'എന്റെ ജീവന്‍ ഈ പോരാട്ടത്തില്‍ ബലി നല്‍കാനുള്ളത് '
സന്‍ആയിലെ 'തഗ്‌യീര്‍' സ്‌ക്വയറില്‍ ഒരു ടെന്റിനകത്താണ് കഴിഞ്ഞ ഫെബ്രുവരി മുതല്‍ തവക്കുല്‍ കര്‍മാന്റെ താമസം, വിപ്ലവത്തിന് ധിഷണയും ആവേശവും പകര്‍ന്നുകൊണ്ട്. മറ്റു രണ്ട് വനിതാ പോരാളികളോടൊപ്പം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് തന്നെ തെരഞ്ഞെടുത്തത് ചാനല്‍ വാര്‍ത്തകളിലൂടെയാണ് അവര്‍ അറിഞ്ഞത്. അല്‍ജസീറ ചാനലിന് വേണ്ടി അവര്‍ ഫാത്വിമ നാഇബിനോട് സംസാരിച്ചു.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കിട്ടിയതിന്റെ പേരില്‍ യമനി ഭരണകൂടം താങ്കള്‍ക്കെതിരില്‍ കൂടുതല്‍ മര്‍ദനമുറകള്‍ അഴിച്ചുവിടുമെന്ന് കരുതുന്നുണ്ടോ? താങ്കളിലെ പോരാളിയെ ഈ അവാര്‍ഡ് ഏത് നിലക്കാണ് സ്വാധീനിക്കുക?
യമനീ ഭരണകൂടം എന്ന് പറഞ്ഞുവല്ലോ. യഥാര്‍ഥത്തില്‍ അങ്ങനെയൊന്നില്ല. പുറത്താക്കപ്പെട്ട ഒരു ഭരണാധികാരിയും അയാളുടെ ശിങ്കിടികളുമാണ് ഇപ്പോഴുള്ളത്. ഇവര്‍ക്ക് നേരത്തെ ചെയ്തതിനപ്പുറമൊന്നും ഇനി ചെയ്യാനില്ല. വളരെ ക്രൂരമായ രീതിയിലാണ് അവര്‍ യമന്‍ ജനതയെ നേരിട്ടത്. ഒരുപാട് മനുഷ്യരെ കൊന്നുതള്ളി.
മൃഗീയമായ ഈ ബലപ്രയോഗം ഞാന്‍ നേരില്‍ അനുഭവിച്ചതാണ്. എന്നെ തട്ടിക്കൊണ്ടുപോകാനും കൊലപ്പെടുത്താനും നിരവധി ശ്രമങ്ങളുണ്ടായി. രണ്ടു തവണ ജയിലിലടച്ചു. ഇതിലപ്പുറം ഇനിയവര്‍ എന്തു ചെയ്യാനാണ്?
എന്റെ നാട്ടുകാര്‍ക്ക് വേണ്ടി, നാടിനു വേണ്ടി, വിശ്വസിക്കുന്ന ആദര്‍ശത്തിനു വേണ്ടി സ്വയം ബലി കൊടുക്കാന്‍ ഞാന്‍ തയാറാണ്.
ഈ സമ്മാനം ഭാവിയെ പ്രതിനിധീകരിക്കുന്നു. വിപ്ലവ മാര്‍ഗങ്ങളില്‍ തന്നെ മുന്നേറാനുള്ള ശക്തി പകരുന്നു ഈ അംഗീകാരം. രാഷ്ട്രത്തെ പുനര്‍നിര്‍മിക്കുക എന്നതാണ് ഇനി ഞങ്ങള്‍ക്ക് ചെയ്യാനുള്ള സുപ്രധാന ദൗത്യം. ഈ രാഷ്ട്രത്തെ നശിപ്പിക്കാന്‍ അബ്ദുല്ല സ്വാലിഹ് 33 വര്‍ഷമെടുത്തു. ഞങ്ങളത് പുനര്‍നിര്‍മിക്കും. സ്ത്രീകളും പുരുഷന്മാരും പ്രായമായവരും യുവാക്കളും എല്ലാം ചേര്‍ന്നു നിന്ന്.
സമ്മാനം ലഭിച്ച വാര്‍ത്ത കിട്ടിയപ്പോള്‍ താങ്കള്‍ എവിടെയായിരുന്നു?
ഈ ടെന്റില്‍ തന്നെ. ഈ വര്‍ഷത്തെ സമ്മാനത്തിന് ആരൊക്കെ നോമിനേറ്റ് ചെയ്യപ്പെട്ടു എന്നു പോലും എനിക്ക് അറിയുമായിരുന്നില്ല. അതിനാല്‍ ചാനലില്‍ വാര്‍ത്ത വന്നപ്പോള്‍ ശരിക്കും ഞെട്ടുക തന്നെ ചെയ്തു. തഗ്‌യീര്‍ സ്‌ക്വയറിന്റെ മധ്യത്തില്‍ ടെന്റിലിരുന്നുകൊണ്ട് ആ വാര്‍ത്ത കേള്‍ക്കുക എന്നതിന് നിരവധി പ്രതീകാത്മക ധ്വനികളില്ലേ.
ഭൂമിയിലെ സകല 'മാറ്റത്തിന്റെ ചത്വരങ്ങള്‍'ക്കുമുള്ള സമ്മാനമാണിത്. എന്നെ പിന്തുണക്കുകയും എന്നാല്‍ എന്നില്‍ നിന്ന് അകന്നു നില്‍ക്കേണ്ടിവരികയും ചെയ്യുന്ന എന്റെ കുഞ്ഞുങ്ങള്‍ക്കും ഞാനീ സമ്മാനം സമര്‍പ്പിക്കുന്നു. ഇനിയുമുണ്ട് സമര്‍പ്പണം - എന്റെ ഭര്‍ത്താവിന്, മാതാപിതാക്കള്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, സ്‌ക്വയറില്‍ തുടക്കം മുതലേ എന്നോടൊപ്പം നിന്ന വിപ്ലവകാരികള്‍ക്ക്.......
അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട മര്‍ദിത വിഭാഗം എന്ന യമനീ സ്ത്രീകളെക്കുറിച്ചുള്ള ആഗോള പ്രതിഛായ ഇനി തിരുത്തിക്കുറിക്കപ്പെടുമെന്നാണോ?
അറബ് സ്ത്രീകള്‍, പ്രത്യേകിച്ച് യമനീ സ്ത്രീകള്‍ അവരുടെ തനി സ്വരൂപം പുറത്തെടുത്തിരിക്കുന്നു. തങ്ങളുടെ റോളും അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. വിപ്ലവത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങള്‍ നിറഞ്ഞുനിന്നു. പുതിയ ഭരണകൂടത്തിലും ഞങ്ങള്‍ക്ക് ഞങ്ങളുടെ വിഹിതമുണ്ടാകും.
അല്‍ഖാഇദ ഭീഷണി പറഞ്ഞ് ഇപ്പോഴും അബ്ദുല്ലാ സ്വാലിഹിനെ പിന്തുണക്കുന്ന ഭരണകൂടങ്ങളെക്കുറിച്ച് എന്തു പറയുന്നു?
അവാര്‍ഡ് ഞങ്ങളുടെ പോരാട്ടത്തിനുള്ള ആഗോള അംഗീകാരമാണ്. യഥാര്‍ഥ ഭീകരത ഭരണകൂടത്തിന്റേതാണെന്ന് ഇതിലൂടെ സമ്മതിക്കപ്പെട്ടിരിക്കുകയാണല്ലോ. അല്‍ഖാഇദ വളര്‍ന്ന് പന്തലിച്ചത് സ്വാലിഹിന്റെ ഭരണകാലത്താണ്. ഭീകര വിമുക്ത യമനാണ് ഞങ്ങളുടെ ലക്ഷ്യം. അത് ഞങ്ങള്‍ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സമാധാനപരമായ വിപ്ലവത്തിനേ നേട്ടമുണ്ടാക്കാനാവൂ എന്നാണോ കരുതുന്നത്?
തീര്‍ച്ചയായും. സമാധാനപരമായ വിപ്ലവമല്ലാതെ യമന്‍ പ്രശ്‌നത്തിന് വേറെ പരിഹാര മാര്‍ഗങ്ങളില്ല. ഈ അഹിംസാ സമരം ഞാന്‍ പഠിച്ചത് മൂന്ന് വ്യക്തികളില്‍ നിന്നാണ്- മഹാത്മാഗാന്ധി, നെല്‍സണ്‍ മണ്ടേല, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്. ഈ സമരരീതിക്ക് ഇവരോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.
Comments