ വായിച്ചറിഞ്ഞു.
അയാള്‍ പറഞ്ഞു: 'നിങ്ങളുടെ ചോദ്യം എന്നെ ഞെട്ടിച്ചുകളഞ്ഞു.'
ഞാന്‍: 'ഞാന്‍ വീണ്ടും എന്റെ ചോദ്യം ആവര്‍ത്തിക്കുകയാണ്, നിങ്ങള്‍ നിങ്ങളെ എങ്ങനെ കാണുന്നു?' തന്ത്രപരമായ ഒരു മറുപടിയാണ് അയാള്‍ അതിന് നല്‍കിയത്.
ഞാന്‍ തുടര്‍ന്നു പറഞ്ഞു: 'വിമര്‍ശിക്കാന്‍ നമുക്ക് എളുപ്പമാണ്. നമ്മെ വളര്‍ത്താനും നമ്മുടെ സ്വഭാവവും സമീപനവും അഭിവൃദ്ധിപ്പെടുത്താനും നമ്മില്‍തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് ഗുണപ്രദമായ മാറ്റങ്ങള്‍ വരുത്താനും നമുക്ക് പ്രയാസമാണ്. പരിഷ്‌കര്‍ത്താക്കളും ജീവിതവിജയം നേടിയവരുമായ വ്യക്തികളെക്കുറിച്ച് പഠിച്ചാല്‍ ഒരു കാര്യം നമുക്ക് ബോധ്യപ്പെടും: അവര്‍ കുറഞ്ഞ സംസാരവും കൂടുതല്‍ കര്‍മവും ശീലിച്ചവരാണ്.' ആ സംസാരം അങ്ങനെ തീര്‍ന്നു.
നാം നമ്മോടും നമ്മുടെ സ്വന്തത്തോടുമൊപ്പം തെല്ലിട ഇരിക്കുകയാണ് ഒന്നാമത്തെ ചുവടുവെപ്പ്. വിമര്‍ശനവും നിരൂപണവും പരാതികളും പറയുന്നതില്‍നിന്ന് നാവിനെ തടഞ്ഞുനിര്‍ത്തുകയാണ് രണ്ടാമത് വേണ്ടത്. പ്രകൃതിയോടൊപ്പം ജീവിക്കുക, വരയ്ക്കുക, പാടുക, കളിവിനോദങ്ങളില്‍ ഏര്‍പ്പെടുക, അല്ലാഹുവിനെ സ്മരിക്കുക, സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിരതനാവുക, സാധുക്കളെ സഹായിക്കുക, ചുറ്റുപാടും മാനസിക പരിസരവും മാറ്റിയെടുക്കാന്‍ യാത്രചെയ്യുക, കാര്യങ്ങളെ ക്രിയാത്മകമായി കാണുക, നമ്മുടെ മനസ്സിന് ഇണങ്ങുന്നവരുമായി കൂട്ടുകൂടുക, അവരുമായി ചങ്ങാത്തം സ്ഥാപിക്കുക, മനസ്സിനെ വേണ്ടാ വിചാരങ്ങളില്‍ അലയാന്‍ അനുവദിക്കാതെ ഏതിലും സന്തുലിത സമീപനം കൈക്കൊള്ളുക.
