Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 22

അത് സംഘികളാവാനേ തരമുള്ളൂ

ഇഹ്‌സാന്‍

പ്രശാന്ത് ഭൂഷണെ ഓഫീസില്‍ കയറി മര്‍ദിച്ച സംഭവത്തിലെ പ്രതികള്‍ ആരായിരുന്നാലും സംഭവത്തിന് രസകരമായ ഒരു രാഷ്ട്രീയ മുഖം കൈവരുന്നുണ്ട്. 'കശ്മീരിലെ ജനങ്ങള്‍ക്ക് ഇന്ത്യയെ വേണ്ടെങ്കില്‍ അക്കാര്യം ഹിതപരിശോധനയിലൂടെ കണ്ടെത്തണ'മെന്ന് വാരണാസിയിലോ മറ്റോ നടന്ന ഒരു യോഗത്തില്‍ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടതാണ് അക്രമത്തിന്റെ ഹേതു. ഇന്ത്യയെ വെട്ടിമുറിക്കണമെന്ന് പറയുന്നവന്റെ തല  തങ്ങള്‍ തകര്‍ക്കുമെന്ന് ആക്രോശിച്ചായിരുന്നു മര്‍ദനം. ഇതെഴുതുമ്പോള്‍ സംഭവം നടന്നിട്ട് ഏതാനും മണിക്കൂറുകളേ ആയുള്ളൂ. സ്‌ഫോടനം നടന്നാല്‍ ഹുജി എന്നോ ലശ്കര്‍ എന്നോ പറയുന്നതു പോലെ കശ്മീരിനെ 'അനുകൂലിക്കുന്ന'വരുടെ കാര്യത്തില്‍ ഒരു ടെലിവിഷന്‍ ചാനലും പ്രവചനങ്ങള്‍ക്കു തുനിഞ്ഞിട്ടില്ല. എന്നാല്‍ മര്‍ദനമേറ്റ പ്രശാന്ത് ഭൂഷണ്‍ നേര്‍ക്കുനേരെ കുറ്റം ആരോപിച്ചത് ശ്രീരാമസേനയെ ആണ്. മംഗലാപുരത്തുകാരന്‍ പ്രമോദ് മുത്തലിക് അധ്യക്ഷനായ, സകല വര്‍ഗീയ വൈതാളിക അജണ്ടകളുടെയും അവധൂതന്മാരായ ഈ സംഘടന ആര്‍.എസ്.എസ്സിന്റെ വിശാല കുടുംബത്തിലെ അംഗമായാണ് പരിഗണിക്കപ്പെടുന്നത്. രാത്രിയോടെ ചിത്രം മാറുകയും  ഭഗത്‌സിംഗ് ക്രാന്തിസേന എന്നൊരു സംഘടനയുടെ പേര് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും കാണാനുണ്ട്. കോണ്‍ഗ്രസ്സിന്റെ ഗുണ്ടകളാണ് സംഭവത്തിന് പിന്നിലെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നതും കേള്‍ക്കാനുണ്ട്. എന്തുകൊണ്ട് ഈ സംഭവത്തിനു പിന്നില്‍ ഭൂഷണ്‍ പറയുന്നതു പോലെ ശ്രീരാമസേന തന്നെ ആയിക്കൂടാ? തന്നെ മര്‍ദിച്ചവര്‍ സേനയുടെ പേര് വ്യക്തമായി പറഞ്ഞുവെന്നാണ് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയത്. എങ്കില്‍ പിന്നെ പരാതിക്കാരന്റെ മൊഴിയെ മാധ്യമങ്ങള്‍ അവിശ്വസിക്കുകയോ അട്ടിമറിക്കുകയോ ചെയ്യേണ്ട കാര്യമെന്ത്?
ഇന്ത്യന്‍ മീഡിയയുടെയും രാഷ്ട്രീയത്തിന്റെയും പൊതു ദുരവസ്ഥയാണിത്. അണ്ണാ ഹസാരെയുടെ സംഘത്തിലെ പ്രധാനികളില്‍ ഒരാളായ പ്രശാന്ത് ഭൂഷണ്‍ അദ്ദേഹത്തിന്റെ മാനവികവും ബുദ്ധിപരവുമായ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെയാണ് പൊതുജീവിതത്തില്‍ തുടരുന്നത്. അണ്ണാ ഹസാരെയടക്കമുള്ളവരുടെ സ്ഥിതിയാകട്ടെ മറിച്ചുമാണ്. ആളും തരവും നോക്കിയല്ലാതെ ഈ അണ്ണാ ഏതെങ്കിലും കാര്യം പച്ചക്കു മുഖത്തുനോക്കി പറഞ്ഞ ചരിത്രമില്ല. സ്വന്തം സംഘത്തില്‍ പെട്ട ഒരാളെ ഇത്ര മൃഗീയമായി മര്‍ദിച്ച സംഭവത്തില്‍ 'ആരും നിയമം കൈയിലെടുക്കരുതെന്നാണ്’ അണ്ണാവതാരം കഷ്ടപ്പെട്ട് മൊഴിഞ്ഞ പ്രസ്താവന! ഏതാണ്ട് തത്തുല്യമായ രീതിയില്‍ എവിടെയും തൊടാതെയാണ് കിരണ്‍ ബേദിയും കേജരിവാളുമൊക്കെ തിരുവായകള്‍ കൊണ്ട് മൊഴിഞ്ഞുണ്ടാക്കിയതും. കശ്മീര്‍ വിഷയത്തില്‍ പ്രശാന്ത് ഭൂഷണ്‍ സ്വീകരിച്ച നിലപാടിനെ കുറിച്ച് 'കമാ' എന്നൊരക്ഷരം ഇവരാരും പറഞ്ഞിട്ടില്ല. ഏതാണ്ട് മുന്‍കൂര്‍ ജാമ്യമെന്നോണം അന്നു മൂന്നു മണിക്ക് ബി.ജെ.പി ദല്‍ഹിയില്‍ ഒരു വാര്‍ത്താ സമ്മേളനം വിളിച്ചത് കൈയേറ്റ സംഭവത്തിനു ശേഷം കൂട്ടിവായിക്കുമ്പോള്‍ അസാധാരണമായി മാറുന്നുമുണ്ട്. പക്ഷേ, കശ്മീരിനെ ഏറ്റുപിടിച്ചത് എന്തിന്? താരതമ്യേന അപ്രധാനമായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രസംഗം.
പ്രശാന്ത് പറയുകയും എഴുതുകയും ചെയ്യുന്ന കാര്യങ്ങള്‍ അണ്ണയുടെ രാഷ്ട്രീയ നിലപാടുകളുടെ ഗുണഭോക്താക്കളായ ബി.ജ.പിക്ക് ദഹിക്കാത്ത സ്ഥിതിക്ക് ഒന്നുകില്‍ പ്രശാന്ത് സ്വയം മാറണം. അതായത് രാഷ്ട്രീയം എന്ന ചെരിപ്പിനനുസരിച്ച് സ്വന്തം കാലു മുറിക്കണം. അതല്ലെങ്കില്‍ തങ്ങള്‍ അതിനോടൊപ്പമല്ലെന്ന് സ്വന്തം 'കുടുംബ'ക്കാരെയെങ്കിലും അറിയിച്ച് ബി.ജെ.പിക്ക് സ്വയം രക്ഷപ്പെടണം. ഹിതപരിശോധന എന്ന ആശയം യഥാര്‍ഥത്തില്‍ ഈ പ്രശാന്ത് ഭൂഷണ്‍ ആണോ കൊണ്ടുവന്നത്? ജവഹര്‍ലാല്‍ നെഹ്‌റുവും ഐക്യരാഷ്ട്രസഭയുമല്ലേ? കശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന് 1956 മുതല്‍ ഐക്യരാഷ്ട്രസഭയുടെ പ്രമേയം നിലനില്‍ക്കുന്നുമില്ലേ? വിഷയം അതല്ല, സ്വന്തം വോട്ടുബാങ്കിന്റെ കെട്ടുപുഴുത്ത വര്‍ഗീയത ആണെന്ന് പകല്‍പോലെ വ്യക്തം. അണ്ണയടക്കമുള്ളവര്‍ അഴിമതിക്കെതിരെ രംഗത്തിറങ്ങുന്നതിന് രാഷ്ട്രീയമായ കാരണം സൃഷ്ടിച്ചത് ഒരര്‍ഥത്തില്‍ ശാന്തി ഭൂഷണ്‍ കോടതിയില്‍ നല്‍കിയ ആ ഹരജിയായിരുന്നല്ലോ. അതുകൊണ്ടുതന്നെ ഭൂഷണ്‍ കുടുംബത്തെ പൂര്‍ണമായും അവഗണിച്ച് അണ്ണാ ഹസാരെക്കും ബി.ജെ.പിക്കുമൊന്നും മുന്നോട്ടു പോകാനാവില്ല. മറുഭാഗത്ത് ബി.ജെ.പിയും സംഘ്പരിവാരക്കാരും കിരണ്‍ബേദി-കേജരിവാള്‍ പ്രഭൃതികളും ഇടയില്‍ കയറി ഹൈജാക്കു ചെയ്‌തെന്നു വെച്ച് ലോക്പാല്‍ ബില്ലിന്റെ തലച്ചോറുകള്‍ എന്ന വിശേഷണം പ്രശാന്ത് ഭൂഷണും മകനും കൈയൊഴിച്ച് അടങ്ങിയിരിക്കണമെന്ന് പറയുന്നത് ആരുടെ ആവശ്യമാണ്, ബി.ജെ.പിയുടേതല്ലാതെ?
സാഹചര്യ തെളിവുകള്‍ വെച്ചു നോക്കുമ്പോള്‍ താല്‍ക്കാലികമായി ഫേസ്ബുക്കില്‍ തട്ടിപ്പടച്ചുണ്ടാക്കിയ ഒരു സംഘടന മാത്രമാണ് ഈ ഭഗത്‌സിംഗ് ക്രാന്തി സേന. അതിന്റെ ഉടമസ്ഥനായ തേജീന്ദര്‍ സിംഗ് ഭഗ്ഗയുടെ സൈറ്റില്‍ 'ആര്‍.എസ്.എസ് കാ ഹാഥ്' എന്ന പേരില്‍ മറ്റൊരു സൈറ്റിലേക്കും ലിങ്ക് നല്‍കിയത് കാണാം. എന്നാല്‍ ഭഗ്ഗ തന്നെയാണ് രണ്ടിന്റെയും ഉടമസ്ഥന്‍. ഈ സൈറ്റ് നിര്‍മിച്ചത് ഭൂഷനെ തല്ലാന്‍ നിശ്ചയിച്ചതിനു ശേഷമാണെന്നു പോലും സംശയിക്കാവുന്ന തരത്തിലാണ് അതിന്റെ ഘടന. രണ്ടായാലും അക്രമി സംഘത്തിലുണ്ടായിരുന്ന ഇന്ദര്‍ വര്‍മ ശ്രീരാം സേനയുടെ പ്രവര്‍ത്തകനുമാണ്. യുക്തിപരമായും മാനുഷികമായും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ആരെയും ഈ മാതിരി ഗുണ്ടകളെ വിട്ട് അടിച്ചൊതുക്കുന്ന പണി സംഘ്പരിവാറിന്റേതല്ലെങ്കില്‍ ആരുടേത്?

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം