ആരാധനകള്‍ ബഹളമയമാകുമ്പോള്‍ സംഭവിക്കുന്നത്
മതവും മതമേലധ്യക്ഷന്മാരും മേധാവിത്വം പുലര്‍ത്തിയിരുന്ന മധ്യകാലഘട്ടത്തിനും, മതത്തെ പഴഞ്ചനാക്കി ശാസ്ത്രം മേധാവിത്വം പുലര്‍ത്തിയ ആധുനികതക്കും ശേഷം, മതം പൊതുജന പങ്കാളിത്തമുള്ള ആഘോഷമായി മാറിയ ആധുനികോത്തര കാലത്താണ് നാം ജീവിക്കുന്നത്. അന്താ രാഷ്ട്ര മാര്‍ക്കറ്റില്‍തന്നെ ഏറ്റവും കൂടുതല്‍ വിപണിമൂല്യമുള്ള ചരക്കാണ് ഇന്ന് മതവും മതചിഹ്നങ്ങളും മതപശ്ചാത്തലമുള്ള ആഘോഷങ്ങളും.
ആരാധനകള്‍ ആഘോഷമായ കാലമാണ് നമ്മുടേത്. ഇസ്‌ലാമാകട്ടെ, ആഘോഷങ്ങള്‍ക്ക് ആരാധനാഭാവം നല്‍കുകയാണ് ചെയ്യുന്നത്. ഇസ്‌ലാമിലെ സുപ്രധാനമായ രണ്ട് ആഘോഷങ്ങളാണല്ലോ ഈദുല്‍ ഫിത്വ്‌റും ഈദുല്‍ അദ്ഹായും. ഇസ്‌ലാം നിര്‍ദേശിക്കുന്ന അടിസ്ഥാന ആരാധനാ കര്‍മമായ നമസ്‌കാരം തുടങ്ങുന്ന അതേ വാചകങ്ങള്‍ കൊണ്ട് തന്നെയാണ് ഇരു പെരുന്നാളുകളും ആരംഭിക്കുന്നത്. രണ്ട് പെരുന്നാളുകളും സുപ്രധാനമായ രണ്ട് ആരാധനാ കര്‍മങ്ങളുടെ പരിസമാപ്തിയായാണ് വരുന്നത്; ഒന്ന് നോമ്പിന്റെയും മറ്റേത് ഹജ്ജിന്റെയും. ആരാധനക്കും ആഘോഷത്തിനും ഇടയിലുള്ള ഈ ബന്ധം തന്നെയാണ് ഇസ്‌ലാമിന്റെ സൗന്ദര്യം.
ഒരു മാസം പകല്‍ മുഴുവന്‍ പട്ടിണി കിടക്കുന്നത് നിര്‍ബന്ധമായ ഒരു വിശ്വാസിക്ക് പെരുന്നാള്‍ ദിനം പട്ടിണി കിടക്കുന്നത് നിഷിദ്ധമാകുന്നതിലുള്ള വൈരുധ്യം എന്തോ അതാണ് ഇസ്‌ലാം. പ്രത്യക്ഷത്തില്‍ പട്ടിണിയാണ് നോമ്പ്. പക്ഷേ, പട്ടിണിയല്ല അതിന്റെ ആത്യന്തിക ലക്ഷ്യം. ആയിരുന്നെങ്കില്‍ പെരുന്നാളിനും പട്ടിണി കിടക്കാന്‍ സാധിക്കുന്നവരെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കേണ്ടതായിരുന്നു. പെരുന്നാള്‍ തുടങ്ങുന്നതു തന്നെ തക്ബീര്‍ ധ്വനികള്‍ കൊണ്ടാണ്. തക്ബീര്‍ ധ്വനികള്‍ പെരുന്നാളിന് ആരാധനാഭാവം നല്‍കുന്നതോടൊപ്പം തന്നെ, അതിന് ഒരു ആഹ്ലാദസ്വരം ഉണ്ട്. പെരുന്നാള്‍ നമസ്‌കാരമാണ് പെരുന്നാളിന്റെ ആത്മാവ്. എന്നാല്‍, പെരുന്നാള്‍ നമസ്‌കാരം നടക്കേണ്ടത് പള്ളിയിലല്ല, തുറന്ന മൈതാനിയിലാണ്. സ്ത്രീകള്‍ക്ക് പങ്കെടുക്കാനുള്ള സൗകര്യത്തിനു വേണ്ടി എന്നതാണ് ഈദ്ഗാഹുകളുടെ പ്രസക്തിയായി പറയപ്പെടാറുള്ളത്. പല കാരണങ്ങളില്‍ അത് ഒരു കാരണമാവാമെങ്കിലും അതല്ല ഈദ്ഗാഹ്. എല്ലാ ആഴ്ചയും പള്ളിയില്‍ നടത്തുന്ന ഖുത്വ്ബയും നമസ്‌കാരവും പെരുന്നാള്‍ ദിനത്തില്‍ പുറത്തേക്കിറക്കൂ എന്നതാകാം ഈദ്ഗാഹുകള്‍ വിളിച്ചുപറയുന്നത്. മഴയുള്ള ദിവസങ്ങളിലല്ലാതെ, പ്രവാചകന്റെ തലമുറ പെരുന്നാള്‍ നമസ്‌കാരം പള്ളിയില്‍ നടത്തിയിട്ടില്ല എന്നതാണ് ചരിത്രം. ഇന്ന്, പക്ഷേ പെരുന്നാള്‍ ദിനത്തില്‍ ഹറമില്‍ പോയി നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതില്‍ എന്തോ പുണ്യമുള്ളതുപോലെയാണ് മനസ്സിലാക്കപ്പെട്ടുവരുന്നത്. വെള്ളിയാഴ്ച നമസ്‌കാരങ്ങള്‍ പോലെയല്ല പെരുന്നാള്‍ നമസ്‌കാരം. ആദ്യം നടക്കേണ്ടത് നമസ്‌കാരമാണ്, ഖുത്വ്ബയല്ല. വെള്ളിയാഴ്ച ഖുത്വ്ബക്ക് വൈകുന്നത് മാലാഖമാര്‍ ഹാജര്‍ പട്ടികയില്‍ പേരെഴുതാതിരിക്കാന്‍ കാരണമാകുമെങ്കില്‍, പെരുന്നാള്‍ ദിനം ഖുത്വ്ബയില്‍ പങ്കെടുക്കാതിരിക്കാനുള്ള അനുവാദം കൂടി നല്‍കുന്നുണ്ട് പ്രവാചകന്‍.
ഇസ്‌ലാമിലെ ആരാധനകള്‍ക്ക് ആത്മീയഭാവം മാത്രമല്ല ഉള്ളത്. അത് സഹജീവികളുടെ ആവശ്യങ്ങളോടും വികാരങ്ങളോടും ഒട്ടിനിന്ന് നിര്‍വഹിക്കപ്പെടേണ്ടതുകൂടിയാണ്. അലി(റ)യുടെ മുതുകില്‍ തറച്ച വില്ല് പുറത്തെടുത്തതും, ചികിത്സകരുടെ നിര്‍ദേശമനുസരിച്ച് ഉര്‍വ(റ)യുടെ കാല്‍ മുറിച്ചുമാറ്റുന്നതും നമസ്‌കാരത്തിലായിരുന്നു എന്ന് ഇസ്‌ലാമിക ചരിത്രത്തില്‍ കാണാം. എന്നാല്‍, ആത്മീയതയുടെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ എത്തിയ ഇത്തരം അനേകായിരം മഹാന്മാരെ വാര്‍ത്തെടുത്ത പ്രവാചകന്‍ (സ) തന്നെയാണ് നമസ്‌കാരത്തിനിടക്ക് ഒരു കുഞ്ഞ് കരഞ്ഞതു കേട്ട് നമസ്‌കാരത്തിന്റെ ദൈര്‍ഘ്യം കുറച്ചത്. അതിനെ കുറിച്ച് നബി പറഞ്ഞത് ആ കുഞ്ഞിന്റെ മാതാവിന്റെ വികാരങ്ങളെ ഞാന്‍ ഉള്‍ക്കൊള്ളുന്നു എന്നായിരുന്നു. കാലില്‍ നീര് വരുവോളം രാത്രി നിന്ന് നമസ്‌കരിച്ചപ്പോള്‍, 'എന്തിനാണ് പ്രവാചകരേ ഇങ്ങനെ കഷ്ടപ്പെടുന്നത്?' എന്ന് ചോദിച്ച പ്രിയതമയോട് 'ഒരു നന്ദിയുള്ള അടിമയാകേണ്ടതില്ലേ ഞാന്‍' എന്ന് തിരിച്ചു ചോദിച്ച പ്രവാചകന്‍ തന്നെയായിരുന്നല്ലോ അത്. അഗതിക്ക് ആഹാരം നല്‍കാന്‍ ഒരു പ്രേരണയും ചെലുത്താത്ത നമസ്‌കാരത്തെ, നമസ്‌കാരമായിട്ടല്ലല്ലോ ഇസ്‌ലാം കാണുന്നത്. 'അത്തരക്കാര്‍ക്ക് നാശം' എന്നാണ് ഖുര്‍ആന്‍ പറയുന്നത്. നമസ്‌കാരവും സകാത്തും ബന്ധുമിത്രാദികളെ സംരക്ഷിക്കുന്നതുമെല്ലാം എത്ര തവണയാണ് ഖുര്‍ആന്‍ ഒരേ സൂക്തത്തില്‍ ഒരുമിച്ചുചേര്‍ത്ത് ആവര്‍ത്തിച്ചിട്ടുള്ളത്. ഇതേ തത്ത്വം തന്നെയാണ് ആരാധനകളോട് ചേര്‍ത്തുപറഞ്ഞ ആഘോഷങ്ങളിലും അടങ്ങിയിട്ടുള്ളത്. പെരുന്നാളിന് പട്ടിണി കിടക്കരുത് എന്നു മാത്രമല്ല ഇസ്‌ലാമിന്റെ അധ്യാപനം. പട്ടിണി കിടക്കുന്ന ഒരാളും ഉണ്ടാകരുത് എന്നതുകൂടിയാണ് പെരുന്നാള്‍. കുടുംബത്തില്‍ ജനിച്ച ഓരോ കുഞ്ഞിന്റെയും തലയെണ്ണമെടുത്ത് ഇല്ലാത്തവന് ഭക്ഷണം നല്‍കണം എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. എന്തിനാണ് തലയെണ്ണമെടുക്കുന്നത് എന്ന് ചോദിക്കാം. കൊടുക്കുന്നവന്‍ എന്തെങ്കിലും, എത്രയെങ്കിലും കൊടുത്ത് കടമ നിര്‍വഹിക്കേണ്ടതല്ല ഫിത്വ്ര്‍ സകാത്ത്. നല്‍കുന്നവന്റെ വീട്ടില്‍ ഉള്ളതുപോലെ തന്നെയോ അതില്‍ അധികമോ അംഗങ്ങള്‍ ഉണ്ടാകാം നല്‍കപ്പെടുന്നവന്റെ കുടുംബത്തില്‍. തന്റെ കുടുംബത്തിലെ ഓരോ അംഗത്തിന്റെയും ഉത്തരവാദിത്തം തന്നില്‍ അര്‍പ്പിക്കപ്പെടുന്നതുപോലെ, അങ്ങനെയൊരു ചുമതല ഉണ്ടായിരിക്കെ തന്നെ അത് നേരാംവണ്ണം നിര്‍വഹിക്കാന്‍ സാധിക്കാത്തവര്‍ കൂടി ജീവിക്കുന്ന ചുറ്റുപാടിനെ പരിഗണിക്കണമെന്നാണ് ഫിത്വ്ര്‍ സകാത്ത് ആവശ്യപ്പെടുന്നത്.
'ബലി' എന്നത് ബലിപെരുന്നാളിലെ സുപ്രധാനമായ ഒരു ആരാധനാകര്‍മം ആകുന്നതോടൊപ്പം, അത് പട്ടിണി മാറ്റുന്നതിനുള്ള ഉപാധി കൂടിയാകുന്നു. സാമ്പത്തികമായി കഴിവുള്ളവന്‍ ചെയ്യേണ്ട കര്‍മമാണ് ബലി. പക്ഷേ, ബലിമാംസം എല്ലാവരിലും എത്തുന്നതോടെ ബലി നിര്‍വഹിക്കാന്‍ കഴിവുള്ളവനും കഴിവില്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാകുന്നു. എല്ലാവര്‍ക്കും ഒരുപോലെ ബലിമാംസം ലഭിക്കുന്നു. ആഘോഷങ്ങള്‍ മാത്രമല്ല, വീട്ടില്‍ ഉണ്ടാകുന്ന ചെറിയ സന്തോഷങ്ങള്‍ പോലും അയല്‍പക്കക്കാരോടും കുടുംബക്കാരോടും ഒരുമിച്ചാകട്ടെ എന്നതാണല്ലോ കുഞ്ഞ് ജനിച്ചാല്‍ 'അഖീഖ' അറുത്ത് വിതരണം ചെയ്യുന്നത് പുണ്യകര്‍മമായി പഠിപ്പിച്ചതില്‍നിന്ന് വ്യക്തമാകുന്നത്. ആരാധനകളില്‍ വരുന്ന ബോധപൂര്‍വമായ വീഴ്ചകള്‍ക്കുള്ള പ്രായശ്ചിത്തം പോലും പള്ളിയിലേക്ക് നേര്‍ച്ച നേരുക എന്നതല്ല; അടിമയെ മോചിപ്പിക്കുകയാണ്, അഗതിക്ക് ആഹാരം കൊടുക്കുകയാണ്. വീഴ്ചകളെയും ദൗര്‍ബല്യങ്ങളെയും ശക്തിയാക്കി മാറ്റി, അത് സമൂഹത്തിലേക്ക് ഏറ്റവും ക്രിയാത്മകമായ രീതിയില്‍ തിരിച്ചുവിടുകയാണ് ഇസ്‌ലാം.
