Prabodhanm Weekly

Pages

Search

2016 ജനുവരി 15

ചിതയില്‍ നിന്ന് ഖബ്‌റിലേക്ക്

സുബൈര്‍ ഓമശ്ശേരി /ലൈക്‌പേജ്

         2015 ആഗസ്റ്റ് മാസത്തിലാണ് മധ്യപ്രദേശിലെ പര്‍വീന്‍ ഖാതൂന്‍ എന്ന സ്ത്രീയെ അവരുടെ ഭര്‍ത്താവ് ദല്‍ഹിയിലെ ശാന്തി ആവേദ സദന്‍ എന്ന സ്ഥാപനത്തില്‍ കൊണ്ടുവന്ന് ഏല്‍പിക്കുന്നത്. കന്യാസ്ത്രീകളുടെ ഒരു കൂട്ടായ്മ നടത്തുന്ന സ്ഥാപനമാണത്. കാന്‍സര്‍ രോഗം പിടിപെട്ട് അവസാനം ഒരു രക്ഷയുമില്ലാതെ ആശുപത്രികള്‍ കൈയൊഴിയുന്ന രോഗികളെ അവര്‍ ഏറ്റെടുക്കുന്നു. നല്ല പരിചരണം നല്‍കി രോഗികള്‍ക്ക് ശാന്തമായ മരണത്തിനുള്ള അന്തരീക്ഷം അവര്‍ ഒരുക്കുന്നു. ബന്ധുക്കളില്ലാത്തവരോ ബന്ധുക്കള്‍ പരിചരിക്കാത്തവരോ ആയ രോഗികളാണ് ഇവിടെ എത്തിപ്പെടുന്ന അധിക പേരും. ഇത്തരം രോഗികള്‍ മരണപ്പെട്ടാല്‍ അവര്‍ ബന്ധുക്കളെ വിവരമറിയിക്കും. ചിലപ്പോഴെല്ലാം ബന്ധുക്കളെത്തി മൃതദേഹം കൊണ്ടു പോകും. ബന്ധുക്കളെത്തിയില്ലെങ്കില്‍ ദഹിപ്പിക്കുകയാണ് പതിവ്.

ഇങ്ങനെയാണ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച പര്‍വീന്‍ ഖാതൂനും ഇവിടെയെത്തുന്നത്. അവര്‍ക്ക് കുട്ടികളില്ല. മറ്റു ബന്ധുക്കളെ പറ്റി യാതൊരു വിവരവുമില്ല. ഭര്‍ത്താവ് കൊണ്ടുവന്ന് ഏല്‍പിക്കുമ്പോള്‍ മൊബൈല്‍ നമ്പര്‍ കൊടുത്തു പറഞ്ഞു: ''മരിച്ചാല്‍ എന്നെ വിവരമറിയിക്കുക. എന്നാല്‍ 12 മണിക്കൂര്‍ മാത്രം എന്നെ നിങ്ങള്‍ കാത്താല്‍ മതി. അതിന് ശേഷം നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം.''

നവംബര്‍ 12 നാണ് ഇവര്‍ മരണപ്പെടുന്നത്. സ്വാഭാവികമായും സ്ഥാപനാധികാരികള്‍ ഭര്‍ത്താവിനെ പലതവണ വിളിച്ചു. എന്നാല്‍ രണ്ട് നമ്പറും സ്വിച്ച്ഓഫ് ആയിരുന്നു. അദ്ദേഹം പറഞ്ഞതനുസരിച്ച് 12 മണിക്കൂര്‍ കഴിഞ്ഞാല്‍ സ്ഥാപനത്തിന്റെ രീതിയനുസരിച്ച് അന്ത്യകൂദാശ നടത്തി അവര്‍ ദഹിപ്പിക്കും. അതിനായി അവര്‍ ഒരുങ്ങുകയും ചെയ്തു. അതിനിടെ സ്ഥാപനാധികാരികള്‍ അവര്‍ക്ക് പരിചയമുള്ള പെയ്ന്‍ ആന്റ് പാലിയേറ്റീവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹംസയെന്ന മലയാളിയെ വിവരം അറിയിച്ചു. അടുത്ത ദിവസം രാവിലെ അവരുടെ രീതിയില്‍ കാര്യങ്ങള്‍ നടത്തുമെന്നും അവര്‍ അദ്ദേഹത്തോട് പറഞ്ഞു.

ഹംസ ദല്‍ഹിയിലെ മലയാളി ഹല്‍ഖയെ വിവരം അറിയിച്ചു. ഞങ്ങള്‍ കൂടിയിരുന്ന് എന്ത് ത്യാഗം സഹിച്ചും ആ സ്ത്രീയുടെ മൃതദേഹം ഏറ്റെടുത്ത് ഇസ്‌ലാമിക രീതിയില്‍ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ച് ഖബ്ര്‍സ്ഥാനില്‍ മറവ് ചെയ്യാന്‍ തീരുമാനമെടുത്തു. ഹംസയോട് മയ്യിത്ത് ഏറ്റെടുക്കാനും, ബാക്കി കാര്യങ്ങളെല്ലാം ഞങ്ങളേറ്റു കൊള്ളാം എന്നും പറഞ്ഞു. അദ്ദേഹം സ്ഥാപനവുമായി ബന്ധപ്പെട്ട് അതിനു വേണ്ടതെല്ലാം ചെയ്തു.

അടുത്ത ദിവസം രാവിലെ ദല്‍ഹി മലയാളി വനിതാ ഹല്‍ഖ പ്രസിഡന്റ് സ്വാലിഹയും മറ്റ് മൂന്ന് സ്ത്രീകളുമടക്കം ഞങ്ങള്‍ അഞ്ചുപേര്‍ പുറപ്പെട്ടു. കഫന്‍ ചെയ്യാനാവശ്യമായ തുണിയും ഞങ്ങള്‍ കരുതിയിരുന്നു. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ഹംസയുടെ നേതൃത്വത്തില്‍ എംസ് ഹോസ്പിറ്റലിലെ മലയാളി നഴ്‌സുമാര്‍ കാത്തിരിക്കുകയായിരുന്നു. മയ്യിത്ത് ഏറ്റുവാങ്ങി എംസിലെ ഒരു വനിതാ നഴ്‌സ് അടക്കം 5 പേര്‍ മയ്യിത്ത് കുളിപ്പിച്ചു. സ്ഥാപനത്തിലെ കന്യാസ്ത്രീകളായ നഴ്‌സുമാര്‍ എല്ലാ സൗകര്യവും ഒരുക്കി തന്നു. അവരുടെ ജീവിതത്തില്‍ ആദ്യമായാണ് അനാഥമായ ഒരു മൃതദേഹം ആരെങ്കിലും വന്ന് ഏറ്റെടുക്കുന്നതെന്ന് സിസ്റ്റര്‍ ആന്‍സി പറഞ്ഞു.

''നിങ്ങള്‍ എല്ലാവരെയും ഇങ്ങനെ കുളിപ്പിക്കുമോ?'' സിസ്റ്റര്‍ ആന്‍സി ചോദിച്ചു. 

''അതെ, പുരുഷന്‍മാരെ പുരുഷന്‍മാരും സ്ത്രീകളെ സ്ത്രീകളും കുളിപ്പിക്കും.''

''ഇതിനു ശേഷം പ്രാര്‍ഥനയുണ്ടോ?''

''ഉണ്ട്. നമസ്‌കാരമുണ്ട്.''

''എവിടെ മറവു ചെയ്യും.''

''ഖബ്ര്‍സ്ഥാനില്‍.''”

''നിങ്ങളുടെ നമസ്‌കാരം ഞങ്ങള്‍ക്ക് കാണാമോ?''”

''കാണാം. ഞങ്ങള്‍ ഇവിടെ വെച്ചാണ് നിസ്‌കരിക്കുക.''”

''ഖബ്ര്‍സ്ഥാനിലേക്ക് ഞങ്ങള്‍ക്ക് വരാന്‍ പറ്റുമോ?''”

''നിങ്ങള്‍ക്ക് വരുന്നതിന് തടസ്സമൊന്നുമില്ല.''”

കുളിപ്പിക്കല്‍ കഴിഞ്ഞ് കഫന്‍ ചെയ്ത ശേഷം സിസ്റ്ററെ വിളിച്ച് പറഞ്ഞു: ''നിങ്ങള്‍ പ്രാര്‍ഥിച്ചോളൂ.'' ഉടനെ എല്ലാ സ്റ്റാഫുകളും നിരന്നു നിന്നു. എല്ലാവര്‍ക്കും ഓരോ പ്രാര്‍ഥനാ പുസ്തകം കൊടുത്തു. ഞങ്ങള്‍ക്കും പ്രാര്‍ഥന പുസ്തകം തന്നു. എല്ലാവര്‍ക്കും പറ്റുന്ന രീതിയിലുള്ള ഹിന്ദിയിലുള്ള പ്രാര്‍ഥനാ ഗാനവും പ്രാര്‍ഥനയുമായിരുന്നു അതില്‍. അവരുടെ പ്രാര്‍ഥനക്ക് ശേഷം ഞങ്ങള്‍ 15 പേര്‍ ജനാസ നമസ്‌കരിച്ചു. ശേഷം മയ്യിത്തുമായി നിസാമുദ്ദീന്‍ ഖബ്ര്‍സ്ഥാനിലേക്ക് പുറപ്പെട്ടു. സിസ്റ്റര്‍ ഒപ്പം മറ്റൊരു നഴ്‌സിനെയും കൂട്ടി ഞങ്ങളെ അനുഗമിച്ചു. എല്ലാം ശ്രദ്ധയോടെ നോക്കിക്കണ്ട അവര്‍, ഞങ്ങള്‍ മൂന്ന് പിടി മണ്ണിട്ടപ്പോള്‍ ഒരു പിടി മണ്ണെടുത്ത് അവരും ഖബറിലേക്കിട്ടു.

സമയോചിതമായ ഇടപെടല്‍ കൊണ്ട് ഒരു മയ്യിത്തിനെ ശരിയായ രീതിയില്‍ പരിചരിക്കാനും മറവ് ചെയ്യാനും കഴിഞ്ഞതിലുള്ള സന്തോഷത്തോടെ ഞങ്ങള്‍ മടങ്ങി. ഈ സംഭവത്തിലൂടെ കന്യാസ്ത്രീകളുമായും സ്ഥാപനവുമായും സൗഹൃദം സ്ഥാപിക്കാനായതിന്റെ ചാരിതാര്‍ഥ്യവും ഞങ്ങളിലുണ്ടായിരുന്നു. എന്നാല്‍ ദമ്പതികള്‍ക്കിടയില്‍ ഉണ്ടാവേണ്ട റഹ്മത്ത്’(കാരുണ്യം) എന്ന ഗുണം നഷ്ടപ്പെടുന്നുവോ എന്ന ചിന്ത മനസ്സിനെ നൊമ്പരപ്പെടുത്തുകയും ചെയ്തു. വാര്‍ധക്യത്തില്‍ ദമ്പതികള്‍ക്കിടയില്‍ പരസ്പരം കനിവും സ്‌നേഹവുമുണ്ടാക്കുന്നത് ആ കാരുണ്യമാണല്ലോ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /68-70
എ.വൈ.ആര്‍