Prabodhanm Weekly

Pages

Search

2016 ജനുവരി 22

2935

1437 റബീഉല്‍ ആഖിര്‍ 12

കാരുണ്യദര്‍ശനത്തെ അകത്ത് നിന്ന് കുത്തുന്നവര്‍

അബ്ദുറഹ്മാന്‍ തുറക്കല്‍

സ്‌ലാം കരുണയാണ്. മുസ്‌ലിംകളോട് മാത്രമല്ല, മുഴുമനുഷ്യര്‍ക്കും സന്മാര്‍ഗവും അനുഗ്രഹവും കാരുണ്യവുമായാണ് അത് കടന്നുവന്നത്. വിശ്വാസികള്‍ക്കുണ്ടാകേണ്ട അടിസ്ഥാന സ്വഭാവ ഗുണങ്ങളിലൊന്നായി കാരുണ്യത്തെ ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്നു. ഇസ്‌ലാം കാരുണ്യത്തിലേക്കും  സമാധാനത്തിലേക്കും ശാന്തിയിലേക്കുമാണ് മനുഷ്യനെ നയിക്കുന്നത്. അതില്ലാത്ത സമൂഹത്തില്‍ എപ്പോഴും അസമാധാനവും നിന്ദ്യതയും പരാജയവും ശത്രുതയും അക്രമവും നടമാടും. എല്ലാത്തരം അക്രമങ്ങളെയും ഇസ്‌ലാം വെറുക്കുന്നു. പ്രവാചകന്‍ പറഞ്ഞു: ''നിങ്ങള്‍ അക്രമത്തെ സൂക്ഷിക്കുക, തീര്‍ച്ചയായും അക്രമം അന്ത്യനാളില്‍ അന്ധകാരമായിരിക്കും'' (മുസ്‌ലിം). ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നശീകരണ പ്രവൃത്തികള്‍ക്കും പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് കാരുണ്യമെന്ന ഉദാത്തവും മഹിതവുമായ സ്വഭാവത്തിന്റെ അഭാവമാണെന്ന് കണ്ടെത്താം. കാരുണ്യം വറ്റിവരണ്ട സമൂഹത്തില്‍ സ്‌നേഹം, വിനയം, സാഹോദര്യം, പരക്ഷേമ തല്‍പരത പോലുള്ള നല്ല സ്വഭാവങ്ങള്‍ ഒരിക്കലും തളിരിടുകയില്ല.
നിര്‍മലമായ വിശ്വാസത്തിന്റെയും സഹിഷ്ണുത തുളുമ്പുന്ന നിയമവ്യവസ്ഥകളുടെയും ദൃഢമായ തെളിവുകളുടെയും പിന്‍ബലമുള്ള ഒരാദര്‍ശ വ്യവസ്ഥയാണ് ഇസ്‌ലാം. അതുകൊണ്ടാണ് പ്രവാചകന്റെ ജീവിതകാലത്ത് ഏതാനും വര്‍ഷങ്ങള്‍ക്കകം കൂട്ടം കൂട്ടമായി ജനം ഇസ്‌ലാമില്‍ ഒഴുകിയെത്തിയത്; സത്യത്തിന്റെ ജ്വാലയായി ലോകത്തിന്റെ നാനാദിക്കുകളിലേക്കും അത് പ്രസരിച്ചത്.  പാറ പോലുള്ള ഹൃദയങ്ങളിലേക്കും  അന്ധത ബാധിച്ച കണ്ണുകളിലേക്കും ബധിരമായ ശ്രവണങ്ങളിലേക്കും ആ ജ്വാല കടന്നെത്തിയത്. അന്ധകാരത്തില്‍ ആണ്ടുകിടന്ന ഒരു സമൂഹത്തെ പുതിയ ലോകത്തേക്ക് ആനയിച്ചത്.
ഇസ്‌ലാം നന്മകളാല്‍ നിറഞ്ഞിരിക്കുന്നു. അതിലേറ്റവും പ്രധാനം അതിന്റെ കാരുണ്യവും സഹിഷ്ണുതയും സ്‌നേഹവും നിറഞ്ഞ നിലപാടുകള്‍ തന്നെ. ആ ഗുണങ്ങള്‍ പ്രസരിപ്പിക്കുന്ന ആദര്‍ശത്തിലേക്കാണ് മനുഷ്യനെ ഇസ്‌ലാം ക്ഷണിക്കുന്നത്, അസഹിഷ്ണുതയിലേക്കല്ല. ഇസ്‌ലാം നിലകൊള്ളുന്നത് കാരുണ്യത്തിലാണ്. എല്ലാവരിലും ആ ഗുണമുണ്ടാകണമെന്നാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്.  അല്ലാഹു പ്രവാചകനെ അഭിസംബോധന ചെയ്തത് ആ വിശേഷണവുമായാണ്: ''പ്രവാചകരേ, ലോകര്‍ക്ക് കാരുണ്യമായിട്ടു മാത്രമാകുന്നു നാം താങ്കളെ നിയോഗിച്ചിട്ടുള്ളത്'' (അല്‍അമ്പിയാഅ് 107).
ഇസ്‌ലാം മധ്യമ മാര്‍ഗമാണ്. എല്ലാത്തരം തീവ്ര നിലപാടുകളും സമീപനങ്ങളും അതിന് അന്യമാണ്; പ്രവാചക ചര്യക്ക് വിരുദ്ധമാണ്. തുടക്കം മുതലേ അവയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പക്ഷേ, ചിലയാളുകള്‍  അജ്ഞതയാലോ മനഃപൂര്‍വമോ ഇസ്‌ലാമിന്റെ  കാരുണ്യത്തിലധിഷ്ഠിതമായ നിലപാടുകളെയും സമീപനങ്ങളെയും കാഴ്ചപ്പാടുകളെയും തെറ്റായി അവതരിപ്പിക്കുകയാണ്.  ഇസ്‌ലാമിനോട് ചെയ്യുന്ന കൊടിയ അക്രമമാണത്. കാരുണ്യം മുഖമുദ്രയായി അംഗീകരിച്ച മഹത്തായ ഒരാര്‍ദശത്തെ വികൃതമാക്കാനുള്ള ഹീനവും നിഗൂഢവുമായ ശ്രമമാണ്.
ഇസ്‌ലാമിനെ തകര്‍ക്കാനും അതിന്റെ മാനവികവും കാരുണ്യപരവുമായ നിലപാടുകളെ വികൃതമാക്കാനും ചരിത്രത്തില്‍ ചിലയാളുകള്‍ വിവിധ പേരുകളില്‍  എക്കാലത്തും അതിനകത്തും പുറത്തും നിലകൊണ്ടിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. അതാണ് ഐ.എസ് പോലുള്ളവ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കാരുണ്യരഹിതമായ ചിന്തകളാലും പ്രവര്‍ത്തനങ്ങളാലും ഇസ്‌ലാമിക സംസ്‌കൃതിയെ മലീമസമാക്കാനുള്ള ഹീനമായ ശ്രമമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സമാധാനവും സ്‌നേഹവും ഇഷ്ടപ്പെടുന്ന മുസ്‌ലിം അണികള്‍ക്കിടയിലും പൊതുസമൂഹത്തിലും ഇസ്‌ലാമിന്റെ കുപ്പായമണിഞ്ഞ് കുഴപ്പവും നാശവും തെറ്റിദ്ധാരണകളുമുണ്ടാക്കുകയാണ്. ബാഹ്യശത്രുക്കളില്‍ നിന്നുള്ള കുത്തലുകളും ഒളിയമ്പുകളുമേറ്റ് പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും ആഴികളിലൂടെ സഞ്ചരിക്കുന്ന, ആധുനിക മുസ്‌ലിം സമൂഹമാകുന്ന കപ്പലിന്റെ അകത്തളങ്ങളില്‍ കയറിക്കൂടി മുസ്‌ലിം സമൂഹത്തെ മുക്കിക്കൊല്ലാന്‍ കപ്പലിന് ഓട്ടതുളക്കുകയാണിവര്‍. ദീനിനെ ശരിയായി ഉള്‍ക്കൊള്ളാത്തവരും അതിന്റെ കാരുണ്യ, സാഹോദര്യ നിലപാടുകളെക്കുറിച്ച് കേട്ടറിവ് പോലുമില്ലാത്തവരും മാനുഷികത തീണ്ടാത്തവരുമാണ് തങ്ങളെന്ന് അവര്‍ കാട്ടികൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ ബോധ്യമാകും.
തീവ്രവും ഭീകരവുമായ ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്ന ആളുകളുടെ പ്രവര്‍ത്തന ഫലമായി യഥാര്‍ഥ ഇസ്‌ലാമും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമെല്ലാം ഇന്ന് ഏറെ തെറ്റിദ്ധരിക്കപ്പെടാനും പ്രതിക്കൂട്ടിലകപ്പെടാനും കാരണമായിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനഫലമായി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരില്‍ പോലും ഇസ്‌ലാമോഫോബിയ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്‌ലാംവിരുദ്ധതക്ക് സ്വീകാര്യതയേറുന്നു. ഇസ്‌ലാംവിരുദ്ധര്‍ക്ക് ആവേശവും ഊര്‍ജവും പകരാനും അത് കാരണമായിട്ടുണ്ട്. ഇസ്‌ലാമിനും യഥാര്‍ഥ മുസ്‌ലിം സമൂഹത്തിനും ഇങ്ങനെയുള്ളവര്‍ ബാഹ്യശത്രുക്കളേക്കാള്‍ കനത്ത വെല്ലുവിളിയാണ്.  നിരപരാധികളുടെ രക്തം ചിന്തുന്നതിന് ഇവര്‍ക്ക് യാതൊരു മടിയുമില്ല; കുറ്റബോധവുമില്ല. സ്ത്രീകളും കുട്ടികളും വ്യദ്ധരുമൊക്കെ ഇവരുടെ കൊലക്കത്തിക്ക് ഇരകളാകുന്നു. നിരപരാധികളായ എത്രയാളുകളെയാണ് ഇവര്‍ നിഷ്ഠുരം കൊലചെയ്യുന്നത്, എത്ര കുട്ടികളെയാണ് അനാഥരാക്കുന്നത്, എത്ര സ്ത്രീകളെയാണ് വിധവകളാക്കുന്നത്!
കാരുണ്യം വറ്റി വരണ്ട, കഠിന ഹൃദയരും കപടരും പരുക്കന്‍ സ്വഭാവികളുമായവര്‍ക്കേ ഇങ്ങനെ ചെയ്യാനാകൂ. ഇങ്ങനെയുള്ളവരാണോ അഖില ലോകങ്ങള്‍ക്കും അനുഗ്രഹമായി നിയോഗിച്ച പ്രവാചകന്റ അനുയായികള്‍?.  ഒരിക്കലുമല്ല, മുസ്‌ലിം സമൂഹത്തിന് ഇവരെ അംഗീകരിക്കാനാവില്ല. കരുണ, സഹിഷ്ണുത, വിനയം തുടങ്ങിയ സ്വഭാവങ്ങള്‍ വിഭാവനം ചെയ്യുന്ന ഇസ്‌ലാമിക ശരീഅത്തിനും ഇക്കൂട്ടര്‍ക്കും തമ്മില്‍ യാതൊരു ബന്ധവുമില്ല.  അതു കൊണ്ടാണ് നന്മ കാംക്ഷിക്കുന്നവരും സമാധാനം ഇഷ്ടപ്പെടുന്നവരുമായ ലോക മുസ്‌ലിം സംഘനകളും റാബിത്വ പോലെയുള്ള മുസ്‌ലിംവേദികളും  ഇവരുടെ പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്തത്.
നാം ചിന്തിക്കേണ്ടതുണ്ട്. ഇത്തരമാളുകളും സംഘടനകളും ഇസ്‌ലാമിന്റെ പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന നശീകരണ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് ധര്‍മസമര(ജിഹാദ്)മാവുക?  തീവ്രമായ ഇവരുടെ നിലപാടുകള്‍ എങ്ങനെ ദീനാകും?. അക്രമങ്ങളും കൊലകളും എങ്ങനെ ജീവിതരീതിയും മഹത്തായ ആദര്‍ശവുമാകും? ഒരിക്കലുമില്ല, ഇസ്‌ലാമിന്റെ കുപ്പായമണിഞ്ഞ് അതിനെ തകര്‍ക്കാന്‍ തക്കംപാര്‍ത്തു കഴിയുന്ന ശത്രുക്കളാണിവര്‍. പ്രവാചകന്റെ കാലത്തും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരില്‍ അകത്ത് ഒരുവിഭാഗം നിലകൊണ്ടിട്ടുണ്ട്. നന്മയും തിന്മയും സത്യവും അസത്യവും എക്കാലത്തും ഏറ്റുമുട്ടിയിട്ടുണ്ട്. കുറെ കാലം അത് നീണ്ടുനിന്നിട്ടുണ്ട്. അവസാന വിജയം ദൈവത്തെ ഭയപ്പെട്ട് ജീവിക്കുന്നവര്‍ക്കാണെന്ന് അല്ലാഹുവും പ്രവാചകനും വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രം അതിനു സാക്ഷിയുമാണ്. ഇസ്‌ലാമിന്റെ വക്താക്കളും പ്രബോധകരുമാണെന്ന് പറഞ്ഞ് ഒരു വിഭാഗം വ്യാജന്മാര്‍ രംഗത്തുവരുമെന്നും അവരില്‍പെട്ടുപോകുന്നത് കരുതിയിരിക്കണമെന്നും  പ്രവാചകന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും കൂടുതല്‍ അടുത്തറിയുകയും അവ മുറുകെ പിടിച്ചു നിഷ്‌ക്കളങ്ക വിശ്വാസികളായി മാറുകയും വികലവും തീവ്രവുമായ ചിന്തകള്‍ പിഴുതെറിയാന്‍ ഒട്ടക്കെട്ടായി നിലക്കൊള്ളുകയുമാണ് യഥാര്‍ഥ മുസ്‌ലിം സമൂഹത്തിന്റെ ബാധ്യത. അങ്ങനെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ബാഹ്യവും ആന്തരികവുമായ എല്ലാത്തരം  ഭീഷണികള്‍ക്കുമെതിരെ അവര്‍ക്ക് വിജയം വരിക്കാനാകും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /71-74
എ.വൈ.ആര്‍

ഹദീസ്‌

കടദാനം പുണ്യദാനം
ഹാഫിസ് ബഷീര്‍, അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ ശാന്തപുരം