Prabodhanm Weekly

Pages

Search

2016 മാര്‍ച്ച്‌ 25

2944

1437 ജമാദുല്‍ ആഖിര്‍ 16

അഴിമതിയുടെ അടിവേരുകള്‍

പൊതുമേഖലാ ബാങ്കുകളില്‍നിന്ന് ഒമ്പതിനായിരം കോടിയിലധികം രൂപ അടിച്ചുമാറ്റി മദ്യവ്യവസായി വിജയ് മല്യ നാടുവിട്ടിരിക്കുകയാണല്ലോ. അതിനുശേഷവും മറ്റു അഴിമതിക്കഥകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ കൊടും സാമ്പത്തിക കുറ്റവാളിയെ ഒരു പോറലുമേല്‍ക്കാതെ മറ്റൊരു നാട്ടിലെ സുരക്ഷിത താവളത്തിലെത്തിക്കാന്‍ കേന്ദ്ര ഭരണകൂടവും അതിന്റെ സുരക്ഷാ ഏജന്‍സികളും നിയമ സംവിധാനങ്ങളും എങ്ങനെയൊക്കെ ഒത്തുകളിച്ചുവെന്നും നമുക്കറിയാം. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കെ പൊതു പെരുമാറ്റ ചട്ടം നിലവില്‍വന്നുകഴിഞ്ഞിട്ടും അതൊന്നും തരിമ്പും വകവെക്കാതെ അനധികൃതമായും നിയമവിരുദ്ധമായും ഭൂമി പതിച്ചുകൊടുക്കുന്നതിന്റെയും മറ്റും അഴിമതിക്കഥകള്‍ ഓരോ ദിവസവും മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയാവുന്നു. അഴിമതിയില്‍ മുങ്ങിമുങ്ങിത്തന്നെയായിരുന്നുവല്ലോ കേരള സര്‍ക്കാറിന്റെ അഞ്ച് വര്‍ഷത്തെ പ്രയാണം.
മുമ്പാരോ ദാരിദ്യത്തെക്കുറിച്ച് പറഞ്ഞതുപോലെ, അഴിമതി ഒരു ആഗോള പ്രതിഭാസമായി വളര്‍ന്നിരിക്കുന്നു. 'ഫിഫ'യുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നടന്നുവരുന്ന അഴിമതിക്കഥകള്‍ പുറത്തുവന്നപ്പോള്‍ എത്രയെത്ര വിഗ്രഹങ്ങളാണ് വീണുടഞ്ഞത്! മുമ്പൊക്കെ നമ്മള്‍ കേട്ടിരുന്നത് വ്യക്തികള്‍ നടത്തുന്ന അഴിമതിയെക്കുറിച്ചായിരുന്നു. ഭരണകൂടത്തിലും മറ്റും ഉയര്‍ന്ന പദവികള്‍ വഹിക്കുന്നവര്‍ തങ്ങള്‍ സ്വമേധയാ ചെയ്തുകൊടുക്കേണ്ട സേവനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതിരിക്കുന്നു. ആവശ്യപ്പെട്ട പണം നല്‍കിയാലേ ആ സേവനം ലഭ്യമാകൂ എന്ന സ്ഥിതി സംജാതമാവുന്നു. ഇതിനെ 'പെറ്റി കറപ്ഷന്‍' എന്ന് വിളിക്കാം. വന്‍ പണക്കാരും രാഷ്ട്രീയ പ്രമുഖരുമൊക്കെ നടത്തുന്ന വന്‍ അഴിമതികള്‍ (Grand Corruptions) ആണ് രണ്ടാമത്തേത്. വിജയ് മല്യയും കോഴ വാങ്ങുന്നതിനിടയില്‍ ഒളിക്യാമറയില്‍ കുടുങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ഈ ഗണത്തിലാണ് പെടുക.
മൂന്നാമത്തെ ഇനമാണ് ഏറ്റവും അപകടം പിടിച്ചത്. അതിനെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതി എന്നു വിളിക്കാം. കമീഷനും കോഴയുമൊന്നുമില്ലാതെ ഭരണസംവിധാനം തന്നെ പ്രവര്‍ത്തിക്കില്ലെന്ന സ്ഥിതിവരും. ഭരണാധികാരികള്‍ തന്നെയാവും ഇതിന്റെ മുഖ്യ നടത്തിപ്പുകാര്‍ എന്നതിനാല്‍ രാഷ്ട്ര ഗാത്രത്തെ കാന്‍സര്‍ പോലെ കാര്‍ന്നുതിന്നുന്ന ഈ മാരകവ്യാധിയെ കണ്ടെത്താന്‍ തന്നെ പ്രയാസം. കണ്ടെത്തിയിട്ടും വലിയ പ്രയോജനമൊന്നുമില്ല. നമ്മുടെ അയല്‍ നാടായ പാകിസ്താനില്‍ 'NAB' എന്നൊരു സംവിധാനമുണ്ട്, അഴിമതി തടയാനായി. 