Prabodhanm Weekly

Pages

Search

2016 ജനുവരി 15

അനുസ്മരണം

കെ.എം അബ്ദുസ്സലാം

രു ദിവസം രാത്രി അബ്ദുസ്സലാം സാഹിബിനെ ഫോണില്‍ വിളിച്ചു, ഫോണ്‍ എടുത്തില്ല. പിറ്റേന്ന് വെളുപ്പിന് അഞ്ചു മണിയായപ്പോള്‍ അബ്ദുസ്സലാം സാഹിബ് തിരിച്ച് വിളിച്ചു. 'ഞാന്‍ ഐ.സി.യുവിലാണ്, അതാണ് ഫോണ്‍ എടുക്കാതിരുന്നത്.' എന്തിനാണ് വിളിച്ചതെന്ന് തിരക്കി. ബ്ലഡ് ഷുഗറിന് വര്‍ഷങ്ങളായി മരുന്ന് കഴിക്കുന്ന അബ്ദുസ്സലാം സാഹിബ് പലപ്പോഴും രോഗം കൂടുമ്പോള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകും. എന്നാലും അദ്ദേഹം രോഗിയായി പ്രയാസപ്പെടുന്ന വിവരം മറ്റാരെയും അറിയിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. എത്ര രോഗാവസ്ഥയിലും പ്രസ്ഥാന നേതൃത്വം ജോലി ഏല്‍പ്പിച്ചാല്‍ യാതൊരു പ്രയാസവും പറയാതെ ദീര്‍ഘ ദൂരം ബസ്സിലും ട്രെയിനിലും യാത്ര ചെയ്യും. താന്‍ രോഗിയാണെന്ന കാരണത്താല്‍ പ്രസ്ഥാന ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നത് അദ്ദേഹത്തിന് അസഹ്യമായിരുന്നു.

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സീനിയര്‍ മാനേജര്‍ ആയിരുന്ന അബ്ദുസ്സലാം സാഹിബ് ജോലി രാജിവെച്ചാണ് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തനത്തില്‍ സജീവമാവുകയും അംഗമാവുകയും ചെയ്തത്. പലിശ രഹിത ബാങ്ക് രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങുകയും എ.ഐ.സി.എല്‍ രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു. എ.ഐ.സി.എല്‍ സ്ഥാപക ഡയറക്ടര്‍ ആയിരുന്നു. ഇസ്‌ലാമിക് ഫിനാന്‍സിനെക്കുറിച്ചുള്ള സെമിനാറുകള്‍ക്കും ക്ലാസ്സുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് ഫിനാന്‍സ് ട്രസ്റ്റി, ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ഇസ്‌ലാമിക് ഇക്കണോമിക്‌സ് കേരള ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളിലും സേവനം ചെയ്തിട്ടുണ്ട്.                 

മാധ്യമം കൊച്ചി യുനിറ്റ് റസിഡന്റ് മാനേജര്‍, ഫിനാന്‍സ് മാനേജര്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചിരുന്നു. തന്റെ സഹപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കാനും അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

ഭാര്യമാര്‍: പരേതയായ നസീമ, ജമാഅത്തെ ഇസ്‌ലാമി അംഗമായ ആരിഫബീവി. മക്കള്‍: പരേതയായ സബീന, മുഹമ്മദ് ഹുസൈന്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ദുബൈ), മുഹമ്മദ് ഹാരിസ് (അക്കൗണ്ടന്റ്, സുഊദി). മരുമക്കള്‍: റിയാസ് മുഹമ്മദ് (സുഊദി), സമീന, സുഫിന. 

വി.കെ അലി ഇടപ്പള്ളി              

നാസറുദ്ദീന്‍ മാളിയേക്കല്‍

കായംകുളം കാര്‍കൂന്‍ ഹല്‍ഖ സെക്രട്ടറിയും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കോര്‍ഡിനേറ്ററുമായിരുന്ന മാളിയേക്കല്‍ നാസറുദ്ദീന്‍ (50). സുഊദിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 

ചെറുപ്പത്തില്‍ മതവിദ്യാഭ്യാസം നന്നേ കുറവായതിനാല്‍ പ്രസ്ഥാനത്തില്‍ വന്ന ശേഷം ആ കുറവ് നികത്തുന്നതിന് സാധ്യമാവുന്ന എല്ലാ രംഗവും ഉപയോഗപ്പെടുത്തിയിരുന്നു. മസ്ജിദുര്‍റഹ്മാന്‍ പരിപാലന കമ്മിറ്റിയംഗം, മലര്‍വാടി ഏരിയ കോര്‍ഡിനേറ്റര്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിര്‍ജീവാവസ്ഥയിലായിരുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ യൂനിറ്റ് അദ്ദേഹം സാരഥ്യമേറ്റെടുത്തതോടെ സജീവമായി. കുടുംബത്തേയും പ്രസ്ഥാന മാര്‍ഗത്തില്‍ സഞ്ചരിക്കുവാന്‍ വഴിയൊരുക്കി. ഭാര്യ ജമീല വനിതാ ഹല്‍ഖയിലെ സ്ഥിരാംഗമാണ്. മക്കളായ നജ്മ ജി.ഐ.ഒ ഏരിയ കണ്‍വീനറും, നിജാന ജി.ഐ.ഒ പ്രവര്‍ത്തകയും, നൂറാ നാസര്‍ മലര്‍വാടി ബാലസംഘാംഗവുമാണ്. 

ഇസ്‌ലാമിക ബോധം കുടുംബത്തില്‍ ഉണ്ടാക്കിയെടുത്തതിന്റെ പ്രതിഫലനമായിരുന്നു, ജനാസ നാട്ടില്‍ കൊണ്ടുവരാതെ, പരിശുദ്ധ മണ്ണില്‍ തന്നെ മറമാടുന്നതില്‍ കാണിച്ച ക്ഷമയും ത്യാഗവും. 

സ്വലാഹുദ്ദീന്‍ ചേരാവള്ളി

ഹുജ്ജത്തുല്ല മതിലകം

തിലകം സ്വദേശിയായ  അയ്യാരില്‍ ഹുജ്ജത്തുല്ല (64)  സാമ്പത്തിക സൂക്ഷ്മതയുടെയും വിശ്വസ്ഥതയുടെയും ജീവിക്കുന്ന ഉദാഹരണമായിരുന്നു. വീടുകള്‍ പണിതു നല്‍കുന്ന തൊഴില്‍ ചെയ്തിരുന്ന അദ്ദേഹം ഓരോ വീടു പണിത് വില്‍ക്കുമ്പോഴും ലഭിക്കുന്ന പണത്തില്‍ നിന്ന് നിശ്ചിത വിഹിതം  ചുറ്റുമുള്ള പാവങ്ങള്‍ക്ക്  ദാനം ചെയ്യുമായിരുന്നു. വീട് പണിയുമ്പോള്‍ തനിക്ക് താമസിക്കാനെന്ന പോലെ നന്നായി പണിയുകയും വില്‍ക്കുമ്പോള്‍ മിനിമം ലാഭം മാത്രം എടുക്കുകയുമാണ് അദ്ദേഹത്തിന്റെ രീതി. 

പ്രയാസം അനുഭവിക്കുന്നവരെ അന്വേഷിച്ച് കണ്ടെത്തി രഹസ്യമായി സഹായിക്കുന്നതും അദ്ദേഹം പതിവാക്കിയിരുന്നു. അനേകം ആളുകളുടെ വീടുപണി, ചികിത്സ തുടങ്ങിയവക്ക് അദ്ദേഹം സഹായം നല്‍കി. കെ.എന്‍.എം പ്രവര്‍ത്തകനായിരുന്ന അദ്ദേഹം നാട്ടിലെ നല്ല സംരംഭങ്ങളോടും വ്യക്തികളോടും പക്ഷപാതമില്ലാതെ സഹകരിച്ചിരുന്നു. കൂടുതലും സുന്നികള്‍ മുന്‍ കൈയെടുത്ത് രൂപീകരിച്ച 'മെസേജ് സാമ്പത്തിക സഹായ നിധി'യുടെ സ്ഥാപകാംഗം കൂടിയായ അദ്ദേഹം അതിന്റെ  പ്രവര്‍ത്തനങ്ങളില്‍ അവസാനം വരെ സജീവമായിരുന്നു. തര്‍ക്ക വിഷയങ്ങളില്‍ കലഹിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന അദ്ദേഹത്തിന് ജാതി-മത-സംഘടനാ ഭേദമില്ലാതെ വലിയ സൗഹൃദ വലയം സൃഷ്ടിക്കാന്‍ സാധിച്ചു. 

കെ.എന്‍.എം മതിലകം യൂണിറ്റ് പ്രസിഡന്റ്, മെസേജ് ചാരിറ്റബിള്‍ ട്രസ്റ്റ് എക്‌സിക്യൂട്ടിവ് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. റാബിയ ആണ് ഭാര്യ. മക്കള്‍: ജാസിന്‍, അഫ്‌സല്‍. മരുമകള്‍ നദീറ.

ഫസല്‍ കാതിക്കോട്

വി.കെ ഇബ്‌റാഹീം ഹാജി

മേപ്പയൂര്‍ നിടുമ്പോയിലില്‍ വടക്കേടുത്ത് വി.കെ ഇബ്‌റാഹീം ഹാജി ഒരു മാതൃകാ വ്യക്തിത്വമായിരുന്നു. മുപ്പത്തിയഞ്ച് വര്‍ഷത്തോളം അദ്ദേഹം ഖത്തറില്‍ പ്രവാസിയായിരുന്നു. അദ്ദേഹത്തിന്റെ സ്‌നേഹസാമീപ്യം അനുഭവിക്കാത്തവര്‍ അന്നവിടെ വിരളമായിരിക്കും. പലര്‍ക്കും അദ്ദേഹമൊരു അത്താണിയായിരുന്നു. അതിലൊന്നും അദ്ദേഹം ജാതി മത വിവേചനം കാണിച്ചിരുന്നില്ല. 

വിശ്വസിച്ചിരുന്ന മതമൂല്യങ്ങള്‍ മനുഷ്യരെ അകറ്റാനുള്ളതല്ല, അടുപ്പിക്കാനുള്ളതാണെന്ന് അദ്ദേഹം സ്വജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തി. പരന്ന വായനയും ഉയര്‍ന്ന ചിന്തയും അതിന് നിമിത്തമായി.

മതകീയമായ ജീവിതം അപരനും ആനന്ദം പകരാനുള്ളതാണെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ പൊതു സ്വീകാര്യനാക്കിത്തീര്‍ത്തത്. ഈ അടുത്ത കാലത്താണ് അദ്ദേഹം നാട്ടില്‍ സ്ഥിര താമസമാക്കിയത്. ദീര്‍ഘകാലം ദുര്‍ഘടമായി കിടക്കുകയായിരുന്ന പ്രദേശത്തെ വഴികള്‍ സ്വന്തം ഭൂമി സൗജന്യമായി വിട്ട് നല്‍കി റോഡാക്കി മാറ്റുന്നതില്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. നാട്ടിലെ പാര്‍ശ്വവല്‍കൃത സമൂഹങ്ങളോട് വല്ലാത്തൊരു മമതയും അദ്ദേഹത്തിനുണ്ടായിരുന്നു. 

ആദ്യകാലത്ത് സലഫി പ്രസ്ഥാനത്തിലെ സഹയാത്രികനായിരുന്നുവെങ്കിലും പില്‍ക്കാലത്ത് കക്ഷിരാഷ്ട്രീയ, മത സംഘടനകളില്‍ നിന്നൊക്കെ അദ്ദേഹം അകലം പാലിച്ചു. സംഘടനകള്‍ക്കുള്ളിലെ അധികാര വടംവലികളും വിഭാഗീയതകളും അദ്ദേഹത്തെ ദുഃഖിപ്പിച്ചിരുന്നു.

ജീവിതത്തിലുടനീളം പ്രവാചകന്റെ  മഹനീയ മാതൃക പിന്തുടരുന്നതില്‍ സൂക്ഷ്മത പുലര്‍ത്തി. അദ്ദേഹത്തിന്റെ മരണത്തിന് തൊട്ട് മുമ്പ് നടത്തിയ മകന്റെ വിവാഹം  ലാളിത്യം കൊണ്ടും നാട്ടു മാമൂലുകളോട് കലഹിക്കുന്നതായത് കൊണ്ടും പ്രദേശത്തുകാര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. വധുവിന്റെ വീട്ടുകാര്‍ക്ക് ഒരു രൂപ പോലും ചെലവിടേണ്ടി വന്നിട്ടില്ലാത്ത ആ വിവാഹം അനുകരണീയ മാതൃകയായി. 

ജീവിതത്തോട് അത്യാര്‍ത്തിയും ദുരാഗ്രഹവും ഒട്ടും തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ മഹനീയ ജീവിതം സഹോദര സമുദായാംഗങ്ങള്‍ക്ക് പോലും ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ കഴിയുമാറ് ആകര്‍ഷകവും മാതൃകാ പരവുമായിരുന്നു.

റസാഖ് പള്ളിക്കര

സി.കെ കുഞ്ഞമ്മദ് മാസ്റ്റര്‍

വിദ്യാര്‍ഥി ജീവിത കാലത്ത് തന്നെ പക്വതയാര്‍ജിച്ച വ്യക്തിത്വമായിരുന്നു സി.കെ കുഞ്ഞമ്മദ് മാസ്റ്റര്‍. കുറ്റിയാടിലെയും പരിസരപ്രദേശമായ വളയന്നൂരിലെയും ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് രോഗിയായി കിടപ്പിലാവുന്നത് വരെയും പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു സി.കെ.

കുറ്റിയാടി ഇസ്‌ലാമിയാ കോളജ് പ്രഥമ ബാച്ചിലെ ഒന്നാമനായി രജിസ്റ്റര്‍ ചെയ്യപ്പെട്ട വിദ്യാര്‍ഥിയായിരുന്നു. തുടര്‍പഠനം കാസര്‍കോട്് ആലിയ കോളജില്‍. ആറു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി തിരിച്ച് വന്നത് ഫിഖ്ഹ് വിഷയങ്ങളില്‍ അവഗാഹമുള്ള പണ്ഡിതനായാണ്. പിന്നീട് എല്‍.പി സ്‌കൂള്‍ അധ്യാപകനായി ജോലി നോക്കി. ഈ കാലയളവ് അല്‍പം നൊമ്പരത്തോടെയേ സി.കെയ്ക്ക് ഓര്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളു. താനാര്‍ജ്ജിച്ച വിജ്ഞാന സമ്പത്ത് സമൂഹത്തിനുപകാരപ്പെടാതെ പോയല്ലോ എന്ന വ്യഥ ഇടക്കിടെ സുഹൃത്തുക്കളുമായി പങ്കുവെക്കുമായിരുന്നു.

മാരകമായ രോഗമാണ് തന്നെ ബാധിച്ചതെന്നറിഞ്ഞപ്പോള്‍ പതിവിന്‍ കൂടുതല്‍ വിശ്വാസത്തിന്റെ തിളക്കം ആ മുഖത്ത് പ്രകടമായിരുന്നു. പുഞ്ചിരിയോടെ സന്ദര്‍ശകരെ സ്വീകരിക്കുകയും പൊട്ടിച്ചിരിപ്പിച്ചുകൊണ്ടവരെ തിരിച്ചയക്കുകയും ചെയ്യാന്‍ സി.കെ കാണിച്ച മനോബലം അനുപമമായിരുന്നു.

വളയന്നൂരില്‍ മദ്‌റസയും നമസ്‌കാരപ്പള്ളിയും നിര്‍മിക്കാന്‍ സി.കെ മുന്‍കൈയെടുത്തു. കുറ്റിയാടി മഹല്ലില്‍ നിന്ന് വിട്ടുപോയി സ്വതന്ത്രമായ മഹല്ലും ജുമുഅയും ആരംഭിച്ചു. ഏറെ കാലം മദ്‌റസ സ്വദ്‌റായും പള്ളി ഖത്തീബായും സേവനമനുഷ്ഠിച്ചു. ഇസ്‌ലാമിക സംസ്‌കൃതിയുടെ മഹത്വം മനസ്സിലാക്കാതെ അലസമായി നീങ്ങിയിരുന്ന ഒരു പറ്റം യുവാക്കളെ കൂട്ടിയിരുത്തി അവര്‍ക്കായി ഒരു യുവജന ക്ലാസ് സംഘടിപ്പിച്ചുകൊണ്ട് സി.കെ നടത്തിയ പ്രവര്‍ത്തനം ഫലം കാണുകയായിരുന്നു. പ്രസ്തുത ക്ലാസില്‍ പങ്കെടുത്ത ചെറുപ്പക്കാര്‍ ഇന്ന് ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവരുന്നു.

കുറ്റിയാടി ഇസ്‌ലാമിയാ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റിലീജിയസ് എജ്യുക്കേഷനല്‍ ട്രസ്റ്റ് മെമ്പറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ജമാഅത്തെ ഇസ്‌ലാമി കുറ്റിയാടി, വളയന്നൂര്‍ കാര്‍കൂന്‍ ഹല്‍ഖകളുടെ നാസിമായി ഏറെക്കാലം പ്രവര്‍ത്തിച്ചു. തന്റെ പ്രദേശത്ത് ഇസ്‌ലാമിക പ്രസ്ഥാനം നട്ടുനനച്ചു വേര് പിടിപ്പിക്കുന്നതില്‍ സി.കെയുടെ പങ്ക് വലുതാണ്.

ഇസ്‌ലാമിക ശിക്ഷണം നല്‍കി വളര്‍ത്തിയെടുത്ത മക്കളും പേരമക്കളുമടങ്ങുന്ന കുടുംബത്തിന്റെയും, ദീനീസംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഒരു നല്ല നാടിന്റെയും പച്ചപ്പ് ആസ്വദിച്ചുകൊണ്ടാണ് അദ്ദേഹം നാഥന്റെ വിളിക്കുത്തരം നല്‍കിയത്. 

എന്‍. ഖാലിദ് ചെറിയകുമ്പളം 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /68-70
എ.വൈ.ആര്‍