സ്വത്വത്തെക്കുറിച്ച് ചിന്തിക്കുകയും അതിനെ വളര്‍ത്തുകയും വികസിപ്പിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയുമാണ് അടിസ്ഥാനപരമായി വേണ്ടത്. പല ഉപായങ്ങളും കണ്ടുപിടിച്ച് അധികപേരും ഇതില്‍നിന്ന് ഓടിയൊളിക്കുകയാണ്. രാത്രി ഉറക്കമിളച്ചും മൊബൈല്‍ ഫോണുകളില്‍ സമയം ചെലവിട്ടും അപവാദങ്ങളിലും കിംവദന്തികളിലും വേണ്ടാ വര്‍ത്തമാനങ്ങളിലും മുഴുകിയും സ്വന്തത്തെ മറക്കും. സ്വന്തം സ്വത്വത്തെ അഭിമുഖീകരിക്കുന്നതില്‍നിന്നുള്ള ഒളിച്ചോട്ടമാണ് ഇതൊക്കെയും. കാറിലോ വിമാനത്തിലോ തനിച്ച് യാത്ര ചെയ്യേണ്ടിവരുമ്പോഴും കാത്തിരിപ്പു വേളകളിലും തങ്ങളെക്കുറിച്ച് ആലോചിക്കാതെ എന്തെങ്കിലും വേലകളില്‍ വ്യാപൃതരായിരിക്കും ഏറെ പേരും. തങ്ങളിലെ ഇല്ലായ്മകളെക്കുറിച്ചും കുറവുകളെക്കുറിച്ചുമോര്‍ത്ത് വ്യാകുലപ്പെടും അന്നേരങ്ങളില്‍ അവര്‍. തങ്ങളെ അഭിമുഖീകരിക്കുന്നതില്‍നിന്നുള്ള ഒളിച്ചോട്ടമാണ് യഥാര്‍ഥത്തില്‍ ഇവിടെ നടക്കുന്നത്. സന്ദര്‍ഭവശാല്‍ എനിക്ക് ഒരാളെ ഓര്‍മ വന്നു. അയാള്‍ എന്നോട്: 'ഞാന്‍ എന്നില്‍നിന്ന് ഓടിയൊളിക്കുകയാണ്.' അയാള്‍ തന്നെക്കുറിച്ച യാതൊന്നും ആലോചിക്കാതെ സ്വന്തം വിഷയങ്ങളില്‍ വീഴ്ച വരുത്തുന്ന ആളാണെന്ന് തുടര്‍ന്നുള്ള സംസാരത്തില്‍ എനിക്ക് ബോധ്യപ്പെട്ടു. അയാള്‍ അല്‍പനേരം തന്നെക്കുറിച്ച് ആലോചിച്ച് സ്വയം തിരുത്താന്‍ തയാറായിരുന്നുവെങ്കില്‍ അയാള്‍ക്ക്, തന്നെയും തന്റെ പരിസരത്തുള്ളവരെയും സ്‌നേഹിച്ചു തുടങ്ങാനുള്ള വഴി തുറന്നുകിട്ടുമായിരുന്നു.
നമ്മുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കണം. പുതുതായി എന്തെങ്കിലും പഠിക്കണം. ആരോഗ്യദായകമായ ഭക്ഷണം കഴിക്കണം. നമ്മുടെ തെറ്റുകളില്‍നിന്ന് പാഠമുള്‍ക്കൊള്ളണം, വിശ്രമം വേണം, നേരത്തേ ഉറങ്ങണം, നമസ്‌കാരം കൃത്യസമയങ്ങളില്‍ അനുഷ്ഠിക്കണം, രാവിലെയും വൈകുന്നേരവുമുള്ള ദിക്‌റുകള്‍ ഉരുവിടണം, സ്വന്തത്തെ കുറ്റപ്പെടുത്തുന്ന പ്രവണതയില്‍നിന്ന് മനസ്സിനെ തടഞ്ഞുനിര്‍ത്തണം, ആഴ്ചയില്‍ ഒരു ദിവസം ടെലിവിഷന്‍ മുക്തദിനമാകട്ടെ, പുറത്തു പോയി മക്കളുമൊത്ത് കളിവിനോദങ്ങളില്‍ ഏര്‍പ്പെടണം, നാം ജീവിക്കുന്ന സൗഭാഗ്യനിമിഷങ്ങള്‍ കുറഞ്ഞതായാലും അതാസ്വദിക്കുക, പുതിയ സുഹൃത്തുക്കളെ കണ്ടെത്തുക, ചില ജോലികള്‍ നാം തന്നെ സ്വയം ചെയ്യുക.. അങ്ങനെ പല മാര്‍ഗങ്ങളുമുണ്ട് മനംമടുപ്പിക്കുന്ന ജീവിതത്തിന്റെ ചാക്രികഗമനത്തില്‍നിന്ന് മോചനം നേടാന്‍.
