നിശ്ശബ്ദത കൊതിച്ചവര്‍ക്ക് തെറ്റി
ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്റെ പ്രസംഗം വായിച്ചു (2016 മാര്‍ച്ച് 4). ഭരണകൂടത്തിന്റെ ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ ദേശവിരുദ്ധരായി ചിത്രീകരിക്കപ്പെടുന്ന സാഹചര്യം ഏറെ ആശങ്കാജനകമാണ്. തങ്ങളുടെ കാഴ്ചപ്പാടുകളെ എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തിയും അടിച്ചമര്‍ത്തിയും രാജ്യത്തിന്റെ ഏകത്വഭാവം തകര്‍ക്കാനുള്ള ഗൂഢശ്രമം മറനീക്കുകയാണിപ്പോള്‍. മാധ്യമങ്ങള്‍ പോലും നേരിന്റെ പക്ഷം മറന്ന് പ്രവര്‍ത്തിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യവും അഭിമാനപൂര്‍വം ജീവിക്കാനുള്ള അവകാശവും ഏതൊരു ഇന്ത്യന്‍ പൗരനുമുണ്ട്. അത് ഉറപ്പുനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഇവിടെയൊരു ഭരണകൂടത്തിന്റെ ആവശ്യകതയെന്ത്? കാമ്പസുകള്‍ വര്‍ഗീയവത്കരിക്കാന്‍ ഇഛാശക്തിയുള്ള വിദ്യാര്‍ഥികള്‍ അനുവദിക്കില്ല. ഭയപ്പെടുത്തി അവരെ നിശ്ശബ്ദരാക്കാമെന്ന് വിചാരിക്കുന്നവര്‍ക്ക് തെറ്റി. അനീതിക്കു നേരെ തിരിയുന്ന ഭയരഹിതരായ ഒരു തലമുറ അണിയറയില്‍ സജ്ജമാവുകയാണ്.
കലിയടങ്ങാതെ ഫാഷിസം
കല്ബുര്ഗിയിലും ഗോവിന്ദ് പന്‍സാരെയിലും മുഹമ്മദ് അഖ്‌ലാഖിലും എല്ലാം അവസാനിച്ചുവെന്ന് സമാധാനിക്കുമ്പോഴാണ് ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് രോഹിത് വെമുല എന്ന യുവ ഗവേഷകന്റെ ശരീരം ചേതനയറ്റു വീഴുന്നത്. എന്നിട്ടും കലിയടങ്ങാത്ത ഫാഷിസം നാവുനീട്ടുന്നു, ജെ.എന്‍.യു വിദ്യാര്‍ഥികളിലേക്ക്.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ ജെ.എന്‍.യുവും ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയും വര്‍ഗീയ അജണ്ടകളുടെ ഉന്നമായിരിക്കുന്നു. ഇതുവഴി വിദ്യാഭ്യാസരംഗത്തിന്റെ അപചയവും ഉറച്ച രാഷ്ട്രീയ ബോധമുള്ള യുവാക്കളെ നിശ്ശബ്ദരാക്കലും പുറന്തള്ളലുമാണ് അവരുടെ ലക്ഷ്യം.
എന്‍.പി നശ്‌വ കരീം
പ്രൊവിഡന്‍സ് കോളേജ്, കോഴിക്കോട്
'കസാഇ'യോ 'കിസാഇ'യോ?
