എന്തുകൊണ്ടെല്ലാം മൂന്നാം ലിംഗക്കാര്‍ പരിഗണന അര്‍ഹിക്കുന്നുണ്ട്?
യെസ്, നോ എന്നീ രണ്ട് ഉത്തരങ്ങള്‍ സാധ്യമല്ലാത്ത, കറുപ്പും വെളുപ്പും കോളങ്ങളിലൊതുക്കാന്‍ പറ്റാത്ത സങ്കീര്‍ണതകളെ മനുഷ്യന് ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എന്നാല്‍ ഈ രണ്ടു കോളങ്ങള്‍ക്കും പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കുന്നതില്‍ അവന്‍ പലപ്പോഴും വൈമുഖ്യം കാണിക്കുകയും ചെയ്യുന്നു. ഇതുപോലെ തന്റെ ലൈംഗിക വ്യക്തിത്വത്തെ സ്ത്രീ എന്നോ പുരുഷന്‍ എന്നോ ക്ലിപ്തപ്പെടുത്താന്‍ പറ്റാത്ത ആളുകളെ മാന്യതയുടെ പടിക്കു പുറത്തു നിര്‍ത്തുന്ന പ്രവണതയില്‍ നിന്നാണ് മൂന്നാം ലിംഗവര്‍ഗത്തില്‍പ്പെടുന്നവരുടെ വ്യഥകള്‍ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നമായി മാറുന്നത്. ഒപ്പം തന്നെ ഇതിന്റെ മറവില്‍ മനുഷ്യന്‍ തനിക്കു മേല്‍ അനിവാര്യമായിരിക്കുന്ന ധര്‍മബോധങ്ങളെയെല്ലാം നിരാകരിക്കുന്ന പ്രവണതയും ശക്തമാണ്. അതിനാല്‍ ഈ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ഇത് രണ്ടിനെയും വേര്‍തിരിച്ചു കാണേണ്ടതാണ്. മൂന്നാം ലിംഗക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും അവയെ എങ്ങനെയെല്ലാം അഭിമുഖീകരിക്കാമെന്നതിനെക്കുറിച്ചുള്ള എന്റെ വ്യക്തിപരമായ അന്വേഷണങ്ങളാണ് ഈ കുറിപ്പില്‍ പങ്കുവെക്കുന്നത്.
അര്‍ധനാരി
സ്ത്രീ എന്നോ പുരുഷന്‍ എന്നോ നിര്‍ണയിക്കാന്‍ പറ്റാത്ത വ്യക്തികള്‍ പുരാതന കാലം മുതല്‍ക്കേ ഉണ്ടായിരുന്നെന്നു കാണാം. ഗ്രീക്ക് പുരാണത്തില്‍ ഹെര്‍മഫ്രൊഡൈറ്റസ് എന്ന ഒരു കഥാപാത്രമുണ്ട്. ഈ കഥാപാത്രത്തെ മുന്‍നിര്‍ത്തി ലിംഗനിര്‍ണയത്തില്‍ സ്ത്രീയും പുരുഷനുമല്ലാത്ത ഇതരം പ്രാചീനകാലത്തേയുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. കാമത്തിന്റെ ദേവതാരൂപമായ അഫ്രൊഡൈറ്റിന് ഹെര്‍മസ് ദേവനില്‍ ഉണ്ടായ പുത്രനത്രേ ഹെര്‍മഫ്രൊഡൈറ്റസ്. സുന്ദരനായ ഹെര്‍മഫ്രൊഡൈറ്റസ് നഗ്നനായി കുളിക്കാന്‍ തടാകത്തിലിറങ്ങിയതു കണ്ട് കാമാവേശിതയായ സല്‍മാസിസ് എന്ന നിംഫിന്റെ പ്രാര്‍ഥന കേട്ട് ഒരു ദേവന്‍ അവരുടെ ശരീരങ്ങളെ ഒന്നാക്കി മാറ്റി. അങ്ങനെ ഹെര്‍മഫ്രൊഡൈറ്റസ് സ്ത്രീയുടെയും പുരുഷന്റെയും ലിംഗങ്ങളോടു കൂടിയ ഒറ്റ ശരീരമായിത്തീര്‍ന്നു. ഉഭയലിംഗികളായ വ്യക്തികളെ ഹെര്‍മഫ്രൊഡൈറ്റുകള്‍ (Hermophrodites) എന്ന് പറയാറുണ്ട്.
ഉഭയലിംഗികളെക്കുറിച്ച പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ പുരാണങ്ങളിലും കാണാം. ദേവസദസ്സിലെ അപ്‌സരസ്സുകള്‍ സ്ത്രീകളും ഗന്ധര്‍വന്മാര്‍ പുരുഷന്മാരുമാണെങ്കില്‍ കിന്നരര്‍ എന്ന വിഭാഗം മൂന്നാം പ്രകൃതിയില്‍പ്പെട്ടവരാണത്രേ. അജ്ഞാതവാസക്കാലത്ത് അര്‍ജുനന്‍ ബൃഹന്നള എന്ന പേരില്‍ വിരാടരാജ്യത്ത് നപുംസകമായി ജീവിച്ചതായി മഹാഭാരതത്തില്‍ പറയുന്നു. ദ്രുപദ രാജാവിന്റെ സന്തതിയായ ശിഖണ്ഡിയും മഹാഭാരതകഥാപാത്രമാണ്. അക്കാലത്തു തന്നെ ഇവര്‍ അനുഭവിച്ച വിവേചനത്തിന്റെ അടയാളങ്ങളും ഈ കഥകളില്‍ കാണാം. ശാപം കിട്ടിയ ഗന്ധര്‍വനാണ് കിന്നരനായിത്തീര്‍ന്നതെങ്കില്‍ ഉര്‍വശിയുടെ ശാപം നിമിത്തമാണ് അര്‍ജുനന് ബൃഹന്നളയായി ജീവിക്കേണ്ടി വന്നത്. കുരുക്ഷേത്രയുദ്ധത്തില്‍ ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തിയപ്പോള്‍ ആണും പെണ്ണുമല്ലാത്തവനോട് താന്‍ പൊരുതില്ലെന്നു പറഞ്ഞ് ആയുധം താഴെ വച്ചപ്പോഴത്രേ ഭീഷ്മരെ അര്‍ജുനന്‍ വധിച്ചത്.
അപരം
ഇപ്രകാരം ആണെന്നോ പെണ്ണെന്നോ വേര്‍തിരിച്ചു പറയാന്‍ സാധിക്കാത്ത ലൈംഗിക സവിശേഷതകളുള്ളവര്‍ ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും, എല്ലാ സമൂഹങ്ങളിലും ഉണ്ടെന്ന് നരവംശശാസ്ത്രജ്ഞര്‍ പറയുന്നു. മധ്യപൗരസ്ത്യ മേഖലയില്‍ സാനിത്ത് (Xanith) എന്നു വിളിക്കപ്പെടുന്ന ഒരു വിഭാഗമുണ്ട്. പലേടത്തും ഇവര്‍ പുരുഷവേശ്യകളായി കണക്കാക്കപ്പെടുന്നു. ഒമാനില്‍ പുരുഷന്മാര്‍ക്കൊപ്പം പള്ളിയില്‍ പ്രവേശിക്കാനും ആരാധന നടത്താനും ഒപ്പം തന്നെ സ്ത്രീകള്‍ക്കൊപ്പം ഇടപഴകാനും പുരുഷനെപ്പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിവാഹം കഴിച്ച് ജീവിക്കാനുമൊക്കെയുള്ള അനുവാദം സാനിത്തുകള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്. ഇതുപോലെ ഫിലിപ്പീന്‍സിലുള്ള ഒരു വിഭാഗമാണ് ബക്ലകള്‍ (Bakla). സാമൂഹികവും മതപരവുമായ കാരണങ്ങളാല്‍ ഇവരെ ഒരു സമൂഹമായി അംഗീകരിക്കാത്തവര്‍ അവിടെ ഇപ്പോഴുമുണ്ടെങ്കിലും അവര്‍ അവിടെ ഒരു സമൂഹമായിട്ടു തന്നെ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. ഷീ മെയില്‍ എന്നും ട്രാന്‍സ് വെസ്റ്റിസ് എന്നുമൊക്കെ വിളിക്കപ്പെടുന്നവര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്.
നമ്മുടെ നാട്ടിലെ ഹിജഡകള്‍ പൊതുവേ സമൂഹത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടവരും അതിനാല്‍ത്തന്നെ സാമൂഹിക മുഖ്യധാരയില്‍ നിന്ന് സ്വയം വേര്‍പെട്ട് അവരുടേതായ സാമൂഹികജീവിതം നയിക്കുന്നവരുമാണ്. ബഹുചര മാതാ എന്ന ദേവിയെ ഉപാസിക്കുന്ന പ്രത്യേകമായ അനുഷ്ഠാനങ്ങളും ഇവര്‍ക്കുണ്ട്. ചരന്‍ വിഭാഗത്തില്‍പ്പെട്ട ഒരു പ്രമാണിയുടെ മകളായി ജനിച്ച ബഹുചരയെയും സഹോദരിമാരെയും ഒരു കൊള്ളക്കാരന്‍ ആക്രമിച്ചതായി ഐതിഹ്യങ്ങള്‍ പറയുന്നു. ചരനരുടെ രക്തം ഭൂമിയില്‍ വീഴുന്നത് വലിയ പാപമാണെന്നാണ് വിശ്വാസം. അങ്ങനെ ശാപത്തിനിരയായ കൊള്ളക്കാരന്‍ ഷണ്ഡനായിപ്പോയി. ശാപമോക്ഷത്തിനായി അയാള്‍ സ്ത്രീവേഷം ധരിച്ച് ബഹുചരയെ ഉപാസിക്കാന്‍ തുടങ്ങിയത്രേ. സമൂഹം ഭ്രഷ്ട് കല്‍പിച്ച് മാറ്റിനിര്‍ത്തിയ ഹിജഡകള്‍ അവരുടെ ജന്മജാതിമതങ്ങളേതായിരുന്നാലും ബഹുചര മാതായില്‍ തങ്ങളുടെ അഭയവും സാക്ഷാല്‍ക്കാരവും കണ്ടെത്താന്‍ തുടങ്ങി.
സ്വവര്‍ഗം
മൂന്നാം ലൈംഗികതയെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ സാധാരണ ഗതിയില്‍ സ്വവര്‍ഗ ലൈംഗികതയുമായി കൂട്ടിക്കുഴച്ചാണ് അവതരിപ്പിക്കപ്പെടാറുള്ളത്. ഇങ്ങനെയുള്ള ചിന്താപരിസരമാണ് LGBT മൂവ്‌മെന്റുകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. അതിനാല്‍ത്തന്നെ ഇത് സംബന്ധമായി ആദ്യം ചിലത് പറയേണ്ടതുണ്ടെന്നു തോന്നുന്നു.
സ്വവര്‍ഗ ലൈംഗികാസക്തി മൂന്നു തരത്തിലാവാം. ഇസ്‌ലാമിക ധാര്‍മികതയുടെയും നിയമവ്യവസ്ഥയുടെയും പ്രതലത്തില്‍ നിന്നു കൊണ്ട് ഇതു മൂന്നിനെയും ഒന്ന് വിശകലനം ചെയ്തു നോക്കാവുന്നതാണ്. വികൃതലൈംഗികാസക്തിയാണ് അതിലൊന്ന്. ഹോമോ സെക്ഷ്വല്‍ ആയാലും ഹെറ്റെറോ സെക്ഷ്വല്‍ ആയാലും വികൃതാസക്തിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ ഇസ്‌ലാം പരിഗണിക്കുന്നത് കുറ്റകൃത്യമായിത്തന്നെയാണ്. അതേസമയം സ്വവര്‍ഗലൈംഗികക്കുറ്റങ്ങള്‍ക്ക് നിര്‍ണിതമായ ശിക്ഷ പ്രമാണങ്ങളില്‍ വിധിക്കപ്പെട്ടിട്ടില്ല.
വികൃതവും സാമൂഹികവിരുദ്ധവുമായ ലൈംഗിക പ്രവണതകളെ വൈകാരിക ദൗര്‍ബല്യങ്ങളുടെ പേരില്‍ ന്യായീകരിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ ചെറിയ ഉപദ്രവങ്ങള്‍ മുതല്‍ ബലാല്‍സംഗങ്ങള്‍ വരെയുള്ളവ അപ്രകാരം ന്യായീകരിക്കപ്പെടും. സ്വവര്‍ഗലൈംഗികതയുമായി ബന്ധപ്പെടുത്തി ആലോചിക്കുമ്പോള്‍, ഖുര്‍ആനിലും ബൈബിളിലും പരാമര്‍ശിക്കപ്പെടുന്ന ഖൗമു ലൂത്വ് (സോദോമ്യര്‍) സാമൂഹികമായ ആഘാതങ്ങളുണ്ടാക്കുകയും കടന്നാക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്ന വികൃതലൈംഗികതയുടെ ആളുകളായിരുന്നു. അതാകട്ടെ, അംഗീകൃതമായ ഒരു സാമൂഹിക സംസ്‌കാരമായിത്തന്നെ അവരില്‍ നിലനിന്നു. ലൂത്വിന്റെ അതിഥികളായി സുന്ദരന്മാരായ രണ്ട് ബാലന്മാര്‍ വന്നപ്പോള്‍ ആക്രാന്തം ബാധിച്ച ജനക്കൂട്ടം കാണിച്ച വിക്രിയകളെക്കുറിച്ച പരാമര്‍ശമുണ്ട് ഖുര്‍ആനില്‍. തങ്ങളുടെ ആസക്തികള്‍ക്ക് സൈദ്ധാന്തികമായ ന്യായങ്ങളുണ്ടാക്കുന്നതില്‍ ഒട്ടും മോശക്കാരുമായിരുന്നില്ല ആ ജനത. അതേസമയം നിങ്ങളുടെ ഇണകള്‍ സ്ത്രീകളാണ് എന്ന് ലൂത്വ് ആ ജനതയോട് പറയുമ്പോള്‍ അതില്‍ എതിര്‍ലിംഗ സംഭോഗപരത (Heterosexu-ality) മാത്രമേ അംഗീകരിക്കപ്പെടുന്നുള്ളൂ എന്നു കാണാം. എന്നാല്‍ ഇതിനെ മറ്റൊരു നിലക്കും വായിക്കാം. അതെന്തെന്നാല്‍ സോദോമ്യരിലെ പുരുഷന്മാര്‍ പുരുഷന്മാര്‍ തന്നെയായിരുന്നു. മൂന്നാം ലിംഗവര്‍ഗത്തില്‍പ്പെട്ടവരായിരുന്നില്ല. സ്വാഭാവികമായും വികൃതലൈംഗികാസക്തികളെ മൂന്നാം ലൈംഗികതയുമായി ചേര്‍ത്തു കെട്ടുന്നത് ശരിയല്ല. കുറ്റകൃത്യങ്ങളുടെ വ്യാപനവും അതിന്റെ സാമൂഹിക, സൈദ്ധാന്തികവല്‍ക്കരണങ്ങളുമാണ് സോദോമിലുണ്ടായിരുന്നത് എന്നു വ്യക്തം. അവര്‍ പൊതുസദസ്സുകളില്‍ ലൈംഗിക ചേഷ്ടകള്‍ പ്രകടിപ്പിക്കുന്നവരായിരുന്നുവെന്നും ലൂത്വിന്റെ പ്രബോധനത്തില്‍ നിന്ന് മനസ്സിലാക്കാം. എന്തായാലും നൂറു ശതമാനവും ആണുങ്ങള്‍ തന്നെയായ മനുഷ്യരോടാണ് നിങ്ങളുടെ ഇണകള്‍ എന്റെ പെണ്‍മക്കളാണ് (എന്റെ സമൂഹത്തിലെ പെണ്ണുങ്ങളാണ്) എന്ന് ലൂത്വ് പ്രസ്താവിച്ചത്. ഒരു മൂന്നാം ലിംഗവിഭാഗത്തെയായിരുന്നില്ല അവിടുന്ന് അഭിമുഖീകരിച്ചിരുന്നതെന്ന് വ്യക്തം. സ്വാഭാവികമായും സോദോമ്യരുടെ ഈ പ്രവൃത്തി സാമൂഹികവിരുദ്ധമായ ആസക്തികളുടെ ഗണത്തില്‍പ്പെടുന്നു.
രോഗമാണ് രണ്ടാമത്തെ ഇനം. ഇത് മാനസികമോ ശാരീരികമോ ആവാം. ചികില്‍സയാണ് ഇതിന്റെ പ്രതിവിധി. അതായത് ചികില്‍സയിലൂടെ പ്രതിവിധി കണ്ടെത്താന്‍ പറ്റുന്നവയെ മാത്രമേ ഇവിടെ രോഗം എന്ന് വിവക്ഷിക്കുന്നുള്ളൂ. ഹോര്‍മോണ്‍ തകരാറുകളായാലും മാനസികപ്രശ്‌നങ്ങളായാലും ശാസ്ത്രീയമായ പ്രതിവിധി സാധ്യമാണെങ്കില്‍ അത് രോഗമായിത്തന്നെ പരിഗണിക്കപ്പെടണം. ഇതും സ്വവര്‍ഗലൈംഗികതയുടെ കാര്യത്തില്‍ മാത്രമല്ല. ഉദാഹരണത്തിന് Hypersexuality Disorder ഉള്ള പുരുഷന്മാരും സ്ത്രീകളുമുണ്ടല്ലോ. അവര്‍ അങ്ങനെയാണ് എന്ന ന്യായത്തില്‍ അവരെ അതുപോലെ ജീവിക്കാന്‍ വിട്ടേക്കുക എന്നതല്ല സ്വീകാര്യമായ മാര്‍ഗം. ഈ സെക്‌സ് മാനിയ മിക്കവാറും ഹെറ്റെറോസെക്ഷ്വല്‍ ആസക്തികളാണ് പ്രകടിപ്പിക്കാറുള്ളത്. ഹോമോസെക്ഷ്വാലിറ്റിയുടെ കാര്യത്തിലും രോഗം എന്ന സാധ്യതയെ പൂര്‍ണമായും തള്ളിക്കളയാന്‍ യാതൊരു ന്യായവുമില്ല. സ്വാഭാവികമായും അതിന് ചികില്‍സയല്ലാതെ പരിഹാരങ്ങളില്ല.
മൂന്നാമത്തെ വിഭാഗത്തെസ്സംബന്ധിച്ചേടത്തോളം, അവര്‍ വികൃത ലൈംഗികാസക്തിയുടെ അടിമകളാണെന്നോ കുറ്റവാളികളാണെന്നോ വിധിക്കാന്‍ പറ്റില്ല. ചികില്‍സ സാധ്യമായ രോഗവുമല്ല അവരുടേത്. കുറ്റവാസനയോ രോഗമോ അല്ലെങ്കില്‍പ്പിന്നെ അതിനെ വിശേഷിപ്പിക്കേണ്ടത് പ്രകൃതം എന്നു തന്നെയാണ്. ഇവരാണ് കൃത്യമായും Transgenders. ജനനസമയത്തെ ലിംഗനിര്‍ണയം മൂലം ഒരു ലിംഗ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തപ്പെടുകയും പിന്നീട് സ്വന്തം വ്യക്തിത്വത്തെയും അഭിനിവേശങ്ങളെയും ആ ഗ്രൂപ്പില്‍ സാക്ഷാല്‍ക്കരിക്കാനാവുന്നില്ല എന്ന് തിരിച്ചറിയുകയും ചെയ്യുന്നവരെയാണ് ഈ വിഭാഗത്തില്‍പ്പെടുത്തുക. ട്രാന്‍സ് സെക്ഷ്വലുകള്‍ ജന്മനാ അവര്‍ക്ക് നല്‍കപ്പെട്ട ലൈംഗിക സ്വത്വത്തെ നിരാകരിക്കുകയും എതിര്‍ലിംഗത്തിന്റെ മാനസികവും ശാരീരികവുമായ സ്വത്വത്തെ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. ഇവരുടെ വികാരങ്ങളെയും താല്‍പര്യങ്ങളെയും, ഇവരനുഭവിക്കുന്ന മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളെയും അവഗണിക്കാനോ കേവലം അധാര്‍മികമായി മുദ്ര കുത്താനോ പറ്റില്ല.
അതേസമയം തന്നെ, ഇതുമായി ബന്ധപ്പെട്ടും ചില കാര്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. ഒന്നാമതായും Transgender എന്ന അവസ്ഥ 'പൂര്‍ണമായും' ജനിതകമാണെന്നതിന് എക്‌സ്‌പെരിമെന്റലായ തെളിവുകളൊന്നുമില്ല. Heterosexual, Homosexual, Bisexual എന്നിങ്ങനെയുള്ള മൂന്ന് പ്രകൃതങ്ങള്‍ തികച്ചും സ്വാഭാവികമാണെന്നുള്ള പഠനങ്ങള്‍ക്ക് എത്രത്തോളം വിശ്വാസ്യതയുണ്ടെന്നുള്ളത് പ്രശ്‌നമാണ്. അപരലിംഗി എന്ന പ്രവണത ബഹുഭൂരിഭാഗം കേസുകളിലുമെങ്കിലും ജനിതകമല്ല, മറിച്ച് ആര്‍ജിതമാണ് (അപൂര്‍വമായി ജനിതകകാരണങ്ങളാലുള്ള ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ഇതിന് കാരണമായിത്തീരാറുണ്ടെങ്കിലും). പുതിയ ലോകത്ത് ഇതു സംബന്ധമായ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന LGBT, Queer പ്രസ്ഥാനങ്ങള്‍ ലൈംഗിക ഉദാരീകരണത്തെ പ്രതിനിധീകരിക്കുന്നു. ഒന്നാമതായും Lesbian, Gay, Bisexual, Transgender എന്ന കൂട്ടിക്കുഴക്കല്‍ തന്നെ അശാസ്ത്രീയമാണ്. പ്രവണതകള്‍ ജനിതകവും സ്വാഭാവികവുമാണെന്ന് വന്നാല്‍ത്തന്നെയും ആ സ്വഭാവത്തിലുള്ള ലെസ്ബിയനും ഗേയും ട്രാന്‍സ്‌ജെന്‍ഡറിന്റെ പട്ടികയില്‍ത്തന്നെ വരും. ബൈസെക്ഷ്വല്‍സിനെ ലൈംഗിക ന്യൂനപക്ഷത്തില്‍പ്പെടുത്തുന്നതിന്റെ ന്യായമെന്താണെന്നതും ചോദ്യമാണ്. അനാശാസ്യം എന്ന് ഒരു വലിയ സമൂഹം കരുതുന്ന വികൃതവും സാമൂഹികവിരുദ്ധവുമായ ആസക്തികളെയടക്കം ന്യായീകരിക്കാന്‍ സഹായിക്കും വിധം വിപുലമായാണ് ഈ എല്‍.ജി.ബി.ടി സമന്വയം നിലനില്‍ക്കുന്നത്.
ജനിതകം
ട്രാന്‍സ്‌ജെന്‍ഡറുകളായിത്തീരുന്നവരില്‍ വലിയൊരു ഭാഗം തീരെച്ചെറുപ്രായത്തില്‍ ചെറുതോ വലുതോ ആയ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരായവരാണ്. പില്‍ക്കാലത്ത് അവരുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നതില്‍ അത് വലിയ പങ്ക് നിര്‍വഹിച്ചിട്ടുണ്ടാവാം. ഇതുപോലെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളുമുണ്ട്. ചുറ്റുപാടുകള്‍, മാതാപിതാക്കളുടെ മനോഭാവങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇത്തരം സംഗതികള്‍ സ്വവര്‍ഗലൈംഗികാസക്തിയിലേക്കും നയിച്ചേക്കാം. ആധുനിക സ്വവര്‍ഗാനുരാഗ പ്രസ്ഥാനങ്ങളുടെ Pioneer ആയി കരുതപ്പെടുന്ന കാള്‍ ഹെന്റിച് ഉല്‍റിച്‌സിന്റെ ജീവിതകഥയില്‍ ബാല്യത്തില്‍ പെണ്‍വസ്ത്രങ്ങളുടുപ്പിച്ച് താലോലിക്കാറുണ്ടായിരുന്ന അമ്മയെയും പതിനാലാം വയസ്സില്‍ ലൈംഗികകേളിക്ക് വിധേയനാക്കിയ കുതിരസ്സവാരി പരിശീലകനെയും പറ്റി പറയുന്നുണ്ട്. ഹിജഡകള്‍ എന്ന് പൊതുവായി പേരു പറയാറുണ്ടെങ്കിലും ഹിജഡകള്‍ ആയിത്തീരുന്നവരാണ് കേരളത്തിലെയും ട്രാന്‍സ് സെക്ഷ്വലുകളില്‍ വലിയൊരു ഭാഗം. ഇവരെക്കുറിച്ചുള്ള പഠനങ്ങളിലും ഇത്തരം അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജീനുകള്‍ മാത്രമല്ല മനുഷ്യന്റെ സ്വഭാവവും അഭിനിവേശങ്ങളും നിര്‍ണയിക്കുന്നത്. സാഹചര്യങ്ങള്‍ക്ക് അതില്‍ വലിയൊരു പങ്കുണ്ട്. ഒരു വ്യക്തിയുടെ ലൈംഗികവളര്‍ച്ചയുടെ ഘട്ടങ്ങള്‍ വിവരിക്കുമ്പോള്‍ ഫ്രോയ്ഡ്, ഒരു ഘട്ടത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള പരിവര്‍ത്തനത്തില്‍ അവലംബിച്ചേക്കാവുന്ന ഫലപ്രദമല്ലാത്ത രീതികള്‍, ഒന്നില്‍ത്തന്നെയുള്ള ഉറച്ചുപോകല്‍ (Fixation) തുടങ്ങിയവയുടെ സാധ്യതകളെപ്പറ്റി പറയുന്നു. ഇതും ഇത്തരത്തില്‍പ്പെട്ടതും അല്ലാത്തതുമായ മാനസികാവസ്ഥകള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണമായിത്തീര്‍ന്നേക്കാം.
സ്വവര്‍ഗരതിതല്‍പരതയുടെ ജനിതകാടിത്തറ കണ്ടെത്താന്‍ പരിശ്രമിച്ചിട്ടുള്ളവരില്‍ പ്രധാനി ഡീന്‍ ഹാമറാണ്. 1993-ല്‍ അദ്ദേഹത്തിന്റെ A Linkage Between DNA Makers on the X Chromosome and Male Sexual Orientation എന്ന പഠനം സയന്‍സ് മാഗസിന്‍ പ്രസിദ്ധീകരിച്ചു. സ്വവര്‍ഗാനുരാഗികളുടെ X ക്രോമസോമില്‍ X9 28 എന്ന ഒരു Genetic Marker ഉണ്ടെന്ന് അതില്‍ അവകാശപ്പെട്ടു. ഇതാണ് അന്നും ഇന്നും കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഗേ ജീന്‍. എന്നാല്‍ ഡീന്‍ ഹാമറുടെ ഈ കണ്ടെത്തല്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്ന പഠനങ്ങളും സയന്‍സ് മാഗസിനില്‍ത്തന്നെ പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. തീര്‍ത്തും വിശ്വസിക്കത്തക്കതായ ഒന്നല്ല ഗേ ജീനിനെക്കുറിച്ച പഠനങ്ങള്‍ എന്നര്‍ഥം.
സ്വവര്‍ഗപ്രണയം, സ്വവര്‍ഗരതി തുടങ്ങിയ കാര്യങ്ങളെ വിശകലനം ചെയ്താല്‍ മറ്റൊരു പ്രവണത കൂടി കാണാം. മിക്കപ്പോഴും ഈ ഇണകളില്‍ കര്‍തൃത്വമുള്ള ഒരാളുണ്ടാവും. അതായത് ലൈംഗികതയുമായി ബന്ധപ്പെട്ട പരമ്പരാഗത യാഥാസ്ഥിതിക ധാരണകളില്‍ നിന്ന് ഒട്ടും മുക്തമാവില്ല പല സ്വവര്‍ഗ ബന്ധങ്ങളും. കൃത്രിമമായെങ്കിലും അവിടെ ഒരാള്‍ ആണിന്റെ റോള്‍ തന്നെ ആടുന്നു. മറ്റേയാള്‍ പെണ്ണാണ്. ഇങ്ങനെയൊരു മാനസികാവസ്ഥയില്‍ ജീവിക്കുന്നതു കാരണവും താന്‍ സ്വീകരിച്ചിരിക്കുന്ന സ്ത്രീ സ്വത്വത്തോടുള്ള അമിത പ്രതിബദ്ധത കാരണവും കൂടുതല്‍ വിധേയത്വമുള്ള 'പെണ്ണാ'യിത്തന്നെ അയാള്‍ മാറുന്നു. അങ്ങനെ ഏതൊരു പരമ്പരാഗത ദാമ്പത്യത്തിലുമുള്ളതിനെക്കാള്‍ പുരുഷമേധാവിത്തത്തിന്റെ ഉത്തമമാതൃകയായിത്തീരുന്നു ആ ബന്ധം.
സ്വത്വം
ഇത്തരം സങ്കീര്‍ണതകള്‍ക്കിടയില്‍ നില്‍ക്കുമ്പോഴും ഇതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യലും പരിഹാരം തേടലുമൊക്കെ നടക്കുമ്പോഴും തനിക്ക് ഹിതകരമല്ലാത്ത ശരീരത്തിനകത്ത് ജീവിക്കേണ്ടി വരുന്നവരുടെ സ്വത്വസന്ത്രാസങ്ങളെ അഭിമുഖീകരിക്കാതിരിക്കാന്‍ പറ്റില്ല. ഹിജഡ സമൂഹത്തില്‍ ചേരുന്ന ഇന്ത്യന്‍ ട്രാന്‍സ് സെക്ഷ്വലുകള്‍ തങ്ങളിലെ പുരുഷനെ ഹനിക്കാന്‍ ചെയ്യുന്ന ത്യാഗങ്ങളെക്കുറിച്ച് മാത്രം വായിച്ചാല്‍ മതി, ഇവരനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാന്‍. ബഹുചര മാതായ്ക്ക് തങ്ങളുടെ പുരുഷലിംഗം നിവേദ്യമായി സമര്‍പ്പിക്കുന്നത് തികച്ചും പ്രാകൃതമായ രീതിയിലാണ്. ചടങ്ങുകളുടെ അകമ്പടിയോടെ കടയ്ക്കല്‍ വെച്ച് അതങ്ങ് മുറിച്ചു മാറ്റുകയാണ് ചെയ്യുക. ഈ പ്രക്രിയയില്‍ മരണം വരെ നടന്നേക്കാം. ഇത്രയും ഭീകരമായ ത്യാഗത്തിന് തയാറാവുന്നതില്‍ നിന്നു തന്നെ ഇവരനുഭവിക്കുന്ന വ്യഥകള്‍ ഏത്രത്തോളം തീവ്രമാണെന്നത് വ്യക്തമാണ്.
ഇറാനില്‍ ട്രാന്‍സ് ജെന്‍ഡറുകളുടേതായ ഒരു സമൂഹം രൂപപ്പെട്ടിരുന്നെങ്കിലും ഷായുടെ കാലത്ത് ഇവരുടെ ആഗ്രഹങ്ങളെ നിയമവിരുദ്ധമായാണ് പരിഗണിച്ചിരുന്നത്. വിപ്ലവാനന്തരം മര്‍യം ഖാതൂന്‍ മൊല്‍കാര എന്ന ട്രാന്‍സ് ജെന്‍ഡര്‍, ആയത്തുല്ലാ ഖുമൈനിയുമായി നടത്തിയ സംവാദങ്ങള്‍ വിഖ്യാതമാണ്. ആണായി ജനിക്കുകയും തന്റെ ആണസ്തിത്വത്തിനകത്ത് ജീവിക്കാന്‍ തനിക്ക് പറ്റില്ലെന്ന് തിരിച്ചറിയുകയും ചെയ്തയാളാണ് മര്‍യം ഖാതൂന്‍ മൊല്‍കാര. ഇതേത്തുടര്‍ന്ന് ഖുമൈനി നല്‍കിയ ഫത്‌വയനുസരിച്ച് ഇങ്ങനെയുള്ളവര്‍ക്ക് Surgical Reassignment നടത്താനും തുടര്‍ന്ന് സ്ത്രീയായി ജീവിക്കാനും വിവാഹം കഴിക്കാനും തന്റെ രേഖകളിലെല്ലാം ജെന്‍ഡര്‍ തിരുത്താനുമുള്ള അവകാശം ഇറാനില്‍ ലഭിച്ചു. ഭാരിച്ച ചെലവു വരുന്ന ഈ ശസ്ത്രക്രിയയില്‍ സര്‍ക്കാര്‍ സഹായം കൂടി അനുവദിക്കാറുണ്ട്. അതേസമയം സ്വവര്‍ഗരതിയെ അസാന്മാര്‍ഗിക സഞ്ചാരവും കടുത്ത ക്രിമിനല്‍ കുറ്റവുമായിത്തന്നെയാണ് ഇറാന്‍ പരിഗണിക്കുന്നത്.
എന്തായാലും ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നേടത്ത് മുകളില്‍ സൂചിപ്പിച്ചതു പോലെ കാര്യങ്ങള്‍ കൃത്യമായി വര്‍ഗീകരിച്ച് വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിലെന്നല്ല ഏതിലും ഇപ്രകാരമുള്ള വിശകലനം ആവശ്യമാണ്. എങ്കില്‍ മാത്രമേ ധാര്‍മികവും മാനുഷികവുമായ പരിഹാരങ്ങള്‍ ഉണ്ടാവുകയുള്ളൂ.
ഉഭയം
അതേസമയം ലൈംഗികമായി ഒരു മൂന്നാം വര്‍ഗത്തില്‍പ്പെട്ടവര്‍ എന്ന് നിസ്സംശയം പറയാവുന്ന മറ്റു ചില വിഭാഗങ്ങളുണ്ട്. അപരലിംഗികള്‍ അഥവാ ട്രാന്‍സ് സെക്ഷ്വലുകള്‍ എന്നതിനേക്കാള്‍ ഉഭയലിംഗികള്‍ എന്ന വിശേഷണമായിരിക്കും ഇവര്‍ക്ക് ചേരുക. അതായത് ഒരേ ശരീരത്തില്‍ത്തന്നെ ആണിനെയും പെണ്ണിനെയും കൊണ്ടു നടക്കുന്നവര്‍. ഇവരെയാണ് Intersex Persons, Hermaphrodites എന്നൊക്കെ വിളിക്കുക. തികച്ചും ജനിതകമാണ് ഇവരുടെ അവസ്ഥ. ഇങ്ങനെയുള്ള ആളുകള്‍ അത്യപൂര്‍വമാണെങ്കിലും നമ്മുടേതായ ഒരുവക ലളിതപരിഹാരവും ഇവരുടെ കാര്യത്തില്‍ സാധ്യമല്ല. ചിലപ്പോള്‍ ഇവരെ ശസ്ത്രക്രിയയിലൂടെ സാധാരണ അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത് അവരോടു കാണിക്കുന്ന വലിയ അന്യായമാണ്. ഇക്കാര്യം അവരുടെ സംഘടന (International Intersex Forum) ശക്തമായി വാദിക്കുന്നുമുണ്ട്. അവരുടെ മനസ്സെന്തെന്നറിഞ്ഞ ശേഷമല്ല മറ്റുള്ളവര്‍ അവരില്‍ തെരഞ്ഞെടുപ്പു നടത്താറുള്ളത്. ചിലപ്പോള്‍ അവരെ പൂര്‍ണപുരുഷനാക്കാനായിരിക്കും മറ്റുള്ളവര്‍ ശ്രമിക്കുക. എന്നാല്‍ അവരില്‍ പ്രവര്‍ത്തിക്കുന്നത് സ്‌ത്രൈണ അഭിനിവേശങ്ങളായിരിക്കാം. നേരെ തിരിച്ചും വരാം. സ്വാഭാവികമായും ഈ ശസ്ത്രക്രിയ അവരില്‍ താങ്ങാനാവാത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. ചിലര്‍ ചിലപ്പോള്‍ പുരുഷ അഭിനിവേശങ്ങളില്‍ നില കൊള്ളുകയും എന്നാല്‍ വളരെപ്പെട്ടെന്നു തന്നെ അത് സ്‌ത്രൈണാഭിനിവേശങ്ങളായി മാറുകയും ചെയ്യാം. ഇനിയും ചിലപ്പോള്‍ ഒരാള്‍ക്ക് സ്‌ത്രൈണവികാരങ്ങളുണ്ടാവുകയും അവരുടെ ശരീരം പക്ഷേ അതിന് വഴങ്ങാതിരിക്കുകയും ചെയ്യാം.
ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ലൂസിയ പ്യുയെന്‍സോ എന്ന ആര്‍ജന്റിനന്‍ ചലച്ചിത്രകാരി, XXY എന്ന അവരുടെ സിനിമയില്‍. ഇന്റര്‍സെക്‌സ് ജനിതകഘടനയെ സൂചിപ്പിക്കുന്നതാണ് ഈ പേര്. ലിംഗ ക്രോമസോമുകളില്‍ X ക്രോമസോമിന്റെ കൂടെ X തന്നെയാണ് ചേരുന്നതെങ്കില്‍ കുട്ടി പെണ്ണും Y ആണ് ചേരുന്നതെങ്കില്‍ ആണും ആയിത്തീരുകയെന്നതാണ് സാധാരണഗതിയില്‍ സംഭവിക്കുക.
ഒരു കുഞ്ഞില്‍ ഡിഫാള്‍ട്ടായി പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പെണ്ണാണ്. XY ക്രോമസോമുകളുടെ സംയോഗമാണ് സംഭവിക്കുന്നതെങ്കില്‍ Y ക്രോമസോമിലെ SRY എന്ന ജീനാണ് പ്രധാനമായും ഭ്രൂണത്തിന്റെ പുരുഷലിംഗപരിവര്‍ത്തനം സാധ്യമാക്കുന്നത്. സ്‌ത്രൈണാവയവങ്ങളുടെയും ഹോര്‍മോണുകളുടെയും വളര്‍ച്ച തടഞ്ഞു കൊണ്ട് ഭ്രൂണത്തിനു മേല്‍ സ്വാധീനമുറപ്പിക്കുന്ന SRY പോലുള്ള ജീനുകള്‍ പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ ഉല്‍പാദനവും വൃഷണങ്ങള്‍ (Testicles), പുരുഷലിംഗം തുടങ്ങിയവയുടെ രൂപപ്പെടലും ഉറപ്പു വരുത്തുന്നു. അതേസമയം ചിലരുടെ ജനിതകസംയോഗത്തില്‍ XY യോടൊപ്പം ഒരു X കൂടുതലുണ്ടാവും. അവരില്‍ പുരുഷലൈംഗികാവയവങ്ങളുണ്ടായിരിക്കുമെങ്കിലും അധികമുള്ള Xന്റെ സ്വാധീനത്താല്‍ ചിലപ്പോള്‍ ഈ അവയവങ്ങള്‍ ദുര്‍ബ്ബലമായിരിക്കും. കുട്ടി വളരുന്നതനുസരിച്ച് സ്‌ത്രൈണസവിശേഷതകളും വികസിച്ചു വരും. ചിലരില്‍ ടെസ്റ്റിക്കിളിനൊപ്പം ദുര്‍ബ്ബലമോ ബലവത്തോ ആയ ഓവറിയുമുണ്ടാകും. ഇനിയും ചിലരിലാകട്ടെ, രണ്ട് ലൈംഗികാവയവങ്ങള്‍ തന്നെ ഉണ്ടാകും. ഇതിന് XXY സിന്‍ഡ്രം എന്നും ക്ലൈന്‍ഫെല്‍ഡ് സിന്‍ഡ്രം എന്നും പറയാറുണ്ട്.
ഇതില്‍ നിന്നാണ് XXY സിനിമ അതിന്റെ പേര് സ്വീകരിച്ചിരിക്കുന്നത് (ഇന്റര്‍സെക്‌സിന്റെ രൂപീകരണത്തിന്റെ വഴി XXY മാത്രമല്ല). ഹെര്‍മഫ്രൊഡൈറ്റുകള്‍ സാധാരണഗതിയില്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളുടെ നേര്‍ക്കാഴ്ചയായി പ്യുയെന്‍സോവിന്റെ ചിത്രം മാറുന്നു. അലക്‌സ് എന്ന പതിനാലുകാരി(രന്‍) ആണ് അതിലെ പ്രധാന കഥാപാത്രം. അലക്‌സിനെ തുടക്കത്തില്‍ നമ്മളറിയുന്നത് ഒരു പെണ്ണായിട്ടാണ്. താമസിയാതെ നാം യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നു. അവള്‍ക്ക്(ന്) രണ്ട് ലൈംഗികാവയവങ്ങളുമുണ്ട്. മറൈന്‍ ബയോളജിസ്റ്റായ അലക്‌സിന്റെ അച്ഛന്‍ അവളോ(നോ)ടും അമ്മയോടുമൊപ്പം ആര്‍ജന്റിനയിലെ നഗരത്തില്‍ നിന്നു മാറി ഉറുഗ്വേയിലെ ഒരു നാട്ടുമ്പുറത്ത് താമസിക്കുകയാണ്. കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ വേണമെങ്കില്‍ ശസ്ത്രക്രിയയിലൂടെ ഏതെങ്കിലുമൊന്ന് ആക്കാന്‍ പറ്റുമായിരുന്നിട്ടും അലക്‌സ് ആരാണെന്നും എന്താണെന്നുമുള്ള തീരുമാനം അവളുടെ(ന്റെ) തന്നെ ഇഷ്ടത്തിന് വിട്ടു കൊടുക്കുകയാണ് വേണ്ടത് എന്ന തീരുമാനത്തില്‍ പ്രായപൂര്‍ത്തിയാവാന്‍ കാത്തുനില്‍ക്കുകയാണ് മാതാപിതാക്കള്‍. താന്‍ സ്ത്രീയാകണോ പുരുഷനാകണോ അതോ നിലവിലുള്ള അവസ്ഥയില്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പറ്റാത്തതിന്റെ വ്യഥകളിലൂടെയും ബദ്ധപ്പാടുകളിലൂടെയും മുന്നോട്ടു പോവുകയാണ് പ്യുയെന്‍സോവിന്റെ സിനിമ.
അലക്‌സിന് ലൈംഗികാടുപ്പം തോന്നുന്നത് പുരുഷനോടാണ്. അതേസമയം രതിയിലേര്‍പ്പെട്ടു തുടങ്ങിയാല്‍പ്പിന്നെ അവള്‍(ന്‍) സ്വയം പുരുഷനായിത്തീരുന്നു. അതോടെ അലക്‌സിന്റെ പെരുമാറ്റങ്ങളില്‍ ആകെയൊരു പരിവര്‍ത്തനം വരികയായി. ഇതുമൂലമുള്ള പകപ്പിനിടിലാണ് അലക്‌സിന്റെ കൂട്ടുകാരനായ അല്‍വാരോയ്ക്ക് സ്വയം തന്നെ താനൊരു ഗേ ആണോ എന്ന സംശയമുണ്ടാകുന്നത്. എന്തായാലും ഇതിനിടയിലെല്ലാം തന്നെ തന്റെ വ്യക്തിത്വത്തെക്കുറിച്ച ആശയക്കുഴപ്പങ്ങളും ഉല്‍ക്കണ്ഠകളും അലക്‌സില്‍ നിറഞ്ഞു നിന്നു. ഒരു സെക്‌സ് റീഅസൈന്‍മെന്റ് സര്‍ജറിയുടെ സാധ്യതകളെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോഴും അലക്‌സിന് ഒന്നും പറയാനുണ്ടായിരുന്നില്ല. താന്‍ ആരാണെന്ന് നിര്‍ണയിക്കാന്‍ കഴിയാത്തതാണല്ലോ അവളുടെ(ന്റെ) യഥാര്‍ഥ പ്രശ്‌നം. സര്‍ജറിയുടടെയും മരുന്നുകളുടെയും മുഴുവന്‍ സാധ്യതകളെയും നിരാകരിച്ച അലക്‌സ് ഇങ്ങനെ ആത്മഗതം ചെയ്തു What if there is nothing to choose? ഈ പ്രതിസന്ധിയുടെ ആഴത്തെയാണ് XXY അനുഭവിപ്പിക്കുന്നത്.
ലൈംഗികാവയവം ആണിന്റേതോ പെണ്ണിന്റേതോ എന്ന് വേര്‍തിരിക്കാന്‍ കഴിയാത്ത ചില കേസുകളുണ്ട്. ഇവരെ ക്രോമസോം അനാലിസിസ് നടത്തി ആണോ പണ്ണോ എന്ന് നിര്‍ണയിക്കാന്‍ പറ്റും. അതേസമയം അവരനുഭവിക്കുന്ന പ്രതിസന്ധികളുടെ ആധാരം അവരുടെ ശാരീരിക വ്യക്തിത്വം എന്ത് എന്നതുമായി ബന്ധപ്പെട്ടതല്ല. മറിച്ച് അവരുടെ മാനസിക വ്യക്തിത്വമാണ് അവരെ നിര്‍ണയിക്കുന്നത്. യഥാക്രമം സ്ത്രീ, പുരുഷ ഹോര്‍മോണുകളായ ഈസ്ട്രജനും ആന്‍ഡ്രജനും തലച്ചോറില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് അവരെ മാനസികമായി സ്വാധീനിക്കുന്ന മുഖ്യഘടകം. ഇത്ര സങ്കീര്‍ണമല്ലാത്ത ചില പ്രവണതകളുമുണ്ട്. ചിലര്‍ പെണ്‍കുഞ്ഞായി ജനിക്കുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്നുവെങ്കിലും സൂക്ഷ്മഘടനയില്‍ ആണ്‍ജന്മമായിരിക്കും. അവര്‍ക്ക് പുരുഷഗ്രന്ഥി ഉണ്ടായിരിക്കും. എന്നാല്‍ അതിന് പ്രവര്‍ത്തനക്ഷമതയുണ്ടാവില്ല. അല്ലെങ്കില്‍ അതില്‍ നിന്നുല്‍പാദിപ്പിക്കപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ്‍, ആന്‍ഡ്രജന്‍ തുടങ്ങിയ പുരുഷ ഹോര്‍മോണുകള്‍ ശരിയായി പ്രവര്‍ത്തിക്കില്ല. അങ്ങനെ ആ ആള്‍ സ്ത്രീയായിത്തന്നെ പ്രത്യക്ഷയാകും. അതാണല്ലോ ഡിഫാള്‍ട്ട് ലിംഗം. ബാഹ്യമായി സ്‌ത്രൈണതയുടെ നിറവില്‍ത്തന്നെ അവള്‍(ന്‍) വളരും. ഈ അവസ്ഥയെ ടെസ്റ്റിക്കുലാര്‍ ഫെമിനൈസേഷന്‍ സിന്‍ഡ്രം എന്നു വിളിക്കാറുണ്ട്. ആര്‍ത്തവമില്ലാത്തതിന്റെ പേരിലോ മറ്റോ വൈദ്യസഹായം തേടുമ്പോഴായിരിക്കും സത്യത്തില്‍ താനൊരാണാണെന്ന് അവള്‍(ന്‍) അറിയുക. ഇത്രയും കാലം പെണ്ണായി ജീവിച്ച അവള്‍ക്ക് ഇനിയും അതേ സ്ഥിതിയില്‍ തുടരുന്നതാണ് നല്ലതെങ്കിലും ഇതിന്റെ പരിമിതികളെക്കുറിച്ച ബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇതിന്റെ ശരിയായ പരിഹാരം. പ്രവര്‍ത്തനക്ഷമമല്ലാത്ത പുരുഷഗ്രന്ഥി നീക്കം ചെയ്യേണ്ടതായും വരും.
ഉത്തരം
ശരിയായ ഹെര്‍മഫ്രൊഡൈറ്റുകളിലേക്കു വരാം. ഇവരെ ശരിയായി മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതില്‍ സമൂഹത്തിനുണ്ടാകുന്ന പരാജയമാണ് ഇവരെ പുറമ്പോക്കുകളിലേക്കും വേശ്യാവൃത്തികളിലേക്കും തള്ളിവിടുന്നത്. മാന്യമായ സ്ഥാനം, അധിവാസം, വിദ്യാഭ്യാസം, ലൈംഗികത തുടങ്ങിയവ ഇവരുടെയും കൂടി അവകാശങ്ങളാണെന്നംഗീകരിക്കാന്‍ സമൂഹം തയ്യാറാവണം. നപുംസകം, ആണും പെണ്ണും കെട്ടവന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ തെറികളായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ മാനസികാവസ്ഥ ഇവരെ ഉള്‍ക്കൊള്ളാന്‍ സന്നദ്ധമല്ല. ശമനോപാധികളില്ലാത്ത അഭിനിവേശങ്ങളും അകറ്റപ്പെടുന്നതിന്റെ വേദനയും സ്വന്തം അസ്തിത്വത്തോടു തന്നെയുണ്ടായേക്കാവുന്ന വെറുപ്പുമൊക്കെച്ചേര്‍ന്നാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഹിജഡകളെ മറ്റുള്ളവരോട് ഗോഷ്ഠി കാണിച്ചും പിടിച്ചു പറിച്ചും ജീവിക്കുന്നവരാക്കി മാറ്റിയത്.
ഇവരുടെ വൈകാരിക സന്ത്രാസങ്ങളെ ഉള്‍ക്കൊള്ളുന്ന തലത്തിലേക്ക് ഇസ്‌ലാമിക കര്‍മശാസ്ത്രവും വല്ലാതെയൊന്നും വികാസം പ്രാപിച്ചിട്ടില്ലെന്നു തോന്നുന്നു. ആര്‍ത്തവം, താടിമീശകള്‍, മൂത്രം പുറപ്പെടുന്ന സ്ഥാനം തുടങ്ങിയവ പരിശോധിച്ച് അനന്തരാവകാശപ്രശ്‌നം പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും അവ്യക്തനപുംസകങ്ങളെ സ്ത്രീയോ പുരുഷനോ നോക്കുന്നത് നിഷിദ്ധമാണെന്നതു പോലുള്ള വിധികളുമൊക്കെയാണ് കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയുക. ഇതിലൊന്നും തന്നെ അവരുടെ വൈകാരികമായ അഭീഷ്ടങ്ങളെയോ വികാരങ്ങളെയോ അവരനുഭവിക്കുന്ന സ്വത്വപരമായ സന്ത്രാസങ്ങളെയോ ഒന്നും പരിഗണിക്കുന്നില്ല.
വിശുദ്ധ ഖുര്‍ആന്‍ സൂറഃ അശ്ശൂറാ നാല്‍പത്തൊമ്പതാമത്തെ സൂക്തത്തില്‍ ആധിപത്യത്തിനുടയവനായ അല്ലാഹു അവന്റെ ഇച്ഛ പ്രകാരം ആണ്‍മക്കളെയും പെണ്‍മക്കളെയും നല്‍കുന്നതായി പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ അതിനു ശേഷം അമ്പതാമായത്തിലുള്ള പരാമര്‍ശം ഇങ്ങനെയാണ്. ഔ യുസവ്വിജുഹും ദുക്‌റാനന്‍ വ ഇനാഥാ. ചിലര്‍ക്ക് ആണ്‍മക്കള്‍, ചിലര്‍ക്ക് പെണ്‍മക്കള്‍ എന്ന് പ്രസ്താവിച്ചതിനു ശേഷം ഇനിയും ചിലര്‍ക്ക് ആണ്‍മക്കളും പെണ്‍മക്കളും എന്നാണ് സാധാരണഗതിയില്‍ ഇതിന് അര്‍ഥം പറയാറുള്ളതെങ്കിലും യുസവ്വിജുഹും ദുകറാനന്‍ വ ഇനാഥാ എന്നാല്‍ ആണിനെയും പെണ്ണിനെയും ചേര്‍ത്തു നല്‍കും എന്നാണ് പദാര്‍ത്ഥം വരികയെന്നതില്‍ നിന്ന് ഇത് മൂന്നാം ലിംഗവര്‍ഗത്തെ സൂചിപ്പിക്കുന്നതാണ് എന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ വ്യാഖ്യാനം ശരിയാണെങ്കില്‍ അവരുടെ അസ്തിത്വത്തെ ഖുര്‍ആന്‍ സ്ഥാപിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. അങ്ങനെയെങ്കില്‍ അവരെ അംഗീകരിക്കാനും അധിവസിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. അവരെയും അവരുടെ വികാരങ്ങളെയും ഉള്‍ക്കൊണ്ടു കൊണ്ടുള്ള തത്വങ്ങളും കര്‍മശാസ്ത്രവുമൊക്കെ വികസിപ്പിക്കേണ്ടതും അനിവാര്യമാകുന്നു. അതാകട്ടെ, അനന്തരാവകാശ മസ്അലകള്‍ നിര്‍മിക്കാനും നോട്ടത്തിന്റെ സംസ്‌കാരം ശരിയാക്കാനും മാത്രമാവുകയുമരുത്.
വലിയൊരു സമൂഹത്തെ ശരിയായി അഭിമുഖീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് ഇക്കാര്യത്തില്‍ നാമേറ്റെടുക്കേണ്ട പ്രഥമ ദൗത്യം. ഒപ്പം, ഇതുമായി ബന്ധപ്പെട്ട അനാശാസ്യമായ വാദങ്ങളെയും മുദ്രാവാക്യങ്ങളെയും പടിക്കു പുറത്തുനിര്‍ത്താനും സാധിക്കേണ്ടതുണ്ട്. ഏതു കാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും കുറ്റവാസന, രോഗം, നൈസര്‍ഗികത എന്നിവയെ കൃത്യമായി വേര്‍തിരിച്ചു കൊണ്ട് അതിന്റെ, ആധാരത്തില്‍ കാര്യങ്ങളെ വിശകലനം ചെയ്തു കൊണ്ടു വേണം മുന്നോട്ടു പോകാന്‍.
Comments