Prabodhanm Weekly

Pages

Search

2016 ജനുവരി 22

2935

1437 റബീഉല്‍ ആഖിര്‍ 12

യാത്ര തുടങ്ങുന്നു

പി.കെ റഹീം

1960-കളിലാണ് പ്രബോധനം പ്രതിപക്ഷപത്രം ആദ്യം കാണുന്നത്. 'സുല്‍ത്താന' ഹോട്ടല്‍ നടത്തിയ അബൂക്കയാണ് ഒരു കോപ്പി വായിക്കാന്‍ തന്നത്. സിലോണില്‍ നിന്ന് നാട്ടില്‍ വന്ന് ഹോട്ടല്‍ കച്ചവടം നടത്തുകയായിരുന്നു അബൂക്ക. പ്രബോധനം അശ്രദ്ധമായെന്നോണം അദ്ദേഹത്തിന്റെ മേശപ്പുറത്ത് കിടക്കും. യഥാര്‍ഥത്തില്‍ വളരെ ശ്രദ്ധയോടെയായിരുന്നു ആ കൃത്യം അദ്ദേഹം ചെയ്തിരുന്നത്. അസ്വ്ര്‍ നമസ്‌കാരത്തിനു ശേഷം ചായ കുടിക്കാന്‍ ചിലപ്പോള്‍ 'സുല്‍ത്താന'യില്‍ പോകും. എനിക്ക് പ്രബോധനം വായിക്കാന്‍ തരും, വീട്ടില്‍ കൊണ്ടുപോകാന്‍ അനുവദിക്കും. പുതുമയുള്ളൊരു വായനയായിരുന്നു പ്രബോധനം. എനിക്കന്ന് 19 വയസ്. തൃശൂര്‍ മഹാരാജാസ് പോളിടെക്‌നിക്ക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ഫൈനല്‍ വിദ്യാര്‍ഥി.
1960 ഡിസംബര്‍ 31, ജനുവരി 1 തീയതികളില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമ്മേളനം കോഴിക്കോട് മൂഴിക്കല്‍ പ്രദേശത്ത് നടക്കുന്ന വിവരം പ്രബോധനത്തില്‍ കണ്ടു. അബൂക്ക അറിയാതെ പ്രബോധനം പത്രാധിപര്‍ക്ക് കത്തെഴുതി. തനിക്ക് ഇസ്‌ലാമിനെ കുറിച്ച് ഒന്നുമറിയില്ലെന്നും, പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും, അതിനു ഏത് സ്ഥാപനത്തിലാണ് ചേരേണ്ടതെന്നും അന്വേഷിച്ചായിരുന്നു കത്ത്. വൈകാതെ മറുപടി  കിട്ടി. പത്രാധിപര്‍ ടി. മുഹമ്മദ് സാഹിബിന്റെ കത്തായിരുന്നു അത്. വടിവൊത്ത കൈയക്ഷരത്തില്‍ സുന്ദരമായ കത്ത്. ഇപ്പോഴുള്ള പഠനം തുടരണം, ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ വായിക്കണം, കൂടുതല്‍ വിദ്യാഭ്യാസം നേടിയവരെയാണ് ഇസ്‌ലാമിനാവശ്യം, സമ്മേളനത്തില്‍ പങ്കെടുക്കണം, നേരില്‍ കാണണം-ഇതെല്ലാമായിരുന്നു ഉള്ളടക്കം. പക്ഷേ, എനിക്ക് തൃപ്തിയായില്ല.
 ഇതിനിടെ ഒരു കടലാസ് കെട്ട് ആരോ വീട്ടിലെത്തിച്ചു. സമ്മേളനത്തിന്റെ പോസ്റ്ററും നോട്ടീസും ബോര്‍ഡിലെഴുതാനുള്ള മേറ്ററുകളുമായിരുന്നു അതില്‍. കരുവന്നൂരിലുള്ള പി.പി അബ്ദുല്ലക്കയും സെയ്ദു മുഹമ്മദ് സാഹിബുമായിരുന്നു അത് കൊടുത്തയച്ചത്.  ഇരുവരും സിലോണില്‍ 'സുല്‍ത്താന' അബൂക്കയുടെ സഹപ്രവര്‍ത്തകരായിരുന്നു.
