ഈ ബഹുമതി പ്രഭാതം പടക്കാനുള്ള പണിയൊരുക്കങ്ങള്‍ക്ക്
''ഹേ തവക്കുല്‍, ഹേ സമരനായിക സബഅ് രാജ്ഞി, നിന്നിലൂടെ ഞങ്ങള്‍ അഭിനന്ദിക്കപ്പെട്ടിരിക്കുന്നു; നിന്നോടൊത്ത് ഞങ്ങള്‍ അഭിനന്ദിക്കപ്പെട്ടിരിക്കുന്നു. നീ ഹിജാബിനെ അന്തസ്സുറ്റതാക്കി. ഇസ്‌ലാം നിന്നെയോര്‍ത്ത് അഭിമാനം കൊള്ളുന്നു.''
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ യമനിലെ വനിതാ പോരാളി തവക്കുല്‍ കര്‍മാനെ അഭിനന്ദിച്ചുകൊണ്ട് തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്ദയുടെ നായകന്‍ ശൈഖ് റാശിദുല്‍ ഗനൂശി എഴുതിയ വരികളാണിത്.
തവക്കുല്‍ കര്‍മാന്‍ സമാധാനത്തിന് നൊബേല്‍ ബഹുമതിക്കര്‍ഹമായ വാര്‍ത്ത യമന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക മാധ്യമങ്ങളൊഴിച്ച് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വലിയ ആഘോഷമായിരുന്നു. ഹിജാബ്ധാരിണിയായ ഒരു അറബി വനിതക്ക് നൊബേല്‍ സമ്മാനം ലഭിക്കുക അചിന്ത്യമായ ലോക സാഹചര്യത്തില്‍ ഈ ആഘോഷത്തിന് ഏറെ മാറ്റുണ്ട്. അധമത്വത്തിന്റെയും അധോഗതിയുടെയും കൊടിയടയാളമായി ഹിജാബ് ഉയര്‍ത്തിക്കാട്ടപ്പെടുകയും അത്തരം ജീര്‍ണതകളുടെ മുഖപടങ്ങളെ ചീന്തിയെറിയാതെ സമൂഹത്തിന് മോചനമില്ലെന്ന് പ്രഖ്യാപിച്ച് ഹിജാബിനെതിരെ പടപ്പുറപ്പാട് നടത്തുകയും ചെയ്യുന്ന പടിഞ്ഞാറുനിന്ന് തന്നെ അതിനൊരു തിരുത്തും അംഗീകാരവും ലഭിച്ചത് മുസ്‌ലിം ലോകം ഏറെ അഭിമാനത്തോടെയാണ് കാണുന്നത്. ഒരു ജനതയുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും രാജ്യത്തിന്റെ ജനാധിപത്യ പുനഃസ്ഥാപനത്തിനും മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്കും ചുക്കാന്‍ പിടിക്കാനും വിജയിപ്പിച്ചെടുക്കാനും ഹിജാബ് തടസ്സമല്ലെന്ന് ലോകത്തിന് ബോധ്യപ്പെട്ട നിമിഷം തീര്‍ച്ചയായും അഭിമാനത്തിന്റേതു തന്നെ.
യമനില്‍ ജനാധിപത്യ പുനഃസ്ഥാപനത്തിനും സ്ത്രീവിമോചനത്തിനും പത്ര-മാധ്യമ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടി സാഹസികവും ധീരോദാത്തവുമായ പോരാട്ടവീര്യം കാഴ്ചവെച്ച 32കാരിയും മൂന്ന് മക്കളുടെ മാതാവുമായ തവക്കുല്‍ കര്‍മാന്‍ പ്രതിനിധീകരിക്കുന്നത് അറബ് വനിതകളെ മാത്രമല്ല, മുസ്‌ലിം സ്ത്രീ സമൂഹത്തെ ഒന്നടങ്കമാണ്.
ശൈഖ് അബ്ദുല്‍ മജീദ് സിന്‍ദാനിയോടൊപ്പം യമനിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂനില്‍ പ്രവര്‍ത്തിച്ചിരുന്ന പിതാവിന്റെ കര്‍മസരണിയിലൂടെയാണ് തവക്കുല്‍ പൊതുരംഗത്തേക്ക് കടന്നുവന്നത്. പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിന്റെ ഭരണകൂടവുമായി ഇഖ്‌വാന്‍ നേതൃത്വം നല്‍കുന്ന അല്‍ ഇസ്‌ലാഹ് പാര്‍ട്ടി സഖ്യത്തിലായ സന്ദര്‍ഭത്തില്‍ തവക്കുലിന്റെ പിതാവ് അബ്ദുസ്സലാം ഖാലിദ് കിര്‍മാന്‍ ആ ഭരണത്തില്‍ നിയമകാര്യമന്ത്രിയായിരുന്നിട്ടുണ്ട്.
1979 ഫെബ്രുവരി 7-ന് യമനിലെ തഇസ് പ്രവിശ്യയിലായിരുന്നു തവക്കുലിന്റെ ജനനം. 1999-ല്‍ സന്‍ആഇലെ സയന്‍സ് ആന്റ് ടെക്‌നോളജി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദവും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും പബ്ലിക് എജുക്കേഷനില്‍ ഡിപ്ലോമയും നേടിയ തവക്കുല്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ അമേരിക്കയില്‍ നിന്ന് ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. വളരെ മുമ്പേ തന്നെ രാജ്യത്ത് നടമാടുന്ന അഴിമതിക്കെതിരെയും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെയും അവര്‍ ശബ്ദിച്ചു. മത-രാഷ്ട്രീയ രംഗങ്ങളില്‍ പരിഷ്‌കരണത്തിനായി വാദിച്ചു. പ്രസിഡന്റ് അലി സ്വാലിഹ് ഭരണമൊഴിയണമെന്നാവശ്യപ്പെട്ട് 2007-ല്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പത്രങ്ങളിലും വെബ്‌സൈറ്റുകളിലും അനവധി ലേഖനങ്ങളും റിപ്പോര്‍ട്ടുകളും തയാറാക്കി. ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങളെ ജനകീയവത്കരിക്കുന്നതിലും വിജയത്തിലെത്തിക്കുന്നതിലും തവക്കുലിന്റെ പങ്ക് എന്നും അനുസ്മരിക്കപ്പെടും. 80-ലധികം പ്രക്ഷോഭ-സമര പരിപാടികളില്‍ അവര്‍ പങ്കുകൊള്ളുകയുണ്ടായി.
2011-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയാകുന്നതിന് മുമ്പ് നിരവധി പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ ബഹുമതികള്‍ തവക്കുലിനെ തേടിയെത്തിയിട്ടുണ്ട്. 2011-ല്‍ ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളില്‍ 13-ാം സ്ഥാനക്കാരിയായി ടൈം വാരികയുടെ വായനക്കാര്‍ അവരെ തെരഞ്ഞെടുക്കുകയുണ്ടായി.
ലോകത്തെ പ്രമുഖ 500 വ്യക്തിത്വങ്ങളില്‍ അവര്‍ ഇടം നേടി. ധീരതക്കുള്ള അമേരിക്കന്‍ എംബസിയുടെ ബഹുമതി ലഭിച്ചു. ലോകത്ത് പരിവര്‍ത്തനമുണ്ടാക്കിയ ഏഴ് വനിതകളില്‍ ഒരാളായും അവര്‍ പരിഗണിക്കപ്പെട്ടു. യമന്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ബഹുമതിക്കും തവക്കുല്‍ അര്‍ഹയായിട്ടുണ്ട്.
പത്രപ്രവര്‍ത്തക എന്ന നിലയില്‍ യമന്‍, അറബി, അന്തര്‍ദേശീയ പത്രങ്ങളില്‍ കര്‍മാന്‍ ലേഖനങ്ങളെഴുതിയിരുന്നു. 2006-2007 കാലയളവില്‍ അലി അബ്ദുല്ല സ്വാലിഹിനെ അധികാരഭ്രഷ്ടനാക്കാനാഹ്വാനം ചെയ്തുകൊണ്ടായിരുന്നു എഴുത്തുകള്‍.
മനുഷ്യാവകാശങ്ങള്‍, യമനിലെ റഷീദ് ഭരണം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ഡോക്യുമെന്ററികളും അവര്‍ നിര്‍മിച്ചു. യമനിലെ സാമ്പത്തിക അഴിമതികള്‍ പത്രങ്ങളിലൂടെ വെളിച്ചത്തുകൊണ്ടുവരുന്നതില്‍ അവരുടെ എഴുത്തുകള്‍ മുഖ്യ പങ്കുവഹിക്കുകയുണ്ടായി.
അധികാരികളുടെ കണ്ണിലെ കരടായി മാറിയ തവക്കുല്‍ 2011 ജനുവരി 23-ന് അറസ്റ്റിലായി. അനുമതിയില്ലാതെ പ്രക്ഷോഭം സംഘടിപ്പിച്ചുവെന്നും നിയമ വ്യവസ്ഥക്കെതിരെ ജനങ്ങളെ തിരിച്ചുവിട്ടുവെന്നുമാണ് അവര്‍ക്കെതിരെ ചാര്‍ത്തപ്പെട്ട കുറ്റം. എന്നാല്‍, അവരുടെ മോചനം ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെങ്ങും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പിറ്റേന്ന് തന്നെ അവരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു.
ഈജിപ്തില്‍ വിപ്ലവത്തിന് നേതൃപരമായ പങ്ക് വഹിക്കുകയും ഇപ്രാവശ്യത്തെ നൊബേല്‍ സമ്മാനത്തിന് നിര്‍ദേശിക്കപ്പെടുകയും ചെയ്ത വാഇല്‍ ഗുനൈം, തവക്കുലിനെ അഭിനന്ദിച്ചുകൊണ്ടിങ്ങനെ എഴുതി: ''ഇത് അഭിമാനമുഹൂര്‍ത്തമാണ്. നമ്മുടെ ഏറ്റവും വലിയ സമ്മാനം. അത് നമ്മുടെ രാജ്യത്ത് ജനാധിപത്യം പുലരുന്നതിന്റെയും മനുഷ്യാവകാശങ്ങള്‍ ആദരിക്കപ്പെടുന്നതിന്റെയും അടയാളമാണ്.''
സമാധാനത്തിനുള്ള നൊബേല്‍ ബഹുമതിക്ക് തെരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ തവക്കുല്‍ കര്‍മാന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു: ''ഞാനീ ബഹുമതി അലി അബ്ദുല്ല സ്വാലിഹിന്റെ സമഗ്രാധിപത്യ വാഴ്ചക്കെതിരെ പ്രക്ഷോഭം നയിക്കുന്ന യുവാക്കള്‍ക്ക് സമര്‍പ്പിക്കുന്നു; രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും. അതോടൊപ്പം അറബ് ലോകത്ത് വസന്തം വിരിയിക്കാന്‍ ജീവന്‍ നല്‍കിയ എല്ലാവര്‍ക്കും.'
Comments