Prabodhanm Weekly

Pages

Search

2016 ജനുവരി 15

അസഹിഷ്ണുതയെ ചെറുക്കുന്നതാവണം എഴുത്ത്

കെ.പി രാമനുണ്ണി /അഭിമുഖം

കേരള ഇസ്‌ലാമിക് ഗ്രൂപ്പിന്റെ അതിഥിയായി കുവൈത്തിലെത്തിയ പ്രശസ്ത എഴുത്തുകാരന്‍ കെ.പി രാമനുണ്ണിയുമായി ഇസ്‌ലാമിക് അസോസിയേഷന്‍ (ഐവ) പ്രതിനിധികളായ മിഹിനാസ് യൂസുഫും റസീന മുഹിയിദ്ദീനും നടത്തിയ അഭിമുഖം

എഴുത്തുകാരനെന്ന നിലയില്‍ സര്‍ഗാത്മകതയെ താങ്കള്‍ എങ്ങനെയാണ് നിര്‍വചിക്കുന്നത്?

പക്ഷി മൃഗാദികളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യന് മാത്രമുള്ള ശേഷിയാണ് സര്‍ഗാത്മകത. ഉദാഹരണമായി ഒരു  ചിലന്തി അത് തനിക്കു കിട്ടിയ പ്രകൃതിദത്തമായ ചോദനകൊണ്ട് നിര്‍മിക്കുന്ന വല സഹസ്രാബ്ദങ്ങളായി ഒരേ പോലെയാണ്. തലമുറകള്‍ മാറി വന്നിട്ടും ഇരയെ പിടിക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും ഉപയോഗിക്കുന്ന ഈ വലക്ക് ഒരു പുരോഗതിയുമില്ല. തന്റെ ചുറ്റുപാടിനെ, ജീവിതത്തെ, പുതിയ ആശയങ്ങളും ചിന്തകളും കണ്ടുപിടിത്തങ്ങളും നടത്തി സ്വയം നവീകരിക്കാനുള്ള സവിശേഷ കഴിവായ സര്‍ഗാത്മകത മനുഷ്യന് മാത്രം അവകാശപ്പെട്ടതാണ്. കലയുടെ കാര്യത്തിലും അങ്ങനെ തന്നെ. കല എന്നത് ജീവിതത്തിന്റെ പകര്‍ത്തലല്ല, മറിച്ച് ജീവിക്കാന്‍ പറ്റാത്ത ജീവിതത്തെ ആവിഷ്‌കരിക്കുന്നതാണത്. വിവിധ ഭയങ്ങളും ഉത്കണ്ഠകളും വ്യാകുലതകളും കലയിലൂടെ ആവിഷ്‌കരിക്കാം. തന്റെ നിലനില്‍പ്പുപോലെ തന്നെ സഹജീവികളെക്കുറിച്ചും മനുഷ്യന്‍ ചിന്തിക്കുന്നു എന്നതാണ് അവന്റെ ഏറ്റവും വലിയ സര്‍ഗാത്മകത. മറ്റുള്ളവരുടെ വികാരങ്ങളും വേദനകളും ആവിഷ്‌കരിക്കാന്‍ മനുഷ്യന് കഴിയുന്നു. അതിനാണ് സൂപ്പര്‍ ഈഗോ എന്നു പറയുന്നത്.

രണ്ട് മതങ്ങളില്‍ പെട്ടവര്‍ തമ്മിലുള്ള പ്രണയവും മത പരിവര്‍ത്തനത്തെ തുടര്‍ന്ന് നായികക്കുണ്ടാവുന്ന മാനസിക സംഘര്‍ഷങ്ങളും ആണല്ലോ '90-കളില്‍ താങ്കള്‍ എഴുതിയ സൂഫി പറഞ്ഞ കഥ('95-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ്)യുടെ ഇതിവൃത്തം. ആ രചന ഇന്നായിരുന്നുവെങ്കില്‍ നേരിടേണ്ടിവരുമായിരുന്ന പ്രതികരണങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ?

ഈ നോവലിന്റെ ഇതിവൃത്തം വേഗം തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുള്ളതാണ്. മതപരിവര്‍ത്തനം നടത്തിയിട്ടും പഴയ സംസ്‌കാരത്തെ ഉപേക്ഷിക്കാന്‍ കഴിയാത്ത നായികയോട് നായകന്‍ എതിര്‍ത്തൊന്നും പറയുന്നില്ല. ഇത് മതത്തെയോ മതപരിവര്‍ത്തനത്തെയോകുറിച്ചുള്ള നോവലല്ല. യഥാര്‍ഥ സ്‌നേഹമാണ് അതില്‍ ചിത്രീകരിച്ചിട്ടുള്ളത്.

പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രദ്ധേയമായ അധിക രചനകളൊന്നും മലയാള സാഹിത്യത്തില്‍ ഇറങ്ങിയിട്ടില്ല. വായനശാലകള്‍ ഇന്റര്‍നെറ്റ് കഫേകള്‍ക്ക് വഴി മാറിക്കൊടുത്ത ഈ കാലത്ത് പുതിയ തലമുറയിലധികവും നിഷ്‌ക്രിയരാണ്. യാഥാര്‍ഥ്യബോധം നഷ്ടപ്പെട്ട ഈ തലമുറ സാഹിത്യ ലോകത്തിനൊരു വെല്ലുവിളിയല്ലേ?

തീര്‍ച്ചയായും. പുതിയ മീഡിയ മിക്കവാറും ജീവിതത്തിന്റെ പുറന്തോടുകളില്‍ മാത്രം ശ്രദ്ധയൂന്നിയവയാണ്. വിഷ്വല്‍ മീഡിയയേക്കാള്‍ ആഴത്തിലുള്ള ചിന്തയും വിചാരവും ആസ്വാദകരില്‍ ഉണ്ടാക്കുന്നത് എഴുത്തും വായനയും തന്നെയാണ്. ഉപരിതല വിജ്ഞാനം മാത്രമേ പുതുതലമുറ നേടുന്നുള്ളൂ. ആഴത്തിലുള്ള അറിവില്ലായ്മ അവരെ നിഷ്‌ക്രിയരാക്കുകയാണ്.

സാധാരണ ഇന്ത്യന്‍ പൗരന് കിട്ടേണ്ട സാമൂഹിക നീതി ഇന്ന് കിട്ടുന്നില്ല. താങ്കളുടെ അഭിപ്രായം?

ഇന്ത്യ ഫാഷിസത്തിന്റെ പിടിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് എന്നത് യാഥാര്‍ഥ്യമാണ്. ഭാരതീയ സംസ്‌കാരത്തിന്റെ കാവലാളുകള്‍ എന്ന് നടിച്ച് ഭാരത സംസ്‌കാരത്തെ തന്നെയാണ് ഇവരാദ്യം നശിപ്പിക്കുന്നത്. ഹൈന്ദവ സംസ്‌കാരത്തിന്റെ നന്മയെ മറച്ച് പിടിച്ച്, തിന്മയെ നടപ്പിലാക്കാന്‍ നോക്കുന്നു. ഭീകരമായ ഒരു പ്രതിസന്ധിയാണിത്. സാംസ്‌കാരിക പ്രവര്‍ത്തകര്‍ തങ്ങളുടെ സ്ഥാനമാനങ്ങളും പുരസ്‌കാരങ്ങളും, രാജി വെച്ചും തിരിച്ചു കൊടുത്തും ഇതിനെതിരില്‍ പ്രതിരോധം സൃഷ്ടിച്ചു എന്നത് വളരെ ശ്രദ്ധേയമാണ്. ഫാഷിസത്തെ കുറ്റം പറയുന്നതിനേക്കാളുപരി ഇതിന്റെ ഉറവിടം എങ്ങനെയാണെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. യഥാര്‍ഥ ഭാരതീയതയെ ഉയര്‍ത്തിപ്പിടിക്കാന്‍ ആളില്ലാതെ വന്നു. ആധുനികതയുടെ രംഗപ്രവേശത്തെ മഹാത്മാഗാന്ധി മാത്രമാണ് അപകടകരമായി കണ്ടത്. നെഹ്‌റു അടക്കമുള്ള നേതാക്കള്‍  പാശ്ചാത്യവത്കരണത്തോട് മൃദു സമീപനമാണ് കൈക്കൊണ്ടത്. പദാര്‍ഥവാദം, യുക്തിവാദം, ആധുനികതാവാദം മുതലായവ ആവാഹിക്കുമ്പോള്‍ മതത്തെ പഴഞ്ചന്‍ വ്യവസ്ഥയായി കണ്ടു. മതത്തിന്റെയും സംസ്‌കാരത്തിന്റെയും അന്തസ്സത്ത നഷ്ടപ്പെടാന്‍ തുടങ്ങി. ബുദ്ധിജീവികള്‍ ഇക്കാര്യങ്ങള്‍ സ്പര്‍ശിക്കുകയേ ചെയ്തില്ല. ആ സ്ഥാനം സാധാരണക്കാര്‍ ഏറ്റെടുത്തു. അങ്ങനെ മതരഹിതമായ മതേതര ചിന്തകള്‍ വളര്‍ന്ന് വര്‍ഗീയതക്ക് വഴിയൊരുക്കി. മതം മനുഷ്യനുള്ളേടത്തോളം കാലം അവന്റെ അനുഭൂതികളും അഭിപ്രായങ്ങളും പ്രപഞ്ച ബന്ധവും വിശദീകരിക്കാനുള്ള ഉപാധിയാണ്. വര്‍ഗീയതയും മതവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ചില പൈങ്കിളി രാഷ്ട്രീയവാദക്കാര്‍ വര്‍ഗീയതക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്.

