പ്രവാചക ജീവിതത്തിലെ പാഠങ്ങള്‍
പ്രവാചകന്‍ വ്യത്യസ്ത സാഹചര്യങ്ങളെ എങ്ങനെ നേരിട്ടു എന്നു നോക്കേണ്ടത് ഈ ഘട്ടത്തില്‍ വളരെ അനിവാര്യമാണ്. ഉന്നതലക്ഷ്യങ്ങളില്‍ ദൃഷ്ടിയൂന്നി പരിധികളിലും മാര്‍ഗങ്ങളിലും അയവ് കൈക്കൊണ്ടതിനുള്ള പാഠങ്ങള്‍ പ്രവാചകചരിത്രത്തില്‍നിന്ന് ലഭ്യമാണ്. പ്രവാചകന്റെ കാലത്തെ ചില ചരിത്ര സന്ദര്‍ഭങ്ങള്‍ ശ്രദ്ധിക്കുക:
ശിഅ്ബു അബീത്വാലിബിലെ ഉപരോധം.
ത്വാഇഫിലേക്കുള്ള പ്രബോധന യാത്രയില്‍നിന്നുള്ള മടക്കശേഷം മക്കയിലെ താമസത്തിന്റെ പ്രശ്‌നം.
അബ്‌സീനിയയിലേക്കുള്ള ഒന്നും രണ്ടും ഹിജ്‌റകള്‍.
ഒന്നും രണ്ടും അഖബ ഉടമ്പടികള്‍.
മദീനയിലെത്തിയതിനു ശേഷം ഉണ്ടാക്കിയ സാഹോദര്യബന്ധ സംവിധാനം.
മസ്ജിദുന്നബവിയുടെ നിര്‍മാണവും മുസ്‌ലിംകള്‍ക്കു വേണ്ടി അങ്ങാടി സ്ഥാപിച്ചതും.
മദീനാ ഉടമ്പടി.
ഹുദൈബിയ്യ സന്ധി.
മക്കാ വിജയത്തില്‍ പൊതുമാപ്പ് പ്രഖ്യാപനം.
ഹുനൈന്‍ യുദ്ധകാലത്ത് യുദ്ധമുതല്‍ വിതരണത്തില്‍ മക്കക്കാര്‍ക്ക് മുന്‍ഗണന നല്‍കിയത്.
ഹജ്ജത്തുല്‍ വിദാഇലെ പ്രഭാഷണം.
സമകാലിക ലോകത്തും ഭാവിയിലും ഇസ്‌ലാമികാധ്യാപനങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും അവ പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമാക്കുന്നതിനും സഹായകമാവുന്ന ചിന്താ മനനങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്നതാണ് ഈ ചര്‍ച്ച കൊണ്ട് ഉദ്ദേശിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ അനുയോജ്യമായ പുതിയ രീതികള്‍ എന്തടിസ്ഥാനങ്ങളിലാണ് സ്വീകരിക്കേണ്ടത് എന്ന സംഘര്‍ഷത്തില്‍നിന്ന് പുറത്തുകടക്കാന്‍ അത് സഹായിക്കും. ഇവിടെയൊരു പ്രശ്‌നമുണ്ട്. ചിലയാളുകള്‍ പ്രവാചക മാതൃകയില്‍നിന്ന് തെളിവുകള്‍ ശേഖരിക്കുമ്പോള്‍ എല്ലാത്തരം സാഹചര്യങ്ങളെയും മൊത്തത്തില്‍ പരിഗണിക്കുന്നതിന് പകരം, തങ്ങള്‍ക്കിഷ്ടമുള്ള വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നതില്‍ വിഷയം ഒതുക്കിക്കളയും. ഇതേ രീതി തന്നെയാണ് അവര്‍ ഇസ്‌ലാമിക ചരിത്ര വായനയിലും സ്വീകരിക്കുന്നത്. ഈ അബദ്ധത്തിന് ഒരു പരിഹാരമേയുള്ളൂ: ഖുര്‍ആന്റെയും സുന്നത്തിന്റെയും പ്രവാചക ചരിത്രത്തിന്റെയും ഇസ്‌ലാമിക ചരിത്രത്തിന്റെയുമെല്ലാം പാരായണം, നേരത്തേ എത്തിച്ചേര്‍ന്ന ഒരു നിലപാടിന് ശക്തിപകരാന്‍ ആവാതിരിക്കുക. പകരം, തുറന്ന മനസ്സോടെ കാര്യങ്ങള്‍ വിശകലനം ചെയ്യുക. എന്നിട്ടും വ്യത്യസ്ത ആളുകള്‍ വ്യത്യസ്ത തീര്‍പ്പുകളിലാണ് എത്തുന്നതെങ്കില്‍ അഭിപ്രായങ്ങള്‍ പരസ്പരം പങ്കുവെച്ച് ഒരു കാഴ്ചപ്പാടിലെത്താനുള്ള പരിശ്രമം നടത്തണം. അഭിപ്രായ സമന്വയത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നില്ലെങ്കില്‍, പരസ്പരം സൗമ്യതയില്‍ വര്‍ത്തിക്കുകയും കാഫിറായും വഴിപിഴച്ചവരായും പരസ്പരം മുദ്രകുത്തി കൊല്ലിലും കൊലയിലുമെത്താതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുക. മുകളിലുദ്ധരിച്ച പ്രവാചക ചരിത്രത്തിലെ വിഷയങ്ങള്‍ ഇബ്‌നു ഹിശാമിന്റെ അസ്സീറത്തുന്നബവിയ്യയില്‍നിന്നോ ഇസ്‌ലാമിക ചരിത്രത്തിന്റെ മറ്റേതെങ്കിലും ആധികാരിക ഗ്രന്ഥങ്ങളില്‍നിന്നോ പാരായണം ചെയ്യാവുന്നതാണ്. ഇവിടെ നാം വിശദാംശങ്ങളിലേക്ക് പോകുന്നതിനു പകരം, ഓരോ സംഭവത്തിലെയും പാഠങ്ങള്‍ കണ്ടെത്തുക മാത്രമാണ് ചെയ്യുന്നത്.
മുഹമ്മദ് നബി(സ)യോടുള്ള എതിര്‍പ്പില്‍ ഖുറൈശികള്‍ അവിടുത്തെ ബന്ധുക്കളെയെല്ലാം ബഹിഷ്‌കരിച്ചപ്പോള്‍, കുടുംബത്തിന്റെ തലവനായിരുന്ന പ്രവാചക പിതൃവ്യന്‍ അബൂത്വാലിബിന്, മുഴുവന്‍ കുടുംബത്തെയും കൂട്ടി മക്കയിലെ വെള്ളവും പച്ചപ്പുമില്ലാത്ത ഒരു താഴ്‌വരയില്‍ പോയി താമസിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ പേരിലാണ് ആ താഴ്‌വരക്ക് 'ശിഅ്ബു അബീത്വാലിബ്' എന്ന് പേരു കിട്ടിയത്. താഴ്‌വരയില്‍ ഉപരോധിക്കപ്പെട്ടവരില്‍ വലിയ ഭൂരിപക്ഷം അപ്പോഴും ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. ഗോത്ര സമ്പ്രദായമനുസരിച്ച് അദ്ദേഹത്തോടൊപ്പം നില്‍ക്കുകയായിരുന്നു അവര്‍. പ്രവാചകന്‍(സ) ആ സമ്പ്രദായം പൂര്‍ണമായും പ്രയോജനപ്പെടുത്തി എന്നതാണ് പ്രധാനപ്പെട്ട കാര്യം. മുസ്‌ലിംകളാകുന്ന സ്വഗോത്രക്കാരുടെ വേറിട്ട ഒരു ലോകം ഒരുക്കാന്‍ ശ്രമിക്കുന്നതിനു പകരം പിതൃവ്യന്‍ അബൂത്വാലിബിന്റെയും സ്വഗോത്രത്തിലെ മറ്റുള്ളവരുടെയും സഹകരണത്തെയും ഐക്യത്തെയും പ്രവാചകന്‍ സ്വാഗതം ചെയ്യുകയാണുണ്ടായത്.
മക്കക്കാരുടെ ഉദാസീന നിലപാട് കാരണം അവിടം ഉപേക്ഷിച്ച് മറ്റൊരു പട്ടണമായ ത്വാഇഫിലേക്ക്, അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവാചകന്‍ പോയിരുന്നല്ലോ. അവരുടെ ഭാഗത്തുനിന്ന് മക്കക്കാരുടേതിലും മോശമായ പെരുമാറ്റമുണ്ടായപ്പോള്‍ തിരിച്ചുപോരേണ്ടിവന്നു. അപ്പോള്‍ ഒരു പുതിയ പ്രശ്‌നം. ഒരിക്കല്‍ പട്ടണം ഉപേക്ഷിച്ചു പോയ ആള്‍, രണ്ടാമത് അവിടത്തേക്ക് തിരിച്ചുവന്ന് താമസിക്കണമെങ്കില്‍ പട്ടണത്തിലെ സ്വാധീനമുള്ള ഏതെങ്കിലും നിവാസിയുടെ സംരക്ഷണം വേണം. ഒരു മാന്യവ്യക്തിയുടെ സഹായം സ്വീകരിച്ചു പ്രവാചകന്‍ വീണ്ടും മക്കയില്‍ താമസമാരംഭിച്ചു. ഈ മാന്യദേഹവും മുസ്‌ലിം സമൂഹത്തിലെ അംഗമായിരുന്നില്ല. ഇസ്‌ലാമികമായ ലക്ഷ്യം നേടുന്നതിന് അതതു കാലത്തെ സമ്പ്രദായങ്ങളുടെ ആനുകൂല്യം ഉപയോഗപ്പെടുത്തണം എന്നതാണ് ഈ സംഭവത്തില്‍നിന്ന് ലഭിക്കുന്ന പാഠം.
അബ്‌സീനിയ (എത്യോപ്യ) അറേബ്യന്‍ ഉപദ്വീപിന് പുറത്തുള്ള, എന്നാല്‍ ഒരു കടലിടുക്കിന്റെ വ്യത്യാസത്തില്‍ അതിനോടു തൊട്ടു കിടക്കുന്ന, ക്രൈസ്തവര്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന ഒരു രാജ്യമാണ്. രാജാവും ക്രിസ്ത്യാനിയായിരുന്നു. സല്‍സ്വഭാവത്തിനും നീതിന്യായത്തിനും പേരുകേട്ടയാളായിരുന്നു അദ്ദേഹം. മുസ്‌ലിംകള്‍ക്കു മേല്‍ മക്കക്കാരുടെ മര്‍ദനവും പീഡനവും വളരെക്കൂടിയപ്പോള്‍, മുസ്‌ലിംകള്‍ അവിടെപ്പോയി ജീവിക്കട്ടെയെന്ന് പ്രവാചകന്‍ അഭിപ്രായപ്പെട്ടു. അഭയാര്‍ഥികളെ തിരിച്ചുകിട്ടാന്‍ മക്കക്കാര്‍ ഏറെ സമ്മര്‍ദം ചെലുത്തിയെങ്കിലും, നടപ്പു സമ്പ്രദായമനുസരിച്ച് അഭയാര്‍ഥികളെന്ന നിലക്കുള്ള സംരക്ഷണം അബ്‌സീനിയയിലെ ധര്‍മനിഷ്ഠയുള്ള ഭരണാധികാരി നിലനിര്‍ത്തുകയാണുണ്ടായത്. ഈ പലായനത്തിന്റെ പാഠം സ്പഷ്ടമാണ്. ഒരാള്‍ എന്തുകൊണ്ട് സദ്‌വൃത്തനായി എന്നന്വേഷിക്കാതെ, ലക്ഷ്യ സാക്ഷാത്കാരത്തിന് അത്തരക്കാര്‍ പ്രയോജനപ്പെടുമെങ്കില്‍ അവസരം ഉപയോഗിക്കണം എന്നതാണത്.
ഹജ്ജിന്റെ സന്ദര്‍ഭത്തില്‍ നബി(സ) പുറത്തുനിന്നുവരുന്ന ആളുകളുമായി ബന്ധം സ്ഥാപിക്കുകയും അവര്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരിക്കല്‍ (പിന്നീട് മദീന എന്ന പേരില്‍ അറിയപ്പെട്ട) യസ്‌രിബില്‍നിന്നു വന്ന ആളുകള്‍ അദ്ദേഹത്തെ അവിടേക്ക് ക്ഷണിച്ചു. യഥാര്‍ഥത്തില്‍ ആ ആളുകള്‍, യസ്‌രിബ് പട്ടണത്തില്‍ നിവസിക്കുന്ന ഗോത്രങ്ങളുടെ പരസ്പര കലഹത്തില്‍ സഹികെട്ടവരായിരുന്നു. പ്രവാചകന്റെ നീതിപൂര്‍വകമായ രക്ഷാകര്‍തൃത്വം എല്ലാവര്‍ക്കും കാരുണ്യമായി ഭവിക്കും എന്ന് അവര്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. രണ്ടാം വര്‍ഷം കൂടുതല്‍ വലിയ ഒരു പ്രതിനിധി സംഘം ഈ വാഗ്ദാനം ആവര്‍ത്തിച്ചപ്പോള്‍ നബി അവരുടെ അഭ്യര്‍ഥന സ്വീകരിച്ചു (ഒന്നും രണ്ടും അഖബ ഉടമ്പടികള്‍). എന്നാല്‍, അതെപ്പോള്‍ പ്രാവര്‍ത്തികമാവും എന്ന കാര്യം ദൈവേഛക്ക് വിടുകയും ചെയ്തു. ഇതും സന്ദര്‍ഭാനുസാരം കൈക്കൊണ്ട ധീരമായ തീരുമാനത്തിന് മികച്ച ഉദാഹരണമാണ്. നൂറിലധികം മുസ്‌ലിംകളും പ്രവാചകന്‍ തന്നെയും ഹിജ്‌റ ചെയ്ത് മദീനയില്‍ എത്തിയത് വെറുംകൈയോടെയാണ്. ഏറ്റവുമാദ്യം പരിഹരിക്കേണ്ടിയിരുന്ന അടിയന്തര പ്രശ്‌നം അവര്‍ എവിടെ താമസിക്കും എന്നതായിരുന്നു. നബി(സ) ഹിജ്‌റ ചെയ്തുവരുന്നവരെ നാട്ടുകാരായ മുസ്‌ലിംകളുടെ സഹോദരന്മാരാക്കി അവരുടെ വീടുകളില്‍ താമസിപ്പിച്ചു. ഈ സംവിധാനം രണ്ടു വര്‍ഷം തുടര്‍ന്നു. അതിനു ശേഷം മക്കയില്‍നിന്നു വന്ന മുഹാജിറുകള്‍ ക്രമേണ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരായിത്തുടങ്ങി. അസാധാരണമായ സാഹചര്യങ്ങളില്‍ അവസരത്തിനൊത്ത സജ്ജീകരണങ്ങള്‍ ഒരുക്കപ്പെട്ടു. ഈ ക്രമീകരണങ്ങളില്‍, നേരത്തേ നിലവിലുണ്ടായിരുന്ന വ്യക്തി ഉടമാവകാശത്തിന്റെയും മറ്റും നിയമങ്ങള്‍ ലംഘിക്കപ്പെട്ടിരുന്നില്ല. അവ തുടര്‍ന്നും പാലിക്കപ്പെട്ടുപോന്നു.
മദീനയിലെ അങ്ങാടികളില്‍ ജൂതന്മാരായിരുന്നു ആധിപത്യം വാണിരുന്നത്. മുസ്‌ലിംകളോടുള്ള അവരുടെ സമീപനം നല്ലതായിരുന്നില്ല താനും. ഇതു കാരണം, മസ്ജിദുന്നബവിയുടെ നിര്‍മാണത്തിലൂടെ മുസ്‌ലിംകളെ ഒരു കേന്ദ്രവുമായി ബന്ധിപ്പിച്ചതിനു ശേഷം അവിടുന്ന് അവര്‍ക്കു വേണ്ടി ഒരു അങ്ങാടി സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മദീനാ പട്ടണത്തിലെ ജനങ്ങളില്‍ ദേശവാസികളായ മുസ്‌ലിംകളും, മക്കയില്‍നിന്നും വന്ന മുസ്‌ലിംകളും ജൂതന്മാരും ക്രൈസ്തവരും പിന്നെ മറ്റു ചില വിഭാഗങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇപ്പറഞ്ഞ എല്ലാ വിഭാഗങ്ങള്‍ക്കും പട്ടണത്തിന്റെ ഭരണത്തിലും നടത്തിപ്പിലും പങ്കാളിത്തം നല്‍കുന്ന ഒരു ഫെഡറല്‍ വ്യവസ്ഥയാണ് പ്രവാചകന്‍ മുന്നോട്ടുവെച്ചത്. ഇത് നല്‍കുന്ന പാഠം, ഭരണകൂടം ജനങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് രൂപം കൊള്ളുന്നത് എന്നും, അവര്‍ ഒരുമിക്കുന്നത് പൊതുവായ ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടിയായിരിക്കും എന്നുമാണ്.
ഹുദൈബിയ്യ സന്ധിയുടെ പശ്ചാത്തലം നമുക്കറിയാം. ഉംറക്കു വേണ്ടി വന്ന മുസ്‌ലിംകളെ തിരിച്ചുപോകാന്‍ നിര്‍ബന്ധിച്ച്, കാലങ്ങളായി അറബികള്‍ തുടര്‍ന്നുപോന്ന സമ്പ്രദായത്തിന് എതിരു പ്രവര്‍ത്തിക്കുകയായിരുന്നു ഖുറൈശികള്‍. അവരുടെ ശക്തിയും പ്രതാപവും കാണിക്കുകയായിരുന്നു ലക്ഷ്യം. റസൂല്‍(സ) ദീര്‍ഘകാല നേട്ടങ്ങള്‍ മുന്നില്‍ കണ്ട്, സ്വന്തം അഭിപ്രായങ്ങളില്‍ പിടിവാശി കാണിക്കാതെ സന്ധിക്ക് മുന്‍ഗണന നല്‍കി. സന്ധിപത്രം ഒപ്പുവെക്കുന്ന സമയത്ത് ഉയര്‍ന്നുവന്ന ചെറിയ കാര്യങ്ങളെ വഴിതടസ്സമാവാന്‍ അവിടുന്ന് അനുവദിച്ചില്ല. ഉമ്മത്തിന്റെ ഭാവി കൂടുതല്‍ ശോഭനമാക്കുന്നതിന്, മുന്നില്‍ വരുന്ന പ്രശ്‌നങ്ങളില്‍ ഉന്നത ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വൈകാരികമല്ലാത്ത സമീപനം പുലര്‍ത്തേണ്ടതിന്റെ പാഠമാണ് ഹുദൈബിയ്യ സന്ധി നല്‍കുന്നത്.
ഇതേ പാഠമാണ് മക്കാ വിജയത്തിനു ശേഷമുള്ള പൊതുമാപ്പ് പ്രഖ്യാപനത്തിലും കാണുക. വിജയശ്രീലാളിതരായി അവിടേക്ക് പ്രവേശിച്ച മുസ്‌ലിം സൈനികരില്‍ പലരെയും ക്രൂരമായി മര്‍ദിച്ചവരായിരുന്നു മക്കക്കാര്‍. അവര്‍ അല്ലാഹുവിന്റെ പ്രവാചകനെ വധിക്കാന്‍ വരെ ശ്രമിച്ചിരുന്നു. ഭാവി ബന്ധങ്ങളെ വിദ്വേഷത്തില്‍നിന്ന് മുക്തമാക്കുന്നതിനും, പരസ്പര ബന്ധങ്ങളെ ഭൂതകാലത്തിന്റെ സങ്കുചിതത്വങ്ങളില്‍നിന്ന് സ്വതന്ത്രമാക്കി സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും പുതിയ അടിസ്ഥാനങ്ങളില്‍ സംസ്ഥാപിക്കുന്നതിനും വേണ്ടി അതെല്ലാം മറക്കുകയും പൊറുക്കുകയുമായിരുന്നു പ്രവാചകന്‍. പൊതു സമ്പ്രദായമനുസരിച്ച് യുദ്ധാര്‍ജിത സമ്പത്തില്‍ എല്ലാ സൈനികര്‍ക്കും വിഹിതം നല്‍കിയിരുന്നു. എന്നാല്‍ ഹുനൈന്‍ യുദ്ധാനന്തരം യുദ്ധമുതല്‍ അധികവും, വളരെയടുത്തകാലത്ത് മാത്രം മുസ്‌ലിംകളായ മക്കക്കാര്‍ക്കാണ് പ്രവാചകന്‍(സ) നല്‍കിയത്. മദീനയില്‍നിന്നും കൂടെ വന്നവരിലെ ചില പ്രമുഖര്‍ കുറച്ച് അപ്രിയമൊക്കെ പ്രകടിപ്പിച്ചെങ്കിലും, പ്രവാചകന്‍ അവരെയൊക്കെ വിശ്വാസത്തിലെടുത്ത് പ്രശ്‌നം പരിഹരിക്കുകയാണ് ചെയ്തത്. സാഹചര്യങ്ങളുടെ ആവശ്യമനുസരിച്ച് ചില അയവുകളും ഇളവുകളും ലക്ഷ്യപ്രാപ്തിക്ക് കൂടുതല്‍ പ്രയോജനകരമായിരിക്കും.
മാനുഷ്യകത്തിന്റെ ഏകത, മനുഷ്യന്റെ അന്തസ്സും അഭിമാനവും, സാമൂഹിക നീതിയുടെ സംസ്ഥാപനം എന്നിവ ശരീഅത്തിന്റെ ഉന്നത ലക്ഷ്യങ്ങളില്‍ പെട്ടതാണ് എന്ന് പ്രഖ്യാപിക്കുകയാണ് ഹജ്ജത്തുല്‍ വിദാഇലെ പ്രവാചകന്റെ ഐതിഹാസിക പ്രഭാഷണം. അവിടുന്ന് തന്റെ അവസാന പ്രഭാഷണത്തില്‍ ഊന്നിയ നാലു കാര്യങ്ങള്‍ ഇവയാണ്: മനുഷ്യസമത്വം, അടിമത്ത പ്രശ്‌നം, സ്ത്രീകളോടുള്ള പെരുമാറ്റം, പലിശയുടെ നിര്‍മാര്‍ജനം. ഇവയെല്ലാം സാമൂഹിക സ്ഥാപനങ്ങളുമായും ചിന്താ രീതികളുമായും പ്രയോഗ സമ്പ്രദായങ്ങളുമായുമൊക്കെ ബന്ധമുള്ള കര്‍മപരിപാടികളാണ്. നിയമനിര്‍മാണം കൊണ്ട് മാത്രം അവ നേടിയെടുക്കാനാവില്ല. പ്രവാചകത്വത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന അവസ്ഥകള്‍ വളരെ അനഭിലഷണീയവും മോശപ്പെട്ടതുമായിരുന്നു. ഇരുപത്തി മൂന്ന് വര്‍ഷത്തെ പരിശ്രമങ്ങള്‍ കൊണ്ട് വലിയ മാറ്റങ്ങളുണ്ടായി. എന്നാല്‍ കൂടുതല്‍ മികച്ചതിലേക്ക് എത്താനുള്ള പരിശ്രമം തുടര്‍ന്നുപോവേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയേണ്ടത് അനിവാര്യമായിരുന്നു. അതാണ് അവസാന പ്രഭാഷണത്തില്‍ നാം കാണുന്നത്. അവസ്ഥകളെ നല്ലതില്‍നിന്ന് കൂടുതല്‍ നല്ലതിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്ന ദൗത്യത്തിന് പിന്തുടര്‍ച്ചയുണ്ടാവണമെന്നാണ് പ്രവാചകന്‍ ഇതിലൂടെ ആഗ്രഹിച്ചത്. ഈ പാരമ്പര്യം തുടര്‍ന്നുപോവേണ്ടതുണ്ട്.
മുകളിലുദ്ധരിച്ച ഉദാഹരണങ്ങളുടെ വിശദമായ പഠനം വിവേകത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്നുതരും. ലോകസാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ സ്ഥിതിവിശേഷങ്ങള്‍ മുന്നില്‍വന്നുകൊണ്ടിരിക്കുകയാണ്. ഓരോ ഘട്ടത്തിലും ഒരു പുതിയ പരിഹാരം ആവശ്യമായിവരുന്നു. ഈ ചര്‍ച്ചയുടെ ചുരുക്കമിതാണ്: ഇസ്‌ലാമിക പ്രസ്ഥാനം ഏതെങ്കിലും നിശ്ചയിച്ചുറപ്പിക്കപ്പെട്ട പരിപാടി പിന്‍പറ്റാന്‍ ബാധ്യസ്ഥമല്ല. ഇസ്‌ലാമിന്റെ ഉന്നത ലക്ഷ്യങ്ങളെ അവലംബമായി സ്വീകരിക്കണം എന്ന ഉപാധിയേയുള്ളൂ. ഇതിന്റെ കൂടെ ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും പ്രവാചക ചരിത്രത്തില്‍നിന്നും ഇസ്‌ലാമിക ചരിത്രത്തില്‍നിന്നും ബുദ്ധി, സഹജാവബോധം, പരസ്പര കൂടിയാലോചന, അനുഭവങ്ങള്‍ എന്നിവയില്‍നിന്നും പാഠങ്ങള്‍ സ്വീകരിക്കുകയും വേണം. പുതിയ സാഹചര്യങ്ങളില്‍ പുതിയ കാര്യങ്ങള്‍, പുതിയ രീതിയില്‍, പുതിയ അഭിസംബോധിതരുടെ മുമ്പാകെ വെക്കുന്നതില്‍ എത്രത്തോളം ചടുലതയും സാമര്‍ഥ്യവും കാണിക്കുന്നു എന്നതിനനുസരിച്ചാണ് സമകാലിക സാഹചര്യങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാവി നിലകൊള്ളുന്നത്. പ്രശ്‌നം ഏതെങ്കിലും ഒരു സംഘടനയുടേതല്ല. സംഘടനകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും തകര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. എന്നാല്‍ മൊത്തത്തില്‍ എടുത്താല്‍ അവയുടെ നില പ്രതീക്ഷാജനകമാണ്. പുതിയ സാഹചര്യങ്ങളെ വിലയിരുത്തുന്നതിനും ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും ചരിത്രത്തില്‍നിന്നും അനുഭവങ്ങളില്‍നിന്നും പാഠമുള്‍ക്കൊള്ളുന്നതിനും വീക്ഷണങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യുന്നതിനുമൊക്കെ ഉദ്ദിഷ്ടമായ സംവിധാനങ്ങള്‍ ഒരുക്കപ്പെടുന്നില്ല എന്നതാണ് നമ്മെ അസ്വസ്ഥപ്പെടുത്തുന്നത്. ഇതിനുവേണ്ടി നമ്മുടെ മതപാഠശാലകളും ജാമിഅകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂനിവേഴ്‌സിറ്റികളും മിമ്പറുകളും പള്ളികളും വീടുകളും അങ്ങാടികളുമെല്ലാം ഒരു മെച്ചപ്പെട്ട ഭാവിയുടെ സൃഷ്ടിക്കുതകുന്ന തരത്തിലുള്ള ധര്‍മങ്ങള്‍ നിര്‍വഹിക്കേണ്ടതായിട്ടുണ്ട്.
പുതിയ സാഹചര്യങ്ങള്‍, പുതിയ സാധ്യതകള്‍
നിലവിലെ സാമ്പത്തിക പ്രതിസന്ധി വികസിത രാജ്യങ്ങളെയടക്കം മുഴുലോകത്തെയും വിഷമസന്ധിയിലകപ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് സ്വന്തം ഉപജീവന മാര്‍ഗങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അവരുടെ ക്രയശേഷി (പര്‍ച്ചേസിംഗ് പവര്‍) കുറഞ്ഞുകൊണ്ടിരിക്കുന്നു. അമ്പത് വര്‍ഷമായി വരുമാനത്തിലും സമ്പത്തിന്റെ വിതരണത്തിലും നിലനിന്നു പോന്ന അസന്തുലിതത്വം വളരെ പെട്ടെന്ന് അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. മുകള്‍തട്ടിലെ കഷ്ടിച്ച് ഒരു ശതമാനം വരുന്ന സമ്പന്നര്‍ ലോകത്തിന്റെ പകുതിയിലധികം സമ്പത്ത് കൈയടക്കിവെച്ചിരിക്കുമ്പോള്‍ മറുഭാഗത്ത് മനുഷ്യരില്‍ തൊണ്ണൂറ് ശതമാനത്തിന്റെ കൈവശം മൊത്തം സമ്പത്തിന്റെ പത്തു ശതമാനം പോലുമില്ല എന്നതാണ് നിലവിലെ അവസ്ഥ. ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലെ നിവാസികളില്‍ അഞ്ച് ഭൂഖണ്ഡങ്ങളിലുള്ളവരും ദരിദ്രരാണ്. അതില്‍ തന്നെ രണ്ട് ഭൂഖണ്ഡങ്ങളിലെ ജനങ്ങള്‍, ദിവസം ഒരു ഡോളര്‍ കൊണ്ട് കഴിഞ്ഞുകൂടാന്‍ നിര്‍ബന്ധിതരാകുമാറ് അങ്ങേയറ്റം ദരിദ്രരാണ്. എപ്രകാരം രാജ്യങ്ങളില്‍ ധനികര്‍ കൂടുതല്‍ ധനികരാവുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്തുവോ, അതേ പ്രകാരം രാജ്യങ്ങള്‍ക്കിടയിലും അസന്തുലിതത്വം വര്‍ധിച്ചു. ദരിദ്ര രാജ്യങ്ങള്‍ ധനിക രാജ്യങ്ങളില്‍നിന്ന് കടം വാങ്ങാന്‍ നിര്‍ബന്ധിതരാവുന്നു. അവരതിന്റെ പലിശ കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാവുമ്പോള്‍ അവരെ ചെലവു ചുരുക്കലിന് നിര്‍ബന്ധിക്കുന്നു. തദ്ഫലമായി ആ നാടുകളില്‍ സമാധാനവും സൈ്വര്യജീവിതവും തകരാറിലാവുന്നതിനു പുറമെ ലോകസമാധാനം തന്നെ അപകടത്തിലാവുന്ന സ്ഥിതിവിശേഷം സംജാതമാകുന്നു.
ഇങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങളില്‍ രക്ഷാമാര്‍ഗമറിയാതെ ഉഴറുകയാണ് ലോകം. മുസ്‌ലിം സമൂഹം അവരുടെ ദൗത്യം നിര്‍വഹിച്ചിരുന്നെങ്കില്‍ പരിഹാരമാര്‍ഗം കണ്ടെത്താന്‍ ലോകത്തിനത് സഹായകമാവുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് മുസ്‌ലിം സമൂഹം ഈ ദൗത്യം നിര്‍വഹിക്കാന്‍ പ്രാപ്തരല്ല. ഭാവിലോകത്തിന് വഴികാണിക്കുകയും നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ ലോകര്‍ക്ക് താങ്ങും തണലുമാവുകയും അവരുടെ സംരക്ഷണമേറ്റെടുക്കുകയും ചെയ്യുന്നതിനു പകരം, പഴയ പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കുന്നതിലാണ് മുസ്‌ലിംകള്‍ മുഴുകിയിരിക്കുന്നത്. മനുഷ്യസേവനത്തിനു വേണ്ടി ഒന്നിക്കുന്നതിനു പകരം മദ്ഹബുപരമായ അഭിപ്രായ വ്യത്യാസങ്ങളുടെയും കക്ഷി സങ്കുചിതത്വങ്ങളുടെയും പേരില്‍ ഭിന്നിച്ചിരിക്കുകയാണവര്‍. സത്യസാക്ഷ്യ നിര്‍വഹണത്തിന് ഏകാഗ്രചിത്തരാവുന്നതിനു പകരം അവര്‍ ചിന്താപരമായ ആശയക്കുഴപ്പത്തിലും കുത്തഴിഞ്ഞ അവസ്ഥയിലുമാണ്. മഹത്തായ കാര്യങ്ങള്‍ നേടിയെടുക്കാന്‍ സഹകരണവും ഐക്യവും മുന്‍നിര്‍ത്തി, അഭിപ്രായ വ്യത്യാസങ്ങള്‍ അവഗണിച്ച് നമുക്ക് നമ്മുടെ മുന്‍ഗണനകള്‍ മാറ്റേണ്ടതായിവരും. ലോകത്ത് സൃഷ്ടിപരമായ പരിശ്രമങ്ങളിലേര്‍പ്പെടുന്നതിന്, കഴിഞ്ഞ കാലത്തിന്റെ അഭിപ്രായ ഭിന്നതകള്‍ മാറ്റിവെക്കാനുള്ള ആര്‍ജവം കാണിക്കണം. ഐക്യവും വിശാല മനസ്സും അതിന് ഒഴിച്ചുകൂടാനാവാത്തതാണ്. എല്ലാ തരത്തിലും അവര്‍ ശാക്തീകരിക്കപ്പെടേണ്ടതുമുണ്ട്. മറ്റുള്ളവരുടെ ആശ്രിതരാകുന്നതിനു പകരം സ്വയം ആശ്രയമേകുന്നവരാകാന്‍ അവര്‍ക്ക് സാമ്പത്തികശക്തി വേണ്ടതുണ്ട്. സാമ്പത്തികശക്തി വ്യാപാരത്തില്‍നിന്നുമാണുണ്ടാകുന്നത്. അതിന് ഉല്‍പാദനശീലം വളര്‍ത്തിയെടുക്കണം. ഈ രംഗത്തുള്ള ഉത്സാഹം, സാമ്പത്തികശക്തിയുടെ താക്കോലായ നൂതനമായ ആവിഷ്‌കാരങ്ങളിലേക്കും പുതിയ കണ്ടുപിടിത്തങ്ങളിലേക്കും പരസ്പര സഹകരണത്തിലേക്കും നയിക്കും. മുസ്‌ലിം ഉമ്മത്തിന്റെ ഉത്ഥാനം ഇങ്ങനെയാണ് സംഭവിച്ചത്. അതാണ് ചിതറിക്കിടന്ന ഗോത്രങ്ങളുടെ ഊര്‍ജത്തെ ഒരു മാനുഷിക ദൗത്യത്തില്‍ കേന്ദ്രീകരിച്ച് ലോകത്തിന്റെ ചരിത്രം മാറ്റിമറിച്ചുകളഞ്ഞത്. ഇന്നും ഇത് സാധ്യമാണ്.
നിഗഹ് ബുലന്‍ദ്, സുഖന്‍ ദില്‍ നവാസ്, ജാന്‍ പുര്‍സോസ്
യഹീ ഹൈ റഖ്‌ത്തെ സഫര്‍, മീറെ കാര്‍വാന്‍ കേ ലിയേ
(തീവ്രമായ ഉത്കര്‍ഷേഛ, ചേതോഹര ഭാഷണം, തീക്ഷ്ണ ഹൃദയം;
ഇതൊക്കെയാണ് സാര്‍ഥവാഹക സംഘനേതാവിനു വേണ്ട യാത്രാ സാമഗ്രികള്‍).
(സിന്ദഗി നൗ മാസിക, 2016 ജനുവരി)
വിവ: ടി. അനീസ് അഹ്മദ്, രിയാദ്
[email protected]
Comments