ശരീഅത്ത് പരിഷ്‌കരണത്തിലെയും ക്രോഡീകരണത്തിലെയും പ്രശ്‌നങ്ങള്‍
മുസ്‌ലിം വ്യക്തിനിയമത്തെക്കുറിച്ച് ഈയിടെ ജസ്റ്റിസ് കമാല്‍ പാഷ നടത്തിയ പരാമര്‍ശത്തില്‍ പുതുമയില്ല. അതുപോലുള്ള അഭിപ്രായ പ്രകടനങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്റെ വക്താവ് സകിയ്യ സോമന്റെ വാക്കുകളിലും ഇതേ ഉത്കണ്ഠകളാണ് പ്രതിധ്വനിക്കുന്നത്. എല്ലാവരുടെയും പ്രഥമ ഉത്കണ്ഠ 'മുസ്‌ലിം നിയമ'ത്തില്‍ സ്ത്രീകളുടെ ക്ഷേമം എന്താകും എന്നതാണ്. സ്ത്രീകളെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്ന ഫത്‌വകള്‍ വെച്ചുനോക്കുമ്പോള്‍ ജസ്റ്റിസ് പാഷയെ കുറ്റപ്പെടുത്താനുമാവില്ല. നമുക്ക് വിയോജിപ്പുള്ളത് കമാല്‍ പാഷയും സകിയ്യ സോമനും പരിഹാരമായി മുന്നോട്ടുവെക്കുന്ന വാക്കുകളിലും സംജ്ഞകളിലുമാണ്. കമാല്‍ പാഷ ആവശ്യപ്പെടുന്നത് ഇസ്‌ലാമിക 'നിയമം' എത്രയും വേഗം 'ക്രോഡീകരി'ക്കണം എന്നാണ്. സകിയ്യ തുടര്‍ച്ചയായി ആവശ്യപ്പെടുന്നത് ഇസ്‌ലാമിക 'നിയമം' താമസംവിനാ 'പരിഷ്‌കരി'ക്കണം എന്നും. നിയമം, ക്രോഡീകരണം, പരിഷ്‌കരണം തുടങ്ങിയവ വ്യക്തിനിയമവുമായി ബന്ധപ്പെടുത്തി ചര്‍ച്ചചെയ്യുമ്പോള്‍ ചില പ്രശ്‌നങ്ങളുണ്ട്. ലിബറല്‍ വരേണ്യ വിഭാഗങ്ങള്‍ക്കിടയില്‍ അത്തരം പ്രയോഗങ്ങള്‍ ഒട്ടേറെ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
നിയമം, പരിഷ്‌കരണം, ക്രോഡീകരണം
ഇന്ന് 'ശരീഅത്ത്' എന്ന വാക്ക് ഇംഗ്ലീഷിലെ 'Law' എന്ന വാക്കിന് സമാനമായാണ് പ്രയോഗിക്കപ്പെടുന്നത്. ഇതില്‍ അത്ഭുതമില്ല. കാരണം, ഇന്ത്യന്‍ ഭരണഘടനയും പീനല്‍ കോഡും മറ്റു നിയമസംരംഭങ്ങളുമൊക്കെ തയാറാക്കപ്പെടുന്നത് ഇംഗ്ലീഷ് ഭാഷയിലാണ്. ഇംഗ്ലീഷ് ഭാഷ സംസാരിക്കാത്ത ഭൂവിഭാഗങ്ങളില്‍ വരെ ഇംഗ്ലീഷ് പൊതുനിയമം (English Common Law) ആണ് നിയമനിര്‍ധാരണത്തിന് വഴികാട്ടി. അപ്പോള്‍ ഏത് സ്വഭാവത്തിലുള്ള നിയമവും ഇംഗ്ലീഷിലെ 'Law'ക്ക് കീഴിലാണ് വരിക. 'ലോ' ശരീഅത്തിനു മേല്‍ അടിച്ചേല്‍പിച്ചതിലൂടെ ശരീഅത്തിനെ തകര്‍ക്കുകയും പാശ്ചാത്യ നിയമസംഹിതകള്‍ പകരം വെക്കുകയുമായിരുന്നു കൊളോണിയല്‍ ശക്തികളുടെ ഉന്നം. ഭാഷ ആശയങ്ങളെ നിര്‍വചിക്കുക മാത്രമല്ല, പരിമിതപ്പെടുത്തുകയും നിയന്ത്രിക്കുകയും കൂടി ചെയ്യുന്നുണ്ട്. ഇത് ആധുനിക കൊളോണിയല്‍ ജ്ഞാനശാസ്ത്രത്തിന്റെ പ്രധാന മുഖമാണ്. ജര്‍മന്‍ തത്ത്വചിന്തകന്‍ മാക്‌സ് ഷെലര്‍ തന്റെ 'പ്രോബ്ലംസ് ഓഫ് എ സോഷ്യോളജി ഓഫ് നോളജ്' എന്ന കൃതിയില്‍ പറയുന്നത്, പാശ്ചാത്യ ആധുനികതയുടെ ഒരു അനിവാര്യ സ്വഭാവം ജ്ഞാനത്തിനു മേല്‍ അധികാരമുറപ്പിക്കാനുള്ള അതിന്റെ ത്വരയാണ് എന്നാണ്.
കാമ്പിലും സത്തയിലും 'ലോ'യില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ശരീഅത്ത്. കാരണം, ശരീഅത്ത്, നിയമത്തെയും ധാര്‍മികതയെയും വെവ്വേറെ കാണുന്നില്ല. പക്ഷേ, ശരീഅത്തിനെ നാം Law (നിയമം) എന്ന് പരിഭാഷപ്പെടുത്തുമ്പോള്‍, ആശയത്തിലും ഭാഷയിലും അതിനുള്ള സവിശേഷതകളൊക്കെ നഷ്ടമാവുകയാണ്. അതിനാല്‍ 'നിയമം' ആക്കി ചുരുക്കപ്പെട്ട ശരീഅത്തിന് കാര്യക്ഷമത നഷ്ടപ്പെടുക സ്വാഭാവികം മാത്രം. ആധുനികതയുടെ സൈദ്ധാന്തിക പരിസരത്ത് ജന്മം കൊണ്ട 'നിയമം' ഏകരൂപമുള്ളതും ക്രോഡീകരിക്കപ്പെട്ടതും ബലാല്‍ക്കാരം അടിച്ചേല്‍പിക്കുന്നതും ഒരു കേന്ദ്രീകൃത വ്യവസ്ഥക്ക് കീഴിലുള്ളതും ജീവിതത്തെയും ചിന്തകളെയും സ്വാധീനിക്കുന്നതുമാണ്. എന്നാല്‍ ശരീഅത്തിന്റെ പ്രത്യേകത അത് ഏകരൂപമുള്ളതല്ല (Non-uniform) എന്നതാണ്. അത് ക്രോഡീകരിക്കപ്പെട്ടതല്ല; ബലാല്‍ക്കാരം അടിച്ചേല്‍പിക്കപ്പെടുന്നതല്ല. എല്ലാറ്റിനുമുപരി അത് ബഹുസ്വരമാണ്. പ്രാദേശിക പാരമ്പര്യങ്ങളെയും പ്രത്യേകതകളെയും ഉള്‍ക്കൊള്ളുകയും സ്വാംശീകരിക്കുകയും ചെയ്യുന്ന ഭരണ സംവിധാനങ്ങളാണ് ആയിരത്തിലധികം വര്‍ഷം മൂന്ന് ഭൂഖണ്ഡങ്ങളിലായി അത് കെട്ടിപ്പടുത്തത്. ഈ ബഹുസ്വരത ചിന്തകളെയും ജീവിതത്തിന്റെ മറ്റു മേഖലകളെയും സ്വാധീനിക്കുകയും ചെയ്യുന്നു. എന്നു പറഞ്ഞാല്‍ ഇന്ന് നാം 'നിയമം' (Law) എന്ന് മനസ്സിലാക്കുന്ന ആശയത്തിന്റെ നേര്‍ വിപരീത ചേരിയിലാണ് ശരീഅത്ത് ഉള്ളത്. അപ്പോള്‍ പിന്നെ ശരീഅത്തിനെ 'നിയമം' ആക്കി ചുരുക്കുകയും വികൃതമാക്കുകയും ചെയ്താല്‍ പ്രശ്‌നമുണ്ടാവില്ലേ?
പ്രത്യക്ഷവും പരോക്ഷവുമായ യൂറോപ്യന്‍ അധിനിവേശം മുസ്‌ലിം ലോകത്ത് നിലവിലുണ്ടായിരുന്ന നിയമ സംവിധാനങ്ങളെ വെട്ടിമുറിക്കുകയോ വികൃതമാക്കുകയോ ഒക്കെ ചെയ്തിട്ടുണ്ട്. ഇതിനെയാണ് യൂറോപ്യന്‍ ബുദ്ധിജീവികള്‍ 'പരിഷ്‌കരണം' എന്ന് വിളിക്കുന്നത്. ഈ 'പരിഷ്‌കരണ'ത്തിനു വേണ്ടിയാണ് നമ്മുടെ നാട്ടിലെ വരേണ്യ വിഭാഗങ്ങളും മുറവിളി കൂട്ടുന്നത്. പൂര്‍വാധുനികതയില്‍നിന്ന് ആധുനികതയിലേക്ക്, അപരിഷ്‌കൃതത്വത്തില്‍നിന്ന് പരിഷ്‌കൃതിയിലേക്ക് എന്ന് കൂടി ഈ പരിഷ്‌കരണത്തിന് അര്‍ഥമുണ്ട്. അപ്പോള്‍ മൊത്തം മുസ്‌ലിം നിയമ ചരിത്രവും അതിനനുസരിച്ച് വളര്‍ന്നുവന്ന ഭരണസംവിധാനവുമെല്ലാം കാലഹരണപ്പെട്ടതും ഒട്ടും കാര്യക്ഷമതയില്ലാത്തതും ആയി ഗണിക്കപ്പെടും. അതിനെയൊക്കെയും മധ്യയുഗത്തിലേക്ക് പിന്തള്ളുന്നതോടെ എന്തോ പിന്തിരിപ്പന്‍, പിന്നാക്ക ആശയസംഹിതയായി അതിനെ ചിത്രീകരിക്കാന്‍ കഴിയുന്നു. ഇന്നത്തെ ബ്യൂറോക്രാറ്റിക് ഘടനയിലേക്ക് അതിനെ പരിവര്‍ത്തിപ്പിക്കാനുള്ള 'ഭാരം' സ്വയം ഏറ്റെടുത്തവരാണ് നമ്മടെ ഈ ഉല്‍പതിഷ്ണുക്കള്‍. ശരീഅത്ത് പരിഷ്‌കരിക്കുന്നതിന്റെ മാനദണ്ഡം യൂറോകേന്ദ്രിത ജ്ഞാനരൂപങ്ങളാണ് എന്നര്‍ഥം. ആ ചിന്താ ഘടനയില്‍ ആധുനികപൂര്‍വ ഇസ്‌ലാമിക ശരീഅത്ത് വ്യവസ്ഥ പുതിയ കാലത്ത് ഒട്ടും പ്രസക്തമല്ലാത്ത ഭൂതകാലത്തിന്റെ ശേഷിപ്പ് മാത്രമാണ്. ഒരു നിയമ സംവിധാനത്തിന്റെയും സംസ്‌കാരത്തിന്റെയും ചരിത്രത്തെ ഒന്നടങ്കം പകരം വെക്കാനുള്ള ആഹ്വാനമായേ ഈ പരിഷ്‌കരണവാദത്തെ കാണാനാവൂ. അപ്പോള്‍ മുസ്‌ലിം ജ്ഞാനശാസ്ത്രഹത്യ(Epistemicide)യാണ് ഇവിടെ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. അത് മുസ്‌ലിം നിയമചരിത്രത്തെ മായ്ച്ചുകളയലോ അപമാനപ്പെടുത്തലോ ആണ്. എല്ലാറ്റിനെയും ബ്യൂറോക്രസിയിലേക്ക് ചുരുക്കുകയും കേന്ദ്രീകരിക്കുകയും ഏകരൂപമാക്കുകയും ചെയ്യുന്നു- സര്‍വ നിയന്ത്രണങ്ങളും കൈയടക്കിവെക്കുന്ന ഒരു സ്റ്റേറ്റിന്റെ നിര്‍മിതിക്കു വേണ്ടി. അറിവിന്റെ മാതൃകാ രൂപമായി അത് അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ഇനി നിയമത്തിന്റെ ക്രോഡീകരണ(Codification)ത്തെക്കുറിച്ച്. അതും ഒരു യൂറോകേന്ദ്രിത ആശയം തന്നെ. എല്ലാം ഒരേ മട്ടിലാക്കി ഒരൊറ്റ വാര്‍പ്പു മാതൃകയില്‍ ഏകീകരിക്കുകയാണ് ഇവിടെ. ഇത്തരം ഏകീകരണങ്ങളെയും ക്രോഡീകരണങ്ങളെയും നിരസിക്കുകയാണ് ശരീഅത്തും ഇസ്‌ലാമിക ഭരണരീതിയും. അടിസ്ഥാന നിയമങ്ങളോ(സിയാസ ശര്‍ഇയ്യ)ടൊപ്പം ഓരോ നാട്ടിലെയും രീതികളും സമ്പ്രദായങ്ങളും (ആദാത്ത്, ഉര്‍ഫ്) നിയമാവിഷ്‌കരങ്ങളെ സ്വാധീനിക്കും. യൂറോപ്യന്‍ നിയമ സംവിധാനത്തിന്റെ ഏകമുഖത ഉള്ളതല്ല ഇസ്‌ലാമിക ശരീഅത്തും ഫിഖ്ഹുമൊന്നും. ഭിന്നാഭിപ്രായങ്ങളുടെ സമൃദ്ധിയാണ് നമുക്കിവിടെ കാണാനാവുക. ഇതിനെ നമുക്ക് അഭിപ്രായ ബഹുസ്വരത എന്നോ ഇജ്തിഹാദീ ബഹുസ്വരത എന്നോ വിളിക്കാം. ഈ വൈവിധ്യമാണ് അതിന് ഇലാസ്തികത നല്‍കുന്നതും വിവിധ നിയമ കൈവഴികളെ ഉള്‍ക്കൊള്ളാനുള്ള പ്രാപ്തി നല്‍കുന്നതും.
ദൈവദാസന്‍ എന്ന നിലക്ക് ഓരോ വ്യക്തിയെയും കണക്കിലെടുക്കുന്നതുകൊണ്ടാണിത്. അതിനാല്‍ അമൂര്‍ത്തമോ ആഗോളീകൃതമോ ആയ ഒരു നിയമ ഭാഷയുടെയോ മെത്തഡോളജിയുടെയോ ആവശ്യം വരുന്നില്ല. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ആധുനികതക്കു മുമ്പുള്ള മുസ്‌ലിം സമൂഹത്തില്‍, നിയമോപദേശം (ഫത്‌വ) തേടി ഒരാള്‍ ഇമാമിനെയോ ഖാദിയെയോ സമീപിക്കുന്നു. ഏതെങ്കിലും നിയമപുസ്തകത്തിലെ ഇത്രാം നമ്പര്‍ ഖണ്ഡിക ഉദ്ധരിച്ചുകൊണ്ടുള്ള ഒരു നിയമപ്രസ്താവനയല്ല അദ്ദേഹം നടത്തുക. മറിച്ച്, ആ ഖാദിയോ ഇമാമോ പ്രസ്തുത വിഷയത്തില്‍ ഖുര്‍ആന്റെയും നബിചര്യയുടെയും വെളിച്ചത്തില്‍, നിയമോപദേശം തേടി വന്ന ആളെക്കൂടി പരിഗണിച്ച്, വ്യത്യസ്ത ആംഗിളുകളിലൂടെ വിഷയത്തെ നോക്കിക്കാണുകയും താന്‍ പിന്തുടരുന്ന ചിന്താസരണി(മദ്ഹബ്)യുടെ മെത്തഡോളജി ഉപയോഗിച്ച് ഒരു വിധി പ്രസ്താവിക്കുകയുമാണ് ചെയ്യുക. ഇനി വേറൊരാള്‍ അതേ ഇമാമിനെയോ ഖാദിയെയോ അതേ പ്രശ്‌നവുമായി സമീപിക്കുന്നു. പക്ഷേ, പശ്ചാത്തലവും സാഹചര്യങ്ങളുമൊക്കെ വ്യത്യസ്തമാണ്. അല്ലെങ്കില്‍ ഇതേ പ്രശ്‌നവുമായി മറ്റൊരു മദ്ഹബില്‍ പെട്ട ഇമാമിനെയാണ് സമീപിക്കുന്നത്. ഈ അവസ്ഥകളിലൊക്കെ, പ്രശ്‌നം ഒന്നു തന്നെയായിരുന്നാലും നിയമവിധികള്‍ വ്യത്യസ്തമായിരിക്കും. നിയമസംഹിത ഒരൊറ്റ രൂപത്തില്‍ ക്രോഡീകരിക്കുന്നതിനെ നിരാകരിക്കുന്നുണ്ട് നിയമാവിഷ്‌കാരത്തിന്റെ ഈ രീതി. ഈ ചലനാത്മകതയും വഴക്കവുമാണ് ഏതു കാലത്തേക്കും ഏതു ദേശത്തേക്കും പറിച്ചുനടാന്‍ പറ്റുന്ന വിധം ഇസ്‌ലാമിക ശരീഅത്തിനെയും ഫിഖ്ഹിനെയും നിത്യഹരിതമാക്കി നിര്‍ത്തുന്നത്.
