കാലത്തെ വരുതിയിലാക്കുന്ന ഉണര്‍വിന്റെ രസനകള്‍
സ്വന്തത്തിനു നാം ഉദാരമായി കല്‍പ്പിച്ചു നല്‍കുന്ന പ്രതിഛായയുടെ പുറംതോടുകള്‍ ആടയാഭരണമായി തോന്നുമ്പോഴാണ് ഒരാള്‍ ആത്മകഥയെഴുതുക എന്ന ഒരു പ്രതിനിരീക്ഷണമുണ്ട്. കഥകളില്‍ അയാള്‍ തന്നെ നിറഞ്ഞു കവിയുകയും സംഭവ സമൃദ്ധികള്‍ എഴുത്തുകാരനു ചുറ്റും മാത്രം വര്‍ത്തുളമാവുകയും ചെയ്യുമ്പോഴാണ് ഈ പ്രതിനിരീക്ഷണം സംഗതമാവുന്നത്. അത്തരം രചനകളില്‍ അത്യുക്തിയുടെ ആര്‍ഭാടമായ തുളുമ്പലുകള്‍ കാണാം. എന്നാല്‍ ഇത്തരത്തിലൊരു മേദസ്സുമില്ലാത്ത, തന്റെ അറുപത്തഞ്ചു വര്‍ഷത്തെ തുറന്നതും സംഭവ സമൃദ്ധവുമായ ജീവിതം പൊതുമണ്ഡലത്തിനു മുമ്പില്‍ വിടര്‍ത്തി നിവേശിപ്പിക്കുകയാണ് ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ ഓര്‍മയുടെ ഓളങ്ങളില്‍.
എഴുത്തുകാരനും പ്രഭാഷകനും പ്രസ്ഥാന നായകനുമായ ശൈഖ് മുഹമ്മദ് ദീര്‍ഘവും കുശലത മുറ്റിയതുമായ തന്റെ ജീവിതം ഓര്‍ക്കുന്നതുതന്നെ ദാരിദ്ര്യത്തിന്റെ സമൃദ്ധിയില്‍ നിന്നാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യ പൊതുവിലും ഏറനാടന്‍ ഗ്രാമങ്ങള്‍ പ്രത്യേകിച്ചും അനുഭവിച്ച കൊടിയ ദാരിദ്ര്യം. അതിന്റെ ഉഷ്ണ ശിഖരത്തിലാണ് ശൈഖ് മുഹമ്മദ് ജനിക്കുന്നതും വളരുന്നതും. അതാകട്ടെ മഞ്ചേരിയിലെ ഒരു വെറും ഗ്രാമത്തിന്റെ പരിമിതിയിലും. ആ അഭിശപ്ത നാളുകള്‍ ഓര്‍ത്തെടുക്കാന്‍ ഗ്രന്ഥകാരന് ഒരു സങ്കോചവും തോന്നുന്നില്ല. എന്നു മാത്രമല്ല താന്‍ പിന്നിട്ടുപോന്ന ആ കാലങ്ങളിലേക്ക് അദ്ദേഹം സഞ്ചരിക്കുന്നത് ഏറെ ഗൃഹാതുരതയോടെയും ഉന്മാദത്തോളമെത്തുന്ന ഹര്‍ഷത്തോടെയുമാണ്.
ശൈഖ് മുഹമ്മദിന്റെ വിദ്യാര്‍ഥി ജീവിതകാലം ഏറെ മിഴിവോടെ പൂത്തുനില്‍ക്കുന്നത് തന്റെ റൗദത്തുല്‍ ഉലൂം പഠനകാലത്താണ്. ശൈഖ് മുഹമ്മദിലെ സാംസ്‌കാരിക പ്രതിഭയെ നിര്‍മിച്ചതും നിര്‍ണയിച്ചതും അബുസ്സബാഹെന്ന മഹാ സാത്വിക സാന്നിധ്യമായിരുന്നെന്ന് അദ്ദേഹത്തിനു തിട്ടമുണ്ട്. അതുകൊണ്ടുതന്നെയാകാം കാന്തിയോലുന്ന ആ ഗുരുപരിവൃത്തത്തില്‍ നിന്ന് പുറത്തുകടക്കാനാകാതെ അദ്ദേഹം ഒരുപാടു പേജുകളില്‍ അവിടെത്തന്നെ ചുറ്റിത്തിരിയുന്നത്.
ഈ പുസ്തകത്തിലെ ഏറ്റവും ചാരുതയാര്‍ന്ന വായനാദൃശ്യം ഒരു സുഹൃദ്‌സംഗമമാണ്. റൗദത്താബാദിലെ മസ്ജിദില്‍ ഗ്രന്ഥകാരന്‍ ആദ്യമായൊരാളെ പരിചയപ്പെടുന്നു. പൂവഞ്ചേരി മുഹമ്മദ്. സൗഹൃദത്തിന്റെ ആ പാരിജാത നാളുകളില്‍ പൂവഞ്ചേരി സ്‌നേഹസമ്മാനമായി തനിക്ക് നല്‍കിയ ഒരു കുഞ്ഞു പുസ്തകം തന്റെ ജീവിതഗതിയെ എങ്ങനെ കീഴ്‌മേല്‍ മറിച്ചുവെന്ന് ഗ്രന്ഥകാരന്‍ അനുസ്മരിക്കുന്നത് ഉദ്വേഗത്തോടെ മാത്രമേ നമുക്കു വായിക്കാനാവു. സയ്യിദ് മൗദൂദിയുടെ സത്യസാക്ഷ്യമെന്ന പ്രൗഢപ്രഭാഷണമായിരുന്നു ആ പുസ്തകം. അകാലത്തില്‍ വിടവാങ്ങിയ പൂവഞ്ചേരിയില്‍ ശൈഖ് തന്റെ രണ്ടാം ഗുരുവിനെ കണ്ടെത്തുന്നു. തന്നിലെ എഴുത്തുകാരനെയും പ്രഭാഷകനെയും കണ്ടെത്തിയത് ഫാറൂഖാബാദിലെ സര്‍ഗാത്മക പരിസരവും അവിടത്തെ ഗുരുപുണ്യങ്ങളുമായിരുന്നെന്ന് അദ്ദേഹം അലിവോടെ അനുസ്മരിക്കുന്നു.
പിന്നീട് അദ്ദേഹത്തിന്റെ അനുസ്മരണങ്ങള്‍ വികസിക്കുന്നത് ഇസ്‌ലാമിക യുവജന പ്രസ്ഥാനങ്ങളുടെ രൂപീകരണങ്ങളിലേക്കും അതിന്റെ വികാസ പരിണാമ ഘട്ടങ്ങളിലേക്കുമാണ്. പൂവഞ്ചേരിയുടെ ഉത്സാഹത്തിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സാരഥ്യത്തിലും 1970 ഒക്‌ടോബറില്‍ ഐഡിയല്‍ സ്റ്റുഡന്റ്‌സ് ലീഗ് സ്ഥാപിതമായതും അത് കേരളീയ പൊതുമണ്ഡലത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനു നല്‍കിയ ധനാത്മകമായ പ്രതിനിധാനവും ആവേശത്തോടെ വിസ്തരിക്കുന്ന ഗ്രന്ഥകാരന്‍ അതിന്റെ അന്ത്യ പരിണാമത്തെ വളരെ ഖിന്നതയോടെ അനുസ്മരിക്കുമ്പോള്‍ വായനക്കാരന്‍ തീര്‍ച്ചയായും വിഷാദിച്ചുനില്‍ക്കും. ശേഷം അലിഗഢ് കേന്ദ്രമാക്കി രൂപീകരിക്കപ്പെട്ട സിമിയുടെ കേരളീയ നിയോഗങ്ങളും അത് അക്കാലത്ത് നിര്‍വഹിച്ച ദൗത്യങ്ങളും അതിന്റെ ആന്തര നടത്തിപ്പില്‍ ദീര്‍ഘകാലം ഇടപെട്ട ശൈഖ് വിശകലനം ചെയ്യുന്നത് ആത്മഹര്‍ഷത്തിന്റെ സമ്മിശ്രത്തിലാണ്. ഒടുവില്‍ നിരവധി ആത്മ സൗഹൃദങ്ങളെ വകഞ്ഞു തന്റെ ബോധ്യത്തിന്റെ പക്ഷത്തു നിന്നപ്പോള്‍ അനുഭവിച്ച മനഃപ്രയാസങ്ങളും ഈ പുസ്തകത്തിന്റെ തീവ്രമായ വായനാനുഭവമാണ്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ചരിത്ര സമ്മേളനങ്ങള്‍ ലേഖകന് എന്നും ഭാവതീവ്രതയോലുന്ന ഓര്‍മപ്പെരുക്കങ്ങളാണ്. ഏറെ കൗതുകത്തോടെയും അതിലേറെ പ്രതീക്ഷയോടെയും താന്‍ ശ്രോതാവായെത്തിയ മലപ്പുറം സമ്മേളനത്തില്‍ നിന്ന് കാലനീള്‍ച്ചയില്‍ വന്നുചേര്‍ന്ന നിരവധി മഹാസമ്മേളനങ്ങള്‍. അതിലൊക്കെയും നേതൃത്വപരമായ പങ്കുനിര്‍വഹിക്കാന്‍ ഉതവിയാവുക. അപ്പോള്‍ അനുഭവിക്കുന്ന മാനസികമായ സംതൃപ്തി. ഇതാകാം ഈയൊരു ചരിത്രകാലത്തെ പുസ്തകത്തില്‍ വിശദത്തില്‍ വിവരിക്കാന്‍ അദ്ദേഹത്തെ ഉത്സാഹപ്പെടുത്തുന്നത്.
ഇസ്‌ലാമിക പ്രസ്ഥാനത്തെയും അത് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ വ്യവഹാരങ്ങളെയും പ്രഹരിക്കുന്നതില്‍ സാമാന്യ മാനവിക മര്യാദകള്‍ പോലും പരിഗണിക്കേണ്ടതില്ലെന്ന് ശഠിക്കുന്നവരുണ്ട് കേരളത്തിലെ മുജാഹിദുകളില്‍. പ്രത്യേകിച്ചും കെ. ഉമര്‍മൗലവിയും അദ്ദേഹത്തിന്റെ ഒരു കൂട്ടം ശിഷ്യന്മാരും. ശൈഖ് മുഹമ്മദാകട്ടെ മുജാഹിദ് പാഠശാലയില്‍ നിന്ന് ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടയാളും. ജമാഅത്തെ ഇസ്‌ലാമിയെയും അതിന്റെ സ്ഥാപകന്‍ സയ്യിദ് മൗദൂദിയെയും രൂക്ഷമായി എതിര്‍ക്കുക മാത്രമല്ല അവരൊക്കെയും ദീനില്‍ നിന്നുതന്നെ പുറത്താണെന്നു പ്രഖ്യാപിക്കുകയും സംഘടനയെ നിരോധിച്ച ഇന്ദിരാഗാന്ധിക്ക് ദീര്‍ഘായുസ്സു നേരുകയും ചെയ്യുവോളം ഈ മനസ്സുകള്‍ ഇടുങ്ങി. ഇതിന്റെ ഭാഗമാണ് ഇവര്‍ ശഹീദ് സയ്യിദ് ഖുത്വ്ബിനെ അനുസ്മരിച്ചപ്പോള്‍ 'അദ്ദേഹമിപ്പോള്‍ ബര്‍സഖീ ലോകത്ത് ഖേദിച്ച് വിരല്‍ കടിച്ച് കഴിയുകയായിരിക്കും' എന്നു പരാമര്‍ശിച്ചത്. ഇത്തരം നിലപാടുകളോടുള്ള ഗ്രന്ഥകാരന്റെ പ്രതികരണങ്ങളാകാം അദ്ദേഹം ഏറ്റെടുത്ത മുജാഹിദ് സംവാദങ്ങള്‍. മുജാഹിദ് അതിവാദങ്ങള്‍ക്കെതിരെ ഇസ്‌ലാമിക പ്രസ്ഥാനം വിജയിപ്പിച്ച ഒട്ടുമിക്ക സംവാദങ്ങളിലും ശൈഖിന്റെ സാന്നിധ്യമുണ്ടായിരുന്നു. ആ അനുഭവകാലം ആത്മവിശ്വാസം തുളുമ്പുന്ന ഓര്‍മകളായി പുസ്തകത്തിലുണ്ട്.
ഇസ്‌ലാമിക പ്രസ്ഥാനവും അതിന്റെ ആശയ പരിസരവും ഇന്ന് കേരളീയ പൊതുമണ്ഡലത്തിന് ഏറെ പരിചിതമാണ്. ഇതിന് ഒരു പരിധിവരെ നിമിത്തമായത് ഐ.പി.എച്ച് എന്ന പുസ്തക പ്രസാധനാലയമാണ്. എടയൂരിലെ ഇടുങ്ങിയ പീടികമുറിയിലെ ഉറക്കുത്തിയ മരപ്പെട്ടിയില്‍ നിന്ന് കേരളത്തിലെ മഹാനഗരങ്ങളുടെ ഹൃത്തടത്തിലൊക്കെയും എടുപ്പോടെ നില്‍ക്കുന്ന ഒരു വലിയ പുസ്തക ശൃംഖലയായി അത് വളര്‍ന്നതിനു പിന്നില്‍ കാല്‍ നൂറ്റാണ്ടോളം ഗ്രന്ഥകര്‍ത്താവിന്റെ വിയര്‍പ്പുണ്ട്. അതുകൊണ്ടാകാം ആ ചുമതലക്കാലമോര്‍ക്കുമ്പോള്‍ അദ്ദേഹം ഏറെ തരളിതനാവുന്നത്.
കാല്‍പ്പനികത മുറ്റുന്ന ഭാഷയില്‍ എഴുതാനും പറയാനും സിദ്ധിയുള്ള ഗ്രന്ഥകാരന്റെ ചില അനുഭവ വിവരണങ്ങള്‍ കേവല റിപ്പോര്‍ട്ടിംഗായി അനുഭവപ്പെടുന്നുണ്ടെങ്കിലും തീര്‍ച്ചയായും ഈ പുസ്തകം ഒരു ചരിത്രരേഖ തന്നെയാണ്. ഇസ്‌ലാമിക പ്രസ്ഥാനം പിന്നിട്ട നാള്‍വഴികളുടെ ദീപ്തമായ അയവിറക്കല്‍. താന്‍ നെഞ്ചോടു ചേര്‍ത്തുവെച്ച പ്രസ്ഥാനം കാലനീള്‍ച്ചയില്‍ നേരിട്ട സര്‍വ അഭിമുഖീകരണങ്ങളെയും ആത്മനിഷ്ഠമായും സത്യസന്ധമായും ക്രമാനുസാരിയായി അടുക്കിപ്പെറുക്കിയ ചരിത്രസഞ്ചിതം. പ്രസ്ഥാനവഴിയില്‍ താന്‍ സഞ്ചരിച്ച അര നൂറ്റാണ്ടിലെ ഭാവതീവ്രമായ നിരീക്ഷണങ്ങള്‍. ഇതുകൊണ്ടൊക്കെ ഈ പുസ്തകം വ്യത്യസ്തമാണ്. താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തില്‍ എങ്ങനെ ഒരാള്‍ സജീവമാകണമെന്നു പ്രവര്‍ത്തകരെ ഈ പാരായണം ബോധ്യപ്പെടുത്തും. അകര്‍മണ്യതയുടെ വാല്‍മീകം കുടഞ്ഞു എങ്ങനെ കര്‍മകാണ്ഡം താണ്ടണമെന്നും.
Comments