Prabodhanm Weekly

Pages

Search

2016 മാര്‍ച്ച്‌ 25

2944

1437 ജമാദുല്‍ ആഖിര്‍ 16

ജീവിത വിശുദ്ധിയുടെ സൂത്രവാക്യങ്ങള്‍ മക്കള്‍ക്ക് ചൊല്ലിക്കൊടുക്കുക

ഡോ. ജാസിമുല്‍ മുത്വവ്വ

ദുഃഖം ഘനീഭവിച്ച ഇടറിയ സ്വരത്തിലാണ് അയാള്‍ സംസാരിച്ചുതുടങ്ങിയത്. നവ മാധ്യമങ്ങളിലൂടെ മക്കളുടെ മൊബൈല്‍ ഫോണില്‍ എത്തുന്ന അശ്ലീല ചിത്രങ്ങളും വീഡിയോകളുമാണ് അയാളുടെ മനസ്സിനെ മഥിക്കുന്നത്. നിര്‍ലജ്ജതയുടെ വിലാസവേദിയായിക്കഴിഞ്ഞ നെറ്റ്‌വര്‍ക്ക് സംവിധാനത്തിന്റെ നീരാളിപ്പിടിത്തത്തില്‍നിന്ന് ചെറിയ കുഞ്ഞുങ്ങള്‍ക്കുപോലും രക്ഷയില്ല എന്നതാണ് ഖേദകരം. അയാള്‍ തുടര്‍ന്നു: ''കുഞ്ഞുങ്ങള്‍ എല്ലാം മറന്ന് പരിസരബോധമില്ലാതെ കണ്ടാസ്വദിക്കുന്ന കാര്‍ട്ടൂണ്‍ ചിത്രങ്ങളില്‍ പോലുമുണ്ട് അശ്ലീലതയുടെ വിളയാട്ടം.''
അനുബന്ധമായി ഞാന്‍: ''ചാരിത്ര്യശുദ്ധിയോടെ, പവിത്രമായ പാതിവ്രത്യത്തോടെ മക്കളെ വളര്‍ത്തുകയെന്നതാണ് നാം ഈ കാലഘട്ടത്തില്‍ നേരിടുന്ന വലിയ വെല്ലുവിളി. മൂല്യങ്ങള്‍ കുഴമറിഞ്ഞ കാലഘട്ടത്തിലാണ് നമ്മുടെ ജീവിതം. എല്ലാം അട്ടിമറിഞ്ഞിരിക്കുന്നു. ശ്ലീലാശ്ലീല ബോധത്തോടെയും ലജ്ജാശീലത്തോടെയും മക്കളെ വളര്‍ത്തുന്നത് കൊടിയ കുറ്റമായി മുദ്രകുത്തപ്പെടുന്ന കാലമാണിത്.''
അയാള്‍: ''നേരാണ് നിങ്ങള്‍ പറഞ്ഞത്. സ്‌കൂളില്‍ പോകുന്ന എന്റെ മോളെ കളിയാക്കുകയാണ് അവളുടെ കൂട്ടുകാരികള്‍. 'നിനക്ക് നേരമ്പോക്കിന് ഒരു ബോയ് ഫ്രന്റിനെ കിട്ടിയിട്ടില്ലല്ലോ' എന്ന് പറഞ്ഞാണ് അവളെ കുറ്റപ്പെടുത്തുന്നത്. കുട്ടികള്‍ ദിനേന മൊബൈല്‍ ഫോണിലൂടെ കൈമാറുന്ന അശ്ലീല ചിത്രങ്ങളെ കുറിച്ചാണ് എന്റെ മോന്‍ എന്നോട് പറയുന്നത്. വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ ചുംബിക്കുന്ന ദൃശ്യങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവരുന്നു കുഞ്ഞുകുട്ടികള്‍ക്കുപോലും!''
ഞാന്‍ പറഞ്ഞു: മക്കളെ ചാരിത്ര്യശുദ്ധിയോടെയും പാതിവ്രത്യത്തോടെയും വളര്‍ത്തണമെന്നുണ്ടെങ്കില്‍ ഒന്നാമതായി വേണ്ടത് ജീവിത വിശുദ്ധിയുടെ ആദ്യപാഠങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയാണ്. ആണ്‍-പെണ്‍ ബന്ധങ്ങളില്‍ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങള്‍ എന്തൊക്കെയെന്ന് വിശദീകരിച്ചുകൊടുക്കുകയാണ്. രണ്ട് വികാരങ്ങള്‍ അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ട്. ഒന്ന്, ആഹരിക്കാനുള്ള വയറിന്റെ വികാരം. വംശപരമ്പര നിലനില്‍ക്കാനും ജീവിതത്തിന്റെ അനുസ്യൂതത തുടരാനും സഹായകമായ ലൈംഗിക വികാരമാണ് രണ്ടാമത്തേത്. ഉദരവികാരം ജീവിതത്തിന്റെ നിലനില്‍പിനാണെങ്കില്‍ ലൈംഗിക വികാരം തലമുറകളുടെ തുടര്‍ച്ചക്കാണ്.