എനിക്കെന്തോ പിടിവള്ളി കിട്ടിയപോലെ, ഞാന്‍ പോസ്റ്ററും നോട്ടീസുമൊക്കെ എടുത്ത് പുറത്തിറങ്ങി, പ്രവര്‍ത്തിക്കാനുള്ള ഒരു ഊര്‍ജം കൈവന്നപോലെ. പോസ്റ്ററുകള്‍ ഒട്ടിച്ചു. ബോര്‍ഡുകള്‍ എഴുതുന്നതു കണ്ട  ജ്യേഷ്ഠ സഹോദരന്‍ അബ്ദുല്‍ഖാദര്‍ എന്നെ സഹായിച്ചു. ഞങ്ങള്‍ രണ്ടുപേരും രാത്രി ഏറെ വൈകി കവലയുടെ പ്രധാന കേന്ദ്രങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു.   
പിറ്റേ ദിവസം കുതൂഹലങ്ങള്‍ അരങ്ങേറി. ഞങ്ങള്‍ക്കെതിരെ വാള്‍ പോസ്റ്ററുകളും ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടു. ''ഈമാന്‍ കാര്യം വെട്ടിക്കുറച്ച നിങ്ങള്‍ക്ക് ഇവിടെ സീറ്റില്ല. ഇസ്‌ലാം പഠിക്കാന്‍ വയനാട്ടില്‍ പനിച്ചു കിടക്കേണ്ടതില്ല. പ്രവാചകനെ തള്ളിപ്പറഞ്ഞ മൗദൂദികള്‍ നശിക്കട്ടെ'' തുടങ്ങിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് എതിരിലുള്ള വഅ്‌ള് പരമ്പരകള്‍ക്കും പ്രസ്താവനകള്‍ക്കും നാടൊരുങ്ങുകയായിരുന്നു.
ആദ്യ ദിവസം രാത്രി ഒമ്പത് മണിക്ക് കുട്ടിഹസന്‍ ഹാജിയുടെ പ്രസംഗം ഹിദായത്തുല്‍ ഇസ്‌ലാം സ്‌കൂളില്‍ ആരംഭിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കെ.പി ഉസ്മാന്‍ സാഹിബ്, ആദൃശ്ശേരി മുസ്‌ലിയാര്‍, കോട്ടുമല മുസ്‌ലിയാര്‍, പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചു കൊണ്ടുള്ള പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ വമ്പിച്ച ജനാവലിയായിരുന്നു.
ഞാനാകട്ടെ സമ്മേളനത്തിനു പോകാനുള്ള ഒരുക്കത്തിലായിരുന്നു. രാത്രി ഏറെ വൈകി മുനിസിപ്പാലിറ്റിയുടെ പൈപ്പില്‍നിന്ന് വെള്ളമെടുത്താണ് അലക്കും കുളിയും. എന്റെ ചില സുഹൃത്തുക്കള്‍ പൈപ്പിനരികെ വന്നുനിന്ന് എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. ഞാന്‍ വിവരം ആരാഞ്ഞപ്പോള്‍ എനിക്ക് ഭ്രാന്താണ് എന്ന് മുസ്‌ലിയാര്‍ പറഞ്ഞതായി അവര്‍ അറിയിച്ചു. അത് അന്വേഷിക്കാന്‍ വന്നതായിരുന്നു അവര്‍. ഉടനെ സ്ഥലം വിടണമെന്നായി ശാസന. എന്റെ ജ്യേഷ്ഠ സഹോദരന്റെ ഉപദേശവും അതുതന്നെയായിരുന്നു.
പിറ്റേ ദിവസം രാവിലെ ഞാന്‍ പാലക്കാട്ടേക്ക് പുറപ്പെട്ടു. എന്റെ മൂത്ത സഹോദരന്‍ മീരാസ പാലക്കാടായിരുന്നു താമസം. ജ്യേഷ്ഠനെ കണ്ട് സമ്മേളനത്തിന് പോകാന്‍ പൈസ ആവശ്യപ്പെട്ടു. അദ്ദേഹം 20 ഉറുപ്പിക തന്നു. അന്നത് മതിയാകുമായിരുന്നു. എന്റെ പക്കല്‍ കുഞ്ഞുമൊയ്തീന്‍കുട്ടി മൗലവിയുടെ വിലാസം ഉണ്ടായിരുന്നു. അദ്ദേഹം പാലക്കാട്  ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്ത് തച്ചംപാറ പള്ളിയിലെ ഖത്വീബായിരുന്നു. ജുമുഅക്ക് മുമ്പുതന്നെ ഞാന്‍ അവിടെ എത്തി. സമ്മേളനത്തിന് പോകാന്‍ എന്നെ സഹായിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. നാട്ടില്‍ ജമാഅത്ത് സമ്മേളനത്തിന്റെ വിചാരണ നടക്കുകയാണ്. അന്ന് അദ്ദേഹത്തെ പുറത്താക്കുന്ന ദിവസമായിരുന്നു. അദ്ദേഹത്തിന്റെ ജുമുഅ ഖുത്വ്ബ വിടവാങ്ങല്‍ പ്രസംഗമായിരുന്നു. കരഞ്ഞുകൊണ്ടാണ് അദ്ദേഹം മിമ്പറില്‍ നിന്ന് ഇറങ്ങിയത്. അദ്ദേഹത്തിന് കൊണ്ടുവന്ന ഭക്ഷണം പങ്കുവെക്കാന്‍ എന്നെയും ക്ഷണിച്ചു. ഭക്ഷണ ശേഷം ഞങ്ങള്‍ യാത്ര പുറപ്പെട്ടു. അദ്ദേഹത്തെ യാത്രയാക്കാന്‍ ഏതാനും പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
8-9 മണിയോടെ ഞങ്ങള്‍ മേലാറ്റൂരില്‍ എത്തി. ഇടുങ്ങിയ വഴിയിലൂടെ, ഇരുട്ടത്ത് ചൂട്ട് കത്തിച്ച്  ഒരു കിലോമീറ്ററോളം നടന്നു. ഒരു ചെറിയ പള്ളിയിലെത്തി. റാന്തല്‍ വിളക്ക് കത്തുന്നുണ്ടായിരുന്നു. എന്നെ പള്ളിയില്‍ ഇരുത്തി ദൂരെയുള്ള ഒരു വീട്ടിലേക്ക് വരമ്പുകളിലൂടെ അദ്ദേഹം നടന്നു പോയി. കുറെ കഴിഞ്ഞ് എനിക്ക് കഞ്ഞിയുമായി അദ്ദേഹം തിരിച്ചെത്തി.
പുലര്‍ച്ചെ സ്വുബ്ഹിക്കു മുമ്പെ അദ്ദേഹം എന്നെ ഉണര്‍ത്തി. പള്ളിമുറ്റത്തുള്ള കിണറ്റില്‍ നിന്ന് വെള്ളം തേവി എന്റെ തലയില്‍ ഒഴിച്ചു. കിണറ്റിന്റെ നടുവില്‍ കവുങ്ങ് കൂട്ടിക്കെട്ടിയ പാലത്തില്‍നിന്നാണ് അദ്ദേഹം വെള്ളം തേവിയത്.
സ്വുബ്ഹി നമസ്‌കാരം കഴിഞ്ഞ് വരമ്പിലൂടെ അരമണിക്കൂറോളം നടന്ന് ഞങ്ങള്‍ റോഡിലെത്തി. നേരം വെളുത്തിരുന്നില്ല. ഒരു ലോറിക്ക് കൈ നീട്ടി, ഞങ്ങള്‍ രണ്ട് പേരും ലോറിയില്‍ കയറി. വയനാട്ടിലേക്കുള്ളതായിരുന്നു ലോറി. ഏതാനും മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ കോഴിക്കോട് വഴി മൂഴിക്കലെത്തി. സമ്മേളന നഗരിയില്‍ എത്തിയപ്പോള്‍ നേരം വെളുത്തിരുന്നു. അദ്ദേഹം എന്നെയും കൂട്ടി സമ്മേളന പന്തലില്‍ കയറി. തൃശൂര്‍ ഫര്‍ഖയുടെ പവലിയനില്‍ എന്നെ ഏല്‍പിച്ചു. എന്നെ ആശ്ലേഷിച്ച ശേഷം അദ്ദേഹം വിടവാങ്ങി. പുത്തന്‍ ചിറ ഹമീദ് മാസ്റ്റര്‍, പി.പി അബ്ദുല്ല, സെയ്ദു മുഹമ്മദ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് അവിടെ ഉണ്ടായിരുന്നത്.