'നാഷ്‌നല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ' എന്നതിന്റെ ചുരുക്കപ്പേര്. ഇതിപ്പോള്‍ സകല അഴിമതിക്കാരെയും സംരക്ഷിക്കുന്ന സംവിധാനമായി മാറിയിരിക്കുന്നു. പാക് സുപ്രീംകോടതിയിലെ ജസ്റ്റിസ് ജവാദ് ഖോജ ഈ പ്രവണതയെ വിളിക്കുന്നത് ഭരണഘടനാപരമായ അഴിമതി (Constitutional Corruption) എന്നാണ്. ഭരണ-നിയമ തലങ്ങളില്‍ സംരക്ഷണം ലഭിക്കുന്ന ഒന്നായി അഴിമതി മാറുന്നു എന്നത് വളരെ ആപത്കരമായ പ്രവണതയാണ്. Capitalism's Achilles Heel എന്ന പുസ്തകത്തില്‍ പത്രപ്രവര്‍ത്തകനായ റെയ്മണ്ട് ഡബ്ല്യു ബേക്കര്‍, പാകിസ്താനിലെ ബേനസീര്‍ ഭുട്ടോ കുടുംബത്തിന്റെയും നവാസ് ശരീഫ് കുടുംബത്തിന്റെയും പുറംനാടുകളിലുള്ള ആസ്തി ഒരു ബില്യനിലധികം വരും എന്ന് പറയുന്നുണ്ട്. ഇത് ശരിയല്ലെങ്കില്‍ ഇരുകുടുംബങ്ങളും തനിക്കെതിരെ ബ്രിട്ടീഷ് കോടതിയില്‍ കേസ് കൊടുക്കട്ടെ എന്നും അദ്ദേഹം വെല്ലുവിളിക്കുന്നുണ്ട്. ഇന്നുവരെ ആരും കേസ് ഫയല്‍ ചെയ്തിട്ടില്ല. പുസ്തകത്തില്‍ പറഞ്ഞത് തൊള്ളായിരത്തി തൊണ്ണൂറുകളിലെ കണക്കാണ്. ഇപ്പോഴതിന്റെ മൂന്നിരട്ടിയെങ്കിലും കാണും ഓരോ കുടുംബത്തിനും. പാകിസ്താന്‍ മാറിമാറി ഭരിച്ച ഈ 'രാജ'കുടുംബങ്ങള്‍ ആ ദരിദ്ര രാഷ്ട്രത്തെ നിര്‍ദാക്ഷിണ്യം കൊള്ളയടിച്ചതിന്റെ സാക്ഷ്യങ്ങളാണിവ. ലോകത്തെ മിക്ക രാഷ്ട്രങ്ങള്‍ക്കും പറയാനുള്ളത് ഇതുപോലുള്ള കഥകള്‍.
ഭൗതികതയിലാണ് അഴിമതിയുടെ വേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നത്. അതിനാല്‍ മുതലാളിത്തം, കമ്യൂണിസം, സോഷ്യലിസം പോലുള്ള ഭൗതിക ദര്‍ശനങ്ങള്‍ക്ക് അഴിമതി തടയാന്‍ ഒന്നും മുന്നോട്ടുവെക്കാനില്ല എന്നതാണ് സത്യം. അടിയുറച്ച ദൈവവിശ്വാസത്തിനും ധാര്‍മിക ബോത്തിനും മാത്രമേ അഴിമതിയെ നിഷ്‌കാസനം ചെയ്യാനാവൂ. മനുഷ്യമനസ്സിലാണ് മാറ്റമുണ്ടാകേണ്ടത്. 'മനസ്സിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു, അതിനെ മലിനപ്പെടുത്തിയവന്‍ പരാജയപ്പെട്ടു' എന്ന് ഖുര്‍ആന്‍ പറയുന്നത് അതുകൊണ്ടാണ്. സത്യസന്ധത, നീതിബോധം, കരാര്‍ പാലനം, വിശ്വസ്തത തുടങ്ങി ഒരു യഥാര്‍ഥ ദൈവ വിശ്വാസിയുടെ അടിസ്ഥാന സ്വഭാവ ഗുണങ്ങളെ മുഴുവന്‍ തകര്‍ത്തുകളയും അഴിമതി. ദൈവബോധത്തില്‍നിന്ന് ഉത്ഭൂതമാവുന്ന നീതിബോധമല്ല, സ്വാര്‍ഥതാല്‍പര്യങ്ങളാവും അപ്പോള്‍ മനുഷ്യനെ ഭരിക്കുക.
അഴിമതിക്ക് അറബിയില്‍ 'ഫസാദ്' എന്നാണ് പറയുക. ഇതൊരു ഖുര്‍ആനിക പ്രയോഗമാണ്. സര്‍വനാശം എന്ന് ആ വാക്കിനെ പരിഭാഷപ്പെടുത്താം. ഭൂമിയിലേക്ക് താനൊരു പ്രതിനിധിയെ നിശ്ചയിക്കുകയാണ് എന്ന് അല്ലാഹു പറഞ്ഞപ്പോള്‍, 'ഫസാദ് ഉണ്ടാക്കുന്നവരെയും രക്തച്ചൊരിച്ചില്‍ നടത്തുന്നവരെയും ആണോ അങ്ങോട്ടയക്കുന്നത്' എന്ന് മലക്കുകള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. രക്തച്ചൊരിച്ചിലിനേക്കാളും മാരകമായ പാപമാണ് ഫസാദ് എന്ന ധ്വനി ഇവിടെയുണ്ട്. കാരണം ധനത്തിന്റെയും അധികാരത്തിന്റെയും അസന്തുലിതവും അനീതി നിറഞ്ഞതുമായ വിതരണമാണ് അഴിമതിയിലൂടെ സംഭവിക്കുന്നത്. അത് എല്ലാത്തരം അതിക്രമങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും വഴിവെക്കും. അധികാരവും സ്വാധീനവുമുള്ള ക്രിമിനലുകളെയും മാഫിയാ സംഘങ്ങളെയും സൃഷ്ടിക്കും. സമൂഹത്തില്‍ ഭീകരമായ സാമ്പത്തിക അസമത്വങ്ങള്‍ക്ക് വഴിവെക്കും. ഈ അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് സാമൂഹിക തിന്മകളും സാമ്പത്തിക കുറ്റകൃത്യങ്ങളും പെരുകുന്നുവെന്ന് വിലപിച്ചതുകൊണ്ട് യാതൊരു കാര്യവുമില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /2
എ.വൈ.ആര്‍