ജീവിത വിശുദ്ധിയുടെ കാര്യത്തില്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയാവുകയാണ് രണ്ടാമതായി വേണ്ടത്. അവരില്‍ ലജ്ജാശീലവും സഭ്യ-സഭ്യേതര വിവേചനബോധവും വളരാനുള്ള മാതൃക രക്ഷിതാക്കളില്‍ കാണണം എന്ന് സാരം. ജീവിത വിശുദ്ധിയുടെ അടിസ്ഥാന സൂത്രവാക്യങ്ങള്‍ നിരന്തരം അവരുടെ ചെവികളില്‍ ചൊല്ലിക്കൊടുക്കുകയാണ് മൂന്നാമത് വേണ്ടത്. മറയ്‌ക്കേണ്ട ഭാഗങ്ങള്‍ മറയ്ക്കുക, ലജ്ജ, ചാരിത്ര്യശുദ്ധി, അടക്കവും ഒതുക്കവും, അഭിമാനം തുടങ്ങിയ വാക്കുകളുടെ ആവര്‍ത്തനം അവരുടെ ബോധമണ്ഡലങ്ങളില്‍ കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെ കുറിച്ചുള്ള വിചാരം വളര്‍ത്തും. നാലാമത്, മക്കള്‍ മുതിര്‍ന്നാല്‍ അവര്‍ക്ക് വെവ്വേറെ മുറികള്‍ നല്‍കി കിടപ്പറകള്‍ വേറെ വേറെയാക്കണം. ഓരോരുത്തരുടെയും മുറികളിലേക്ക് കടക്കുമ്പോള്‍ സമ്മതം ചോദിച്ചുമാത്രം കടക്കുന്ന ശീലം വളര്‍ത്തണം. ജീവിതവിശുദ്ധി കാത്തുപോന്ന പ്രവാചകന്‍ യൂസുഫിന്റെയും പാതിവ്രത്യം പരിരക്ഷിച്ച മര്‍യമിന്റെയും കഥകള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുകയാണ് അഞ്ചാമത്തേത്. അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ ഇടവന്നാല്‍ സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് അവര്‍ക്ക് ധാരണ നല്‍കണം. അവ കാണാനിട വന്നാല്‍ കണ്ണടയ്ക്കുന്ന ശീലം, മാറിയിരിക്കുന്ന രീതി, തന്റേടത്തോടെയും ആര്‍ജവത്തോടെയും നിലപാടുകള്‍ സ്വീകരിക്കാനുള്ള വിവേകം ഇവയൊക്കെ മക്കള്‍ക്ക് പകര്‍ന്നുനല്‍കണം.
ഏഴാമത് ഒരു നബിവചനം അവരെ പഠിപ്പിക്കുകയാണ്: 'രണ്ട് താടിയെല്ലുകള്‍ക്കിടയിലുള്ളതിനെക്കുറിച്ചും രണ്ടു തുടകള്‍ക്കിടയിലുള്ളതിനെക്കുറിച്ചും ഒരാള്‍ എനിക്ക് ഉറപ്പുതന്നാല്‍ ഞാന്‍ അയാള്‍ക്ക് സ്വര്‍ഗം ഉറപ്പുനല്‍കും.' നാവും ഗുഹ്യഭാഗവും സൂക്ഷിച്ചുപയോഗിക്കുകയെന്നത് ജാഗ്രതയും ആത്മനിയന്ത്രണവും ആവശ്യമുള്ള രംഗമാണ്. ഇവ മനുഷ്യനില്‍ ലീനമായ കാമനകളാണ്. രാഷ്ട്രം, യുവാക്കളുടെ ജീവിത വിശുദ്ധിക്ക് പരമപ്രാധാന്യം നല്‍കി നിര്‍മിച്ച നിയമങ്ങള്‍ പണ്ട് തുര്‍ക്കിയില്‍ നിലനിന്നിരുന്നു. വിവാഹ നിയമമാണ് വിവക്ഷ. നിയമപ്രകാരം വിവാഹം നിര്‍ബന്ധമാണ്. യുവാക്കള്‍ക്ക് 18 മുതല്‍ 25 വരെയാണ് നിര്‍ബന്ധ വിവാഹപ്രായം. 25 കഴിഞ്ഞിട്ടും വിവാഹിതനാവാത്ത യുവാവ് ഔദ്യോഗിക ജോലികള്‍ക്ക് അയോഗ്യനാണ്. 25 വയസ്സ് പിന്നിട്ടിട്ടും വിവാഹിതനാവാത്ത വ്യക്തിക്ക് കരം ചുമത്തുകയും അത് വിവാഹിതരാവാന്‍ ആഗ്രഹിക്കുന്ന പാവങ്ങള്‍ക്ക് സഹായധനമായി നല്‍കുകയും ചെയ്യും. മുസ്ത്വഫാ കമാല്‍ പാഷയുടെ കാലത്തു പോലും ജീവിത വിശുദ്ധിക്ക് കല്‍പിച്ച പ്രാധാന്യം എടുത്തുകാട്ടാനാണ് ഞാനിത് ഉദ്ധരിച്ചത്. ജീവിതവിശുദ്ധി, ചാരിത്ര്യം, പാതിവ്രത്യം എന്നിവ സംബന്ധിച്ച ശിക്ഷണങ്ങള്‍ വീട്ടില്‍നിന്നും സമൂഹത്തില്‍നിന്നും പാഠശാലയില്‍നിന്നും ആരംഭിക്കേണ്ടതാണ്. യുവാക്കളോട് ഇത് തെറ്റ്, ഇത് ശരിയാവില്ല, ഇത് നിഷിദ്ധം എന്നൊക്കെ പറഞ്ഞാല്‍ മതിയാവില്ല. അതിന് ശക്തമായ നിയമനിര്‍മാണം തന്നെ വേണ്ടിവരും, ബദലുകള്‍ നല്‍കേണ്ടിവരും.
വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /2
എ.വൈ.ആര്‍