അനന്തരാവകാശ നിയമങ്ങളും സംരക്ഷണോത്തരവാദിത്തവും
ഇസ്‌ലാം സമ്പൂര്‍ണമായ ഒരു ജീവിത വ്യവസ്ഥയാണ്. അത് അവിഭാജ്യമാണ്. അതിന്റെ വിവിധ വശങ്ങള്‍ പരസ്പരബന്ധിതങ്ങളാണ്; പരസ്പരപൂരകങ്ങളും. അതിന്റെ ഏതെങ്കിലും ഒരു വശം മാത്രമെടുത്ത് വിശകലനം ചെയ്യുന്നതും വിലയിരുത്തുന്നതും തെറ്റായ ധാരണകള്‍ക്കും നിഗമനങ്ങള്‍ക്കുമാണ് ഇടവരുത്തുക. ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ ഇതിന്റെ മികച്ച ഉദാഹരണമാണ്. സംരക്ഷണോത്തരവാദിത്തവുമായി ബന്ധിപ്പിക്കുമ്പോള്‍ മാത്രമേ അനന്തരാവകാശ നിയമത്തിലെ നിസ്തുലമായ നീതിയും യുക്തിയും മികവും ബോധ്യമാവുകയുള്ളൂ.
മരണപ്പെട്ട വ്യക്തിയുടെ മക്കള്‍ പ്രായപൂര്‍ത്തിയെത്താത്ത അനാഥക്കുട്ടികളോ പെണ്‍കുട്ടികള്‍ മാത്രമോ ആണെങ്കില്‍ അവരുടെ സംരക്ഷണോത്തരവാദിത്തം ആര്‍ക്കാണോ അയാള്‍ക്കായിരിക്കും, മരണപ്പെട്ടയാള്‍ക്ക് ആണ്‍കുട്ടികളില്ലെങ്കില്‍ അയാളുടെ ശിഷ്ടാവകാശം ലഭിക്കുക. ഉദാഹരണമായി ഞാന്‍ മരണപ്പെടുമ്പോള്‍ എന്റെ മക്കള്‍ പ്രായപൂര്‍ത്തിയെത്താത്തവരോ പെണ്‍കുട്ടികളോ മാത്രമാണെങ്കില്‍ അവരുടെ സംരക്ഷണ ബാധ്യത എന്റെ പിതാവിനായിരിക്കും. പിതാവില്ലെങ്കില്‍ സഹോദരന്മാര്‍ക്ക്. സഹോദരന്മാരാരുമില്ലെങ്കില്‍ അവരുടെ മക്കള്‍ക്ക്. അങ്ങനെ എനിക്ക് ശിഷ്ടാവകാശികളായി മക്കളില്ലെങ്കില്‍ ആര്‍ക്കാണോ എന്റെ ശിഷ്ടാവകാശം ലഭിക്കുക അവര്‍ക്കായിരിക്കും അനാഥ കുട്ടികളുടെയും പെണ്‍മക്കളുടെയും സംരക്ഷണോത്തരവാദിത്തം. അനന്തരാവകാശം പോലെത്തന്നെ കണിശമായും പാലിക്കപ്പെടേണ്ടതാണ് സംരക്ഷണ ബാധ്യതയും.
മുഹമ്മദ് നബി(സ)യുടെ നിയോഗകാലത്ത് സ്ത്രീകള്‍ക്ക് അനന്തര സ്വത്തില്‍ അല്‍പവും അവകാശമുണ്ടായിരുന്നില്ല. അടുത്തകാലം വരെയും ഇസ്‌ലാമേതര സമൂഹങ്ങളിലെല്ലാം ഇതുതന്നെയായിരുന്നു അവസ്ഥ. എന്നാല്‍, ഖുര്‍ആന്‍ സ്ത്രീക്ക് അനന്തര സ്വത്തില്‍ അവകാശം നല്‍കി. അത് ശക്തമായിത്തന്നെ ഊന്നിപ്പറയുകയും ചെയ്തു: ''മാതാപിതാക്കളും ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്. സ്വത്ത് കൂടുതലായാലും കുറവായാലും ശരി. ഈ വിഹിതം അല്ലാഹു നിശ്ചയിച്ചതാണ്'' (4:7).
''നിങ്ങളുടെ മക്കളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു. പുരുഷന് രണ്ട് സ്ത്രീകളുടെ വിഹിതത്തിന് തുല്യമായതുണ്ട്.അഥവാ രണ്ടിലേറെ പെണ്‍മക്കള്‍ മാത്രമാണുള്ളതെങ്കില്‍ മരിച്ചയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുണ്ടാവുക. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്കു പാതി ലഭിക്കും. മരിച്ചയാള്‍ക്ക് മക്കളുണ്ടെങ്കില്‍ മാതാപിതാക്കളിലോരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്ന് വീതമാണുണ്ടാവുക. അഥവാ മക്കളില്ലാതെ മാതാപിതാക്കള്‍ അനന്തരാവകാശികളാവുകയാണെങ്കില്‍ മാതാവിന് മൂന്നിലൊന്നുണ്ടായിരിക്കും. അയാള്‍ക്ക് സഹോദരങ്ങളുണ്ടെങ്കില്‍ മാതാവിന് ആറിലൊന്നാണുണ്ടാവുക. ഇതെല്ലാം മരണമടഞ്ഞ ആളുടെ വസ്വിയ്യത്തും കടവും ഒഴിച്ചുള്ളവയുടെ കാര്യത്തിലാണ്. മാതാപിതാക്കളാണോ മക്കളാണോ നിങ്ങള്‍ക്ക് കൂടുതലുപകരിക്കുകയെന്ന് നിങ്ങള്‍ക്കറിയില്ല. ഈ ഓഹരിനിര്‍ണയം അല്ലാഹുവില്‍നിന്നുള്ളതാണ്. അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ യുക്തിമാനുമത്രെ'' (4:11).
''നിങ്ങള്‍ക്ക് മക്കളില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോകുന്ന സ്വത്തിന്റെ നാലിലൊന്ന് ഭാര്യമാര്‍ക്കുള്ളതാണ്. അഥവാ നിങ്ങള്‍ക്ക് മക്കളുണ്ടെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയതിന്റെ എട്ടിലൊന്നാണ് അവര്‍ക്കുണ്ടാവുക. നിങ്ങള്‍ നല്‍കുന്ന വസ്വിയ്യത്തും കടവുമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. അനന്തരമെടുക്കപ്പെടുന്ന പുരുഷന്നോ സ്ത്രീക്കോ പിതാവും മക്കളും മാതാപിതാക്കളൊത്ത സഹോദരങ്ങളുമില്ലാതിരിക്കുകയും മാതാവൊത്ത സഹോദരനോ സഹോദരിയോ ഉണ്ടാവുകയുമാണെങ്കില്‍ അവരിലോരോരുത്തര്‍ക്കും ആറിലൊന്നു വീതം ലഭിക്കുന്നതാണ്. അഥവാ, അവര്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ മൂന്നിലൊന്നില്‍ അവര്‍ സമാവകാശികളായിരിക്കും. ദ്രോഹമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അവ കഴിച്ചാണിത്. അല്ലാഹു എല്ലാം അറിയുന്നവനും ഏറെ ക്ഷമിക്കുന്നവനുമത്രെ'' (4:12).
''അവര്‍ നിന്നോടു ചോദിക്കുന്നു: പറയുക, പിതാവോ മക്കളോ ഇല്ലാതെ മരണമടയുന്നവരുടെ സ്വത്ത്കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്കിതാ വിധി നല്‍കുന്നു. ഒരാള്‍ മരണപ്പെട്ടു. അയാള്‍ക്ക് മക്കളില്ല. ഒരു സഹോദരിയുണ്ട്. എങ്കില്‍ അയാള്‍ വിട്ടേച്ചുപോയ സ്വത്തില്‍ പാതി അവള്‍ക്കുള്ളതാണ്. അവള്‍ക്ക് മക്കളില്ലെങ്കില്‍ അവളുടെ അനന്തര സ്വത്ത് സഹോദരനുള്ളതാണ്. രണ്ടു സഹോദരിമാരാണുള്ളതെങ്കില്‍ സഹോദരന്‍ വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ട് അവര്‍ക്കായിരിക്കും. സഹോദരന്മാരും സഹോദരിമാരുമാണുള്ളതെങ്കില്‍ ആണിനു രണ്ട് പെണ്ണിന്റെ ഓഹരിയാണുണ്ടാവുക. നിങ്ങള്‍ക്ക് പിഴവു പറ്റാതിരിക്കാനാണ് അല്ലാഹു ഇതൊക്കെ ഇവ്വിധം വിവരിച്ചുതരുന്നത്. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും നന്നായറിയുന്നവനാണ്'' (4:176).
ഖുര്‍ആന്‍ നിശ്ചയിച്ച ഈ ദായക്രമത്തില്‍ ചില സന്ദര്‍ഭങ്ങളിലൊഴിച്ച് പല അവസ്ഥകളിലും സ്ത്രീക്ക് പുരുഷന്റെ പാതി സ്വത്തിനേ അവകാശമുള്ളൂ. പ്രത്യക്ഷത്തില്‍ ഇത് സ്ത്രീയോടുള്ള അനീതിയും അവഗണനയുമായി തോന്നാം. എന്നാല്‍ ഇസ്‌ലാം അനന്തരാവകാശത്തെ സംരക്ഷണ ബാധ്യതയുമായാണ് ബന്ധിപ്പിച്ചതെന്നതിനാല്‍ ആ തലത്തില്‍ നിന്നുകൊണ്ടാണ് ഇതിനെ വിലയിരുത്തേണ്ടത്.
ഇസ്‌ലാമിക നിയമമനുസരിച്ച് ഏതു സാഹചര്യത്തിലും സ്ത്രീക്ക് ഒരുവിധ സാമ്പത്തിക ബാധ്യതയുമില്ല, അവകാശങ്ങളേയുള്ളൂ. സാമ്പത്തിക ബാധ്യതകള്‍ എപ്പോഴും പുരുഷനു മാത്രമാണ്.
വിവാഹവേളകളില്‍ വരന്റെയും വധുവിന്റെയും വസ്ത്രങ്ങളും വിവാഹസദ്യയുമുള്‍പ്പെടെ എല്ലാവിധ ചെലവുകളും വഹിക്കേണ്ടത് പുരുഷനാണ്. അതോടൊപ്പം പുരുഷന്‍ വധുവിന് നിര്‍ബന്ധമായും മഹ്ര്‍ നല്‍കുകയും വേണം. ജീവിത പങ്കാളിയെന്ന നിലയില്‍ തന്റെ ഇണയുടെ സംരക്ഷണബാധ്യതകളൊക്കെയും താന്‍ വഹിക്കാമെന്നതിന്റെ പ്രതീകാത്മകമായ പ്രഖ്യാപനം കൂടിയാണ് മഹ്ര്‍. സ്ത്രീകളുടെയും കുട്ടികളുടെയും മുഴുവന്‍ സാമ്പത്തിക ബാധ്യതകളും സംരക്ഷണവും നിര്‍വഹിക്കേണ്ടത് കുടുംബനാഥനായ പുരുഷനാണ്. സ്ത്രീയും പുരുഷനും ഒരേപോലെ വരുമാനമുള്ളവരാണെങ്കിലും സ്ത്രീ തന്റേതുള്‍പ്പെടെ ആരുടെയും സാമ്പത്തിക ബാധ്യത വഹിക്കേണ്ടതില്ല. ഉദ്യോഗസ്ഥയായ ഭാര്യയുടെ പോലും ഭക്ഷണവും വസ്ത്രവും ചികിത്സയും ഉള്‍പ്പെടെയുള്ള ചെലവുകളൊക്കെ ഇസ്‌ലാമിക നിയമമനുസരിച്ച് വഹിക്കേണ്ടത് ഭര്‍ത്താവാണ്. അഥവാ ഭര്‍ത്താവ് മരണമടഞ്ഞാല്‍ അയാള്‍ക്ക് സ്വത്തില്ലെങ്കില്‍ അയാളുടെ അനാഥക്കുട്ടികളെ സംരക്ഷിക്കേണ്ടത് പിതാവാണ്. അയാള്‍ക്ക് പിതാവില്ലെങ്കില്‍ അയാളുടെ സഹോദരന്മാരാണ്. അവരുമില്ലെങ്കില്‍ സഹോദരന്മാരുടെ മക്കള്‍. ഇങ്ങനെ ഏറ്റം അടുത്ത ബന്ധുക്കളായി ആരാണോ ഉള്ളത് അവര്‍ക്കായിരിക്കും അനാഥക്കുട്ടികളുടെ സംരക്ഷണ ബാധ്യത.
