Prabodhanm Weekly

Pages

Search

2016 മാര്‍ച്ച്‌ 25

2944

1437 ജമാദുല്‍ ആഖിര്‍ 16

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി പോരാടാതിരിക്കാന്‍ എന്തുണ്ട് ന്യായം?

ഡോ. ഫരീദ് ഇസ്ഹാഖ്

'റ്റുവേഡ്‌സ് അണ്ടര്‍സ്റ്റാന്റിംഗ് ഓഫ് ഇസ്‌ലാമിക് ലിബറേഷന്‍ തിയോളജി' എന്നതാണ് എന്റെ വിഷയം. 'റ്റുവേഡ്‌സ്' എന്നാണിതിന്റെ തുടക്കം. ആ വാക്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. വലിയൊരു സന്ദേശമാണ് അത് നല്‍കുന്നത്. കാരണം ഞാനിവിടെ നില്‍ക്കുന്നത് ഒരുത്തരം പറയാനല്ല. ചില കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ഒരു യാത്രയാണ്, അതിനുള്ള പരിശ്രമമാണ് ഇത്. ഒരു ബുദ്ധിജീവിയാണെങ്കിലും ആക്ടിവിസ്റ്റ് ആണെങ്കിലും ഈയൊരു ധാരണ വളരെ പ്രധാനമാണ്. കാരണം ഈ ധാരണ അയാളെ ബൗദ്ധിക വാശിയില്‍നിന്ന് തടയും. ബൗദ്ധിക വാശി ഞാനാണ്, ഞങ്ങളാണ് യഥാര്‍ഥ ഉത്തരങ്ങള്‍ എന്നാണ് പറയുക. മറ്റുള്ളവര്‍, ജനങ്ങള്‍ ഒന്നും അറിയാത്തവരാണെന്നും അവര്‍ കരുതും. ജനങ്ങളുടെ തുടര്‍ച്ചയായ ജീവിതസമരങ്ങളിലൂടെ അനുഭവസിദ്ധമായതും നിലനില്‍ക്കുന്നതുമായ ഉള്‍ക്കാഴ്ചകളും വിവരങ്ങളും ഒന്നുമല്ല, ഞങ്ങളാണ് ശരിയായ ഉത്തരങ്ങള്‍ എന്നായിരിക്കും അത്തരക്കാരുടെ മനഃസ്ഥിതി. യഥാര്‍ഥത്തില്‍ ഒരാള്‍ക്ക് കൂടിയാല്‍ പറയാന്‍ സാധിക്കുക, ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് എന്നോ ഞാന്‍ മനസ്സിലാക്കിയത് എന്നോ മാത്രമാണ്. അതാണ് 'റ്റുവേഡ്‌സ്' എന്ന വാക്ക് ഉള്‍ക്കൊള്ളുന്നത്. 
ഇസ്‌ലാമിക് ലിബറേഷന്‍ തിയോളജി എന്നതാണ് ഈ വിഷയത്തിന്റെ പ്രധാനഭാഗം. മുസ്‌ലിം ഒരു കാര്യത്തെക്കുറിച്ച് ഇസ്‌ലാമിക് എന്ന് പ്രയോഗിക്കുന്നത് അത് ഇസ്‌ലാമിന്റെ ഉറവിടങ്ങളില്‍നിന്ന് ലഭിക്കുന്നതാകുമ്പോഴാണ്. അതായത് ആശയങ്ങളും അതിനുള്ള പ്രേരണകളും ഇസ്‌ലാമിന്റെ സുപ്രധാനമായ രണ്ട് പ്രമാണങ്ങളില്‍നിന്ന് ലഭിക്കുമ്പോഴാണ്. ഖുര്‍ആനും സുന്നത്തും (പ്രവാചകന്റ കര്‍മ മാതൃക) ആണ് നമ്മുടെ രണ്ട് പ്രമാണങ്ങള്‍.
വിമോചന സങ്കല്‍പത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ അല്ലാഹുവിന്റെ സുന്നത്ത് (നടപടിക്രമം) പരിഗണിക്കേണ്ടതുണ്ട്. രണ്ട് കേന്ദ്ര ആശയങ്ങളാണ് വിമോചന ആശയമെന്ന നിലയില്‍ അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍ക്കുള്ളത്. അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും വികാരങ്ങളെ മാനിച്ചും അവര്‍ക്കൊപ്പം നിന്നും ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ ശ്രമിക്കുകയെന്നതാണതിലൊന്ന്. അതായത്, 'മുസ്തദ്അഫൂന്‍' (ദുര്‍ബലര്‍) എന്ന് ഖുര്‍ആന്‍ സൂചിപ്പിച്ച വിഭാഗത്തെ കേന്ദ്രീകരിച്ച്. രണ്ടാമത്തേത്, ഇസ്‌ലാമും അതിന്റെ വിമോചന സങ്കല്‍പങ്ങളും മനസ്സിലാക്കുകയെന്നത് ഒരു പ്രക്രിയയാണെന്ന് മനസ്സിലാക്കലാണ്. അഥവാ കൃത്യമായ ഒരു പ്രമാണം വരുകയും അത് ജീവിതത്തില്‍ പ്രയോഗിക്കുകയും ചെയ്യുകയെന്നതല്ല, മറിച്ച് നമ്മുടെ സാഹചര്യത്തിനനുസരിച്ച് പ്രമാണങ്ങളിലെ മാര്‍ഗദര്‍ശനങ്ങളെ ആവിഷ്‌കരിക്കാനുള്ള ശ്രമമാണ് ഉണ്ടാവേണ്ടത്. നമ്മുടെ വിശ്വാസങ്ങള്‍ സ്വാഭാവികമായും നമ്മുടെ പ്രവര്‍ത്തനങ്ങളുമായും പ്രായോഗിക ജീവിതവുമായും ബന്ധപ്പെട്ടതാണ്. നമ്മുടെ പ്രമാണങ്ങളിലുള്ള ചിന്തയും പ്രയോഗവും ആണ് നമ്മുടെ വിശ്വാസത്തെ ഉറപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ സങ്കല്‍പം അതുതന്നെയാണ്. അല്ലാഹു പറയുന്നു: ''നമ്മുടെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരെ നാം വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ സ•ാര്‍ഗത്തിലെത്തിക്കും'' (അല്‍അന്‍കബൂത്ത്-69). ഖുര്‍ആന്‍ എല്ലാറ്റിനും ഒറ്റ ശൈലിയില്‍ ഉത്തരം നല്‍കുന്നില്ല. പക്ഷേ ഉള്ള അറിവിനനുസരിച്ച് നാം മനസ്സിലാക്കാനും പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുമ്പോഴാണ് ഖുര്‍ആനിനെ ആഴത്തില്‍ മനസ്സിലാക്കാനാവുക. അപ്പോള്‍, ഏതു കാര്യവും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്ന വ്യക്തിയുടെ സ്ഥാനവും സാഹചര്യവും വലിയ പ്രാധാന്യമുള്ളതാണ്.
നമ്മുടെ പ്രയോഗവത്കരണം എവിടെയാണെന്നത് നിര്‍ണായകമാണ്. ഒരാള്‍ക്ക് വേണമെങ്കില്‍ തന്റെ മനസ്സിലാക്കലും പ്രാവര്‍ത്തികമാക്കലും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പൊതു(ജനറലൈസ്)രീതിയാണെന്ന് പറയാം. എനിക്ക് എല്ലാവരുടെ കൂടെയും പ്രവര്‍ത്തിക്കാം, എല്ലാവരെയും ഒരുമിപ്പിക്കാം എന്നൊക്കെ ഒരാള്‍ക്ക് പറയാനാകും. അതുപോലെ മറ്റൊരാള്‍ക്ക് ഞാന്‍ ചില വിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കാനാണ് ശ്രമിക്കുന്നതെന്നു പറയാം. കാരണം ആ വിഭാഗങ്ങള്‍ വിവിധ രീതിയിലുള്ള പീഡനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇരകളായവരാണ്.
ഖുര്‍ആന്റെ ആശയങ്ങളിലൂടെ മുന്നോട്ടുപോകുമ്പോള്‍ അത് അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടൊപ്പമാണ് നിലയുറപ്പിക്കുന്നതെന്ന് മനസ്സിലാക്കാനാകും. അവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ് ഖുര്‍ആന്റെ അധ്യാപനങ്ങളും പ്രവാചകന്റെ പ്രായോഗിക മാതൃകകളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അല്ലാഹു അല്‍ ഖസ്വസ്വ് അധ്യായത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്: ''ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്ന് നാം ഉദ്ദേശിക്കുന്നു. അവരെ നേതാക്കളും ഭൂമിയുടെ അവകാശികളുമാക്കണമെന്നും. അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കണമെന്നും നാം ഉദ്ദേശിക്കുന്നു'' (5,6).
അധികാരത്തോടും അധീശശക്തികളോടും അരികുചേര്‍ന്ന് നിലനില്‍ക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസകരമായ ഒരു യാഥാര്‍ഥ്യമാണ് ഈ വിശുദ്ധ വാക്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ പരിഗണനയില്‍ ഉണ്ടാവേണ്ടത്. എല്ലാ അധികാര ശക്തികളുടെയും (ത്വാഗൂത്ത്) അധികാരങ്ങളും ശക്തികളും നിലനിര്‍ത്തിക്കൊണ്ട് അടിച്ചമര്‍ത്തപ്പെട്ടവരെയും പീഡിതരെയും വിമോചിപ്പിക്കുക എന്നാണോ ഖുര്‍ആന്റെ സങ്കല്‍പം? അപ്രകാരമല്ല ഇസ്‌ലാമിന്റെയും ഖുര്‍ആന്റെയും നിലപാട് എന്നാണ് അല്ലാഹു തുടര്‍ന്ന് ഉണര്‍ത്തുന്നത്. 'അങ്ങനെ ഫറവോന്നും ഹാമാന്നും അവരുടെ സൈന്യത്തിനും അവര്‍ ആശങ്കിച്ചുകൊണ്ടിരുന്നതെന്തോ അതു കാണിച്ചുകൊടുക്കണമെന്നും' എന്ന് തുടര്‍ന്ന് ഉണര്‍ത്തുന്നതിലൂടെ അധീശശക്തികളുടെ അധികാരങ്ങളെ ഇല്ലാതാക്കിയാണ് പീഡിതന്റെ വിമോചനം സാധ്യമാക്കുകയെന്ന് വ്യക്തമായി പറയുന്നുണ്ട്. തങ്ങളുടെ അധികാരം നഷ്ടപ്പെടുമോ എന്ന പേടിയാണ് ഫിര്‍ഔനെയും ഹാമാനെയും കൂട്ടരെയും ആളുകളെ അടിച്ചമര്‍ത്താനും അവരോട് അനീതി പ്രവര്‍ത്തിക്കാനും പ്രേരിപ്പിച്ചിരുന്നത്. അവര്‍ പേടിക്കുന്നതുതന്നെ സംഭവിക്കുമെന്നും അധികാരങ്ങള്‍ നഷ്ടപ്പെടുമെന്നും ഖുര്‍ആന്‍ അടിവരയിടുകയും ചെയ്യുന്നു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെ അധികാര ശക്തികള്‍ക്കെതിരെ സമരം ചെയ്ത് അവരുടെ മേല്‍ക്കോയ്മ തകര്‍ക്കുന്നതിലൂടെ മാത്രമേ ലോകത്ത് സമാധാനം സാധ്യമാവുകയുള്ളൂ എന്നാണ് ഖുര്‍ആന്‍ ഇവിടെ വ്യക്തമായി പ്രഖ്യാപിക്കുന്നത്. ആധിപത്യശക്തികള്‍ക്ക് ഒരു നഷ്ടവുമില്ലാതെ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ വിമോചനം സാധ്യമല്ല.
പ്രവാചകന്റെ ജീവിത ചര്യയിലും ഇതുപോലെ പീഡിതരോടും അടിച്ചമര്‍ത്തപ്പെട്ടവരോടുമുള്ള ഐക്യദാര്‍ഢ്യവും അവര്‍ക്കു വേണ്ടിയുള്ള പോരാട്ടവും കാണാവുന്നതാണ്. മക്കയില്‍നിന്ന് പീഡനങ്ങള്‍ സഹിക്കവയ്യാതെ സ്വഹാബിമാര്‍ അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയിരുന്നു. അപ്പോള്‍ അവരെ തിരിച്ചുകൊണ്ടുവരാന്‍ മക്കക്കാര്‍ അബ്‌സീനിയയിലെ രാജാവിന്റെ അടുത്തേക്ക് ദൂതനെ അയച്ചു. രാജാവ് പ്രവാചകത്വവാദം ശരിയാണോ എന്ന് പരീക്ഷിക്കാന്‍ ദൂതനോട് ചോദിക്കുന്ന ഒരു ചോദ്യം 'ഏതു വിഭാഗത്തെ മോചിപ്പിക്കുന്നതിനു വേണ്ടിയാണ് പ്രവാചകന്‍ പരിശ്രമിക്കുന്നത്' എന്നായിരുന്നു. സമൂഹത്തിലെ താഴെതട്ടിലുള്ളവരെയാണ് (അറാദില്‍) എന്ന് മറുപടി പറഞ്ഞപ്പോള്‍, അത് പ്രവാചകത്വത്തിന്റെ അടയാളമാണെന്ന് രാജാവ് പറയുന്നു. മറ്റൊരു സംഭവം: മുഹമ്മദ് നബി(സ)ക്ക് ആദ്യമായി വഹ്‌യ് അവതരിക്കപ്പെട്ടപ്പോള്‍ ഭയന്നുപോയ പ്രവാചകനെ ആശ്വസിപ്പിക്കാനായി ഭാര്യ ഖദീജ പറഞ്ഞ വാക്യങ്ങള്‍- അല്ലാഹു നിങ്ങളെ ദുഃഖിപ്പിക്കുകയില്ല. താങ്കള്‍ കുടുംബബന്ധം ചേര്‍ക്കുന്നു, അനാഥകളെ സംരക്ഷിക്കുന്നു, രോഗികളെ പരിചരിക്കുന്നു, പാവപ്പെട്ടവരെ സഹായിക്കുന്നു. ഖദീജ(റ) എടുത്തു പറഞ്ഞ മിക്ക വിശേഷണങ്ങളും അടിച്ചമര്‍ത്തപ്പെട്ടവരെ സംരക്ഷിക്കുന്നതിനെ സൂചിപ്പിക്കുന്നതായിരുന്നു.
ഖുര്‍ആന്‍ പീഡിതരെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച വാക്കുകളില്‍ ഒന്ന് 'മുസ്തദ്അഫ്' എന്നാണ്. ഈ വാക്ക് ഇവര്‍ അടിച്ചമര്‍ത്തപ്പെട്ടവരായി മാറിയതല്ല, മറിച്ച് മറ്റൊരു വിഭാഗം അവരെ അടിച്ചമര്‍ത്തപ്പെട്ടവരാക്കി മാറ്റിയതാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. മനുഷ്യര്‍ക്കിടയിലുള്ള വലിയൊരു യാഥാര്‍ഥ്യമാണിത്. ലോകത്ത് അരികുവത്കരിക്കപ്പെടുന്നവര്‍ മറ്റൊരു വിഭാഗത്തിന്റെ ഹിംസയുടെ ഫലമായാണ് അപ്രകാരമായിത്തീരുന്നത്. മറ്റൊരു ഭാഷയില്‍ വ്യവസ്ഥകളാണ് ഇവിടെ അടിച്ചമര്‍ത്തപ്പെട്ടവരെ ഉണ്ടാക്കുന്നത്. അപ്പോള്‍ അത്തരം വ്യവസ്ഥകള്‍ക്കെതിരെയും പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാകും. ഇവിടെയാണ് ജിഹാദ് എന്നതിനെ വിമോചന സങ്കല്‍പങ്ങളുമായി കൂട്ടിവായിക്കേണ്ടത് അനിവാര്യമാകുന്നത്. ദുര്‍ബലരുടെ കൂടെ നിലനില്‍ക്കുകയെന്നത് ജിഹാദിന്റെ തേട്ടമായി വരും.

സമരങ്ങളുടെ വൈയക്തിക-
സാമൂഹിക മാനങ്ങള്‍

നമ്മുടെ സമരങ്ങളും പോരാട്ടങ്ങളും സാമൂഹികമായ ആവശ്യങ്ങളായിരിക്കെത്തന്നെ, വൈയക്തികമായി അല്ലാഹുവുമായുള്ള ബന്ധത്തിന്റെ ഭാഗം കൂടിയാണ്. മുസ്‌ലിമെന്ന നിലയില്‍ നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാന ഭാവം അത് അല്ലാഹുവിലേക്ക് മടങ്ങാനുള്ളതാണ് എന്നതാണ്. 'എല്ലാ കാര്യങ്ങളുടെയും മടക്കം അല്ലാഹുവിലേക്കാണ്' എന്നാണല്ലോ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അപ്പോള്‍ ഒരാള്‍ പൊതുപ്രവര്‍ത്തകനാണോ ബുദ്ധിജീവിയാണോ ഭക്തനാണോ, ഇതെല്ലാം ചേര്‍ന്നവനാണോ എന്നതൊന്നും പ്രശ്‌നമല്ല; അവന്റെ മടക്കം അല്ലാഹുവിലേക്കാണ്. അതായത് ഇസ്‌ലാമിന്റെ വിമോചന സങ്കല്‍പം എന്നത് ആദ്യാവസാനം അല്ലാഹുവിനെ കേന്ദ്രീകരിച്ചുള്ളതാണ്. അതുകൊണ്ടുതന്നെ ദൈവത്തെ അവഗണിച്ചുകൊണ്ടുള്ള ഒരു ജീവിതം വിശ്വാസിക്ക് സാധ്യമല്ല. അപ്പോള്‍ അല്ലാഹുവിന്റെ സാന്നിധ്യം ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉണ്ടാവണം. അതോടൊപ്പം മനുഷ്യജീവിതാനുഭവങ്ങളില്‍ എവിടെയെങ്കിലും ദൈവത്തിന്റെ അസാന്നിധ്യം അനുഭവപ്പെടുന്നുണ്ടെങ്കില്‍ നാം അതിനെയും അഭിമുഖീകരിക്കേണ്ടതുണ്ട്. ജനങ്ങള്‍ പ്രശ്‌നങ്ങളും പ്രയാസങ്ങളും അനുഭവിക്കുമ്പോള്‍, അരികുവല്‍ക്കരിക്കപ്പെട്ടവര്‍ കൂടുതല്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍ എന്തുകൊണ്ട് അവിടെ അല്ലാഹുവിന്റെ സ്വാധീനം (വിശ്വാസികളുടെ അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ സ്വാധീനം) പ്രകടമാകുന്നില്ല എന്ന് നാം ചോദിക്കേണ്ടതുണ്ട്. ഇത്തരം അന്വേഷണങ്ങളിലൂടെ സ്വന്തം ജീവിതത്തില്‍ അല്ലാഹുവിന്റെ സാന്നിധ്യത്തിന്റെ ഫലങ്ങളുണ്ടാകുന്നതോടൊപ്പം പാര്‍ശ്വവത്കൃതരുടെയും പീഡിതരുടെയും ജീവിതത്തില്‍ അല്ലാഹുവിന്റെ സാന്നിധ്യത്തിന്റെ ഫലങ്ങള്‍ അനുഭവ യാഥാര്‍ഥ്യമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും പോരാട്ടങ്ങളും ആവിഷ്‌കരിക്കാനും നമുക്ക് സാധിക്കണം.
പോരാട്ടങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും വൈയക്തിക വശമാണിപ്പോള്‍ പറഞ്ഞത്. ഇനി അതിന്റെ സാമൂഹികവശത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ രണ്ട് കാര്യങ്ങള്‍ നാം പ്രാഥമികമായി ചിന്തിക്കേണ്ടിയിരിക്കുന്നു. സേവന പ്രവര്‍ത്തനങ്ങളും നീതിക്കു വേണ്ടിയുള്ള പോരാട്ടവും തമ്മിലുള്ള പാരസ്പര്യമാണ് അതിലൊന്ന്. സേവനപ്രവര്‍ത്തനങ്ങളെ നാം സല്‍സ്വഭാവവും മതകാര്യവുമായി വിലയിരുത്തും. അതോടൊപ്പം നീതിക്കുവേണ്ടി നിലകൊള്ളുമ്പോഴുണ്ടാകുന്ന സംഘര്‍ഷങ്ങളെയും പ്രതിരോധങ്ങളെയും മതവിരുദ്ധമായി മനസ്സിലാക്കുകയും ചെയ്യും. അല്ലെങ്കില്‍ സല്‍സ്വഭാവത്തിന്റെ മറവില്‍ നീതിയെ കുറിച്ചുള്ള ചോദ്യത്തെ തന്നെ നാം മറന്നുപോകും.
ഉദാഹരണത്തിന്, ഒരു ഭര്‍ത്താവ് ഭാര്യ കാറില്‍ കയറുമ്പോള്‍ എന്നും കാറിന്റെ വാതില്‍ തുറന്നുകൊടുക്കുന്നു. അതൊരു വലിയ സല്‍സ്വഭാവമായി വിലയിരുത്തപ്പെടും. എന്നാല്‍ അതേ ഭര്‍ത്താവ് ഒരുപക്ഷേ ഭാര്യക്ക് കാറോടിക്കാനും കാര്‍ വാങ്ങാനുമുള്ള അവകാശം നിഷേധിക്കുന്നുണ്ടാകും. എന്നാല്‍ അയാളുടെ സല്‍സ്വഭാവത്തെ പ്രകീര്‍ത്തിക്കുന്നതിനപ്പുറത്ത് നീതിനിഷേധത്തെ കുറിച്ച് ചോദ്യമുന്നയിക്കാന്‍ ആരും തയാറാകുന്നില്ല.
മറ്റൊരു ഉദാഹരണം. എച്ച്.ഐ.വി ബാധിച്ച ആളുകള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും അവരുടെ ശുശ്രൂഷയിലും നാം നന്നായി ശ്രദ്ധിക്കുന്നുണ്ടാകും. പക്ഷേ അതിനു കാരണമാകുന്ന കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ നാം ശ്രമിക്കുന്നുണ്ടാവില്ല. ഒരു കഥയിലൂടെ നമുക്ക് ഇത് മനസ്സിലാക്കാനാകും. ഒരു ദിവസം പുഴയിലൂടെ ഒരു പിഞ്ചുകുഞ്ഞ് ഒഴുകിവന്നു. സേവനപ്രിയനായ ഒരാള്‍ ആ കുട്ടിയെ എടുത്ത് പുഴവക്കിലുള്ള തന്റെ വീട്ടിലെത്തിച്ചു. ആ കുട്ടിയെ നന്നായി സംരക്ഷിച്ചു. അത് നല്ലൊരു പ്രവൃത്തിയാണ്. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞ് മറ്റൊരു കുഞ്ഞ് കൂടി പുഴയില്‍ ഒഴുകിവന്നു. ആ കുട്ടിയെയും അയാള്‍ വീട്ടില്‍ സംരക്ഷിച്ചു. വീണ്ടും ഈ ഒഴുകിവരലും സംരക്ഷണവും തുടര്‍ന്നു. കുട്ടികളെ വീട്ടില്‍ സംരക്ഷിക്കാന്‍ പ്രയാസമായപ്പോള്‍ അയാള്‍ അവിടെയൊരു അനാഥാലയം പണിതു. പിന്നീടും ഈ പതിവ് തുടര്‍ന്നു. ആ പുഴക്കരയില്‍ കുറേ അനാഥാലയങ്ങള്‍ ഉയര്‍ന്നുവന്നു. എന്നിട്ടും ഈ കുഞ്ഞുങ്ങള്‍ എവിടെ നിന്നാണ് ഒഴുകിയെത്തുന്നതെന്ന് അയാള്‍ അന്വേഷിക്കുന്നില്ല. അത് വലിയൊരു പ്രശ്‌നമല്ലേ? അതുപോലെയാണ് ചില സേവനപ്രവര്‍ത്തനങ്ങളുടെയും സേവനപ്രവര്‍ത്തകരുടെയും കഥ.
പുഴയിലൂടെ കുഞ്ഞുങ്ങള്‍ ഒഴുകിവരാന്‍ കാരണമെന്താണെന്ന് മുകളില്‍ പോയി അന്വേഷിക്കാനും അതിന്റെ കാരണത്തോടും കാരണക്കാരോടും പ്രതിപ്രവര്‍ത്തിക്കാനും സാധിക്കണം. അപ്പോഴാണ് സേവനം അര്‍ഥമുള്ളതാകുന്നത്. മുകളില്‍ പോയി അനീതിയും അക്രമവും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പോരാടാനും സമരം ചെയ്യാനും നാം ശ്രമിക്കണം. താഴെയുള്ള നിങ്ങളുടെ അനാഥാലയത്തിന് സ്ഥിരമായി സംഭാവന തരുന്നവരെയും നിങ്ങളുടെ അനാഥസംരക്ഷണത്തെ സ്തുതിക്കുന്നവരെയും അവിടെ നിങ്ങള്‍ കണ്ടേക്കും. അവരോട് നീതിക്കു വേണ്ടി സംസാരിക്കുമ്പോള്‍ ചില സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും വെല്ലുവിളികളും ഉണ്ടാകും. അത്തരം സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും, ആധുനിക-ലിബറല്‍-സമീകരണ ഇസ്‌ലാമിന് ഒരുപക്ഷേ, അധര്‍മമായി തോന്നിയേക്കും. പക്ഷേ ഇസ്‌ലാമിന്റെ വിമോചന സങ്കല്‍പത്തില്‍ ആ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഇസ്‌ലാമില്‍ സ്‌നേഹം, ദയ, കാരുണ്യം എന്നിവ എത്രത്തോളം മഹത്തരമാണോ അതുപോലെ മഹത്തരമാണ്. അതുകൊണ്ടാണ് അല്ലാഹു മൂസാ(അ)യോട് ഫിര്‍ഔന്റെ അടുത്തേക്ക് പോകാന്‍ കല്‍പ്പിക്കുന്നത്; ''നീ ഫറവോന്റെ അടുത്തേക്ക് പോവുക. അവന്‍ അതിക്രമിയായിരിക്കുന്നു'' (അന്നാസിആത്ത് 17).
പോരാട്ടങ്ങളുടെ സാമൂഹികവശത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ മുന്നില്‍ വരേണ്ട രണ്ടാമത്തെ കാര്യം, സ്ഥിരമായി അടിച്ചമര്‍ത്തപ്പെട്ടുകഴിയുന്നവരെ പ്രത്യേകം വിമോചിപ്പിക്കുന്നതിനായുള്ള മുദ്രാവാക്യങ്ങളും പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിക്കണം എന്നതാണ്. നമ്മുടെ സമൂഹത്തിലെ ചില പ്രത്യേക ജാതിക്കാര്‍, അല്ലെങ്കില്‍ പ്രത്യേക ലിംഗവിഭാഗം അടിച്ചമര്‍ത്തലിനും അനീതിക്കും പാത്രമാകുന്നുണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി ശക്തമായി നിലകൊള്ളാന്‍ നമുക്ക് സാധിക്കണം. അത് മറ്റുള്ള ജനവിഭാഗങ്ങളെ അവഗണിക്കലായല്ല, മറിച്ച് ചിലരെ പ്രത്യേകം പരിഗണിക്കലായാണ് കാണേണ്ടത്. ഉദാഹരണത്തിന്, അമേരിക്കയിലെ 'ബ്ലാക് ലൈവ്‌സ് മാറ്റര്‍' എന്ന സംഘടനയെ പറ്റി, അത് കറുത്തവര്‍ക്കു വേണ്ടി മാത്രം നിലനില്‍ക്കുന്നു, അത് മറ്റു ജനവിഭാഗങ്ങളെ പരിഗണിക്കുന്നില്ല എന്ന് പറയുന്നതില്‍ അര്‍ഥമില്ല. കാരണം, കറുത്തവര്‍ അടിച്ചമര്‍ത്തപ്പെട്ടവരും പീഡിതരുമാണ് എന്ന അവരുടെ ജീവിതാനുഭവത്തില്‍നിന്നാണ് അതുണ്ടാകുന്നത്. ഈ സംഘടനയെ പിന്തുണക്കുന്ന ഒരാള്‍ മനസ്സിലാക്കുന്നത് വെള്ളക്കാരന് സാമൂഹികാവസ്ഥയില്‍ അവന്റെ സ്ഥാനത്തിനു തന്നെ ചില മേല്‍ക്കോയ്മകളുണ്ട്, എന്നാല്‍, അതില്ലാത്ത കറുത്തവനെ ഉയര്‍ത്താനാണ് താന്‍ നിലനില്‍ക്കേണ്ടത് എന്നാണ്.

അടിച്ചമര്‍ത്തപ്പെട്ടവരുടെ പരസ്പര ബന്ധങ്ങള്‍
അടിച്ചമര്‍ത്തലുകളെയും അരികുവത്കരണത്തെയും കുറിച്ച് പഠിക്കുമ്പോള്‍ നാം മനസ്സിലാക്കേണ്ട മറ്റൊരു സുപ്രധാന കാര്യമാണ്, അടിച്ചമര്‍ത്തപ്പെടുന്നതിന്റെ അവസ്ഥകള്‍ മാറിക്കൊണ്ടിരിക്കും എന്നത്. ഒരിടത്തെ പീഡിതന്‍ മറ്റൊരിടത്ത് പീഡിപ്പിക്കുന്നവനാവാറുണ്ട്. ഇവിടെ അടിച്ചമര്‍ത്തല്‍ മനസ്സിലാക്കുന്നതുപോലെ പ്രധാനമാണ് താന്‍ അടിച്ചമര്‍ത്തുന്നുണ്ടെന്നത് തിരിച്ചറിയുക എന്നതും. വര്‍ണവിവേചനം നിലനിന്നിരുന്ന കാലത്തെ ദക്ഷിണാഫ്രിക്കയിലെ ഒരു ഉദാഹരണം ഇത് പെട്ടെന്ന് മനസ്സിലാക്കാന്‍ സഹായകമാകും. കറുത്ത വര്‍ഗക്കാരനായ ഒരു ഫാക്ടറി ജീവനക്കാരന്‍ ഒരടിമയെ പോലെയാണ് പകല്‍ ജോലിസമയത്ത് മുഴുവന്‍ കൈകാര്യം ചെയ്യപ്പെടുന്നത്. താന്‍ മുതലാളിത്തത്തിന്റെയും വര്‍ണവിവേചനത്തിന്റെയും ഇരയാണെന്ന് അവന്‍ മനസ്സിലാക്കുന്നു. അതിന്റെ പകയും കോപവുമെല്ലാം അവന്റെ ഉള്ളില്‍ നീറുന്നുണ്ട്. എന്നാല്‍ രാത്രി വീട്ടിലെത്തിയാല്‍ ആ കോപവും പകയുമെല്ലാം തന്റെ ഭാര്യയെ അടിച്ചും അവളെ അക്രമിച്ചും അയാള്‍ തീര്‍ക്കുന്നു. ഇവിടെ അയാള്‍ താന്‍ ചെയ്യുന്ന അനീതിയും അക്രമവും തിരിച്ചറിയുന്നില്ല. സയണിസ്റ്റ് ജൂത•ാരുടെ വാദം പോലെയാണ് ഇവിടെ സംഭവിക്കുന്നത്. അവര്‍ പണ്ട് പീഡിപ്പിക്കപ്പെട്ടു, നാടുകളില്‍നിന്ന് പുറത്താക്കപ്പെട്ടു എന്നത് പിന്നീട് ഫലസ്ത്വീനികളെ അവരുടെ നാട്ടില്‍നിന്ന് പുറത്താക്കാനുള്ള ന്യായമായി അവര്‍ ഉന്നയിക്കുന്നു. തങ്ങളുടെ വാഗ്ദത്ത ഭൂമിയാണിതെന്ന വാദവും അതിനായവര്‍ പ്രയോഗിക്കുന്നു. ഇങ്ങനെ, അടിച്ചമര്‍ത്തപ്പെട്ടവന്‍ അടിച്ചമര്‍ത്തുന്നവനാകുന്നത് തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം.

വിമോചന സിദ്ധാന്തത്തിന്റെ ആവശ്യം
ഇസ്‌ലാം പൂര്‍ണമാണ്, പിന്നെന്തിനാണ് വിമോചന ദൈവശാസ്ത്രം എന്നോ മറ്റോ അതിനോട് കൂട്ടിപ്പറയുന്നത് എന്നൊരു ചോദ്യം സാധാരണ ഉന്നയിക്കപ്പെടാറുണ്ട്. ഇസ്‌ലാം എല്ലാറ്റിനും പരിഹാരമാണ് എന്നത് ശരിയാണ്. പക്ഷേ പ്രയോഗവത്കരണ രീതി, സാഹചര്യങ്ങള്‍ ഇതൊക്കെ അതില്‍ സ്വാധീനം ചെലുത്തും. മുതലാളിത്തവും മറ്റു അധികാര ശക്തികളും നടപ്പിലാക്കുന്ന ധാരാളം പദ്ധതികളും അതിന്റെ ഭാഗമായുണ്ടാകുന്ന പ്രശ്‌നങ്ങളും ഇവിടെയുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ഇതുവരെ ഇസ്‌ലാമിന്റെ വക്താക്കള്‍ ഉണ്ടാക്കിയ ശൈലികള്‍ക്കപ്പുറത്ത് വേറെ ചില കാര്യങ്ങള്‍ കൂടി ഉണ്ടാകുന്നത് സഹായകമാകും. പുതിയ പ്രവണതകളെ മനസ്സിലാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ആധിപത്യങ്ങളെയും അധീശശക്തികളെയും ചോദ്യം ചെയ്യാനും സാധിക്കുന്ന സാങ്കേതിക പദങ്ങളും സങ്കേതങ്ങളും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇസ്‌ലാമിനെ പ്രയോഗവത്കരിക്കാന്‍ അനിവാര്യമായിരിക്കും. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് വാദങ്ങളും ശബ്ദങ്ങളും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇത് പ്രേരണയാകും. ഉദാഹരണത്തിന്, സ്ത്രീകള്‍ക്ക് മുതലാളിത്തവും ആധുനികതയും വലിയ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു എന്ന് അതിന്റെ വക്താക്കള്‍ വാദിക്കുന്നു. എന്നാല്‍ ഉപഭോഗസംസ്‌കാരത്തിന്റെ ഭാഗമായി വിവിധയിനം ലിപ്സ്റ്റിക്കുകള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് ഇവിടെ നല്‍കപ്പെടുന്നത്. അതേ സ്ത്രീകള്‍ക്ക് ഹിജാബും നിഖാബും ധരിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് ചോദ്യം ഉന്നയിക്കാന്‍, അധീശ സിദ്ധാന്തങ്ങള്‍ നിലനില്‍ക്കുന്ന അടിത്തറ മനസ്സിലാക്കണം. എന്നിട്ട് അതിനോട് പ്രതികരിക്കാനാവണം. അപ്പോള്‍ ഇവിടെ പറയപ്പെടുന്ന സ്വാതന്ത്ര്യം ഉപഭോഗത്തിന്റെയും അനുഭവങ്ങളുടെയും മാനദണ്ഡങ്ങളിലുള്ളതു മാത്രമാണെന്ന് ബോധ്യമാവും. അതിനപ്പുറത്തുള്ളതിനെ കുറിച്ച് സംസാരിക്കാനും തങ്ങള്‍ക്കു മേലുള്ള ഇത്തരം അടിച്ചമര്‍ത്തലുകള്‍ മനസ്സിലാക്കാനും പുതിയ രീതികള്‍ ആവശ്യമാണ്.
വിശ്വാസത്തിലും മതത്തിലും ഓരോരുത്തരുടെയും പ്രായോഗിക ചുറ്റുപാടിന്റെ സ്വാധീനമുണ്ടാവും. ലോകത്ത് വിവിധ തരത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. പട്ടിണി, പരിസ്ഥിതി പ്രശ്‌നങ്ങള്‍, യുദ്ധങ്ങള്‍ അങ്ങനെ പല കാരണങ്ങള്‍കൊണ്ടും ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു, പ്രയാസങ്ങളനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇവയെയെല്ലാം തങ്ങളുടെ വിശ്വാസത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ ഓരോരുത്തരും ആഗ്രഹിക്കും. അങ്ങനെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും പീഡിതരുടെയും അരികുചേര്‍ന്ന് അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും ചോദ്യങ്ങളുന്നയിക്കാനും അവര്‍ മുന്നോട്ടുവരുന്നു. അത് നിലവിലെ വ്യവസ്ഥയില്‍ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാക്കുമെങ്കിലും അത് തങ്ങളുടെ വിശ്വാസത്തിന്റെ തേട്ടമായി അവര്‍ മനസ്സിലാക്കും. പ്രവാചക•ാരുടെ ചരിത്രം പഠിക്കുകയാണെങ്കില്‍ അവരാരും നിലവിലുള്ള വ്യവസ്ഥക്കനുസരിച്ച് ഇസ്‌ലാമിനെ വ്യാഖ്യാനിക്കാനല്ല, മറിച്ച് വ്യവസ്ഥയെ തന്നെ മാറ്റിപ്പണിയാനാണ് വന്നതെന്ന് മനസ്സിലാക്കാനാവും. എന്നാല്‍ മാറ്റിപ്പണിയുകയെന്നാല്‍; അതിനായുള്ള ശ്രമങ്ങളും പോരാട്ടങ്ങളുമാണ് അവര്‍ നടത്തിയത്, വ്യവസ്ഥാ മാറ്റം സാധ്യമാകണമെന്ന് നിര്‍ബന്ധമില്ല. വ്യവസ്ഥയുടെ സംസ്ഥാപനം അടിസ്ഥാനമാക്കിയാല്‍ പ്രവാചകന്മാരില്‍ പലരും പരാജയമായിരുന്നെന്ന് പറയേണ്ടിവരും. അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നത്. അല്ലാഹുവിനു വേണ്ടി നീതിക്കായി നിലകൊള്ളുകയെന്നതാണ് നമ്മുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം. അല്ലാഹു പറയുന്നു: ''വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ധര്‍മപാലനത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഉറപ്പായും അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്'' (അല്‍മാഇദ 8).
 
(എസ്.ഐ.ഒ കണ്ണൂരില്‍ സംഘടിപ്പിച്ച 'മുഖദ്ദിമ' അക്കാദമിക് സമ്മിറ്റില്‍ നടത്തിയ പ്രഭാഷണം).
ദക്ഷിണാഫ്രിക്കയിലെ ജോഹനസ്ബര്‍ഗ് യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് സ്റ്റഡീസില്‍ അധ്യാപകനായ ഫരീദ് ഇസ്ഹാഖ് അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ്. വര്‍ണവെറിയന്‍ ഭരണകൂടത്തിനെതിരെ നെല്‍സണ്‍ മണ്ഡേലയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിവ: ജുമൈല്‍ കൊടിഞ്ഞി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /2
എ.വൈ.ആര്‍