Prabodhanm Weekly

Pages

Search

2016 മാര്‍ച്ച്‌ 25

2944

1437 ജമാദുല്‍ ആഖിര്‍ 16

ചോദ്യങ്ങള്‍ ബാക്കിവെച്ച് സന്‍ജാനി തൂക്കുമരത്തിലേക്ക്

അബൂസ്വാലിഹ

ടിക്കുന്നത് പുതുപുത്തന്‍ കറുത്ത മേഴ്‌സിഡസ്. മുപ്പതിനായിരം ഡോളര്‍ വിലമതിക്കുന്ന വാച്ച് കൈയില്‍. തന്റെ ആസ്തികള്‍ക്ക് പതിമൂന്നര ബില്യന്‍ ഡോളര്‍ വിലയിട്ട ഒരാള്‍ക്ക് ഇതൊക്കെ നിസ്സാരം. ആളുടെ പേര് ബാബക് സന്‍ജാനി. ഇറാനിയന്‍ ബിസിനസുകാരന്‍. ഇദ്ദേഹത്തെ തൂക്കാന്‍ വിധിച്ചിരിക്കുന്നു ഇറാനിയന്‍ ഭരണകൂടം. ബില്യന്‍ കണക്കിന് ഡോളറിന്റെ അഴിമതി നടത്തി എന്നതാണ് ചാര്‍ത്തപ്പെട്ട കുറ്റം. അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷനായ 'ഫിഫ'യില്‍ നടന്ന അഴിമതി ദേശാതിര്‍ത്തികള്‍ ലംഘിക്കുന്നതായിരുന്നല്ലോ. ഹിലരി ക്ലിന്റന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം നേടുന്നതിനുമുമ്പു തന്നെ അവരുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വാള്‍സ്ട്രീറ്റിലെ ചില കൊമ്പന്‍ സ്രാവുകളും വിദേശങ്ങളിലെ തല്‍പര കക്ഷികളും കോടികള്‍ ഒഴുക്കിയതായും വാര്‍ത്ത വന്നുകഴിഞ്ഞു. ഈ 'അന്താരാഷ്ട്ര പ്രാധാന്യം' ബാബക് സന്‍ജാനി കേസിനുമുണ്ട്.
യു.എന്‍ ബാനറില്‍ അമേരിക്ക ഇറാനെതിരെ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധ കാലത്ത് ഇറാനിയന്‍ എണ്ണ ആഗോള കരിഞ്ചന്തയില്‍ മറിച്ച് വില്‍പ്പന നടത്തിയിരുന്ന പ്രധാന ഇടനിലക്കാരില്‍ ഒരാളാണ് സന്‍ജാനി. ഈ കരിഞ്ചന്ത വില്‍പ്പനക്ക് തുര്‍ക്കിയിലും മലേഷ്യയിലുമായി അറുപത് കമ്പനികളുണ്ടായിരുന്നു അദ്ദേഹത്തിന്. ഇറാനിയന്‍ ഗവണ്‍മെന്റിന്റെ ഇടനിലക്കാരന്‍ തന്നെയായിരുന്നു അദ്ദേഹം. ഇറാന്‍ സാമ്പത്തികമായി വളരെ ഞെരുങ്ങിയ ഒരു ഘട്ടത്തില്‍ ഈ കരിഞ്ചന്ത വില്‍പ്പനയിലൂടെ കിട്ടിയ പതിനേഴര ബില്യന്‍ ഡോളര്‍ വളരെ ആശ്വാസം തന്നെയായിരുന്നു. അഹ്മദി നിജാദ് പ്രസിഡന്റായിരുന്ന കാലത്തെ ഉന്നത ഇറാനിയന്‍ നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ഈ ഇടപാടില്‍ ഒരാള്‍ മാത്രം കുറ്റവാളിയാക്കപ്പെട്ടതും ശിക്ഷിക്കപ്പെടുന്നതും എന്തുകൊണ്ട്?
ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും യഥാര്‍ഥ അധികാരം കേന്ദ്രീകരിച്ചിരിക്കുന്ന വിപ്ലവ ഗാര്‍ഡുകളും തമ്മിലുള്ള ശീത സമരത്തിന്റെ ബലിയാടാണ് ബാബക് സന്‍ജാനി. നല്‍കാനുള്ള രണ്ടര ബില്യനിലധികം ഡോളര്‍ ഗവണ്‍മെന്റിന് നല്‍കിയില്ല എന്നതാണ് കുറ്റം. അയാളുടെ അക്കൗണ്ടിലാണെങ്കില്‍ ഇപ്പോള്‍ ആ പണം കാണാനുമില്ല. അത് എവിടെപ്പോയി? ആര്‍ക്കൊക്കെ കിട്ടി? അവരെക്കുറിച്ചൊന്നും അന്വേഷണമില്ല. പ്രസിഡന്റ് റൂഹാനിയുടെ ട്വീറ്റിലും ഇതിലേക്ക് സൂചനയുണ്ട്. അദ്ദേഹം കുറിച്ചു: 'ഒരാളെ തൂക്കാന്‍ വിധിച്ചതുകൊണ്ടൊന്നും പ്രശ്‌നം പരിഹരിക്കില്ല. 2.7 ബില്യന്‍ ഡോളര്‍ എവിടെപ്പോയി? ഇത്രയധികം പണം സമ്പാദിക്കാന്‍ ആരാണ് സന്‍ജാനിയെ സഹായിച്ചത്? എണ്ണ വില്‍ക്കാന്‍ ആരാണ് ഇയാള്‍ക്ക് അനുവാദം കൊടുത്തത്?' ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടില്ലെന്നും സന്‍ജാനി തൂക്കിലേറ്റപ്പെടുമെന്നും ഏറക്കുറെ തീര്‍ച്ച.

 

ബംഗ്ലാദേശില്‍ വീണ്ടും വധശിക്ഷ

ടുത്ത ഊഴം മീര്‍ ഖാസിം അലിയുടേത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി കേന്ദ്രനിര്‍വാഹക സമിതി അംഗമായ ഇദ്ദേഹത്തിന്റെ കഴുത്തില്‍ കൊലക്കയര്‍ മുറുകുന്നത് എപ്പോള്‍ എന്നേ ഇനി അറിയാനുള്ളൂ. 1971 ലെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാനെന്ന പേരില്‍ ഭരണകക്ഷിയായ അവാമി ലീഗ് സ്വന്തം ആള്‍ക്കാരെ കുത്തിനിറച്ച് തട്ടിപ്പടച്ചുണ്ടാക്കിയ ട്രൈബ്യൂണലാണ് വധശിക്ഷ വിധിച്ചത്. തെളിവുകളോ സാക്ഷികളോ ഒന്നുമില്ലെങ്കിലും മാര്‍ച്ച് എട്ടിന് അവിടത്തെ സുപ്രീംകോടതി അത് ശരിവെക്കുകയും ചെയ്തിരിക്കുന്നു. ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമി ആക്ടിംഗ് അമീര്‍ മഖ്ബൂല്‍ അഹ്മദ് വ്യക്തമാക്കിയതുപോലെ, ജമാഅത്ത് നേതൃത്വത്തെ ഒന്നടങ്കം ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനയാണ് ഇതിനുപിന്നില്‍.

1971 ല്‍ ചിറ്റഗോംഗ് നഗരത്തില്‍ അല്‍ബദ്ര്‍ എന്ന അര്‍ധസൈനിക വിഭാഗം അഴിഞ്ഞാടി കൂട്ടക്കൊലയും ബലാത്സംഗവും നടത്തിയപ്പോള്‍ അതിന് നേതൃത്വം നല്‍കി എന്നാണ് മീര്‍ ഖാസിമിന്റെ പേരില്‍ ചുമത്തപ്പെട്ട പ്രധാന കുറ്റം. ആരോപിക്കപ്പെട്ട സംഭവങ്ങള്‍ നടക്കുമ്പോള്‍ താന്‍ ധാക്കാ നഗരത്തിലായിരുന്നുവെന്നതിന് മീര്‍ അലി തെളിവുകള്‍ ഹാജരാക്കിയെങ്കിലും അതൊന്നും സ്വീകരിക്കപ്പെട്ടില്ല. മീര്‍ അലി ആ സമയത്ത് ചിറ്റഗോംഗില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്റെ കൈയില്‍ ഒരു രേഖയുമില്ല താനും. ബാക്കിയൊക്കെ കള്ളസാക്ഷികളെ കൊണ്ടുവന്നാണ് ഒപ്പിച്ചത്. ആരോപിക്കപ്പെട്ട സംഭവങ്ങള്‍ നടക്കുമ്പോള്‍ മീര്‍ അലിക്ക് പതിനെട്ട് വയസ്സ് പോലും തികഞ്ഞിരുന്നില്ല എന്നോര്‍ക്കണം.
മീര്‍ അലിയെ ഹസീന ഭരണകൂടം പ്രത്യേകം ടാര്‍ഗറ്റ് ചെയ്യാന്‍ കാരണമുണ്ട്. ബംഗ്ലാദേശിലെ പ്രമുഖ മാധ്യമ ഗ്രൂപ്പായ ദിഗന്ത മീഡിയ കോര്‍പ്പറേഷന്റെ ചെയര്‍മാനാണ് അദ്ദേഹം. പക്ഷം പിടിക്കാതെ, സ്വതന്ത്രമായാണ് അത് പ്രവര്‍ത്തിക്കുന്നത്. ഈ മീഡിയാ സ്ഥാപനം പ്രസിദ്ധീകരിക്കുന്ന 'നയാ ദിഗന്ത' എന്ന ദിനപ്പത്രത്തിന് പ്രിന്റിലും ഡിജിറ്റലിലുമായി 3.2 മില്യന്‍ വരിക്കാരുണ്ട്. ദിഗന്ത ടി.വിക്ക് ആഗോളവ്യാപകമായി പത്ത് മില്യന്‍ പ്രേക്ഷകരും. യുദ്ധക്കുറ്റ വിചാരണാ ട്രൈബ്യൂണലിന്റെ പിന്നില്‍ നടക്കുന്ന ഒട്ടേറെ കള്ളക്കളികള്‍ 'നയാ ദിഗന്ത' പുറത്തുകൊണ്ടുവന്നിരുന്നു. അതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്.
ബംഗ്ലാദേശിലെ മൂന്നാമത്തെ വലിയ ബാങ്കായിരുന്ന ഇസ്‌ലാമീ ബാങ്കിന്റെയും ഇബ്‌നുസീനാ ട്രസ്റ്റിന്റെയും എന്‍.ജി.ഒ ആയ റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമിയുടെയും ഡയറക്ടറുമാണ് അദ്ദേഹം. കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാവുന്ന ഹോസ്പിറ്റലുകളും മെഡിക്കല്‍ കോളേജുകളും സ്ഥാപിച്ച് നടത്തിവരുന്നുണ്ട്. ബംഗ്ലാദേശിലെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യമാണ് മീര്‍ ഖാസിം അലി.

 

'കറപ്ഷന്‍ സേ പാക്, പാകിസ്താന്‍'

പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമി മാര്‍ച്ച് മാസത്തില്‍ നടത്തിവരുന്ന കാമ്പയിന്റെ തലക്കെട്ടാണിത്. 'അഴിമതിമുക്ത പാകിസ്താനുവേണ്ടി' എന്നര്‍ഥം. ബില്യന്‍ ഡോളര്‍ അഴിമതിക്കഥകളാണ് പാകിസ്താനില്‍നിന്നും ഇന്ത്യയില്‍നിന്നും മറ്റു രാഷ്ട്രങ്ങളില്‍നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അഴിമതി മുമ്പേ സ്ഥാപനവല്‍ക്കരിക്കപ്പെട്ട നാടാണ് പാകിസ്താന്‍. എല്ലാ ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും സര്‍വത്ര അഴിമതിയാണ്. മുഖ്യ പാര്‍ട്ടികളായ മുസ്‌ലിം ലീഗി(നവാസ് ശരീഫ്)ന്റെയും പീപ്പ്ള്‍സ് പാര്‍ട്ടിയുടെയും ഉയര്‍ന്ന നേതാക്കളെല്ലാം അഴിമതിയില്‍ റിക്കാര്‍ഡ് ഭേദിച്ചവരാണ്. വിദേശത്ത് കോടികളുടെ ആസ്തികളുണ്ട് അവര്‍ക്ക്.
ഇതിന്റെ ഭാരം താങ്ങുന്നത് എല്ലാ നാട്ടിലുമെന്ന പോലെ ഇവിടെയും സാധാരണക്കാരാണ്. ഒരാള്‍ പാകിസ്താനില്‍ ജനിച്ചുവീഴുന്നത് ഒരു ലക്ഷം രൂപ കടക്കാരനായാണ്. അഴിമതിയാണ് ഇതിന് പ്രധാന കാരണം. കാമ്പയിന്‍ തുടങ്ങിയ ശേഷം ചില അഴിമതിക്കഥകള്‍ അന്വേഷിക്കാന്‍ ഭരണകൂടം തയാറാകുന്നുണ്ടെന്നും അഴിമതിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ വിജയിക്കുന്നതിന്റെ ലക്ഷണമാണിതെന്നും സംഘാടകര്‍ അവകാശപ്പെടുന്നു.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /2
എ.വൈ.ആര്‍