പ്രവാചകന്‍േറത് മാതൃകാ ദാമ്പത്യം
മറ്റെല്ലാ രംഗത്തുമെന്ന പോലെ ദാമ്പത്യജീവിതത്തിലും പ്രവാചകന്റെ നിലപാടും സമീപനവും തികച്ചും മാതൃകാപരമായിരുന്നു. ദാമ്പത്യത്തില്‍ സമാധാനവും സ്‌നേഹവും കാരുണ്യവുമുണ്ടാകേണ്ടതിന്റെ ആവശ്യകത പ്രവാചകന്‍ തിരിച്ചറിഞ്ഞിരുന്നു. പത്‌നിമാരോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ അവിടുന്ന് ഉപദേശിച്ചു: 'വിശ്വാസികളില്‍ പൂര്‍ണന്‍ അവരില്‍ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്. നിങ്ങളില്‍ ഏറ്റവും നല്ലവര്‍ തങ്ങളുടെ ഭാര്യമാരോട് കൂടുതല്‍ നന്നായി പെറുമാറുന്നവരാണ്' (തിര്‍മിദി).
എപ്പോഴും പുഞ്ചിരി തൂകിയാണ് പത്‌നിമാരെ പ്രവാചകന്‍ അഭിമുഖീകരിക്കുക. ഏറ്റവും ഉദാത്തമായ രീതിയിലാണ് അവരോട് പെരുമാറുക. ഹജ്ജത്തുല്‍ വിദാഇലെ വിഖ്യാത പ്രസംഗത്തില്‍ പ്രവാചകന്‍ ഇക്കാര്യം ഉണര്‍ത്തി. 'നിങ്ങള്‍ സ്ത്രീകളുടെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. കാരണം, അല്ലാഹുവിന്റെ സംരക്ഷണത്തിലാണ് നിങ്ങള്‍ അവരെ സ്വീകരിച്ചിരിക്കുന്നത്.'
പത്‌നിമാരൊന്നിച്ചുള്ള പ്രവാചകന്റെ ജീവിതത്തില്‍ നിന്ന് നമുക്ക് മികച്ചൊരു ഭര്‍ത്താവിനെ കണ്ടെത്താം. പ്രവാചകനും രാഷ്ട്രനായകനും പ്രബോധകനും സേനാനായകനും ജനങ്ങളുടെ മാര്‍ഗദര്‍ശിയുമെല്ലാമായിരുന്നിട്ടും ആ തിരക്കുകള്‍ക്കിടയില്‍ പത്‌നിമാരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്നതില്‍ യാതൊരു അലംഭാവവും പ്രവാചകന്‍ കാണിച്ചിരുന്നില്ല. ഭാരിച്ച ഉത്തരവാദിത്തങ്ങളും സ്ഥാനങ്ങളും പത്‌നിമാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നതില്‍നിന്ന് പ്രവാചകനെ തടഞ്ഞിരുന്നില്ല. ഉത്തരവാദിത്ത ബാഹുല്യത്താലും ഭൗതിക വിരക്തിയാലും ഭാര്യമാരുടെ അവകാശങ്ങള്‍ മറക്കുകയും അവ പൂര്‍ത്തീകരിക്കുന്നതില്‍ അലംഭാവം കാണിക്കുകയും ചെയ്യുന്നവര്‍ക്ക് പ്രവാചകന്റെ ദാമ്പത്യജീവിതത്തില്‍നിന്ന് ഏറെ പഠിക്കാനുണ്ട്.
ഭാര്യമാരോടൊപ്പം ചെലവഴിക്കാനും കളിതമാശകളില്‍ മുഴുകാനും പ്രവാചകന്‍ സമയം കണ്ടെത്തി. ഭാര്യമാരോട് തനിക്ക് കടമകളും കടപ്പാടുകളുമുണ്ടെന്നും മനസ്സിലാക്കിയിരുന്നു. വിഷമവും പ്രയാസവും ഉണ്ടാകുമ്പോള്‍ മൃദുലമായ വാക്കുകളാല്‍ പത്‌നിമാരെ സാന്ത്വനപ്പെടുത്തുകയും അവരുടെ കണ്ണുനീരൊപ്പുകയും, അവരുടെ ചിന്തകളെയും അഭിപ്രായങ്ങളെയും ബഹുമാനിക്കുകയും പരാതികള്‍ കേള്‍ക്കുകയും ചെയ്തിരുന്നു.
ഒരിക്കല്‍ സ്വഫിയ്യ(റ)യെക്കുറിച്ച് ഹഫ്‌സ (റ) പറഞ്ഞു: 'നീ യഹൂദി പെണ്‍കുട്ടിയാണ്!' അതുകേട്ട് സ്വഫിയ്യ (റ) കരഞ്ഞു. പ്രവാചകന്‍ ചോദിച്ചു: 'എന്താണ് നിന്നെ കരയിപ്പിച്ചത്?' സ്വഫിയ്യ(റ): 'ഹഫ്‌സ എന്നെ യഹൂദി പെണ്‍കുട്ടിയെന്ന് വിളിച്ചു.' പ്രവാചകന്‍ പറഞ്ഞു: 'നീ പ്രവാചകന്റെ മകളാണ്, നിന്റെ പിതൃവൃന്‍ പ്രവാചകനാണ്, നീ പ്രവാചകന്റെ അധീനതയിലുമാണ്. ഏത് കാര്യത്തിലാണ് ഹഫ്‌സക്ക് നിന്നേക്കാള്‍ അഭിമാനിക്കാന്‍ വകയുള്ളത്.' തുടര്‍ന്ന് ഹഫ്‌സയോട്: 'ഹഫ്‌സാ, നീ അല്ലാഹുവിനെ സൂക്ഷിക്കുക' (ഇവിടെ പ്രവാചകന്റെ മകള്‍, പിതൃവ്യനായ പ്രവാചകന്‍ എന്നതുകൊണ്ടുദ്ദേശ്യം യഥാക്രമം മൂസാ(അ), ഹാറൂന്‍(അ) എന്നീ പ്രവാചകരാണ്. ഇസ്രയേല്‍ പരമ്പരയില്‍പെട്ടവളാണ് സ്വഫിയ്യ എന്നര്‍ഥം).
സ്‌ത്രൈണ പ്രകൃതം പ്രവാചകന്‍ ശരിക്കും മനസ്സിലാക്കി. അതിനനുസരിച്ചുള്ള നിലപാടും സമീപനവുമായിരുന്നു അവിടുത്തേത്. സ്‌ത്രൈണ പ്രകൃതത്തെ വാരിയെല്ലിനോടാണ് പ്രവാചകന്‍ ഉപമിച്ചത്. ഉദ്ദേശിക്കുന്നപോലെ പൂര്‍ണമായി സ്ത്രീയെ മാറ്റാന്‍ സാധ്യമല്ല. അവളുടെ പ്രകൃത്യായുള്ള പ്രത്യേകത പുരുഷന്‍ തിരിച്ചറിയണം. സ്വയം ശരിയായി തോന്നുന്നത് ഭാര്യയെക്കൊണ്ട് നിര്‍ബന്ധപൂര്‍വം അംഗീകരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ദാമ്പത്യജീവിതം പരാജയത്തില്‍ കലാശിക്കുന്നതിന് ഇടയാക്കും.
പത്‌നിമാരോടൊപ്പം ഒരേ പാത്രത്തില്‍നിന്നാണ് പ്രവാചകന്‍ ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്തിരുന്നത്. ചിലപ്പോള്‍ അന്യോന്യം വായയിലേക്ക് ഭക്ഷണം വെച്ചുകൊടുക്കുമായിരുന്നു. പ്രവാചകന്‍ ഒരിക്കലും ഭക്ഷണത്തെ കുറ്റം പറഞ്ഞിരുന്നില്ല. താല്‍പര്യമുണ്ടെങ്കില്‍ ഭക്ഷിക്കും, ഇല്ലെങ്കില്‍ കഴിക്കില്ല. അതുപോലെ വീട്ടിലെന്താണോ ഉള്ളത് അതു കഴിക്കും. സ്വാദിന്റെ പേരിലും ഭക്ഷണമൊരുക്കുന്നതിലെ നിസ്സാരവീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടിയും പത്‌നിമാരോട് കോപിക്കുകയും അവരെ ശകാരിക്കുകയും ചെയ്യുന്നവര്‍ക്ക് പ്രവാചകന്റെ നിലപാടിലും സമീപനങ്ങളിലും വലിയ മാതൃകയുണ്ട്.
