Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 22

ശാസിച്ച് ശാസിച്ച് മക്കളെ നാം വഴികേടിലാക്കുന്നു

ഡോ. അംറ് ഖാലിദ്

രക്ഷിതാക്കള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രതിസന്ധിയുണ്ട്. എങ്ങനെ നാം നമ്മുടെ മക്കളെ അഭിമുഖീകരിക്കും? മക്കളെ വളര്‍ത്തുമ്പോഴും ഗുണദോഷിക്കുമ്പോഴും വിഷമതകള്‍ നേരിടുന്ന, കൈമലര്‍ത്തുന്ന, നിസ്സഹരായ ഒരുപാട് രക്ഷിതാക്കള്‍ ഈ പ്രതിസന്ധി നിരന്തരം അഭിമുഖീകരിക്കുന്നുണ്ട്.
നാം നമ്മുടെ മക്കളെ പലപ്പോഴും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും അക്കാര്യത്തില്‍ പ്രവാചകന്റെ നിലപാടും കാഴ്ച്ചപാടും എന്തായിരുന്നുവെന്നും നാമെന്നെങ്കിലും ഒന്നോര്‍ത്തു നോക്കിയിട്ടുണ്ടോ?
മക്കളുടെ ബാല്യത്തില്‍ നാം അവരോട് കാണിച്ച സമീപനം തന്നെ മതിയാകുമോ അവര്‍ വളര്‍ന്ന് വലുതായ ശേഷവും അവരോട് കാണിക്കാന്‍? ചെറുപ്പത്തില്‍ അവരോട് കല്‍പിക്കാനും അവരെ ശിക്ഷിക്കാനും ചില ചിരപരിചിതമായ നാട്ടുനടപ്പുകള്‍ നമുക്കിടയിലുണ്ട്. 'നില്‍ക്കെടാ, വെക്കെടാ, തൊട്ടു പോകരുത്....' തുടങ്ങിയ ശാസനകളും കല്‍പനകളുമാണത്. തുറിച്ചുനോട്ടവും ചൂരല്‍ പ്രയോഗവും  രക്ഷിതാക്കളുടെ മറ്റ് ചില പ്രധാന ആയുധങ്ങളാണ്. ഈ കുട്ടികള്‍ കൗമാരത്തിലും യൗവ്വനത്തിലുമെത്തുമ്പോള്‍ അവരോട് സമീപിക്കാന്‍ ഈ മാര്‍ഗങ്ങള്‍ തന്നെ മതിയാകുമോ?
മക്കളെ പരിപാലിക്കുമ്പോള്‍ നാം കൈക്കൊള്ളുന്ന തെറ്റായ ചില രീതികളുണ്ട്. ശകാരം, കുറ്റപ്പെടുത്തല്‍, ഒറ്റയടിക്കുള്ള ഒരായിരം ഉപദേശങ്ങള്‍, ഭീഷണിയും താക്കീതും, മുന്നറിയിപ്പുകള്‍, സുദീര്‍ഘമായ പ്രഭാഷണങ്ങള്‍, പരിഹാസം, താരതമ്യപ്പെടുത്തിയുള്ള സംഭാഷണങ്ങള്‍.. ഇങ്ങനെയിങ്ങനെ നീളും ആ പട്ടിക.
ഇനി രക്ഷിതാക്കളോടായി ഒരു ചോദ്യം. ഇവയിലേതോ ഒന്നല്ലേ ഇപ്പോഴും സന്താനപരിപാലനത്തിന് നിങ്ങളുടെയും ഉപകരണം? വല്ലപ്പോഴും മക്കള്‍ക്ക് സ്വന്തമായി ഒരു വ്യക്തിത്വം നിങ്ങള്‍ അംഗീകരിച്ചു കൊടുത്തിട്ടുണ്ടോ? നിങ്ങളുടെ മകനായിരിക്കാം അവന്‍. പക്ഷേ, അവന്‍ ഒരു വ്യക്തിയാണ്. ഒരു വ്യക്തിത്വമുള്ളവന്‍. അവനും ലഭിക്കണം ആദരവും ബഹുമാനവും പരിഗണനയും. 'നീ ഉഷാറാണ്, നല്ലവനാണ് എന്റെ അഭിമാനമാണ് നീ....' എന്നീ വാക്കുകള്‍ റാങ്കോടെ പാസ്സായ കുട്ടികള്‍ മാത്രമല്ല, എല്ലാ കുട്ടികളും കേള്‍ക്കാന്‍ കൊതിക്കുന്നവരാണ്.
മക്കളെ അവരര്‍ഹിക്കുന്ന പരിഗണന നല്‍കി വളര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ ഒരു തലമുറയെയാണ് നിങ്ങള്‍ ബഹുമാനിക്കുന്നതെന്നോര്‍ക്കണം. തെറ്റ് ചെയ്താല്‍ പോലും വ്യക്തിത്വത്തെ തൊട്ട് കളിച്ചാല്‍ ഏതൊരാളും ആ വഴിയില്‍ നിന്ന് പിന്മാറാന്‍ സാധ്യത കുറവാണ്.
സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് ഉമ്മയോട് ഉച്ചത്തില്‍ സംസാരിച്ച മകനോട് ആ സന്ദര്‍ഭത്തില്‍ തന്നെ തിരുത്താനൊരുങ്ങിയാല്‍ തന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെട്ടതായാണ് അവന് തോന്നുക. താന്‍ അപമാനിക്കപ്പെട്ടതായി അവനനുഭവപ്പെടും. മറിച്ച് സുഹൃത്തുക്കള്‍ പോയ ശേഷം അക്കാര്യം അവനെ ഉണര്‍ത്തിയാല്‍ താന്‍ പരിഗണിക്കപ്പെട്ടതായും താന്‍ തെറ്റ് പ്രവര്‍ത്തിച്ചതായും അവന് അനുഭവപ്പെടും.
പ്രവാചകന്‍ കുട്ടികളെയും യുവാക്കളെയും പരിഗണിച്ച ചില സന്ദര്‍ഭങ്ങളിലേക്ക് നോക്കൂ.  അബൂബക്കര്‍, സഅ്ദുബ്‌നു അബീ വഖാസ്, മുആദുബ്‌നു ജബല്‍, അബൂ ഉബൈദ(റ) തുടങ്ങിയ മുതിര്‍ന്ന സ്വഹാബിമാരുടെ കൂടെ സംസാരിച്ചിരിക്കുകയായിരുന്നു പ്രവാചകന്‍. വളരെ ചൂടേറിയ കാലാവസ്ഥ. പ്രവാചകന്‍ വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എല്ലാവരും ദാഹിച്ചവശരായിട്ടുണ്ട്. അന്നേരം പ്രവാചകന്റെ വലതു വശത്തായി പത്തുവയസ്സുള്ള ഒരു കുട്ടിയുമുണ്ട്. പ്രവാചകന്‍ അവനോട് ചോദിച്ചു: ''ഞാന്‍ ഈ മുതിര്‍ന്നവര്‍ക്ക് ആദ്യം കൊടുക്കട്ടെ, നീ അനുവദിക്കുമോ, അങ്ങനെ ചെയ്യാന്‍'' കുട്ടി പറഞ്ഞു: ''പറ്റില്ല, താങ്കളുടെ വിഹിതത്തില്‍ നിന്ന് ആദ്യം എനിക്ക് തന്നെ വേണം'' പ്രവാചകന്‍ പറഞ്ഞു: ''ഇത് അവന്റെ അവകാശം തന്നെയാണ്, അവന്‍ ആദ്യം കുടിക്കട്ടെ.''
