Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 29

2949

1437 റജബ് 21

തൗബ പ്രതിരോധമാണ്

മുഹമ്മദ് ഖാത്വിര്‍

തൗബ (പശ്ചാത്താപം) മനുഷ്യനെ തെറ്റുകളില്‍നിന്ന് സംരക്ഷിക്കുന്ന പ്രതിരോധ കവചമാണ്. മനുഷ്യനെ സംബന്ധിച്ചേടത്തോളം ചെയ്തുപോയ തെറ്റുകളില്‍നിന്ന് പശ്ചാത്തപിച്ചു മടങ്ങിയില്ലെങ്കില്‍ തെറ്റുകുറ്റങ്ങള്‍ പിന്നെയും സംഭവിച്ചുകൊണ്ടേയിരിക്കും. തൗബക്ക് വ്യക്തിയിലും സമൂഹത്തിലും നിര്‍മാണാത്മകമായ സ്വാധീനം ചെലുത്താന്‍ കഴിയും. അത് പാപങ്ങള്‍ വര്‍ജിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. സമാധാനവും ശുഭപ്രതീക്ഷയും സാധിതമാക്കുന്നു. അതുവഴി സ്രഷ്ടാവിനോടും സമസൃഷ്ടികളോടുമുള്ള സഹവര്‍ത്തിത്വത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ തുറക്കപ്പെടുന്നു. തൗബ കുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതില്‍നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നു. സമൂഹത്തിലെ വ്യക്തികളെ സദ്‌വൃത്തരാക്കുന്നതില്‍നിന്ന് തടയുന്ന എല്ലാവിധ തെറ്റുകളെയും തൗബ ഇല്ലാതാക്കും. ആളുകള്‍ എത്രതന്നെ തെറ്റുകള്‍ ചെയ്തുകൂട്ടിയാലും തന്റെ ദാസന്മാര്‍ക്കു മുന്നില്‍ പശ്ചാത്താപത്തിന്റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നുവെച്ചു എന്നത് അല്ലാഹുവിന്റെ വലിയൊരു അനുഗ്രഹമാണ്. അല്ലാഹു പശ്ചാത്താപം നിര്‍ബന്ധമാക്കിയിരുന്നില്ലായെങ്കില്‍ ലോകം നാശത്തിലകപ്പെടുകയും മനുഷ്യ ജീവിതം നിരര്‍ഥകമാവുകയും ആത്മഹത്യകള്‍ വര്‍ധിക്കുകയും ചെയ്യുമായിരുന്നു.
നൂറാളുകളെ നിര്‍ദാക്ഷിണ്യം വധിച്ച മനുഷ്യന്റെ പശ്ചാത്താപ കഥ വിശ്രുതമാണ്. അബൂസഈദില്‍ ഖുദ്‌രിയില്‍നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: ''തൊണ്ണൂറ്റി ഒമ്പത് ആളുകളെ കൊലപ്പെടുത്തിയ ഒരു മനുഷ്യന്‍ നിങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്നു. അങ്ങനെ അയാള്‍ ലോകത്തെ ഏറ്റവും വലിയ പണ്ഡിതനെ കുറിച്ച് അന്വേഷിക്കുകയും ഒരു പുരോഹിതന്റെ അടുക്കല്‍ ചെന്ന് ചോദിക്കുകയും ചെയ്തു:  'തൊണ്ണൂറ്റി ഒമ്പത് ആളുകളെ കൊന്നവന് പശ്ചാത്താപമുണ്ടോ?' പുരോഹിതന്‍ പറഞ്ഞു: 'ഇല്ല.' അങ്ങനെ അയാള്‍ ആ പുരോഹിതനെ കൊല്ലുകയും നൂറ് പൂര്‍ത്തിയാക്കുകയും ചെയ്തു. പിന്നീട് അയാള്‍ ലോകത്തെ ഏറ്റവും വലിയ പണ്ഡിതനെ കുറിച്ച് അന്വേഷിക്കുകയും അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ചോദിക്കുകയും ചെയ്തു: 'നൂറാളുകളെ കൊന്നവന് പശ്ചാത്താപമുണ്ടോ?' പണ്ഡിതന്‍ പ്രതിവചിച്ചു: 'തീര്‍ച്ചയായും. ആരാണ് അവന്റെയും തൗബയുടെയും ഇടയില്‍ മറയിടുക?' അദ്ദേഹം തുടര്‍ന്നു: 'നീ ഇന്നയിന്ന രാജ്യത്തേക്ക് പോവുക. അവിടെ അല്ലാഹുവിനെ ആരാധിക്കുന്ന ആളുകളുണ്ടാവും. അവരോടൊപ്പം നീ അല്ലാഹുവിനെ ആരാധിക്കുക. നിന്റെ പഴയ നാട്ടിലേക്ക് പോവരുത്, അത് ദുഷിച്ച സ്ഥലമാണ്.' അങ്ങനെ ആ മനുഷ്യന്‍ പണ്ഡിതന്‍ പറഞ്ഞ സ്ഥലത്തേക്ക് പുറപ്പെട്ടു. വഴിമധ്യേ അയാള്‍ മരണമടഞ്ഞു. അയാളുടെ കാര്യത്തില്‍ കാരുണ്യത്തിന്റെ മലക്കുകളും ശിക്ഷയുടെ മലക്കുകളും തമ്മില്‍ തര്‍ക്കിച്ചു. കാരുണ്യത്തിന്റെ മാലാഖമാര്‍ പറഞ്ഞു: 'അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ച ഹൃദയവുമായാണ് ഇയാള്‍ വന്നിരിക്കുന്നത്.' ശിക്ഷയുടെ മലക്കുകള്‍ പറഞ്ഞു: 'ഇയാള്‍ ഇതുവരെ തീരെ നന്മ ചെയ്തിട്ടില്ല.' അപ്പോള്‍ മനുഷ്യരൂപത്തില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: 'നിങ്ങള്‍ ഈ രണ്ട് ഭൂമികള്‍ക്കിടയിലെ (അയാളുടെ പഴയ നാടും അയാള്‍ പോവാനുദ്ദേശിച്ച നാടും) ദൂരം അളക്കുക; ഏതാണോ അടുത്ത് നില്‍ക്കുന്നത് അത് അയാള്‍ക്കുള്ളതാകുന്നു.' അങ്ങനെ അവര്‍ അളക്കുകയും അയാള്‍ പോകാന്‍ ഉദ്ദേശിച്ച സ്ഥലമാണ് കൂടുതല്‍ അടുത്തത് എന്ന് വ്യക്തമാവുകയും ചെയ്തു. അങ്ങനെ ആ മനുഷ്യനെ കാരുണ്യത്തിന്റെ മാലാഖമാര്‍ സ്വീകരിച്ചു'' (മുസ്‌ലിം 2766).
അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശ ഒഴിവാക്കുക, തൗബയിലേക്ക് ഓടിയടുക്കുക, വിവരമുളളവരെ കുറിച്ച് അന്വേഷിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് ഈ ഹദീസ് ഉള്‍ക്കൊള്ളുന്നത്. വിവരമില്ലാതിരുന്ന ഒരാള്‍ ഫത്‌വ നല്‍കിയപ്പോള്‍ അയാള്‍ വധിക്കപ്പെടുകയാണുണ്ടായത്. പണ്ഡിതനാകട്ടെ, കൊലപാതകിയായ ആ മനുഷ്യനോട് പശ്ചാത്താപത്തിന്റെയും പ്രതീക്ഷകളുടെയും സാധ്യതകള്‍ വിവരിക്കുകയും നിരപരാധികളായ മനുഷ്യരുടെ ജീവനെടുക്കാന്‍ പ്രേരകമാവുന്ന മുഴുവന്‍ ചുറ്റുപാടുകളെയും ഒഴിവാക്കാന്‍ അയാളോട് ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്.
ഡോ. വഹബ സുഹൈലി എഴുതുന്നു: ''ഇസ്‌ലാമിക ശരീഅത്തിലെ വിധിവിലക്കുകള്‍ ലക്ഷ്യമിടുന്നത്, ഐഹിക ജീവിതത്തിലെ നന്മകളുടെ സംരക്ഷണവും പാരത്രിക ലോകത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ പൂര്‍ത്തീകരിക്കലുമാണ്. എന്നല്ല, ഈ ജീവിതം എന്നത് നാളേക്കുള്ള കരുതിവെപ്പാണെന്നും അത് വ്യക്തമാക്കുന്നു. തദടിസ്ഥാനത്തില്‍ തൗബ എന്നത് 'തെറ്റിന് ശിക്ഷ' എന്ന പൊതു നിയമത്തെ/സമൂഹനന്മയെ ഇല്ലാതാക്കുന്ന ഒന്നല്ല. വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കാനുള്ള ധൈര്യം നല്‍കലോ തെറ്റുകളെ നിസ്സാരമായി കാണാനുള്ള സാഹചര്യം സൃഷ്ടിക്കലോ അല്ല തൗബ. പ്രത്യുത, സത്യസന്ധമായ പശ്ചാത്താപം തെറ്റുകുറ്റങ്ങളെയും അതിലേക്കുള്ള സാഹചര്യങ്ങളെയും വേരോടെ പിഴുതെറിയുകയാണ് ചെയ്യുന്നത്. ചെയ്ത കുറ്റത്തിന് ശിക്ഷ നല്‍കുന്നത് കുറ്റവാളിയുടെ നന്മ ലക്ഷ്യമിട്ടാണെങ്കില്‍ ആ ലക്ഷ്യപ്രാപ്തിക്ക് ഏറ്റവും അനുയോജ്യമായത് തെറ്റുകാരന്- അവന്‍ എത്ര വലിയ പാപിയാണെങ്കിലും- പ്രതീക്ഷയുടെ വാതായനങ്ങള്‍ തുറന്നുകൊടുക്കുന്ന തൗബ എന്ന ആയുധമാണ്.''
അല്ലാഹു തന്റെ ദാസന്മാരെ തൗബ ചെയ്യാന്‍ നന്നായി പ്രേരിപ്പിക്കുന്നുണ്ട്: ''ദാസന്മാരില്‍നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നതും അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കുന്നതും അവനാകുന്നു. നിങ്ങള്‍ ചെയ്യുന്നതൊക്കെയും അവന്‍ അറിയുന്നുണ്ട്'' (അശ്ശൂറാ 25).
''ഇനിയും അവര്‍ പശ്ചാത്തപിക്കുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ'' (അല്‍മാഇദ 74).
അല്ലാഹു പശ്ചാത്തപിക്കുന്നവരുടെ തിന്മകളെ നന്മകളാക്കി മാറ്റും എന്നും മറ്റൊരിടത്ത് പറയുന്നുണ്ട്: ''പശ്ചാത്തപിക്കുകയും സത്യവിശ്വാസം കൈക്കൊണ്ട് സല്‍ക്കര്‍മങ്ങളിലേര്‍പ്പെടുകയും ചെയ്തവനൊഴിച്ച്; അത്തരം ജനത്തിന്റെ തിന്മകളെ അല്ലാഹു നന്മകളാക്കി മാറ്റിക്കൊടുക്കുന്നതാകുന്നു. അവന്‍ ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ'' (അല്‍ഫുര്‍ഖാന്‍ 70).
പാപികള്‍ക്ക് പ്രതീക്ഷക്ക് വക നല്‍കുന്ന നിരവധി സൂക്തങ്ങളുണ്ട് ഖുര്‍ആനില്‍. ''സ്വന്തം ആത്മാക്കളോട് അക്രമം പ്രവര്‍ത്തിച്ചവരായ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്. നിശ്ചയം, അല്ലാഹു നിങ്ങളുടെ സകല പാപങ്ങള്‍ക്കും മാപ്പേകുന്നവനത്രെ. അവന്‍ ഏറ്റം പൊറുക്കുന്നവനും ദയാപരനുമല്ലോ'' (അസ്സുമര്‍ 53).
പിശാചിന്റെ പ്രലോഭനങ്ങളില്‍നിന്നും തെറ്റുകുറ്റങ്ങളില്‍നിന്നുമുള്ള പ്രതിരോധ കവചമത്രെ തൗബ. പാപത്തിന്റെ പാഴ്‌ച്ചേറിലകപ്പെട്ടവര്‍ക്കു മുന്നില്‍ പരിശുദ്ധിയുടെ കവാടങ്ങളാണ് തൗബയിലൂടെ തുറക്കപ്പെടുന്നത്. തന്മൂലം, മനുഷ്യന്‍ അല്ലാഹുവിങ്കലേക്ക് അടുക്കുന്നു. ''തീര്‍ച്ചയായും അല്ലാഹു ശുദ്ധിയുള്ളവരെയും പശ്ചാത്തപിക്കുന്നവരെയും ഇഷ്ടപ്പെടുന്നു'' (അല്‍ബഖറ 222).

വിവ: മുഖ്താര്‍ ഈരാറ്റുപേട്ട

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /16-20
എ.വൈ.ആര്‍