അന്നഹ്ദ ദേശീയ ഗവണ്‍മെന്റ് രൂപവത്കരിക്കും
തുനീഷ്യയില്‍ ഒക്‌ടോബര്‍ അവസാനം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്ദയുടെ ചെയര്‍മാന്‍ ശൈഖ് റാശിദുല്‍ ഗനൂശിയുമായി അശ്ശര്‍ഖുല്‍ ഔസത്ത് പത്രം നടത്തിയ അഭിമുഖം.
തെരഞ്ഞെടുപ്പില്‍ അന്നഹ്ദ നേരിടുന്ന പ്രധാന വെല്ലുവിളിയെന്താണ്?
തുനീഷ്യ നേരിടുന്ന പൊതുവായ വെല്ലുവിളി വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് സുതാര്യവും സംശുദ്ധവുമാക്കുക, സര്‍ക്കാര്‍ രൂപവത്കരിക്കുക, നിയമവ്യവസ്ഥ പുനഃസ്ഥാപിക്കുക എന്നതാണ്. തെരഞ്ഞെടുപ്പ് നടത്താനനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം.
രാഷ്ട്രീയംരഗത്തെ അവ്യക്തത ഇലക്ഷന്‍ രജിസ്‌ട്രേഷനില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോ?
തെരഞ്ഞെടുപ്പ് അടുത്തുവരുന്തോറും രജിസ്‌ട്രേഷന്‍ പ്രക്രിയക്ക് ഗതിവേഗം വര്‍ധിക്കുന്നുണ്ട്. എന്നാലും പ്രതീക്ഷിച്ച നിലവാരത്തിലേക്കുയര്‍ന്നിട്ടില്ല. തുനീഷ്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായമായ വോട്ടിംഗ് കൃത്രിമങ്ങള്‍ ഇതോടെ പിഴുതെറിയപ്പെടുമെന്നാണ് ജനത വിശ്വസിക്കുന്നത്.
തുനീഷ്യയിലെ പൊതുജനാഭിപ്രായം പലതരത്തിലാണ്. അന്നഹ്ദയില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കുന്നവരുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും സാംസ്‌കാരിക-ടൂറിസം മേഖലകളിലും പാര്‍ട്ടിയുടെ നയത്തെ ഏറെ ഭയപ്പെടുന്നവരുണ്ട്?
പുറത്താക്കപ്പെട്ട ബിന്‍ അലി രാഷ്ട്രത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി അന്നഹ്ദയെ താറടിച്ചുകാണിക്കാന്‍ നടത്തിയ ശ്രമത്തിന്റെ സ്വാധീനവലയത്തില്‍ അകപ്പെട്ടവരാണ് അന്നഹ്ദയെ ഭയപ്പെടുന്നത്. അന്നഹ്ദയുടെ നല്ലൊരു ശതമാനം പ്രവര്‍ത്തകര്‍ സ്ത്രീജനങ്ങളാണ്. പലരും ഉന്നത സ്ഥാനം അലങ്കരിക്കുന്നവര്‍. സാമൂഹിക പുരോഗതിയില്‍ സ്ത്രീക്ക് മഹത്തായ പങ്ക് വഹിക്കാനുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. ടൂറിസത്തിന് രാഷ്ട്രത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സുപ്രധാന പങ്കുണ്ട്. ഞങ്ങളുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ ടൂറിസത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിട്ടുണ്ട്.
നിങ്ങള്‍ അധികാരത്തിലെത്തിയാല്‍ ജനാധിപത്യത്തിന് തിരിച്ചടിയാവുമെന്ന അഭ്യൂഹം പരക്കുന്നുണ്ട്. സൈന്യം നിങ്ങളെ അംഗീകരിക്കുമോ?
തങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് സൈന്യം പലവുരു വ്യക്തമാക്കിയിട്ടുണ്ട്. ജനവികാരം സൈന്യം മാനിക്കുമെന്നാണ് പ്രതീക്ഷ. വിപ്ലവത്തെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്ത സൈന്യം അതട്ടിമറിക്കുകയോ?
പാര്‍ട്ടിയും പട്ടാളവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്?
സൈന്യം രാജ്യത്തിന്റെ സുരക്ഷക്കുവേണ്ടി ഉറക്കമൊഴിക്കുന്നവരാണ്. സൈന്യത്തിന്റെ പ്രവര്‍ത്തനം ആദരവോടെയാണ് ഞങ്ങള്‍ നോക്കിക്കാണുന്നത്.
ഇലക്ഷനോടെ പുതിയ വിപ്ലവം പൊട്ടിപ്പുറപ്പെട്ട് അത് സംഘട്ടനങ്ങള്‍ക്ക് വഴിമാറുമെന്ന രാഷ്ട്രീയ നിരീക്ഷണത്തെക്കുറിച്ച്?
തുനീഷ്യക്കാര്‍ തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നുവെന്നോ? എനിക്കറിയില്ല. തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടത് ജനങ്ങളാണ്. നേരത്തെ പറഞ്ഞ രാഷ്ട്രീയ നിരീക്ഷണത്തിന് ഒരടിസ്ഥാനവുമില്ല. തുനീഷ്യന്‍ വിപ്ലവം തികച്ചും സമാധാനപരമായിരുന്നു. പൗരന്മാര്‍ സമാധാനകാംക്ഷികളാണ്. സംഘട്ടനങ്ങള്‍ക്കും പകപോക്കലിനും അവിടെ സ്ഥാനമില്ല.
ഇലക്ഷന്‍ പ്രക്രിയ സമാധാനപരമായി നടന്നാല്‍ ഇടക്കാല സര്‍ക്കാര്‍ മുഴുവന്‍ അധികാരവും കൈയൊഴിയണമെന്നില്ല. എന്നല്ല, ചില വകുപ്പുകള്‍ ഇടക്കാല സര്‍ക്കാര്‍ കൈയടക്കുമെന്ന പ്രചാരണത്തെക്കുറിച്ച്?
ഇടക്കാല സര്‍ക്കാര്‍ ഇലക്ഷനോടെ അധികാരം കൈയൊഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ വാക്ക് പാലിക്കുമെന്ന് പ്രതീക്ഷിക്കുക. നിയമനിര്‍മാണസഭക്കാണ് പരമാധികാരം. നിലവിലെ സര്‍ക്കാറിനെ മുഴുവനായോ ഭാഗികമായോ നിലനിര്‍ത്താന്‍ സഭക്ക് അധികാരമുണ്ട്. ഞങ്ങള്‍ പലവുരു വ്യക്തമാക്കിയ പോലെ അന്നഹ്ദക്ക് ഭൂരിപക്ഷം ലഭിച്ച് സ്വതന്ത്ര സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞാല്‍ പോലും മറ്റു പാര്‍ട്ടികളെ കൂടെ നിര്‍ത്തി ദേശീയ ഗവണ്‍മെന്റ് രൂപവത്കരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുക.
വിപ്ലവാനന്തരം ക്രമസമാധാനം തകര്‍ന്നുവെന്ന ആരോപണം സത്യമോ അതോ വിപ്ലവത്തെ ഹൈജാക്ക് ചെയ്യാനുള്ള തല്‍പരകക്ഷികളുടെ ജല്‍പനങ്ങളോ?
ക്രമസമാധാന തകര്‍ച്ചക്കു പിന്നില്‍ തല്‍പരകക്ഷികളാണ്. വിപ്ലവം ഹൈജാക്ക് ചെയ്യലാണ് അവരുടെ ലക്ഷ്യം. ജനം ജാഗരൂകരാവണമെന്നും ഒരു തരത്തിലുള്ള സംഘട്ടനത്തിലേക്കും വഴുതിപോവരുതെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
പടിഞ്ഞാറ് അന്നഹ്ദയെ എങ്ങനെ കാണുന്നു? ഇലക്ഷനില്‍ പാര്‍ട്ടി വിജയിക്കുന്ന പക്ഷം പടിഞ്ഞാറിന്റെ നിലപാട് എന്തായിരിക്കും?
ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള പടിഞ്ഞാറിന്റെ സമീപനം സന്തുലിതമല്ല. മുല്ലപ്പൂ വിപ്ലവത്തോടെയും തുര്‍ക്കിയുടെ ജനാധിപത്യ പരീക്ഷണത്തോടെയും മിതവാദ ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള പടിഞ്ഞാറിന്റെ സമീപനത്തില്‍ മാറ്റമുണ്ട്. പടിഞ്ഞാറടക്കമുള്ള നയതന്ത്ര പ്രതിനിധികളെ ഞങ്ങള്‍ കണ്ടിരുന്നു. അന്നഹ്ദയുടെ വലുപ്പവും ഇലക്ഷനാനന്തര തുനീഷ്യയില്‍ അന്നഹ്ദക്കുള്ള സുപ്രധാന റോളും പടിഞ്ഞാറിന്നറിയാം.
തുനീഷ്യന്‍ തെരുവുകളിലെ പൂര്‍ണ പര്‍ദാധാരിണികളുടെ സാന്നിധ്യം, പര്‍ദ കൈയൊഴിച്ചവരോട് വീട്ടില്‍ ഒതുങ്ങിക്കൂടാനുള്ള മുറവിളി- ഇതൊക്കെ പ്രസിഡന്റ് ബൂറഖീബയുടെ കാലം മുതല്‍ സ്ത്രീവിമോചനത്തിനായി നിലകൊണ്ടവരെ വിറളി പിടിപ്പിക്കില്ലേ?
ഞാനും ഇപ്പോള്‍ തുനീഷ്യയിലാണല്ലോ താമസം. നിങ്ങള്‍ ആരോപിച്ച തരത്തിലുള്ള ഒന്നും ഞാന്‍ കേള്‍ക്കുകയോ കാണുകയോ ചെയ്തിട്ടില്ല. പര്‍ദയും താടിയുമൊക്കെ മുസ്‌ലിം സമൂഹത്തില്‍ കണ്ടില്ലെങ്കിലാണത്ഭുതം. നിഖാബ് ധാരിണികള്‍ പര്‍ദാധാരിണികളെ അപേക്ഷിച്ച് വളരെ കുറവാണ്. അഴിച്ചിട്ട് നടക്കുന്നവരും വിരളം. തുനീഷ്യന്‍ വനിതക്ക് അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാം. മുന്‍ ഭരണാധികാരികളെപോലെ ശക്തിയുപയോഗിച്ച് ഹിജാബ് അഴിക്കാനോ അണിയിക്കാനോ ഞങ്ങള്‍ ആളല്ല. അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.
അന്നഹ്ദയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച്?
പ്രവര്‍ത്തകരുടെ സംഭാവനകളും വരിസംഖ്യയുമാണ് പാര്‍ട്ടിയുടെ ഫണ്ട്. മറിച്ച് ആരോപിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെ. രാജ്യത്തെ പ്രബല പാര്‍ട്ടിയാണ് അന്നഹ്ദ.
രാഷ്ട്രീയ രംഗത്ത് നിന്ന് വൈകാതെ വിടവാങ്ങുമെന്ന് താങ്കള്‍ പറഞ്ഞിരുന്നുവല്ലോ. പാര്‍ട്ടിയില്‍ താങ്കള്‍ ഒരു പ്രതീകമായി നിലകൊള്ളുന്നതു കൊണ്ടല്ലേ ഈ ശക്തിയും അംഗീകാരവും. താങ്കളുടെ വിരമിക്കലും പുതുമുഖങ്ങളുടെ അരങ്ങേറ്റവും പാര്‍ട്ടിയെ പിറകോട്ടടിപ്പിക്കില്ലേ?
അന്നഹ്ദ പതിറ്റാണ്ടിന്റെ പോരാട്ട ചരിത്രമുള്ള ഒരു ആദര്‍ശ പ്രസ്ഥാനമാണ്. പാര്‍ട്ടി നേതൃത്വത്തിലുള്ളവര്‍ പുതുമുഖങ്ങളല്ല. ഉസ്താദ് അലി ഉറൈദ്, ഹമാദ് അല്‍ജിബാലിയെപ്പോലുള്ളവര്‍ അറിയപ്പെടുന്നവരും പാര്‍ട്ടിയെ നയിച്ച് പരിചയമുള്ളവരുമാണ്. ഭാവി നേതൃത്വത്തെക്കുറിച്ച ആശങ്കക്കടിസ്ഥാനമില്ല. ശൂറാടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. കൂട്ടായ്മയാണ് അതിന്റെ ശക്തി. ഏതെങ്കിലും ശൈഖിന് ചുറ്റും കറങ്ങുന്നതല്ല ഈ പാര്‍ട്ടി. അന്നഹ്ദ ഏകവ്യക്തിയായിരുന്നുവെങ്കില്‍ അതെന്നോ ചരമമടഞ്ഞേനെ. മൂന്നു പതിറ്റാണ്ടിന്റെ അടിച്ചമര്‍ത്തലിനു ശേഷവും പാര്‍ട്ടി നിലനില്‍ക്കുന്നത് പാര്‍ട്ടിയുടെ ഘടനാവിശേഷം കൊണ്ടാണ്.
വിവ: മുഹമ്മദലി ശാന്തപുരം
Comments