Prabodhanm Weekly

Pages

Search

2016 ജനുവരി 22

2935

1437 റബീഉല്‍ ആഖിര്‍ 12

ഇത്രമേല്‍ ദൈവത്തിന് കീഴ്‌പ്പെട്ട സ്ത്രീയുണ്ടോ?

സലീംനൂര്‍ ഒരുമനയൂര്‍

ലോകത്ത് ആദിമ പിതാവും മാതാവുമൊഴികെ സകല മനുഷ്യരും ഒരമ്മയുടെ ഉദരത്തിലൂടെ ജന്മം കൊണ്ടവരാണ്. മാതൃത്വമാണ് സ്ത്രീയെ മേന്മയുള്ളവളാക്കുന്നത്. ഗര്‍ഭധാരണമാണ് പലപ്പോഴും  സ്ത്രീത്വത്തെ തൃണവല്‍ക്കരിക്കുന്നതും  മഹത്വവല്‍ക്കരിക്കുന്നതും. മാതാവും  പിതാവുമില്ലാതെയാണ് ആദ്യ സ്ത്രീയും പുരുഷനും  ജനിച്ചതെങ്കില്‍, പടുവാര്‍ധക്യം പ്രാപിച്ച പിതാവിലൂടെയും വന്ധ്യയായ മാതാവിലൂടെയുമാണ് യഹ്‌യാ പ്രവാചകന്‍ ജനിക്കുന്നത്. പിതാവില്ലാതെയാണ് ഈസ പ്രവാചകന്‍ ഭൂമിയില്‍ പിറന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആദമിന്റെയും യഹ്‌യയുടെയും ഈസയുടെയും ജനനം ഒരേ സ്രഷ്ടാവിന്റെ കല്‍പനപ്രകാരമാണ്.
ഒരു കുഞ്ഞിക്കാലു കാണാനുള്ള അതിയായ ആഗ്രഹത്തിന്റെ ഫലമായി ഇംറാന്റെ വന്ധ്യയായ ഭാര്യ ഹന്നയെ മാതൃത്വം നല്‍കി ദൈവം അനുഗ്രഹിച്ചു. ആദ്യ കുഞ്ഞിനെ മാതാപിതാക്കള്‍ ദൈവസേവക്കായി ബൈത്തുല്‍ മഖ്ദിസിലേക്ക് നേര്‍ച്ചയാക്കി.
''ഓര്‍ക്കുക: ഇംറാന്റെ ഭാര്യ ഇങ്ങനെ പ്രാര്‍ഥിച്ച സന്ദര്‍ഭം: എന്റെ നാഥാ, എന്റെ വയറ്റിലെ കുഞ്ഞിനെ നിന്റെ സേവനത്തിനായി സമര്‍പ്പിക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു; എന്നില്‍നിന്ന് നീയിതു സ്വീകരിക്കേണമേ. നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ'' (ആലുഇംറാന്‍ 35).
എന്നാല്‍ പിറന്ന കുഞ്ഞ്  പെണ്ണായിപ്പോയി. നേര്‍ന്ന  നേര്‍ച്ച പൂര്‍ത്തിയാക്കല്‍  നിര്‍ബന്ധമായത് കാരണം മാതാപിതാക്കള്‍ പെണ്‍കുഞ്ഞിനെ ദൈവസേവക്കായി അയച്ചു. ''അങ്ങനെ അവളുടെ നാഥന്‍ അവളെ നല്ല നിലയില്‍ സ്വീകരിച്ചു. മെച്ചപ്പെട്ട രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നു. സകരിയ്യായെ അവളുടെ സംരക്ഷകനാക്കി. സകരിയ്യാ മിഹ്‌റാബില്‍ അവളുടെ അടുത്തു ചെന്നപ്പോഴെല്ലാം അവള്‍ക്കരികെ ആഹാരപദാര്‍ഥങ്ങള്‍ കാണാറുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം ചോദിച്ചു: മര്‍യം, നിനക്കെവിടെ നിന്നാണിത് കിട്ടുന്നത്? അവള്‍ അറിയിച്ചു: ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് കണക്കറ്റ് കൊടുക്കുന്നു'' (ആലുഇംറാന്‍ 37 ).
ഇവിടെ  കാര്യങ്ങള്‍   സ്പഷ്ടമാണ്. മര്‍യമിന്റെ മാതാവ് നേര്‍ച്ചയാക്കുന്നതിനു മുമ്പേ അവരുടെ രക്ഷിതാവ് ബോധവാനാണ് കുഞ്ഞ് പെണ്‍കുട്ടിയാണെന്ന്. എന്നാല്‍ താനുദ്ദേശിക്കുന്ന കാര്യത്തിനു മര്‍യമിന്റെ ജനനം അനിവാര്യമായിരുന്നു. പ്രത്യേക ലക്ഷ്യത്തോടെയായിരുന്നു പരമകാരുണ്യകന്‍ മര്‍യമിനെ വന്ധ്യയായ മാതാവിന്റെ ഗര്‍ഭപാത്രത്തില്‍  നിക്ഷേപിച്ചത്. ലോകത്ത് മറ്റൊരു സ്ത്രീക്കും ലഭിക്കാത്ത ദൗത്യമായിരുന്നു മര്‍യമിനു നിര്‍വഹിക്കാനുണ്ടായിരുന്നത്. ദൈവദാസിയാക്കപ്പെട്ട മര്‍യം രക്ഷിതാവിന്റെ പ്രത്യേക പരിചരണത്തിലാണ് വളര്‍ന്നു വന്നത്. ഗര്‍ഭധാരണവും പ്രസവവും വരെ ഈ പ്രത്യേക സംരക്ഷണം നിലനിന്നു പോന്നു  എന്ന് ചരിത്രം നമ്മോട് പറയുന്നു. ഇത് മര്‍യമിനോടുള്ള രക്ഷിതാവിന്റെ പ്രത്യേക മമത പ്രകടമാക്കുന്നുണ്ട്.
പരിശുദ്ധ ഖുര്‍ആനില്‍ സ്ത്രീകള്‍ക്ക് മാതൃകയായി പേരെടുത്ത് പറഞ്ഞിട്ടുള്ള ഏക സ്ത്രീയാണ് ഇംറാന്റെ മകള്‍ മര്‍യം (വിശുദ്ധ ഖുര്‍ആനിലെ 19-ാം അധ്യായം തന്നെ 'മര്‍യം' എന്നപേരിലാണ്). സമൂഹം പിഴച്ചവളെന്ന് ആരോപിച്ചപ്പോള്‍  പരിശുദ്ധയായി, വാഴ്ത്തപ്പെട്ടവളായി അവരെ പരിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: മര്‍യം, അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. വിശുദ്ധയും ലോകത്തിലെ മറ്റേത് സ്ത്രീകളെക്കാളും വിശിഷ്ടയുമാക്കിയിരിക്കുന്നു (ആലുഇംറാന്‍ 42). തന്റെ രക്ഷിതാവിന്റെ മാത്രം നിര്‍ദേശത്താല്‍ പിതാവില്ലാതെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുക. എന്നിട്ട് സമൂഹത്തിനു മുമ്പില്‍ വ്യഭിചാരാരോപണത്തിനിരയാവുക. ലോകത്ത് ഒരു സ്ത്രീക്കും ഇതിനു മുമ്പോ ശേഷമോ ഇത്തരത്തില്‍ ഒരു പരീക്ഷണം നേരിടേണ്ടി വന്നിട്ടില്ല. ''അവള്‍ ചോദിച്ചു: എന്റെ നാഥാ, എനിക്കെങ്ങനെ  പുത്രനുണ്ടാകും? എന്നെ ഒരു പുരുഷനും  തൊട്ടിട്ടുപോലുമില്ല! അല്ലാഹു അറിയിച്ചു: അതു  ശരിതന്നെ. എന്നാല്‍, അല്ലാഹു അവനിഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ 'ഉണ്ടാവുക' എന്നു പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാവുന്നു'' (ആലുഇംറാന്‍ 47). ഒന്നുമില്ലായ്മയില്‍ നിന്ന് ജീവനുണ്ടാക്കാന്‍ കഴിയുന്ന സര്‍വേശ്വരന് സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ജീവന്‍ കരുപ്പിടിപ്പിക്കാന്‍ 'കുന്‍' എന്ന് പറയേണ്ടതേ താമസമുണ്ടായിരുന്നുള്ളൂ. ''അങ്ങനെ അവര്‍ ആ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ഗര്‍ഭം ചുമന്ന് അവര്‍ അകലെ ഒറ്റക്കൊരിടത്ത് മാറിത്താമസിച്ചു'' (മര്‍യം 22).
വിശ്വാസിയുടെ വീക്ഷണത്തില്‍ വ്യഭിചാരം  അങ്ങേ അറ്റം മ്ലേഛവും നികൃഷ്ടവുമായ പാപമാണ്. സമൂഹം അത്രമേല്‍ മോശമായ ദൃഷ്ടിയില്‍ കണ്ടപ്പോഴും രക്ഷിതാവില്‍ ഭരമേല്‍പ്പിക്കുകയായിരുന്നു മര്‍യം.  പ്രസവാനന്തരം കുഞ്ഞിനെയും കൊണ്ട് മര്‍യം  സ്വന്തം ജനത്തിലേക്ക് ചെന്നപ്പോള്‍ അക്കാലത്തെ പുരോഹിതരടക്കമുള്ള സമൂഹം പരിഹാസം കൊണ്ട് കുത്തിനോവിച്ചു.
''പിന്നെ അവര്‍ ആ കുഞ്ഞിനെയെടുത്ത് തന്റെ ജനത്തിന്റെ അടുത്തു ചെന്നു. അവര്‍ പറഞ്ഞുതുടങ്ങി: മര്‍യമേ, കൊടിയ കുറ്റമാണല്ലോ നീ ചെയ്തിരിക്കുന്നത്.  ഹാറൂന്റെ സോദരീ, നിന്റെ പിതാവ് വൃത്തികെട്ടവനായിരുന്നില്ല. നിന്റെ മാതാവ് പിഴച്ചവളുമായിരുന്നില്ല'' (മര്‍യം 27, 28).
വ്യഭിചാരാരോപണം നേരിടേണ്ടി വന്ന മറ്റൊരു മഹദ് വനിതയായിരുന്നു പ്രവാചക പത്‌നി ആഇശ (റ). എന്നാല്‍ അവര്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ പരോക്ഷമായെങ്കിലും അവഗണിക്കാന്‍ അബൂബക്ര്‍ (റ) അടക്കമുള്ള വലിയൊരു  സമൂഹം  മുന്നിലുണ്ടായിരുന്നു. എന്നാല്‍ മര്‍യമിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നു. ആരോപണങ്ങള്‍ക്ക് തൊട്ടിലിലെ ശിശു  മറുപടി  പറയുക എന്ന അപൂര്‍വമായ ദൈവിക ഇടപെടലിലൂടെയാണ് വലിയൊരു പ്രതിസന്ധിക്ക് പരിഹാരമാകുന്നത്. നിഷ്‌കളങ്കരുടെ മേലുള്ള വ്യാജാരോപണം ആരോപിതര്‍ക്ക് കൂടുതല്‍  ശ്രേഷ്ഠതയാണ് കൈവരുത്തുക എന്ന തത്ത്വം മര്‍യമിന്റെ  ജീവിതത്തിലൂടെ പ്രാവര്‍ത്തികമായി.  
മൂസാ(അ)യുടെ മാതാവിനെ പോലെ വിലായത്തിന്റെ  വഹ്‌യും കൂടാതെ ആകാശത്ത് നിന്ന് 'രിസ്ഖും'  ലഭിച്ച സ്ത്രീ രത്‌നമായിരുന്നു മര്‍യം.
ലോകത്ത് ഇതുവരെ ജീവിച്ചവരോ ഇനി ജീവിക്കാനുള്ളവരോ ആയ ഒരു സ്ത്രീക്കും ലഭിക്കാത്ത മഹത്വം നല്‍കി മര്‍യമിനെ ദൈവം ഇഹലോകത്ത് തന്നെ ആദരിച്ചു. പ്രപഞ്ചനാഥന് ഇത്രമേല്‍ കീഴ്‌പ്പെട്ട ഒരു മാതൃകാ വനിതയും  ലോകത്ത് കടന്നുപോയിട്ടില്ല. ഇനി കടന്നു  പോവുകയുമില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /71-74
എ.വൈ.ആര്‍

ഹദീസ്‌

കടദാനം പുണ്യദാനം
ഹാഫിസ് ബഷീര്‍, അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ ശാന്തപുരം