Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 22

കുടുംബാസൂത്രണത്തിലെ അത്യാവേശം

ജസ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ സമിതി സര്‍ക്കാറിന് സമര്‍പ്പിച്ച വനിത-ബാല ക്ഷേമ ബില്ലിലെ ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ശിപാര്‍ശകളില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവരില്‍നിന്ന് പിഴ ഈടാക്കണമെന്ന് പറയുന്നു. കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കേണ്ടതില്ലെന്നും കൂടുതല്‍ കുട്ടികള്‍ക്കായി മതത്തെയോ ജാതിയെയോ വംശത്തെയോ പ്രാദേശികതയെയോ മറ്റേതെങ്കിലും വിശ്വാസ പ്രമാണങ്ങളെയോ ഉപയോഗിക്കാന്‍ പാടില്ലെന്നും ശിപാര്‍ശയില്‍ പറയുന്നു. സുരക്ഷിതമായ ഗര്‍ഭഛിദ്ര സംവിധാനം എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സൌജന്യമായി ഏര്‍പ്പെടുത്തണം. ഇത്തരം നിയമങ്ങള്‍ ലംഘിക്കുന്നവരെ സിവില്‍ ക്രിമിനല്‍ നടപടികള്‍ക്ക് വിധേയരാക്കണമെന്നും നിയമം ലംഘിക്കുന്ന മാതാപിതാക്കളാകും ശിക്ഷ നേരിടേണ്ടിവരികയെന്നും ബില്ലിലുണ്ട്.
മുജീബിന്റെ പ്രതികരണം?
പി.വി.സി മുഹമ്മദ് പൊന്നാനി


ജസ്റിസ് കൃഷ്ണയ്യര്‍ കമ്മിറ്റിയുടെ വനിത-ബാലക്ഷേമ ബില്ലിന്റെ കരട് നിര്‍ദേശങ്ങള്‍ ഇതിനകം വന്‍ വിവാദമുയര്‍ത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബാസൂത്രണ മന്ത്രി ഗുലാം നബി ആസാദ് അസംബന്ധം എന്നാണതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ക്രൈസ്തവ സഭകളും മുസ്ലിം സംഘടനകളും ബില്ലിലെ ചില വ്യവസ്ഥകളോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നു. എന്നാല്‍ ഒരു ന്യൂനപക്ഷം മാത്രമാണ് തങ്ങളുടെ നിര്‍ദേശങ്ങളെ എതിര്‍ക്കുന്നതെന്നും അതിനാല്‍ ശിപാര്‍ശകളില്‍ ഉറച്ചു നില്‍ക്കുന്നു എന്നുമാണ് കൃഷ്ണയ്യരുടെ നിലപാട്. നിര്‍ദേശങ്ങള്‍ പലതും കേന്ദ്ര സര്‍ക്കാറിന്റെ നിയമ നിര്‍മാണാധികാരങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇന്നത്തെ സാഹചര്യത്തില്‍ വ്യാപകമായ എതിര്‍പ്പിന് വഴിവെച്ച വനിത ക്ഷേമ ബില്ല് കേന്ദ്ര സര്‍ക്കാര്‍ അപ്പടി അംഗീകരിക്കാന്‍ സാധ്യതയില്ല.
ഭണഘടന വിഭാവന പ്രകാരം ഇന്ത്യ മതേതരമാണ്. മതം സ്വകാര്യ ജീവിതത്തില്‍ പരിമിതമാണെന്നും പൊതുജീവിതത്തില്‍ ഇടപെടരുതെന്നുമാണ് സെക്യുലരിസത്തിന് നല്‍കപ്പെടുന്ന വിവക്ഷ. അതപ്പടി അംഗീകരിച്ചാല്‍ തന്നെ സ്വകാര്യ ജീവിതത്തിന്റെ പരിധി ഏതാണെന്ന ചോദ്യം ഉത്ഭവിക്കുന്നു. വിവാഹം, കുടുംബജീവിതം, സന്താനോല്‍പാദനം എന്നീ കാര്യങ്ങള്‍ സ്വകാര്യ ജീവിതപരമല്ലെങ്കില്‍ പിന്നെ എന്താണ് സ്വകാര്യം? സാമൂഹിക നീതിക്ക് അനിവാര്യമോ ഗുണകരമോ ആയ ചില നിയന്ത്രണങ്ങള്‍ സ്വകാര്യ ജീവിതത്തില്‍ വേണ്ടിവരും. പക്ഷേ, കരുതലോടെ നിയമനിര്‍മാണം നടത്തേണ്ട രംഗമാണത്. മതവിശ്വാസവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് സ്വകാര്യ ജീവിതം എന്നിരിക്കെ, മതം എന്ത് പറഞ്ഞാലും വിവാഹപ്രായം, വിവാഹമോചനം, സന്താനങ്ങളുടെ എണ്ണം തുടങ്ങിയതൊക്കെ മതേതരത്വവാദികള്‍ വിചാരിക്കുന്ന  പോലെ നിയന്ത്രിക്കേണ്ടതാണെന്ന ശാഠ്യം ഭരണഘടന അനുവദിക്കുന്ന വിശ്വാസ സ്വാതന്ത്യ്രത്തിനും മതന്യൂനപക്ഷാവകാശങ്ങള്‍ക്കും വിരുദ്ധമാണ്. ജനാധിപത്യത്തില്‍ ആര്‍ക്കും അധികാരത്തിലേറാം. തീവ്ര മതവിരുദ്ധരോ മതേതരത്വവാദികളോ അധികാരം കൈയടക്കിയാല്‍ വിവാഹം വേണ്ട, സന്താനങ്ങള്‍ വേണ്ട, കുടുംബ ജീവിതം ആവശ്യമില്ല എന്നൊക്കെ നിയമങ്ങള്‍ നിര്‍മിക്കാം. ഇത് കേവലം സാങ്കല്‍പിക സാധ്യതയല്ല. പല നാടുകളിലും സംഭവിച്ച കാര്യങ്ങള്‍ തന്നെയാണിത്. പക്ഷേ, നിലവിലെ ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടകൂട്ടിലൊതുങ്ങി അത്തരം അധാര്‍മിക നിയമനിര്‍മാണം സാധ്യമല്ല. കുടുംബാസൂത്രണത്തിലെ കര്‍ക്കശവാദികള്‍ക്ക് ബോധവത്കരണത്തിന്റെ വഴി തുറന്നു കിടക്കുന്നുണ്ടല്ലോ. അതവര്‍ ഉപയോഗിക്കുന്നുമുണ്ട്; അതിന് ഫലവുമുണ്ട്. എതിര്‍ക്കാനുള്ള സ്വാതന്ത്യ്രം മതവിശ്വാസികള്‍ക്കുമുണ്ട്. എന്തിന്റെ പേരിലാണ് ജനാധിപത്യാവകാശം മതവിശ്വാസികള്‍ക്ക് മാത്രം നിഷേധിക്കുക?
ഗര്‍ഭഛിദ്രത്തിന്റെ ഉദാരവത്കരണം, സ്വവര്‍ഗരതിക്ക് പ്രോത്സാഹനം, വ്യഭിചാരത്തിന് തുറന്ന അനുവാദം എന്നിത്യാദി അരാജകത്വ സിദ്ധാന്തങ്ങളുടെ പ്രചാരകന്മാര്‍ വര്‍ധിച്ചുവരികയാണ്. അവരുടെ ഇംഗിതം പക്ഷേ, ധര്‍മത്തിലും സദാചാരത്തിലും വിശ്വസിക്കുന്നവര്‍ ബഹുഭൂരിപക്ഷമുള്ള ഇന്ത്യയില്‍ നിയമം മൂലം അടിച്ചേല്‍പിക്കാന്‍ പാടില്ല. ഇത്തരം നീക്കങ്ങളെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുക തന്നെ വേണം.

നരകശിക്ഷ
 ഇസ്ലാമില്‍ നരകശിക്ഷ ശാശ്വതമാണല്ലോ. യഥാര്‍ഥത്തില്‍ ഇത് അനീതിയല്ലേ? ഒരാള്‍ ചെയ്യുന്ന തെറ്റിന്റെ ഫലം എത്ര തലമുറകള്‍ നീണ്ടുനിന്നാലും അതിനൊരു അറ്റം ഉണ്ട്. നരകശിക്ഷയുടെ തീവ്രത വെച്ച് നോക്കുമ്പോള്‍ കുറഞ്ഞകാലം കൊണ്ട് മതിയായ ശിക്ഷ ഇഹലോകത്ത് ചെയ്യുന്ന എത്ര കഠിന തെറ്റിനും ലഭിക്കുകയില്ലേ? അനന്തമായ ശിക്ഷ ദൈവത്തിന്റെ നീതിക്ക് ചേര്‍ന്നതാണോ?
കെ.സി മുഹമ്മദ് അലി
കക്കാടംപുറം


വിവരമുള്ളവര്‍ ബോധപൂര്‍വം ചെയ്യുന്ന തെറ്റ്, ആയുഷ്കാലത്തിലൊരിക്കലും പശ്ചാത്തപിക്കാതെ, പരലോകത്ത് രക്ഷയും ശിക്ഷയുമുണ്ടെന്ന സത്യം തന്നെ നിഷേധിച്ച് ധിക്കാരികളായി മരണപ്പെട്ടാലാണ് ശാശ്വത ശിക്ഷയെക്കുറിച്ച താക്കീത്. അറിവില്ലായ്മയോ മറവിയോ താല്‍ക്കാലിക പ്രേരണകളോ പ്രകോപനങ്ങളോ മൂലം ചെയ്ത തെറ്റ് അല്ലാഹു പൊറുത്തു കൊടുക്കും, പശ്ചാത്താപിക്കാത്ത പക്ഷം അര്‍ഹമായ ശിക്ഷ മാത്രം നല്‍കും. 100 പേരെ കൊന്ന കൊടുംപാപി പോലും അന്തിമമായി പശ്ചാത്താപ വിവശനായപ്പോള്‍ അയാള്‍ സ്വര്‍ഗാവകാശിയായി എന്ന് പ്രവാചകന്‍ പറഞ്ഞുതന്നിട്ടുണ്ടല്ലോ. ദാഹാര്‍ത്തനായ നായക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ അഭിസാരിക സ്വര്‍ഗപ്രാപ്തയായി എന്നും നബി(സ) പഠിപ്പിച്ചിട്ടുണ്ട്. ശാശ്വത നരകശിക്ഷയെക്കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിച്ചേടത്തൊക്കെ, ഒരുവക ഉപദേശവും മാര്‍ഗനിര്‍ദേശവും അംഗീകരിക്കാന്‍ ജീവിതാവസാനം വരെ തയാറല്ലാത്ത തനി സത്യനിഷേധികളും ധിക്കാരികളുമായ മഹാപാപികള്‍ക്ക് മാത്രമാണത് ബാധകമാവുകയെന്ന് വ്യക്തമാക്കാതിരുന്നിട്ടില്ല.
എന്നാല്‍ പോലും നരകശിക്ഷ ശ്വാശ്വതമല്ലെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയുടെ ശിഷ്യനും പ്രഗത്ഭ മുജ്തഹിദുമായിരുന്ന ഇബ്നുല്‍ ഖയ്യിം തദ്വിഷയകമായ പണ്ഡിത നിരീക്ഷണങ്ങളെ പരാമര്‍ശിച്ച ശേഷം നരകത്തിന് അന്ത്യമുണ്ടെന്ന നിഗമനത്തെയാണ് പിന്താങ്ങിയിരിക്കുന്നത്. സൂറ അന്നബഇലെ 23-ാം സൂക്തമാണ് ഒരു തെളിവ്. "അവര്‍ നരകത്തില്‍ കാലങ്ങളോളം താമസിക്കും'' എന്ന് പറഞ്ഞാല്‍ ശാശ്വതമായി വസിക്കും എന്നര്‍ഥമില്ലല്ലോ. സൂറ അല്‍ അന്‍ആം  125-ാം സൂക്തം ഇങ്ങനെ: "അവന്‍ പറഞ്ഞു, നരകമാണ് നിങ്ങളുടെ വാസസ്ഥലം. അതില്‍ എന്നെന്നും കഴിയുന്നവരായിക്കും-അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ. നിശ്ചയമായും നിന്റെ നാഥന്‍ യുക്തിമാനും സര്‍വജ്ഞനുമത്രെ.'' അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ എന്ന ഉപാധി, അവന്‍ വിചാരിച്ചാല്‍ നരകശിക്ഷ അവസാനിപ്പിക്കും എന്ന സൂചന നല്‍കുന്നു. ഹൂദ് അധ്യായം 107-ാം സൂക്തവും ഇതേ ആശയം അവതരിപ്പിക്കുന്നു: "ആകാശഭൂമികള്‍ ഉള്ളേടത്തോളം കാലം അവര്‍ അതില്‍ ശാശ്വതവാസികളായിരിക്കും, നിന്റെ നാഥന്‍ ഉദ്ദേശിച്ചാലല്ലാതെ. നിശ്ചയമായും നിന്റെ നാഥന്‍ അവന്‍ ഉദ്ദേശിച്ചത് ചെയ്യുന്നവന്‍ തന്നെ.'' സ്വഹാബിവര്യന്മാരായ ഉമര്‍, ഇബ്നു മസ്ഊദ്, അബൂഹുറയ്റ, ഇബ്നു അബ്ബാസ്, അബൂസഈദില്‍ ഖുദ്രി(റ) തുടങ്ങി നിരവധി മഹാന്മാര്‍ നരകത്തിനൊരുനാള്‍ തിരശ്ശീല വീഴും എന്ന് അഭിപ്രായപ്പെട്ടവരാണ്.

ഖുര്‍ആനിക നിയമങ്ങളുടെ യുക്തി
ഖുര്‍ആന്‍ നിഷിദ്ധമാക്കിയ കര്‍മങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രത്യക്ഷത്തില്‍ തന്നെ ചിലതിലൊക്കെ അതിന്റെ യുക്തിയും കാണാം. പക്ഷേ, പുരുഷന് സ്വര്‍ണവും പട്ടും നിഷിദ്ധമാക്കിയതും സ്ത്രീയുടെ ഹിജാബും (മുഖപടം) ഭര്‍ത്താവ് മരണപ്പെട്ട ഭാര്യയുടെ സുദീര്‍ഘമായ ഇദ്ദയും എത്ര ചിന്തിച്ചിട്ടും അതിന്റെ യുക്തി മനസ്സിലാവുന്നില്ല. എന്നും മൂല്യമുള്ള സമ്പത്തെന്ന നിലയില്‍, അത്യാവശ്യ കരുതിവെപ്പെന്ന നിലയില്‍ പുരുഷനും അല്‍പസ്വല്‍പം സ്വര്‍ണമെങ്കിലും ഉപയോഗിക്കാന്‍ അനുവാദം നല്‍കാതിരുന്നത് എന്തുകൊണ്ടായിരിക്കും? (ഏറ്റവും നല്ല) വസ്ത്രമെന്ന നിലയില്‍ പട്ടുവസ്ത്രം എന്തുകൊണ്ടായിരിക്കാം പുരുഷന്  നിഷിദ്ധമാക്കിയത്? മനുഷ്യനായാല്‍ (തിരിച്ചറിയുന്നതിന് വേണ്ടിയെങ്കിലും) മുഖമെങ്കിലും കാണേണ്ടേ? അതും കൂടി മൂടി നടക്കുകയാണെങ്കില്‍ മനുഷ്യന് മുഖം പിന്നെ എന്തിനായിരിക്കും? തലേനാള്‍ വരെ രക്തബന്ധുക്കളല്ലാത്ത പുരുഷന്മാരെ രക്തബന്ധുക്കളെ പോലെ കണ്ടിരുന്ന സ്ത്രീ ഭര്‍ത്താവിന്റെ മരണത്തോടെ സുദീര്‍ഘ കാലങ്ങളിലേക്ക് ഇരുട്ടറയില്‍ കയറുകയും ബന്ധങ്ങള്‍ വിഛേദിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടായിരിക്കും?
ഇ.സി റംല പള്ളിക്കല്‍
രിയാദ്


സ്രഷ്ടാവും സര്‍വജ്ഞനും സര്‍വശക്തനുമായ അല്ലാഹുവിന്റെ ഏറ്റവും വിശിഷ്ട ഗുണങ്ങളിലൊന്നാണ് അവന്‍ 'ഹകീം' ആണെന്നത്. വിശുദ്ധ ഖുര്‍ആനിലെ 97 സൂക്തങ്ങള്‍ അക്കാര്യം അടയാളപ്പെടുത്തുന്നു. ഹകീം എന്ന പദത്തിന്റെ അര്‍ഥം യുക്തിമാന്‍, തത്ത്വജ്ഞാനി എന്നൊക്കെയാണ്. 'ഹിക്മത്ത്' അഥവാ യുക്തി ഇല്ലാത്ത ഒരു കാര്യവും ത്രികാലജ്ഞാനിയില്‍ നിന്നുണ്ടാവുക അസംഭവ്യമാണ്. അവന്റെ ഓരോ നിര്‍ദേശവും യുക്ത്യധിഷ്ഠിതമായിരിക്കും. ഇത് കേവലം അന്ധവിശ്വാസമല്ല. യുക്തിശൂന്യനായ ഒരു ശക്തി പ്രപഞ്ച സ്രഷ്ടാവാന്‍ പറ്റില്ലല്ലോ. പക്ഷേ, ഒരു കാര്യമുണ്ട്. അല്‍പജ്ഞനും അല്‍പബുദ്ധിയുമാണ് മനുഷ്യന്‍. അവന് പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടി രഹസ്യങ്ങളും കണ്ടെത്താന്‍ കഴിയാത്തതുപോലെ ഓരോ സാന്മാര്‍ഗിക നിയമത്തിന്റെയും യുക്തിയും തിരിച്ചറിയാന്‍ കഴിയില്ല. 'നിങ്ങള്‍ക്ക് ജ്ഞാനം അല്‍പം മാത്രമേ നല്‍കപ്പെട്ടിട്ടുള്ളൂ' എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ടല്ലോ. അഗാധ പാണ്ഡിത്യമുള്ള ജ്ഞാനികള്‍ക്ക് ശരീഅത്തിന്റെ ചില യുക്തികള്‍ പിടികിട്ടിയെന്ന് വരാം. ഇപ്പോള്‍ അറിയാത്തതും പിന്നീട് അറിഞ്ഞെന്നു വരാം. എന്നാലും മനുഷ്യസഹജമായ പരിമിതി എല്ലാവര്‍ക്കും ബാധകമാണ്.
ഇനി ചോദ്യത്തിന്റെ മറുപടി. പുരുഷത്വത്തിന് ചേര്‍ന്നതല്ല സ്വര്‍ണവും പട്ടും എന്നാണ് ഇസ്ലാമിന്റെ വീക്ഷണം. അവന്റെ ധൈര്യം, ത്യാഗം, സാഹസികത, നെഞ്ചൂക്ക് പോലുള്ള ഗുണങ്ങള്‍ക്കനുഗുണമല്ല മൃദുലതയുടെയും സ്ത്രീ സൌന്ദര്യത്തിന്റെയും അടയാളങ്ങളായ സ്വര്‍ണാഭരണങ്ങളും പട്ടുവസ്ത്രങ്ങളും എന്നാണ് മനസ്സിലാക്കേണ്ടത്. സ്വര്‍ണം സൂക്ഷിക്കേണ്ടത് ഒരാവശ്യമായി വന്നാല്‍ തന്നെ ആഭരണമാക്കി ശരീരത്തില്‍ ധരിക്കണമെന്നില്ലല്ലോ. അല്ലെങ്കിലും സ്ത്രീകളുടെ മഞ്ഞലോഹഭ്രമം തന്നെ വലിയ സാമൂഹിക പ്രശ്നമായ കാലത്ത്, പുരുഷന്മാര്‍ കൂടി സ്വര്‍ണത്തിന്റെ പിന്നാലെ പോയാല്‍ സംഗതി ഗുരുതരമാവും. ചില ത്വക്ക് രോഗങ്ങള്‍ക്ക് പ്രകൃതിപരമായ പട്ട് വസ്ത്രം പ്രതിവിധിയാണെന്ന് പറയാറുണ്ട്. അത് ശരിയാണെങ്കില്‍ അത്തരം രോഗികള്‍ക്ക് പട്ട് വസ്ത്രം ധരിക്കാന്‍ നിയമത്തില്‍ ഇളവുള്ളതാണ്.
ഹിജാബ് എന്നാല്‍ മറ എന്നാണര്‍ഥം. സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ മുഖവും മുന്‍കൈകളും ഒഴിച്ചുള്ള ശരീരഭാഗങ്ങള്‍ മറച്ചിരിക്കണമെന്ന ശാസന തീര്‍ത്തും യുക്തിഭദ്രമാണ്. കഴുകക്കണ്ണുകളില്‍ നിന്ന് രക്ഷപ്പെടാന്‍ അതാണ് പ്രതിരോധം. മുഖം മറക്കണമെന്നത് ഖുര്‍ആന്‍ ശാസനയല്ല. അങ്ങനെ ചിലര്‍ വ്യാഖ്യാനിക്കുകയാണ്. പ്രമുഖ സ്വഹാബികളും താബിഉകളും നാല് മദ്ഹബ് ഇമാമുമാരും സ്ത്രീയുടെ മുഖവും മുന്‍കൈയും മറക്കേണ്ട ഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
പ്രവാചകന് മുമ്പ്, ഒരു വര്‍ഷമായിരുന്നു ഭര്‍ത്താവ് മരിച്ച വിധവയുടെ ഇദ്ദാ കാലം. ഖുര്‍ആന്‍ അത് നാലു മാസവും 10 ദിവസവുമാക്കി ചുരുക്കി. അതിനിടയിലും അത്യാവശ്യങ്ങള്‍ക്ക് പുറത്ത് പോകാം. സ്ത്രീയുടെ ഉപജീവനം മുടങ്ങുമെങ്കില്‍ അതിലും ഇളവുണ്ടെന്നാണ് പണ്ഡിതാഭിപ്രായം. ദുഃഖാചരണം മനുഷ്യസഹജമായ കാര്യമാണ്. വേര്‍പാട് ഏറ്റവും പ്രിയങ്കരനായ വ്യക്തിയുടേതാവുമ്പോള്‍ ദുഃഖാചണത്തിന്റെ കാലം ഒരല്‍പം നീളുന്നത് അഹിതകരമായി കാണേണ്ടതില്ല. ഇരുട്ടറയും ബന്ധവിഛേദവുമൊന്നും ഇസ്ലാം അനുശാസിച്ച ഇദ്ദയിലില്ല. മനുഷ്യര്‍ പടച്ചുണ്ടാക്കിയ അനാചാരങ്ങള്‍ക്ക് ഇസ്ലാം ഉത്തരവാദിയല്ല. വെളിച്ചമുള്ള മുറിയില്‍ കുളിച്ചു വസ്ത്രം മാറ്റിയിരുന്ന് മക്കളുമായും അടുത്ത ബന്ധുക്കളുമായും സംവദിക്കുന്നതിനോ വായിക്കുന്നതിനോ പഠിക്കുന്നതിനോ വ്യായാമം ചെയ്യുന്നതിനോ ഇദ്ദ തടസ്സമല്ല.

വാര്‍ധക്യത്തിലും യുവ മനസ്സ്
 "മാറഞ്ചേരിയിലും വെളിയങ്കോട്ടുമുള്ള ജമാഅത്തെ ഇസ്ലാമിക്കാരില്‍ മിക്കവരും എന്റെ കുടുംബാംഗങ്ങളോ ബന്ധുക്കളോ ആണ്. ജമാഅത്തിന്റെ സംസ്ഥാന നേതാക്കളില്‍ ചിലരുമായി ഊഷ്മളമായ സൌഹൃദമുണ്ട്. അതിലപ്പുറം ആ സംഘടനയുമായി എനിക്കൊരു ബന്ധവും ഇല്ല. ജമാഅത്തെ ഇസ്ലാമിയുടെ യുവജന പ്രസ്ഥാനമായ സോളിഡാരിറ്റിയുടെ പത്രികയുടെ 'പുതിയ കേരളം വികസന ഫോറം' പതിപ്പും എന്‍ഡോസള്‍ഫാന്‍ എന്ന മാരക വസ്തുവിനെപ്പറ്റിയുള്ള പുസ്തകവും വള്ളിപുള്ളി വിടാതെ വായിച്ചു. അതിനു ശേഷം ഇതെഴുതുന്നവന്റെ മനസ്സില്‍ തോന്നുന്നത് വായനക്കാരുമായി പങ്കുവെക്കട്ടെ. ഈ ദുന്‍യാവിനോട് വിടപറയാന്‍ നില്‍ക്കുന്നവരുടെ ക്യൂവിലുള്ള ഞാന്‍ ഇപ്പോള്‍ യുവാവ് ആയിരുന്നെങ്കില്‍ സോളിഡാരിറ്റിയുടെ കൊടിക്കീഴില്‍ അണിനിരക്കുമായിരുന്നു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സാഹിത്യം വിപുലമായി പ്രചരിപ്പിക്കുന്നത് നമ്പര്‍ വണ്‍ സല്‍കൃത്യമാണ്.''
'പണത്തിന് മീതെ പരുന്തും പറക്കില്ല' എന്ന ലേഖനത്തില്‍ എം. റഷീദ് (മാധ്യമം, 2011 സെപ്റ്റംബര്‍ 27). അഭിപ്രായം?
പി.വി ഉമ്മര്‍ കോയ
കോഴിക്കോട്

പിതാവിനെ പോലെ പുത്രനും യുവാക്കളെ വെല്ലുന്ന മനസ്സോടെ നൂറ്റാണ്ടിന്റെ സാക്ഷിയാവാന്‍ ദൈവം തുണക്കട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം