Prabodhanm Weekly

Pages

Search

2016 മാര്‍ച്ച്‌ 25

2944

1437 ജമാദുല്‍ ആഖിര്‍ 16

ചതിക്കുഴികളുടെ സൈബറിടം

അനീസുദ്ദീന്‍ ചെറുകുളമ്പ്

സൈബര്‍ മേഖലയെ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നവരാണ് പ്രവാസികള്‍. കമ്പ്യൂട്ടറിനെയും ഇന്റര്‍നെറ്റിനെയും ജോലിയുടെ ഭാഗമായിതന്നെ അവര്‍ക്ക് ധാരാളമായി ആശ്രയിക്കേണ്ടിവരുന്നു. കുടുംബങ്ങളില്‍നിന്നും കൂട്ടുകാരില്‍നിന്നും ഒറ്റപ്പെട്ടു തൊഴിലെടുക്കുന്ന വലിയൊരു വിഭാഗം അവരുടെ സമയത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത് ഇന്റര്‍നെറ്റിന്റെ ലോകത്താണ്. നല്ല പുസ്തകങ്ങളുടെ വായനയോ ആത്മീയ വളര്‍ച്ചക്കുതകുന്ന പരിപാടികളിലെ പങ്കാളിത്തമോ പൊതുസമൂഹവുമായുള്ള ഇടപെടലുകളോ പ്രവാസലോകത്തെ പുതുതലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്റര്‍നെറ്റിന്റെ സാധ്യതകളെ കുറിച്ച അവബോധം തീര്‍ച്ചയായും പ്രവാസികള്‍ക്ക് ഉണ്ടാവേണ്ടതുതന്നെ. എന്നാല്‍ സൈബര്‍ രംഗത്തെ ചതിക്കുഴികളെ കുറിച്ചും സാംസ്‌കാരിക വൈകൃതങ്ങളെ കുറിച്ചും തികഞ്ഞ ബോധവും അവര്‍ക്കുണ്ടാവണം. അനന്തസാധ്യതകളിലേക്ക് വാതില്‍ തുറക്കുന്ന വിവര സാങ്കേതികവിദ്യയുടെ അതിപ്രസരം നമ്മുടെ ദൈനംദിന ജീവിതശൈലിയെ തന്നെ മാറ്റിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ വ്യാപ്തി ഇക്കാലത്ത് ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ടെക്‌നോളജിയുടെ വികാസത്തിനൊപ്പം, ഈ രംഗത്തുള്ള തട്ടിപ്പുകളും ചൂഷണങ്ങളും കൂടി വരുന്നുവെന്നതും നാം കാണാതിരുന്നുകൂടാ. സൈബര്‍ ലോകത്തെ ചെറിയ അശ്രദ്ധകള്‍ വലിയ വിപത്തുകളാണ് പലപ്പോഴും ക്ഷണിച്ചുവരുത്തുക.സൈബര്‍  ലോകത്ത് സാമ്പത്തികമായി കബളിപ്പിക്കപ്പെടുന്നവരുമുണ്ട്. ചിലര്‍ ഇന്റര്‍നെറ്റിന്റെ അഡിക്റ്റുകളായി മാറുന്നു. സ്വന്തം ജോലിയില്‍ പോലും ശ്രദ്ധ പുലര്‍ത്താന്‍ കഴിയാതെ ഒരുതരം മാസ്മരിക വിഭ്രാന്തിയിലേക്ക് സൈബര്‍ പ്രേമം അവരെ കൊണ്ടെത്തിക്കുന്നു. നിത്യജീവിതത്തില്‍  എഴുത്തിലും സംസാരത്തിലും വിശുദ്ധി പുലര്‍ത്തുന്നവര്‍  പോലും സൈബര്‍  ലോകത്തേക്ക് വരുമ്പോള്‍ വേണ്ടത്ര സൂക്ഷ്മത കാണിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. സദാചാര ഭ്രംശത്തിന് ആക്കം കൂട്ടാന്‍ ഇന്റര്‍നെറ്റിന്റെ അതിപ്രസരം പലപ്പോഴും ഹേതുവായി മാറുന്നു. ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന പ്രവാസികള്‍ വളരെയേറെ സൂക്ഷ്മത പുലര്‍ത്തിയേ മതിയാവൂ.
ജീവിത വിശുദ്ധിയിലൂടെ മാത്രമേ ഇഹപര വിജയം നേടാനാവൂ എന്ന ബോധം നമ്മെ നയിക്കുന്നുവെങ്കില്‍ എവിടെയും പിടിച്ചുനില്‍ക്കാന്‍ നമുക്ക് കഴിയും. നെറികേടുകളും വേണ്ടാവൃത്തികളും നമ്മെ സ്വാധീനിക്കുന്ന അവസ്ഥ ഉണ്ടായിക്കൂടാ. നമ്മെ നിയന്ത്രിക്കേണ്ടത് നാം തന്നെയാണ്. ഇന്റര്‍നെറ്റ് ലോകത്തെ ഏകാന്ത സഞ്ചാരത്തിനിടയില്‍ പൈശാചിക പ്രേരണകള്‍ക്ക് വശംവദരാകുന്നുവെങ്കില്‍, നമ്മെ നശിപ്പിക്കാന്‍ അതുതന്നെ മതിയാവുമെന്ന തിരിച്ചറിവ് ഉണ്ടാകണം. ഇന്റര്‍നെറ്റിന്റെ ലോകത്തെ നല്ല സാധ്യതകള്‍  ഉപയോഗപ്പെടുത്താന്‍ ഒരു നിശ്ചിത സമയം മാത്രം ഓരോ ദിവസവും മാറ്റിവെക്കുക. ബാക്കി സമയം നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുക്കാനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍  സാധ്യതയനുസരിച്ച് പങ്കാളികളാവാനും ശ്രദ്ധ പുലര്‍ത്തുക. എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്ത് സൈബര്‍ നെറികേടിനെതിരെ പ്രതിരോധം തീര്‍ക്കാം എന്നാണ് ചിന്തിക്കേണ്ടത്. സാങ്കേതിക രംഗം വളരുന്നതിനനുസരിച്ച് ധാര്‍മിക രംഗം തകരാന്‍ അനുവദിച്ചുകൂടാ. സ്വയം മാതൃക കാണിച്ച് മറ്റുള്ളവര്‍ക്ക് ദിശാബോധം നല്‍കാന്‍ കഴിയുന്നതിലൂടെയാണ് നമ്മുടെ ജീവിത വിജയം എന്ന സത്യം സൈബര്‍ ലോകത്തും വിസ്മരിക്കാന്‍ പാടില്ലാത്തതാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /2
എ.വൈ.ആര്‍