ഖത്തറിന്റെ നയതന്ത്ര ചാരുത
അതുല്യമായ നയതന്ത്ര ചാരുത പ്രദര്‍ശിപ്പിക്കുന്ന കൊച്ചു രാജ്യമാണ് ഖത്തര്‍. 'ചെറുത് മനോഹരം' എന്ന വാക്യം അന്വര്‍ഥമാക്കുന്ന സമ്പദ്‌വ്യവസ്ഥയും സംസ്‌കാരവും സഹിഷ്ണുതയും ഈ നാടിന്റെ പ്രത്യേകതയാണ്. 11850 ചതുരശ്ര മീറ്ററാണ് ആകെ വിസ്തൃതി. 2012-ലെ കണക്കനുസരിച്ച് 17 ലക്ഷം ജനങ്ങള്‍ ഖത്തറില്‍ ജീവിക്കുന്നു. മൂന്നു ലക്ഷം മാത്രമാണ് സ്വദേശികളുള്ളത്. 900 ട്രില്യന്‍ ക്യൂബിക്ക് ഫീറ്റ് പ്രകൃതി വാതകവും 13.2 ബില്യന്‍ ബാരല്‍ എണ്ണശേഖരവുമാണ് ഈ ചെറു രാജ്യത്തിന്റെ പ്രതാപ രഹസ്യം. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത മൊത്ത ഉല്‍പാദനം നടക്കുന്ന രാജ്യങ്ങളിലൊന്നായി ഖത്തര്‍ എണ്ണപ്പെടുന്നതും എണ്ണയുടെയും വാതകത്തിന്റെയും ബലത്തില്‍ തന്നെയാണ്. അറബ് വസന്തം തുറന്നുവിട്ട കാറ്റിനെ രാജ്യത്തിന്റെ പുരോഗതിയുടെ നിദാനമാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞ അനുഭവമാണ് ഇവിടെയുള്ളത്. എണ്ണ വിലയിടിവിനെ തുടര്‍ന്നുള്ള ചില പ്രതിസന്ധികള്‍ ഒപക് രാജ്യങ്ങളനുഭവിക്കുമ്പോഴും സധൈര്യം തന്നെയാണ് ഖത്തര്‍ മുന്നോട്ടുപോകുന്നത്. വരാനിരിക്കുന്ന പ്രതിസന്ധികളെ മുന്‍കൂട്ടിക്കണ്ടുള്ള സാമ്പത്തിക അച്ചടക്ക നടപടികള്‍ നേരത്തെ ആസൂത്രണം ചെയ്തിരുന്നത് വികസന പ്രവര്‍ത്തനങ്ങളില്‍ കാണാനാകും. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തെ വരവേല്‍ക്കാനുള്ള ഉത്സവാന്തരീക്ഷവും കാണാനാകും.
രാജ്യം ചെറുതാണെങ്കിലും അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഖത്തര്‍ നടത്തുന്ന ചുവടുവെപ്പുകള്‍ ശ്രദ്ധേയവും അസൂയ ജനിപ്പിക്കുന്നതുമാണ്. 'ആനകള്‍ മദിക്കുമ്പോള്‍ പുല്ലുകള്‍ ചവിട്ടിമെതിക്കപ്പെടുക മാത്രമാണ് പതിവ്' എന്നാണ് പഴഞ്ചൊല്ല്. കൊലകൊമ്പന്മാര്‍ അരങ്ങുവാഴുന്ന അന്താരാഷ്ട്ര വേദികളില്‍ ചെറു രാജ്യങ്ങള്‍ക്ക് പലപ്പോഴും നോക്കിനില്‍ക്കാനേ തരമുള്ളൂ. ഉച്ചകോടികളില്‍ ഏമാന്മാര്‍ മൊഴിയുന്നത് വാരിവിഴുങ്ങുകയും ചെയ്യുന്നു ചെറുരാജ്യ തമ്പുരാക്കന്മാര്‍. അതിനു അപവാദമായി തലയുയര്‍ത്തിനില്‍ക്കുന്ന പാരമ്പര്യമാണ് ഖത്തറിനുള്ളത്. നയതന്ത്ര ഭംഗിയുടെ ഈ ഖത്തര്‍ മാതൃക സമാന രാജ്യങ്ങള്‍ക്കെല്ലാം പ്രചോദനമേകിയിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്റ് രഹസ്യ ബാങ്കിംഗിന്റെയും, പാരീസ് സംസ്‌കാരത്തിന്റെയും ന്യൂയോര്‍ക് ഷോപ്പിംഗിന്റെയും, ബാമാസ് ടൂറിസത്തിന്റെയും ബ്രാന്റ് ആയതുപോലെ ദോഹ നയതന്ത്രത്തിന്റെ മികച്ച ബ്രാന്റായി മാറിയിരിക്കുകയാണ്. അറബ് കൂട്ടാളികള്‍ക്കിടയില്‍ തലയെടുപ്പോടെ നിലകൊള്ളാനും അവര്‍ക്കിടയിലെ പ്രശ്‌നങ്ങളില്‍ മധ്യസ്ഥം വഹിക്കാനും പലതവണ ദോഹ ശ്രമിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ ദേശത്തെ മധ്യസ്ഥന്‍' എന്ന സ്ഥാനമാണ് ഖത്തര്‍ ഭരണാധികാരി നേടിയിട്ടുള്ളത്. തര്‍ക്കങ്ങളിലേര്‍പ്പെടുന്ന ഭരണത്തലവന്മാരെ ക്ഷണിച്ചുവരുത്തി സ്വന്തം ചെലവില്‍ സല്‍ക്കരിച്ചു പ്രശ്‌നങ്ങള്‍ പരിഹരിച്ചു മടക്കി അയക്കുകയാണ് പതിവുശൈലി. പാശ്ചാത്യ രാജ്യങ്ങളെ പിണക്കാതെ കൂടെ നിറുത്തുന്ന അസാമാന്യ മെയ്‌വഴക്കവും അന്താരാഷ്ട്ര ബന്ധങ്ങളില്‍ ദൃശ്യമാണ്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയോട് ചങ്ങാത്തം പുലര്‍ത്തുമ്പോഴും ഫലസ്ത്വീനെയും മറ്റും സഹായിക്കുന്ന (പാശ്ചാത്യ വിദഗ്ധര്‍ 'വൈരുധ്യം' എന്നു വിശേഷിപ്പിക്കുന്ന) നടപടികളുമായും മുന്നോട്ടുപോവുക തന്നെയാണ്. കഴിഞ്ഞ വാരത്തില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന് വീരോചിത വരവേല്‍പ്പാണ് ദോഹയില്‍ നല്‍കിയത്.
ഖത്തര്‍ എന്ന ചെറു രാജ്യം സ്വയമേവ കൈവരിച്ചതല്ല ഈ നേട്ടങ്ങളത്രയും. ഭരണതലങ്ങളിലെ അസാമാന്യമായ ആസൂത്രണവും കഠിനപ്രയത്‌നവും ഈ നയതന്ത്ര നൈപുണിയുടെ അകക്കാമ്പായി ആര്‍ക്കും കാണാനാകും. തീര്‍ച്ചയായും അല്‍ജസീറയുടെ കടന്നുവരവ് അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ ഖത്തറിന്റെ ശബ്ദം തിളക്കവും മുഴക്കവുമുള്ളതാകുന്നതിനു ഏറെ സഹായകമായിട്ടുണ്ട്. ബി.ബി.സി, സി.എന്‍.എന്‍ എന്നിവയോടൊപ്പം പൗരസമൂഹത്തിന്റെ ഹൃദയം കവരാന്‍ അല്‍ജസീറക്കായിട്ടുണ്ട്. വാര്‍ത്തകള്‍ നിര്‍മിക്കപ്പെടുന്നതിലും വിനിമയം ചെയ്യപ്പെടുന്നതിലും പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് പരിചയമുള്ള 'ജൂതരുചി'കളില്‍ നിന്ന് തികച്ചും ഭിന്നമാണ് അല്‍ജസീറ. പാശ്ചാത്യര്‍ ചവറ്റുകൊട്ടയില്‍ തള്ളുന്ന വാര്‍ത്തകള്‍ കണ്ടെത്തി സംപ്രേഷണം ചെയ്യുന്ന സാഹസം അറബ് - ഇസ്‌ലാമിസ്റ്റ് മര്‍ദിത പക്ഷങ്ങള്‍ക്ക് ഏറെ ആവേശം പകര്‍ന്നുനല്‍കുന്നുണ്ട്. അല്‍ജസീറയുടെ സ്വാധീനത്തോടൊപ്പം നയതന്ത്രം, സംസ്‌കാരം, കച്ചവടം, കായികം എന്നിവയെ സന്തുലിതമായി സമന്വയിപ്പിക്കാനും ഖത്തറിനു കഴിഞ്ഞു. അന്താരാഷ്ട്ര കായികവേദികളില്‍ അടുത്തകാലത്തായി നടത്തിയ 'നുഴഞ്ഞുകയറ്റങ്ങള്‍' അറബ് ലോകത്തിന് തികച്ചും പുതുമയുള്ളതാണ്. അതിലുള്ള അമ്പരപ്പും അസൂയയുമാണ് പാശ്ചാത്യ രാജ്യങ്ങളില്‍ ചിലര്‍ ഇപ്പോഴും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളെ ദോഹയിലേക്ക് ക്ഷണിച്ചുവരുത്തി, പുതിയ സാഹചര്യത്തില്‍ രാജ്യം കൈവരിച്ച ആധുനികവത്കരണവും പുരോഗതിയും ലോകത്തിനു കാഴ്ച്ചവെക്കാനാണ് ഭരണാധികാരി ശ്രദ്ധിക്കുന്നത്. മുസ്‌ലിം പാരമ്പര്യത്തിന്റെയും അറബ് സംസ്‌കാരത്തിന്റെയും കൊള്ളക്കൊടുക്കലുകള്‍ കൂടി ഇതുവഴി സാധ്യമാകുന്നുണ്ട്.
രാഷ്ട്രീയ-സാമ്പത്തിക താല്‍പര്യങ്ങള്‍ കായിക- സാംസ്‌കാരിക മേഖലകളിലൂടെ പ്രകടിപ്പിക്കാനുള്ള ആദ്യ അവസരം ഖത്തറിനു കൈവന്നത് 2002-ല്‍ ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ തലപ്പത്തു ഖത്തര്‍ പ്രതിനിധി മുഹമ്മദ് ബിന്‍ ഹമാം തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്. അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷനില്‍ അതുവഴി ശ്രദ്ധേയ സ്ഥാനം കരസ്ഥമാക്കാന്‍ ഖത്തറിനു കഴിഞ്ഞു. 2006- ല്‍ ഏഷ്യന്‍ ഗെയിംസിന് ദോഹ ആതിഥ്യമരുളിയതോടെ കായിക ഭൂപടത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയെടുക്കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് അടക്കമുള്ള നിരവധി മത്സരങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെ ആതിഥ്യമരുളി. 2017-ലെ ലോക അത്‌ലറ്റിക്‌സും 2022-ലെ ലോക ഫുട്‌ബോളുമാണ് ഇനി മുന്നിലുള്ളത്. തൊഴില്‍ മേഖലയടക്കമുള്ള വിവിധ രംഗങ്ങളില്‍ വിമര്‍ശകരുടെയും അസൂയക്കാരുടെയും നാവടക്കുന്നതിനുള്ള ഭരണ പരിഷ്‌കാരങ്ങള്‍ വികസന പദ്ധതികളോടൊപ്പം നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് ഭരണാധികാരികള്‍.
സാംസ്‌കാരിക നയതന്ത്രത്തിലും ഖത്തര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. അയല്‍പ്രദേശങ്ങളില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ യുദ്ധവും രക്തച്ചൊരിച്ചിലും അരങ്ങുതകര്‍ക്കുമ്പോഴും സമാധാനത്തിന്റെയും സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രഖ്യാപനങ്ങളാണ് പ്രധാന സാംസ്‌കാരിക കേന്ദ്രമായ 'ഫനാറി'ലും അനുദിനം മുഴങ്ങിക്കേള്‍ക്കുന്നത്. ജനങ്ങളെ സമാധാനപ്രിയരും സുഹൃത്തുക്കളുമാക്കി മാറ്റുന്നതിനുള്ള വിവിധ പരിപാടികള്‍ സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി സംഘടിപ്പിച്ചുവരുന്നു. സാംസ്‌കാരിക മന്ത്രാലയം ലോക സാഹിത്യങ്ങള്‍ അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിലും പുസ്തകോല്‍സവങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നു. ഈ മേഖലയില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ നടത്തുന്ന പരിശ്രമങ്ങളും ശ്ലാഘനീയമാണ്. ഖത്തര്‍ എംബസി മുന്‍കൈയെടുത്ത് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ അറബ് ഭാഷയും സംസ്‌കാരവും പഠിപ്പിക്കുന്നതിനുള്ള നിരവധി കേന്ദ്രങ്ങളുയര്‍ന്നു കഴിഞ്ഞു. ഇസ്‌ലാംഭീതിയുടെ ഭീഷണി നിലനില്‍ക്കുമ്പോഴും അമേരിക്കയിലെ പുതുതലമുറ ഇത്തരം സാംസ്‌കാരിക കേന്ദ്രങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആഗോള സാംസ്‌കാരിക തലസ്ഥാനമായ പാരീസില്‍ സിനിമ, സംഗീതം, ചിത്രകല, സാഹിത്യം എന്നിവയെ പരിപോഷിപ്പിക്കുന്ന അറബ് കേന്ദ്രവും ഖത്തര്‍ ചാരിറ്റിയുടെ പിന്തുണയോടെ പ്രവര്‍ത്തിച്ചുവരുന്നു.
കൂട്ടത്തില്‍ എടുത്തു പറയേണ്ട കാര്യമാണ് ഇസ്‌ലാമിക സംരംഭങ്ങള്‍ക്ക് ഖത്തര്‍ നല്‍കിവരുന്ന പിന്തുണ. സ്വദേശികളും വിദേശികളുമടങ്ങുന്ന ഖത്തറിലെ മുസ്‌ലിം സമൂഹത്തിനു സന്തുലിതമായ ഇസ്‌ലാമിക അവബോധം പകര്‍ന്നുനല്‍കുന്നതില്‍ മതകാര്യവകുപ്പ് പ്രത്യേകം ശ്രദ്ധിച്ചു പോരുന്നു. തൊഴില്‍ തേടിയെത്തുന്ന അനറബ് ജനവിഭാഗങ്ങള്‍ക്ക് അറബി ഭാഷയും ഇസ്‌ലാമിക സംസ്‌കാരവും മനസ്സിലാക്കാനുള്ള അനായാസ അവസരങ്ങള്‍ ഫനാര്‍ പോലുള്ള സാംസ്‌കാരിക കേന്ദ്രങ്ങളിലുണ്ട്. പാശ്ചാത്യ വിഭാഗങ്ങള്‍ പൊതുവെ തീവ്രവാദമുദ്ര ചാര്‍ത്താറുള്ള സംഘടനകളുമായും നേതാക്കന്മാരുമായും ഖത്തര്‍ പുലര്‍ത്തുന്ന മമത പരക്കെ ശ്രദ്ധിക്കപ്പെടുകയും വിമര്‍ശന വിധേയമാവുകയും ചെയ്യാറുണ്ട്. പക്ഷേ അത്തരം നയങ്ങളില്‍ വ്യക്തവും സുതാര്യവുമായ നയനിലപാടുകള്‍ യഥാസമയം കൈക്കൊള്ളുന്നതിലും പാശ്ചാത്യ സമൂഹത്തോട് അത് തുറന്നു പറയുന്നതിലും ഭരണാധികാരികള്‍ മടി കാണിക്കാറില്ല. അമേരിക്ക-യൂറോപ്പ് സന്ദര്‍ശന വേളകളില്‍ മാധ്യമങ്ങള്‍ക്ക് അമീര്‍ ശൈഖ് തമീം നല്‍കിയ അഭിമുഖങ്ങള്‍ ശ്രദ്ധേയമായിരുന്നു. അമേരിക്കയെയും മറ്റു ചില രാജ്യങ്ങളെയും പോലെ ഇസ്‌ലാമിക പശ്ചാത്തലമുള്ള എല്ലാ വ്യക്തികളും സംഘടനകളും ഭീകരവാദികളാണെന്ന് വിശ്വസിക്കാന്‍ ഖത്തറിനു കഴിയില്ലെന്നും അത്തരം ചരിത്രപരമായ അബദ്ധങ്ങള്‍ തിരുത്താനാണ് ഖത്തര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖത്തറില്‍ അഭയം തേടുന്ന വ്യക്തികള്‍ രാജ്യത്തിന്റെ സമാധാനവും സഹവര്‍ത്തിത്വവും ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. അവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനങ്ങള്‍ ഖത്തറിലുണ്ട്. ഫലസ്ത്വീനിലെ ചെറുത്തുനില്‍പ്പ് അക്രമങ്ങള്‍ക്കെതിരെയാണെന്നും അദ്ദേഹം തുറന്നുപറയുന്നുണ്ട്.
Comments