പരസ്യ പ്രബോധനത്തിനായി അല്ലാഹുവിന്റെ നിര്‍ദേശമുണ്ടായപ്പോള്‍ ഖുറൈശി പ്രമുഖരെ പ്രവാചകന്‍ പ്രത്യേകം വിളിച്ചു കൂട്ടി. തന്റെ ഹ്രസ്വമായ മുഖവുരക്ക് ശേഷം ആരാണ് തനിക്ക് ബൈഅത്ത് ചെയ്യുകയെന്നും പിന്തുണക്കുകയെന്നും പ്രവാചകന്‍ അവരോട് ചോദിച്ചു. എല്ലാവരും പരസ്പരം നോക്കി മൗനം പാലിച്ചു. പത്തു വയസ്സുകാരനായ അലി(റ) മാത്രം മുന്നോട്ട് വന്നു. ''ഞാന്‍ ബൈഅത്ത് ചെയ്യാം.'' ചുറ്റും കൂടിയവര്‍ പരിഹസിച്ച് ഉച്ചത്തില്‍ ചിരിച്ചു. ബാലനായ അലിയോട് പ്രവാചകന്റെ മറുപടിയെന്തെന്നറിയണോ? ''അലീ, നീ നിന്റെ കരങ്ങള്‍ നീട്ടുക, ഞാന്‍ നിന്നോടും ബൈഅത്ത് ചെയ്യട്ടെ.'' അലി(റ) മുന്നോട്ട് വന്ന് പ്രവാചകന്റെ കരം ഗ്രഹിച്ച് പ്രതിജ്ഞ ചെയ്തു. ബാലനായ ആ അലിയാണ് ഇസ്‌ലാമിന്റെ ഖലീഫയായത്. 'മൂസക്ക് ഹാറൂന്‍ പോലെയാണ് എനിക്ക് നീ' എന്ന് പ്രവാചകന്‍ പറഞ്ഞത് ആ കുട്ടിയെ കുറിച്ച് തന്നെ. ബാലനായ അലിക്ക് നല്‍കിയ പരിഗണനയാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്.
യുവാവായ അബൂരിഫാഅല്‍ അദവിയുടെ ചരിത്രവും ഭിന്നമല്ല. അദ്ദേഹം തന്നെ പറയുന്നത് കേള്‍ക്കുക: ''മുസ്‌ലിമായിരുന്നില്ല ഞാന്‍. പ്രവാചകനെ കുറിച്ച് കേട്ടപ്പോള്‍ മദീനയില്‍ പോയെന്ന് മാത്രം. പ്രവാചകന്‍ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് ഞാന്‍ സദസ്സിലേക്കെത്തിയത്. 'ഏ, മുഹമ്മദ്' എന്ന് ഞാന്‍  മാന്യതയില്ലാതെ വിളിച്ചു. അദ്ദേഹം ഉടനെ പ്രസംഗം പൂര്‍ത്തിയാക്കി ഇറങ്ങി വന്ന് എന്നെ കൂട്ടി ക്കൊണ്ടുപോയി പ്രസംഗ പീഠത്തിനരികെ ഒരു കസേരയില്‍ ഇരുത്തി. മറ്റുള്ള സ്വഹാബികള്‍ നിലത്തിരിക്കെ ഞാന്‍ മാത്രം കസേരയില്‍. പിന്നീട് ആ പ്രസംഗത്തില്‍ തന്നെ എനിക്ക് ഇസ്‌ലാമിനെക്കുറിച്ച് അദ്ദേഹം വിവരിച്ച് തന്നു.'' എന്തു മാത്രം പരിഗണന നല്‍കുന്നു ഒരു വ്യക്തിക്ക്!
