എന്തുകൊണ്ട് ശരീഅത്ത്?
ഇസ്‌ലാം വിശ്വാസവും നിയമസംഹിതയും ചേര്‍ന്നതാണ്. വിശ്വാസം അതിന്റെ ആത്മാവും നിയമസംഹിത ശരീരവുമാണെന്നു പറയാം. പക്ഷേ, ഇസ്‌ലാമുമായി ബന്ധപ്പെട്ട് എന്നും വിവാദങ്ങള്‍ക്ക് വിധേയമാകാറുള്ളത് വിശ്വാസമല്ല, നിയമസംഹിത അഥവാ ശരീഅത്താണ്. അതെന്തുകൊണ്ട് എന്നു പരിശോധിക്കാനാണ് ഈ എഴുത്തില്‍ ശ്രമിക്കുന്നത്.
ലോകത്തിലെ പ്രബല മതങ്ങളില്‍ ഇസ്‌ലാമിന് മാത്രമേ ശരീഅത്ത് അഥവാ ജീവിതത്തെ മുഴുവന്‍ ചൂഴ്ന്നുനില്‍ക്കുന്ന നിയമസംഹിത ഉള്ളൂ എന്നതാണതിന്റെ കാരണം. ഒരു മതം ദൈവികമായിരിക്കുമ്പോള്‍ അതിന് ദൈവശാസ്ത്രത്തോടൊപ്പം ദൈവികമായ ധര്‍മശാസ്ത്രവും ഉണ്ടായിരിക്കും. അതിന്റെ ദൈവികത മലിനീകരിക്കപ്പെടുമ്പോള്‍ ദൈവശാസ്ത്രവും ധര്‍മശാസ്ത്രവും വികലമായിത്തീരുന്നു. ദൈവത്തിന്റെ പേരില്‍തന്നെ തെറ്റായ കര്‍മരീതികള്‍ പ്രചരിക്കപ്പെടുന്നു. കുറച്ചുകൂടി കഴിയുമ്പോള്‍ നിര്‍ണിതമായ കര്‍മരീതി എന്ന സങ്കല്‍പംതന്നെ അത് ഉപേക്ഷിക്കുന്നു.
ക്രിസ്തുമതത്തെ പഠിച്ചാല്‍ ഇതിന്റെ ഓരോ ഘട്ടവും വ്യക്തതയോടെ നമുക്ക് കാണാന്‍ കഴിയും. മൂസാ (അ) യുടെ ശരീഅത്ത് തന്നെയായിരുന്നു ഈസ(അ)ക്കും നല്‍കപ്പെട്ടിരുന്നത്. അതില്‍ ചില ചെറിയ ലഘൂകരണങ്ങളും ഭേദഗതികളും ഈസാ(അ)യിലൂടെ പഠിപ്പിക്കപ്പെട്ടിരുന്നു. മൗലികമായി അദ്ദേഹം പ്രബോധനം ചെയ്തത് മൂസാ(അ)ക്ക് നല്‍കപ്പെട്ട ശരീഅത്ത്, ന്യായപ്രമാണം തന്നെയായിരുന്നു. ക്രൈസ്തവ ചരിത്രത്തില്‍ ഇതിനെ തകിടംമറിക്കുന്നത് സെന്റ് പോളാണ്.
രണ്ട് കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്. അത് രണ്ടും പരസ്പരബന്ധിതമാണ്. ഒന്ന് കുരിശുമരണത്തിലുള്ള വിശ്വാസത്തിലൂടെയാണ് രക്ഷ പ്രാപിക്കുക, അഥവാ ദൈവപ്രീതിയും സ്വര്‍ഗവും ലഭിക്കുക എന്ന പുതിയതും തെറ്റായതുമായ വിശ്വാസത്തെ മതത്തിനകത്തേക്കു കൊണ്ടുവരുന്നു. യേശു മനുഷ്യന്റെ മുഴുവന്‍ പാപവും എറ്റെടുത്താണ് കുരിശുമരണം വരിച്ചത്. ഇനി രക്ഷയുടെ വഴി കര്‍മമല്ല, പാപമേറ്റെടുത്ത് കുരിശിലേറിയ യേശുവില്‍ വിശ്വസിക്കുക എന്നതാണ്. യഥാര്‍ഥത്തില്‍ സത്യസാക്ഷ്യപ്രവേശന രൂപമായിരുന്ന മാമോദീസയെയും സെന്റ് പോള്‍ ഇതേ പ്രകാരം അട്ടിമറിക്കുന്നുണ്ട്. മാമോദീസയില്‍ വിശ്വാസി ഒന്നാമതായി മുങ്ങുമ്പോള്‍ അവര്‍ യേശുവിനൊപ്പം മരിക്കുകയാണ്. പൊങ്ങുമ്പോള്‍ യേശുവിനൊപ്പം ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. ഉയിര്‍ത്തെഴുന്നേറ്റവന്‍ പുതിയ സൃഷ്ടിയാണ്. അവന് കര്‍മത്തിലെ നന്മതിന്മകളുടെ ഉത്തരവാദിത്തമില്ല. രണ്ടാമത്തേത് യേശുവിന്റെയും ശരീഅത്തായിരുന്ന(കര്‍മമാര്‍ഗം) ന്യായപ്രമാണം(തൗറാത്ത്) റദ്ദുചെയ്തു. ന്യായപ്രമാണം ശിശുപാലകനാണ്. കാലസമ്പൂര്‍ണതയില്‍ യേശു അവതരിച്ചതോടെ അതിന് പ്രസക്തിയില്ലെന്ന് സെന്റ് പോള്‍ സിദ്ധാന്തിച്ചു. അങ്ങനെ ക്രൈസ്തവത നിര്‍ണിതമായ നിയമസംഹിതയില്ലാത്ത സുവിശേഷം മാത്രമായി.
യേശു രണ്ട് ശക്തികളോടായിരുന്നു ഏറ്റുമുട്ടിയത്. മതപരമായി യഹൂദ പൗരോഹിത്യത്തോടും രാഷ്ട്രീയമായി റോമാ സാമ്രാജ്യത്തോടും. സെന്റ് പോളോടുകൂടി നിര്‍ണിത നിയമവ്യവസ്ഥ ഇല്ലാതായ ക്രൈസ്തവ മതത്തെ പിന്നീട് റോമാ സാമ്രാജ്യം ഏറ്റെടുക്കുകയും അതിന്റെ നിയമ സംഹിത ക്രൈസ്തവതയുടെ നിയമസംഹിതയാവുകയും ചെയ്തു. ക്രൈസ്തവതയെ റോമാ സാമ്രാജ്യം അതിന്റെ ഔദ്യോഗിക മതമായി അംഗീകരിച്ചു. സാമ്രാജ്യത്തിനെതിരായ വലിയ പോരാട്ടങ്ങള്‍ നടത്തിയ മതം സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി. ഈ മതം എത്തിച്ചേര്‍ന്നിടങ്ങളിലെല്ലാം അവിടത്തെ അധീശ സംസ്‌കാരങ്ങളുമായി ചേര്‍ന്നുനിന്നു. അവയെ സ്വന്തം സംസ്‌കാരമായി ഉള്‍ക്കൊണ്ടു. ക്രൈസ്തവതയുടെ ലോകവ്യാപകമായ പ്രചുര പ്രചാരത്തിനുപിന്നിലും ഇതൊരു അനൂകൂല ഘടകമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രൈസ്തവതയിലെ ഈ റോമന്‍-ഗ്രീക്ക് സ്വാധീനത്തെക്കുറിച്ചാണ് ഖുര്‍ആന്‍ പറയുന്നത്: ''പറയുക, വേദക്കാരേ, നിങ്ങളുടെ മതത്തില്‍ അന്യായമായി അതിരുകവിയരുത്. നേരത്തേ പിഴക്കുകയും ധാരാളമാളുകളെ പിഴപ്പിക്കുകയും ശരിയായ വഴിയില്‍നിന്നകന്നുപോവുകയും ചെയ്ത ജനത്തിന്റെ ഇഛകളെ നിങ്ങള്‍ പിന്‍പറ്റരുത്'' (അല്‍മാഇദ 77).
വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ ഹൈന്ദവ സംസ്‌കാരവും ഒരു നിര്‍ണിത നിയമസംഹിതയെ പിന്തുടരുന്നു എന്നു പറയാനാവില്ല. സവര്‍ണ മതത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്; സ്മൃതിയും ശ്രുതിയും. ശ്രുതികള്‍ വിശ്വാസ സംഹിതയും സ്മൃതികള്‍ കര്‍മ ശാസ്ത്രവുമാണ്. ബുദ്ധ-ജൈനമതങ്ങളും ജീവിതത്തിന് മുഴുവന്‍ ബാധകമാവുന്ന നിയമസംഹിതകള്‍ ഇന്ന് നിലനിര്‍ത്തുന്നില്ല. ആ മതങ്ങളെയെല്ലാം സംബന്ധിച്ചേടത്തോളം മതം വിശ്വാസങ്ങളും മിത്തുകളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ്. അതുകൊണ്ടാണ് ഹൈന്ദവ താല്‍പര്യം സംരക്ഷിക്കുന്നു എന്നവകാശപ്പെടുന്ന ബി.ജെ.പിക്ക് ഏക സിവില്‍കോഡ് വാദം വളരെ അക്രമാസക്തമായി ഉന്നയിക്കാന്‍ കഴിയുന്നത്. ഏതെങ്കിലും ഒരു സിവില്‍കോഡിനെ സവിശേഷമായി സംരക്ഷിക്കേണ്ട വിഷയം അവര്‍ക്കില്ല. ക്രൈസ്തവ സഭകള്‍ക്കും ഏക സിവില്‍കോഡിന്റെ കാര്യത്തില്‍ വലിയ വേവലാതികളില്ല.
ഒരു മുസ്‌ലിമിന്റെ ജീവിതം ഒരുപാടിടങ്ങളില്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമാണ്. മറ്റുള്ളവരുമൊന്നിച്ച് ഒരു യാത്ര ചെയ്യുകയാണെങ്കില്‍ അവന്/അവള്‍ക്ക് ഇടക്ക് നമസ്‌കരിക്കണം, മൂത്രമൊഴിക്കാന്‍ വെള്ളം വേണം, ഭക്ഷണം കഴിക്കുമ്പോള്‍ ഹലാല്‍ ആകണം. എതിര്‍ ലിംഗത്തില്‍പെട്ടവരുമായി ഇടപഴകുമ്പോള്‍ ഒരുപാട് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കണം. മുസ്‌ലിം സ്ത്രീയാണെങ്കില്‍ വസ്ത്രധാരണത്തില്‍ തന്നെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തയാവുന്നു. സുഹൃത്തുക്കള്‍ മദ്യം കഴിക്കുമ്പോള്‍ മുസ്‌ലിം മദ്യം കഴിക്കാതിരിക്കുന്നു. പലിശാധിഷ്ഠിത സാമ്പത്തിക ഇടപാടുകളില്‍ സാധ്യമാവുന്നത്ര സൂക്ഷ്മത പുലര്‍ത്തുന്നു. ഇങ്ങനെ എത്ര ഒന്നിച്ചുചേര്‍ത്താലും നിലനില്‍ക്കുന്ന വ്യത്യസ്തതയാണ് മുസ്‌ലിം ജീവിതത്തിന്റെ വ്യതിരിക്തത.
ഈ ദൈനംദിന ജീവിത വ്യതിരിക്തതയെ സൃഷ്ടിക്കുന്നത് ശരീഅത്താണ്. ഈ വ്യതിരിക്തതയോട് എവിടെയുമുള്ള ഇസ്‌ലാമിതര പൊതുസമൂഹം വലിയ അസഹിഷ്ണുത പ്രകടിപ്പിക്കാറാണ് പതിവ്. യഥാര്‍ഥത്തില്‍ ഇതില്‍ അസഹിഷ്ണുത പ്രകടിപ്പിക്കേണ്ട കാര്യമില്ല. അവരെ ബാധിക്കാത്ത മറ്റൊരു സാംസ്‌കാരിക ജനവിഭാഗത്തിന്റെ ജീവിത