Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 22

രുദ്രാപൂര്‍ വെടിവെപ്പ് പ്രതിഷേധവുമായി മുസ്ലിം നേതാക്കള്‍


ഗാന്ധിജയന്തി ദിനത്തില്‍ ഉത്തരഖണ്ഡിലെ ഉദ്ദംസിംഗ് നഗര്‍ ജില്ലയിലെ രുദ്രാപൂരില്‍ ഖുര്‍ആനെ അവഹേളിച്ചതിനെതിരെ പ്രതിഷേധിച്ച മുസ്ലിംകള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിനെതിരെ ദേശീയ മുസ്ലിം നേതാക്കള്‍ ശക്തമായി പ്രതികരിച്ചു. വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഖുര്‍ആന്‍ അവഹേളിക്കപ്പെട്ടിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് മുസ്ലിംകള്‍ തെരുവിലിറങ്ങിയത്. മുസ്ലിംകളുടെ കടകളും വീടുകളും കൊള്ളയടിക്കപ്പെടുകയും ചെയ്തു.
സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ഇരകളെ പുനരവസിപ്പിക്കണമെന്നും ദല്‍ഹി ഇമാം അഹ്മദ് ബുഖാരി ആവശ്യപ്പെട്ടു. മുസ്ലിംകളെ പ്രകോപിപ്പിച്ച് തെരുവിലിറക്കി വെടിവെച്ച് കൊല്ലുന്ന ഹീനതന്ത്രത്തെ കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ബീഹാറിലെ ഫോര്‍ബിസ്ഗഞ്ച്, രാജസ്ഥാനിലെ ഗോപാല്‍ഗര്‍, ഉത്തര ഖണ്ഡിലെ രുദ്രാപൂര്‍ എന്നിവിടങ്ങളില്‍ നടന്ന വെടിവെപ്പുകള്‍ മുസ്ലിം പ്രദേശങ്ങളോട് കാണിക്കുന്ന അവഗണനയെയും പോലീസിന്റെ പക്ഷപാത സമീപനത്തെയും തുറന്നു കാണിക്കുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറല്‍ നുസ്റത്ത് അലി അഭിപ്രായപ്പെട്ടു.
മില്ലി കൌണ്‍സില്‍ ജന. സെക്രട്ടറി ഡോ. മന്‍സൂര്‍ ആലംഖാന്‍, മൌലാനാ അസ്റാറുല്‍ ഹഖ് ഖാസിമി എം.പി, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൌലാനാ ഉസ്മാന്‍ മന്‍സൂര്‍പൂരി എന്നിവരും സംഭവത്തില്‍ പ്രതിഷേധിച്ചു.


രഥയാത്ര റദ്ദാക്കണം-ഉലമാ കൌണ്‍സില്‍
അദ്വാനിയുടെ രഥയാത്ര റദ്ദാക്കണമെന്ന് രാഷ്ട്രീയ ഉലമാ കൌണ്‍സില്‍ ബി.ജെ.പി പ്രസിഡന്റ് നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് വര്‍ഗീയ-സാമുദായിക ധ്രുവീകരണം ഉന്നം വെച്ചുള്ളതാണ് യാത്ര. അകാരണമായി ജീവനും സ്വത്തും നശിക്കാന്‍ മാത്രമേ ഇത് കാരണമാവൂ- ഉലമാ കൌണ്‍സില്‍ അഭിപ്രായപ്പെട്ടു.

 

'സഞ്ജീവ് ഭട്ടിനെ മോചിപ്പിക്കണം'
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ തുറന്നു കാണിച്ചതിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ് ചെയ്യപ്പെട്ട പോലീസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മുംബൈയില്‍ വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സമാജ് വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അബൂ ആസിം ആസ്മി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അസ്ലം ഗാസി, ഉലമാ അസോസിയേഷന്‍ നേതാവ് മൌലാനാ സയ്യിദ് അത്തര്‍ അലി, മില്ലി കൌണ്‍സില്‍ നേതാവ് റഷീദ് അസിം, മജ്ലിസെ ശൂറയുടെ ഫരീദ് ഖാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

'നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം'
രാജസ്ഥാനില്‍ സാമൂഹിക പ്രവര്‍ത്തകരെ നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും പോലീസ് രാജ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പൌരസമൂഹ പ്രവര്‍ത്തകര്‍. മാവോയിസ്റ് നേതാവിനെ തെരയാനെന്ന പേരില്‍ പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയും പി.യു.സി.എല്‍ ജന. സെക്രട്ടറിയുമായ കവിത ശ്രീവാസ്തവയുടെ വീട്ടില്‍ ഛത്തീഗഢ്രാജസ്ഥാന്‍ പോലീസ് സംയുക്തമായി നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് ശക്തമായ പ്രതിഷേധം ഉയര്‍ന്നത്. ഈയിടെ രാജസ്ഥാനിലെ ഭരത്പൂരില്‍ നടന്ന വെടിവെപ്പിന്റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ കവിത നേതൃപരമായ പങ്ക് വഹിച്ചിരുന്നു.
പി.യു.സി.എല്‍, സെന്റര്‍ ഫോര്‍ ദലിത് റൈറ്റ്സ്, മസ്ദൂര്‍കിസാന്‍ ശക്തി സംഘതന്‍, രാജസ്ഥാന്‍ യൂനിവേഴ്സിറ്റി വിമന്‍സ് അസോസിയേഷന്‍, സര്‍വ സേവാ സംഘ്, ജന്‍വാദി ലേഖക് സംഘ്, പ്രയാസ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
കവിത ശ്രീവാസ്തവക്കു നേരെ നടന്ന നീക്കം ജനാധിപത്യത്തിനും പൌരാവകാശങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി എഞ്ചി. സലീം അഭിപ്രായപ്പെട്ടു. അനീതികള്‍ക്കെതിരെ ശബ്ദിക്കുന്നവരെ ഭീഷണിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 വിദ്യോദയം മാസിക പുറത്തിറങ്ങി
എസ്.ഐ.ഒ ആന്ധ്രപ്രദേശ് ഘടകം തെലുങ്കു ഭാഷയില്‍ വിദ്യോദയം മാസിക പുറത്തിറക്കി. ജമാഅത്തെ ഇസ്ലാമി ആന്ധ്രപ്രദേശ് സംസ്ഥാന പ്രസിഡന്റ് ഖാജ ആരിഫുദ്ദീന്‍ പ്രകാശനം നിര്‍വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഡോ. ആതിഫ് ഇസ്മാഈല്‍, സെക്രട്ടറി ഇഖ്ബാല്‍ ഹുസൈന്‍, വിദ്യോദയം അസോ. എഡിറ്റര്‍ വസീം തുടങ്ങിയവര്‍ സംബന്ധിച്ചു.


ബീഹാറില്‍ ഛാത്ര റാലി
'സേവ് എജുക്കേഷന്‍' കാമ്പയിന്റെ ഭാഗമായി എസ്.ഐ.ഒ ബീഹാര്‍ ഘടകം പട്നയില്‍ വിദ്യാര്‍ഥി റാലി സംഘടിപ്പിച്ചു. ദേശീയ സെക്രട്ടറി ശാരിഖ് അന്‍സാര്‍, യു.പി സംസ്ഥാന സെക്രട്ടറി മസീഹുസ്സമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റാലിയോടനുബന്ധിച്ച് നടന്ന 'പ്രതിഭാ സമ്മാന്‍ സമോഹനില്‍' പ്ളസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ അനുമോദിച്ചു.
കാമ്പയിന്റെ ഭാഗമായി വാഹനജാഥ സംഘടിപ്പിച്ചു. ഫോര്‍ബിസ്ഗഞ്ച്, മധേപുര, സഹാര്‍സ, ഭഗല്‍പൂര്‍, കടിഹാര്‍, സമസ്തിപൂര്‍, മുസ്ഥര്‍പൂര്‍, സീതാമഠി, മോലിഹാരി, പട്ന എന്നിവിടങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം