എപ്പോഴും അല്ലാഹുവിനോടൊപ്പം ജീവിക്കുക
നബി(സ) പതിവായി നടത്തുന്ന ഒരു പ്രാര്‍ഥനയുണ്ട്. ''അല്ലാഹുവേ, ഇഹലോകത്തെ ഞങ്ങളുടെ ഏറ്റവും വലിയ വ്യഥയും വിചാരവുമാക്കിത്തീര്‍ക്കരുതേ നീ; (ഇഹലോകത്തെ) ഞങ്ങളുടെ അറിവിന്റെ ആകത്തുകയുമാക്കരുതേ!'' (അല്ലാഹുമ്മ ലാ തജ്അലിദ്ദുന്‍യാ അക്ബറ ഹമ്മിനാ, വലാ മബ്‌ലഗ ഇല്‍മിനാ). ഈ പ്രാര്‍ഥനാംശം എന്റെ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. ഞാനൊരു നാള്‍ എന്റെ ഉള്ളിലുറങ്ങുന്ന വ്യഥയെ-ഹമ്മിനെ-വിളിച്ചു ചില കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ തീരുമാനിച്ചു.
ഞാന്‍ എന്റെ സംസാരം തുടങ്ങിയതിങ്ങനെ: ''വ്യഥയാണല്ലോ നീ. നിങ്ങളുടെ കൂട്ടത്തില്‍ എന്തെല്ലാം തരം വിചാരങ്ങളും വ്യഥകളും ദുഃഖങ്ങളുമുണ്ട്?'' ''ഞങ്ങളുടെ വശം രണ്ടുതരം വിചാരങ്ങളും വ്യഥകളുമേയുള്ളൂ. ഒന്ന് ഐഹികം. രണ്ട് പാരത്രികം.'' ഞാന്‍: ''എന്റെ വ്യഥ ഏതിനത്തില്‍ പെടുമെന്ന് എങ്ങനെ എനിക്കറിയാനാകും?'' വ്യഥ: ''ഇബ്‌നു ഖയ്യിമുല്‍ ജൗസിയ്യ സൂചിപ്പിച്ച ചില അടയാളങ്ങളിലൂടെ നിങ്ങള്‍ ഏത് ഇനത്തില്‍ പെടുമെന്നറിയാന്‍ കഴിയും. അദ്ദേഹം പറഞ്ഞതിങ്ങനെ: അല്ലാഹുവിനെ മാത്രം ഓര്‍ത്ത് ആകുലപ്പെട്ടും അവനെക്കുറിച്ച് മാത്രം ചിന്തിച്ചും ഒരാള്‍ പ്രഭാതത്തെയും പ്രദോഷത്തെയും അഭിമുഖീകരിച്ചു എന്ന് വെക്കുക. എങ്കില്‍ അയാളുടെ ആവശ്യങ്ങളെല്ലാം അല്ലാഹു ഏറ്റെടുക്കും. അവനെ ദുഃഖാകുലനാക്കിയതെല്ലാം അവന്‍ കൈയേല്‍ക്കും. തന്നോടുള്ള സ്‌നേഹത്തിന് വേണ്ടിമാത്രം ആ ഹൃദയത്തെയും, തന്നെക്കുറിച്ച് സ്മരിക്കാന്‍ മാത്രം ആ നാവിനെയും, തന്നെ അനുസരിക്കാനായി മാത്രം അവയവങ്ങളെയും പ്രാപ്തമാക്കും. ഇനി ഒരാളുടെ ചിന്തകളും വ്യഥകളും ആകുലതകളുമൊക്കെ ഇഹലോകത്തെച്ചൊല്ലി മാത്രമാണെങ്കില്‍ ഇഹലോകത്തിന്റെ സര്‍വവ്യഥകളും ദുഃഖങ്ങളും വേവലാതികളും അല്ലാഹു അയാളെക്കൊണ്ട് വഹിപ്പിക്കും. അയാളുടെ കാര്യങ്ങളുടെ നിര്‍വഹണം അയാളുടെ തലയിലിടും. അല്ലാഹുവിനോടുള്ള സ്‌നേഹത്തിന് പകരം ജനങ്ങളോടുള്ള സ്‌നേഹത്തിന് ദാഹിച്ചു നടക്കും അയാളുടെ ഹൃദയം. അല്ലാഹുവിനെ കുറിച്ച് പറയാന്‍ ആ നാവിന് നേരമുണ്ടാവില്ല. ഏത് നേരവും ജനങ്ങളെക്കുറിച്ച് പറയുന്നതില്‍ വ്യാപൃതമായിരിക്കും ആ നാവ്. അവയവങ്ങള്‍ ദൈവത്തോടുള്ള അനുസരണത്തിന് പകരം ജനങ്ങളെ അനുസരിക്കുന്നതിലാവും ശ്രദ്ധയൂന്നുക. വന്യമൃഗങ്ങളെ പോലെ ഓടിയോടിത്തളരും അയാള്‍.''
ഞാന്‍: ''എന്റെ ചിന്തകളും വ്യഥകളും ആകുലതയും പാരത്രികം എന്ന ഇനത്തില്‍ പെട്ടതാണെന്ന് എങ്ങനെയാണ് ഞാന്‍ അറിയുക?''
വ്യഥ മറുപടി നല്‍കി: ''എല്ലാ ദുഃഖവും ചിന്തയും പരലോകത്തെക്കുറിച്ച് മാത്രമാക്കിയവനെ ജനങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നുവെന്ന് ഇമാം മുഹാസിബി(റ) വിവരിച്ചു തന്നിട്ടുണ്ട്. അതിങ്ങനെ: വിഡ്ഢി അയാളെ മൗനിയായാണ് വിലയിരുത്തുക. പക്ഷേ അയാളുടെ അറിവാണ് അയാളെ മൗനിയാക്കിയത്. വിവരമില്ലാത്തവന്‍ അയാളെ അധിക പ്രസംഗി എന്ന് പറയും. പക്ഷേ അല്ലാഹുവോടുള്ള ഗുണകാംക്ഷയാണ് അയാളെക്കൊണ്ടു സംസാരിപ്പിച്ചത്. തനിക്കാവശ്യമില്ലാത്തതില്‍ അയാള്‍ കൈ കടത്തില്ല. തന്റെ ആവശ്യത്തില്‍ കവിഞ്ഞ് അയാള്‍ എടുക്കില്ല. ജനങ്ങള്‍ക്ക് അയാള്‍ ഒരു ശല്യമല്ല. അയാള്‍ക്ക് തന്നെയോര്‍ത്താണ് വിഷമം. ഭക്തി കൊണ്ട് ആര്‍ത്തിയെ കൊന്നവനാണ് അയാള്‍. ദൈവഭയം കൊണ്ട് അതിമോഹത്തെ അമര്‍ത്തിയതാണ് അയാളുടെ നന്മ. വിജ്ഞാനത്തിന്റെ വെളിച്ചത്താല്‍ വികാരങ്ങളുടെ ഇരുട്ടിനെ അകറ്റുന്നതില്‍ വിജയിച്ച വ്യക്തിയാണത്.''
ഞാന്‍: ''പരലോകം മുഖ്യമാക്കിയവന് പരലോകം നല്‍കും, ഇഹലോകം അയാളെ തേടിവരും എന്ന ഒരു നബിവചനം കേട്ടിട്ടുണ്ട്.''
''അതെ, ഒരു നബിവചനമുണ്ട്. ഒരാളുടെ മുഖ്യവിചാരം പരലോകമാണെങ്കില്‍ അല്ലാഹു അയാളുടെ ഹൃദയത്തില്‍ ഐശ്വര്യം നിറയ്ക്കും. അവന്റെ ശ്രമങ്ങളൊന്നും പാഴായി പോകാതെ അല്ലാഹു എല്ലാ വിഭവങ്ങളും സമാഹരിച്ചുകൊടുക്കും. ഇഹലോകം അവന്റെ സന്നിധിയില്‍ മൂക്ക് കുത്തി വരും. ഇനി അയാളുടെ മുഖ്യവിചാരം ഇഹലോകമാണെങ്കില്‍ അവനെന്നും മുന്നില്‍ കാണുക തന്റെ ദാരിദ്ര്യമാവും. കഴിവുകളും ശ്രമങ്ങളും പാഴ്‌വേലയായി ചിതറിപ്പോകും. അയാള്‍ക്ക് വിധിച്ച കണക്കിനേ കിട്ടൂ. സമ്പത്തും ആരോഗ്യവും കുടുംബവും കുട്ടികളും തുടങ്ങി നിരവധി അനുഗ്രഹങ്ങള്‍ അയാള്‍ക്കുണ്ടെങ്കിലും എന്നും ദാരിദ്ര്യം മാത്രമായിരിക്കും അയാളുടെ കണ്‍മുന്നില്‍. ജോലിയും വീടും ശമ്പളവും ധനവും ഒക്കെയുണ്ടെന്നിരിക്കിലും ഒന്നും അറിഞ്ഞാസ്വദിച്ചു ജീവിക്കാന്‍ കഴിയാത്തവിധം ഭാവിയെ കുറിച്ച ആകുലതകളും ദാരിദ്ര്യത്തെക്കുറിച്ച ഭയവുമായിരിക്കും അയാളുടെ മനസ്സു നിറയെ. പിന്നെ അയാള്‍ക്കെന്ത് ജീവിതം?''
ഞാന്‍: ''ശരിയാണ് നിങ്ങള്‍ പറഞ്ഞത്. എനിക്കൊരാളെ അറിയാം. 10 ലക്ഷം ഡോളറുണ്ട് അയാളുടെ കൈവശം. 25000 ഡോളര്‍ ഇതിന്ന് സകാത്ത് നല്‍കണമെന്ന് പറഞ്ഞപ്പോള്‍ അയാളുടെ മറുപടി: അത് കുറെ കൂടുതലാണ്. രണ്ടര ശതമാനം എന്നത് സാധുക്കളുടെ അവകാശമാണെന്ന് അയാള്‍ മറന്നു. അയാള്‍ ആകെ കണ്ടത് ഈ 25000 എന്ന തുകയാണ്. തന്റെ കൈവശം ഒമ്പത് ലക്ഷത്തി എഴുപത്തയ്യായിരം ഡോളര്‍ ബാക്കി കിടപ്പുണ്ടെന്ന് കാണാനുള്ള കണ്ണ് അയാള്‍ക്കില്ലാതെ പോയി.''
''ശരിയാണ്. പലരും അങ്ങനെയാണ്. മറ്റുള്ളവരുടെ കൈയിലുള്ളതിലേക്കാണ് അവരുടെ നോട്ടം. തന്റെ കൈവശമുള്ള അനുഗ്രഹത്തെക്കുറിച്ച് അവര്‍ക്ക് ഓര്‍മയുണ്ടാവില്ല. ദാരിദ്ര്യമായിരിക്കും എന്നും കണ്‍മുന്നില്‍ എന്ന് പറഞ്ഞതിന്റെ വിവക്ഷ ആ സമ്പന്നന്റെ വിചാരമാണ്.''
പരലോകം മുഖ്യവിചാരം ആവുകയെന്നാല്‍ എപ്പോഴും ഏത് സമയവും അല്ലാഹുവിനോടൊപ്പം ജീവിക്കുക എന്നാണ്. ഇസ്‌ലാമിലെ അനുഷ്ഠാനങ്ങള്‍ നമ്മെ അതിന് സഹായിക്കും. ഉദാഹരണം നമസ്‌കാരം. അഞ്ച് നേരമുണ്ടല്ലോ അത്. ഒരു വിശ്വാസിയുടെ ഹൃദയത്തിന് രണ്ട് അവസ്ഥകളേയുള്ളൂ. ഒന്നുകില്‍ അയാള്‍ നമസ്‌കാരത്തില്‍. അല്ലെങ്കില്‍ നമസ്‌കാരത്തിനുള്ള കാത്തിരിപ്പില്‍. രണ്ടവസ്ഥയിലും അയാള്‍ അല്ലാഹുവിനൊപ്പമാണ്. നോമ്പിലെ മുപ്പത് രാപ്പകലുകള്‍. അതിലെ ഓരോ നിമിഷവും അയാള്‍ അല്ലാഹുവിനോടൊപ്പമാണ്. ഇതാണ് പരലോക വിചാരം മുഖ്യമാവുക എന്ന് വെച്ചാല്‍. അതോടൊപ്പം അല്ലാഹു ഉണര്‍ത്തിയത് ഓര്‍ക്കുകയും വേണം. ''ഇഹലോകത്തുള്ള നിന്റെ ഓഹരി നീ മറക്കരുത്'' (സൂറഃ അല്‍ഖസ്വസ്വ്).
വിവ: പി.കെ. ജമാല്‍
Comments