കടുത്ത അവര്‍ണപക്ഷ സമീപനം പുലര്‍ത്തുന്ന എഴുത്തുകാര്‍ വരെ ചില ആദര്‍ശങ്ങളോടുള്ള സമീപനത്തില്‍ തികഞ്ഞ ഫാഷിസ്റ്റുകളെ പോലെ പെരുമാറുന്നത് കാണാം. താങ്കളുടെ എഴുത്തുകളിലധികവും ന്യൂനപക്ഷ-ദലിത് വായനയാണ്. ഇതിന് പൊന്നാനി പോലെയുള്ള താങ്കളുടെ ജീവിത പരിസരങ്ങള്‍ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

തീര്‍ച്ചയായും ആ പരിസരം എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിലെ പൊതുവേയുള്ള ചുറ്റുപാട് വളരെ അനുഗൃഹീതമാണ്. 'ദൈവത്തിന്റെ സ്വന്തം നാട്' എന്നത് ടൂറിസത്തിന്റെ പരസ്യ വാചകമാണെങ്കിലും വാസ്തവമാണത്. ദൈവശാസ്ത്രത്തിലധിഷ്ഠിതമായ മതങ്ങള്‍ ഒരേ ഉദ്ദേശ്യത്തോടെയാണ് എന്ന് തിരിച്ചറിഞ്ഞ ഒരു സംസ്‌കാരമാണ് നമ്മുടേത്. കൃഷ്ണനെ ഇഷ്ടപ്പെടുന്ന അതേ തോതില്‍ എന്റെ അമ്മക്ക് നബിയെയും ഇഷ്ടമാണ്. ഏതു മതത്തിലുള്ള ആഘോഷവും ഒരേ പോലെ കൊണ്ടാടിയിരുന്ന നാടാണ് നമ്മുടേത്. അനുഭവങ്ങളാണ് ഇതിനാധാരം. ചെറുപ്പത്തിലേ അച്ഛന്‍ മരിച്ച എനിക്ക് പിതാവിന്റെ വാത്സല്യം തന്നത് സാത്ത്വികനായ മതവിശ്വാസി അബ്ദുല്ല ഖയ്യൂം സാഹിബായിരുന്നു. êസ്വന്തം കുട്ടികളേക്കാള്‍ അയല്‍ക്കാരന്റെ കുട്ടിയെ സ്‌നേഹിക്കുന്ന അത്തരം മനോഭാവങ്ങളാണ് എന്നെ ഇത്രത്തോളമെത്തിച്ചത്. ഇസ്‌ലാം പോലുള്ള ആദര്‍ശങ്ങള്‍ക്കെതിരില്‍ ലോകം തിരിയാന്‍ പല കാരണങ്ങളുണ്ട്. 18-19 നൂറ്റാണ്ടുകളില്‍ പാശ്ചാത്യ ആധുനികവത്കരണം ആത്മീയത, മതം മുതലായവയുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന വാദമുന്നയിച്ചിരുന്നു. പദാര്‍ഥവാദം പോലുള്ള ഇത്തരം സമീപനങ്ങള്‍ക്കെതിരില്‍ മതം എന്ന നിലക്ക് കടുത്ത പ്രതിരോധം തീര്‍ത്തത് ഇസ്‌ലാമാണ്. അങ്ങനെ പാശ്ചാത്യ ചിന്ത ഇസ്‌ലാമിനെ ഭയപ്പെടേണ്ട ഒന്നായി ചിത്രീകരിച്ചു. മുസ്‌ലിംകള്‍ക്കുള്ളില്‍ തന്നെയുള്ള വിഭാഗീയതയും തര്‍ക്കങ്ങളുമാണ് മറ്റൊരു കാരണം. എന്തിനു വേണ്ടിയാണോ ഇസ്‌ലാം നിലകൊള്ളുന്നത് അതിന്റെ വിപരീത ഫലമാണ് അതുമൂലം പ്രോത്സാഹിപ്പിക്കപ്പെട്ടത്.

ജന്മനാടിനു വേണ്ടി പോരാടിയ കുഞ്ഞാലി മരക്കാരുടെയും ആലി മുസ്‌ലിയാരുടെയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ടിപ്പുസുല്‍ത്താന്റെയുമൊക്കെ പിന്മുറക്കാര്‍ രാജ്യദ്രോഹികള്‍.....! ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് അവര്‍ക്ക് വേണ്ടി എന്തും ചെയ്യാമെന്ന ധാരണയോടെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സവര്‍ക്കറും, മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്‌സെയുമൊക്കെ രാജ്യസ്‌നേഹികള്‍...!! ഈ വൈരുധ്യത്തെ താങ്കള്‍ എങ്ങനെ നോക്കി കാണുന്നു?

വൈരുധ്യങ്ങളാണ് ഇക്കൂട്ടര്‍ ചെയ്യുന്നതൊക്കെയും. ബ്രിട്ടീഷുകാരുടെ കൊളോണിയന്‍ ചിന്താഗതിയാണ് ഇവര്‍ ഇവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഭാരതചരിത്രം സംഘട്ടനങ്ങളുടെ പാഠങ്ങളാണെന്ന് വരുത്തിത്തീര്‍ത്തത് ബ്രിട്ടീഷുകാരാണ്. അത് തന്നെയാണ് ഇവരും പാടി നടക്കുന്നത്. സ്വന്തം നാടിന്റെ കാവലാളുകള്‍ എന്ന പേരില്‍ അവര്‍ പ്രചരിപ്പിക്കുന്നതും നടപ്പിലാക്കുന്നതും അത്തരം ആശയങ്ങള്‍ തന്നെ.

പ്രമുഖരായ പലരും പുരസ്‌കാരങ്ങള്‍ തിരിച്ചു കൊടുത്ത സാഹചര്യത്തില്‍ ചിലര്‍ ഇതിനെതിരായി നില്‍ക്കുകയും പലരും മൗനമവലംബിക്കുകയും ചെയ്തു. താങ്കളുടെ കാഴ്ച്ചപ്പാടെന്താണ്?

മൗനം പാലിച്ചു നില്‍ക്കുന്നത് ശരിയല്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. അത് വലിയ അപകടമാണ് വരുത്തിവെക്കുക. പ്രതികരണ നടപടികളെ എതിര്‍ക്കുന്നവരില്‍ വലിയൊരു വിഭാഗം കാര്യലാഭത്തിനുവേണ്ടിയാവാം അങ്ങനെ ചെയ്യുന്നത്. പല പ്രമുഖരും തങ്ങളുടെ സ്ഥാനമാനങ്ങള്‍ രാജിവെച്ചു. എല്ലാവരും അങ്ങനെ ചെയ്താല്‍ അതിനേക്കാള്‍ വലിയ വിനയാകും. അത് വര്‍ഗീയ ശക്തികള്‍ക്ക് പണി എളുപ്പമാക്കി കൊടുക്കുകയാണ് ചെയ്യുക. തന്ത്രപരമായ നീക്കമാണ് ഈയവസ്ഥയില്‍ ഒരോ വ്യക്തിയും സ്വീകരിക്കേണ്ടത്.

ഇന്ന് ലോകത്തുടനീളം ആരാധനാലയങ്ങളില്‍ തിരക്കേറുമ്പോഴും മൂല്യച്യുതി വര്‍ധിക്കുകയാണ്. എന്താവാം ഇതിനുë കാരണം?