പത്‌നിമാര്‍ പ്രവാചകന്റെ മുടി ചീകിക്കൊടുക്കുകയും നഖം മുറിച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു. അവരോടൊപ്പം ഉല്ലാസ യാത്ര നടത്തിയിരുന്നു പ്രവാചകന്‍. ദീര്‍ഘയാത്രക്കൊരുങ്ങുമ്പോള്‍ പത്‌നിമാരെ കൂടെക്കൂട്ടും. നറുക്കിട്ടെടുത്താണ് ആര് കൂടെ വരണമെന്ന് തീരുമാനിക്കുക. അവരോടൊപ്പമിരുന്ന് തമാശകള്‍ പങ്കുവെക്കും. ചിലപ്പോള്‍ ഓമനപ്പേരുകളില്‍ അവരെ വിളിക്കും. അവരോടൊപ്പം വിനോദങ്ങളിലേര്‍പ്പെടുകയും ചെയ്തു. ആഇശ(റ) പറയുന്നു: 'ഞാന്‍ നബിയുടെ കൂടെ ഒരു യാത്രയിലായിരുന്നു. നബി(സ)യുമായി ഓട്ടമത്സരത്തിലേര്‍പ്പെടുകയും ഞാന്‍ മുമ്പിലെത്തുകയും ചെയ്തു. എന്നാല്‍, പിന്നീട് എന്റെ ശരീരം തടിച്ചപ്പോള്‍ നബിയോടൊപ്പമുള്ള മത്സരത്തില്‍ നബി എന്നെ തോല്‍പ്പിച്ചുകളഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: ഈ വിജയം മുമ്പത്തേതിനു പകരമാണ്' (അഹ്മദ്).
ഭാര്യമാരെ സന്തോഷിപ്പിക്കുന്നതിന്റെ ഭാഗമായി അനുവദനീയമായ കളികള്‍ കണ്ടാസ്വദിക്കാന്‍ പ്രവാചകന്‍ അവരെ അനുവദിച്ചു. ആഇശ(റ) പറഞ്ഞു: 'അല്ലാഹുവാണ, ഞാന്‍ നബി(സ)യെ എന്റെ റൂമിന്റെ വാതിലിനടുത്തു കണ്ടു. അപ്പോള്‍ എത്യോപ്യക്കാരായ ആളുകള്‍ പള്ളിയില്‍ കുന്തം പ്രയോഗിച്ച് കളിക്കുകയാണ്. ആ സമയത്ത് എനിക്ക് പ്രവാചകന്റെ ചുമലിനും ചെവിക്കുമിടയിലൂടെ കളികാണാന്‍ വിരിപ്പുകൊണ്ട് ഒരു മറയുണ്ടാക്കിത്തന്നു. ഞാന്‍ പിരിഞ്ഞുപോകുന്നതുവരെ എനിക്കുവേണ്ടി പ്രവാചകന്‍ അവിടെ നില്‍ക്കുകയും ചെയ്തു.' (ബുഖാരി, മുസ്‌ലിം).
പ്രവാചകന്‍ വീട്ടുജോലികള്‍ ചെയ്യുകയും പത്‌നിമാരെ ജോലികളില്‍ സഹായിക്കുകയും ചെയ്തിരുന്നു. അവിടുന്ന് വസ്ത്രമലക്കുകയും തുന്നുകയും ആടിനെ കറക്കുകയും ചെരിപ്പു തുന്നുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. പ്രവാചകന്‍ പത്‌നിമാരെ അനുമോദിക്കുകയും പുകഴ്ത്തുകയും ചെയ്തു. അവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കി. അവരുടെ ചിന്തകളെയും വിചാര വികാരങ്ങളെയും പരിഗണിച്ചു. പത്‌നിമാരുമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വിശാല മനസ്സോടെയും വിട്ടുവീഴ്ചയോടെയും അഭിമുഖീകരിച്ചു. ഒരിക്കലും പത്‌നിമാരെ പ്രവാചകന്‍ അടിച്ചില്ല; അവരെ ആക്ഷേപിച്ചില്ല.
പത്‌നിമാരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പ്രത്യേകം പരിഗണിച്ചു. പത്‌നിമാരുടെ കൂട്ടുകാരികള്‍ക്ക് പ്രവാചകന്‍ സമ്മാനങ്ങള്‍ നല്‍കുമായിരുന്നു. പത്‌നിമാരെ വിശ്വസിക്കുകയും അവരോട് നീതിപുലര്‍ത്തുകയും ചെയ്തു. എല്ലാവരോടും തുല്യനിലയിലായിരുന്നു പ്രവാചകന്റെ പെരുമാറ്റം. താമസവും അങ്ങനെത്തന്നെ. ഏതെങ്കിലുമൊരു പത്‌നിയുടെ അടുക്കല്‍ കൂടുതല്‍ ദിവസം കഴിഞ്ഞിരുന്നില്ല; ചില പത്‌നിമാര്‍ അവരുടെ ഊഴം മറ്റുള്ളവര്‍ക്ക് നല്‍കുന്ന സന്ദര്‍ഭങ്ങളിലൊഴികെ. ദാമ്പത്യരംഗത്തെ വലുതും ചെറുതുമായ കാര്യങ്ങള്‍ പാലിക്കാന്‍ പ്രവാചകന്‍ എപ്പോഴും ശ്രദ്ധിച്ചു. പത്‌നിമാരുടെ അടുക്കലേക്കു വരുമ്പോള്‍ നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങളില്‍വരെ പ്രവാചകന്‍ ശ്രദ്ധ ചെലുത്തി. വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ചും ദന്തശുദ്ധിവരുത്തിയും സുഗന്ധം പൂശിയുമൊക്കെയായിരുന്നു പ്രവാചകന്‍ പത്‌നിമാരുടെ അടുക്കല്‍ വന്നിരുന്നതെന്ന് പ്രിയപത്‌നി ആഇശ (റ) പറഞ്ഞതായി കാണാം.
ഭാര്യമാരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാതെ ആരാധനകളില്‍ മുഴുകുന്നത് പ്രവാചകന്‍ വിലക്കി. ഒരിക്കല്‍ ഉസ്മാനുബ്‌നു മള്ഊ(റ)ന്റെ ഭാര്യ ഖൗല കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച് നബി(സ)യുടെ പത്‌നിമാരുടെയടുത്ത് വന്നു. പ്രവാചകന്‍ ഖൗലയോട് ചോദിച്ചു: 'ഖൗലാ നിനക്കെന്തുപറ്റി?' ഭര്‍ത്താവിനെക്കുറിച്ച് ഖൗല പറഞ്ഞു: 'അദ്ദേഹം രാത്രി മുഴുവന്‍ നിന്ന് നമസ്‌കരിക്കുകയും പകല്‍ മുഴുവന്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു.' പിന്നീട് പ്രവാചകന്‍ ഉസ്മാനുബ്‌നു മള്ഊനെ കണ്ടപ്പോള്‍ അദ്ദേഹത്തെ ഗുണദോഷിച്ചുകൊണ്ട് ചോദിച്ചു: 'അല്ലയോ ഉസ്മാന്‍, നിനക്ക് എന്നില്‍ നല്ല മാതൃകയില്ലേ? അല്ലാഹുവാണ, നിങ്ങളില്‍ ഏറ്റവും കൂടുതല്‍ ദൈവ നിയമങ്ങളെ ഭയപ്പെടുന്നവനും സൂക്ഷ്മത കാണിക്കുന്നവനും തീര്‍ച്ചയായും ഞാനാകുന്നു.'
മാതൃകാപരമായിരുന്നു പ്രവാചകന്റെ ദാമ്പത്യം. എത്രമാത്രം സ്‌നേഹത്തോടെയായിരുന്നു പ്രവാചകന്‍ പത്‌നിമാരോട് പെരുമാറിയിരുന്നത് എന്നറിയാന്‍ മുകളിലുദ്ധരിച്ച സംഭവങ്ങള്‍ തന്നെ ധാരാളം. പ്രവാചകന്റെ ദാമ്പത്യജീവിതത്തില്‍ എക്കാലത്തെയും മനുഷ്യര്‍ക്ക് വ്യക്തമായ മാതൃകയുണ്ട്.
Comments