സ്ത്രീ വിവാഹിതയാണെങ്കില്‍ ഭര്‍ത്താവിനാണ് അവളുടെ എല്ലാവിധ സാമ്പത്തിക ബാധ്യതകളും സംരക്ഷണോത്തരവാദിത്തവും. അവിവാഹിതയാണെങ്കില്‍ പിതാവിനായിരിക്കും. പിതാവില്ലെങ്കില്‍ സഹോദരന്മാര്‍ക്ക്. അങ്ങനെ ഏറ്റം അടുത്ത ബന്ധുക്കളാരാണോ അവര്‍ക്ക്. മാതാപിതാക്കളുടെ സംരക്ഷണോത്തരവാദിത്തവും ആണ്‍മക്കള്‍ക്കാണ്. അതിനാല്‍ ഏതവസ്ഥയിലും നിയമപരമായി സ്ത്രീക്ക് ഒരുവിധ സാമ്പത്തിക ബാധ്യതയുമില്ല.
പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും അടുപ്പത്തിന്റെയും പേരില്‍ സ്ത്രീ ഭര്‍ത്താവിനോ മക്കള്‍ക്കോ മറ്റോ വേണ്ടി സമ്പത്ത് ചെലവഴിക്കുന്നുവെങ്കില്‍ അത് മറ്റൊരു കാര്യമാണ്, നിയമപരമായ ചുമതലയല്ല.
ഏതു രാജ്യത്തും നിയമവ്യവസ്ഥയിലും സാമ്പത്തിക ബാധ്യത പുരുഷന്നാണ്. ഭാര്യയെയും മക്കളെയും സംരക്ഷിക്കേണ്ടണ്ടത് അയാളാണ്. ഇന്ത്യയില്‍ വിവാഹമോചനത്തിനു ശേഷം പോലും പെണ്ണിനെ സംരക്ഷിക്കാന്‍ സാമ്പത്തികമായി പുരുഷന്‍ ബാധ്യസ്ഥനാണ്. പുരുഷന്‍ ചെലവിനു തരുന്നില്ലെങ്കില്‍ സ്ത്രീക്ക് നിയമനടപടികള്‍ സ്വീകരിക്കാം. എന്നാല്‍, ചെലവിനു നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവിന് നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുവിധ സാധ്യതയുമില്ല.
എല്ലാവിധ സാമ്പത്തിക ബാധ്യതകളും വഹിക്കേണ്ട പുരുഷന്നും ഉത്തരവാദിത്തമൊട്ടുമില്ലാത്ത സ്ത്രീക്കും സ്വത്തവകാശത്തില്‍ തുല്യത വേണമെന്നു പറയുന്നത് സാമാന്യ നീതിക്കു പോലും നിരക്കാത്തതാണ്. യഥാര്‍ഥത്തില്‍ ഇവ്വിധം പുരുഷന്റേതുപോലെത്തന്നെ അനന്തര സ്വത്ത് നേടുന്ന സ്ത്രീകളുടെ സമ്പത്ത് അവളുടെ ഭര്‍ത്താവ് ഉപയോഗിക്കാറാണ് പതിവ്. ഉദ്യോഗസ്ഥയായ ഭാര്യയുടെ ശമ്പളം പോലും കൃത്യമായി കണക്കുപറഞ്ഞ് ചോദിച്ചുവാങ്ങുന്നവരാണ് പലരും.
ഇസ്‌ലാമിക വീക്ഷണത്തില്‍ ഒരുവിധ സാമ്പത്തിക ഉത്തരവാദിത്തവുമില്ലാത്ത സ്ത്രീക്ക് എന്നിട്ടും എന്തിന് അനന്തര സ്വത്ത് അനുവദിക്കുന്നുവെന്നതാണ് പരിശോധനാവിധേയമാക്കേണ്ടത്. സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയര്‍ത്താനും ഉറപ്പുവരുത്താനുമാണത്. സ്വന്തം സ്വത്ത് സംരക്ഷിക്കാനും സൂക്ഷിക്കാനും വര്‍ധിപ്പിക്കാനും ചെലവഴിക്കാനും സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ട്. മകള്‍, മാതാവ്, സഹോദരി, ഭാര്യ പോലുള്ള ഏതവസ്ഥയിലും സംരക്ഷണവും സാമ്പത്തിക സുരക്ഷിതത്വവും പൂര്‍ണമായും ഉറപ്പുവരുത്തപ്പെട്ട ശേഷവും ഭൗതിക മാനദണ്ഡമനുസരിച്ച് സ്വത്ത് ഒട്ടും ആവശ്യമില്ലാതിരുന്നിട്ടും ഇസ്‌ലാം സ്ത്രീക്ക് അനന്തരസ്വത്ത് അനുവദിച്ചുനല്‍കിയത് സ്ത്രീത്വത്തിന്റെ മഹത്വവും ആദരവും ആത്മാഭിമാനവും സുരക്ഷിതത്വബോധവും ഉറപ്പുവരുത്താനാണ്. അതിനാല്‍ സാമ്പത്തികമായി സ്ത്രീക്ക് ബാധ്യതകളില്ല, അവകാശങ്ങളേയുള്ളൂ.
നിലവിലുള്ള സാഹചര്യത്തിലും പുരുഷന്മാര്‍ തന്നെയാണ് സാമ്പത്തിക ബാധ്യതകള്‍ വഹിക്കുന്നത്. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ കുടുംബത്തെ പോറ്റാന്‍ ഏറെ പ്രയാസപ്പെടാറുണ്ട്. വളരെ ദരിദ്രമായ കുടുംബങ്ങളിലാണ് അങ്ങനെ സംഭവിക്കാറുള്ളത്. അവരുടെ പ്രശ്‌നങ്ങള്‍ പുരുഷന്മാര്‍ക്ക് തുല്യമായ അനന്തര സ്വത്ത് കൊണ്ട് പരിഹരിക്കാവുന്നതുമല്ല. ബന്ധപ്പെട്ട അടുത്ത ബന്ധുക്കള്‍ തങ്ങളുടെ സംരക്ഷണ ബാധ്യത യഥാവിധി നിര്‍വഹിക്കാത്തതിനാലാണ് സ്ത്രീകള്‍ ഇവ്വിധം പ്രയാസപ്പെടുന്നത്. അതിനാല്‍ എന്തെങ്കിലും നിയമനിര്‍മാണം അനിവാര്യമെങ്കില്‍ അത് സ്ത്രീയുടെ സംരക്ഷണബാധ്യത ഉറപ്പുവരുത്താനാണ്. അല്ലാതെ അല്ലാഹു വ്യക്തമായും കണിശമായും നിശ്ചയിച്ച നിയമം മാറ്റിമറിക്കാനോ അവന്‍ നല്‍കിയ നിയമങ്ങളില്‍ കൃത്രിമം വരുത്താനോ ആകാവതല്ല. അങ്ങനെ ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. ചെരിപ്പിനൊത്ത് കാലു മുറിക്കുകയല്ലല്ലോ, കാലിനൊത്ത് ചെരിപ്പ് പാകപ്പെടുത്തുകയല്ലേ വേണ്ടത്.
Comments