Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 22

അന്തിമദ്‌റസകള്‍ അവസാനിപ്പിക്കാറായില്ലേ?

ജമീല്‍ അഹ്മദ്

'ഉസ്താദ് നിന്നു പാത്തിയാല്‍ മുതഅല്ലിമീങ്ങള്‍ മരംകയറി പാത്തും' എന്ന് ഒരു ഏറനാടന്‍ ചൊല്ലുണ്ട്. 'എമ്പ്രാനല്‍പ്പം കട്ടുഭുജിച്ചാല്‍ / അമ്പലവാസികളൊക്കെ കക്കും' എന്ന് കുഞ്ചന്‍നമ്പ്യാര്‍ അതിനെ  മാറ്റിപ്പറഞ്ഞുവെന്നു മാത്രം. ഉസ്താദുമാര്‍ സമുദായത്തിലെ മാതൃകകളായിരുന്ന പഴയ കാലം പോയി എന്ന് ഇന്നാരും സമ്മതിക്കും. മദ്‌റസാധ്യാപനം തൊഴിലും അതിലെ പഠനം സാമുദായികമായ കടമതീര്‍ക്കലും ആയി മാറിയ കാലമാണിത്. കുട്ടി മതവിദ്യാഭ്യാസം നേടുന്നത് അത്യാവശ്യത്തിനുമാത്രം മതി എന്ന് സമുദായം മുഴുവന്‍ തീരുമാനിച്ചുറപ്പിച്ചതിനാലാണ് കേരളത്തിലെ മദ്‌റസാവ്യവസ്ഥ ഏതാനും മണിക്കൂറുകളിലായി ചുരുങ്ങിപ്പോയത്. ഏറനാടന്‍ മുസ്‌ലിംകളില്‍ തീവ്രമതവികാരം ഉണ്ടാക്കാന്‍ പ്രധാന കാരണം മദ്‌റസകളാണെന്ന് ബ്രിട്ടീഷുകാരുടെ ശമ്പളം വാങ്ങുന്ന ഏമാന്മാര്‍ കണ്ടുപിടിച്ചതിനുശേഷമാണ് നമ്മുടെ നാട്ടുമ്പുറത്തുണ്ടായിരുന്ന മദ്‌റസകള്‍ മാപ്പിള സ്‌കൂളുകളായി മാറിയത്.
ഉത്തരേന്ത്യയിലെ മദ്‌റസകളില്‍ പലതും മുഴുദിവസവുമുള്ള മതപഠനശാലകളാണ്. നമ്മുടെ നാട്ടിലാകട്ടെ ഏതാനും മിനിറ്റുകള്‍ നീണ്ടുനില്‍ക്കുന്ന മടുപ്പിക്കലും. കുറേനേരം പഠിച്ചാല്‍ മാത്രം ഉഷാറാവുകയില്ല സമുദായത്തിന്റെ ദീനീബോധം എന്നതിന് ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ നല്ല ഉദാഹരണമാണ്. അതിനാല്‍ മദ്‌റസയില്‍ പഠിക്കുന്നതിനേക്കാള്‍ പ്രധാനം അതിനോടൊപ്പം ലഭിക്കുന്ന ജീവിതാവബോധവും പരിശീലനവുംതന്നെ. അവ പൂരിപ്പിക്കാന്‍ നമ്മുടെ മദ്‌റസകളുടെ ചില സംവിധാനങ്ങള്‍ ഇനിയും മാറ്റേണ്ടതുണ്ട്. അതിലൊന്നാണ് അന്തിമദ്‌റസകള്‍. ഓരോകാലത്തും സമുദായത്തിന് ബോധിച്ച മാറ്റങ്ങള്‍ പല എതിര്‍പ്പുകള്‍ക്കിടയിലും സ്വീകരിച്ച് സ്വീകരിച്ചാണ് മദ്‌റസകള്‍ ഇന്നത്തെ നിലയിലെത്തിയത്. അല്‍പം അമാന്തിച്ചാലും  ആ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ സുന്നി വിഭാഗം പോലും തയാറാണ് എന്ന സത്യമാണ്, ചില മദ്‌റസകളിലെങ്കിലും അറബിമലയാള ലിപി മാറ്റിവെച്ചുകൊണ്ടുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു തുടങ്ങി എന്ന വാര്‍ത്ത തെളിയിക്കുന്നത്.
കേരളത്തില്‍ ദീന്‍ പഠിക്കാന്‍ ആധുനിക കാലത്ത് ആരംഭിച്ച വ്യവസ്ഥാപിത പഠനസംവിധാനമായിരുന്നു  മദ്‌റസ. പള്ളി ദര്‍സുകളില്‍ നിന്ന് ജനകീയമായ ഒരു വിതാനത്തിലേക്ക് മതപഠനസംവിധാനങ്ങള്‍ വളര്‍ന്നുവന്നതിന്റെ സുഭഗമായ ചരിത്രം കേരളത്തിലെ മദ്‌റസാ പ്രസ്ഥാനത്തിനുണ്ട്. ആദ്യകാലത്ത് അത് മുസ്‌ലിം സമുദായത്തിന്റെ പൊതുകാര്യമായിരുന്നു. ഇന്ന് പള്ളികളെപ്പോലെ മദ്‌റസകളും വിവിധ സംഘടനകളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന സ്ഥാപനങ്ങളായി. എന്നിരുന്നാലും അതിന് ധാരാളം ഗുണങ്ങളുമുണ്ട്. സംഘടനകളുടെ വേണ്ടത്ര ശ്രദ്ധ മദ്‌റസകളുടെ നടത്തിപ്പിലുണ്ടുതാനും. ഈയിടെ സര്‍ക്കാറും മദ്‌റസകളെ നവീകരിക്കാനും അതിനെക്കുറിച്ച് പഠനം നടത്താനും വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്യാനും ഒരുമ്പെട്ടിരിക്കുന്നു. അതും നല്ലതുതന്നെ. മദ്‌റസകളുടെ വിപുലമായ ചരിത്രവും സംസ്‌കാരവും പലവുരു പലരും എഴുതിയതും വിശകലനം ചെയ്തതുമാണ്. ശരിയായ രീതിയില്‍ അത് എന്തുകൊണ്ട് ഉപയോഗപ്പെടുന്നില്ല എന്ന ചര്‍ച്ചയും ഇന്ന് വിവിധ മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്നു. സമുദായത്തിന്റെ കാര്യമായ ഇടപെടലുകള്‍ ഇക്കാര്യത്തിലുണ്ടെന്നാണ് ഇത്രയും കൊണ്ട് മനസ്സിലാക്കേണ്ടത്. എന്നാല്‍, പുതിയ കാലത്തിന്റെ ആശങ്കകളെ മുന്‍നിര്‍ത്തി മദ്‌റസകളുടെ രാത്രി പ്രവര്‍ത്തനത്തെ പലരും എതിര്‍ത്തുകാണുന്നില്ല. പ്രത്യേകിച്ച് സുന്നി സംഘടനകള്‍.