ഞാന്‍ ബഹുമാനിക്കപ്പെടുന്നു, ഞാന്‍ പരിഗണിക്കപ്പെടുന്നു, എനിക്കൊരു വിലയുണ്ട്.... ഏതൊരാളും കൊതിച്ചു പോകും അത്തരം ചില വിലയിരുത്തലുകള്‍. യുവാക്കളെയായിരുന്നു ഏറ്റവും ഗൗരവം നിറഞ്ഞ ഉത്തരവാദിത്വങ്ങള്‍ പ്രവാചകന്‍ സാധാരണയായി ഏല്‍പിച്ചിരുന്നത്. ഹിജ്‌റയുടെ വിലപ്പെട്ട രഹസ്യം അസ്മാഇനെയാണ് ധരിപ്പിച്ചത്. പതിനെട്ടുകാരനായ ഉസാമ ബിന്‍ സൈദിനെയാണ് സൈനിക നേതാവായി പ്രവാചകന്‍ അവരോധിച്ചത്. മറ്റാര്‍ക്കുമില്ലാത്ത ചില പ്രത്യേക ഗുണങ്ങള്‍ അദ്ദേഹത്തിനുണ്ടെന്നും പ്രവാചകന്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു.
നോക്കൂ, കുടുംബത്തിലെ എത്രയോ ഗൗരവകരമായ കാര്യങ്ങള്‍ മക്കളെ ഒഴിവാക്കി നാം ചര്‍ച്ച നടത്തുകയും തീരുമാനം കൈകൊള്ളുകയും ചെയ്യുന്നു. ഞാന്‍ ഈ വീട്ടില്‍ ഒരു പ്രധാന ഘടകമാണ്, ഉത്തരവാദിത്വമുള്ളവനാണ്...... എന്നീ സന്ദേശങ്ങള്‍ നല്‍കാന്‍ അത്തരം ചര്‍ച്ചകളില്‍ അവരെ പങ്കെടുപ്പിക്കുകയാണ് വേണ്ടിയിരുന്നത്.
സ്‌കൂളില്‍ വെച്ച് വികൃതി കാട്ടിയതിന് തന്റെ മകനെ സഹപാഠികളുടെയും അധ്യാപകരുടെയും മുന്നില്‍ വെച്ച് ശകാരിക്കുകയും അടിക്കുകയും വരെ ചെയ്യുന്ന മാതാപിതാക്കള്‍ ഈ അടുത്ത കാലം വരെ ഉണ്ടായിരുന്നു. ഞാന്‍ എന്റെ ഉത്തരവാദിത്വമാണ് നിര്‍വ്വഹിക്കുന്നത് എന്ന മട്ടിലായിരിക്കും അവരങ്ങനെ ചെയ്യുന്നത്. ഫലമാകട്ടെ, നേര്‍ വിപരീതവും.
ഒരിക്കല്‍ നമസ്‌കാരസ്ഥലത്ത് ആരോ മൂക്ക് ചീറ്റിയതിന്റെ അവശിഷ്ടം പ്രവാചകന്റെ ശ്രദ്ധയില്‍ പെട്ടു. ആരോടും ഒന്നും മിണ്ടാതെ പള്ളിക്ക് പുറത്ത് പോയി ഒരു കമ്പെടുത്ത് പ്രവാചകന്‍ അത് നീക്കം ചെയ്തു. സ്വഹാബികള്‍ ഇതെല്ലാം നോക്കി നില്‍ക്കുകയായിരുന്നു. ശേഷം സുഗന്ധം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. മാലിന്യമുണ്ടായിരുന്നിടത്ത് പ്രവാചകന്‍ സുഗന്ധം പൂശി. ശേഷം  സ്വഹാബികളെ അഭിമുഖീകരിച്ച് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പള്ളിയുടെ പരിശുദ്ധിക്ക് നിരക്കുന്നതല്ലെന്നുണര്‍ത്തി.
നോക്കൂ, ആദ്യമേ തന്നെ കുറ്റപ്പെടുത്തുകയും ഉപദേശിക്കുകയും സ്വഹാബികളോട് മാലിന്യം നീക്കം ചെയ്യാന്‍ ആജ്ഞാപിക്കുകയുമാണോ പ്രവാചകന്‍ ചെയ്തത്? രക്ഷിതാക്കള്‍ക്ക് ഒരുപാട് പഠിക്കാനുണ്ടീ സംഭവത്തില്‍.
കുട്ടികളില്‍ പിഴവുകള്‍ മാത്രമേ ഉള്ളൂ എന്നാണ് ചില രക്ഷിതാക്കളുടെ അഭിപ്രായം. കാര്യം നേരെ മറിച്ചാണ്. യഥാര്‍ത്ഥ കഴിവുകള്‍ക്ക് ശരിയായ അംഗീകാരം ലഭിക്കാതെ വരുന്നതാണ് സകല പ്രശ്‌നങ്ങള്‍ക്കും മൂല കാരണം. അബൂമഹ്ദൂറയെ പ്രവാചകന്‍ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് കാണുക. മക്കാവിജയ ദിനത്തില്‍ പ്രവാചകന്‍ ബിലാലിനോട് കഅ്ബയുടെ മുകളില്‍ കയറി ബാങ്ക് മുഴക്കാന്‍ ആവശ്യപ്പെട്ടു. തിങ്ങിക്കൂടിയ ജനങ്ങള്‍ക്കിടയില്‍ പതിനെട്ടുകാരനായ അബൂമഹ്ദൂറയും ഉണ്ടായിരുന്നു. മനോഹരമായ ശബ്ദത്തിനുടമയായിരുന്നു ഇയാള്‍. കറുത്തിരുണ്ട ബിലാല്‍ കഅ്ബയുടെ മുകളില്‍ കയറി ബാങ്ക് വിളിക്കുന്നത് കണ്ട ഇദ്ദേഹത്തിന് സഹിച്ചില്ല. ബിലാലിനെ നോക്കി പരിഹസിച്ച് ചിരിക്കുകയും മറ്റുള്ളവരെ ചിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ബിലാല്‍(റ) ബാങ്ക് കൊടുത്തു കൊണ്ടിരിക്കെ ചിലര്‍ ചിരിക്കുന്നത് പ്രവാചകന്റെ ശ്രദ്ധയില്‍പ്പെട്ടു. അബൂമഹ്ദൂറയെ അദ്ദേഹം വിളിപ്പിച്ചു. 'ഭംഗിയുള്ള ശബ്ദത്തിനുടമയാണല്ലോ' എന്ന് പ്രവാചകന്‍ അദ്ദേഹത്തോട് ചോദിച്ചു.
'ബാങ്ക് പഠിപ്പിച്ച് തരട്ടെ ഞാന്‍' എന്നായി പ്രവാചകന്‍. ഓരോ വരിയും നിര്‍ത്തി നിര്‍ത്തി വന്‍ജനാവലിയെ സാക്ഷിയാക്കി പ്രവാചകന്‍ അദ്ദേഹത്തിന് ബാങ്ക് വിളി പഠിപ്പിച്ച് കൊടുത്തു. 'നീ ഇനി മുതല്‍ മക്കക്കാരുടെ മുഅദ്ദിനാണ്' എന്ന് പറഞ്ഞാണ് പ്രവാചകന്‍ അവസാനിപ്പിച്ചത്.
ബാങ്ക് വിളിക്കുന്നതിനിടയില്‍ ചിരിച്ച തന്നെ വധിക്കാനാണ് പ്രവാചകന്‍ ഉത്തരവിടുക എന്നാണ് താന്‍ ധരിച്ചതെന്ന് പിന്നീട് അബൂമഹ്ദൂറ പറയുന്നുണ്ട്. എത്രമാത്രം മാതൃകാപരവും ഉദാത്തവുമായിരുന്നു പ്രവാചകന്റെ ശിക്ഷണം. മക്കളില്‍ ഒരു ഗുണവും നന്മയും കണ്ടുപിടിക്കാന്‍ കഴിയാത്തവര്‍ ഇതൊക്കെ വായിച്ചു പഠിക്കുന്നത് നന്നായിരിക്കും.
വിവ: നഹാസ് മാള
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം