പുഴയോര്‍മിപ്പിച്ചത്
ഹാരിസ് നെന്മാറ
പുഴ ഒഴുകിക്കൊണ്ടേയിരുന്നു
അതിന്റെ അരികു പറ്റി ഞങ്ങള്‍
നെയ്തു കൂട്ടിയ സ്വപ്നങ്ങള്‍
കതിരിടുന്ന ഞങ്ങളുടെ
കിനാവുകള്‍ക്ക് മുളപൊട്ടാന്‍
അതൊഴുകണമായിരുന്നു
മൂന്ന് കല്ല് കൂട്ടി ഞാന്‍ കുഴിച്ചുണ്ടാക്കിയ അടുപ്പില്‍
പുക ഉയരണമെങ്കില്‍ പുഴ ഒഴുകണമായിരുന്നു
അതുകൊണ്ടു തന്നെ അതൊഴുകിക്കൊണ്ടേയിരുന്നു
പേമാരി പെയ്തിറങ്ങി അടുപ്പിലെ തീയടങ്ങുമ്പോഴും
തീക്കാറ്റു വീശി കതിരു കരിഞ്ഞുണങ്ങുമ്പോഴും
പുഴ ഒഴുകിക്കൊണ്ടിരുന്നു
ആവര്‍ത്തനങ്ങള്‍ രസം കൊല്ലികളാണ്
കാലത്തിന്റെ നൂലിഴകള്‍ തുന്നിച്ചേര്‍ത്ത്,
ചരിത്രത്തിന്റെ ദിശ പിടിച്ച്
പുഴ അന്നും വീട്ടുമുറ്റത്തു കൂടെ
ഒഴുകിക്കൊണ്ടേയിരുന്നു
ഒഴുക്ക് വലിയൊരാവര്‍ത്തനമാണ്
എന്നാല്‍ ഒഴുക്കിന്റെ വിരസതയെെന്തന്ന്
നാളിതുവരെ ഞാനറിഞ്ഞിട്ടില്ല
പുഴവക്കത്ത് ഒരു പറ്റം വെള്ളക്കുപ്പായക്കാരുടെ
ഒച്ചപ്പാടു കേട്ടാണന്ന് ഞെട്ടിയുണര്‍ന്നത്
അവര്‍ അതിരിട്ട് കുറ്റിയടിച്ചു
പുഴ അന്നൊരു നാള്‍ കൊണ്ട് അവരുടേതായി
അന്നാണ് ഹിരോഷിമയില്‍ തീഗോളമിറങ്ങിയത്
ചെര്‍ണോബില്‍ കത്തിയമര്‍ന്നത്
ഭോപ്പാലില്‍ വിഷമഴയിറങ്ങിയത്
കൗസറിന്റെ നിറവയര്‍ കുത്തിത്തുറന്നത്
ഐലന്‍ പുഴവക്കത്ത് ചത്തുമലച്ചത്
തീന്‍ മേശയിലിട്ട് അയാളെ തല്ലിക്കൊന്നത്
എന്നിട്ടും പുഴ അതൊഴുകിക്കൊണ്ടേയിരുന്നു
ഒഴുക്ക് ഇന്ന് രസംകൊല്ലിയാണ്
അതിരുകള്‍ക്കകത്ത് ചുവന്നൊഴുകുന്ന പുഴ
രൗദ്രഭാവത്തില്‍ കുതിച്ചൊഴുകി
എന്റെ അടുപ്പൂതിക്കെടുത്തി
Comments