മുജാഹിദും ജമാഅത്തും വിരോധത്തിലെ വൈരുധ്യങ്ങള്‍
ആദ്യ കാലങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയിലേക്ക് ഏറ്റവുമധികം ആകൃഷ്ടരായത് മുജാഹിദുകളും മുസ്ലിം കമ്യൂണിസ്റുകളുമാണെന്ന് പറഞ്ഞല്ലോ. മുജാഹിദുകളുടെ കാര്യമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. അന്നൊക്കെ മുജാഹിദുകള്‍ക്ക് ഇസ്ലാഹി പ്രവര്‍ത്തകര്‍ എന്നും ഉല്‍പതിഷ്ണുക്കള്‍ എന്നുമാണ് പറഞ്ഞുവന്നിരുന്നത്. എതിരാളികള്‍ അവരെ വഹാബികള്‍ എന്നും വിളിച്ചുവന്നു.
ആദ്യകാല മുജാഹിദ് പണ്ഡിത നേതാക്കളില്‍ ചിലര്‍ ജമാഅത്ത് യോഗങ്ങളിലും മറ്റും പങ്കെടുത്ത് പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍, സംഘടനക്കകത്തു വരാതെ മാറിനില്‍ക്കുകയാണുണ്ടായത്. സാധാരണക്കാരായ മുജാഹിദ് പ്രവര്‍ത്തകര്‍ക്കും ഇടത്തരം പണ്ഡിതന്മാര്‍ക്കും ജമാഅത്തിലേക്ക് വരുന്നതിന് പ്രതിബന്ധങ്ങളൊന്നും ഉണ്ടായില്ല. ഇതിന് രണ്ടുമൂന്ന് കാരണങ്ങളുണ്ടായിരുന്നു.
ഒന്നാമതായി, കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് നേതൃത്വം നല്‍കിയ രണ്ട് പ്രമുഖ പണ്ഡിതന്മാര്‍ -ഹാജി വി.പി മുഹമ്മദലി സാഹിബും കെ.സി അബ്ദുല്ല മൌലവിയും- സലഫി ആശയക്കാരായിരുന്നു. ആരാധനാ കാര്യങ്ങളിലും അനുഷ്ഠാന മുറകളിലും സലഫി കാഴ്ചപ്പാട് അംഗീകരിച്ചവരായിരുന്നു അവര്‍. അതുകൊണ്ടുതന്നെ, അപരിചിതമായ ഏതോ പ്രസ്ഥാനത്തിലേക്ക് പോവുകയാണെന്ന അന്യതാബോധം ഇസ്ലാഹീ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നില്ല. ജമാഅത്തെ ഇസ്ലാമിയുടെ സജീവതയും സവിശേഷതകളും അവരെ ആകര്‍ഷിച്ചപ്പോള്‍ മതാനുഷ്ഠാന തര്‍ക്കങ്ങളൊന്നും പ്രസ്ഥാന പ്രവേശത്തിന് തടസമായില്ല. നമസ്കാരത്തിലെ കൈകെട്ടല്‍, തറാവീഹ്, കൂട്ടുപ്രാര്‍ഥന, ഖുനൂത്ത് തുടങ്ങിയ ആചാരാനുഷ്ഠാനങ്ങളില്‍ വീക്ഷണ വ്യത്യാസമോ വിയോജിപ്പോ കാണാത്തതുകൊണ്ട് അവര്‍ക്ക് ജമാഅത്തിലേക്ക് വന്നു ചേരാന്‍ പ്രയാസമുണ്ടായില്ല.
രണ്ടാമത്തെ കാരണം, അന്ന് മതപരമായി പണ്ഡിതന്മാര്‍ക്ക് മാത്രമേ സംഘടനകള്‍ ഉണ്ടായിരുന്നുള്ളൂ. കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്നിവയായിരുന്നു ഉത്തരകേരളത്തില്‍ അറിയപ്പെടുന്ന രണ്ട് പണ്ഡിത സംഘടനകള്‍. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയും ഉണ്ടായിരുന്നു. ഒന്നാമത്തേത് സലഫി-മുജാഹിദ് പണ്ഡിതന്മാരുടെ കൂട്ടായ്മയും രണ്ടാമത്തേത് സുന്നി പാരമ്പര്യ പണ്ഡിതരുടെ സംഘവും ആയിരുന്നു. മുസ്ലിം ബഹുജനങ്ങളെ സംബന്ധിച്ചേടത്തോളം ആദര്‍ശ ഭിന്നതകള്‍ ഉണ്ടായിരുന്നുവെന്നല്ലാതെ, സംഘടനയോ അതിന്റെ ഭാഗമായുള്ള വിഭാഗീയതയോ ഇന്നത്തെപോലെ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘടനാ സങ്കുചിതത്വമൊന്നും ബഹുജനങ്ങള്‍ക്കിടയില്‍ ഇല്ലായിരുന്നു. സംഘടനകളുടെ വാട്ടര്‍ടൈറ്റ് കമ്പാര്‍ട്ടുമെന്റുകളില്‍ അവര്‍ തളച്ചിടപ്പെട്ടിരുന്നില്ല. മതപണ്ഡിതന്മാര്‍ ഇളക്കിവിടുമ്പോള്‍ ഇളകും; ക്രമത്തില്‍ ആറിത്തണുക്കും. ഇതൊരു വലിയ പ്രായോഗിക സാധ്യതയായിരുന്നു; ഒരു സംഘടനയുടെ കെട്ടുപാടില്‍നിന്ന് മോചനം നേടി മറ്റൊരു സംഘടനയിലേക്ക് പോകുന്ന പ്രയാസം അന്ന് അനുഭവിക്കേണ്ടി വന്നില്ല. പ്രസ്ഥാനത്തിലേക്കുള്ള തുറന്ന വരവിന് ഇതും സഹായകമായി.
എന്നാല്‍, ഏറ്റവും ശ്രദ്ധേയമായ സംഗതി ഇനി പറയുന്നതാണ്. ജമാഅത്ത്, ഇസ്ലാമിനെ സമ്പൂര്‍ണ ജീവിത വ്യവസ്ഥയായി അവതരിപ്പിക്കുകയും ഇസ്ലാമിന്റെ രാഷ്ട്രീയ സാമൂഹിക വശം ഊന്നിപ്പറയുകയും ചെയ്തത് ആളുകളെ വലിയ അളവില്‍ ആകര്‍ഷിക്കുകയുണ്ടായി. ഇസ്ലാമിക ജീവിതവ്യവസ്ഥയെക്കുറിച്ച ജമാഅത്തിന്റെ അവതരണം മുജാഹിദ് പ്രവര്‍ത്തകരെ സംബന്ധിച്ചേടത്തോളം 'അറിവുള്ള' ഒന്നിന്റെ പുതിയൊരു അറിവും അനുഭവവുമായിരുന്നു. ശാസ്ത്രീയമായും കാലിക പ്രസക്തമായും ജമാഅത്ത് ദീനുല്‍ ഇസ്ലാമിനെ അവതരിപ്പിച്ചത് അവരെ ആകര്‍ഷിച്ചു. ഇതിന് ഒരു പശ്ചാത്തല വിശദീകരണം ആവശ്യമുണ്ട്. മുജാഹിദ് പണ്ഡിതന്മാരില്‍ അധികപേരും മുസ്ലിം ലീഗിന്റെ നേതാക്കളോ പ്രവര്‍ത്തകരോ ആയിരുന്നു. അവരുടെ രാഷ്ട്രീയം ലീഗിന്റെ രാഷ്ട്രീയവും. അന്നത് 'ഇസ്ലാമിന്റെ രാഷ്ട്രീയ'മായിരുന്നു. അവരുടെ വിലയിരുത്തലില്‍, പിറക്കാന്‍ പോകുന്ന ഭാവി ഇസ്ലാമിക രാഷ്ട്രമായിരുന്നു പാകിസ്താന്‍. ഒരു ഇസ്ലാമിക രാഷ്ട്രത്തിന്റെ ചേതോഹരമായ എല്ലാ വശങ്ങളും 'പാകിസ്താനി'ല്‍ അവര്‍ സങ്കല്‍പിച്ചിരുന്നു. മുജാഹിദ് സാഹിത്യങ്ങളും പ്രസംഗങ്ങളും വിദ്യാസ്ഥാപനങ്ങളുമൊക്കെ ഇത് ശക്തിയായി അടിവരയിട്ടിരുന്നു. വാഴക്കാട് ദാറുല്‍ ഉലൂമില്‍ പഠിച്ചുകൊണ്ടിരിക്കെ ഉണ്ടായ അനുഭവങ്ങളില്‍ ഇതിന്റെ ചില ഉദാഹരണങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. ലീഗ്-മുജാഹിദ് നേതാവും അറബി കവിയും പണ്ഡിതനുമായ പി.വി മുഹമ്മദ് മൌലവി ഒരു ഘട്ടത്തില്‍ ചന്ദ്രികയുടെ എഡിറ്ററുമായിരുന്നു. അദ്ദേഹത്തിന്റെ ഒരു കവിതയിലെ ഈ വരി ശ്രദ്ധിക്കുക:
അനഹ്നു ഉമ്മത്തു മന്‍
ഖദ് ശാദ മംലകത്തന്‍
അസാസുഹാദ്ദീനു ലാ
മാ യശ്റഉല്‍ ബശറു
(ഒരു രാഷ്ട്രം സ്ഥാപിച്ച പ്രവാചകന്റെ സമുദായമാണോ നാം? ആ രാഷ്ട്രത്തിന്റെ അസ്തിവാരം ദീനായിരുന്നു; മനുഷ്യ നിര്‍മിത നിയമങ്ങളല്ല). ദൈവിക രാഷ്ട്ര സ്ഥാപകനായ പ്രവാചകന്റെ അനുയായികളെന്നു പറയാന്‍ നമുക്ക് എന്ത് അര്‍ഹതയെന്നാണ് കവി ചോദിക്കുന്നത്. കേരള ഗവണ്‍മെന്റിന്റെ സ്കൂള്‍ പാഠപുസ്തകത്തില്‍ ഈ കവിത ചേര്‍ത്തിട്ടുണ്ട്.
അറബി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍മുര്‍ശിദ് മുജാഹിദ് മാസിക ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥയെ ശക്തമായി അനാവരണം ചെയ്തുകൊണ്ട് ലേഖനങ്ങളും തര്‍ജമകളും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. സയ്യിദ് സുലൈമാന്‍ നദ്വിയുടെ ഒരു ലേഖനത്തിന്റെ തര്‍ജമ അല്‍മുര്‍ശിദില്‍ വന്നിരുന്നു. 'ഇസ്ലാമിന്റെ മിമ്പര്‍, അതിന്റെ സിംഹാസനവും പള്ളി അതിന്റെ കോടതിയുമാണ്' എന്നാണതില്‍ സമര്‍ഥിച്ചിരുന്നത്. കണ്ണൂരിലെ അബ്ദുല്‍ ഖാദിര്‍ മൌലവി രചിച്ച അത്തൌഹീദ് എന്ന വിഖ്യാത ഗ്രന്ഥത്തില്‍, 'ലാഇലാഹ ഇല്ലല്ലാഹ്' എന്ന കലിമത്തുത്തൌഹീദ് ലോകത്ത് ദൈവരാജ്യം സ്ഥാപിക്കാനുള്ള ഉപകരണമാണ് എന്ന് സമര്‍ഥിച്ചിരുന്നു. അബുല്‍ അഅ്ലാ മൌദൂദി ഉയര്‍ത്തിപ്പിടിച്ച 'ഹുകൂമത്തെ ഇലാഹി' യുടെ മലയാള ഭാഷ്യമാണല്ലോ അബ്ദുല്‍ ഖാദിര്‍ മൌലവിയുടെ 'ദൈവരാജ്യം'
ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ മേഖലകൂടി പ്രാധാന്യപൂര്‍വം ഉള്‍പ്പെടുത്തി സമ്പൂര്‍ണ ഇസ്ലാമിക വ്യവസ്ഥിതിയുടെ ചേതോഹരമായ ചിത്രം അവതരിപ്പിച്ചപ്പോള്‍, തങ്ങള്‍ നേരത്തെ പഠിച്ചറിഞ്ഞ ഒരധ്യായത്തിന്റെ പുനസമര്‍പ്പണമായേ മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് തോന്നിയുള്ളൂ.
അന്നത്തെ മുജാഹിദ് നേതൃത്വം സ്വയം ശൈഥില്യം നേരിടുന്ന അവസ്ഥയിലായിരുന്നു. സുസംഘടിതമായ ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ ഇതും അണികളെ പ്രേരിപ്പിച്ചിരിക്കാം. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം മുജാഹിദ് പ്രവര്‍ത്തകര്‍ ജമാഅത്തിലേക്ക് ഒറ്റയായും കൂട്ടായും വന്നുകൊണ്ടിരുന്നു. മുജാഹിദ്-ജമാഅത്ത് നേതൃത്വത്തിലെ പണ്ഡിതന്മാര്‍ തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം അപ്പോഴും പൂര്‍ണമായും മുറിഞ്ഞുപോയിരുന്നില്ല. കമ്യൂണിസത്തെ ദാര്‍ശനികമായി വിമര്‍ശിച്ചുകൊണ്ട് എഴുതപ്പെട്ട ഇസ്ലാമും സോഷ്യലിസവും എന്ന ഗ്രന്ഥം കെ.സി അബ്ദുല്ല മൌലവി വിവര്‍ത്തനം ചെയ്തത് കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിദ്ധീകരിച്ചു. അറിയപ്പെടുന്ന അറബി പണ്ഡിതനും മൌലാനാ അബുല്‍ ഹസന്‍ അലി നദ്വിയുടെ സഹപാഠിയുമായ മൌലാനാ മസ്ഊദ് ആലം നദ്വിയാണ് ഗ്രന്ഥകാരന്‍. അദ്ദേഹമാകട്ടെ മൌലാനാ മൌദൂദിയുടെ സന്തതസഹചാരിയും അറബ്ലോക പര്യടനത്തില്‍ മൌദൂദിയുടെ സഹയാത്രികനുമായിരുന്നു. ജമാഅത്ത് നേതാവായ മസ്ഊദ് ആലം നദ്വിയുടെ പുസ്തകം സോഷ്യലിസത്തിനും കമ്യൂണിസത്തിനുമെതിരായ വിമര്‍ശനത്തിന്റെ ഭാഗമായി കൂട്ടായി പ്രസിദ്ധീകരിക്കുന്നതില്‍ ജംഇയ്യത്തുല്‍ ഉലമക്ക് ഒരു പ്രയാസവും തോന്നിയില്ല.
ഈയൊരവസ്ഥ ഏറിയും കുറഞ്ഞും മാറിയും മറിഞ്ഞും നീണ്ട കാലത്തോളം തുടര്‍ന്നുപോന്നു. അതിലൊരു നാഴികക്കല്ലാണ് 'ഇസ്ലാമിനെ പരിചയപ്പെടുത്തല്‍' പരിപാടി. ജമാഅത്തും ഒരു സംഘം മുജാഹിദ് പണ്ഡിതന്മാരും സഹകരിച്ചുകൊണ്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്. മുജാഹിദ് പ്രസ്ഥാനത്തില്‍നിന്ന് കെ.പി മുഹമ്മദ് മൌലവിയും എ.വി അബ്ദുര്‍റഹ്മാന്‍ ഹാജിയും മറ്റും, ജമാഅത്ത് പക്ഷത്തുനിന്ന് കെ.സി അബ്ദുല്ല മൌലവിയും ഞാനും മറ്റു ചിലരും ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പല പൊതുയോഗങ്ങളിലും ഒരുമിച്ച് പങ്കെടുത്തതായി നല്ല ഓര്‍മയുണ്ട്. സമൂഹം ശ്രദ്ധിച്ച ഫലപ്രദമായ പരിപാടിയായിരുന്നു അത്. ഇസ്ലാമിനെ പരിചയപ്പെടുത്തല്‍ പരിപാടിയെ അപ്പോള്‍ തന്നെ ചില മുജാഹിദ് പണ്ഡിതന്മാര്‍ അംഗീകരിച്ചിരുന്നില്ല. അവരതിനെ 'ഇസ്ലാമിനെ പരാജയപ്പെടുത്തല്‍' പരിപാടിയെന്ന് കളിയാക്കിയതായും ഓര്‍മയുണ്ട്. അവരെ സംബന്ധിച്ചേടത്തോളം ഇതൊന്നും വലിയ കാര്യമായിരുന്നില്ല.
ഇപ്പറഞ്ഞതില്‍നിന്ന് മനസ്സിലാകുന്നപോലെ, എല്ലാ മുജാഹിദ് പണ്ഡിതന്മാരും ഒരേ നിലപാട് ഉള്ളവരായിരുന്നില്ല. ചിലര്‍ക്ക് മനസില്‍ ജമാഅത്തിനോട് വിദ്വേഷവും വൈരാഗ്യവും ഉണ്ടായിരുന്നു. അവരത് സന്ദര്‍ഭോചിതം പ്രകടിപ്പിക്കുകയും ചെയ്യാതിരുന്നില്ല. പക്ഷേ, അപ്പോഴും ശ്രദ്ധിക്കപ്പെടേണ്ട ഒരു വശം, തൌഹീദുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങളിലായിരുന്നില്ല വിയോജിപ്പ് എന്നതാണ്. അത്തരം ചില സൂചനകള്‍ കാണപ്പെട്ടിരുന്നുവെങ്കില്‍തന്നെ അതൊന്നും ഗൌരവ സ്വഭാവത്തിലായിരുന്നില്ല. അതിനൊന്നും ആവര്‍ത്തനമോ തുടര്‍ച്ചയോ ഉണ്ടായിരുന്നുമില്ല.
ആദ്യകാലത്ത് ഏറ്റവും ശക്തമായി ജമാഅത്തിനെ എതിര്‍ത്ത മുജാഹിദ് പണ്ഡിതന്‍ മര്‍ഹൂം എം.സി.സി അബ്ദുര്‍റഹ്മാന്‍ മൌലവിയാണ്. പൌരശക്തി ദിനപത്രത്തില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച പരസ്യത്തില്‍ ജമാഅത്തിനെക്കുറിച്ച് അത്യന്തം ഗുരുതരമായ ചില ആരോപണങ്ങള്‍ ഉന്നയിച്ചു. ഇന്ന് അത് കേള്‍ക്കുന്ന ആരും കേട്ടമാത്രയില്‍ തള്ളിക്കളയും. അത്രക്ക് ബാലിശവും അവിശ്വസനീയവുമായിരുന്നു മൌലവി സാഹിബിന്റെ ആരോപണങ്ങള്‍. ഉദാഹരണങ്ങളില്‍ ചിലത്.
1. ആരാധനകളില്‍ ചിലത് അല്ലാഹു അല്ലാത്തവര്‍ക്ക് അര്‍പ്പിക്കുന്നത് ഭയങ്കര കുറ്റമായി ജമാഅത്ത് കരുതുന്നില്ല.
2. മൌദൂദി സാഹിബ് മഅ്സ്വൂമായ (തെറ്റുപറ്റാത്ത) ആളാണെന്ന് വിശ്വസിക്കുന്നു.
3. മൌദൂദി നബിയാണെന്ന് ഇപ്പോള്‍ വാദിച്ചിട്ടില്ലെങ്കിലും ഭാവിയില്‍ വാദിച്ചു കൂടായ്കയില്ല- അല്ലാഹു കാക്കട്ടെ.
