ദല്‍ഹിയുടെ സ്വന്തം കശ്മീരി
മുഫ്തി മുഹമ്മദ് സഈദിന്റെ നിര്യാണത്തോടെ പി.ഡി.പിയുടെ രാഷ്ട്രീയത്തില്‍ ഇനിയുള്ളത് മകള്‍ മഹ്ബൂബയുടെ കാലമാണ്. കശ്മീര്‍ രാഷ്ട്രീയത്തില്‍ അതുണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ എന്താവുമെന്ന് പ്രവചിക്കുക വയ്യ. മുഫ്തിയുടേത് സുദീര്‍ഘമായ ഒരു രാഷ്ട്രീയ ജീവിതമായിരുന്നു. കോണ്‍ഗ്രസ്സിന്റെ കെട്ട കാലത്തായിരുന്നു മുഫ്തി ഒപ്പം നിന്നതെങ്കിലും 2002 മുതല്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കി കശ്മീര്‍ ഭരിച്ച കാലത്താണ് സംസ്ഥാനം പതുക്കെയെങ്കിലും സമാധാനത്തിന്റെ വഴികളിലേക്ക് തിരിച്ചു നടന്നത്. അന്നത്തെയും ഇന്നത്തെയും കശ്മീരില്‍ പ്രത്യക്ഷത്തില്‍ തന്നെ കാണാനുള്ള ചില മാറ്റങ്ങള്‍ക്ക് അവിടത്തെ ജനങ്ങള്‍ കടപ്പെട്ടിരിക്കുന്നത് മുഫ്തിയോടാണ്. അടല്‍ ബിഹാരി വാജ്‌പേയിയുടെയും മുശര്‍റഫിന്റെയും ഭരണ കാലത്താണ് കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും ഇന്നുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. പിന്നീട് അധികാരമേറ്റ മന്‍മോഹന്‍ സിംഗ് ഈ ചര്‍ച്ചകളെ ബഹുദൂരം മുന്നോട്ടു നയിച്ചപ്പോഴും മുഫ്തിക്ക് നിര്‍ണായകമായ പങ്കുണ്ടായിരുന്നു. കശ്മീരികളുടെ പക്ഷത്ത് നില്‍ക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയെ തീവ്രവാദികള്‍ പോലും മറച്ചു വെച്ചിരുന്നില്ല. മുഫ്തിയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ ആള്‍ പാര്‍ട്ടി ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് തയാറായത് ശ്രദ്ധിക്കുക.
ഇന്ത്യയില്‍ നിന്ന് വേര്‍പെട്ട് പാകിസ്താനോടു ചേരണമെന്ന ചിന്തക്കു പകരം ഇരു രാജ്യങ്ങളില്‍ നിന്ന് സ്വതന്ത്രമാവണമെന്ന ആശയത്തിലേക്ക് കശ്മീരികള്‍ എത്തിച്ചേര്‍ന്നതാണ് ആറു പതിറ്റാണ്ടിലേറെ നീണ്ട ഈ തര്‍ക്കത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ മാറ്റം. ഫാറൂഖ് അബ്ദുല്ല മുഖ്യമന്ത്രി പദവി ഒഴിഞ്ഞതിനു ശേഷം 2012 മുതല്‍ക്കാണ് ഒരുപക്ഷേ ഈ മാറ്റം ശക്തിപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ ജനത്തോട് എന്തു തന്നെ പറഞ്ഞാലും ജയിച്ചാല്‍ ദല്‍ഹിയുടെ വഴിയിലൂടെ മാത്രം സഞ്ചരിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു എന്നും കശ്മീരിലെ ഗവണ്‍മെന്റുകള്‍. അവര്‍ക്കിടയില്‍ നിന്ന് കശ്മീരിക്കു വേണ്ടി ശബ്ദിക്കാനും പാകിസ്താനുമായി സമാധാനം പുലര്‍ത്തണമെന്ന് ദല്‍ഹിയോട് ആവശ്യപ്പെടാനും തയാറായ രാഷ്ട്രീയ നേതാവായിരുന്നു മുഫ്തി. ഇന്ന് കശ്മീരികള്‍ വലിയൊരളവില്‍ ജനാധിപത്യത്തിന്റെ പാതയിലേക്കു മടങ്ങിയെത്തുന്നുണ്ടെന്നാണ് മനസ്സിലാവുന്നത്. നന്നെ ചുരുങ്ങിയത് വോട്ടെടുപ്പില്‍ ജനങ്ങള്‍ പങ്കെടുക്കുന്നതിന് നേര്‍ക്ക് കണ്ണടയ്ക്കാനെങ്കിലും തീവ്രവാദികള്‍ തയാറാവുന്നുണ്ട്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ തീരെ കുറവായിരുന്നു എന്നത് ശ്രദ്ധിക്കുക. സംസ്ഥാനത്തെ നിത്യജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള സംവിധാനമാണ് വോട്ടെടുപ്പ് എന്ന പ്രായോഗിക സമീപനമാണ് ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുളള വിഘടനവാദി സംഘടനകളുടേത്. മുഫ്തി മുഖ്യമന്ത്രിയായതിനു ശേഷമാണ് സംസ്ഥാനത്ത് ഈ മാറ്റമുണ്ടാകുന്നത്. ഉമര്‍ അബ്ദുല്ല പിന്നീട് മുഖ്യമന്ത്രിയായപ്പോള്‍ കശ്മീര്‍ കുറെക്കൂടി മുന്നോട്ടു പോവുകയും ചെയ്തു. അതേസമയം ജനാധിപത്യം എന്ന വാക്കിനോടുള്ള പൊതുജനത്തിന്റെ അവസാനത്തെ താല്‍പര്യത്തെയും തച്ചുടച്ച ഭരണാധികാരിയായിരുന്നു ഫാറൂഖ് അബ്ദുല്ല. കശ്മീരിലെ ഇന്നുള്ള മുഴുവന്‍ ദുരന്തങ്ങളുടെയും തലതൊട്ടപ്പനായിരുന്ന മുഖ്യമന്ത്രി.
അടിസ്ഥാന മേഖലയില്‍ രണ്ടു ദശാബ്ദത്തിലേറെയായി മുടങ്ങിക്കിടന്ന സംസ്ഥാനത്തെ വികസന പ്രവൃത്തികള്‍ക്ക് തുടക്കമിട്ടത് മുഫ്തിയുടെ കാലത്താണ്. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ, ഗതാഗത രംഗത്തുമൊക്കെ കശ്മീര്‍ ബഹുദൂരം മുന്നോട്ടു പോയി. 25 വര്‍ഷത്തെ ഇടവേളക്കു ശേഷം ഇന്ത്യയുടെ ഒരു പ്രധാനമന്ത്രിക്ക് ശ്രീനഗറില്‍ പ്രസംഗിക്കാനുള്ള അന്തരീക്ഷമൊരുങ്ങി. വാജ്‌പേയി ആയിരുന്നു അത്. ജമ്മു-കശ്മീര്‍ പോലീസിലെ ഏറെ പഴികേട്ട സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിനെ ഇല്ലാതാക്കിയതും 'അഫ്‌സ്പ' നിയമം ചില പ്രദേശങ്ങളിലെങ്കിലും പിന്‍വലിച്ചതും അതിര്‍ത്തിയിലൂടെ മുസഫറാബാദിലേക്ക് ബസ് സര്‍വീസ് തുടങ്ങിയതും ഇന്തോ-പാക് വ്യാപാരം പുനരാരംഭിച്ചതുമൊക്കെ മുഫ്തിയുടെ ഭരണ കാലത്താണ്. കശ്മീരിലെ താമസക്കാരനാണെന്ന് തെളിയിക്കുന്ന രേഖയുണ്ടെങ്കില്‍ പാക് അധീന കശ്മീരിലേക്ക് വിസയില്ലാതെ പോകാനും മുഫ്തി സംവിധാനമൊരുക്കി. 1987-ല്‍ രാജീവ് ഗാന്ധിയുടെ കാലത്ത് നടന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കു ശേഷം ശരാശരി കശ്മീരിക്ക് ജനാധിപത്യത്തിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു പോയിരുന്നു. പക്ഷേ 2000-ത്തിനു ശേഷം കശ്മീരി യുവാക്കള്‍ ആയുധ പരിശീലനം തേടി മുസഫറാബാദിലേക്ക് നുഴഞ്ഞു കയറുന്നത് ഏതാണ്ട് പൂര്‍ണമായും അവസാനിച്ചു.
ദീര്‍ഘകാലം കോണ്‍ഗ്രസ് നേതാവായിരുന്ന മുഫ്തി 1987-ലാണ് കേന്ദ്ര മന്ത്രി സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെക്കുന്നത്. മീറത്തില്‍ അക്കാലത്ത് നടന്ന വര്‍ഗീയ കലാപത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാണിച്ച ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചായിരുന്നു രാജി. പിന്നീട് വി.പി സിംഗിനൊപ്പം പോയ മുഫ്തി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപൂര്‍വമായ രണ്ട് ബഹുമതികള്‍ക്ക് ഉടമയായി. കേന്ദ്ര സര്‍ക്കാറിലെ ആദ്യത്തെ മുസ്‌ലിം ആഭ്യന്തര മന്ത്രി ആയതിനൊപ്പം താഴ്‌വരക്കു പുറത്ത് ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ച ആദ്യത്തെ- ഒരുപക്ഷേ അവസാനത്തെയും- കശ്മീരിയായ രാഷ്ട്രീയ നേതാവും ഇദ്ദേഹമായിരുന്നു. ഇന്ന് മതവൈരത്തിനും വര്‍ഗീയ കലാപങ്ങള്‍ക്കും അപഖ്യാതി നേടിയ മുസഫര്‍ നഗറില്‍ നിന്നായിരുന്നു ഈ അവിശ്വസനീയമായ വിജയം. ഇന്ത്യന്‍ മതേതരത്വത്തിന്റെ എക്കാലത്തെയും മികച്ച മാതൃക കാഴ്ച വെച്ച മുസഫര്‍ നഗര്‍ തന്നെയാണ് പില്‍ക്കാലത്ത് സഞ്ജീവ് ബാലിയനെ പോലുള്ള കലാപകാരിയായ ഒരു നേതാവിനെ ജയിപ്പിച്ചയച്ചതും. മുഫ്തിയുടെ രാഷ്ട്രീയ സിദ്ധാന്തങ്ങളില്‍ വിമര്‍ശിക്കാവുന്ന നൂറു കാര്യങ്ങള്‍ ഉള്ളപ്പോഴും ചില കാര്യങ്ങളില്‍ അദ്ദേഹം മാതൃകയായിരുന്നു; അതിനെ അവസരവാദമായും പ്രായോഗിക രാഷ്ട്രീയമായും വിലയിരുത്താനാവുമെങ്കിലും.
Comments