പുതിയ കാലം, ഇനിയും ജനിക്കേണ്ട ചിന്താ ലോകം
'പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്ന ഇസ്‌ലാമിക സാഹിത്യം' (ലക്കം 2946) എന്ന സയ്യിദ് സആദത്തുല്ല ഹുസൈനിയുടെ ലേഖനം ഗഹനവും ഗൗരവതരവുമായ പല നിരീക്ഷണങ്ങളും മുന്നോട്ടുവെക്കുന്നു. ആഗോള മുതലാളിത്തവും ഉദാരവത്കൃത കമ്പോളവും വിഷ്വല്‍-പ്രിന്റ് മീഡിയയും രൂപപ്പെടുത്തുന്ന ന്യുജെന്‍ സംസ്‌കൃതി ലോകത്ത് വിതയ്ക്കുന്ന ഭീതിയും അസംതൃപ്തിയും അവ ഉയര്‍ത്തുന്ന സംഘര്‍ഷങ്ങളും ആശയക്കുഴപ്പങ്ങളും വിശ്വാസിസമൂഹത്തെ വലിയൊരു പ്രതിസന്ധിയിലാണ് അകപ്പെടുത്തിയിരിക്കുന്നത്. ഇസ്‌ലാമിക നാഗരികത ഭൂഖണ്ഡങ്ങള്‍ താണ്ടി പന്തലിക്കാനെടുത്ത നൂറ്റാണ്ടുകള്‍ ഇന്നത്തെ ചരിത്ര വിദ്യാര്‍ഥിക്ക് തമാശയായി തോന്നുക സ്വാഭാവികം. കാരണം അവന്റെ മുന്നിലുള്ള ലോകം അതിവേഗം മാറിമറിയുന്നതാണ്.
പാരീസില്‍ ബോംബ് പൊട്ടിയാല്‍ കോഴിക്കോട്ടുകാരന്റെ അടുക്കള കുലുങ്ങുന്നതായി അവന്‍ കാണുന്നു. ലോകം കേവലമൊരു ഗ്രാമമായി മാറിയ സാമൂഹിക ക്രമത്തില്‍ പൗരാണിക നടപടിക്രമങ്ങളുടെ കര്‍മശാസ്ത്രവുമായി ഒച്ചുവേഗതയില്‍ പ്രയാണം ചെയ്യുന്ന പണ്ഡിതരും സംഘടനകളും ഇസ്‌ലാമിന്റെ ശാസ്ത്രീയതയും സാര്‍വകാലികതയും അവകാശപ്പെട്ട് നിഗളിക്കുന്നതിന്റെ പരിഹാസ്യതയും അവന്‍ കാണുന്നു. ഇവിടെയാണ്, ഉപഭോഗസംസ്‌കാരം മുഖമുദ്രയായ ആധുനിക മുതലാളിത്ത ജീവിതരീതിയെ ഇസ്‌ലാമിന്റെ കാലിക പുനര്‍വായനകളിലൂടെ വിശകലനം ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുന്നത്.
പഴമയിലേക്ക് നോക്കുന്നതിലോ അതിന്റെ മൗലികത അറിയുന്നതിലോ അല്ല പിശക്. പഴമ മാത്രമാണ് ശരിയെന്ന് ധരിക്കുന്നതിലും, പുതിയ ബൗദ്ധിക രീതിശാസ്ത്രങ്ങളെ ആധുനികതയുടെ പ്രശ്‌നങ്ങളിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശേഷിക്കുറവിലുമാണ് പ്രശ്‌നം. പാശ്ചാത്യ ജനാധിപത്യത്തെ ഇസ്‌ലാമികാടിത്തറയില്‍നിന്ന് അപഗ്രഥിച്ചുവെന്നതാണ് മൗലാനാ മൗദൂദിയുടെ ബൗദ്ധിക സംഭാവനകളിലൊന്ന്. ദൈവാസ്തിക്യം, ദൈവത്തിന്റെ പരമാധികാരം, നിയമനിര്‍മാണാധികാരം, സാര്‍വദേശിയത, ദൈവരാജ്യം, ആദര്‍ശസംസ്ഥാപനം തുടങ്ങിയ മൗലിക തത്ത്വങ്ങളെ യുക്തിയുക്തം സമര്‍ഥിക്കുകയും പാശ്ചാത്യ ജനാധിപത്യരീതിയും ഇസ്‌ലാമിക ജനാധിപത്യ ക്രമവും തമ്മിലുള്ള വ്യതിരിക്തത വരച്ചുകാട്ടുകയും ചെയ്തു അദ്ദേഹം. ആധുനികതയുടെ കാലത്ത് ഇസ്‌ലാമിക നവജാഗരണത്തിന് ആ മൗലിക ചിന്തകള്‍ വഴിതെളിച്ചെങ്കിലും, അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന പുതിയ ലോകക്രമത്തില്‍ പുതിയ ചിന്തകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അവയുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന ദര്‍ശനങ്ങളോ വ്യാഖ്യാനങ്ങളോ രൂപപ്പെട്ടുവരുന്നില്ല എന്നതാണ് നമ്മെ അസ്വസ്ഥപ്പെടുത്തുന്നത്. ലേഖകന്‍ പറഞ്ഞത് ശരിയാണ്; കാര്യങ്ങള്‍ മൗലാനാ മൗദൂദി അവസാനിപ്പിച്ചേടത്തുതന്നെ ഇപ്പോഴും നിശ്ചലമായി കിടക്കുന്നു.
സാഹിത്യം, കല, സംഗീതം, സാമ്പത്തിക ശാസ്ത്രം, മീഡിയ, ടെക്‌നോളജി തുടങ്ങിയ രംഗങ്ങളില്‍ മുതലാളിത്ത കോര്‍പറേറ്റ്‌വത്കൃത രീതിശാസ്ത്രം പിടിമുറുക്കിയപ്പോള്‍ ബദലായി വന്ന കമ്യൂണിസത്തിനും ഇസ്‌ലാമിനും ക്രിയാത്മകമായ സമാന്തര രീതിശാസ്ത്രം വികസിപ്പിച്ചെടുക്കാനായില്ലെന്നാണ് വിമര്‍ശനം. കോര്‍പറേറ്റ് രീതിശാസ്ത്രത്തിന്റെ സ്വാധീനവലയത്തില്‍നിന്ന് മോചനമില്ലാതെ, ഇസ്‌ലാമിസ്റ്റുകളുടെ ചുവടുകള്‍പോലും അതേ താളത്തിലാകുന്നുവെന്ന ആരോപണവുമുണ്ട്. ലോകത്ത് വളര്‍ന്നുവരുന്ന മതബോധം പോലും അസ്വാരസ്യം വിതക്കുന്ന ജീവിതക്രമത്തില്‍നിന്നുള്ള ഒരുതരം ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുന്നു. അവിടെ ആള്‍ദൈവങ്ങളും വിവിധ മത കള്‍ട്ടുകളും സന്ന്യാസിമാരും ദര്‍ഗാ നടത്തിപ്പുകാരും ആത്മീയ മോക്ഷത്തിന്റെ കവാടങ്ങളായി സ്വയം പ്രത്യക്ഷപ്പെടുകയാണ്. ഖുര്‍ആന്റെ സാഹിതീയവും ഭാഷാപരവുമായ മാസ്മരികത പറയുന്ന അതിന്റെ അനുയായികള്‍, കവിതയിലൂടെ ദീനിനെ വിമര്‍ശിച്ചവരെ കവിതചൊല്ലി എതിരിടാന്‍ പഠിപ്പിച്ച കഥ പറയും മതപ്രഭാഷണങ്ങളില്‍. ഈ പ്രഭാഷണങ്ങള്‍ക്കപ്പുറം മറ്റൊരു പ്രതിരോധ മാര്‍ഗവുമറിയാത്ത സമൂഹമായിരുന്നിട്ടും ഈ നൂറ്റാണ്ടിലും മുസ്‌ലിംകള്‍ അവശേഷിക്കുന്നത് ഇസ്‌ലാമിന്റെ മൗലികത ഒന്നുകൊണ്ട് മാത്രമാണെന്ന തിരിച്ചറിവാണ് നഷ്ടപ്പെട്ടത്. ഇസ്‌ലാമിക വൈജ്ഞാനിക സാഹിത്യം, കര്‍മശാസ്ത്രത്തിന്റെ പഴയ പരിപ്രേക്ഷ്യത്തില്‍നിന്ന് മോചിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും സിനിമയുടെയും വിഷ്വല്‍ മീഡിയയുടെയും ഇസ്‌ലാമിക ബദല്‍ തേടാന്‍ ഇന്നും പ്രയാസം നേരിടുന്നത്.
സയ്യിദ് മൗദൂദി നിര്‍ത്തിയേടത്തുനിന്ന് ഗവേഷണ പഠനങ്ങളുടെ തലം വിപുലമാക്കുകയും മനുഷ്യരെ സ്വാധീനിക്കുന്ന അധമമല്ലാത്ത ഏതിലും ഇസ്‌ലാമിക ബദല്‍ അന്വേഷിക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ തേട്ടമാണ്. അത് പരന്ന വായനയും പഠനവും അപഗ്രഥനവും ആവശ്യപ്പെടുന്നു. ലേഖകന്‍ സൂചിപ്പിച്ചതു പോലെ, രജനീഷ് അനുവര്‍ത്തിച്ച ധിഷണയുടെ സമര്‍പ്പണ രീതിശാസ്ത്രമുണ്ട്. തന്റെ സ്വതന്ത്ര സെക്‌സും ധ്യാനവും ആത്മീയതയും മനഃശാന്തിയും എത്ര ആകര്‍ഷകവും ശ്രുതിപൂര്‍വവുമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. വിവിധ മതദര്‍ശനങ്ങള്‍, പാശ്ചാത്യചിന്തകള്‍, ഭാരതീയ പൂരാണങ്ങള്‍, സൂഫി വീക്ഷണങ്ങള്‍, നാടോടിക്കഥകള്‍, മനഃശാസ്ത്ര പഠനങ്ങള്‍ എന്നിവ സമന്വയിപ്പിച്ചുള്ള പരശ്ശതം ധ്യാന ക്ലാസ്സുകള്‍ ഇന്ന് ഗ്രന്ഥരൂപത്തില്‍ ലഭ്യമാണ്. രജനീഷ് ഉപയോഗിച്ച പോലെ ലോക വൈജ്ഞാനിക സാഹിത്യത്തെ ക്രിയാത്മകമായി എങ്ങനെ ഉപയോഗിക്കാം എന്ന തിരിച്ചറിവാണ് ഇസ്‌ലാമിക ദാര്‍ശനികര്‍ക്ക് നഷ്ടപ്പെട്ടത്.
വായന തുറക്കുന്നു;
തിരിച്ചറിവിന്റെ കതകുകള്‍
ദിവ്യ സന്ദേശാവതരണത്തിന് തുടക്കം കുറിച്ച് അവതീര്‍ണമായ സൂറ അല്‍ അലഖിലെ ഒന്നു മുതല്‍ അഞ്ചു വരെ സൂക്തങ്ങളില്‍ എഴുത്തും വായനയുമാണല്ലോ മുഖ്യ പ്രമേയം.
ഖുര്‍ആന്‍ എന്ന പദം തന്നെ വായനയെ സൂചിപ്പിക്കുന്നു. 'ഇഖ്‌റഅ്', 'ഖുര്‍ആന്‍' എന്നീ പദങ്ങള്‍ ഒരേ ധാതുവില്‍നിന്നുള്ളതാണ്. എന്തുകൊണ്ട് ദിവ്യസന്ദേശങ്ങളുടെ അവസാന പതിപ്പിന്റെ ശീര്‍ഷകം 'വായന' എന്നും ആദ്യവാക്യം 'വായിക്കൂ' എന്ന ആഹ്വാനവുമായി എന്ന അന്വേഷണം ഏറെ പ്രസക്തമാണ്.
വായന രണ്ടു തരമുണ്ട്. ലിഖിത വായനയും അലിഖിത വായനയും. ലിഖിത വായന നമുക്ക് സുപരിചിതമാണ്. ലിഖിത രൂപത്തിലുള്ള സാമഗ്രികളുടെ വായന. എന്നാല്‍ അലിഖിത വായനക്കുള്ള സാമഗ്രികള്‍ (മൊഡ്യൂളുകള്‍) അക്ഷരാധിഷ്ഠിത ലിഖിതങ്ങളല്ല; മറിച്ച് പ്രപഞ്ചവും പ്രാപഞ്ചിക പ്രതിഭാസങ്ങളും ഭൂമിയിലെ മനുഷ്യ ജീവിതവുമൊക്കെ ആയിരിക്കും. ജനപദങ്ങളില്‍ യുഗാന്തരങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന പലതരം പ്രവണതകള്‍ ഏറ്റവും പ്രധാനപ്പെട്ട റീഡിംഗ് മെറ്റീരിയലാണ്. ഈ അലിഖിത വായനയില്‍നിന്നാണ് ലിഖിത വായനാ സാമഗ്രികള്‍ പിറവിയെടുക്കുന്നത്. ശാസ്ത്രവും തത്ത്വശാസ്ത്രവുമെല്ലാം ഈ വായനയുടെ ഉല്‍പന്നങ്ങളാണ്. വേദഗ്രന്ഥങ്ങളൊഴികെ ബാക്കി എല്ലാ ലിഖിതങ്ങളും മനുഷ്യന്റെ ചിന്തയുടെയും മനനത്തിന്റെയും ഫലങ്ങളാണ്. 'ഇഖ്‌റഅ്' എന്നത് വികാസക്ഷമമാണ് എന്നതാണതിന്റെ പ്രത്യേകത.
വായന ഒരു വാതായനമാണ്; ഒരുപാട് മേഖലകളിലേക്ക് തുറക്കുന്ന വാതില്‍. അനന്ത വിഹായസ്സിലേക്ക് തുറന്നുവെച്ചത്. നമ്മുടെ മുമ്പില്‍ ഒരുപാട് മൊഡ്യൂളുകളുണ്ട്. ഈ പ്രപഞ്ചവും അതിലെ സര്‍വവും നമ്മുടെ വായനാ സാമഗ്രികളാണ്. മതത്തിന്റെ സാമ്പ്രദായികവും യാഥാസ്ഥിതികവുമായ സങ്കല്‍പങ്ങള്‍ക്ക് നേരെയുള്ള കടുത്ത നിഷേധമാണീ വായനാ സങ്കല്‍പം. ഹിറാ ഗുഹയുടെ ഇരുളില്‍നിന്ന് വെളിച്ചത്തിന്റെ മഹാ പ്രപഞ്ചത്തിലേക്ക് ജനസമൂഹങ്ങളെ കൈപിടിച്ചാനയിച്ച വായനാ സങ്കല്‍പം.
ലോകം അനുനിമിഷം അതിദ്രുതം മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റം വായനയിലും എഴുത്തിലുമുണ്ട്. വായനയുടെയും എഴുത്തിന്റെയും മട്ടും ഭാവവും ശൈലിയും ഏറെ മാറിക്കഴിഞ്ഞു. ഇത് ഉള്‍ക്കൊള്ളാനാവാത്തവരാണ് വായന മരിക്കുന്നു എന്ന് വിലപിക്കുന്നത്. യഥാര്‍ഥത്തില്‍ വായന മരിച്ചിട്ടില്ല. അതിന്റെ സാമ്പ്രദായിക രീതികള്‍ മാറുക മാത്രമാണ് ചെയ്യുന്നത്. എല്ലാം മാറ്റത്തിന് വിധേയമാണന്നിരിക്കെ, എഴുത്തും വായനയും മാത്രം മാറാതിരിക്കുന്നതെങ്ങനെ? 'വായിക്കൂ' എന്ന ദൈവിക കല്‍പനയെ സാമ്പ്രദായികവും യാന്ത്രികവുമായ വായനയിലേക്ക് ന്യൂനീകരിക്കരുത്. യാന്ത്രികവും സാമ്പ്രദായികവുമായ വായന ഒന്നിനെയും ഉല്‍പാദിപ്പിക്കുകയില്ല.
നമ്മുടെ ഇന്ദ്രിയാനുഭവങ്ങള്‍ക്ക് വിധേയമാകുന്നതെന്തും വായനക്കും എഴുത്തിനും വിധേയമാക്കാം; ആക്കേണ്ടതാണ്. ആകാശവും ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും നദികളും കരയും കടലും കായലും തോടും കാടും മേടും മഴയും വെയിലും മഞ്ഞും തണുപ്പും വായുവും വെള്ളവും ഇരുളും വെളിച്ചവും എന്നു വേണ്ട മൂര്‍ത്തവും അമൂര്‍ത്തവുമായ സകലതിനെയും എഴുത്തിനും വായനക്കും വിധേയമാക്കേണ്ടതാണ്. അവയുടെ രഹസ്യ ഭണ്ഡാരങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വിജ്ഞാനത്തിന്റെ നവ്യാനുഭവങ്ങളും അനുഭൂതികളും സ്വാംശീകരിക്കുമ്പോഴാണ് വായന സാര്‍ഥകമാവുന്നത്. ഇതിനെ 'ഓത്തി'ലേക്കും 'ഊത്തി'ലേക്കും ചുരുക്കിക്കെട്ടിയെന്നതാണ് മുസ്‌ലിം സമൂഹത്തിന്റെ ഏറ്റവും വലിയ നിര്‍ഭാഗ്യം.
പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കണമെന്ന് ശഠിക്കുന്ന പോലെ, പോഷക മൂല്യമുള്ളതേ വായിക്കൂ എന്ന ശാഠ്യവും ഉണ്ടാവേണ്ടതുണ്ട്. ഇല്ലെങ്കില്‍ ആദ്യത്തേത് ശരീരത്തെയും രണ്ടാമത്തേത് മനസ്സിനെയും നശിപ്പിക്കും. ചിന്തയെയും മനസ്സിനെയും മൂല്യാധിഷ്ഠിതമായി പോഷിപ്പിക്കുന്നതാവണം വായനയും എഴുത്തും. അതിനുള്ള സ്ട്രാറ്റജിയാണ് വേദപുസ്തകം നമ്മുടെ മുന്നില്‍ വെക്കുന്നത്. സര്‍വതിനെയും സൃഷ്ടിച്ച, എഴുത്തും എഴുത്താണിയും ഉദാരമായി നല്‍കിയ നാഥന്റെ നാമത്താല്‍ പ്രചോദിതമായിരിക്കണം വായനയും എഴുത്തും. എന്നാല്‍ മാത്രമേ അത് ഗുണാത്മകവും നിര്‍മാണാത്മകവുമാകൂ. ഇത് വേദപുസ്തകത്തിന്റെ മൗലിക പാഠമാണ്. ഇത് അവഗണിക്കപ്പെടുമ്പോള്‍ വായനയും ചിന്തയും നിഷേധാത്മകമാവാനുള്ള സാധ്യത വര്‍ധിക്കും.
വായനയില്‍ മുഖ്യപരിഗണന വിശുദ്ധ ഗ്രന്ഥത്തിനു തന്നെയാണ്. ജീവിതത്തിന്റെ സകല മേഖലകളിലും മനുഷ്യന്‍ അഭിമുഖീകരിക്കുന്ന സകല പ്രശ്‌നങ്ങള്‍ക്കും മൗലികമായ മാര്‍ഗദര്‍ശനവും ദിശാബോധവും ലഭിക്കാന്‍ വേണ്ടിയാണിത്. അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ; 'ഈ ഖുര്‍ആന്‍ ഏറ്റവും നേരായതിലേക്ക് വഴികാണിച്ചുതരും' എന്ന്.
വിമോചനപ്പോരാട്ടങ്ങള്‍, പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങള്‍, അധിനിവേശ വിരുദ്ധ പ്രക്ഷോഭങ്ങള്‍, യുദ്ധവിരുദ്ധ മുന്നേറ്റങ്ങള്‍, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാം ഈ വായനയുടെ (ഇഖ്‌റഅ്) ആവിഷ്‌കാരങ്ങളാണ്. അവക്കെല്ലാം ദിശാബോധം നല്‍കുന്നതാണീ 'വായനാ'(ഖുര്‍ആന്‍) ഗ്രന്ഥം.
കേവലമായ അറിവ് ഒന്നിനും പരിഹാരമല്ല. അത് ഒന്നും ഉല്‍പാദിപ്പിക്കുന്നില്ല എന്നതുതന്നെ കാരണം. തിരിച്ചറിവാണുണ്ടാവേണ്ടത്. കേവല വായനയില്‍ നിന്ന് തിരിച്ചറിവ് ലഭിക്കണമെന്നില്ല. വേദഗ്രന്ഥ വായന കേവല വായനയല്ല, തിരിച്ചറിവ് നേടാനുള്ള വായനയാണ്. ദിശാബോധമുണ്ടാകുമ്പോഴാണ് തിരിച്ചറിവുണ്ടാവുക. തിരിച്ചറിവാണ് പല വിജ്ഞന്മാര്‍ക്കും ഇല്ലാതെപോകുന്നത്. ദിശാബോധമില്ലാത്ത വായനയാണിതിന്റെ കാരണം. ശാസ്ത്ര-സാങ്കേതിക-വൈജ്ഞാനിക മേഖലകളില്‍ ഒരുപാട് മുന്നേറിയിട്ടും ഈ നേട്ടങ്ങള്‍ നിര്‍മാണത്തേക്കാള്‍ സംഹാരത്തിനാണല്ലോ ഉപയോഗിക്കപ്പെടുന്നത്. തിരിച്ചറിവിന്റെ അഭാവമാണതിന് കാരണം. ഷണ്ഡീകരിക്കപ്പെട്ട മനസ്സും മസ്തിഷ്‌കവും ശുദ്ധീകരിക്കാനുള്ള മാര്‍ഗമാണ് തിരിച്ചറിവ് കിട്ടുന്ന വായന.
കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ നാം മനസ്സിലാക്കുന്നത് വലിയൊരളവ് വായനയിലൂടെയാണ്. രചനാത്മകമായ പ്രതികരണം രൂപപ്പെടുന്നത് വായനയിലൂടെയാണ്. വായന ഊര്‍ജവും ആര്‍ജവവും ആത്മവിശ്വാസവും സ്ഥൈര്യവും ധൈര്യവും നല്‍കുന്ന ഇന്ധനമാണ്. മഹാന്മാരുടെ വിജയരഹസ്യം അവരുടെ രചനാത്മക വായനയാണ്. ലോകത്തോടു മുഴുവന്‍ മുഖാമുഖം നില്‍ക്കാന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത് അവരുടെ രചനാത്മക വായനയാണ്. വായനയാണ് മഹാമനീഷികളെ സൃഷ്ടിക്കുന്നത്. കൊര്‍ദോവയും ബഗ്ദാദും ഈ ആദി സന്ദേശത്തിന്റെ ഉല്‍പന്നങ്ങളായിരുന്നു. ഈ വായനയുടെ പുനരാവിഷ്‌കാരമാണ് കാലവും സാഹചര്യവും നമ്മോടാവശ്യപ്പെടുന്നത്. ഇതുതന്നെയാണ് 'ഇഖ്‌റഇ'ന്റെ തേട്ടവും.
യൂസുഫ് കൊളത്തൂര്‍
Comments