ഇത്തരം നമ്പറുകള്‍ ഇനിയും കാണും. ഇതിനൊക്കെ എന്തിന് മറുപടി പറയാന്‍ പോയെന്ന് ഇപ്പോള്‍ തോന്നാമെങ്കിലും എം.സി.സി യെപോലൊരു വലിയ പണ്ഡിതന്റെ വാക്കുകള്‍ പ്രസ്ഥാനത്തിന്റെ ആരംഭകാലത്ത് ജനങ്ങളില്‍ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും ഉണ്ടാക്കാന്‍ ഇടവരുത്തുമായിരുന്നു. അതുകൊണ്ടാണ് വിമര്‍ശനം ഗൌരവമായെടുത്ത് പ്രബോധനത്തിന്റെ പതിനേഴര പേജില്‍ വിസ്തരിച്ച് മറുപടി നല്‍കിയത്. 'മൌലവിയും ജമാഅത്തിനു നേരെ' എന്ന തലക്കെട്ടില്‍ 1951 ജൂണ്‍ ഒന്നിന്റെ ലക്കത്തിലാണത് പ്രസിദ്ധീകരിച്ചത്. പദവിക്ക് ചേരാത്ത ആരോപണം എന്ന ധ്വനി തലക്കെട്ടില്‍ തന്നെ വായിച്ചെടുക്കാം.
അതേസമയം അബ്ദുല്ലത്വീഫ് മൌലവി, കുഞ്ഞോയി വൈദ്യര്‍ തുടങ്ങിയവര്‍ ജമാഅത്തിനോട് വലിയ അളവില്‍ താല്‍പര്യം പുലര്‍ത്തിയിരുന്നു. അബ്ദുല്ലത്വീഫ് മൌലവി നദ്വത്തുല്‍ മുജാഹിദീന്‍ സെക്രട്ടറിയായിരുന്ന കാലം, മുജാഹിദ് -ജമാഅത്ത് ബന്ധത്തിലെ ഊഷ്മള ഘട്ടമായിരുന്നു എന്ന നിരീക്ഷണത്തില്‍ ശരിയുണ്ട്. ആദ്യകാലത്ത് ഹാജിസാഹിബിന്റെ പരിപാടികളില്‍ കെ. ഉമര്‍ മൌലവി ആവേശത്തോടെ പങ്കെടുത്തിരുന്നു. പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ച മഞ്ചേരി അബ്ദുര്‍റഹ്മാന്‍ കുരിക്കളുടെ ഓര്‍മക്കുറിപ്പില്‍ ഇതിന്റെ വിശദാംശങ്ങള്‍ വന്നിട്ടുണ്ട്.
കെ.എന്‍.എം ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി മുഹമ്മദ് മൌലവി ആദ്യകാലത്ത് സ്വദേശമായ കല്‍പകഞ്ചേരിയില്‍ അന്‍സാറുല്ലാ സംഘത്തിന്റെ നേതാവായിരുന്നു. ഈ പ്രാദേശിക സംഘടനയില്‍ സ്ഥലത്തെ മുജാഹിദുകളും ജമാഅത്തുകാരും പങ്കാളികളായിരുന്നു. ജമാഅത്തുകാര്‍ ഉണ്ടായിരിക്കെ തന്നെയാണ് കെ.പി മുഹമ്മദ് മൌലവി സംഘത്തിന് നേതൃത്വം നല്‍കിയത്. ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്ന കാലമായിരുന്നു അത്. ജമാഅത്ത് നിലപാടിനെ അനുകൂലിച്ചുകൊണ്ട്, കെ.പി മുഹമ്മദ് മൌലവിയുടെ നേതൃത്വത്തില്‍ അന്‍സാറുല്ല സംഘവും തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്തത്. ആ നിലപാടിനെ ന്യായീകരിച്ചുകൊണ്ടുള്ള ലഘുലേഖയും അവര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത്രത്തോളം സഹകരിച്ചു പ്രവര്‍ത്തിച്ച ഘട്ടവും ഇരു വിഭാഗത്തിനുമിടയില്‍ ഉണ്ടായിരുന്നുവെന്നര്‍ഥം. കൊടിയത്തൂരിനടുത്ത് യുക്തിവാദികള്‍ക്ക് മറുപടി പറയുന്ന ഒരു പരിപാടിയില്‍ ഞാനും ഇപ്പോഴത്തെ കെ.എന്‍.എം സെക്രട്ടറി എ.പി അബ്ദുല്‍ഖാദിര്‍ മൌലവിയും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇസ്ലാമിന്റെ പ്രതിയോഗികളെ നേരിടുന്ന വിഷയത്തില്‍ പരസ്പരം സഹകരിച്ചു മുന്നോട്ടു പോകാം എന്നായിരുന്നു അപ്പോഴത്തെ മുജാഹിദുകളുടെ നിലപാട് (ഇന്നാകട്ടെ, മാര്‍ക്സിസ്റ് ബുദ്ധിജീവിയും സംഘ്പരിവാറിന്റെ 'കണ്ണിലെ കൃഷ്ണമണി'യുമായ ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ളവരെ കൂട്ടുപിടിച്ച് ജമാഅത്തിനെ എതിര്‍ക്കുന്നതില്‍ മുജാഹിദുകള്‍ക്ക് വലിയ ആവേശമാണ്!).
അണികള്‍ നഷ്ടപ്പെടുന്നതില്‍ മുജാഹിദ് പ്രസ്ഥാനത്തിന് വലിയ ആശങ്കയും അസ്വസ്ഥതയും ഉണ്ടായിരുന്നു. ജമാഅത്തിനെ ശക്തമായി എതിര്‍ത്താലല്ലാതെ പ്രവര്‍ത്തകരെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ല എന്ന് മുജാഹിദ് നേതൃത്വം മനസ്സിലാക്കി. എതിര്‍പ്പിന് ചില അടിസ്ഥാന വിഷയങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും അവര്‍ നടത്തുന്നതായി ബോധ്യപ്പെട്ടിരുന്നു.
ഈ സന്ദര്‍ഭത്തിലാണ് ഉമര്‍ മൌലവി രംഗപ്രവേശം ചെയ്യുന്നത്. 'ഇബാദത്ത്' വിഷയത്തില്‍ ചില സൂചനകളൊക്കെ മുജാഹിദ് പക്ഷത്തുനിന്ന് നേരത്തെ വന്നിരുന്നെങ്കിലും അതൊന്നും വലിയ ഗൌരവ സ്വഭാവത്തില്‍ ആയിരുന്നില്ല. പില്‍ക്കാലത്ത് ഉമര്‍ മൌലവിയാണ് ശക്തമായ ഒരു വിഷയമായി അത് ഉയര്‍ത്തിക്കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ അവതരണം പണ്ഡിതോചിതം എന്നതിലേറെ 'ജനപ്രിയം' ആയിരുന്നു. ആളുകളെ ആകര്‍ഷിക്കുന്ന ഉദാഹരണങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന ശൈലികളും സ്വീകരിച്ചുകൊണ്ട്, ദീനിയായ സൂക്ഷ്മതക്കപ്പുറമുള്ള ഒരു കളിയാണ് അദ്ദേഹം കളിച്ചത്. ഫലം ചെയ്യുന്നുണ്ട് എന്ന് തോന്നിയപ്പോള്‍ മറ്റു പണ്ഡിതന്മാരും അതേറ്റുപിടിക്കുകയായിരുന്നു. 'ഇബാദത്തി'ല്‍ 'ഇത്വാഅത്ത്' (അനുസരണം) ഉള്‍ക്കൊള്ളുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യവാദം. 'അല്ലാഹുവിനു മാത്രമേ ഇത്വാഅത്ത് പാടുള്ളൂ' എന്നാണ് ജമാഅത്തുകാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഇസ്ലാമിക ഗവണ്‍മെന്റിനെയും പണ്ഡിതന്മാരെയും മാതാപിതാക്കളെയും ഗുരുനാഥന്മാരെയും അനുസരിക്കുന്നത് എങ്ങനെ ശരിയാകും? അത് ശിര്‍ക്കാവില്ലേ? സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരമൊരു ശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്. ഇതേ ശൈലിയില്‍ സുന്നികള്‍ മുജാഹിദുകളെ കളിയാക്കാറുള്ളത് സൌകര്യപൂര്‍വം അദ്ദേഹം മറക്കുകയും ചെയ്തു. ഉദാഹരണമായി, 'ഇയ്യാക്ക നഅ്ബുദു വഇയ്യാക്ക നസ്തഈന്‍' (നിനക്ക് മാത്രമേ ഞങ്ങള്‍ ഇബാദത്ത് ചെയ്യൂ. നിന്നോട് മാത്രമേ ഞങ്ങള്‍ സഹായം തേടൂ) എന്ന ആയത്ത് ഇസ്തിഗാസക്ക് എതിരായി മുജാഹിദുകള്‍ ഉദ്ധരിക്കാറുണ്ട്. അപ്പോള്‍ സുന്നികളുടെ മറുവാദമിങ്ങനെ: അല്ലാഹുവിനോട് മാത്രമേ സഹായം തേടല്‍ പാടുള്ളൂ എങ്കില്‍, ഉമ്മാ കഞ്ഞി തരൂ, മമ്മദേ വെള്ളമെടുക്ക്... എന്നൊക്കെയുള്ള സഹായാഭ്യര്‍ഥന ശിര്‍ക്കാകില്ലേ എന്ന് സുന്നികള്‍ പരിഹാസത്തോടെ ചോദിക്കാറുണ്ട്. ഇതേ പരിഹാസ രീതിയാണ് ഇത്വാഅത്ത് വിഷയത്തില്‍ ജമാഅത്തിനു നേരെ ഉമര്‍ മൌലവിയും സ്വീകരിച്ചത്. മതപണ്ഡിതന്മാര്‍ സ്വീകരിച്ചുപോന്ന വക്രമായ വാദപ്രതിവാദ ശൈലിയുടെ തനിയാവര്‍ത്തനമാണിത്. ഇബാദത്ത് പോലുള്ള ദീനിന്റെ സാങ്കേതിക ശബ്ദങ്ങള്‍ പ്രമാണ സഹിതമുള്ള പഠനങ്ങള്‍ കൊണ്ട് മാത്രം അര്‍ഥകല്‍പന ചെയ്യേണ്ടതാണെന്ന് മൌലവിക്കും മറ്റും അറിയായ്കയല്ല. അതേസമയം ആളുകളെ കബളിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനും ഇത്തരം പരിഹാസ ശൈലികള്‍ സഹായകമാകാറുണ്ട്. കുറേ ആളുകള്‍ തെറ്റിദ്ധരിക്കുന്നുവെന്ന് കണ്ടപ്പോള്‍ അദ്ദേഹം അതൊരു പ്രസ്ഥാനമായി വളര്‍ത്തിയെടുക്കുകയും വാക്കുകള്‍ മാറ്റിപറഞ്ഞും നിഷേധിച്ചും മുന്നോട്ടു പോവുകയും ചെയ്തു. മൌദൂദി സാഹിബിന് മുമ്പ് ഒരു പണ്ഡിതനും ഇബാദത്തിന് ഇത്വാഅത്ത് എന്ന് അര്‍ഥം നല്‍കിയിട്ടില്ലെന്ന് തീര്‍ത്തു പറഞ്ഞ ഉമര്‍മൌലവി, ഖുര്‍ത്വുബിയും ഇമാം റാസിയുമൊക്കെ ഈ അര്‍ഥം പറഞ്ഞിട്ടുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ക്ക് തെറ്റിപ്പോയിരിക്കുന്നു എന്നാണ് വാദിച്ചത്. ഒന്നിലധികം അര്‍ഥം ഒന്നിച്ച് പറഞ്ഞിട്ടുണ്ടോ എന്നായി പിന്നത്തെ മലക്കം മറിയല്‍. ഇത്തരം പല തന്ത്രങ്ങളിലൂടെ കടന്നുവന്നുകൊണ്ട് എതിര്‍പ്പിന് അഖീദാപരമായ ഒരു അടിത്തറ ഉണ്ടാക്കിയെടുക്കുകയാണ് യഥാര്‍ഥത്തില്‍ മൌലവിയും മുജാഹിദുകളും ചെയ്തത്.
മൌദൂദിയെ ആദ്യഘട്ടത്തില്‍ ഏറ്റവുമധികം ശ്രദ്ധിച്ചത് മുജാഹിദ് പ്രസ്ഥാനത്തിന്റെ നായകനായ മര്‍ഹൂം കെ.എം മൌലവി സാഹിബായിരുന്നു. അദ്ദേഹം മൌദൂദി സാഹിബിന്റെ ലേഖനങ്ങള്‍ തര്‍ജമ ചെയ്ത് അല്‍മുര്‍ശിദില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നു മാത്രമല്ല, മൌദൂദി സാഹിബിനെ വളരെയധികം പ്രശംസിച്ചു എഴുതുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം അല്‍മുര്‍ശിദിന്റെ പഴയ താളുകളില്‍ രേഖപ്പെട്ടുകിടക്കുന്നു (പോയകാലത്തിന്റെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഈ ഓര്‍മക്കുറിപ്പ് പ്രമാണങ്ങള്‍ ഉദ്ധരിച്ച് വസ്തുതകള്‍ സമര്‍ഥിക്കാനുള്ളതല്ലെന്ന് അറിയുമല്ലോ).
കോണ്‍ഗ്രസ് അനുകൂല മതപണ്ഡിതരുടെ 'ഏകദേശീയവാദ'ത്തെ ശക്തമായി നിരൂപണം ചെയ്തുകൊണ്ട് മൌദൂദി സാഹിബ് എഴുതിയ വായടപ്പന്‍ മറുപടികളാണ് കെ.എം മൌലവിയെ ആകര്‍ഷിച്ചത്. മൌദൂദിയുടെ വരികള്‍ ലീഗിന് അനുകൂലമായിരുന്നു എന്നതാണ് മുസ്ലിം ലീഗ് നേതാവായ കെ.എം മൌലവിക്ക് അദ്ദേഹത്തോട് അനുഭാവവും ഇഷ്ടവുമൊക്കെ ഉണ്ടാകാന്‍ കാരണം. മുസ്ലിം ലീഗിന്റെ പാകിസ്താന്‍ വാദത്തെ നിശിതമായി നിരൂപണം ചെയ്യുന്ന മൌദൂദി സാഹിബിന്റെ പ്രൌഢലേഖനങ്ങള്‍ ആ ഘട്ടത്തില്‍ പുറത്തുവന്ന് കഴിഞ്ഞിരുന്നില്ല. ഞാനൊരിക്കല്‍ മദ്രാസില്‍ പോയപ്പോള്‍ മുസ്ലിം ലീഗിന്റെ ഒരു ഉര്‍ദു പുസ്തകം കാണാനിടയായി. അതില്‍ മൌദൂദി സാഹിബിന്റെ ഖുത്വ്ബാത്തിലെ ജിഹാദ് അധ്യായം അതേപടി എടുത്തു ചേര്‍ത്തിട്ടുണ്ട്. പാകിസ്താന്‍ പ്രസ്ഥാന കാലത്ത് ഇത്തരം ലേഖനങ്ങള്‍ ലീഗുകാര്‍ക്ക് വളരെ ആവശ്യമായിരുന്നു. പില്‍ക്കാലത്ത് ജമാഅത്തെ ഇസ്ലാമിയെ അടിക്കാന്‍ ഏറ്റവും ശക്തിയുള്ള ആയുധമായി ലീഗ് മുജാഹിദുകള്‍ ഉപയോഗപ്പെടുത്തിയതും ഇതേ ലേഖനം തന്നെ. സയ്യിദ് മൌദൂദിയുടെ മുത്തഹിദ ഖൌമിയ്യത്ത് എന്ന പുസ്തകം കേരളത്തില്‍ ജമാഅത്ത് രംഗത്ത് വരുന്നതിനുമുമ്പുതന്നെ നല്ല മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട കാര്യം മുമ്പ് സൂചിപ്പിച്ചതാണല്ലോ. പറഞ്ഞുവരുന്നത് മുസ്ലിം ലീഗ് പാകിസ്താന്‍ പ്രസ്ഥാനം കൊണ്ടുനടന്ന കാലത്ത്, ഇസ്ലാമിന് ഒരു രാഷ്ട്രവ്യവസ്ഥിതിയുണ്ട് എന്ന അടിസ്ഥാന സത്യം മുജാഹിദ് പ്രസ്ഥാനത്തില്‍ ഒരു പണ്ഡിതനും നിഷേധിക്കുമായിരുന്നില്ല. എന്നല്ല, അത് സമര്‍ഥിക്കേണ്ടത് അവരുടെ ആവശ്യവും കൂടിയായിരുന്നു. അതേക്കുറിച്ച വസ്തുതകളാണ് നേരത്തെ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ വിഭജനാനന്തരം സാഹചര്യം മാറുകയും ഇവിടെ അങ്ങനെയൊരു രാഷ്ട്രസങ്കല്‍പം ഉചിതമല്ലാതെ വരികയും ചെയ്തപ്പോള്‍ മുജാഹിദുകള്‍ കളംമാറിച്ചവിട്ടുകയാണുണ്ടായത്.
നയസമീപനത്തിലാണ് മുജാഹിദ്-ജമാഅത്ത് ഭിന്നതയെങ്കില്‍ സാരമില്ല. അതാണ് പ്രശ്നമെങ്കില്‍ പരസ്പരം പിണങ്ങിപ്പിരിയേണ്ട കാര്യമില്ല. രാഷ്ട്രീയ-സാമൂഹിക മേഖലകളിലുള്ള അല്ലാഹുവിന്റെ പരമാധികാരത്തെ തന്നെ മുജാഹിദ് പ്രസ്ഥാനത്തിലെ പലരും നിഷേധിക്കുന്നുണ്ടോ എന്നതാണ് മൌലിക പ്രശ്നം. അടിസ്ഥാന ആദര്‍ശം അംഗീകരിക്കുന്നുവെങ്കില്‍ അവര്‍ സ്വീകരിക്കുന്ന നയനിലപാടുകള്‍ ഇജ്തിഹാദീ വിഷയം മാത്രമാണ്. ജമാഅത്തെ ഇസ്ലാമിക്ക് അത് പ്രശ്നമാകേണ്ടതില്ല. എന്നാല്‍, ഇസ്ലാമിന്റെ രാഷ്ട്രീയവ്യവസ്ഥയുമായി ബന്ധപ്പെട്ട് നയപരമായ സമീപനം കൈക്കൊള്ളുന്നതിലുപരി, അടിസ്ഥാനം തന്നെ നിഷേധിക്കുന്നതാണ് പ്രശ്നം. 'ഇബാദത്തി'ല്‍ 'ഇത്വാഅത്ത്' ഉള്‍ക്കൊള്ളുന്നില്ലെന്ന വാദംപോലും രാഷ്ട്രീയ ഹാകിമിയ്യത്തിന്റെ നിഷേധവുമായി ബന്ധപ്പെട്ടതാണ്. ഒരു പദത്തിന്റെ അര്‍ഥത്തിലുള്ള സാങ്കേതികതയല്ല, അല്ലാഹുവിന് രാഷ്ട്രീയ ഹാകിമിയ്യത്ത് ഉണ്ടെന്ന് സമ്മതിക്കേണ്ടിവരുമെന്ന ആശങ്കയാണ് മുജാഹിദ് വാദത്തിന്റെ കാതല്‍. ഇപ്പോഴും യഥാര്‍ഥ പ്രശ്നം എന്താണെന്ന് സമൂഹത്തിന് മുമ്പില്‍ വേണ്ടവിധം വന്നുകഴിഞ്ഞിട്ടില്ല.
(തുടരും)
Comments