Prabodhanm Weekly

Pages

Search

2016 മാര്‍ച്ച്‌ 25

2944

1437 ജമാദുല്‍ ആഖിര്‍ 16

സ്‌നേഹപ്രവാഹത്തിന് പ്രതിരോധമെങ്ങനെ?

ടി.ഇ.എം റാഫി വടുതല

'മാതൃഭൂമി' പ്രവാചകനെ അവഹേളിക്കുന്ന കുറിപ്പ് പ്രസിദ്ധീകരിച്ചു. കേവലമൊരു വ്യക്തിയെ അല്ല, ഒരു ജനസമൂഹം സ്വന്തം ജീവനേക്കാള്‍ വിലമതിക്കുന്ന നേതാവിനെയാണ് അവര്‍ അവഹേളിച്ചത്. എന്നാല്‍, അനുയായികളും മിത്രങ്ങളും മാത്രമല്ല, ആക്ഷേപഹാസ്യം ചൊരിഞ്ഞ ശത്രുക്കള്‍ വരെ തനിക്ക് കാവലാളുകളായി മാറിയ മാഹാത്ഭുതമത്രെ മുഹമ്മദ് നബി (സ). തലയെടുക്കാന്‍ വന്നവര്‍ വരെ ആയുധം വെച്ച് പ്രവാചക ദര്‍ശനത്തെ പുണര്‍ന്ന കാലാതിവര്‍ത്തിയായ മാതൃകയത്രെ ആ സ്‌നേഹ റസൂലിന്റേത്.
പ്രതിയോഗികളുടെ ആക്രമണത്തിന്റെ കോട്ടമതിലുകള്‍ ഭേദിച്ച് മുഹമ്മദ് നബിയും ആ ദര്‍ശനവും മക്കയില്‍ ജനഹൃദയങ്ങളില്‍ സ്വാധീനം നേടിക്കൊണ്ടിരിക്കുന്ന കാലം. അടിമപ്പാളയത്തിലെന്ന പോലെ പ്രമാണിമാരുടെ അന്തഃപുരങ്ങളിലും അത് ആര്‍ജവത്തോടെ കടന്നുചെന്നു. പ്രവാചകനെ തറപറ്റിക്കാന്‍ ശത്രുക്കള്‍ പുതിയ തന്ത്രങ്ങള്‍ പയറ്റി. പ്രവാഹമായൊഴുകിയ പ്രവാചക ദര്‍ശനത്തെ പ്രതിരോധിക്കാന്‍ സുഹൈലുബ്‌നു അംറ് എന്ന ഉജ്ജ്വല പ്രഭാഷകനെ ഖുറൈശികള്‍ രംഗത്തിറക്കി. വാഗ്‌വൈഭവം കൊണ്ട് ജനഹൃദയങ്ങളെ ഇളക്കിമറിക്കുന്ന പ്രസംഗകന്‍. ഇസ്‌ലാമിക ദര്‍ശനത്തെയും മുഹമ്മദ് നബി(സ)യെയും ആക്ഷേപിച്ചും അപഹസിച്ചും അയാള്‍ ജനം ഒത്തുകൂടുന്ന കവലകളില്‍ പ്രസംഗിച്ചുനടന്നു. മുഹമ്മദ് നബിയില്‍ ആകൃഷ്ടരായിക്കൊണ്ടിരുന്ന ചെറിയ ഒരു വിഭാഗത്തെയെങ്കിലും വഴിതിരിച്ചുവിടാന്‍ സുഹൈലിന്റെ പ്രസംഗത്തിന് സാധിച്ചു.
നബി(സ)ക്കെതിരെ ആവനാഴി
യില്‍ ആക്ഷേപഹാസ്യത്തിന്റെ അസ്ത്രങ്ങള്‍ നിറച്ച് സുഹൈല്‍ ബദ്ര്‍ രണാങ്കണത്തിലുമെത്തി. വാളുകളേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് അയാള്‍ ഖുറൈശീ പക്ഷത്ത് ആവേശം സൃഷ്ടിച്ചു. പ്രവാചകനെ അപഹസിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച സുഹൈലും ഒടുവില്‍ യുദ്ധത്തില്‍ ബന്ദിയായി പിടിക്കപ്പെട്ടു. വജ്രമൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് പ്രവാചക ഹൃദയത്തെയും ആദര്‍ശ സമുദായ ഗാത്രത്തെയും മുറിപ്പെടുത്തിയ സുഹൈല്‍ തീര്‍ത്തും നിസ്സഹായനായിരുന്നു. പ്രവാചകന്റെ തലയെടുക്കാന്‍ വന്ന്, പ്രവാചകന്റെ രക്ഷാകവചമായി മാറിയ ഉമര്‍ ഗര്‍ജിച്ചു: 'അല്ലാഹുവിന്റെ റസൂലേ...താങ്കള്‍ അനുവദിച്ചാല്‍ ഈ അക്രമിയുടെ മുന്‍നിരപ്പല്ലുകള്‍ തകര്‍ത്തുകളയാം. ഇനി ഇയാള്‍ താങ്കള്‍ക്കെതിരില്‍ ആക്ഷേപഹാസ്യം ചൊരിഞ്ഞ് പ്രസംഗിക്കുന്നതൊന്ന് കാണണം.'
നിസ്സഹായനായി സുഹൈല്‍ നബിയെ നോക്കി. പ്രവാചകന്‍ തിരിച്ചും. കാരുണ്യത്തിന്റെ ആ കണ്ണുകള്‍ നിറഞ്ഞു. ചുവന്ന കവിളുകള്‍ നനഞ്ഞു. താടിരോമങ്ങളിലൂടെ അശ്രുകണങ്ങള്‍ ഒഴുകി. നബി (സ) പറഞ്ഞു: 'പാടില്ല ഉമര്‍! പാടില്ല. പ്രപഞ്ചനാഥന്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന നാളില്‍ ഞാനും അംഗഭംഗത്തിനു വിധേയമാക്കപ്പെടുമോ എന്ന് ആശങ്കിക്കുന്നു. ക്ഷമിക്കൂ ഉമര്‍, താങ്കളെ സന്തോഷിപ്പിക്കുന്ന ഒരു നിലപാട് ഭാവിയില്‍ സൂഹൈല്‍ എടുക്കാതിരിക്കില്ല.' സുഹൈലറിയാതെ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നബി സ്‌നേഹത്തിന്റെ വിത്ത് വിതച്ചു.
കാലം മുന്നോട്ടുപോയി. പ്രവാചകന്റെ പതനം കൊതിച്ച അബൂസുഫ്‌യാന്‍, പ്രിയ പിതൃവ്യന്‍ ഹംസ(റ)യുടെ ഘാതകന്‍ വഹ്ശി, അദ്ദേഹത്തിന്റെ കരള്‍ ചവച്ചുതുപ്പിയ ഹിന്ദ്....അവരോടെല്ലാം മക്കാവിജയനാളില്‍ നബി പ്രഖ്യാപിച്ചു: 'നിങ്ങള്‍ സ്വതന്ത്രരാണ്. ഇന്നേദിവസം യാതൊരു പ്രതികാരവുമില്ല.' ഈ മഹാമനസ്‌കത സുഹൈലിനെയും ചിന്തിപ്പിച്ചു. ഹൃദയത്തില്‍ മാറ്റത്തിന്റെ ചിലമ്പൊലികള്‍. സുഹൈല്‍ നബിയെ വാരിപ്പുണര്‍ന്നു. പ്രവാചകന്റെ അനുചരന്മാര്‍ പ്രപഞ്ചനാഥനെ വാഴ്ത്തി. തന്റെ ആവനാഴിയില്‍ സുഹൈല്‍ പ്രവാചക സ്‌നേഹത്തിന്റെ പുക്കള്‍ നിറച്ചു ശിഷ്ടകാലം. പ്രവാചകന്റെ ഉദാത്ത ജീവിതം പ്രചരിപ്പിക്കാനായി ആയുസ്സും ആരോഗ്യവും സമര്‍പ്പിച്ചു. പ്രവാചകന്റെ വിയോഗാനന്തരം നടന്ന യുദ്ധങ്ങൡ സൈനികര്‍ക്ക് ആവേശം പകരാന്‍ സുഹൈല്‍ യുദ്ധമുന്നണിയില്‍ പ്രഭാഷകനായി നിന്നു. സുഹൈലിന്റെ പ്രഭാഷണം കേട്ട് ഉമര്‍ സന്തോഷത്തിന്റെ മന്ദഹാസം പൊഴിച്ചു. പ്രവാചകന്റെ ദീര്‍ഘദര്‍ശനം ഉമറിന്റെ മനസ്സില്‍ കൊള്ളിയാന്‍ മിന്നി; 'അരുത് ഉമര്‍, താങ്കളെ സന്തോഷിപ്പിക്കുന്ന ഒരു നിലപാട് സുഹൈല്‍ എടുക്കാതിരിക്കില്ല.' ആദര്‍ശ സമുദായത്തിന് എന്നും പ്രചോദനമായി വര്‍ത്തിക്കുന്ന പ്രവാചകദര്‍ശനത്തിന്റെ ശക്തിയും ഇതുതന്നെ.
'മാതൃഭൂമി' അത്യന്തം ഹീനമായ രൂപത്തില്‍ വിശുദ്ധ  പ്രവാചകനെ ആക്ഷേപിച്ചു. വിശ്വാസികളുടെ ഹൃദയം നൊമ്പരപ്പെട്ടു. പക്ഷേ ആ പത്രത്തിന്റെ ഒരു പ്രസ്സും തകര്‍ക്കപ്പെട്ടില്ല. ഒരു ബ്യൂറോക്ക് നേരെയും ആരും കല്ലെറിഞ്ഞില്ല. ഒരു ലേഖകന്റെ മുഖത്തും ആരും കാര്‍ക്കിച്ചു തുപ്പിയില്ല. ആദര്‍ശ സമുദായത്തിന്റെ  നേതാക്കള്‍ പ്രത്യുല്‍പന്നമതിത്വത്തോടെ പ്രതികരിച്ചു. സംയമനത്തോടെ സംവദിച്ചു. ആളിപ്പടരുമായിരുന്ന വികാരത്തിനുമേല്‍ അവര്‍ പ്രവാചക മാതൃകയുടെ തെളിനീര്‍ വര്‍ഷിച്ചു. ആദര്‍ശ മുസ്‌ലിം സമൂഹത്തിന് പ്രചോദനം നല്‍കിയത് സുഹൈലിന് മാപ്പുകൊടുത്ത പ്രവാചകന്‍ തന്നെ.
വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ച് പ്രവാചകനുനേരെ ഒളിയമ്പുകളെയ്യുന്നവരെ ഓര്‍മിപ്പിക്കാന്‍ 'മാതൃഭൂമി' കുടുംബത്തില്‍ പിറന്ന വിശ്വസാഹിത്യകാരി കമലാ സുറയ്യയുടെ കാവ്യശകലങ്ങള്‍ മാത്രം:

ഇസ്‌ലാം ഒരു ജലാശയം
അതിന്റെ അഗാധതയില്‍
അപകടങ്ങള്‍ പതിയിരിക്കുന്നു
എന്ന് ഞാനെന്നും കേട്ടിരുന്നു...
ആ പച്ചപ്പില്‍ 
പച്ചക്കണ്ണുള്ള സര്‍പ്പങ്ങള്‍,
ചീങ്കണ്ണികള്‍,
വിഷം വമിക്കുന്ന ഞണ്ടുകള്‍
അടുക്കാന്‍ ഭയന്ന് ഞാന്‍ 
ദൂരെ ദൂരെ നടന്നു. 
ഇസ്‌ലാം ജലാശയമാണ്,
അതില്‍ ശാന്തിയുടെ പച്ചപ്പ് 
ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു.
അതില്‍ ഞാന്‍ നീന്തുന്നു...
ഇതില്‍ തന്നെ ജീവിതസാഫല്യം 
കണ്ടെത്തുന്നു,
ധന്യയായ്. 
(ജലാശയം, കമലാ സുറയ്യ)  

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /2
എ.വൈ.ആര്‍