ഖുര്‍ആന്‍ ബോധനം (854) വായിച്ചപ്പോള്‍ ഒരു കാര്യം ശ്രദ്ധയില്‍പെട്ടു. 'സഖിറ' എന്ന പദത്തിന്റെ വിശകലനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ അറബി വ്യാകരണ വിഭാഗത്തിലെ കൂഫാ സരണിയുടെ വക്താവായ 'കിസാഇ'യെ പരാമര്‍ശിക്കവെ 'കസാഇ' എന്നാണ് എഴുതിയിരിക്കുന്നത്. ഇത് സൂക്ഷ്മമാണോ? കിസാഇ എന്നല്ലേ ശരിയായ ഭാഷ്യം? അലിയ്യുബ്‌നു ഹംസത്തുബ്‌നു അബ്ദില്ലാഹിബ്‌നു ബഹ്മനിബ്‌നു ഫൈറൂസ് എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. യഥാര്‍ഥ പേരിനേക്കാളേറെ കിസാഇ എന്ന നാമധേയത്തിലാണദ്ദേഹം വിശ്രുതനായത്. കിസാഅ് എന്ന അറബി പദത്തോട് ചേര്‍ത്തുകൊണ്ടാണ് ഈ പേരില്‍ അറിയപ്പെടാനിടയായത്. അറബി വ്യാകരണ നിയമപ്രകാരം സംബന്ധികാ ശബ്ദമായി നാമപദത്തിന്റെ അവസാനത്തില്‍ ചേര്‍ക്കുന്ന 'യാഉന്നിസ്ബ' ചേര്‍ന്നാണ് കിസാഈ എന്നായത്. കിസാഅ് എന്നാല്‍ നീളമുള്ള വസ്ത്രം, പുടവ എന്നൊക്കെയാണ് വിവക്ഷ. ഇഹ്‌റാമില്‍ പ്രവേശിക്കുന്നവര്‍ ധരിക്കുന്നതുപോലെ നീളമുള്ള വസ്ത്രം ധരിക്കുകയും പുതക്കുകയും ചെയ്തിരുന്നതിനാലാണത്രെ അദ്ദേഹത്തിന് കിസാഇ എന്ന അപരാഭിധാനം ലഭിക്കാനിടയായത്. അബൂഅബ്ദുല്ല എന്നും വിളിപ്പേരുണ്ടായിരുന്നു. കിസാഇ എന്നല്ലാതെ കസാഇ എന്ന പാഠഭേദം ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയതായി കാണാന്‍ കഴിയില്ല. കിസാഇയെക്കുറിച്ച സംക്ഷിപ്തമായ വിവരണം ഇസ്‌ലാമിക വിജ്ഞാനകോശം പ്രസിദ്ധീകരിച്ചിട്ടുണ്ട്(8/115).
എം.എം ശിഹാബുദ്ദീന്‍ വടുതല
സ്ത്രീയെ പറഞ്ഞ കഥ
ലക്കം 2942-ല്‍ പ്രസിദ്ധീകരിച്ച ഇ.എന്‍ നസീറയുടെ 'ഹൗസ് വൈഫ്' എന്ന കഥ ഒരു ശരാശരി കുടുംബത്തിലെ സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങള്‍ തന്മയത്വത്തോടെ നാട്ടുഭാഷയില്‍ അവതരിപ്പിച്ചത് ഹൃദ്യമായ വായനാനുഭവമാണ്.
തമിഴ്‌നാട്ടിലെ ഹരിചന്ദ്രപുരം-ദീന്‍ നഗര്‍ ഗ്രാമത്തെക്കുറിച്ച് സദ്‌റുദ്ദീന്‍ വാഴക്കാട് തയാറാക്കിയ റിപ്പോര്‍ട്ട് സന്നദ്ധ സംഘടനകളുടെ അടിയന്തര ശ്രദ്ധക്ക് വിഷയീഭവിക്കേണ്ടതാണ്.
കെ.എം അബൂബക്കര്‍ സിദ്ദീഖ്
എറിയാട്
ജീവിതം മുടക്കുന്ന ജീവനകല
ആര്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, ദല്‍ഹിയില്‍ യമുനാതീരത്ത് സംഘടിപ്പിച്ച ലോക സാംസ്‌കാരിക സമ്മേളനത്തിന് വേദിയൊരുക്കാന്‍ പാവപ്പെട്ട നിരവധി കര്‍ഷകരുടെ വിളകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിക്കപ്പെട്ടതായി വാര്‍ത്ത. ഇരുനൂറിലേറെ ഏക്കര്‍ ഭൂമിയാണത്രെ ബന്ധപ്പെട്ടവരുടെ അനുവാദമില്ലാതെ കൃഷി നശിപ്പിച്ച് നികത്തിയത്. കുടിയിറക്കിനെ എതിര്‍ത്തതിന് ആ പാവം കര്‍ഷകരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുന്നു! പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മാണം തടഞ്ഞാല്‍ അനധികൃത ഭൂമി കൈയേറ്റം ചുമത്തി കുടിയിറക്കുമെന്നും കേസെടുക്കുമെന്നുമാണ് പോലീസ് ഭീഷണി.
'ജീവിതം ആഘോഷിക്കുക' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കപ്പെട്ട ഈ സംഗമം 'അവനവനാത്മ സുഖത്തിനാചരിക്കുന്നവ, അപരന് സുഖത്തിനായി വരേണം' എന്ന മഹിത ദര്‍ശനത്തിന് വിരുദ്ധമാണെന്ന് ആത്മീയ പരിവേഷത്തോടെ വിഹരിക്കുന്ന ഈ ആചാര്യനെന്തേ വിസ്മരിക്കുന്നു?
പാവപ്പെട്ട കര്‍ഷകരെ കുടിയിറക്കിയും അവരുടെ ജീവസന്ധാരണത്തിന്റെ ഏക മാര്‍ഗമായ കൃഷി നശിപ്പിച്ചും അവരുടെ പേരില്‍ കള്ളക്കേസ് ചമച്ചും നടത്തപ്പെടുന്ന ഈ മാമാങ്കം എന്തുമാത്രം ജനദ്രോഹകരമല്ല! സംഘാടകര്‍ ഉന്നത സ്വാധീനമുള്ളവരും മുഖ്യാതിഥികളായി വരുന്നവര്‍ അധികാര പദവികളില്‍ വിരാജിക്കുന്നവരുമാണെന്ന് വരുമ്പോള്‍ സാധാരണക്കാരന്റെ വേദനകള്‍ ആരു കേള്‍ക്കാന്‍! പ്രമാണിമാരുടെയും പുരോഹിതന്മാരുടെയും അധികാരികളുടെയും അതിജീവനമാണല്ലോ എവിടെയും പ്രധാനം.
റഹ്മാന്‍ മധുരക്കുഴി
ഒരു സമ്മേളന മാതൃക
'മാതൃഭൂമി'യുടെ വിഷലിപ്ത നടപടികള്‍ കണ്ടപ്പോഴാണ്, പാശ്ചാത്യലോകത്ത് പ്രവാചക നിന്ദാ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍, അതില്‍ പ്രതിഷേധിച്ച് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ 2012 നവംബറില്‍ ദോഹയില്‍ സംഘടിപ്പിച്ച ബഹുജന സമ്മേളനം ഓര്‍മവന്നത്. ആ സമ്മേളനത്തിലൂടെ ഖത്തറിലെ മലയാളി സമൂഹം നല്ലൊരു മാതൃക സൃഷ്ടിച്ചു. ഖത്തര്‍ ഇസ്‌ലാമിക കാര്യവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍, വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഇത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ഖത്തര്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ പ്രഖ്യാപിക്കുകയുണ്ടായി.
വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് കെ.എം വര്‍ഗീസ്, കരീം അബ്ദുല്ല, ബാബുരാജ്, അബൂബക്കര്‍ ഖാസിമി, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, കെ.ടി ഫൈസല്‍, പി.എസ്.എച്ച് തങ്ങള്‍, സാജിദുര്‍റഹ്മാന്‍ തുടങ്ങിയവരും കഥാകൃത്ത് പി. സുരേന്ദ്രനും ജമാഅത്തെ ഇസ്‌ലാമി നേതാവ് പി. മുജീബുര്‍റഹ്മാനും സമ്മേളനത്തില്‍ സംസാരിച്ചിരുന്നു. ഇത്തരം സമ്മേളനങ്ങള്‍ വ്യാപകമായി സംഘടിപ്പിക്കുന്നത് ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ ക്രിയാത്മകമായ ഒരു പ്രതികരണമായിരിക്കും.