അകം പൊള്ളയായ ഭൗതിക സുഖത്തിനു വേണ്ടി മാത്രം ദൈവത്തെ ആശ്രയിക്കുകയും ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള ആര്‍ത്തിയില്‍ ധാര്‍മികത പണയം വെക്കുകയുമാണ് ഇന്ന് ഭൂരിപക്ഷം പേരും. നമ്മുടെ സമൂഹത്തില്‍ ദൈവ വിശ്വാസത്തെ കച്ചവടമായി കാണുന്നവരുമുണ്ട്. രണ്ട് മൂന്ന് തലമുറകളായി വിശ്വാസത്തിന്റെ ശരിയായ ചൈതന്യം ഉയര്‍ത്തിപ്പിടിക്കാന്‍ ആരും തന്നെ ശ്രമിക്കുന്നില്ല എന്നത് വിശ്വാസത്തിന്റെ അന്തഃസത്ത കുറയാന്‍ കാരണമായി.

അടിയന്തരാവസ്ഥയേക്കാളേറെ ഭീകരമായി, സ്വതന്ത്രഭാരതത്തിന്റെ അടുക്കളയും കടന്ന് ആമാശയത്തെ വരെ കടന്നാക്രമിക്കുന്ന ഫാഷിസത്തിന്റെ രാക്ഷസീയത പ്രത്യക്ഷവും പരോക്ഷവുമായ തലങ്ങളില്‍ തിമിര്‍ത്താടുന്ന ഈ അരക്ഷിതാവസ്ഥയില്‍ യഥാര്‍ഥ ഇന്ത്യക്കാരന്‍ എങ്ങനെയാണ് പ്രതിരോധം തീര്‍ക്കേണ്ടത്?

ഇതിനെതിരെ പ്രതികരിക്കേണ്ടത് വളരെ പ്രധാനമാണ്. ചിലയാളുകള്‍ ഈ ഫാഷിസ്റ്റ് ചിന്തകള്‍ക്കൊപ്പം പോകുന്നു. യഥാര്‍ഥ ഭാരതീയ സംസ്‌കാരത്തെ വലിച്ചെറിഞ്ഞ് കൊളോണിയല്‍ സംസ്‌കാരത്തിനാണ് അവര്‍ കീഴ്‌പ്പെടുന്നത്. ഇന്ത്യന്‍ പാരമ്പര്യം ശുദ്ധ സസ്യാഹാരികളുടേതല്ല. ഗോമാംസം ഭക്ഷിക്കാമെന്ന് വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മുസ്‌ലിം സമുദായത്തെ പ്രതിരോധത്തിലാക്കാനുള്ള വെറും തട്ടിപ്പാണിതെന്ന യാഥാര്‍ഥ്യം ഇന്ത്യക്കാരന് മനസ്സിലാകും. അടിസ്ഥാനപരമായി വളരെയധികം സാമ്യം പുലര്‍ത്തുന്ന രണ്ട് മതങ്ങളാണ് ഹിന്ദു മതവും ഇസ്‌ലാം മതവും. ക്രിസ്ത്യന്‍ മതത്തില്‍ പാപമാക്കിയ ലൈംഗികത, ഹിന്ദു മതത്തിലും ഇസ്‌ലാം മതത്തിലും ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അനുവദനീയമാക്കി. വാക്ക് പാലിക്കുക, വിശ്വസ്തത തുടങ്ങിയ ഗുണങ്ങള്‍ പ്രവാചകനായ മുഹമ്മദിനെ 'അല്‍ അമീനാ'ക്കിയപ്പോള്‍ ശ്രീരാമന്‍ തന്റെ അച്ഛന്റെ വാക്ക് പാലിക്കാന്‍ വേണ്ടി സര്‍വതും ത്യജിച്ച് കാട്ടിലേക്ക് പോകുന്നു. ജീവിത വീക്ഷണപരമായി ഒരേ രീതിയിലാണ് രണ്ട് മതവുമുള്ളത്. ശ്രീരാമകൃഷ്ണപരമഹംസരെ പോലുള്ള യോഗികള്‍ ഇസ്‌ലാമിക രീതിയില്‍ ജീവിച്ച് ദൈവ സാക്ഷാത്കാരം നേടാന്‍ ശ്രമിച്ചവരാണ്. അങ്ങനെയൊരു പാരമ്പര്യത്തെയാണ് ഫാഷിസ്റ്റ് ചിന്താഗതിക്കാര്‍ തകിടം മറിക്കുന്നത്.

സാമൂഹിക മാറ്റത്തിന് എഴുത്ത് പോലെ പങ്കുവഹിക്കുന്ന ഒന്നാണ് സിനിമ. സാമൂഹിക മാറ്റങ്ങള്‍ ലക്ഷ്യം വെച്ചുള്ള സിനിമകള്‍ ഇറങ്ങുന്നുണ്ടോ?

സാങ്കേതികമായി മികവ് പുലര്‍ത്തുന്ന പല സിനിമകള്‍ക്കും ഇന്ന് ആശയപരമായി ആഴക്കുറവ് അനുഭവപ്പെടുന്നു. എല്ലാ മേഖലകളിലെയും പോലെ സിനിമാരംഗത്തെയും മൂല്യച്യുതി ബാധിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്ക് പല മേഖലകളിലും സംവരണം നല്‍കി. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് സംവരണമെങ്കില്‍ അവര്‍ക്ക് രാജ്യത്ത് പട്ടാപ്പകലെങ്കിലും സൈ്വരമായി നടക്കാനുള്ള അവസ്ഥ സൃഷ്ടിക്കുക കൂടി വേണ്ടേ?

സ്ത്രീ വിരുദ്ധ മനോഭാവമാണ് ഇന്ന് സമൂഹത്തിലുള്ളത്. ആക്രമിച്ച് കീഴ്‌പ്പെടുത്താനുള്ള ഒരു വസ്തു. അതാണിന്ന് പലരുടെയും മനസ്സിലെ സ്ത്രീ. വളരെ വേദനാജനകമായ അവസ്ഥയാണിത്. ആര്‍ത്തി പൂണ്ട ലോകത്തിന്റെ ജീര്‍ണതയാണിത്. പുരുഷ മേധാവിത്ത നടപടികളും ഇതിന് ആക്കം കൂട്ടുന്നു.

എല്ലാ പ്രതിലോമ ശക്തികള്‍ക്കെതിരെയും രാഷ്ട്രീയമായും സാംസ്‌കാരികമായും പ്രതിരോധം കെട്ടിപ്പടുക്കാന്‍ ഒരുê രാഷ്ട്രീയ ബദല്‍ കൂട്ടായ്മയുടെ സാധ്യത എത്രത്തോളമുണ്ട്?

പുതിയ സംരംഭങ്ങള്‍ പലതും നടക്കുന്ന ഈ സന്ദര്‍ഭത്തില്‍ എത്രത്തോളം കഴിയുമെന്ന് പ്രവചിക്കാന്‍ സാധ്യമല്ല. വിപ്ലവ പ്രസ്ഥാനങ്ങളുടെ തകര്‍ച്ച രാജ്യത്തിന് വളരെയധികം ദോഷം ചെയ്യും. യാന്ത്രികവാദത്തില്‍ നിന്നുണ്ടായ പ്രശ്‌നങ്ങളും വ്യക്തി താല്‍പര്യങ്ങളും മാറ്റി നിര്‍ത്തിയാല്‍ അവര്‍ക്ക് ഇവിടെ പലതും ചെയ്യാന്‍ കഴിയും. പുതിയ സംരംഭങ്ങളെക്കുറിച്ച് വലുതായിìപ്രതീക്ഷിക്കാന്‍ നമുക്ക് കഴിയില്ല. കക്ഷി രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോള്‍ പലതും നേരിടേണ്ടിവരും. എങ്ങനെയെന്ന് നമുക്ക് കണ്ടറിയാം. പുതിയ ആശയങ്ങളെക്കുറിച്ച് ചിന്തിക്കാം. കക്ഷി രാഷ്ട്രീയം ഇന്ന് തല്‍ക്കാല അധികാരവും വ്യക്തി താല്‍പര്യത്തിലധിഷ്ഠിതവുമായിരിക്കുന്നു. ക്രിയേറ്റീവായ ആശയത്തിലധിഷ്ഠിതമായ ഒരു മുന്നണി വരുമെന്ന് പ്രതീക്ഷിക്കാം.

താങ്കളുടെ എഴുത്തിന്റെ ശീലങ്ങള്‍ എന്തൊക്കെയാണ്? ആദ്യമായി എഴുതി തുടങ്ങിയതെപ്പോള്‍? എഴുതാനുള്ള പ്രചോദനം?

തുടക്കത്തില്‍ സയന്‍സിനോടായിരുന്നു താല്‍പര്യം. പഠിത്തം മുടങ്ങി ദുര്‍ഘടമായ ഒരു അവസ്ഥയിലാണ് ഞാന്‍ എഴുത്തിലേക്ക് തിരിഞ്ഞത്. എന്റെ ഇരുണ്ട ഘട്ടത്തിന്റെ ആവിഷ്‌കാരമായാണ് ആദ്യകാലത്ത് എഴുത്തിനെ കണ്ടത്. നമ്മുടെ എല്ലാ എഴുത്തുകാരും സ്വാധീനിച്ചിട്ടുണ്ട്. സി.വി രാമന്‍ പിള്ളയുടെ 'മാര്‍ത്താണ്ഡവര്‍മ' എന്ന കൃതി എഴുത്തിന് പ്രചോദനമായിട്ടുണ്ട്. എഴുത്തച്ഛനെപ്പോലെ എഴുത്തിന്റെ സൗന്ദര്യത്തേക്കാളുപരി കാര്യം പറയാനാണ് ഞാനും ശ്രമിച്ചത്.

അന്യഥാബോധത്തിന്റെ ആത്മ സംഘര്‍ഷത്തിലേക്ക് ഉള്‍വലിഞ്ഞ് കൊണ്ട് സ്വന്തത്തിലേക്ക് മടങ്ങുകയാണ് പ്രവാസികളധികവും. ശിഥിലീകരണത്തിന്റെ പാതയില്‍ ഗമിക്കുന്ന പ്രവാസി സമൂഹത്തെ ബോധവത്കരിക്കാനും സംസ്‌കരിക്കാനും ഉടലെടുത്തതാണ് 'ഐവ'(ഇസ്‌ലാമിക് അസോസിയേഷന്‍)യും അതിന്റെ മാതൃ സംഘടനകളും. മാനുഷിക മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെ ശബ്ദിക്കാന്‍ കഴിയുന്ന ഇത്തരം പ്രവാസി കൂട്ടായ്മകളെ എങ്ങനെ നോക്കി കാണുന്നു?

ആത്മാര്‍ഥതയാണ് ഇത്തരം കൂട്ടായ്മകളുടെ മുഖമുദ്ര. നാട്ടിലുള്ള ആളുകളേക്കാള്‍ കൂടുതല്‍, വിദേശത്തുള്ളവര്‍ക്കാണ് സ്വന്തം നാടിനെക്കുറിച്ച് ആശങ്കകളും പ്രതീക്ഷകളും. വ്യത്യസ്ത പ്രത്യയ ശാസ്ത്രത്തിലധിഷ്ഠിതമായ പ്രവാസി കൂട്ടായ്മകള്‍ പരസ്പരം ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു എന്നത് ശ്ലാഘനീയമാണ്. നാട്ടിലുള്ള കൂട്ടായ്മകള്‍ക്ക് ഒരുതരം സങ്കുചിത മനോഭാവമാണുള്ളത്. നാടിന് പുറത്ത് പോയാലേ നന്നാവൂ എന്നത് മലയാളിയുടെ ജന്മനിയോഗമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മലയാളി പ്രവാസിക്ക് ലോകം കീഴടക്കാനുള്ള ഒരുêശക്തിയുണ്ട്, പ്രത്യേകിച്ച് ഗള്‍ഫ് പ്രവാസികള്‍ക്ക് സ്‌നേഹവും ആത്മാര്‍ഥതയും വളരെ കൂടുതലാണ്. നമ്മുടെ നാടിന്റെ എല്ലാ തലങ്ങളിലുമുള്ള പുരോഗതിയിലും പ്രവാസികള്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. നമ്മുടെ നാട് പ്രവാസികളോട് നന്ദിയും കടപ്പാടും കാണിക്കേണ്ടതുണ്ട്. ഖേദകരമെന്നു പറയട്ടെ, അവര്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ല എന്നതാണ് സത്യം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /68-70
എ.വൈ.ആര്‍