Prabodhanm Weekly

Pages

Search

2016 ജനുവരി 22

2935

1437 റബീഉല്‍ ആഖിര്‍ 12

നബിചര്യയുടെ കാവലാളാവുക

എം. ഐ അബ്ദുല്‍ അസീസ്

ബീഉല്‍ അവ്വല്‍ കഴിഞ്ഞു. മുഹമ്മദ് നബി(സ)യുടെ ജനനം നടന്ന മാസമെന്ന നിലക്ക് നബി(സ)യുടെ ജീവിതവും സന്ദേശവും ഉയര്‍ത്തിപ്പിടിക്കുന്ന ധാരാളം പരിപാടികളാല്‍ സമ്പന്നമായിരുന്നു റബീഉല്‍ അവ്വല്‍. ഒരു മാസം ദൈര്‍ഘ്യമുള്ള സീറാ കാമ്പയിന്‍ പ്രഖ്യാപിച്ചുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിയും ഇതില്‍ പങ്കാളിയായിട്ടുണ്ട്.

നബി(സ)യോടുള്ള സ്‌നേഹപ്രകടനം, നബി(സ)യുടെ മാതൃകകള്‍ പ്രചരിപ്പിക്കല്‍ എന്നിവ ഇസ്‌ലാമിക സാക്ഷ്യനിര്‍വഹണത്തിന്റെ അവിഭാജ്യ ഘടകം തന്നെയാണ്. നബി(സ)യെ സ്‌നേഹിക്കാത്തവര്‍, സ്‌നേഹിക്കുന്നവര്‍ എന്നിങ്ങനെ രണ്ടുതരം മുസ്‌ലിംകള്‍ ഇല്ല. ഉണ്ടാവാന്‍ പാടുള്ളതല്ല. നബി(സ)ക്ക് സലാമും സ്വലാത്തും അര്‍പ്പിക്കുന്ന മുസ്‌ലിംകള്‍, അല്ലാത്തവര്‍ എന്നിങ്ങനെ രണ്ടു വിഭാഗം മുസ്‌ലിംകള്‍ ഇല്ല. ഉണ്ടാവാന്‍ പാടുള്ളതല്ല.

പക്ഷേ, നബി(സ)യോടുള്ള സ്‌നേഹപ്രകടനം അല്ലാഹു നിശ്ചയിച്ച പരിധി വിടാന്‍ പാടില്ല. റസൂല്‍ (സ) നിശ്ചയിച്ച അതിരുകളെ മറികടക്കാന്‍ പാടില്ല. ഖുര്‍ആന്‍ അല്‍ഹുജുറാത്ത് അധ്യായത്തിലെ ഒന്നാം സൂക്തത്തില്‍ അല്ലാഹു ഇങ്ങനെ ആഹ്വാനം ചെയ്യുന്നുണ്ട്: ''വിശ്വാസി സമൂഹമേ, നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും മറികടക്കരുത്. ഭയഭക്തിയുള്ളവരായി ജീവിക്കുവിന്‍, അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.'' ഈ സൂക്തം വിശദീകരിച്ചുകൊണ്ട് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇമാം അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നു: ''ഇത് വിശ്വാസത്തിന്റെ പ്രഥമവും മൗലികവുമായ താല്‍പര്യമാണ്. അല്ലാഹുവിനെ നാഥനും മുഹമ്മദ് നബി(സ)യെ മാര്‍ഗദര്‍ശിയും നേതാവുമായി അംഗീകരിക്കുന്ന ഒരാള്‍ ആദര്‍ശത്തില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും തീരുമാനങ്ങളേക്കാള്‍ തന്റെ തീരുമാനത്തിന് പ്രാമുഖ്യം കല്‍പിക്കാവതല്ല. തന്റെ ഇടപാടുകളില്‍ അല്ലാഹുവിനും റസൂലിനും വല്ല മാര്‍ഗനിര്‍ദേശവുമുണ്ടോ എന്നും ഉണ്ടെങ്കില്‍ എന്താണെന്നും ആലോചിക്കാതെ വിശ്വാസി ഒരു കാര്യത്തിലും സ്വതന്ത്രമായി തീരുമാനം എടുക്കാന്‍ പാടില്ല. അതിനാല്‍ ഇപ്രകാരം നിര്‍ദേശിച്ചിരിക്കുന്നു. വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും മറികടക്കരുത്'' (തഫ്ഹീമുല്‍ ഖുര്‍ആന്‍, അല്‍ഹുജുറാത്ത് വ്യാഖ്യാനക്കുറിപ്പ് 1).

ഈ സൂക്തത്തിന്റെ വെളിച്ചത്തില്‍ റബീഉല്‍ അവ്വല്‍ ആഘോഷങ്ങളെ വിലയിരുത്തിയാല്‍ പലതും റസൂലിന്റെ ചര്യക്ക് നിരക്കാത്തതാണെന്നും, അതിനാല്‍ത്തന്നെ ഒഴിവാക്കേണ്ടതാണെന്നും നമുക്ക് കണ്ടെത്താന്‍ കഴിയും. റബീഉല്‍ അവ്വല്‍ ഒരു പുണ്യമാസമാണെന്ന കാഴ്ചപ്പാട് ഖുര്‍ആനിലോ സുന്നത്തിലോ ഇല്ല. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പ്രമാണം കൊണ്ട് പദവി നിര്‍ണയിക്കപ്പെട്ട മാസത്തില്‍ റബീഉല്‍ അവ്വല്‍ ഉള്‍പ്പെടുന്നില്ല. റജബ്, ദുല്‍ഹജ്ജ്, ദുല്‍ഖഅ്ദ്, മുഹര്‍റം എന്നീ നാല് പവിത്ര മാസങ്ങള്‍ക്കും റമദാനിനും അവകാശപ്പെട്ടതാണ് പുണ്യമാസ പദവി. റബീഉല്‍ അവ്വല്‍ പന്ത്രണ്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും തീയതിയോ പുണ്യദിനമായും നിര്‍ണയിക്കപ്പെട്ടിട്ടില്ല. തിങ്കളാഴ്ച ദിവസത്തിന് പുണ്യമുണ്ട്. അന്ന് നോമ്പനുഷ്ഠിക്കല്‍ സുന്നത്തുമാണ്. 

കേരളീയ മുസ്‌ലിം സമൂഹത്തിലെ ചില ധാരകള്‍, നിശ്ചയിക്കപ്പെട്ട സുന്നത്ത് വിസ്മരിക്കുകയും റബീഉല്‍ അവ്വല്‍ മാസം മുഴുക്കെ മീലാദ് ആഘോഷിച്ച് ഇസ്‌ലാമിലെ സുനിശ്ചിതമായ എല്ലാ ആഘോഷ-ആചാര- അനുഷ്ഠാനങ്ങളെയും തോല്‍പിക്കുമാറ്, അതിനെ മുന്‍നിരയില്‍ കൊണ്ടുവരികയും ചെയ്തത് സുന്നത്തില്‍ നിന്നുള്ള വ്യതിചലനം തന്നെയാണ്. ഖുര്‍ആനിന്റെ പ്രമാണംകൊണ്ട് പദവി നിര്‍ണയിക്കപ്പെട്ട ലൈലത്തുല്‍ ഖദ്‌റിനേക്കാള്‍ മഹത്വമേറിയത് യൗമുല്‍ മീലാദാണെന്ന പ്രചാരണം വ്യക്തമായും ഇസ്‌ലാമിക വിരുദ്ധമാണ്. മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ അടിമയും മറ്റുള്ളവര്‍ മുഹമ്മദ് നബിയുടെ അടിമകളുമാണെന്ന പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. ഇത് തൗഹീദിനെ തന്നെ അപകടപ്പെടുത്തലാണ്. നസാറാക്കള്‍ ഈസാ നബിയെ ദൈവപുത്രനെന്ന് വിളിച്ചതിന്റെ പേരില്‍ ഹിദായത്ത് നഷ്ടപ്പെടുത്തിയവരാണെന്ന ബോധം സമുദായത്തിന് നഷ്ടപ്പെട്ടുപോകരുത്. ''ഇബ്‌നു മര്‍യമിനെ നസാറാക്കള്‍ പുകഴ്ത്തിയതുപോലെ നിങ്ങള്‍ എന്നെ പുകഴ്ത്തരുത്. എന്നെ അല്ലാഹുവിന്റെ അടിമയെന്നും ദൂതനെന്നും വിളിക്കുക'' എന്ന മുഹമ്മദ് നബിയുടെ ഉപദേശത്തെ മറികടക്കാനുള്ള ശ്രമം നടന്നു വരുന്നുണ്ടോ എന്ന് തോന്നിപ്പോകുന്നു.

മുഹമ്മദ് (സ) അബ്ദും (അല്ലാഹുവിന്റെ അടിമ) ബശറും (മനുഷ്യന്‍) ആണെന്ന ഖുര്‍ആന്റെ ആവര്‍ത്തിച്ചുള്ള ഓര്‍മപ്പെടുത്തല്‍ നാം മറന്നുകൂടാ. നബി(സ)യുടെ ജീവിതത്തിലെ മഹാ സംഭവമായ ഇസ്‌റാഉം മിഅ്‌റാജും പരാമര്‍ശിക്കുമ്പോഴാണ് ഖുര്‍ആന്‍ അബ്ദ് എന്ന വാക്ക് ഉപയോഗിച്ചത്. സോദ്ദേശ്യപരമാണ് ആ പ്രയോഗം. ഇസ്‌റാഇനും മിഅ്‌റാജിനും ശേഷവും അടിമ എന്ന പദവിയില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന ഓര്‍മപ്പെടുത്തലാണത്. അവിടെ തന്നെ മറ്റൊരു കാര്യവും ഖുര്‍ആന്‍ പറയുന്നുണ്ട്. മുഹമ്മദ് നബി(സ) സ്വന്തം നിലക്ക് ആകാശത്ത് കയറിയതല്ല, മറിച്ച് അല്ലാഹു കൊണ്ടുപോയതാണ് എന്നതാണത്. സുബ്ഹാനല്ലാഹ് -അല്ലാഹുവാണ് പരിശുദ്ധന്‍ - എന്ന വാക്ക് ഇസ്‌റാഅ്, മിഅ്‌റാജ് വിവരണത്തില്‍ വന്നതും ശ്രദ്ധേയമാണ് (സൂറ ഇസ്‌റാഅ് 1).

തൗഹീദില്‍ വിട്ടുവീഴ്ചയില്ലാത്ത, ഒരു കലര്‍പ്പും പാടില്ലാത്ത നിലപാടാണ് ഇസ്‌ലാമിന്റെ മൗലികത. ആ മൗലികത ഉയര്‍ത്തിപ്പിടിക്കാനാണ് മുഹമ്മദ് നബി(സ) അബ്ദും ബശറും ആണെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ച് പറയുന്നത്. അല്‍ ഇസ്‌റാഅ് അധ്യായത്തിലെ 90-93 വരെ സൂക്തങ്ങളില്‍ ബഹുദൈവ വിശ്വാസികള്‍ ഉന്നയിക്കുന്ന ധാരാളം ചോദ്യങ്ങള്‍ക്ക് മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ നിര്‍ദേശാനുസരണം നല്‍കിയ മറുപടി, 'പറയുക, എന്റെ നാഥന്‍ പരിശുദ്ധന്‍, ഞാന്‍ മനുഷ്യനായ ദൂതനല്ലെയോ' എന്നാണ്. അഥവാ മനുഷ്യപദവിയെ മറികടക്കാന്‍ തനിക്ക് സാധ്യമല്ലെന്ന ഖണ്ഡിത പ്രഖ്യാപനമായിരുന്നു അത്.

മുഹമ്മദ് നബി(സ)യുടെ പ്രസ്തുത വ്യക്തിത്വം പ്രചരിപ്പിക്കുന്നതിന് പകരം ദിവ്യത്വത്തോട് അടുത്ത് നില്‍ക്കുന്ന വ്യക്തിത്വമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ തൗഹീദിന് വിരുദ്ധമാണ്. റബീഉല്‍ അവ്വല്‍ ആഘോഷത്തിന് അത്തരം ഛായ ലഭിച്ചു കഴിഞ്ഞിരിക്കുന്നു. ഉണ്ണിയേശുവിനും ഉണ്ണികൃഷ്ണനും ബദലായി 'ഉണ്ണി മുഹമ്മദി'നെ അവതരിപ്പിക്കുന്ന രീതി തൗഹീദില്‍ നിന്ന് ശിര്‍ക്കിലേക്ക് സഞ്ചരിക്കാനുള്ള വഴിയൊരുക്കലാണ്. ജമാഅത്തെ ഇസ്‌ലാമി ഈ രീതികളെ പൂര്‍ണമായും തള്ളിപ്പറയുന്നു. മുഹമ്മദ് നബി(സ)യുടെ ജീവിതചര്യയുടെ കാവലാളുകളാവാന്‍ ഇസ്‌ലാമിക സമൂഹത്തെ ജമാഅത്തെ ഇസ്‌ലാമി ആഹ്വാനം ചെയ്യുന്നു.

മുഹമ്മദ് നബി(സ) ഈ ലോകത്തോട് വിടപറഞ്ഞത് മഹത്തായ ചില വസ്വിയ്യത്തുകളോട് കൂടിയാണ്: 'രണ്ട് കാര്യങ്ങള്‍ വിട്ടേച്ചു പോവുന്നു. ഒന്ന് ഖുര്‍ആനും മറ്റൊന്ന് നബിചര്യയും' എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. അതാണ് മുസ്‌ലിം ഉമ്മഃയുടെ ചട്ടക്കൂട്. അതില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് റബീഉല്‍ അവ്വല്‍ ഈദുല്‍ ഫിത്വ്‌റിനെയും ഈദുല്‍ അദ്ഹായെയും വെല്ലുന്ന ഉത്സവമായി മാറുന്നത്; യൗമുല്‍ മീലാദ്, ലൈലത്തുല്‍ ഖദ്‌റിനേക്കാള്‍ മഹത്വമേറിയതായി മാറുന്നത്; പവിത്രമാസങ്ങളെ പിന്തള്ളി റബീഉല്‍ അവ്വല്‍ മുന്‍നിരയിലേക്ക് വരുന്നത്. ഖുര്‍ആനും നബിചര്യയുമാണ് പ്രമാണം. മറിച്ച് നബി വ്യക്തിത്വത്തെ വിഗ്രഹവത്കരിക്കലോ നബിയുടെ ശാരീരിക ബാക്കിപത്രങ്ങളെ തെളിവില്ലാതെ പുനരവതരിപ്പിക്കലോ ഇസ്‌ലാമിന്റെ പൈതൃകത്തില്‍ പെട്ടതല്ല. നബി(സ)യുടെ തൊട്ടടുത്ത അനന്തരവന്മാരായ ഖിലാഫത്തുര്‍റാശിദയില്‍ നമുക്കത് കാണാന്‍ കഴിയുന്നുമില്ല.

നബിചര്യയുടെ സംരക്ഷണം തന്നെയാണ് ഏറ്റവും വലിയ നബിസ്‌നേഹ പ്രകടനം. ഖുര്‍ആനിന്റെ  ആധികാരിക വ്യാഖ്യാനം എന്ന നിലക്ക് സ്വഹീഹായ ഹദീസുകള്‍ നമ്മുടെ പ്രധാന പഠനവിഷയമായി മാറേണ്ടതുണ്ട്. ജനങ്ങളെ ഹദീസുകള്‍ പഠിപ്പിക്കാന്‍ നാം കഠിന പ്രയത്‌നം നടത്തണം. ഹദീസ് വേണ്ട ഖുര്‍ആന്‍ മതി എന്ന നിലപാട്, നബി വേണ്ടതില്ല എന്ന നിലപാട് തന്നെയാണ്. ശഹാദത്ത് കലിമയുടെ പകുതി നിഷേധിക്കുന്നവര്‍ക്ക് മാത്രമേ നബിചര്യയെ നിഷേധിക്കാന്‍ കഴിയുകയുള്ളൂ.

മുസ്‌ലിം സമൂഹത്തിന്റെ നടപടിക്രമങ്ങളെ ഖുര്‍ആനും നബിചര്യയും മുന്‍നിര്‍ത്തി നാം വിലയിരുത്തണം.  പ്രമാണവിരുദ്ധമായത് പൂര്‍ണമായും തള്ളിക്കളയണം. പുതിയ വിഷയങ്ങളില്‍ പ്രമാണ വെളിച്ചത്തില്‍ ഗവേഷണം തുടരണം. അതാണ് ശരിയായ ദിശയിലേക്കുള്ള  പാത. അതുതന്നെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ കര്‍മമാര്‍ഗവും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /71-74
എ.വൈ.ആര്‍

ഹദീസ്‌

കടദാനം പുണ്യദാനം
ഹാഫിസ് ബഷീര്‍, അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ ശാന്തപുരം