കേരളത്തിലെ ഭൂരിപക്ഷം മദ്‌റസകളുടെയും പ്രവര്‍ത്തന സമയം രാവിലെയാണ് എന്ന കാര്യവും വിസ്മരിക്കുന്നില്ല. പരമാവധി എഴുമണി മുതല്‍ ഒമ്പതു മണിവരെ മാത്രമേ അത് സാധ്യമാവുകയുള്ളൂ. പൊതുവിദ്യാഭ്യാസ സമ്പ്രദായം മദ്‌റസാ വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കിക്കഴിഞ്ഞ സമുദായത്തിന് കുട്ടികള്‍ വൈകി സ്‌കൂളിലെത്തുന്നത് ചിന്തിക്കാന്‍പോലുമാകില്ല. അങ്ങനെ നിര്‍ദേശിക്കുന്നത് ശരിയുമല്ല. രാത്രി മദ്‌റസകളുടെ പ്രധാന ഗുണം  അല്‍പം സമയംകൂടി മതവിദ്യാഭ്യാസത്തിന് ലഭിക്കുമെന്നതാണ്. മഗ്‌രിബ് നമസ്‌കാരാനന്തരം ആരംഭിച്ചാല്‍ രാത്രി വൈകുവോളം തുടരാം.  രാത്രിയിലുള്ള ഈ പഠനസംവിധാനം നിലനിര്‍ത്തുന്നതിന് കമ്മിറ്റികള്‍ക്കും ഉസ്താദുമാര്‍ക്കും വേറെയും ന്യായങ്ങളുണ്ട്. നേര്‍ പകുതി മാത്രം അധ്യാപകരെക്കൊണ്ട് ഇരട്ടി ക്ലാസ്സുകള്‍ നടത്താന്‍ കഴിയും എന്നതാണ് അതിലെ പ്രധാനപ്പെട്ട ഒന്ന്. ബാങ്കുദ്യോഗസ്ഥരുടെ വഴിക്കണക്കു വെച്ച് കൂട്ടിനോക്കിയാല്‍ മദ്‌റസാ ഉസ്താദുമാര്‍ക്ക് കൊടുക്കുന്ന ശമ്പളം വലിയൊരളവില്‍ 'വേസ്റ്റാ'ണ്. വെറും ഒന്നര മണിക്കൂറ് മാത്രമാണല്ലോ അവരുടെ പ്രവൃത്തിസമയം. രാത്രികൂടി മദ്‌റസ നടന്നാല്‍ അത് ഇരട്ടിയാകും, കൊടുക്കുന്ന ശമ്പളം 'മുതലാ'വുകയും ചെയ്യും (ഈ പാവം ഉസ്താദുമാര്‍ക്കു കിട്ടുന്ന ശമ്പളം കേട്ടാല്‍ ആരും മൂക്കത്ത് വിരലുവെച്ചുപോകും കെട്ടോ. സമുദായത്തെ ദീന്‍ പഠിപ്പിക്കുന്നതിന്റെ 'വില' എത്ര തുഛമാണെന്ന് അപ്പോള്‍ ബോധ്യപ്പെടും).
സ്ഥലപരിമിതിയാണ് രണ്ടാമത്തെ ന്യായം. ഷിഫ്റ്റ് മദ്‌റസയില്‍ ക്ലാസ്സുകളുടെ എണ്ണവും നേര്‍പകുതി മതി. ചുരുക്കത്തില്‍, ഒന്നോ രണ്ടോ ഉസ്താദുമാരെയും അത്രയും ക്ലാസ്സുമുറികളും വെച്ച് ഒരു മദ്‌റസ ഏഴാംതരം വരെയുള്ള കമ്മിറ്റിക്ക് നടത്തിക്കൊണ്ടുപോകാന്‍ കഴിയും. അതുകൊണ്ടുതന്നെ അന്തിമദ്‌റസകള്‍ അവസാനിപ്പിക്കാന്‍ അവര്‍ക്ക് താല്‍പര്യം കാണില്ല. നമ്മുടെ സമുദായത്തിന്റെ  മുന്‍ഗണനാക്രമങ്ങളിലെ ചില ധാരണകളെയും ഇത് സൂചിപ്പിക്കുന്നുണ്ട്. ലക്ഷങ്ങള്‍ ചെലവഴിച്ച് പള്ളി നിര്‍മിക്കാന്‍ വലിയ മിടുക്കാണ് നമുക്ക്. അതിനുവേണ്ടി ലോകം മുഴുവന്‍ നടന്ന് പിരിവുനടത്താനും നാം തയാറാണ്. അപ്പോഴും അതേ പള്ളിയോടനുബന്ധിച്ച മദ്‌റസ പൊളിഞ്ഞുവീഴാറായ കെട്ടിടത്തിലായിരിക്കും. അപ്പോഴും ഉസ്താദുമാര്‍ തുഛ ശമ്പളം വാങ്ങി, അതൃപ്തതൊഴിലാളികളായി, നാട്ടുപ്രമാണിമാരുടെ ആശ്രിതരായി കഴിയുന്നുണ്ടാകും. പള്ളിയെക്കാള്‍ പ്രധാനമാണ് മദ്‌റസ എന്ന് വാദിക്കുകയല്ല, ഉണ്ടാക്കിയ പള്ളി ഉപയോഗപ്പെടാന്‍ മദ്‌റസ നിര്‍ബന്ധമാണല്ലോ എന്ന് ഓര്‍മിപ്പിക്കുകയാണ്.
മദ്‌റസാ പഠനത്തിലൂടെ കുട്ടികള്‍ക്കു ലഭിക്കേണ്ട ജീവിതപാഠങ്ങളെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചുവല്ലോ. അന്തിമയങ്ങിക്കഴിഞ്ഞാല്‍ അരക്ഷിതമാകുന്ന നാട്ടുവഴികളിലൂടെ പെണ്‍കുട്ടികള്‍ മദ്‌റസയിലേക്കു വരുന്നതും പോകുന്നതും മാത്രം ആലോചിച്ചാല്‍ മതി, ഈ രാത്രിസംവിധാനം അവസാനിപ്പിക്കാന്‍. ആണ്‍കുട്ടികളും നമ്മുടെ നാട്ടില്‍ അത്ര സുരക്ഷിതരല്ലല്ലോ. പലപ്പോഴും അപഥജീവിതത്തിന്റെ പാഠങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് കിട്ടുന്നത് അന്തിയിരുട്ടിലുള്ള അങ്ങാടിക്കൂട്ടുകളില്‍ നിന്നാണ്. പകല്‍ സമയത്തുപോലും വീട്ടില്‍ നിന്ന് പുറത്തേക്കു പോകുന്ന കുട്ടികള്‍ തിരിച്ചു വരുന്നതുവരെ ആധിയില്‍ കഴിയുന്ന മാതാപിതാക്കള്‍ അന്തിമദ്‌റസകളിലേക്ക് ഇപ്പോഴും കുട്ടികളെ വിടുന്നുണ്ടെങ്കില്‍ അത് ദീനീപഠനം ബാധ്യതയാണെന്ന ഭയംകൊണ്ടുമാത്രമാണ്. അല്ലെങ്കില്‍ പള്ളിക്കമ്മിറ്റിയുടെ അതൃപ്തി പേടിച്ചാണ്. അതുരണ്ടും  വിലകല്‍പിക്കാത്ത കുടുംബത്തിലെ കുട്ടികള്‍ക്ക് അന്തിമദ്‌റസകളിലൂടെ മതവിദ്യാഭ്യാസം നിഷേധക്കപ്പെടുകയേ ഉള്ളൂ.
 'രാത്രി എക്‌സ്ട്രാട്യൂഷനും കമ്പ്യൂട്ടര്‍ക്ലാസ്സും ആകാം, മദ്‌റസ മാത്രം പറ്റില്ലേ' എന്ന് ചോദിക്കാം. സ്വന്തം കുട്ടി ദീനാണോ ദുനിയാവാണോ പ്രാധാന്യപൂര്‍വം പഠിക്കേണ്ടത് എന്നതില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത രക്ഷിതാക്കള്‍ ഇന്ന് ധാരാളമുണ്ട്. ദീനീവിദ്യാഭ്യാസത്തെ രണ്ടാംസ്ഥാനത്തു കാണുന്ന രക്ഷിതാക്കളെ സംബന്ധിച്ചേടത്തോളം ആ ചോദ്യം അപ്രസക്തമാണ്. കുട്ടികളുടെ 'വിലപ്പെട്ട' പഠനസമയമാണ് അന്തിമദ്‌റസകള്‍ അപഹരിക്കുന്നത് എന്നാണവരുടെ ആധി. രാത്രി മദ്‌റസ വേണം എന്നു വാദിക്കുന്നവരും പകലിലെ സ്‌കൂള്‍ പഠനം വിലപ്പെട്ടതാണെന്നു കരുതുന്നവര്‍തന്നെയാണ്. വിദ്യാഭ്യാസത്തെക്കുറിച്ച് മുസ്‌ലിം സമുദായം അനുഭവിക്കുന്ന മൊത്തം പ്രതിസന്ധി തന്നെയാണിത്. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ആ പ്രതിസന്ധി മനസ്സിലാകാത്തതിനാലാണ് അവര്‍ പകല്‍സമയം മുഴുവന്‍ ദീന്‍ പഠിക്കാന്‍ ഒരുമ്പെടുന്നത്. അത് അപകടമാണെന്ന് സര്‍ക്കാറും വിദേശ ഏജന്‍സികളും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നുവല്ലോ.
പിന്‍വാതില്‍ - സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് പള്ളിദര്‍സുകളില്‍ മുതഅല്ലിമീങ്ങളായി ഓതിവന്നവരാണല്ലോ ഇന്നത്തെ ഉസ്താദുമാരില്‍ ഭൂരിപക്ഷവും. ഇന്ന് പള്ളിദര്‍സുകള്‍ പോലും പകല്‍ സമയത്ത് മുതഅല്ലിമീങ്ങളെ പൊതുവിദ്യാഭ്യാസം നേടാന്‍ സ്‌കൂളിലേക്കും കോളേജിലേക്കും പറഞ്ഞയക്കുന്ന സംവിധാനത്തിലേക്ക് മാറിയിരിക്കുന്നു. എന്തൊക്കെ ഗുണങ്ങളുണ്ടെങ്കില്‍ പോലും അത് മതപഠനരംഗത്ത് മറ്റു ചില പ്രതിസന്ധികള്‍ കൂടി സൃഷ്ടിച്ചിട്ടുണ്ട്. പൊതു ബിരുദം നേടിയ ഒരാള്‍പോലും തുഛവേതനത്തിന് മദ്‌റസാ അധ്യാപകനാകാന്‍ ഒരുക്കമില്ല എന്നതിനാല്‍ വമ്പിച്ച ഉസ്താദ്ക്ഷാമം മദ്‌റസാ പഠനരംഗത്തുണ്ടായിട്ടുണ്ട്. കിട്ടിയവനെ തലേക്കെട്ടുകെട്ടിച്ച് ഉസ്താദാക്കിയാണ് പല മദ്‌റസകളും ഇന്ന് മുന്നോട്ടുപോകുന്നത്. അതുണ്ടാക്കുന്ന വിപത്തുകള്‍ പ്രധാനമായും രണ്ടാണ്. കഴിവുകെട്ട ഉസ്താദുമാരെ പലപ്പോഴും നിയമിക്കേണ്ടിവരുന്നുവെന്നതാണ് അതിലൊന്ന്.  ഉസ്താദുമാരില്‍ ചിലരെങ്കിലും ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ വിഭാഗത്തില്‍ പെട്ടവരാകുന്നുണ്ടെന്നതാണ് രണ്ടാമത്തേത്. നാട്ടുകാരുടെ ഔചിത്യംകൊണ്ട് മാത്രം പത്രവാര്‍ത്തയാകാത്ത പ്രശ്‌നങ്ങളാണ് കേട്ടറിഞ്ഞതിനെക്കാളധികം എന്നത് പേടിപ്പെടുത്തണ്ട സത്യമാണ്.
മൊത്തത്തില്‍ നോക്കുമ്പോള്‍ ഒറ്റപ്പെട്ട ഉദാഹരണങ്ങളാണെങ്കില്‍ പോലും, അകത്തും പുറത്തും അരക്ഷിതമായ ഈ അന്തിനേരത്ത് ഇനിയും നാം മദ്‌റസകളില്‍ അവസരങ്ങളൊരുക്കിവെക്കേണ്ടതുണ്ടോ?
9895437056
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം