Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 22

പ്രഥമ പരിഗണന മദ്യവിപത്തിനെതിരെയുള്ള മുന്നേറ്റമാവണം

മലപ്പുറം ജില്ലയില്‍ മദ്യാസക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 49.16 ലക്ഷം രൂപയുടെ വര്‍ധനവാണ് മദ്യപാനത്തിലുണ്ടായത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളായ തിരൂരും പൊന്നാനിയുമാണത്രെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ അടിച്ചെടുത്ത് കള്ള്കുടിയില്‍ മുന്നേറിയിരിക്കുന്നത്! സാമുദായിക വിലക്കുകള്‍ ഏറെയുണ്ടായിട്ടും മദ്യാസക്തിയുടെ കാര്യത്തില്‍ ജില്ലയില്‍ സമുദായങ്ങള്‍ തമ്മില്‍ കാര്യമായ അന്തരമില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മദ്യം തിന്മകളുടെ മാതാവെന്ന മതാധ്യാപനത്തിലൂടെ, ഈ സാമൂഹിക വിപത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ രംഗത്തുവന്ന ദര്‍ശനമാണിസ്‌ലാം. മതബോധവും ദൈവിക സ്മരണയും അതിന്റെ അന്തസ്സത്തയോടെ മുസ്‌ലിം മനസ്സുകളെ സ്വാധീനിച്ചിരുന്ന പോയകാലങ്ങളില്‍ മദ്യപരുടെ എണ്ണം ഈ സമുദായത്തില്‍ നാമമാത്രമായിരുന്നു. എന്നാല്‍ ജീവിതം ആസ്വദിക്കാനുള്ളതാണെന്ന ഉപഭോഗസംസ്‌കാരത്തിന്റെ സ്വാധീനം മുസ്‌ലിം സമൂഹത്തിലേക്കും 'മതേതര'മായി പടര്‍ന്നു കയറിയപ്പോള്‍, കുടിച്ചു മദിച്ചുല്ലസിക്കുന്നവരുടെ കൂടെ അണിചേരുന്നതില്‍ മുസ്‌ലിംകളും മത്സരിച്ചുകൊണ്ടിരിക്കുന്ന അപകടാവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഫലമോ? കുറ്റകൃത്യങ്ങളില്‍ സമുദായത്തിന്റെ പ്രാതിനിധ്യം ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. ആത്മഹത്യയുടെ കാര്യത്തില്‍ മാത്രമാണ് മുസ്‌ലിം സമൂഹത്തില്‍ പിന്നാക്കാവസ്ഥയുള്ളത്. സകലമാന കുറ്റകൃത്യങ്ങളിലെയും മുഖ്യവില്ലന്‍ മദ്യമാകയാല്‍ മദ്യാസക്തിയില്‍ നിന്ന് സമൂഹത്തെ കരകയറ്റാനുള്ള തീവ്രയത്‌നമാണ് മുസ്‌ലിം സംഘടനകള്‍ക്ക് അടിയന്തരമായി നിര്‍വഹിക്കാനുള്ള മതപരവും ധാര്‍മികവുമായ ദൗത്യം എന്ന് എത്രയും വേഗം തിരിച്ചറിയേണ്ടിയിരിക്കുന്നു. മദ്യ ഉപയോഗം ജില്ലയിലെ ഏറ്റവും വലിയ സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനാ ക്രമം പരിശോധിക്കപ്പെടുമ്പോള്‍ മദ്യ-മയക്കുമരുന്നുകള്‍ക്കെതിരെ യുദ്ധ കാലാടിസ്ഥാനത്തിലുള്ള മുന്നേറ്റം സാഹചര്യത്തിന്റെ അനിവാര്യ താല്‍പര്യമായി മാറിയിരിക്കുന്നു.
ലഹരിയില്‍ മുങ്ങിത്താഴുന്നവര്‍ താളം തെറ്റിയ മനസ്സും നിലത്തുറക്കാത്ത കാലുകളുമായി അരങ്ങ് തകര്‍ക്കുമ്പോള്‍, ഏത് മുസ്‌ലിം സംഘടനക്കാണ് അത്തരമൊരു വിഭാഗത്തോട് തൗഹീദും രിസാലത്തും ആഖിറത്തും പറയാനാവുക? മൂല്യങ്ങളെക്കുറിച്ചും നിഷിദ്ധങ്ങളെക്കുറിച്ചുമുള്ള ബോധവത്കരണ യത്‌നങ്ങള്‍ എന്തുമാത്രം ആത്മാര്‍ഥമായി നടത്തപ്പെട്ടാലും അത് നിഷ്ഫലവും ജലരേഖയുമായി മാറുമെന്ന തിരിച്ചറിവ് നമുക്ക് കൈവരാതെ പോവുന്നത് എന്തുമാത്രം നിര്‍ഭാഗ്യകരമാണ്!
റഹ്മാന്‍ മധുരക്കുഴി

 

അര്‍ഥ സമ്പുഷ്ടമായ കവിതകള്‍
സെപ്റ്റംബര്‍ 17-ലെ 'സ്ലേറ്റ്' പംക്തിയില്‍ വന്ന കെ. ഷാന്‍ അഹ്മദ് അയിരൂരിന്റെ 'സമകാലികം' എന്ന കവിതയും ലബീബ എ. റഹീമിന്റെ 'ഉമ്മ' എന്ന കവിതയും നന്നായിരുന്നു. വര്‍ത്തമാനകാല ജീര്‍ണതകളെപ്പറ്റിയാണ് 'സമകാലികം' എന്ന കവിത പറയുന്നതെങ്കില്‍, വാര്‍ധക്യത്തിന്റെ തണല്‍ ഇടവഴിയിലിട്ടേച്ച് പോകേണ്ട ഒന്നല്ലെന്ന് 'ഉമ്മ' എന്ന കവിതയും വിളിച്ചോതുന്നു. എഴുത്തുകാര്‍ക്കും പ്രബോധനത്തിനും ഭാവുകങ്ങള്‍.
ശ്രീനിലയം സുകുമാര രാജ

 

ശക്തമായ താക്കീതായിരുന്നു
'ജനപ്പെരുപ്പമാണോ പ്രശ്‌നം?' എന്ന മുഖക്കുറിപ്പ് (ലക്കം 18), ക്ഷേമവകുപ്പിനുള്ള ശക്തമായ താക്കീതാണ്. ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധവും തിരുസുന്നത്തിനെതിരും ആണ്. എന്നിട്ടും സാമൂഹിക ക്ഷേമത്തോട് അതീവ താല്‍പര്യം കാണിക്കുന്നതിന് പിന്നിലെ സത്യമെന്താണെന്ന് ജസ്റ്റിസ് പുറത്ത് പറയണം. ജനങ്ങളാണ് വികസനത്തിന്റെ ശില്‍പികള്‍. എന്നിട്ടും  രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാവുന്നത് ക്രിമിനല്‍ കുറ്റമാകുന്നതെങ്ങനെ?
കെ.സി കരിങ്ങനാട്,
അല്‍ജാമിഅ ശാന്തപുരം


കുടുംബത്തിന്റെ വില
ഇസ്‌ലാമില്‍ 'കുടുംബം' എന്ന ആശയത്തിന്റെ വ്യാപ്തിയും പുതുതലമുറയിലെ കാഴ്ചപ്പാടും വിശദമാക്കിയ ലേഖനം (ലക്കം 17), മുസ്‌ലിം സമൂഹത്തിന്റെ സമഗ്രോന്നമനം ആരംഭിക്കുന്നത് കുടുംബത്തില്‍ നിന്നാണെന്ന യാഥാര്‍ഥ്യം ഉറക്കെ പറയുന്നതായിരുന്നു. നഷ്ടപ്പെടുന്ന മാനവ മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ കുടുംബങ്ങളില്‍ നിന്ന് സാധിക്കണം. അണുകുടുംബമായി ജീവിക്കുന്നതിന്റെ ആധികള്‍ പാശ്ചാത്യരോടൊപ്പം നമ്മളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
മുബീന ഷഫീഖ് താനാളൂര്‍, തിരൂര്‍

 


നടന്നുതീരാത്ത വഴികളില്‍
ഒക്‌ടോബര്‍ ഒന്നിലെ (ലക്കം 17) 'നടന്നുതീരാത്ത വഴികളില്‍' ഇസ്‌ലാമിക പ്രസ്ഥാനത്തെ പരിചയപ്പെടാനുപകരിക്കുന്ന സമ്മേളനങ്ങളെ പരാമര്‍ശിച്ചത് വായിച്ചു. അനുബന്ധമായി ചിലത് കുറിക്കട്ടെ. തിരൂരില്‍ വെച്ച് ചേര്‍ന്ന മധ്യമേഖല സമ്മേളനത്തില്‍ സ്വാമികള്‍ കേള്‍പ്പിച്ച കവിതക്ക് പുറമെ ഒരു പ്രധാന കാര്യം ഊന്നിപ്പറഞ്ഞത് ഓര്‍ക്കുന്നു. അത് ഇപ്രകാരം സംഗ്രഹിക്കാം:
''മതവും ശാസ്ത്രവും സമന്വയിപ്പിച്ച് കൊണ്ടുപോകണം. മതക്കാര്‍ ശാസ്ത്രത്തെയും ശാസ്ത്രം മതത്തെയും തള്ളിപ്പറയാന്‍ പാടില്ല. ശാസ്ത്രത്തിന്റെ പുരോഗതി കൊണ്ട് എനിക്ക് പാലക്കാട് നിന്ന് തിരൂരിലേക്ക് വരാന്‍ കാര്‍ ഉപകരിച്ചു. കാര്‍ ലഭിച്ചിട്ടെന്ത് കാര്യം, ഡ്രൈവര്‍ മദ്യപാനിയാണെങ്കിലോ? മദ്യപിക്കരുത് എന്ന് പറയാന്‍ മതവും വേണം. അത് ഒരു ഉദാഹരണം സഹിതം വിവരിക്കാം. ഒരു മധ്യവയസ്‌കന് വൃദ്ധയായ ഭാര്യയും ഒരു യുവതിയായ ഭാര്യയും ഉണ്ടെന്ന് വെക്കുക. യുവതിയായ ഭാര്യ ഭര്‍ത്താവിന്റെ നരച്ച മുടിയും വൃദ്ധയായ ഭാര്യ കറുത്ത മുടിയും പറിച്ചുകളഞ്ഞു. ഇപ്പോള്‍ എന്തു സംഭവിച്ചു? തല മൊട്ടയടിച്ചപോലെ.''
ലേഖനത്തില്‍ ചിലയിടത്ത് മോഡേണ്‍ ഏജ് സൊസൈറ്റി എന്നെഴുതി കണ്ടു. അത് ശരിയല്ല. 'ഇസ്‌ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി' എന്നാണ് ശരി. ഇന്ത്യന്‍ രാഷ്ട്രപതി വി.വി ഗിരി ചികിത്സക്ക് വേണ്ടി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ വന്നപ്പോള്‍ ഇസ്‌ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി ഭാരവാഹികള്‍ ഏകസിവില്‍കോഡ് നടപ്പാക്കാന്‍ വേണ്ടി ചേകനൂര്‍ മൗലവിയുടെ നേതൃത്വത്തില്‍ ഒരു മെമ്മോറാണ്ടം കൊടുത്തു. അതില്‍ ഏക ഭാര്യ പ്രശ്‌നം ഊന്നിപ്പറഞ്ഞിരുന്നു. തുടര്‍ന്നാണ് ചേകനൂര്‍ മൗലവി പറവണ്ണയില്‍ നിന്ന് രണ്ടാം വിവാഹം നടത്തിയത്. ലേഖനത്തിലെ മറ്റൊരു പരാമര്‍ശം ഇങ്ങനെ: ''1972 ആഗസ്റ്റ് 21 -ന് കോഴിക്കോട്ട് സംഘടിപ്പിച്ച ശ്രദ്ധേയമായ സിമ്പോസിയത്തില്‍ ഒ. അബ്ദുര്‍റഹ്മാനായിരുന്നു ജമാഅത്തിനെ പ്രതിനിധീകരിച്ചത്. എ.ആറിന്റെ ഇടപെടലിനെ 'ചരിത്രപരം' എന്നു തന്നെ വിശേഷിപ്പിക്കേണ്ടതുണ്ട്. മറുപക്ഷത്തിന് തന്നെ പരാജയം ബോധ്യപ്പെട്ട ഈ സമ്മേളനത്തിന് ശേഷം മോഡേണ്‍ ഏജ് സൊസൈറ്റിയെ കണ്ടതും കേട്ടതുമായ ഓര്‍മയില്ല.''
എന്നാല്‍, വസ്തുത ഇതു മാത്രമല്ല. മറ്റൊരു പശ്ചാത്തലവും കൂടിയുണ്ട്. ഇസ്‌ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി നിരീക്ഷണം മാസിക ഏറ്റെടുത്തതിനു ശേഷം ഓരോ ലക്കവും ഓരോ വിഷയങ്ങളായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്. സര്‍വമത സത്യവാദം, നാഷനലിസം, സെക്യുലരിസം, നാസിസം, ജമാഅത്തെ ഇസ്‌ലാമി. ഇത് അഞ്ചാമത്തെ ലക്കത്തിലായിരുന്നു. അതിന് പ്രബോധനം മാസികയില്‍ ഉചിതമായ മറുപടി കൊടുത്തതോടു കൂടി നിരീക്ഷണം മാസിക നിര്‍ത്തുകയാണ് ചെയ്തത്. മോഡേണ്‍ ഏജ് ഖബറടക്കപ്പെട്ടു.
കേരള ജംഇയ്യത്തുല്‍ ഉലമയുടെ കാര്യദര്‍ശിയും പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളേജ് പ്രിന്‍സിപ്പലുമായിരുന്ന എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി, മൗദൂദി സാഹിബിനെ തെറ്റു പറ്റാത്ത പരിശുദ്ധനായി ജമാഅത്ത് കാണുന്നു, ജമാഅത്ത് സാഹിത്യങ്ങള്‍ സത്യസമ്പൂര്‍ണമാണെന്ന് ജമാഅത്ത് വിശ്വസിക്കുന്നു, ഖുര്‍ആന് മൗദൂദി സാഹിബ് നല്‍കിയ വ്യാഖ്യാനമാണ് സ്വീകരിക്കേണ്ടത് എന്നിങ്ങനെ ഗുരുതരമായ മൂന്ന് ആരോപണങ്ങള്‍ ജമാഅത്തിനെതിരെ ഉന്നയിച്ച്  പൗരശക്തി ദിനപത്രത്തില്‍ എഴുതി. ഇതിന് മറുപടിയായി 1948-ലെ പ്രബോധനം പ്രതിപക്ഷ പത്രത്തില്‍ 'മൗലവിയും ജമാഅത്തിന് നേരെ' എന്ന ശീര്‍ഷകത്തില്‍ 18 പേജോളം വരുന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചതോടെ പ്രശ്‌നം തീര്‍ന്നു.
കെ.വി.ഒ അബ്ദുര്‍റഹ്മാന്‍ പറവണ്ണ

 

ലളിത വിവാഹ രീതികള്‍ തിരിച്ചുപിടിക്കണം
'ആ കാമ്പയിന്‍ നാമിനിയും നടത്തേണ്ടിവരും' (ലക്കം 17) എന്ന പ്രതികരണം ഏറെ പ്രസക്തമായി. പിന്നാക്ക ജില്ലയായ വയനാട്ടിലൊരിടത്ത് നടന്ന വിവാഹ മാമാങ്കത്തിന്റെ മദ്ഹ് പാടിപ്പുകഴ്ത്തുന്നത് കേട്ട് ആശ്ചര്യപ്പെട്ടുപോയി. നാലു ദിവസങ്ങളിലായി നടന്ന വിവാഹത്തിന്റെ ചെലവ് 2 കോടിയിലധികം വരുമത്രെ! ഇന്നത്തെ അഴിമതിക്കഥയുടെ സംഖ്യാ പെരുപ്പം പോലെ, വിവാഹച്ചെലവുകളും കോടികളിലാണിപ്പോള്‍ എത്തിനില്‍ക്കുന്നത്. ധൂര്‍ത്തും ദുര്‍വ്യയവും അരങ്ങുവാഴുന്ന ഇത്തരം വിവാഹാഭാസങ്ങള്‍ക്കെതിരെ കാമ്പയിനുകളും ബഹിഷ്‌കരണങ്ങളും പ്രഖ്യാപിച്ച് മുന്നിട്ടിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ജീര്‍ണതകളും ധൂര്‍ത്തും വെടിയണമെന്ന് സമൂഹത്തോട് ഉപദേശിക്കാന്‍ അര്‍ഹതപ്പെട്ടവര്‍ സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ എല്ലാം വിസ്മരിക്കുന്നു. ഇത്തരക്കാരുടെ എണ്ണം അനുദിനം പെരുകിക്കൊണ്ടിരിക്കുന്നു.
നൂറ് ശതമാനം മുസ്‌ലിം യാഥാസ്ഥിതിക പ്രദേശത്ത് ജീവിക്കുന്ന ഈ കുറിപ്പുകാരന്‍ വിവാഹത്തിന് ചെലവാക്കിയത് അയ്യായിരത്തില്‍ താഴെ രൂപയാണ്. പല എതിര്‍പ്പുകളും പരിഹാസങ്ങളും നേരിട്ടുവെങ്കിലും ലളിത വിവാഹത്തിന്റെ സുഖം അനുഭവിച്ചതിന്റെ സംതൃപ്തി പത്തുകൊല്ലത്തിനു ശേഷം ഇന്നും അനുഭവിക്കുന്നു. പരിപാവനമായ വിവാഹ കര്‍മങ്ങള്‍ പൊങ്ങച്ച പ്രകടനങ്ങള്‍ക്കായി ദുരുപയോഗിക്കുന്നവരില്‍ ഉല്‍പതിഷ്ണു-യാഥാസ്ഥിതിക, പണ്ഡിത-പാമര വ്യത്യാസങ്ങളൊന്നും കാണാനില്ല. ലളിത വിവാഹം മാതൃകയാക്കുന്നത് തീരെ ഇല്ലാതായി വരികയാണ്. ഈ സാഹചര്യത്തില്‍ ശക്തമായ കാമ്പയിനുകള്‍ക്ക് വേണ്ടി മുന്നിട്ടിറങ്ങാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.
അഫ്‌നാന്‍ ബിന്‍ കവ്വായി, ഒമാന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം