ദരിദ്ര കോടികള്‍ക്കൊരു 'സൂപ്പര്‍' കാര്‍ഡ്
പലവിധ ആവശ്യങ്ങള്‍ക്കായി ദേശാനടപ്പക്ഷികള്‍ക്കും വന്യമൃഗങ്ങള്‍ക്കും റേഡിയോകോളര്‍ ഘടിപ്പിക്കാറുണ്ട്. ഈയിടെ അേരിക്കയിലെ ഏതാനും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അത്തരമൊന്ന് പരീക്ഷിക്കുകയുണ്ടായി. അപ്പോള്‍ രാജ്യത്താകമാനം അതിനെതിരെ വന്‍ പ്രതിഷേധം ഉയരുകയുണ്ടായി. സുതാര്യവും അതാര്യവുമായ ചരടുകളുപയോഗിച്ച് പൗരന്മാരെ സദാ നിരീക്ഷണത്തിലാക്കുന്ന ഇത്തരമൊരു പദ്ധതി അതിവേഗം നമ്മുടെ നാട്ടിലും പുരോഗമിക്കുകയാണ്. രാജ്യത്തെ ഒരു തുറന്ന ജയില്‍ കണക്കെ നിരീക്ഷണ കാമറകള്‍ക്കകത്താക്കുന്ന ഒരു പദ്ധതി. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അവരെ തിരിച്ചറിയാന്‍ ഉപകരിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്ന ആധാര്‍ പദ്ധതിയാണത്. യൂണിക് ഐഡന്റിറ്റി എന്നും ഇത് അറിയപ്പെടുന്നു. കേന്ദ്ര ആസൂത്രണ ബോര്‍ഡിന്റെ കീഴില്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കി വരുന്ന പദ്ധതി യൂണിക് ഐഡന്റിറ്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ)യാണ് നടപ്പിലാക്കുന്നത്. 2009 ആഗസ്റ്റില്‍ മുന്‍ ഇന്‍ഫോസിസ് ചെയര്‍മാനായ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലാണ് യു.ഐ.ഡി അതോറിറ്റി പ്രവര്‍ത്തിച്ചു തുടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ ഇദ്ദേഹത്തിന് കാബിനറ്റ് റാങ്ക് നല്‍കി ഇതിനായി നിയോഗിക്കുകയായിരുന്നു.
2010 സെപ്റ്റംബര്‍ 29-ന് മഹാരാഷ്ട്രയിലെ നന്ദര്‍ബാര്‍ ജില്ലയിലെ തെംപാലി പട്ടികവര്‍ഗ ഗ്രാമത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയും സംയുക്തമായാണ് പദ്ധതിയുടെ ദേശീയതല ഉദ്്ഘാടനം നിര്‍വ്വഹിച്ചത്.
2011 ഫെബ്രുവരി 24-ന് യു.ഐ.ഡിയുടെ കേരളത്തിലെ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. കേരളത്തില്‍ അക്ഷയ, കെല്‍ട്രോണ്‍, ഐ.ടി.അറ്റ് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളാണ് ആധാറിന് വേണ്ട വിവരശേഖരണം നടത്താന്‍ ചുമതലപ്പെടുത്തപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ അനുബന്ധമായി 'സമ്പൂര്‍ണ' എന്ന പേരില്‍ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്.
ഓരോ പ്രദേശത്തും വിവരശേഖരണത്തിന് സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സിയില്‍ എത്തുന്ന വ്യക്തി അയാളെ സംബന്ധിച്ച എല്ലാ ഔദ്യോഗിക രേഖകളും ഏജന്‍സിയെ ബോധ്യപ്പെടുത്തി കൈവിരലുകളുടെയും കണ്‍പടലത്തിന്റെയും സ്‌കാനിംഗും ഫോട്ടോയും കൈമാറുമ്പോള്‍ ഈ വിവരങ്ങള്‍ സ്ഥാപനം ന്യൂദല്‍ഹിയിലെ സി.ഐ.ഡി.ആര്‍ സര്‍വറിലേക്ക് അയക്കുന്നു. അപ്പോള്‍ 12 അക്ക നമ്പര്‍ ജനറേറ്റ് ചെയ്യപ്പെടുകയും അതു പൗരന്മാര്‍ക്ക് തപാല്‍ മുഖേന അയക്കുകയുമാണ് ചെയ്യുന്നത്.
വ്യക്തിഗത വിവരങ്ങള്‍ക്ക് പുറമെ കൈവിരലുകളുടെ രേഖാചിത്രം, കണ്ണിന്റെ നേത്രപടല സ്‌കാന്‍ എന്നീ ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നുണ്ട്. 12 അക്ക നമ്പറില്‍ നിന്ന് ഒരു വ്യക്തിയുടെ പൂര്‍ണ വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നതാണ് ആധാറിന്റെ സവിശേഷതയായി പറയപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നിലപാടുകള്‍ ഇങ്ങനെ സംഗ്രഹിക്കാം:
- നുഴഞ്ഞുകയറ്റക്കാരെയും അനധികൃത കുടിയേറ്റക്കാരെയും കണ്ടെത്താന്‍ സാധിക്കും.
- ഇന്ത്യയിലെവിടെയും സ്വീകാര്യമായ ഏകീകൃത തിരിച്ചറിയല്‍ രേഖയായിരിക്കും ഇത്.
- വിവിധോദ്ദേശ്യ കാര്‍ഡായതിനാല്‍ ബാങ്കിംഗ്, വാഹനം, വസ്തു, ആരോഗ്യം എന്നിങ്ങനെ സമസ്ത ആവശ്യങ്ങള്‍ക്കും പ്രയോജനപ്പെടുത്താം.
കോടിക്കണക്കിന് ദരിദ്രര്‍ക്ക് സര്‍ക്കാറുകളുടെ ആനുകൂല്യങ്ങള്‍ ഉറപ്പു വരുത്താനാകുമെന്നാണ് ഇതിന്റെ പ്രധാന ഗുണമായി പറയപ്പെടുന്നത്. പലവിധ കുപ്പായങ്ങളണിഞ്ഞ 'കൊള്ളക്കാര്‍' ദരിദ്രരെ ചൂഷണം ചെയ്യുന്നത് തടയലാണ് ഇതിന്റെ മുഖ്യോദ്ദേശ്യം എന്ന് ചുരുക്കം.
യാഥാര്‍ഥ്യമെന്ത്?
സാധാരണക്കാരനായ ഒരാളുടെ കൈയില്‍ നിലവില്‍ തിരിച്ചറിയല്‍ കാര്‍ഡുകളുടെ ഒരു വന്‍നിര തന്നെയുണ്ട്. തിരിച്ചറിയപ്പെടാത്തതു കൊണ്ടല്ല ആനുകൂല്യങ്ങളും അവകാശങ്ങളും തട്ടിയെടുക്കപ്പെടുന്നത് എന്നര്‍ഥം. ആള്‍മാറാട്ടത്തിലൂടെ തട്ടിയെടുക്കപ്പെടുന്നത് ഭീഷണിയിലൂടെയും പ്രീണനങ്ങളിലൂടെയും മറ്റും കവര്‍ന്നെടുക്കപ്പെടുന്നതിനേക്കാള്‍ തുലോം തുച്ഛമാണ്. കോടികള്‍ ഖജനാവില്‍ നിന്ന് ചോരുന്നത് കമ്മീഷനെന്ന ഓമനപ്പേരിലാണ്. 2ജിയും കോമണ്‍വെല്‍ത്തും തുടങ്ങി വാര്‍ഡ് തലംവരെ അഴിമതി വികേന്ദ്രീകരിക്കപ്പെട്ട നാട്ടില്‍ ഈ വ്യാധി തടയാന്‍ ആധാര്‍ കാര്‍ഡ് മതിയെന്നത് അതിശയോക്തിയില്‍ കവിഞ്ഞ ഒന്നുമല്ല.
യു.ഐ.ഡി നമ്പര്‍ വ്യക്തികളെ തിരിച്ചറിയാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും ആനുകൂല്യങ്ങളും മറ്റും ഉറപ്പു വരുത്തേണ്ടത് നിലവിലുള്ള ഏജന്‍സികള്‍ തന്നെയാണെന്നും യു.ഐ.ഡി വിശദീകരിച്ചിട്ടുണ്ട്. ഫലത്തില്‍ വ്യക്തിയെ തിരിച്ചറിയാന്‍ ഒരു കാര്‍ഡും, ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ മറ്റൊരു കാര്‍ഡും എന്നാവാം. പാസ്‌പോര്‍ട്ട്, ഇലക്ഷന്‍ ഐഡന്റിറ്റി, റേഷന്‍ കാര്‍ഡ്, ഇ.എസ്.ഐ കാര്‍ഡ്, ഡ്രൈവിംഗ് കാര്‍ഡ്, എ.ടി.എം കാര്‍ഡ്, എക്‌സ് മിലിട്ടറി കാര്‍ഡ്, സ്വാതന്ത്ര്യസമര സേനാനി കാര്‍ഡ് തുടങ്ങി ഡസനിലധികം കാര്‍ഡുകളുടെ ഒരു കിറ്റുതന്നെ മിക്കവരുടെയും കൈവശമുണ്ട്.
പരമപ്രധാനമായ പാസ്‌പോര്‍ട്ടുപോലും കുറ്റമറ്റ രൂപത്തില്‍ പൗരന്മാര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയാത്ത സര്‍ക്കാറാണ് നൂറുകോടിയില്‍ പരം വരുന്ന ആളുകള്‍ക്ക് തികച്ചും നൂതനമായൊരു 'സൂപ്പര്‍' കാര്‍ഡ് നല്‍കുമെന്ന് വാഗ്ദാനം നല്‍കുന്നത്. ഇ.എസ്.ഐ അടക്കം പല കാര്‍ഡുകളും നല്‍കിയെന്നല്ലാതെ അനുബന്ധ സജ്ജീകരണങ്ങള്‍ സ്ഥാപനങ്ങളില്‍ ഇപ്പോഴും ഏര്‍പ്പെടുത്തിയിട്ടില്ല. രജിസ്റ്ററുകളിലാണ് ഇപ്പോഴും കാര്യങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇതു പോലും കുറ്റമറ്റ രീതിയില്‍ സംവിധാനിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ഇന്ത്യയിലെ മുഴുവന്‍ റേഷന്‍കടകളിലും തൊഴിലുറപ്പു പദ്ധതി കേന്ദ്രങ്ങളിലും പഞ്ചായത്തുകളിലും എന്ന് തുടങ്ങി ലക്ഷക്കണക്കിന് കേന്ദ്രങ്ങളില്‍ വിരലടയാള പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് പറയുന്നത്. പൗരന്മാര്‍ അവരുടെ ആവശ്യങ്ങളുമായി ഓഫീസുകളെ സമീപിക്കുമ്പോള്‍ യു.ഐ.ഡി. നമ്പറുമായി ഒത്തു നോക്കി വന്നിരിക്കുന്നത് യഥാര്‍ഥ അവകാശി തന്നെയോ എന്ന് തീര്‍പ്പു കല്‍പിക്കും.
അവിടങ്ങളിലൊക്കെയും മുഴു സമയ വൈദ്യുതി ലഭ്യതയും ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ടാവേണ്ടതുണ്ട്. വൈദ്യുതി കിട്ടാക്കനിയായ ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും ഇതൊക്കെയും കേവല സാധ്യതകള്‍ മാത്രം.
ഇതിനായി കോടിക്കണക്കിന് രൂപ വകയിരുത്തുന്നതും അനുബന്ധസൗകര്യങ്ങള്‍ ഒരുക്കുന്നതും രാജ്യത്തിന് വന്‍സാമ്പത്തിക ബാധ്യതയുണ്ടാക്കും. ക്ഷേമപദ്ധതികളും പൗരന്മാരുടെ ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കാന്‍ ഇത് സര്‍ക്കാറുകളെ നിര്‍ബന്ധിതരാക്കും. ഒന്നര ലക്ഷം കോടി രൂപയോളമാണ് ആധാറിനു വേണ്ടി വരുന്ന ഏകദേശ ചെലവ്. ഇത്രയും കനത്ത മുതല്‍ മുടക്കിനനുഗുണമായ ഫലം ഈ പദ്ധതിയില്‍ നിന്ന് ലഭ്യമാവാനുള്ള സാധ്യത വിരളമാണെന്ന് വിദഗ്ധര്‍ തീര്‍ത്തു പറയുന്നു.
നിരക്ഷരരും സാധാരണക്കാരുമായ താഴെ തട്ടിലുള്ളവരുടെ വിരലടയാളവും റെറ്റിനയും മറ്റും, അധ്വാനത്താലും രോഗങ്ങളാലും അപകടങ്ങളാലും തീര്‍ത്തും മാറിപ്പോകാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇത്തരം പ്രയാസങ്ങളില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചോ മറ്റോ ആധാറിന് ഉത്തരവാദിത്വങ്ങളൊന്നുമില്ല. സാഹചര്യവശാല്‍ വല്ല കുറ്റകൃത്യങ്ങളിലും പെട്ടുപോയാല്‍ ഈ രേഖകളില്‍ എന്നും 'കുറ്റവാളി'യായി അവശേഷിക്കാനാണ് സാധ്യത. ഇങ്ങനെ ഒരിക്കല്‍ ശേഖരിക്കപ്പെട്ട വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിയല്‍ കാര്‍ഡു നല്‍കുമ്പോള്‍ പൗരന്മാരുടെ ജീവിതം തന്നെ ദുസ്സഹമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കേവലം യാന്ത്രികമായ ഒരു മെക്കാനിസത്തിന് അതിന്റെ സാധ്യതകള്‍ക്കപ്പുറത്ത് ജൈവ മനുഷ്യന്റെ അനുദിന മാറ്റങ്ങള്‍ക്കൊത്ത് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാനുള്ള വിവേചന ബുദ്ധിയില്ലെന്നതും അപര്യാപ്തതയാണ്.
ആധാറിന്റെ സാധ്യതകളെയും പരിമിതികളെയും കുറിച്ച് വിശദമായ ചര്‍ച്ചകളോ, പാര്‍ലമെന്ററില്‍ നിയമനിര്‍മാണമോ നടത്താതെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ പല ജില്ലകളിലും പഞ്ചായത്തുകളിലും വിവര ശേഖരണ പ്രവര്‍ത്തനങ്ങള്‍ വളരെ മുന്നോട്ടു പോയിരിക്കുന്നു.
ജനങ്ങളെ വിശ്വാസത്തിലെടുക്കാത്ത, സുതാര്യത കുറഞ്ഞ ഒരു പദ്ധതിയായാണ് ആധാര്‍ വിലയിരുത്തപ്പെടുന്നത്. വ്യക്തികളുടെ എല്ലാവിധ സ്വകാര്യതകളിലേക്കും ആര്‍ക്കും എപ്പോഴും നൂണ്ടു കയറാവുന്ന ഒരു പ്രശ്‌നപദ്ധതിയായി ആധാര്‍ മറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഏകാധിപതികള്‍ക്കും സ്വേഛാധിപതികള്‍ക്കും അധികാരം തരപ്പെടുമ്പോള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കെതിരു നില്‍ക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പൊതു പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങി 'നോട്ട'മിട്ടവരെ ബാക്കിയിരിപ്പുകളില്ലാതെ കൈകാര്യം ചെയ്യാന്‍ ഇത്തരമൊരു കാര്‍ഡ് ധാരാളം.
ആധാറിലൂടെ സംഭരിക്കപ്പെടുന്ന വന്‍ വിവരശേഖരം സുരക്ഷിതമാക്കാനുള്ള സംവിധാനങ്ങള്‍ നമ്മുടെ നാട്ടില്‍ സാധ്യമാണോ എന്നതും ചോദ്യചിഹ്നമാണ്. ചാരന്മാരും ചോരന്മാരും രാജ്യരക്ഷാ രഹസ്യങ്ങളടക്കം കട്ടുകടത്തി അമേരിക്കയിലേക്കും മറ്റും 'വിമാനംകയറുന്ന' ഒരു നാട്ടില്‍ ആധാര്‍ പോലുള്ള പദ്ധതികള്‍ക്ക് എത്രമാത്രം സുരക്ഷ ഉറപ്പാക്കാന്‍ കഴിയും! പെന്റഗണിനു പോലും ഔദ്യോഗിക രഹസ്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്നിരിക്കേ, നമ്മുടെ രാജ്യം ഈ രംഗത്ത് അത്ഭുതങ്ങളൊന്നും സൃഷ്ടിക്കില്ല.
പലവിധ കാരണങ്ങളാല്‍ വികസിത രാഷ്ട്രങ്ങളായ അമേരിക്ക, ബ്രിട്ടന്‍, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ കൈയൊഴിച്ച പദ്ധതിയാണിത്. ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറി തെരേസാ മെയ് അവിടത്തെ യു.ഐ.ഡി പദ്ധതി ഉപേക്ഷിച്ചതിനെക്കുറിച്ച്: ''ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി ഭരണകൂടത്തിന്റെ ഏറ്റവും മോശപ്പെട്ട ചെയ്തിയാണ്. അത് അനാവശ്യ കടന്നുകയറ്റവും ഭീഷണിപ്പെടുത്തലുമാണ്. ഫലരഹിതവും ചെലവേറിയതുമാണ്. ഒരു കാര്യവുമില്ലാതെ ഓരോരുത്തരുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്.''
ഈ പദ്ധതി വ്യവസായ ലോബിക്കും കമ്മീഷന്‍ ഏജന്റുമാര്‍ക്കും ഒരു പക്ഷേ അഴിമതിക്കാര്‍ക്കും (ഇതിനു പിന്നിലെ മറ്റൊരു 2 ജി ക്രമേണ വെളിച്ചം കാണില്ലെന്ന് എന്താണുറപ്പ്) വന്‍ സാധ്യതകള്‍ തുറന്നു കൊടുത്തേക്കാമെങ്കിലും സാധാരണക്കാരനെ സംബന്ധിച്ച് ഇതൊരു മോഹന വാഗ്ദാനത്തിലുപരി മറ്റൊന്നുമല്ല.
ഇനി ആധാര്‍ പ്രയോജനപ്പെടാന്‍ സാധ്യതയുള്ള ഒരു കൂട്ടര്‍, ലോകമാകെ ഭീകര വിധ്വംസക ശൃംഖലകള്‍ പണിത സാമ്രാജ്യത്വമായിരിക്കും. ഗുജറാത്തിലെ 'വികസന'ത്തെ നാഴികക്ക് നാല്‍പത് വട്ടം പുകഴ്ത്തുന്ന ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ക്ക് ഇത് നല്ല വിവരസ്രോതസ്സായി തീരാനും സാധ്യതയുണ്ട്.
അപ്പോള്‍ ആധാര്‍ അവശരുടെ അതിജീവനത്തിനുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാനുള്ള നമ്പറിനേക്കാള്‍ പലര്‍ക്കും കൂട്ടക്കുഴിമാടങ്ങളിലേക്കുള്ള ഗ്രീന്‍കാര്‍ഡാവാനുള്ള സാധ്യതയെ തള്ളിക്കളയുന്നതെങ്ങനെ? പല പേരുകളില്‍ വിശിഷ്യാ മുസ്‌ലിം ന്യൂനപക്ഷത്തെ വട്ടമിട്ടു പറക്കുന്ന കഴുകന്മാര്‍ക്ക് ഇരയെക്കാട്ടിക്കൊടുക്കുന്ന ചാപ്പ കുത്തായും ആധാര്‍ മാറാം. അമേരിക്കന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ നിന്ന് അന്വേഷിച്ചാല്‍ വീട്ടുകാരിയുടെ അടിവസ്ത്രത്തിന്റെ ബ്രാന്റ് വരെ കൈമാറാന്‍ തയ്യാറുള്ള മത-രാഷ്ട്രീയ ഏജന്റുമാരുടെ കൈവശം ആധാര്‍ തീര്‍ച്ചയായും സുരക്ഷിതമായിരിക്കും! ഈ ബനാന റിപ്പബ്ലിക്കില്‍ ഇങ്ങനെയൊക്കെയേ സംഭവിക്കൂ എന്നു കരുതി നിശ്ശബ്ദരാവാനോ...?
Comments