ഉസ്മാനിയ്യ ഖിലാഫത്തില്‍ സംഭവിച്ചത്
പതിനാറാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും മുസ്‌ലിം ലോകത്തെ ഏറ്റവും ശക്തവും വിശാലവുമായ സാമ്രാജ്യം ഉസ്മാനീ തുര്‍ക്കികള്‍ സ്ഥാപിച്ചുകഴിഞ്ഞിരുന്നു. എങ്കിലും 1812-നു ശേഷം റഷ്യക്കാരില്‍നിന്ന് തുടര്‍ച്ചയായി സൈനിക പരാജയങ്ങള്‍ അവര്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നു. കരിങ്കടലിന്റെ വടക്കേ തീരങ്ങളിലും ക്രീമിയയിലും ഉസ്മാനികള്‍ക്ക് ആധിപത്യം നഷ്ടമായി. അറേബ്യയും ഈജിപ്തും കൂറുമാറി. അറേബ്യയില്‍ ആല്‍സുഊദ് വംശവും ഈജിപ്തില്‍ മുഹമ്മദലിയും ആധിപത്യം നേടി. ഉസ്മാനീ സാമ്രാജ്യം തകരുകയായിരുന്നു. 1833-ല്‍ ബ്രിട്ടനുമായി ഒപ്പുവെച്ച ബാള്‍ട്ടലിമാനി കരാര്‍ പ്രകാരം, യൂറോപ്യന്‍ പൗരന്മാര്‍ക്ക് സ്വന്തം പൗരന്മാര്‍ക്കു പോലും ഇല്ലാത്ത ആനുകൂല്യങ്ങള്‍ വകവെച്ചുകൊടുക്കാന്‍ ഉസ്മാനികള്‍ നിര്‍ബന്ധിതരായി. ഉസ്മാനീ വ്യവസായ സംരംഭങ്ങള്‍ക്ക് നല്‍കിവന്നിരുന്ന സംരക്ഷണവും എടുത്തുകളയേണ്ടിവന്നു. യൂറോപ്യന്‍ കമ്പോളത്തിന്റെ മത്സരങ്ങള്‍ക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ ഉസ്മാനികള്‍ സാമ്പത്തികമായി തകര്‍ന്നു. അങ്ങനെയാണ് 1839-ല്‍ ഗുല്‍ഹാനി (തന്‍സീമാത്ത്) പരിഷ്‌കരണങ്ങള്‍ക്ക് വഴിതുറന്നത്. യൂറോപ്യന്‍ സംസ്‌കാരവും ശാസ്ത്രവും മൂലധനവുമൊക്കെയായിരുന്നു പരിഷ്‌കരണത്തിന്റെ മാതൃക. ഇസ്‌ലാമിക ചരിത്രത്തിലാദ്യമായി വഖ്ഫ് സ്വത്തുക്കളുടെ കൈകാര്യം ശൈഖുല്‍ ഇസ്‌ലാം എന്ന ഗ്രാന്റ് വസീറില്‍നിന്ന് എടുത്തുമാറ്റി ഒരു പ്രത്യേക വകുപ്പിനു കീഴിലാക്കി. യൂറോപ്യന്‍ പൗരന്മാര്‍ക്ക് മേധാവിത്വമുള്ള ക്രിമിനല്‍ കോടതികള്‍ സ്ഥാപിതമായി. ആ കോടതികള്‍ക്ക് ഉസ്മാനീ കോടതികളുടെ ഏത് വിധിന്യായത്തെയും വീറ്റോ ചെയ്യാമായിരുന്നു.
ക്രീമിയന്‍ യുദ്ധങ്ങള്‍ (1853-'56) അവസാനിച്ചതോടെ ഉസ്മാനികള്‍ ഫ്രാന്‍സിനും ബ്രിട്ടനും കൂടുതല്‍ കടപ്പെട്ടു; സൈനികമായും സാമ്പത്തികമായും. 1856-ലെ ഹുമായൂന്‍ കരാറോടെ യൂറോപ്യന്‍ സമ്മര്‍ദങ്ങള്‍ കൂടുതല്‍ ശക്തമായി. ഭരണനിര്‍വഹണത്തില്‍നിന്ന് ഇസ്‌ലാമിക തത്ത്വങ്ങള്‍ പാടേ അപ്രത്യക്ഷമായി. യൂറോപ്യന്‍ പ്രാതിനിധ്യ ഭരണമാതൃക പകരം വന്നു. തുടര്‍ന്ന് യൂറോപ്യന്‍ ശക്തികള്‍ വഖ്ഫ് സ്വത്തുക്കളില്‍ കൈവെക്കാന്‍ തുടങ്ങി. ദമസ്‌കസ്, ഇസ്തംബൂള്‍, ബഗ്ദാദ്, കയ്‌റോ തുടങ്ങിയ വന്‍ നഗരങ്ങളിലെ 60 ശതമാനം ഭൂസ്വത്തും അക്കാലത്ത് വഖ്ഫിനു കീഴിലായിരുന്നു. വ്യാപാര സംരംഭങ്ങളും കലാലയങ്ങളും വിജയകരമായി നടന്നുപോന്നിരുന്നത് വഖ്ഫ് സ്വത്തുക്കള്‍ കൊണ്ടുതന്നെ. വഖ്ഫുകളില്‍ 40 ശതമാനവും കൈകാര്യം ചെയ്തിരുന്നത് സ്ത്രീകളായിരുന്നു എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. വഖ്ഫ് കൊണ്ടു നടന്നുവന്നിരുന്ന മൊറോക്കോയിലെ ഖുറവിയ്യീന്‍ യൂനിവേഴ്‌സിറ്റി ക്രി. 859-ല്‍ സ്ഥാപിച്ചത് ഫാത്വിമ അല്‍ഫഹ്‌രി എന്ന വ്യാപാരി വനിതയായിരുന്നു. പുതിയ ഭൂനിയമങ്ങള്‍ കൊണ്ടുവന്ന് ഈ വഖ്ഫ് വ്യവസ്ഥയെ അട്ടിമറിക്കുകയായിരുന്നു യൂറോപ്യന്മാര്‍. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍നിന്ന് സ്ത്രീകള്‍ ആസൂത്രിതമായി നീക്കം ചെയ്യപ്പെടുന്നത് ഇതോടു കൂടിയാണ്. പിന്നീടുള്ള രണ്ട് പതിറ്റാണ്ടുകളില്‍ ബ്രിട്ടീഷ്-ഫ്രഞ്ച് ബുദ്ധിജീവികളും പണ്ഡിതന്മാരും വഖ്ഫ് സംവിധാനത്തെ പ്രാകൃതമായും അധഃപതന കാലത്തിന്റെ അവശിഷ്ടമായും ചിത്രീകരിച്ച് വന്‍ പ്രചാരവേലകള്‍ നടത്തി. തുര്‍ക്കിയിലെ തന്നെ വരേണ്യ വര്‍ഗവും വഖ്ഫിനെതിരെയുള്ള ഈ പ്രചാരണം ഏറ്റുപിടിച്ചു. 1909-ല്‍ ഈ വരേണ്യ വിഭാഗം നടത്തിയ നീക്കങ്ങള്‍ തുര്‍ക്കി റിപ്പബ്ലിക്കില്‍നിന്ന് വഖ്ഫ് സംവിധാനത്തിന്റെതന്നെ നിഷ്‌കാസനത്തിന് വഴിവെച്ചു. അങ്ങനെ മുസ്‌ലിം ഭൂവിഭാഗങ്ങളിലെ സമ്പദ്ഘടനയുടെ നട്ടെല്ലായിരുന്ന, ഗ്രാമീണ മേഖലയില്‍ സ്വാശ്രയത്വത്തോടെ നിലനിന്നിരുന്ന വഖ്ഫ് സംവിധാനം ഇല്ലാതാവുകയും ഇന്നു കാണുന്ന തരത്തിലുള്ള അരാഷ്ട്രീയമായ ഒരു ധര്‍മസ്ഥാപനമായി അത് മാറുകയും ചെയ്തു.
ഇന്ത്യയില്‍ സംഭവിച്ചത്
പതിനെട്ടാം നൂറ്റാണ്ട് വരെ ഇന്ത്യയില്‍ ശരീഅത്തിനായിരുന്നു പ്രാമുഖ്യം. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മറവില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചുകൊണ്ടിരുന്നു. സാമ്പത്തിക ലാഭം എന്നതില്‍ കവിഞ്ഞ് മറ്റൊരു നോട്ടവും അവര്‍ക്കുണ്ടായിരുന്നില്ല. ഒന്നൊന്നര നൂറ്റാണ്ടിനകം ഈസ്റ്റ് ഇന്ത്യാ കമ്പനി അതിന്റെ രാഷ്ട്രീയ-സൈനിക സ്വാധീനം വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. സാമ്പത്തികമായും നിയമപരമായും ഇന്ത്യയെ കോളനിവത്കരിക്കാനായിരുന്നു അവരുടെ ശ്രമം. നിയമപരമായി എന്നു പറയാന്‍ കാരണമുണ്ട്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമസംവിധാനവുമായി അഭേദ്യമായി ബന്ധപ്പെട്ടുനില്‍ക്കുകയാണ് ഇവിടത്തെ സാമ്പത്തിക, വ്യാപാര താല്‍പര്യങ്ങള്‍ എന്നവര്‍ കണ്ടെത്തി.
1772-ല്‍ വാറന്‍ ഹേസ്റ്റിംഗ്‌സ് ബംഗാള്‍ ഗവര്‍ണറായി നിയമിതനാവുന്നതോടെയാണ് ഇന്ത്യയിലെ നിയമവ്യവസ്ഥ മാറ്റിപ്പണിയാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. 'ഹേസ്റ്റിംഗ്‌സ് പ്ലാന്‍' എന്നാണിത് അറിയപ്പെടുന്നത്. വിവിധ തട്ടുകളിലുള്ള ഒരു നിയമസംവിധാനമാണ് അദ്ദേഹം വിഭാവനം ചെയ്തത്. മുകള്‍തട്ട് എപ്പോഴും ബ്രിട്ടീഷ് ഭരണകര്‍ത്താക്കള്‍ക്ക് സംവരണം ചെയ്തതായിരിക്കും. രണ്ടാം തട്ടില്‍ ബ്രിട്ടീഷ് ജഡ്ജിമാരാണ് ഉണ്ടാവുക. ശരീഅത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രാദേശിക മുഫ്തിമാരുമായും ഖാദിമാരുമായും ആലോചിച്ച ശേഷമായിരിക്കും അവര്‍ തീരുമാനമെടുക്കുക. താഴെ തട്ടിലാണ് മുസ്‌ലിം ജഡ്ജിമാര്‍ ഉണ്ടാവുക. ഒരു പൊതു നിയമവ്യവസ്ഥ(ബ്രിട്ടീഷ് നിയമവ്യവസ്ഥ എന്നര്‍ഥം)യിലേക്ക് പ്രാദേശിക സമ്പ്രദായങ്ങളെയും രീതികളെയും കൊണ്ടുവരികയായിരുന്നു ലക്ഷ്യം. ഓറിയന്റലിസ്റ്റ് വില്യം ജോണ്‍സ്, 'ഹിന്ദു-മുസല്‍മാന്‍ നിയമത്തെ മുഴുവനായി ഇതില്‍ ലയിപ്പിക്കണം' എന്നൊരു നിര്‍ദേശം ഹേസ്റ്റിംഗ്‌സിനു മുമ്പില്‍ വെക്കുന്നുണ്ട്. ശരീഅത്തിന് സ്ഥിരതയില്ലെന്നും വ്യവസ്ഥാപിതത്വമില്ലെന്നും ഏകപക്ഷീയമാണെന്നുമൊക്കെയായിരുന്നു, ഇങ്ങനെയൊരു വ്യവസ്ഥ ശരീഅത്തിന്റെ ഘടനക്കകത്ത് കൊണ്ടുവരുന്നതിന്റെ ന്യായമായി പറഞ്ഞിരുന്നത്.
ഹേസ്റ്റിംഗ്‌സിന് ജോണ്‍സിന്റെ നിര്‍ദേശങ്ങള്‍ വളരെയേറെ ഇഷ്ടമായി. അതിന്റെ ഭാഗമായി, ഇസ്‌ലാമിലെ ചില ക്ലാസിക്കല്‍ നിയമപുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഹേസ്റ്റിംഗ്‌സ് ഉത്തരവിട്ടു. ബ്രിട്ടീഷ് ജഡ്ജിമാര്‍ക്ക് ശരീഅത്ത് വിധികള്‍ നേരിട്ടറിയുന്നതിനു വേണ്ടിയായിരുന്നു ഇത്. തദ്ദേശീയരായ മുസ്‌ലിം നിയമോപദേശകരെ ബ്രിട്ടീഷുകാര്‍ക്ക് തീരെ വിശ്വാസമുണ്ടായിരുന്നില്ല. ഏതാനും ടെക്സ്റ്റുകളെ മാത്രം അവലംബിച്ചാല്‍ മതിയെന്നും അത് അഭിപ്രായ വ്യത്യാസങ്ങള്‍ കുറയാന്‍ കാരണമാകുമെന്നുമുള്ള സൗകര്യവും ഉണ്ടായിരുന്നു. നിയമപരമായ ബഹുസ്വരതയോട് അവര്‍ക്ക് നേരത്തേ അലര്‍ജിയാണല്ലോ. വിവര്‍ത്തനം ചെയ്യാന്‍ തീരുമാനിച്ച പുസ്തകങ്ങള്‍ വളരെ സംക്ഷിപ്തമായിരുന്നതിനാല്‍ നിയമാവലികളായി ക്രോഡീകരിക്കാനും എളുപ്പമായിരുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു നിയമാവലിയുടെ ക്രോഡീകരണം നടക്കുന്നത്. നിയമങ്ങള്‍ ഇംഗ്ലീഷ് ഭാഷയിലായതോടെ അവയ്ക്ക് നേരത്തേയുണ്ടായിരുന്ന അറബി വ്യാഖ്യാനങ്ങളില്‍നിന്ന് അവ വേര്‍പ്പെടുത്തപ്പെട്ടു. അതുവരെ പ്രവര്‍ത്തിച്ചതുപോലെ ഇനിയത് പ്രവര്‍ത്തിക്കുകയില്ല എന്നര്‍ഥം. ഈ പ്രക്രിയക്ക് മൂന്ന് മാനങ്ങള്‍ ഉണ്ടായിരുന്ന: ഒന്ന്, ഈ നിയമാവലി ക്രോഡീകരണത്തോടെ അതുവരെ ശരീഅത്ത് വ്യവസ്ഥയുടെ നട്ടെല്ലായി പ്രവര്‍ത്തിച്ച മുസ്‌ലിം നിയമജ്ഞരും മുഫ്തിമാരും പുറന്തള്ളപ്പെട്ടു. രണ്ട്, ശരീഅത്ത് സാവധാനം ഒരു സ്റ്റേറ്റ് നിയമമായി പരിവര്‍ത്തിപ്പിക്കപ്പെട്ടു. മൂന്ന്, ഇംഗ്ലീഷ് നിയമത്തോട് സാദൃശ്യമുള്ള എന്തോ ഒന്നായി ശരീഅത്ത് മാറി.
ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട നിയമപുസ്തകങ്ങള്‍ വെച്ചുള്ള ബ്രിട്ടീഷ് ജഡ്ജിമാരുടെ വ്യവഹാരങ്ങളാണ് ആംഗ്ലോ-മുഹമ്മദന്‍ ലോ എന്നറിയപ്പെടുന്നത്. ശരീഅത്തിനു മീതെ ഇംഗ്ലീഷ് നിയമ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പിച്ചതിന്റെ വൈകൃതം എമ്പാടും ഇവിടെ കാണാം. ഇസ്‌ലാമിക ശരീഅത്തില്‍ കൊലയാളിക്ക് വധശിക്ഷയാണോ പിഴയാണോ അതല്ല മാപ്പാണോ നല്‍കേണ്ടത് എന്ന കാര്യത്തില്‍ അവസാന വാക്ക് കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കള്‍ക്കാണല്ലോ. ഈ അധികാരം സ്റ്റേറ്റിനാണെന്നും അതിനാല്‍ വ്യക്തികള്‍ക്ക് നല്‍കാന്‍ പറ്റില്ലെന്നുമായിരുന്നു ഇംഗ്ലീഷ് ഭരണകര്‍ത്താക്കളുടെയും നിയമജ്ഞരുടെയും ഉറച്ച നിലപാട്. അതിനാല്‍ 1861 ആയപ്പോഴേക്കും ഇസ്‌ലാമിക ക്രിമിനല്‍ നിയമം തന്നെ അപ്രത്യക്ഷമായി. വാഇല്‍ ഹല്ലാഖ്, തലാല്‍ അസദ് തുടങ്ങിയ പണ്ഡിതന്മാര്‍, ആധുനികതയുടെയും യൂറോകേന്ദ്രിത ആശയങ്ങളുടെയും പരിസരത്തു വെച്ച് ആധുനികപൂര്‍വ ശരീഅത്ത് വ്യവസ്ഥയെ വിലയിരുത്തുന്നതിലെ വൈരുധ്യം ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു ആധുനിക രാഷ്ട്രത്തിന്റെ ലെന്‍സിലൂടെ നാം ശരീഅത്തിനെ കാണാന്‍ ശ്രമിച്ചാല്‍, ആധുനിക യൂറോപ്പിന്റെ ഇരുനൂറ് വര്‍ഷ പാരമ്പര്യത്തെ, 1400 വര്‍ഷത്തെ ഇസ്‌ലാമിക ഭരണസംവിധാനത്തിനു മേല്‍ കെട്ടിവെക്കുകയാണ് നാം ചെയ്യുന്നത്. മോഡേണിറ്റിയുടെ കണ്ണിലൂടെയല്ലാതെ നമുക്ക് ശരീഅത്തിനെ വിശകലനം ചെയ്യാനാവില്ലെന്ന നിസ്സഹായതയാണ് ഇവിടെ പ്രകടമാവുന്നത്.
പുരുഷാധിപത്യം കടന്നുവരുന്ന വഴികള്‍
ജസ്റ്റിസ് കമാല്‍ പാഷ, സകിയ്യ സോമന്‍ പോലുള്ളവര്‍ കൊളോണിയലിസവും അതിന്റെ ജ്ഞാനശാസ്ത്ര ഹിംസയും എങ്ങനെയാണ് ശരീഅത്തിനെ താറുമാറാക്കിയത് എന്ന് ആലോചിക്കുന്നുണ്ടാവില്ല. ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമത്തിനു കീഴില്‍ മുസ്‌ലിം സ്ത്രീ അനുഭവിക്കുന്ന ദുരിതങ്ങള്‍ മാത്രമാണ് അവരുടെ ആലോചനാവിഷയം. അവരുടെ ഭീതികളെയും ഉത്കണ്ഠകളെയും നാം കൊച്ചാക്കി കാണുകയല്ല. തീര്‍ച്ചയായും അവര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ഉടനടി പരിഹാരം കാണേണ്ടവ തന്നെയാണ്. അവരുടെ വിശകലന രീതിയാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. മുസ്‌ലിം വ്യക്തിനിയമം പുരുഷാധിപത്യപരമാവാന്‍ കാരണം സ്ത്രീവിദ്വേഷികളായ പണ്ഡിതന്മാരുടെ രചനകളും അവരുടെ തെറ്റായ രീതിശാസ്ത്രങ്ങളുമാണെന്നാണ് ഈ വിമര്‍ശകരുടെ വാദം. ആ രീതിശാസ്ത്രങ്ങള്‍ മധ്യകാലത്തിലേതായതിനാല്‍ കാലഹരണപ്പെട്ടതും അതിനാല്‍തന്നെ പരിഷ്‌കരിക്കേണ്ടതുമാണ് എന്നും അവര്‍ പറയുന്നു. ഈ പറയുന്നതില്‍ ഭാഗികമായി ശരിയുണ്ട്. വ്യാഖ്യാനങ്ങളിലും വിശകലനങ്ങളിലും മെത്തഡോളജികളിലും പ്രശ്‌നങ്ങളുണ്ട്. പക്ഷേ, ഇന്ത്യയിലോ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലോ നിലനില്‍ക്കുന്ന മുസ്‌ലിം വ്യക്തിനിയമങ്ങളില്‍ ഇതൊന്നും ഒരു നിര്‍ണായക ഘടകമേ അല്ല എന്നതാണ് വസ്തുത. നിയമവ്യവസ്ഥയിലെ പുരുഷാധിപത്യ പ്രവണതക്ക് മുഖ്യ നിമിത്തമായത് മുസ്‌ലിം ലോകത്ത് ശക്തിപ്പെട്ട ദേശീയതയാണ്. ആ ദേശീയതയാകട്ടെ കാര്യമായും യൂറോപ്യന്‍ നിയമവ്യവസ്ഥയെ ആശ്രയിച്ച് രൂപം കൊണ്ടതാണ്. അതിനെ പിന്നീട് ഇസ്‌ലാമിക നിയമവുമായി ബന്ധിപ്പിക്കുകയാണ് ചെയ്തത്.
ദേശീയത എപ്പോഴും പുരുഷാധിപത്യപരവും സ്ത്രീത്വത്തെ വിധേയപ്പെടുത്തിവെക്കുന്നതും ആയിരുന്നു. പുരുഷനാണ്, സ്ത്രീയല്ല ദേശീയതയെ നിര്‍വചിക്കുന്നത് എന്ന ആശയം അതിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്. ഈ ദേശീയതയാണല്ലോ മുസ്‌ലിം രാഷ്ട്രങ്ങള്‍ സ്വാംശീകരിച്ചത്. ഉസ്മാനികളുടെ നിയമപരിഷ്‌കരണങ്ങള്‍തന്നെ ഉദാഹരണമായെടുക്കാം. പരിഷ്‌കരണത്തിന് അത് കാര്യമായും ആശ്രയിച്ചത് യൂറോപ്യന്‍ നിയമവ്യവസ്ഥയെ, പ്രത്യേകിച്ച് ഫ്രഞ്ച് നിയമവ്യവസ്ഥയെ ആയിരുന്നു. 1804 മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെ പ്രയോഗത്തിലുണ്ടായിരുന്ന ഫ്രഞ്ച് സിവില്‍ കോഡ് അനുസരിച്ച്, വീട്ടിലെ പ്രധാനി പുരുഷനാണ്. 'ഭാര്യ ഭര്‍ത്താവിന് വിധേയപ്പെടണം' എന്നും അതില്‍ പറയുന്നുണ്ട്. 1970-കളുടെ അവസാനം വരെ ഫ്രഞ്ച് നിയമത്തില്‍ കുടുംബത്തലവന്‍ പുരുഷന്‍ തന്നെയാണ്. 1949 വരെയുള്ള വെസ്റ്റ് ജര്‍മന്‍ സിവില്‍ കോഡിലും ഇത്തരം പരാമര്‍ശങ്ങള്‍ കാണാം. ഇതൊക്കെയാണ് കോളനിയാനന്തരമുള്ള ദേശീയതയെ സ്വാധീനിച്ചത്. എന്നാല്‍ ആധുനികതക്കു മുമ്പുള്ള ഇസ്‌ലാമിക നിയമവ്യവഹാരങ്ങളില്‍, ദാമ്പത്യ ബാധ്യതകള്‍ നിര്‍വഹിക്കാത്ത ഭര്‍ത്താവിന്റെ പ്രവൃത്തികളെ അനുസരണക്കേടായി(നുശൂസ്) വിലയിരുത്തി ഭാര്യക്ക് വിവാഹമോചനം (ഖുല്‍അ്) ആവശ്യപ്പെടാം എന്നുണ്ട്. ഇവിടെ 'അനുസരണക്കേട്' എന്നുള്ളത് സ്ത്രീക്കെന്ന പോലെ പുരുഷന്നും ബാധകമാവുകയാണ്. പക്ഷേ ആധുനിക നിയമവ്യവസ്ഥയില്‍ 'അനുസരണക്കേട്' പൂര്‍ണമായും സ്ത്രീക്ക് പതിച്ചു നല്‍കിയിരിക്കുകയാണ്.
മാത്രമല്ല, ആധുനികതക്കു മുമ്പുള്ള ഇസ്‌ലാമിക നിയമവ്യവഹാരത്തില്‍, സ്ത്രീയും നിയമപരമായിത്തന്നെ എല്ലാ അര്‍ഥത്തിലും സ്വതന്ത്ര അസ്തിത്വമുള്ളവളാണ്. പുരുഷന്നുള്ള എല്ലാ അവകാശങ്ങളും അവള്‍ക്കുമുണ്ട്. സ്ത്രീയുടെ സ്വത്ത് കൈകാര്യം ചെയ്യാന്‍ നിയമപരമായി ഭര്‍ത്താവിന് അവകാശമില്ല. തന്റെ കുടുംബത്തോട് ഭര്‍ത്താവിനുള്ളതില്‍ കൂടുതല്‍ ബാധ്യതയൊന്നും, ഭര്‍ത്താവിന്റെ കുടുംബത്തോട് ഭാര്യക്കും ഇല്ല. ഇങ്ങനെ പരമ്പരാഗത നിയമവ്യവസ്ഥയില്‍ സ്ത്രീക്കുണ്ടായിരുന്ന അവകാശങ്ങളില്‍ പലതും ആധുനിക യുഗത്തിലെ നിയമനിര്‍മാണത്തിനിടെ നഷ്ടപ്പെട്ടുപോയതായി കാണാം.
അപ്പോള്‍ യൂറോപ്യന്‍ വിദ്യാഭ്യാസ തത്ത്വചിന്തകളും രീതികളും ഓരോ ദേശരാഷ്ട്രത്തിലെയും വരേണ്യ വിഭാഗങ്ങള്‍ കടമെടുത്തതുതന്നെയാണ് ലിംഗവിവേചനത്തിനും മറ്റും കാരണമായ മുഖ്യ ഘടകം. പുരുഷ കേന്ദ്രിതമായ ദേശരാഷ്ട്രം, പുരുഷമേധാവിത്വമുള്ള സമ്പദ്ഘടന, സ്ത്രീകള്‍ക്ക് കുത്തകയുണ്ടായിരുന്ന കുടില്‍ വ്യവസായങ്ങളുടെ തകര്‍ച്ച ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ ആധുനികത രൂപപ്പെടുത്തിയ നിയമവ്യവസ്ഥ സ്ത്രീകളെ മോചിപ്പിക്കുന്നതിനു പകരം, വിധേയപ്പെടുത്തുകയായിരുന്നു.
References:
1. Framed, Blamed and Renamed: The Recasting of Islamic Jurisprudence in Colonial South Asia, Scott Alan Kugle
2. Rethinking the State, Pierre Bourdieu
3. Sharia: Theory, Practice, Transformations, Wael Hallaq
4. Authority, Continuity and Change in Islamic Law, Wael Hallaq
5. The Fall of the Ottomans, Eugene Rogan
6. Women and Waqf Revisited, Margaret Meriwether
7. Colonialism and its Forms of Knowledge: The British in India, Bernard Cohn
8. Legal scholarship and the Politics of Islam in British India, R.S. Khare
9. The Scandal of Empire: India and the Creation of Imperial Britain, Nicholas Dirks
10. The Rise and Decline of the State, Martin Van Creveld
11. The Impossible State: Islam, Politics and Modernity's Moral Predicament, Wael Hallaq
12. The Professionalization of Health and the Control of Women's Bodies as Modern Governmentalities in 19th Century Egypt, Mervat Hatem
13. Power and Authority in the Family: New Legal Patterns as Reflections of Changing Ideologies, Mary Ann Glendon
14. Colonialism, Nationalism, and Colonized Women: The Contest in India, Partha Chatterjee
15. An Introduction to Islamic Law, Wael Hallaq
16. Remaking Women: Feminism and Modernity in the Middle East, Lila Abu-Lughod
Comments