രീതിയാണിത്. തങ്ങളെപ്പോലെയല്ലാതെ പെരുമാറുന്ന, ജീവിക്കുന്ന ആരോടും അസഹിഷ്ണുത പുലര്‍ത്തുക, അവരെ തങ്ങളെപ്പോലെ ആക്കാന്‍ ശ്രമിക്കുക എന്നത് വ്യക്തികളിലും കുടുംബങ്ങളിലും സമൂഹങ്ങളിലുമൊക്കെ പൊതുവെ കാണപ്പെടാറുള്ള പ്രവണതയാണ്. ഈ പൊതു മനോഭാവത്തിനുള്ള പരിഹാരമാണ് ജനാധിപത്യ സംസ്‌കാരം. മറ്റൊരാളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താതെ ഓരോരുത്തര്‍ക്കും അവരവരുടെ സ്വാതന്ത്ര്യങ്ങള്‍ ആവിഷ്‌കരിക്കാനുള്ള അവസരമാണ് ജനാധിപത്യം. പക്ഷേ, വികസിത ജനാധിപത്യ സമൂഹങ്ങളില്‍ പോലും ശരീഅത്തിനോട് വലിയ അളവില്‍ അസഹിഷ്ണുത ഉണ്ടാകുന്നതിന്റെ ഒരു കാരണം, അത് രാഷ്ട്രീയവും സാംസ്‌കാരികവുമായ അധീശത്വങ്ങളെ നിശ്ശബ്ദമായി വെല്ലുവിളിക്കുന്നു എന്നതാണ്. ഒരു പ്രാക്ടീസിംഗ് മുസ്‌ലിം രാഷ്ട്രീയമായ തിരിച്ചറിവുകള്‍ നേടുകയും തീരുമാനങ്ങള്‍ എടുക്കുകയും നടപ്പിലാക്കുകയും ഒന്നും ചെയ്തില്ലെങ്കിലും, അവന്റെ/അവളുടെ ദൈനംദിന ജീവിതം അധീശ സംസ്‌കാരത്തിനും രാഷ്ട്രീയത്തിനുമെതിരെ പ്രതിരോധങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കും; ചെറുത്തുനില്‍പ്പുകള്‍ നടത്തിക്കൊണ്ടിരിക്കും. ശരീഅത്ത് ഉപേക്ഷിച്ച മതം അധീശ വ്യവസ്ഥകള്‍ക്ക് കീഴടങ്ങുന്നതുപോലെ, ശരീഅത്തുള്ള മതത്തിന് കീഴടങ്ങാന്‍ കഴിയില്ല. ഇതാണ് ശരീഅത്ത് ഒരു നിരന്തര സംഘര്‍ഷവിഷയമാവുന്നതിന്റെ ഹൃദയകാരണം. അഫ്ഗാനിസ്താനില്‍ താലിബാന്റെ ബന്ദിയായി കഴിയുകയും പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്ത ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തക യിവോണ്‍ റിഡ്‌ലി പറഞ്ഞു: 'ഇസ്‌ലാമെന്നാല്‍ ശരീഅത്തും ഹിജാബും ജിഹാദുമാണ്.' പാശ്ചാത്യ ലോകത്തിന് ഇസ്‌ലാമിന്റെ ഏറ്റവും വെറുപ്പുള്ള മൂന്ന് കാര്യങ്ങളാണ് ഇവ എന്നും അവര്‍ തുടര്‍ന്നുപറയുന്നു. ശരീഅത്ത്, ഹിജാബ്, ജിഹാദ് എന്ന് അവര്‍ ഇസ്‌ലാമിനെ സംക്ഷേപിച്ചു പറഞ്ഞ കാര്യങ്ങളിലെ ശരീഅത്തല്ലാത്ത രണ്ട് കാര്യങ്ങളും ശരീഅത്തിന്റെ തന്നെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ഭാവങ്ങളാണ്. ഇസ്‌ലാമിക ജീവിതത്തെ ആകൃതിപ്പെടുത്തുന്ന ചട്ടക്കൂടാണ് ശരീഅത്ത്. അതിനെ മറ്റു സമൂഹങ്ങള്‍ക്കുമുന്നില്‍ വ്യതിരിക്തതയില്‍ നിവര്‍ത്തി നിര്‍ത്തുന്ന നട്ടെല്ലാണത്.
ശരീഅത്ത് ചര്‍ച്ചകള്‍ ഒരു സംസ്‌കാരത്തില്‍നിന്നുകൊണ്ടുള്ള ചോദ്യോത്തരങ്ങളല്ല, രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംവാദങ്ങളാണ്. ഇസ്‌ലാമിലെ സ്ത്രീ സ്വാതന്ത്ര്യമാണ് ശരീഅത്ത് സംവാദങ്ങളിലെ പ്രധാനമായ ഒരു ഇതിവൃത്തം. സ്ത്രീ പുരുഷ ബന്ധത്തിലെ ഉദാരതയെയും സ്ത്രീ സ്വാതന്ത്യത്തെയും കുറിച്ച സംവാദം ആരംഭിക്കുന്നതിനുമുമ്പ്, അല്ലെങ്കില്‍ അതിനാമുഖമായി ഈ സംവാദത്തിലേര്‍പ്പെടുന്ന മറ്റു സംസ്‌കാരങ്ങളോട് ഒരു ചോദ്യം ചോദിക്കേണ്ടതുണ്ട്: വിവാഹബാഹ്യമായ സ്ത്രീ പുരുഷ ലൈംഗിക ബന്ധത്തെക്കുറിച്ച നിങ്ങളുടെ നിലപാടെന്താണ്? ശരീഅത്തിനും ഇസ്‌ലാമിലെ സ്ത്രീ പുരുഷ ബന്ധങ്ങളിലെ പെരുമാറ്റ ചട്ടങ്ങള്‍ക്കുമെതിരെ ഏറ്റവും വലിയ വിമര്‍ശനമുന്നയിക്കുന്ന ലിബറലിസത്തെയും അതിന്റെ തന്നെ ഭാഗമായ നമ്മുടെ നാട്ടിലെ മതേതരത്വത്തെയും സംബന്ധിച്ചേടത്തോളം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധങ്ങള്‍ നിയമവിരുദ്ധമല്ല. ഏറ്റവുമൊടുവിലെ കേരള ഹൈക്കോടതി വിധിവരെ ഇതിന് ഉപോദ്ബലകമായി ചൂണ്ടിക്കാട്ടാന്‍ കഴിയും. പ്രാചീന സംസ്‌കാരങ്ങളുടെയും കഥയും വ്യത്യസ്തമല്ല. ''പ്രാചീന ഗ്രീസില്‍ വ്യഭിചാരിണിയായ ദേവതയുടെ പ്രീതിക്കുവേണ്ടിയാണ് ദേവാലയ വ്യഭിചാരം കൊണ്ടാടിയതെങ്കില്‍ ഭാരതത്തില്‍ ഗോപസ്ത്രീകളുടെ ഭഗവാന്‍സമര്‍പ്പണ പ്രതീകമായിട്ട് അത് കൊണ്ടാടപ്പെട്ടു'' (ഭക്തിയും കാമവും-ജോണ്‍സണ്‍ അയിരൂര്‍). ക്രൈസ്തവ വേദങ്ങളില്‍ വിശുദ്ധ പ്രവാചകന്മാര്‍ വ്യഭിചാരികളായി മാറുന്നത് കാണാന്‍ കഴിയും. ലോത്ത് തന്റെ പെണ്‍മക്കളുമായി ശയിച്ചു മുതലായ ബൈബിള്‍ പരാമര്‍ശങ്ങള്‍ ഓര്‍ക്കുക.
ഇതിനര്‍ഥം മുസ്‌ലിംകളല്ലാത്ത എല്ലാവരും വ്യഭിചാരികളാണ് എന്നല്ല. മുസ്‌ലിംകളാരും അത് ചെയ്യാറില്ല എന്നുമല്ല. വ്യഭിചാരത്തെ തെറ്റായി കരുതുന്ന യുക്തികളൊന്നും ഇസ്‌ലാമേതരമായ മിക്ക സംസ്‌കാരങ്ങളിലുമില്ല എന്നതാണ്. വിശുദ്ധ ജീവിതം നയിക്കുന്ന എത്രയോ വ്യക്തികള്‍, കുടുംബങ്ങള്‍ ഇസ്‌ലാമിക സമൂഹത്തിന് പുറത്തുണ്ട്. പക്ഷേ, അവരുടെ സംസ്‌കാരങ്ങളില്‍ അതിനെ സാധൂകരിക്കുന്ന അടിത്തറകളില്ല. വഴിവിട്ട സ്ത്രീ പുരുഷ ബന്ധങ്ങള്‍ പുലര്‍ത്തുന്ന ആളുകള്‍ മുസ്‌ലിം സമൂഹത്തിലുണ്ടാവാറുണ്ട്. പക്ഷേ, ഇസ്‌ലാമിക സംസ്‌കാരത്തിനകത്ത് അത് സാധൂകരിക്കപ്പെടുന്നില്ല.
വിവാഹബാഹ്യ സ്ത്രീ പുരുഷ ബന്ധങ്ങള്‍ പ്രശ്‌നമാണ് എന്ന ഉത്തരവും, പ്രശ്‌നമല്ല എന്ന ഉത്തരവും രണ്ട് സംസ്‌കാരങ്ങള്‍ക്കാണ് ജന്മം നല്‍കുക. പരസ്പരവിരുദ്ധമായ ഈ രണ്ട് ഉത്തരങ്ങളില്‍നിന്നുത്ഭവിക്കുന്ന രണ്ട് സംസ്‌കാരങ്ങളുടെയും കലയും സാഹിത്യവും സംഗീതവും വാസ്തുശില്‍പ രീതിയും വസ്ത്രധാരണ രൂപങ്ങളും പെരുമാറ്റ മര്യാദകളുമെല്ലാം വ്യത്യസ്തമായിരിക്കും. ഇസ്‌ലാമും ഇതര സംസ്‌കാരങ്ങളും തമ്മില്‍ പൊതുവായ ഒരു ഘടകവുമില്ല എന്നല്ല. ഇതര സംസ്‌കാരങ്ങള്‍ മുസ്‌ലിമിന് ആസ്വദിക്കാനോ അനുഭവിക്കാനോ പങ്കുചേരാനോ തീര്‍ത്തും പറ്റാത്തതാണെന്ന അതിവാദത്തിന് ആമുഖമായുമല്ല ഇത്രയും പറഞ്ഞത്. ഇസ്‌ലാമും ഇതര സംസ്‌കാരങ്ങളും വ്യത്യസ്ത സംസ്‌കാരങ്ങളാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വ്യത്യസ്ത നിയമങ്ങളുണ്ടാകുന്നത് എന്നും അംഗീകരിച്ചുകൊണ്ടു മാത്രമേ ശരീഅത്ത് സംവാദത്തിന് ഗുണപരമായ രീതിയില്‍ മുന്നോട്ടുപോകാന്‍ കഴിയൂ.
മറ്റു സംസ്‌കാരങ്ങളുടെ യുക്തിയില്‍നിന്നുകൊണ്ടാണ് ശരീഅത്തിനെതിരായ പല ചോദ്യങ്ങളും ഉയരുന്നത്. വിധവാ വിവാഹസമ്പ്രദായമില്ലാത്ത സവര്‍ണ ഹൈന്ദവ പൊതുബോധത്തില്‍നിന്നുകൊണ്ടാണ് മുസ്‌ലിം സ്ത്രീ ത്വലാഖ് കൊണ്ട് പീഡിപ്പിക്കപ്പെടുന്നു എന്ന വിലാപമുണ്ടാവുന്നത് എന്ന് ഡോ. ശംസാദ് ഹുസൈന്‍ നിരീക്ഷിക്കുന്നുണ്ട്. ഇസ്‌ലാമിക സംസ്‌കാരത്തില്‍ വിവാഹമോചനം മാത്രമല്ല, വിധവാ വിവാഹവും ഉണ്ട്. സ്ത്രീയുടെ പകുതി സ്വത്തിന്റെയും വിഷയം ഇതുതന്നെയാണ്. ഒരുപാട് സംരക്ഷണങ്ങളുടെയും ആനുകൂല്യങ്ങളുടെയും അകത്താണ് സ്ത്രീയുടെ, മകളുടെ പകുതി സ്വത്ത് എന്ന നിയമം സ്ഥിതിചെയ്യുന്നത്. ഈ സാംസ്‌കാരിക ആവാസ വ്യവസ്ഥയില്‍നിന്ന് മകളുടെ പകുതി സ്വത്ത് മാത്രം അടര്‍ത്തിമാറ്റി ചര്‍ച്ചചെയ്താല്‍ തെറ്റായ ഉത്തരത്തില്‍ അത് ചെന്നുചേരും.
ഇത്രയും സാംസ്‌കാരികവും രാഷ്ട്രീയവുമായി പ്രാധാന്യമുള്ള ശരീഅത്ത് മുഹമ്മദന്‍ ലോയുടെ പേരില്‍ തെറ്റായി പ്രതിനിധീകരിക്കപ്പെടുകയും പ്രയോഗവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഇന്ത്യയിലെ ഇസ്‌ലാമിന്റെയും മുസ്‌ലിമിന്റെയും ഏറ്റവും വലിയ ദൗര്‍ഭാഗ്യം.
Comments