തവക്കുല്‍ കര്‍മാന്‍ വിപ്ലവത്തിന്റെ മാതാവ്
ആരെയും വിസ്മയിപ്പിക്കുന്ന വനിതയാണ് തവക്കുല്‍ കര്‍മാന്‍. വിപ്ലവകാരി, പ്രക്ഷോഭ നായിക, മനുഷ്യാവകാശ പോരാട്ടത്തിലെ മുന്നണി പോരാളി, പത്രപ്രവര്‍ത്തക, രാഷ്ട്രീയക്കാരി, മാതാവ്... ഏറ്റവുമൊടുവില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും അവരെത്തേടിയെത്തിയിരിക്കുന്നു.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹയാകുന്ന ആദ്യ അറബ് വനിത. അറബ്‌ലോകം പ്രതിഷേധവുമായി, മാറ്റത്തിനുള്ള മുറവിളിയുമായി ഇരമ്പിപ്പാഞ്ഞ ഒരു വര്‍ഷത്തില്‍ തെരുവിലിറങ്ങിയ മില്യന്‍ കണക്കിന് അറബികളുടെ ത്യാഗസന്നദ്ധതയും ഗവണ്‍മെന്റ് മെഷിനറിയുടെ ബുള്ളറ്റുകള്‍ക്ക് വിരിമാറ് കാട്ടാനുള്ള കരളുറപ്പും അംഗീകരിക്കപ്പെട്ടു എന്നത് ന്യായം മാത്രം. പലപ്പോഴും അവഗണിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയും ചെയ്ത യമനി വിപ്ലവത്തിനുള്ള അംഗീകാരം കൂടിയാണിത്.
സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനത്തിന് പല അറബ് പേരുകളും പരിഗണനയിലുണ്ടായിരുന്നു; ഈജിപ്ഷ്യന്‍ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തവരിലൊരാളായ വാഇല്‍ ഗുനൈമിന്റേതുള്‍പ്പെടെ. അറബ് വസന്തത്തെ നൊബേല്‍ കമ്മിറ്റി അവഗണിച്ചിരുന്നുവെങ്കില്‍ അതും ഒരു കടുത്ത ആഘാതമായേനെ. പക്ഷേ അതൊരു യമന്‍കാരിയാവുമെന്ന് ആരും കരുതിയില്ല, യമനികള്‍ പോലും.
തവക്കുല്‍ കര്‍മാന്‍ അനര്‍ഹമായതാണ് നേടിയത് എന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. അവര്‍ തീര്‍ത്തും അതിന് അര്‍ഹ തന്നെ. കുറേക്കാലമായി അന്താരാഷ്ട്ര മീഡിയയില്‍ യമനെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്ന ഇരുണ്ട വാര്‍ത്തകളെക്കുറിച്ചാണ് ഞാന്‍ സൂചിപ്പിച്ചത്. അല്‍ഖാഇദയുമായി ബന്ധപ്പെട്ട വര്‍ത്തമാനങ്ങളേ മീഡിയയില്‍ വരുന്നുള്ളൂവെന്ന് കഴിഞ്ഞയാഴ്ച വരെ ഞാന്‍ എഴുതിയതാണ്. ഇപ്പോഴെങ്കിലും ഒരു നല്ല വാര്‍ത്ത മീഡിയക്ക് പറയാനുണ്ടായല്ലോ. വളരെ സന്തോഷം.
സത്യസന്ധമായി പറഞ്ഞാല്‍, തവക്കുല്‍ കര്‍മാന്‍ ഇല്ലായിരുന്നെങ്കില്‍ യമനിലെ പ്രക്ഷോഭ പ്രസ്ഥാനം ഇന്നത്തെപ്പോലെ ആകുമായിരുന്നില്ല. യമനി പ്രക്ഷോഭത്തിന്റെ കഴിഞ്ഞ ഒമ്പത് മാസങ്ങളില്‍ 'മൈതാനുത്തഗ്‌യീറി'(Change Square)ലൂടെ കടന്നുപോകുന്ന ഏതൊരാള്‍ക്കും ഉച്ചഭാഷിണിയിലൂടെ തവക്കുലിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. ചിലപ്പോളവര്‍ യുവാക്കള്‍ക്ക് മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊടുക്കുകയായിരിക്കും. തുനീഷ്യയില്‍ ബിന്‍ അലിയും ഈജിപ്തില്‍ മുബാറക്കും വീണ ശേഷം യമനില്‍ യുവാക്കള്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തെ പിന്തുണച്ച് ആദ്യം രംഗത്തിറങ്ങിയവരിലൊരാളാണ് കര്‍മാന്‍. അറസ്റ്റ് ചെയ്ത് അവരെ നിശ്ശബ്ദയാക്കാനുള്ള ഭരണകൂട ശ്രമം പാളി. കര്‍മാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വന്‍ പ്രക്ഷോഭങ്ങളാണ് പിന്നീടുണ്ടായത്. യമനി പൊതുസമൂഹത്തെ ഉണര്‍ത്തുന്നതില്‍ കര്‍മാന്‍ വലിയ പങ്കാണ് വഹിച്ചത്. ആ ധീരവനിത നേരത്തെ തന്നെ ഉണര്‍ന്നിരിപ്പായിരുന്നല്ലോ.
വിപ്ലവത്തിന് മുമ്പ്
കോളമിസ്റ്റുകള്‍ 'അറബ് വസന്തം' എന്ന പ്രയോഗം കണ്ടെത്തുന്നതിന് എത്രയോ മുമ്പ് കര്‍മാന്‍ 'വനിതാ പത്രപ്രവര്‍ത്തകര്‍-ചങ്ങലകളില്ലാതെ' എന്ന പേരില്‍ ഒരു വേദിക്ക് രൂപം നല്‍കിയിരുന്നു. നിരവധി പ്രശ്‌നങ്ങളില്‍ ഈ വേദി സമരരംഗത്തിറങ്ങി. 2008-ല്‍ തലസ്ഥാന നഗരിയായ സന്‍ആയിലെ കാബിനറ്റ് ബില്‍ഡിംഗിന്റെ പുറത്ത് അവര്‍ പതിവായി വാരാന്ത പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. രാഷ്ട്രീയ തടവുകാര്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, ആളില്ലാ വിമാനങ്ങളുടെ ആക്രമണം തുടങ്ങി ഒട്ടനവധി രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍. ഇത് മൂന്ന് വര്‍ഷം തുടര്‍ന്നു. പ്രക്ഷോഭത്തില്‍ ചിലപ്പോള്‍ ആളുകള്‍ ധാരാളമുണ്ടാകും, ചിലപ്പോള്‍ കുറയും. പക്ഷേ, ആ പ്രക്ഷോഭ പരമ്പര നിലച്ചുപോയില്ല.
അന്തസ്സും സ്വാതന്ത്ര്യവും വീണ്ടെടുക്കാനുള്ള അറബ് വിളിയാളം വന്നപ്പോള്‍ അതിന്റെ നേതൃത്വമേറ്റെടുക്കാന്‍ കര്‍മാന്‍ എന്നേ ഒരുങ്ങിക്കഴിഞ്ഞിരുന്നു.
ജയിലിലായിരിക്കെ അധികാരികള്‍ അവരോട് പറഞ്ഞു, അനുയായികളെ അടക്കിനിര്‍ത്തിയാല്‍ വിട്ടയക്കാമെന്ന്. ഇതിനോടുള്ള അവരുടെ പ്രതികണം: ''അധികാരികള്‍ എന്നോട് പറഞ്ഞു, പ്രക്ഷോഭത്തില്‍ പങ്കെടുക്കില്ലെന്ന് എഴുതി ഒപ്പിട്ട് തന്നാല്‍ ഇപ്പോള്‍ തന്നെ വിട്ടയക്കാം. അത് കേട്ടപ്പോള്‍ ഞാന്‍ ജയില്‍ മുറിയിലേക്ക് തന്നെ തിരിച്ചുകയറി.''
കുടുംബകാര്യത്തിലും എന്തെല്ലാം ത്യാഗങ്ങള്‍ക്കാണ് കര്‍മാന്‍ സന്നദ്ധയായത്. മൂന്ന് കുട്ടികളുടെ മാതാവാണ് അവര്‍. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ആ കുഞ്ഞുങ്ങളെ വിട്ട് സന്‍ആയിലെ ചേഞ്ച് സ്‌ക്വയറിലെ ഒരു ടെന്റിലാണ് അവരുടെ താമസം. വിപ്ലവ പ്രവര്‍ത്തനത്തിന് വേണ്ടി മാത്രമായിരുന്നില്ല ഈ വേര്‍പിരിയല്‍. കര്‍മാന്റെ സ്വയംസുരക്ഷക്കും അത് ആവശ്യമായിരുന്നു. ''അബ്ദുല്ല സ്വാലിഹ് വീണ് കഴിഞ്ഞാല്‍ എനിക്കെന്റെ വീട്ടുകാര്യങ്ങള്‍ നോക്കാന്‍ സമയം കിട്ടും''- അവര്‍ പറഞ്ഞു.
വനിതാവകാശങ്ങളുടെ കാര്യത്തില്‍ നല്ല പേര് കേള്‍പ്പിച്ചിട്ടില്ലാത്ത യമന്‍ പോലുള്ള ഒരു രാജ്യത്താണ് ഇത് നടക്കുന്നതെന്ന് ഓര്‍ക്കണം. വിപ്ലവം തുടങ്ങുന്ന സമയത്ത് സഹോദരനില്‍ സമ്മര്‍ദം ചെലുത്തി കര്‍മാനെ പിന്തിരിപ്പിക്കാമെന്നായിരുന്നു ഭരണകൂടം കണക്ക് കൂട്ടിയത്. സഹോദരന്‍ ഒരു കവി കൂടിയാണ്. ജീവന്‍ അപകടത്തിലാണെന്നറിഞ്ഞിട്ടും, സഹോദരിയെ പിന്തിരിപ്പിക്കാന്‍ കവി ഒന്ന് ശ്രമിക്കുക പോലുമുണ്ടായില്ല. യമനിലെ സര്‍വാധികാരിയുടെ വാക്കുകളെ കവി അവഗണിച്ചത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. കാരണം, യമനി സ്ത്രീകള്‍ ലജ്ജാവതികളായി ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരല്ല. ചരിത്രത്തില്‍ സ്ത്രീകള്‍ ഭരണാധികാരികളായ നാടാണ് യമന്‍. അവരില്‍ ഏറ്റവും പ്രശസ്തയാണല്ലോ ഷീബയിലെ രാജ്ഞി ബില്‍ക്കീസ്.
നവീന യുഗത്തില്‍ യമനീ സ്ത്രീകള്‍ വേണ്ടത്ര മികവ് കാണിച്ചില്ലെന്നത് നേരാണ്. പക്ഷേ, 2011-ല്‍ അവര്‍ വന്‍കുതിപ്പാണ് നടത്തിയിട്ടുള്ളത്. രാജ്യത്തുടനീളം അരങ്ങേറിയ പ്രക്ഷോഭങ്ങളില്‍ സ്ത്രീകളുടെ വന്‍നിരയെ എങ്ങും കാണാമായിരുന്നു. വനിതാ പ്രക്ഷോഭകര്‍ ഗവണ്‍മെന്റ് വാഹനങ്ങള്‍ക്ക് മുകളില്‍ കയറിപ്പറ്റുന്നതും ജലപീരങ്കികളെയും ബുള്ളറ്റുകളെയും അഭിമുഖീകരിക്കുന്നതും നാം കണ്ടു. രാപ്പകലില്ലാതെ ഫീല്‍ഡ് ആശുപത്രികള്‍ നടത്തിക്കൊണ്ടിരുന്നത് അവരാണ്.
വനിതാവകാശ സമരങ്ങളെ ഇത്ര ശക്തിയോടെ മുന്നോട്ട് നയിച്ചിട്ടും, കര്‍മാനെ വിമര്‍ശിക്കുന്നവര്‍ പ്രതിപക്ഷ മുന്നണിയില്‍ തന്നെയുണ്ട് എന്നതാണ് സത്യം. മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമുള്ള ഇസ്‌ലാഹ് പാര്‍ട്ടിയുടെ അംഗമാണ് കര്‍മാന്‍ എന്നതാണ് വിമര്‍ശന ഹേതു. പല യുവാക്കള്‍ക്കും ലിബറലുകള്‍ക്കും ഇതില്‍ അസ്‌ക്യതയുണ്ട്. ബ്രദര്‍ഹുഡുമായി ബന്ധമുള്ളവരെല്ലാം 'കളങ്കിതര്‍' എന്ന മുദ്ര കുത്തുന്നത് ജനാധിപത്യ വിരുദ്ധമാണ് എന്നാണ് എന്റെ അഭിപ്രായം. പഴയ ഏകാധിപത്യ ഭരണകൂടങ്ങളാണ് അറബ് ലോകത്തുടനീളം ഇങ്ങനെയൊരു ധാരണ സൃഷ്ടിച്ചത്. എന്നാല്‍ കര്‍മാന്റെ വ്യക്തിത്വവും പ്രവര്‍ത്തന മണ്ഡലവും അറിയുന്നവര്‍ ഇങ്ങനെ മുദ്ര ചാര്‍ത്തുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കാതിരിക്കില്ല. ഇക്കാര്യം നൊബേല്‍ കമ്മിറ്റി ചെയര്‍മാന്‍ തോര്‍ബോണ്‍ ജഗ്‌ലന്റ് മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതേണ്ടത്. അദ്ദേഹം പറഞ്ഞു: ''ഇത്തരം പ്രസ്ഥാനങ്ങള്‍ (ബ്രദര്‍ ഹുഡ് പോലുള്ളവ) പ്രശ്‌നപരിഹാരത്തിന് വളരെ പ്രധാനമാണെന്നതിന്റെ ഒട്ടനവധി സൂചനകളാണ് ലഭിക്കുന്നത്.''
വിപ്ലവത്തിന്റെ മാതാവ്
തവക്കുല്‍ കര്‍മാന്റെ പുരസ്‌കാരലബ്ധി യമനികളെ അഭിമാനപുളകിതരാക്കിയെന്നതില്‍ തര്‍ക്കമില്ല. സ്വാലിഹിന്റെ ഏകാധിപത്യ ഭരണകൂടം പോലും കര്‍മാനെ അഭിനന്ദിച്ചുകഴിഞ്ഞു. അഭിനന്ദനക്കുറിപ്പില്‍ അവര്‍ ഒരു കാര്യം കൂടി പറഞ്ഞു: സ്വാലിഹ് ഉണ്ടായിരുന്നില്ലെങ്കില്‍ സമ്മാനം കിട്ടുമായിരുന്നില്ല! ഒരര്‍ഥത്തില്‍ അത് ശരിയുമാണല്ലോ.
അതെ, ഇത് യമന്‍ വിപ്ലവത്തിനുള്ള പുരസ്‌കാരമാണ്. 2011-ലെ അവരുടെ സഹനസമരത്തിനും ഇഛാശക്തിക്കുമുള്ള അംഗീകാരം. ചേഞ്ച് സ്‌ക്വയറില്‍ വെള്ളിയാഴ്ച വൈകുന്നേരം കര്‍മാനും അവരുടെ പുരസ്‌കാര ലബ്ധിയും നന്നായി ആഘോഷിക്കപ്പെട്ടു. ''മാറ്റം ആവശ്യപ്പെട്ട എല്ലാ യമനികള്‍ക്കും എല്ലാ അറബികള്‍ക്കുമുള്ള സമ്മാനമാണിത്'' കര്‍മാന്‍ ജനക്കൂട്ടത്തോട് പറഞ്ഞു. ''തവക്കുല്‍ കര്‍മാന്‍ എന്ന വ്യക്തിക്കല്ല ഈ അവാര്‍ഡ്.സമാധാന സമരത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ഈ മഹദ് ദേശത്തിന്റെ പുത്രി എന്ന നിലക്കാണ് അത് എന്നിലേക്ക് വന്നുചേര്‍ന്നിരിക്കുന്നത്. ലോകം മുമ്പൊരിക്കലും ദര്‍ശിച്ചിട്ടില്ലാത്ത ഒരു സമരത്തിന് അന്താരാഷ്ട്ര സമൂഹം നല്‍കുന്ന അംഗീകാരമാണിത്.'' ഈ പ്രസ്താവത്തിന് ഒരു യമനിയും എതിര് പറയുമെന്ന് കരുതുന്നില്ല. തല ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ക്ക് കരുത്ത് നല്‍കിയ സംഭവമാണിത്.
കര്‍മാന്‍, വിപ്ലവത്തിന്റെ മാതാവേ, അങ്ങേക്ക് അഭിവാദ്യങ്ങള്‍.
(യമന്‍ വംശജനായ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനാണ് ലേഖകന്‍. ലേഖനം പ്രസിദ്ധീകരിച്ചത് അല്‍ജസീറ നെറ്റില്‍)
സമാധാന നൊബേലിന്റെ ലൈബീരിയന്‍ സ്പര്‍ശം
യമന്‍ മനുഷ്യാവകാശ പ്രവര്‍ത്തക തവക്കുല്‍ കര്‍മാനോടൊപ്പം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ട വനിതകളാണ് ലൈബീരിയന്‍ പ്രസിഡന്റ് എല്ലെന്‍ ജോണ്‍സണ്‍. സന്‍ലീഫും ലൈബീരിയയിലെ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തക ലെയ്മ റോബര്‍ട്ട് ബോവിയും. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട, ആഫ്രിക്കയിലെ ആദ്യത്തെ വനിതാ പ്രസിഡന്റു കൂടിയാണ് എഴുപത്തിരണ്ടുകാരിയായ എല്ലെന്‍ ജോണ്‍സണ്‍. പതിനാല് വര്‍ഷത്തെ ആഭ്യന്തര കലാപത്തിന് ശേഷം 2005-ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എല്ലെന്‍ എഴുപതുകളില്‍ ധനമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വനിതകളുടെ അവകാശ സംരക്ഷത്തിന് വേണ്ടിയുള്ള അക്രമരഹിത പോരാട്ടത്തെ മുന്‍നിര്‍ത്തിയാണ് നൊബേല്‍ പുരസ്‌കാരത്തിന് ഇവര്‍ അര്‍ഹയായത്. ലൈബീരിയയില്‍ നിന്ന് തന്നെയുള്ള സമാധാന പ്രവര്‍ത്തകയാണ് ലെയ്മ റോബര്‍ട്ട് ബോവി. ലൈബീരിയയിലെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയാണ് ലെയ്മ. വുമണ്‍ ഓഫ് ലൈബീരിയ മാസ് ആക്ഷന്‍ ഫോര്‍ പീസ് എന്ന സന്നദ്ധ സംഘടനക്ക് രൂപം നല്‍കി. ആഭ്യന്തര കലാപകാലത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് സജീവമായി രംഗത്തുണ്ടായിരുന്നു. ലൈബീരിയയിലെ ആഭ്യന്തര കലാപങ്ങള്‍ക്ക് അറുതിവരുത്തുന്നതില്‍ ലെയ്മയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്.
Comments