ആരാധനകള്‍ മനസ്സാന്നിധ്യത്തോടെയും ഭക്തിയോടെയും നിര്‍വഹിക്കണം എന്നതാണ് ഇസ്‌ലാമിന്റെ താല്‍പര്യം. പക്ഷേ, നിര്‍വഹിക്കുന്ന ആരാധന ദൈവ പ്രീതിയേക്കാള്‍ മറ്റു ലക്ഷ്യങ്ങള്‍ക്കു വേിയാവുമ്പോള്‍ അത് ബഹുദൈവാരാധനയുടെ അക്കൗണ്ടിലേക്കാണ് പോകുന്നത്. മറ്റുള്ളവരെ കാണിക്കുന്നതിനായി സാവധാനം നിര്‍വഹിക്കുന്ന നമസ്‌കാരം 'ഗോപ്യമായ ശിര്‍ക്ക്' ആണ് എന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചത് അതുകൊണ്ടാണ്. പ്രവാചകനോട് ഒരു അനുചരന്‍ ചോദിച്ചു: ''പ്രവാചകരേ, ഞാന്‍ സല്‍ക്കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ടുതന്നെയാണ് ചെയ്യുന്നത്. പക്ഷേ, ഐഹികമായ ചില ആഗ്രഹങ്ങളും എനിക്ക് ഉണ്ടാകാറുണ്ട്. അതില്‍ തെറ്റുണ്ടോ?'' ഇതിനു മറുപടി എന്ന നിലക്ക് വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിക്കുകയാണ് ചെയ്തത്; ''തങ്ങളുടെ നാഥനെ ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊള്ളട്ടെ. (സല്‍ക്കര്‍മങ്ങളിലൂടെ) തന്റെ നാഥനെ ഉപാസിക്കുന്നതില്‍ മറ്റൊരാളെയും പങ്കാളിയാക്കാതിരിക്കുകയും ചെയ്യട്ടെ'' (അല്‍ കഹ്ഫ് 110).
ആരാധനകളിലെ ഏകദൈവത്വ അംശങ്ങള്‍ ചോര്‍ന്നുപോവുകയും, ഇതര താല്‍പര്യങ്ങള്‍ കടന്നുകൂടുകയും ചെയ്യുമ്പോഴാണ് അവ കേവല ആഘോഷങ്ങളായി മാറുന്നത്. ആരാധനകള്‍ കേവല ആഘോഷങ്ങളാകുന്നതിനെ ഇസ്‌ലാം ഒരു നിലക്കും അംഗീകരിക്കുന്നില്ല. അതിനുള്ള ഓരോ സാധ്യതയെയും ഇസ്‌ലാം മുളയിലേ നുള്ളിക്കളയുന്നുണ്ട്. ദിക്ര്‍ ഹല്‍ഖകള്‍ (ദൈവസ്മരണാ സദസ്സുകള്‍) പ്രോത്സാഹിപ്പിക്കുന്നുണ്ട് പ്രവാചകന്‍ (സ). ദിക്‌റിന്റെ സദസ്സുകളെ മാലാഖമാര്‍ പൊതിയും എന്നാണ് റസൂല്‍ പഠിപ്പിക്കുന്നത്. അതേ പ്രവാചകന്‍ തന്നെ ദിക്‌റും പ്രാര്‍ഥനകളും അമിതമാകരുതെന്നും ശബ്ദമുഖരിതമാകരുതെന്നും ഉണര്‍ത്തുന്നു്. ഉച്ചത്തില്‍ പ്രാര്‍ഥനകള്‍ നടത്തുന്ന അനുയായികളുടെ സദസ്സിലൂടെ കടന്നുപോയ നബി (സ) പറഞ്ഞത് പ്രസക്തമാണ്: ''ജനങ്ങളേ, നിങ്ങള്‍ സ്വയം നിയന്ത്രിക്കുക. ചെവി കേള്‍ക്കാത്തവനെയോ നിങ്ങളുടെ സദസ്സില്‍ ഇല്ലാത്തവനെയോ അല്ല നിങ്ങള്‍ വിളിക്കുന്നത് എന്ന് മനസ്സിലാക്കുക. തീര്‍ച്ചയായും അവന്‍ എല്ലാം സൂക്ഷ്മമായി കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു'' (ബുഖാരി).
ശബ്ദമുഖരിതമാവുകയും തികച്ചും സ്വകാര്യമാവുകയും ചെയ്യുന്ന രണ്ട് നിലപാടുകള്‍ക്ക് മധ്യേയാണ് ഇസ്‌ലാം നിലകൊള്ളുന്നത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ അല്ലാഹുവിനെയോ കാരുണ്യവാനെയോ പ്രാര്‍ഥിച്ചുകൊള്ളുക. ആരെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചാലും അവന് അത്യുത്തമങ്ങളായ നാമങ്ങള്‍ ഉണ്ടെന്നറിയുക. നിന്റെ പ്രാര്‍ഥന ഉച്ചത്തില്‍ ആകരുത്. വളരെ പതുങ്ങിയ സ്വരത്തിലും ആകേണ്ടതില്ല. രണ്ടിനും ഇടയില്‍ ഒരു മധ്യമ നിലപാട് സ്വീകരിക്കുക'' (അല്‍ ഇസ്‌റാഅ് 110). മക്കയിലെ ബഹുദൈവാരാധകര്‍ അല്ലാഹുവിന്റെ 'റഹ്മാന്‍' (കാരുണ്യവാന്‍) എന്ന നാമം അംഗീകരിച്ചിരുന്നില്ല. എന്നാല്‍ 'അല്ലാഹു' എന്നത് അവര്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. 'അല്ലാഹു' എന്ന് അവര്‍ വിളിച്ചിരുന്ന അതേ ഏകദൈവം തന്നെയാണ് 'റഹ്മാന്‍'. അതിനാല്‍ ഏതു പേരു വിളിച്ചു പ്രാര്‍ഥിച്ചാലും അത് ഏകദൈവത്തോടായിരിക്കണം എന്നതാണ് ഈ സൂക്തത്തിന്റെ ഒന്നാമത്തെ താല്‍പര്യം. രണ്ടാമത്, പ്രാര്‍ഥന ബഹുദൈവത്വ അംശങ്ങളില്‍നിന്ന് മുക്തമാകണമെന്നതോടൊപ്പം തന്നെ അത് സാമൂഹിക പങ്കാളിത്തം ഇല്ലാത്ത തികഞ്ഞ സ്വകാര്യ ഇടപാട് മാത്രമായിപ്പോകരുത്. അതേസമയം പ്രാര്‍ഥിക്കുന്നവരെ ഉന്മത്തരാക്കുകയും അപരരെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ ബഹളമയമാകുന്നതിനോടും ഇസ്‌ലാം എതിരു നില്‍ക്കുന്നു. എല്ലാ വിഷയങ്ങളിലും പുലര്‍ത്തുന്ന മധ്യമ നിലപാട് തന്നെയാണ് 'പ്രാര്‍ഥന'യുടെ കാര്യത്തിലും ഇസ്‌ലാം പുലര്‍ത്തുന്നത് എന്നര്‍ഥം. മേല്‍സൂക്തത്തെ ശത്രുക്കളുടെ ശല്യം അസഹ്യമായിരുന്ന മക്കയിലെ പ്രത്യേക പശ്ചാത്തലത്തോട് മാത്രം ബന്ധപ്പെടുത്തി വ്യാഖ്യാനിച്ചിട്ടു് പല വ്യാഖ്യാതാക്കളും. എന്നാല്‍, വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളെ ചില അവതരണ പശ്ചാത്തലങ്ങളിലേക്ക് ഒതുക്കുന്നത് ഒരിക്കലും നീതീകരിക്കാവതല്ല. എന്നല്ല, ഇതിന് വിപരീതമായ ഒരു നിലപാട് റസൂല്‍ (സ) പില്‍ക്കാലത്ത് സ്വീകരിച്ചതായും കാണാനാവുന്നില്ല.
ആരാധനകള്‍ അതിരു കടക്കാതിരിക്കുക എന്നത് കേവലം 'തത്ത്വം' മാത്രമല്ല. വ്യക്തിയുടെ ആത്മീയ നിലപാട് എങ്ങനെയായിരിക്കണം എന്നതു പോലെതന്നെ, അത് പ്രകൃതിയില്‍ എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്നത് കൂടി സുപ്രധാനമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''താഴ്മയോടുകൂടിയും ഗോപ്യമായും നിങ്ങളുടെ നാഥനോട് പ്രാര്‍ഥിക്കുവിന്‍. നിശ്ചയം (പ്രാര്‍ഥനയില്‍) അതിരുകടക്കുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നില്ല. ഭൂമിയുടെ സംസ്‌കരണം കഴിഞ്ഞിരിക്കെ ഇനി അതില്‍ നാശമുണ്ടാക്കാതിരിക്കുവിന്‍. ഭയത്തോടും പ്രതീക്ഷയോടും കൂടി അവനോട് പ്രാര്‍ഥിക്കുവിന്‍. നിശ്ചയം, ദൈവാനുഗ്രഹം സുകൃതരുടെ ചാരത്താകുന്നു'' (അല്‍അഅ്‌റാഫ് 55,56). പ്രാര്‍ഥനയെ, അതിലെ അതിരു കവിച്ചിലിനെ ഭൂമിയില്‍ ഉണ്ടാകുന്ന /ഉണ്ടാക്കപ്പെടുന്ന നാശത്തോട് ബന്ധപ്പെടുത്തിയത് ഇസ്‌ലാമിന്റെ ആരാധനകളോടുള്ള നിലപാടിന്റെ മനോഹാരിതയാണ് പ്രകടമാക്കുന്നത്. ആരാധനകള്‍ മനുഷ്യന്നും പ്രകൃതിക്കും ഗുണകരമായിരിക്കണം. ദോഷകരമായി ബാധിക്കരുത്. ഏകദൈവസങ്കല്‍പത്തില്‍ അധിഷ്ഠിതമായ, തികച്ചും സന്തുലിതമായ ആരാധനാ സംസ്‌കാരമാണ് മനുഷ്യന്റെയും ഭൂമിയുടെയും സന്തുലിത വ്യവസ്ഥയെ നിലനിര്‍ത്തുന്നത്. അതില്‍, ബഹുദൈവ സങ്കല്‍പങ്ങളും, വ്യക്തികളുടെയോ സമൂഹങ്ങളുടെയോ സ്വകാര്യതാല്‍പര്യങ്ങളും കലരുന്നതോടു കൂടി പ്രകൃതിപരമായ സന്തുലിതത്വം നഷ്ടപ്പെടാന്‍ തുടങ്ങുന്നു. ഇത് ഒരു വിഭാഗത്തിന്റെ ജീവിക്കാനുള്ള അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതില്‍, സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങളില്‍, സാംസ്‌കാരികവും സദാചാരപരവുമായ നിലവാരത്തകര്‍ച്ചകളില്‍ എല്ലാം പ്രകടമാകുന്നു.
ലോകത്തെ മിക്ക മതങ്ങളുടെയും അടിസ്ഥാനം ഏകദൈവത്വമാണ്. സ്ഥലകാല മാറ്റങ്ങളുടെ ഫലമായി മത നടത്തിപ്പുകാരുടെ താല്‍പര്യങ്ങള്‍ കടന്നുകൂടിയപ്പോഴാണ് അവ ബഹുദൈവത്വപരമായി മാറിയത്. താല്‍പര്യങ്ങളാല്‍ നിയന്ത്രിക്കപ്പെട്ട മത പുരോഹിതന്മാര്‍ക്ക് മുതലാളിമാരുമായും അധികാര സ്ഥാനങ്ങളുമായും അടുത്ത ബന്ധം നിലവില്‍വന്നു. അങ്ങനെ, മതപരവും മതേതരവുമായ ആള്‍ദൈവങ്ങളുണ്ടായി. പൗരോഹിത്യം ബഹുദൈവത്വപരമാകുന്നതുപോലെ തന്നെ മുതലാളിത്തവും ബഹുദൈവത്വപരമാണ് എന്ന് പറയുന്നത്, ഇരു ആള്‍ദൈവ സങ്കല്‍പങ്ങളിലും ഒരു പോലെ ഈ 'താല്‍പര്യ മതം' ഉള്ളതുകൊാണ്. അതുകൊണ്ടുതന്നെ, ചരിത്രത്തിലും വര്‍ത്തമാനത്തിലും സംഭവിച്ചതും സംഭവിക്കുന്നതുമായ എല്ലാ നശീകരണ പ്രവര്‍ത്തനങ്ങളിലും ഏകദൈവ സങ്കല്‍പത്തില്‍നിന്നുള്ള ഇത്തരം വ്യതിചലനങ്ങള്‍ക്ക് പങ്കുണ്ട്. ഇതാകട്ടെ, ഏതെങ്കിലും മതക്കാരിലോ സമുദായങ്ങളിലോ മാത്രമായി കാണുന്നതല്ല. 'മതപരമായ ആഘോഷങ്ങള്‍' എന്ന പേരില്‍ ഉത്സവപ്പറമ്പുകളിലും ആണ്ടുനേര്‍ച്ചകളിലും മതേതര ആഘോഷം എന്ന് വിളിക്കാവുന്ന ന്യൂഇയര്‍ ആഘോഷങ്ങളിലും സംഭവിക്കുന്ന നശീകരണ പ്രവര്‍ത്തനങ്ങള്‍ ഒരേ സ്വഭാവം പുലര്‍ത്തുന്നത് ഈ മത-മതേതര ആള്‍ദൈവങ്ങളുടെ സ്വാധീനം കൊണ്ടാണെന്ന് മനസ്സിലാക്കാം.
ധൂര്‍ത്ത് മതവിരുദ്ധമാണ്. അല്ലാഹുവിനെ മാത്രമായി ആരാധിക്കണമെന്നും മാതാപിതാക്കളെ പരിപാലിക്കണമെന്നും കല്‍പിക്കുന്ന അല്‍ ഇസ്‌റാഅ് അധ്യായത്തിലെ സൂക്തങ്ങളുടെ തുടര്‍ച്ചയില്‍ വരുന്ന ഒരു പ്രധാന നിര്‍ദേശം ഇങ്ങനെ വായിക്കാം: ''ബന്ധുവിനും അഗതിക്കും തെരുവിന്റെ പുത്രന്നും അവരുടെ അവകാശങ്ങള്‍ നല്‍കുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചിന്റെ കൂട്ടാളികളാകുന്നു. പിശാചാകട്ടെ, തന്റെ നാഥനോട് മുമ്പേ നിഷേധിയായവനാകുന്നു'' (അല്‍ ഇസ്‌റാഅ് 26,27). ഏകദൈവാരാധനയോട് ബന്ധപ്പെടുത്തിയാണ് മാതാപിതാക്കളോടുള്ള ബാധ്യതാ നിര്‍വഹണത്തെയും, ബന്ധുക്കളോടും അഗതികളോടുമുള്ള കടമകള്‍ പാലിക്കുന്നതിനെയും പരിചയപ്പെടുത്തുന്നത്. അതിനോടു ചേര്‍ത്തുതന്നെയാണ് ധൂര്‍ത്തിനെയും ദുര്‍വ്യയത്തെയും വേദഗ്രന്ഥം ശക്തമായി വിമര്‍ശിക്കുന്നതും. ധൂര്‍ത്ത് കടന്നുവരുന്നത്, ശുദ്ധ ആരാധനയിലായാലും, അഗതികള്‍ക്കു വേണ്ടി ചെലവഴിക്കുന്ന രംഗങ്ങളിലായാല്‍ പോലും തത്ത്വദീക്ഷയില്ലാതെ ഇതര താല്‍പര്യങ്ങള്‍ക്കു വേണ്ടി ആകുമ്പോള്‍ അത് പൈശാചിക പ്രവൃത്തിയാകുന്നു. പല തരത്തിലും നേട്ടങ്ങളുള്ള 'നല്ല കര്‍മം' എന്ന നിലയില്‍ പരിചയപ്പെടുത്തിക്കൊണ്ടായിരിക്കാം ഒരുപക്ഷേ, പിശാച് കടന്നുവരുന്നത്. അങ്ങനെയുള്ള പ്രലോഭനങ്ങളിലൂടെയാണല്ലോ അവന്‍ ആദമിന്റെ നേരെ വന്നത്. അതുകൊണ്ടുതന്നെ അന്നുമുതലേ അവന്‍ അല്ലാഹുവിന്റെ ശത്രുവാണ്. അല്ലാഹുവിന്റെ ശത്രുവിനോടൊപ്പം ചേര്‍ന്ന് ധൂര്‍ത്ത് കാണിക്കുന്നവരാകരുത് എന്ന് തന്നെയാണ് അല്ലാഹുവിന്റെ കല്‍പ്പന.
ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ വേണ്ടി നടത്തുന്ന ഉത്സവങ്ങളിലും മതേതര ആള്‍ദൈവങ്ങള്‍ക്കു വേണ്ടി നടത്തപ്പെടുന്ന ആഘോഷങ്ങളിലും പൊടിച്ചും കരിച്ചും കത്തിച്ചും കളയുന്ന, തിന്നും കുടിച്ചും തിമിര്‍ത്തും നശിപ്പിക്കുന്ന കോടിക്കണക്കിന് സമ്പത്തു കൊണ്ട് ലോകത്തെ എത്ര പാവപ്പെട്ടവന്റെ വേദനയകറ്റാം, എത്ര പേര്‍ക്ക് ഭക്ഷണം നല്‍കാം, എത്ര പേരുടെ പട്ടിണി മാറ്റാം എന്നൊക്കെ ചോദിക്കുന്നത് അതുകൊണ്ടുതന്നെ കേവല ആത്മീയ പ്രഭാഷണമല്ല. നാം നേരിടുന്ന പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയുള്ള മൗലികമായ ചോദ്യമാണ്. ദൈവത്തിനു വേണ്ടി ഉണ്ടും ഉടുത്തും കുടിച്ചും ജീവിച്ച വിശ്വാസിയായ മനുഷ്യനോടുള്ള അല്ലാഹുവിന്റെ ചോദ്യം, നീ എനിക്കു വേണ്ടി എന്തുകൊണ്ട് ഊട്ടിയില്ല, ഉടുപ്പിച്ചില്ല, കുടിപ്പിച്ചില്ല എന്നൊക്കെയായിരിക്കുമെന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. ഹജ്ജിനു വേണ്ടി വര്‍ഷങ്ങളായി കരുതിവെച്ച നാണയത്തുട്ടുകള്‍ ഹജ്ജിനേക്കാള്‍ ആവശ്യം നേരിട്ട ഒരു സഹജീവിക്ക് നല്‍കിയ ഒരു മഹാ മനുഷ്യന്റെ മനസ്സിനോളം വരില്ല ഒരു ഹജ്ജും എന്ന് മനസ്സിലാക്കപ്പെട്ടത് ഇസ്‌ലാമിന്റെ ഈ ആത്മാവ് ഒരാളുടെ ഉള്ളില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ്. അതുകൊണ്ട് ധൂര്‍ത്തും ദുര്‍വ്യയവും ഏതു മതത്തിന്റെ പേരിലായാലും അതിനു മതത്തേക്കാള്‍ മതവിരുദ്ധ സങ്കല്‍പങ്ങളോടാണ് ബന്ധം.
കേരളത്തെ കണ്ണീരിലാഴ്ത്തി പരവൂര്‍ കമ്പക്കെട്ട് ദുരന്തം. നൂറു കണക്കിന് മനുഷ്യാത്മാക്കള്‍ പൊലിഞ്ഞുപോയ, അതിനേക്കാളധികം പേര്‍ മരണത്തിനും ജീവിതത്തിനും ഇടക്ക് ഇനിയൊരു സാധാരണ ജീവിതം സാധ്യമല്ലാത്ത വിധം ആശുപത്രികളില്‍ മരണത്തോട് മല്ലിടേണ്ടിവന്ന ഈ ദുരന്തം മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത എല്ലാവരെയും വല്ലാതെ വേദനിപ്പിക്കുന്നതാണ്. ഈ ദുരന്തത്തോട് ജാതിയും മതവും നോക്കാതെ കേരളീയ സമൂഹം കാണിച്ച അങ്ങേയറ്റത്തെ മാനവിക സമീപനം അഭിനന്ദനീയമാണ്. അതേസമയം, ഇത്തരം ദുരന്തങ്ങളുടെ അടിസ്ഥാന കാരണം വിലയിരുത്തപ്പെടേണ്ടതു തന്നെയാണ്. ബഹളങ്ങളും വെടിക്കെട്ടും ആരവങ്ങളുമായി നടത്തപ്പെടേണ്ടതാണോ മതപരമായ ആരാധനകളും ഉത്സവങ്ങളും എന്നതു തന്നെയാണ് മൗലികമായ ചോദ്യം. വെടിക്കെട്ടിന് അനുവാദം ഉണ്ടായിരുന്നില്ല, പോലീസും ഭരണകൂടവും ശ്രദ്ധിച്ചില്ല തുടങ്ങിയ വിഷയങ്ങള്‍ യഥാര്‍ഥ കാരണങ്ങളല്ല. അവയെല്ലാം രോഗലക്ഷണങ്ങള്‍ മാത്രമാണ്. രോഗം വേറെ തന്നെയാണ്. രോഗം ചര്‍ച്ച ചെയ്യപ്പെടാതെ, രോഗലക്ഷണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് നിരര്‍ഥകമാണ്. അടിസ്ഥാന കാരണത്തെ കുറിച്ചാണ് ആരോഗ്യമുള്ള ഒരു സമൂഹത്തില്‍ ചര്‍ച്ചയുണ്ടാകേണ്ടത്. അത് ചര്‍ച്ചയാകാതിരിക്കുകയും ചികിത്സിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോള്‍ ദുരന്തങ്ങള്‍ ഉത്സവങ്ങളില്‍ മാത്രമല്ല, മതത്തെയും മത ചിഹ്നങ്ങളെയും വിറ്റു കാശാക്കുന്ന 'മഹാ സമ്മേളനങ്ങളിലും' പ്രതീക്ഷിക്കാം.
ശുദ്ധ ഏകദൈവാരാധനയായ ഹജ്ജില്‍ പോലും പലപ്പോഴും ദുരന്തങ്ങളുണ്ടാകുന്നത്, നേരത്തേ നിര്‍വഹിക്കുന്ന കര്‍മങ്ങള്‍ക്ക് കൂടുതല്‍ പുണ്യമുണ്ടെന്ന് കരുതി, അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ വിശ്വാസികള്‍ കാണിക്കുന്ന ആത്മീയമായ അമിതാവേശമാണ് എന്ന വിലയിരുത്തല്‍ പ്രസക്തമാണ്. എന്നിരിക്കെ, വേദനിക്കുന്നവന്റെ വേദനകള്‍ക്ക് വില കല്‍പിക്കാത്ത ആത്മീയ ആഘോഷങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങള്‍ എത്ര ചെറുതായിരിക്കില്ല! ആളപായങ്ങളേക്കാള്‍ നമ്മുടെ സാമൂഹികവും സാംസ്‌കാരികവുമായ മണ്ഡലങ്ങളില്‍ ഉണ്ടാക്കുന്ന പരിക്കുകളാണ് കൂടുതല്‍ അപകടകരം. ദുരന്തങ്ങളും ആളപായങ്ങളും ഇങ്ങനെയൊരു പുനരാലോചനക്കുള്ള നിമിത്തമായിത്തീരട്ടെ.
Comments