നബി(സ)യുടെ ജീവിത ചരിത്രം പഠിച്ചുനോക്കൂ. നിരവധി സങ്കീര്‍ണ പ്രശ്‌നങ്ങള്‍ ഓരോ നിമിഷവും നബി(സ)യെ വേട്ടയാടിക്കൊണ്ടിരുന്നിട്ടും ജനങ്ങളില്‍ ഏറ്റവും പ്രസന്നവദനനായിരുന്നു അല്ലാഹുവിന്റെ ദൂതന്‍. ആ മുഖത്ത് എപ്പോഴും പുഞ്ചിരിയുടെ പൂത്തിരി കത്തുന്നുണ്ടാവും. പുഞ്ചിരി ഒരു നാട്യമായിരുന്നില്ല. അതൊരു യാഥാര്‍ഥ്യമായിരുന്നു. നമുക്ക് അത് പരിശീലിച്ച് വശമാക്കാം. ഏതൊക്ക, എന്തൊക്കെ പ്രതിസന്ധികളിലൂടെയാണ് നബി (സ) കടന്നുപോയത്? തന്റെ പത്‌നി ഖദീജ (റ) മരണപ്പെട്ടു. ഫാത്വിമ (റ) ഒഴികെയുള്ള പെണ്‍മക്കളെല്ലാം മരിച്ചു. പേരക്കുട്ടികളില്‍ ചിലര്‍ മരിച്ചു. പല ഗോത്രങ്ങളും നബി(സ)യുടെ മേല്‍ ഹിംസ്ര ജന്തുക്കളെ പോലെ ചാടിവീണു. സ്വന്തം നാട്ടില്‍നിന്നും പുറത്താക്കപ്പെട്ടു. കപട വിശ്വാസികളും അവിശ്വാസികളും ഓരോ നിമിഷവും ആ പ്രവാചകന്നെതിരില്‍ ഉപജാപങ്ങള്‍ മെനഞ്ഞുകൊണ്ടിരുന്നു. ഇങ്ങനെയൊക്കെയായിട്ടും നബി(സ)യുടെ ഉള്ളില്‍ സമാധാനവും ശാന്തിയും നിറഞ്ഞുനിന്നു. ആ മുഖത്തുനിന്ന് അത് വായിച്ചെടുക്കാമായിരുന്നു. പുഞ്ചിരി തൂകുന്ന മുഖത്തോടെ മാത്രമേ നബി(സ)യെ കാണാന്‍ കഴിയുമായിരുന്നുള്ളൂ. നബി(സ) ജീവിച്ച പോലെ ജീവിക്കാന്‍ നമുക്കിന്ന് കഴിയുമോ? ആ മന്ദസ്മിത ഭാവം മുഖത്തും ശരീരഭാഷയിലും വരുത്താന്‍ നമുക്കാവുമോ? കഴിയും എന്നുതന്നെയാണ് ഉത്തരം. അല്ലാഹുവിലുള്ള വിശ്വാസം, തവക്കുല്‍, ജീവിത യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടുകയും കാര്യങ്ങളുടെ പരിണതി അല്ലാഹുവിനെ ഏല്‍പ്പിക്കുകയും ചെയ്യുന്ന സ്വഭാവം, നന്മയും തിന്മയും അല്ലാഹുവിന്റെ വിധിയും നിശ്ചയവും അനുസരിച്ചാണ് സംഭവിക്കുന്നതെന്ന വിശ്വാസം- ഈ മൂല്യങ്ങളില്‍ നാം നമ്മെ വളര്‍ത്തണം. എങ്കില്‍ നബിയുടെ പുഞ്ചിരി നമ്മുടെ മുഖത്തും കളിയാടും. 
വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /16-20
എ.വൈ.ആര്‍