Prabodhanm Weekly

Pages

Search

2016 ജനുവരി 22

2935

1437 റബീഉല്‍ ആഖിര്‍ 12

എം.എം മുഹമ്മദലി മാസ്റ്റര്‍

ഒ.ടി മുഹ്‌യിദ്ദീന്‍ വെളിയങ്കോട്


ണ്‍പതുകളുടെ ആദ്യപാതിയില്‍ അഫ്ഗാനിസ്താനിലെയും സിറിയയിലെയും കമ്യൂണിസ്റ്റ് യുവജനസംഘടനയുടെ രണ്ട് നേതാക്കള്‍ കേരളം സന്ദര്‍ശിക്കുകയുണ്ടായി. അവര്‍ക്ക് സി.പി.ഐയുടെ നേതൃത്വത്തില്‍ വെളിയങ്കോട് ഒരു സ്വീകരണം ഏര്‍പ്പാട് ചെയ്തിരുന്നു. ഇസ്‌ലാമിക വിദ്യാര്‍ഥി-യുവജന പ്രസ്ഥാനം അതിനെതിരെ പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചു. സന്ദര്‍ശക സംഘം സ്ഥലത്തെത്താറായപ്പോള്‍ വിറളിപൂണ്ട  ഒരു സി.പി.ഐ നേതാവ് ഒരു ജമാഅത്തുകാരനോട് കരിങ്കൊടി അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം വഴങ്ങിയില്ല. ക്രുദ്ധനായ സി.പി.ഐ നേതാവ് ആ കരിങ്കൊടി പറിച്ചു വലിച്ചെറിഞ്ഞു. ഉടനെ ജമാഅത്തുകാരന്‍ തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന ചെങ്കൊടിയും പറിച്ചുവലിച്ചെറിഞ്ഞു. നേതാവ് അടിച്ചു. ഉടനെ തിരിച്ചടിയുമുണ്ടായി. പിന്നീടത് വലിയൊരു സംഘര്‍ഷത്തിലാണ് കലാശിച്ചത്. പ്രദേശത്ത് ആളും അര്‍ഥവുമുള്ള സി.പി.ഐക്കാര്‍ അതൊന്നുമില്ലാത്ത കൊച്ചുകൂട്ടായ്മയായ ഇസ്‌ലാമിക പ്രസ്ഥാനത്തെ നാട്ടില്‍ നിന്ന് വേരോടെ പിഴുതുകളയും എന്ന ഭാവത്തിലായിരുന്നു. പക്ഷേ അത് വെറും വ്യാമോഹമായിരുന്നു. സര്‍വസന്നാഹങ്ങളുമായി വന്ന കമ്യൂണിസ്റ്റുകാര്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വേരുറപ്പ് കണ്ട് ഞെട്ടിപ്പോയി-അത്രക്ക് ശക്തമായിരുന്നു, ആ കരിങ്കൊടിപ്രകടനം. ഇവിടെ സൂചിപ്പിച്ച സി.പി.ഐ നേതാവ് പിന്നീട് പശ്ചാത്തപിച്ച് മടങ്ങി ദീനീ ജീവിതം നയിച്ചാണ് മരണപ്പെട്ടത്.
നവംബര്‍ 25-ന് അല്ലാഹുവിങ്കലേക്ക് യാത്രയായ എം.എം മുഹമ്മദലി മാസ്റ്റര്‍ (65) ആണ് അന്ന് സാഹസത്തിനു തുനിഞ്ഞ ഇസ്‌ലാമിക പ്രവര്‍ത്തകന്‍. ആരുടെ മുന്നിലും നിവര്‍ന്ന് നിന്ന് ന്യായം പറയും. അടിച്ചാല്‍ തിരിച്ചടിക്കും. മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടേക്കില്ല. അതായിരുന്നു മുഹമ്മദലി മാസ്റ്റര്‍. അതോടൊപ്പം പ്രായമായവരോട് സ്‌നേഹാദരവോടെയും ബഹുജനങ്ങളോട് തികഞ്ഞ സാഹോദര്യത്തോടെയും കൗമാര ബാലന്മാരോട് പിതൃനിര്‍വിശേഷമായ വാത്സല്യത്തോടെയും സംസാരിക്കാനും പെരുമാറാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് ഒന്നുവേറെത്തന്നെയായിരുന്നു. താന്‍ ഏറ്റെടുത്ത കാര്യത്തില്‍ നിസ്സങ്കോചം ഏര്‍പ്പെടും. പരിണതികളെക്കുറിച്ചാലോചിച്ച് പിന്മാറുന്ന പതിവില്ല. വരുന്നത് വരുന്നടത്ത് വെച്ചുകാണാം. അതായിരുന്നു  നിലപാട്. നാല്‍പത് വര്‍ഷത്തെ കൂട്ടുജീവിതത്തിനിടക്ക് അനുഭവിച്ചറിഞ്ഞതെല്ലാം സാഹസികതകള്‍ മാത്രം! ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാണിച്ചാല്‍ വാചാലതകൊണ്ട് തോല്‍പ്പിച്ചുകളയും! ഏത് പരാജയവും ആ പുഞ്ചിരിക്ക് മുമ്പില്‍ തോറ്റുപോകും.
വിദ്യാഭ്യാസത്തിനു ശേഷം കാഞ്ഞിരമുക്ക് ന്യൂ.യു.പി സ്‌കൂളില്‍ അധ്യാപകനായിരുന്ന മുഹമ്മദലി മാസ്റ്റര്‍ വിദ്യാര്‍ഥി-യുവജനങ്ങളെ ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്കാകര്‍ഷിക്കുന്നതില്‍ സവിശേഷമായ ശ്രദ്ധയും താല്‍പര്യവുമുണ്ടായിരുന്നു. ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.ഐ.ഒ പിറവിയെടുത്തപ്പോള്‍ നേരത്തെ പ്രസ്ഥാനവുമായി സഹകരിച്ചിരുന്ന പല യുവാക്കളും മുഖം തിരിഞ്ഞു നിന്ന സന്ദര്‍ഭം. ഈ കുറിപ്പുകാരന്‍ പ്രസിഡന്റും മുഹമ്മദലി മാസ്റ്റര്‍ സെക്രട്ടറിയുമായി നാലംഗ യൂനിറ്റ് രൂപീകരിച്ചുകൊണ്ട് മുഖം രക്ഷിച്ചു. പൊന്നാനി ഏരിയയിലെ ഏറെ പ്രമുഖരും ആദ്യം വിട്ടുനില്‍ക്കുകയായിരുന്നു. അതിനാല്‍ ഏരിയാ പ്രസിഡന്റ് സ്ഥാനവും മുഹമ്മദലി മാസ്റ്റര്‍ക്ക് ഏല്‍ക്കേണ്ടി വന്നു. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള കുറെ യുവാക്കളെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് അത്യധ്വാനം ചെയ്യേണ്ടിവന്നിട്ടുണ്ട്.  വെളിയങ്കോട് ഇസ്‌ലാമിക സര്‍വീസ് ട്രസ്റ്റിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ മാസ്റ്റര്‍ ട്രസ്റ്റിന്റെ പ്രഥമ സെക്രട്ടറി കൂടിയായിരുന്നു. ഇടക്കാലത്ത് വേറെ ചിലര്‍ സെക്രട്ടറിമാരായി വന്നെങ്കിലും മുഹമ്മദലി മാസ്റ്റര്‍ മരിക്കുമ്പോള്‍ അദ്ദേഹം തന്നെയായിരുന്നു സെക്രട്ടറി. വെളിയങ്കോട് ഹല്‍ഖയുടെ കീഴില്‍ ആരംഭിച്ച പലിശരഹിത നിധിയുടെ മുഖ്യശില്‍പി അദ്ദേഹമായിരുന്നു.
പ്രസ്ഥാന വ്യാപനമുദ്ദേശിച്ച് പരിസരപ്രദേശങ്ങളായ പുതുപൊന്നാനി, പുറങ്ങ്, പഴഞ്ഞി, പുതുരുത്തി, പാലപ്പെട്ടി എന്നിവിടങ്ങളില്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതിലും ഹല്‍ഖകള്‍ രൂപീകരിക്കുന്നതിലും അദ്ദേഹം മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. പഴഞ്ഞി ഹല്‍ഖയിലേക്ക് മാറിയപ്പോള്‍ മൈക്രോ ഫിനാന്‍സിന്റെ പൂര്‍ണ ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു. പഴഞ്ഞിയിലെ മസ്ജിദുല്‍ ഫലാഹിന്റെ അണിയറ ശില്‍പിയും അദ്ദേഹമായിരുന്നു. മരിക്കുമ്പോള്‍ ജമാഅത്ത് അംഗവും പ്രാദേശിക ജമാഅത്തിന്റെ അമീറുമായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റും ആയിരുന്നു.
കുടുംബം: പിതാവ് മുറിയഞ്ചെരക്കല്‍ മുഹമ്മദുണ്ണി മൗലവി. ഭാര്യ: എം.എ ഫാത്വിറ ടീച്ചര്‍. മക്കള്‍: ഫാഇസ്, ഫമിദ. ഫാഇസ് പ്ലസ്ടു അധ്യാപകനാണ്.

വി.കെ അബ്ദുസ്സലാം


ണ്ണൂര്‍ ചൊവ്വ ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനും ജമാഅത്ത് റുക്‌നുമായിരുന്നു വി.കെ അബ്ദുസ്സലാം സാഹിബ്.
പാപ്പിനിശ്ശേരിയിലെ ഒരു സാധാരണ കുടുംബത്തില്‍ മൂത്ത പുത്രനായി പിറന്ന സലാം സാഹിബിന് കാര്യമായ വിദ്യാഭ്യാസം നേടാനായില്ല. കുടുംബത്തിന്റെ ദാരിദ്ര്യവും കഷ്ടപ്പാടുകളും ആവുംവിധം പരിഹരിക്കാന്‍, ഉപജീവനാര്‍ഥം ചെറുപ്രായത്തിലേ അധ്വാനിക്കേണ്ടിവന്നു. യുവത്വത്തിന്റെ ആദ്യനാളുകളില്‍ എം.വി രാഘവന്റെ സുഹൃത്തായി കമ്മ്യൂണിസ്റ്റുകാരനായി കഴിഞ്ഞ സലാം സാഹിബ് പാപ്പിനിശ്ശേരിയിലെ ആര്‍.പി മുഹമ്മദ് കുഞ്ഞി സാഹിബിലൂടെയാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിലെത്തിയത്. പിന്നീട് ചൊവ്വ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലില്‍ തൊഴിലാളിയായിക്കഴിഞ്ഞപ്പോഴും തനിക്ക് കിട്ടിയ വെളിച്ചം മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ഉത്സാഹപൂര്‍വം ശ്രമിച്ചു. തുടര്‍ന്ന് ബാംഗ്ലൂരില്‍ കച്ചവടം ചെയ്തപ്പോഴും ആവുംവിധം പ്രസ്ഥാനപ്രവര്‍ത്തനം നടത്താന്‍ ശ്രദ്ധിച്ചിരുന്നു. താഴെ ചൊവ്വയില്‍ റെഡിമെയ്ഡ് കട നടത്തിയപ്പോഴും കച്ചവടവും പ്രസ്ഥാന പ്രവര്‍ത്തനവും ഒരുമിച്ചുകൊണ്ടുപോകാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
വായനാശീലം, മനഃപാഠമാക്കാനുള്ള കഴിവ്, ഇമ്പമാര്‍ന്ന ഖുര്‍ആന്‍ പാരായണം എന്നിവ പരേതന്റെ പ്രത്യേകതകളായിരുന്നു. തന്റെ ഏഴ് മക്കളെയും ദീനി നിഷ്ഠയോടെ വളര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.
താഴെ ചൊവ്വയിലെ ആറ്റടപ്പ റോഡിലുള്ള മസ്ജിദുദ്ദഅ്‌വ, ഹോമിയോ ക്ലിനിക് എന്നിവയുടെ നിര്‍മാണത്തിലും നടത്തിപ്പിലും അദ്ദേഹം വലിയ പങ്ക് വഹിച്ചിരുന്നു. രോഗാതുരമായ അവസാന നാളുകളിലും പ്രസ്ഥാനവും അതിന്റെ പ്രവര്‍ത്തകരും അദ്ദേഹത്തിന് ആവേശമായിരുന്നു.
കെ.എം മൊയ്തീന്‍കുഞ്ഞി കണ്ണൂര്‍

കളത്തില്‍ മൊയ്തു സാഹിബ്


ങ്കട ഏരിയയിലെ വേരുംപുലാക്കല്‍ പ്രാദേശിക ജമാഅത്തിലെ കാര്‍ക്കൂന്‍ ആയിരുന്നു കളത്തില്‍ മൊയ്തു സാഹിബ്.
വേരുംപുലാക്കല്‍ പ്രദേശത്ത് പ്രസ്ഥാന ഘടകം നിലവില്‍ വന്നതുമുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. എതിരാളികള്‍ക്ക് മുമ്പില്‍ സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഔപചാരിക വിദ്യാഭ്യാസം ഏറെയില്ലെങ്കിലും രാഷ്ട്രീയ-മത വിഷയങ്ങളില്‍ കാഴ്ചപ്പാടുള്ള സാധാരണ കര്‍ഷകനായിരുന്നു അദ്ദേഹം.
വേരുപുലാക്കല്‍ പ്രദേശത്ത് പ്രസ്ഥാനത്തിന് ഒരാസ്ഥാനമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. പ്രസ്ഥാനത്തിന്റെ ഓഫീസ് നിര്‍മാണ്ത്തിന് 5 സെന്റ് ഭൂമി തരപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ ശ്രമം എടുത്തുപറയേണ്ടതാണ്. ഇന്ന് മങ്കടയിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യമായ, ശാന്തി ഗ്രാമിലെ മൂന്നേക്കറില്‍ സ്ഥിതി ചെയ്യുന്ന എന്‍.സി.ടി എജ്യൂക്കേഷനല്‍ കോംപ്ലക്‌സിന്റെ തുടക്കം ഈ 5 സെന്റ് ഭൂമിയില്‍നിന്നാണ്. രോഗാവസ്ഥയില്‍ പ്രതിവാര യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നപ്പോഴും പ്രാസ്ഥാനിക കാര്യങ്ങള്‍ താല്‍പര്യപൂര്‍വം അന്വേഷിക്കുകയും എന്‍.സി.ടിയുടെ വളര്‍ച്ചയില്‍ അതീവ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. മക്കളെയും കുടുംബത്തെയും പ്രസ്ഥാന പ്രവര്‍ത്തകരാക്കുന്നതിലും ശ്രദ്ധിച്ചിരുന്നു.
വി. അബ്ദു, വേരുംപുലാക്കല്‍, കടന്നമണ്ണ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /71-74
എ.വൈ.ആര്‍

ഹദീസ്‌

കടദാനം പുണ്യദാനം
ഹാഫിസ് ബഷീര്‍, അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ ശാന്തപുരം