ഹദീസ് കോണ്‍ഫറന്‍സ് സമാപിച്ചു
ഹദീസിന്റെ സ്ഥാനവും പ്രാധാന്യവും അതിന്റെ പഠനത്തില്‍ സംഭവിച്ച അപാകത വരുത്തിവെച്ച വിനകളും ഹദീസ് വിമര്‍ശനങ്ങളും പഠനവിധേയമാക്കി ജമാഅത്തെ ഇസ്‌ലാമി കേരള ജനുവരി 9,10 തീയതികളില്‍ ശാന്തപുരം അല്‍ജാമിഅയില്‍ സംഘടിപ്പിച്ച ഹദീസ് കോണ്‍ഫറന്‍സ്, വിഷയങ്ങളുടെ വൈവിധ്യവും ആഴമേറിയ ചര്‍ച്ചകളും വിശകലനങ്ങളും കൊണ്ട് ശ്രദ്ധേയമായി.
അബ്ദുല്‍ ഹകീം നദ്‌വിയുടെ ഹദീസ് ക്ലാസോടെ ആരംഭിച്ച കോണ്‍ഫറന്‍സ് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ഹദീസ് വിജ്ഞാനീയങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നുവെന്നും ഇസ്‌ലാമിന്റെ തനതായ പാരമ്പര്യവും പൈതൃകവും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഹദീസ് നിഷേധത്തിലൂടെയും ഹദീസിനെതിരെയുള്ള നീക്കങ്ങളിലൂടെയും സംഭവിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പി. മുജീബുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷനില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഖാലിദ് മൂസാ നദ്‌വി സംസാരിച്ചു.
ആറ് സെഷനുകളായാണ് കോണ്‍ഫറന്‍സ് നടന്നത്. ഒന്നാം സെഷനില്‍ 'ഹദീസ് നിര്‍വചനം, പ്രമാണികത' എന്ന വിഷയം കെ. അബ്ദുല്ലാ ഹസന്‍ അവതരിപ്പിച്ചു. കെ.എ യൂസുഫ് ഉമരി അധ്യക്ഷത വഹിച്ചു. എ.ടി ശറഫുദ്ദീന്‍ സ്വാഗതം പറഞ്ഞു.
ഉച്ചക്ക് ശേഷം നടന്ന രണ്ടാം സെഷനില്‍ 'ഹദീസ് സംരക്ഷണം ക്രോഡീകരണം മുഹമ്മദ് നബിയുടെ കാലത്തും ശേഷവും' എന്ന വിഷയമാണ് ചര്‍ച്ചക്ക് വിധേയമായത്. മുഹമ്മദ് കാടേരി പ്രബന്ധം അവതരിപ്പിച്ചു. ടി.കെ ഉബൈദ് അധ്യക്ഷത വഹിച്ചു. ടി. ശാകിര്‍ സ്വാഗതം പറഞ്ഞു.
മൂന്നാം സെഷനില്‍ 'ഹദീസ് നിഷേധ പ്രവണത: ചരിത്രത്തിലും വര്‍ത്തമാനത്തിലും' എന്ന വിഷയത്തില്‍ എം. വി മുഹമ്മദ് സലീം മൗലവി തയ്യാറാക്കിയ പ്രബന്ധം അദ്ദേഹത്തിന്റെ അഭാവത്തില്‍ അബ്ദുല്‍ ഹഫീദ് നദ്‌വി അവതരിപ്പിച്ചു. ഹൈദറലി ശാന്തപുരം അധ്യക്ഷത വഹിച്ചു. പി.വി റഹ്മാബി സ്വാഗതം പറഞ്ഞു.
മഗ്‌രിബാനന്തരം സമയക്കുറവുമൂലം നാലും അഞ്ചും സെഷനുകള്‍ ഒന്നാക്കി ചുരുക്കി. 'സുന്നത്ത് പ്രമാണികമായതും അല്ലാത്തതും' എന്ന വിഷയത്തില്‍ വി.കെ അലിയും 'ഹദീസ് സംരക്ഷണ പ്രസ്ഥാനം: മൗദൂദിയുടെയും മുസ്ത്വഫസ്സിബാഇയുടെയും സംഭാവനകള്‍' എന്ന വിഷയത്തില്‍ കെ.ടി ഹുസൈനും പ്രബന്ധം അവതരിപ്പിച്ചു. വി.എ കബീര്‍ അധ്യക്ഷ വഹിച്ച ഈ സെഷനില്‍ ഹബീബ് മസ്ഊദ് സ്വാഗതം പറഞ്ഞു.
എ.പി മുഹമ്മദ് ഹുസൈന്‍ സഖാഫിയുടെ ഹദീസ് ദര്‍സോടെ രണ്ടാം ദിവസത്തെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ആറാം സെഷനില്‍ 'നിരൂപണ വിധേയമായ ഹദീസുകള്‍, വ്യാജ ഹദീസുകളുടെ പ്രത്യാഘാതങ്ങള്‍' എന്ന വിഷയത്തില്‍ ഇല്‍യാസ് മൗലവി പ്രബന്ധം അവതരിപ്പിച്ചു. പി.കെ ജമാല്‍ അധ്യക്ഷത വഹിച്ചു. കെ.കെ സുഹ്‌റ സ്വാഗതം പറഞ്ഞു.
ഏഴാം സെഷനില്‍ 'സുന്നത്ത് സമീപന രേഖ' എന്ന വിഷയത്തില്‍ കെ.എം. അശ്‌റഫ് പ്രബന്ധം അവതരിപ്പിച്ചു. ഇ.എന്‍ ഇബ്‌റാഹീം മൗലവി അധ്യക്ഷത വഹിച്ചു. സി.ടി സുഹൈബ് സ്വാഗതം പറഞ്ഞു.
എട്ടാം സെഷനില്‍ 'തെറ്റിദ്ധരിക്കപ്പെട്ട ഹദീസ് നിവേദകന്മാര്‍, അബൂഹുറയ്‌റയുടെ വ്യക്തിത്വം' എന്ന വിഷയത്തില്‍ അബ്ദുല്ലത്വീഫ് കൊടുവള്ളി പ്രബന്ധം അവതരിപ്പിച്ചു. ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. പി. റുക്‌സാന സ്വാഗതം പറഞ്ഞു.
റഫാഹിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച സമാപന സെഷനില്‍ ജ.ഇ കേന്ദ്ര കൂടിയാലോചനാ സമിതി അംഗം ടി.കെ അബ്ദുല്ല മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഖുര്‍ആന്റെ ശരിയായ ആശയതലങ്ങളിലേക്ക് വെളിച്ചം ലഭിക്കാനും ഇസ്‌ലാമിക സംസ്‌കൃതിയുടെ നിലനില്‍പിനും ഹദീസ് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിരുന്ന് കൊണ്ടുള്ള ചര്‍ച്ചകള്‍ കൂടുതല്‍ ഫലം നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജ.ഇ കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സമാപന ഭാഷണവും പ്രാര്‍ഥനയും നിര്‍വഹിച്ചു. വി.ടി അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ച ഈ സെഷനില്‍ ഖാലിദ് മൂസാ നദ്‌വി സ്വാഗതം പറഞ്ഞു.
Comments