അബൂബക്കര്‍ മാടാശ്ശേരി, ദോഹ
അതിശയിപ്പിക്കുന്ന സിംഗപ്പൂര്‍
ശൈഖ് മുഹമ്മദ് കാരകുന്നിന്റെ യാത്രാനുഭവക്കുറിപ്പ് (ലക്കം 2940) ശ്രദ്ധേയമായി. നമ്മുടെ നാടിനെയും സിംഗപ്പൂരിനെയും താരതമ്യം ചെയ്യുമ്പോള്‍ നമ്മളെവിടെയെന്ന് മനസ്സിലാക്കാന്‍ വിവരണം സഹായകമായി. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വികസനക്കുതിപ്പ് നടത്തുന്ന സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങളെയാണ് നമ്മള്‍ മാതൃകയാക്കേണ്ടത്. ഭക്ഷണം, വസ്ത്രം തുടങ്ങിയവയുടെ ദുരുപയോഗം തടയുന്നതിലും മാനുഷിക മൂല്യങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തിലും അവര്‍ നമ്മേക്കാള്‍ ഏറെ മുന്നിലാണ്. ശുചിത്വത്തിന്റെ കാര്യത്തിലും അസൂയാര്‍ഹമായ നേട്ടം ആ രാജ്യം കൈവരിച്ചിരിക്കുന്നു. മന്ത്രിമാര്‍ സാധാരണ പൗരന്മാരെ പോലെയാണ് ജീവിക്കുന്നത് എന്നതും ചുവപ്പുനാടകള്‍ ഇല്ലാത്തതും അതിശയകരമാണ്. എടുത്തു പറയേണ്ട മറ്റൊരു സവിശേഷതയാണ് മസ്ജിദുകളിലെയും പള്ളിക്കമ്മിറ്റികളിലെയും സ്ത്രീപങ്കാളിത്തം. എല്ലാ പള്ളികളിലും പുരുഷന്മാരെ പോലെ തന്നെ സ്ത്രീകള്‍ക്കും പ്രവേശനമുണ്ട്. സിംഗപ്പൂര്‍ മാതൃകകള്‍ സ്വീകരിച്ചാല്‍ നമ്മുടെ രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന സാമൂഹികവും സുരക്ഷാപരവുമായ പിന്നാക്കാവസ്ഥക്ക് വേഗത്തില്‍ പരിഹാരം കാണാന്‍ സാധിക്കും.
എം.എച്ച് ഹസ്‌ന കെടാമംഗലം
സന്ദേശം പകരുന്ന
കവിതകള്‍
ലക്കം 40-ലെ സി.കെ മുനവ്വിര്‍ ഇരിക്കൂറിന്റെ 'ഉയിര്‍' എന്ന കവിത ശ്രദ്ധേയമായി. മകളും ഉപ്പയും, ചെറുതും വലുതും പ്രതിനിധീകരിക്കുന്ന രണ്ട് ബിംബങ്ങളായി വരുന്നത് വലിയ വ്യാഖ്യാന സാധ്യതകള്‍ തുറന്നുതരുന്നു. വര്‍ഗീയ ഫാഷിസ്റ്റുകള്‍ തിമിര്‍ത്താടുമ്പോള്‍ പ്രതിരോധ മതില്‍ തീര്‍ക്കുന്നത് വലുപ്പത്തെ തോല്‍പിക്കുന്ന ചെറുപ്പമാണ്. ജനാധിപത്യത്തിന്റെ 'ശ്രീകോവിലുകളി'ല്‍ യൗവനവും വാര്‍ധക്യവും സ്വസ്ഥമായിരിക്കെ, ചവിട്ടിയരക്കപ്പെടുന്ന ജനാധിപത്യത്തിന്റെ കാവലാളായി തെരുവിലിറങ്ങുന്നത് വിദ്യാര്‍ഥികളാണ്. കവിതയില്‍ ബാപ്പയെ തിരുത്തുന്നു മകള്‍, സ്വാതന്ത്ര്യത്തോളം പഴക്കമുള്ള പാര്‍ട്ടികളെ പിന്നിലാക്കുന്നു ആളും അര്‍ഥവും കുറഞ്ഞ പുതുതലമുറ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും.
കെ. മുഹമ്മദ് അഷ്‌കര്‍
കെ.ടി അസീസ് എഴുതിയ കവിതകള്‍ ഹൃദ്യമായി. ചുരുങ്ങിയ വാക്കുകളില്‍, ലളിത ഭാഷയില്‍ അനുവാചകരെ ഉണര്‍ത്തുകയും ചിന്തിപ്പിക്കുകയും ചെയ്തു അവ. അതിലെ 'ദൗത്യം' എന്ന കവിതയാണ് ഏറെ ശ്രദ്ധേയമായത്. നിസ്സാരമായ ഒരിലയിലൂടെ എല്ലാറ്റിനും അതിന്റേതായ ജീവിത ദൗത്യമുണ്ടെന്നും എന്തൊക്കെ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നാലും അവസാനം വരെ ആ ദൗത്യനിര്‍വഹണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വേണ്ടതെന്നുമുള്ള സന്ദേശം കവി വായനക്കാര്‍ക്ക് പകര്‍ന്നുതരുന്നു.
എം.എം ഹസ്‌ന
എച്ച്.എസ്.എസ് ചെന്ത്രാപ്പിന്നി
Comments