രണ്ടു ദിവസത്തെ സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ടി. മുഹമ്മദ് സാഹിബിനെയും ജമാഅത്തെ ഇസ്‌ലാമി അമീര്‍ കെ.സി അബ്ദുല്ല മൗലവിയെയും പരിചയപ്പെട്ടു. പി.പി അബ്ദുല്ലക്ക എനിക്ക് നാല് പുസ്തകങ്ങള്‍ വാങ്ങിത്തന്നു- ഖുതുബാത്, ഇസ്‌ലാമും ജാഹിലിയത്തും, ഹഖും ബാത്വിലും, രൂപവും യാഥാര്‍ത്ഥ്യവും എന്നിവ. ഇസ്‌ലാമിനെയും പ്രസ്ഥാനത്തെയും കുറിച്ച എന്റെ ആദ്യ പഠനം ആ പുസ്തകങ്ങളായിരുന്നു. ഖുത്തുബാത്തിന്റെ അന്നത്തെ വില 3 ഉറുപ്പിക.
പിറ്റേ ദിവസം പുലര്‍ച്ചെ വീട്ടിലെത്തിയപ്പോള്‍ ജ്യേഷ്ഠ സഹോദരന്‍ അബ്ദുല്‍ഖാദറും ഉമ്മയും വല്ലാതെ  വിഷമിച്ചു നില്‍ക്കുന്നത് കണ്ടു. എനിക്കെതിരെ ഭീഷണിയുമായി പലരും വീട്ടില്‍ വന്നിരുന്നു. എന്നോട് ഉടനെ പാലക്കാട്ടേക്ക് പോകാന്‍ നിര്‍ദേശിച്ചു.ഞാന്‍ പാലക്കാട്ടേക്ക് പുറപ്പെട്ടു. അതൊരു വഴിത്തിരിവായിരുന്നു. പ്രസ്ഥാനത്തെ കൂടുതല്‍ അറിയാനും പരിചയപ്പെടാനും അല്ലാഹു ഒരുക്കിയ അവസരമായിരുന്നു അത്.
പാലക്കാട്ട് എസ്.എം ഹനീഫ സാഹിബ്, മൂസാഭായ്, കരീംക്ക, ചിന്താസ്‌ക്ക, കാസിംക്ക, മുഹമ്മദാലി എന്നിവരുമായി പരിചയപ്പെട്ടു. മൂസാഭായും എസ്.എം ഹനീഫ സാഹിബും പഠാന്‍ കോട്ടില്‍ വെച്ച് മൗദൂദി സാഹിബുമായി പരിചയപ്പെട്ടവരാണ്.
എസ്.എം ഹനീഫ സാഹിബ് മേഖലാ നാസിം ആയിരുന്നു. രണ്ടുമാസത്തെ പാലക്കാട് ജീവിതം എനിക്ക് ആവേശവും ഊര്‍ജവും നല്‍കി. ജ്യേഷ്ഠന്‍ മീരാസ ടെലിഫോണ്‍ കേബിള്‍ സൂപ്പര്‍ വൈസര്‍ ആയിരുന്നു. അദ്ദേഹത്തോടൊപ്പം കൊഴിഞ്ഞാമ്പാറ വരെ കേബിള്‍ വര്‍ക്കിലും പങ്കെടുത്തിട്ടുണ്ട്.1980-കളില്‍ പാലക്കാട്ടെ ആദ്യകാല നേതാക്കളുടെ കുടുംബങ്ങളെ കുറിച്ച് അറിയാനും അന്വേഷിക്കാനും പോയിരുന്നു. ഓരോ കുടുംബത്തിനും ഓരോ കഥകള്‍ പറയാനുണ്ട്. അതില്‍ മുഹമ്മദലി സാഹിബിന്റെ മകള്‍ നസീമ ഖത്തറില്‍ ദഅ്‌വ വിഭാഗത്തില്‍ പ്രവര്‍ത്തകയാണ്.
1964-ല്‍ കെ. മൊയ്തു മൗലവിയാണ് തൃശൂര്‍ ജമാഅത്തെ ഇസ്‌ലാമി ഘടകം ഉദ്ഘാടനം ചെയ്തത്. കൊടുങ്ങല്ലൂര്‍ കുഞ്ഞിമൊയ്തീന്‍ സാഹിബിന്റെ തൃശൂര്‍ കൊക്കാലയിലെ പഞ്ഞി ഗോഡൗണിലായിരുന്നു ആദ്യത്തെ ക്ലാസ്. പറവൂര്‍ അലി കുഞ്ഞി, വഹാബ് റാവുത്തര്‍, എന്‍.എ മുഹമ്മദ്, അയ്യന്തോളിലെ എന്‍.പി അഹ്മദ്, കുഞ്ഞിമൊയ്തീന്‍ എന്നിവരായിരുന്നു പ്രവര്‍ത്തകര്‍.
ഞങ്ങള്‍ ഫീല്‍ഡ് വര്‍ക്ക് ശക്തിപ്പെടുത്തി. സ്‌ക്വാഡുമായി പ്രധാന വ്യക്തികളുടെ വീടുകള്‍ സന്ദര്‍ശിച്ചു. തൃശൂരിലെ പ്രമുഖ വ്യക്തികളില്‍ ഒരാളായ ഫസ്‌ലുല്ല മാസ്റ്ററുടെ വീട്ടിലും പോയി. അദ്ദേഹം മഹല്ല് അസോസിയേഷന്‍ പ്രസിഡന്റും ഹിദായത്തുല്‍ ഇസ്‌ലാം എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്ററും ഇംഗ്ലീഷ്-ഉര്‍ദു ഭാഷാ പണ്ഡിതനും ആയിരുന്നു. അദ്ദേഹം ഞങ്ങള്‍ക്ക് ഉര്‍ദുവിലുള്ള തര്‍ജുമാനുല്‍ ഖുര്‍ആന്‍, ഖുത്തുബാത്ത് എന്നിവ കാണിച്ചു തന്നു.
കൂട്ടത്തില്‍ മൗദൂദി സാഹിബിന്റെ ഒരു കത്തും ഉണ്ടായിരുന്നു. പരിണാമ സിദ്ധാന്തത്തെ കുറിച്ച് മൗദൂദി സാഹിബ് എഴുതിയ ഒരു ലേഖനം മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദം ചോദിച്ചു കൊണ്ട് ഫസ്‌ലുല്ല മാസ്റ്റര്‍ എഴുതിയ കത്തിനുള്ള മറുപടിയായിരുന്നു അത്. ഉറുമ്പരിക്കുന്നതുപോലെയുള്ള പൊടി അക്ഷരങ്ങളായിരുന്നു മൗദൂദി സാഹിബിന്റെ  കൈയെഴുത്ത്. 'തന്റെ ലേഖനങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിന് അനുവാദം ചോദിക്കേണ്ടതില്ല' എന്നതായിരുന്നു അതിലെ ഉള്ളടക്കം. അഖിലേന്ത്യാ അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബ് തൃശൂര്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രസ് റിലീസ് ഇംഗ്ലീഷില്‍ തയാറാക്കിയത് ഫസ്‌ലുല്ല മാസ്റ്ററായിരുന്നു. അമീര്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ അതേ വേഗതയില്‍ എഴുതി എടുക്കുകയായിരുന്നു അദ്ദേഹം. അമീറിന്റെ ഭാഷയും സാഹിത്യവും മാസ്റ്ററെ അത്ഭുതപ്പെടുത്തി. റീഡേഴ്‌സ് ഡൈജസ്റ്റ് സ്ഥിരം വായിക്കുന്ന ഫസ്‌ലുല്ല മാസ്റ്റര്‍, യൂസുഫ് സാഹിബിന്റെ പ്രസ് റിലീസിനെ കുറിച്ച് പറഞ്ഞത് വളരെ നൂതനമായ വാക്കുകളും സ്ഫുടമായ ഭാഷയുമെന്നായിരുന്നു.
ഫസ്‌ലുല്ലാ മാസ്റ്ററുമായി ഞങ്ങള്‍ കുറെ നേരം സംസാരിച്ചു. പ്രസ്ഥാനത്തെ മുമ്പേ മനസ്സിലാക്കിയ ഫസ്‌ലുല്ല മാസ്റ്റര്‍ ഞങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി യാത്രയാക്കി. പാലക്കാട്ടേക്കും കോഴിക്കോട്ടേക്കുമുള്ള എന്റെ യാത്ര ഇസ്‌ലാമിക മാര്‍ഗത്തിലും പ്രസ്ഥാന വഴിയിലുമുള്ള ജീവിതത്തിന്റെ തുടക്കമായിരുന്നു...

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /71-74
എ.വൈ.ആര്‍

ഹദീസ്‌

കടദാനം പുണ്യദാനം
ഹാഫിസ് ബഷീര്‍, അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ ശാന്തപുരം